Wednesday, December 25, 2019

കൺവെൻഷനൽ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യൽ - കർമ്മശാസ്ത്ര വിധി.


ചോദ്യം: ഞാൻ വർക്ക് ചെയ്യുന്നത്  (Aditya Birla Sunlife 
insurance) ഒരു ലൈഫ് ഇൻഷൂറൻസ് കമ്പനിയിലാണ്. ഒരുപാട് പ്രയാസപ്പെട്ടാണ് എനിക്ക് ഈ ജോലി ശരിയായത്. എൻ്റെ കുടുംബത്തിൻ്റെ ചിലവ് നോക്കുന്നതും ഈ വരുമാനം കൊണ്ടാണ്. ഇത് ഹലാലാണോ അതോ ഹറാമാണോ ?. ഇനി നിഷിദ്ധമാണ് എങ്കിൽ വളരെ പെട്ടെന്ന് റിസൈൻ ചെയ്‌താൽ കമ്പനി എൻ്റെ മേൽ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، أما بعد؛ 

ഹലാലായ സമ്പാദ്യം മാത്രം കാംക്ഷിക്കുന്ന താങ്കളുടെ ഉദ്ദേശ ശുദ്ധിക്ക് അല്ലാഹു ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നൽകട്ടെ. താങ്കൾ ചോദ്യത്തിൽ സൂചിപ്പിച്ചത് പോലുള്ള കൺവെൻഷനൽ ഇൻഷുറൻസ് സംവിധാനങ്ങൾ അനിസ്‌ലാമികമാണ്. അതെന്തുകൊണ്ട് എന്നത് വളരെ ലളിതമായിപറഞ്ഞാൽ:

ഞാൻ ഒരു യാത്ര ചെയ്യുന്നു എന്ന് കരുതുക. എൻ്റെ സുഹൃത്തിൻ്റെ കൈവശം ഞാൻ ഒരു 2000 രൂപ എൻ്റെ യാത്രാ പരിരക്ഷയായി ഏല്പിക്കുന്നു എന്ന് കരുതുക. യാത്രയിൽ ഞാൻ സുരക്ഷിതമായി  ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ആ പണം അവനെടുക്കാം. ഇനി എനിക്ക് വല്ല അപകടവും സംഭവിച്ചാൽ സുഹൃത്ത് എനിക്ക് നഷ്ടപരിഹാരം നൽകണം. ഇവിടെ ഞാനും സുഹൃത്തും ഒരു ഭാഗ്യ പരീക്ഷണമാണ് നടത്തിയത്. ഒന്നുകിൽ എനിക്ക് അതല്ലെങ്കിൽ അവന് നേട്ടമുണ്ടാകും. സ്വാഭാവികമായും എൻ്റെ സുഹൃത്ത് ഒരു ഇൻഷുറൻസ് കമ്പനിയായി മാറുന്നു എന്ന് കരുതുക. ഒരുപാട് പേർക്ക് ഒരേ സമയം ഈ പരിരക്ഷ നൽകും. എല്ലാവർക്കും ഒരേ സമയം അപകടമുണ്ടാകാനിടയില്ല എന്ന വലിയ സാധ്യത മുൻനിർത്തിയാണ് അപ്രകാരം ചെയ്യുന്നത്. സ്വാഭാവികമായും അപകടം സംഭവിച്ച കുറച്ച് പേർക്ക് പണം നൽകിയാലും അനേകം പേർ പോളിസി എടുത്തതിനാൽ വലിയൊരു സർപ്ലസ് ബാക്കിയാകുക വഴി കമ്പനി നേട്ടമുണ്ടാക്കുന്നു.

ഏതായാലും കർമ്മശാസ്ത്ര വിധിപ്രകാരം രണ്ടു പേർ പരസ്‌പരമുള്ള ഒരിടപാടാണല്ലോ ഇത്. രണ്ടുപേരും തമ്മിലുള്ള ഒരു ഭാഗ്യ പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ചൂതാട്ടം എന്ന ഗണത്തിൽപ്പെടുന്നു. അപകടമുണ്ടാകുന്ന മുറക്ക് നല്കിയതിനേക്കാൾ കൂടുതൽ പണം തിരികെ നൽകണം എന്ന നിബന്ധനയുള്ളതിനാൽ പലിശയോടും സാമ്യതയുണ്ട്. അതുകൊണ്ടാണ് കൺവെൻഷനൽ ഇൻഷൂറൻസ് സംവിധാനങ്ങൾ അനിസ്‌ലാമികമാണ് എന്ന് പറയുന്നത്.

അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നത് ഹലാലായ സമ്പാദ്യം ആഗ്രഹിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണ്. അതിൽ നിന്നും വിട്ടുനിൽക്കാൻ നാം ഭയപ്പെടേണ്ടതില്ല. ഉപജീവനം നൽകുന്നവൻ ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവാണല്ലോ. പിന്നെയെന്തിന് നാം ഭയക്കണം. അവൻ പറയുന്നു:

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا

"അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌". - [വിശുദ്ധ ഖുർആൻ: 65: 2-3].  

അതുപോലെ നബി (സ) പറഞ്ഞു: 

إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه

" നീ അല്ലാഹുവിന് വേണ്ടി വല്ലതും ഉപേക്ഷിക്കുന്ന പക്ഷം അല്ലാഹു നിനക്ക്  അതിനേക്കാൾ ഉത്തമമായത് നൽകുന്നതാണ്". [مسند أحمد: 21996].

താൻ കഴിക്കുന്നതും തൻ്റെ മക്കൾക്ക് കൊടുക്കുന്നതും ഹലാലായിരിക്കണം എന്ന അതിയായ ആഗ്രഹം താങ്കളുടെ ചോദ്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്.  അല്ലാഹുവിൽ തവക്കുൽ ചെയ്ത് ആ ജോലിയിൽ നിന്നും പിൻവാങ്ങുവാനുള്ള മാർഗം അന്വേഷിക്കുക. അതിന് നിയമപരിജ്ഞാനമുള്ള ആളുകളുടെ നിർദേശം തേടാവുന്നതാണ്. അല്ലാഹു സഹായിക്കുമാറാകട്ടെ. കൂടുതൽ അനുഗ്രഹീതമായ തൊഴിൽ താങ്കൾക്ക് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ. ഈ ലേഖനം വായിക്കുന്നവരുടെയെല്ലാം പ്രാർത്ഥന താങ്കൾക്കുണ്ടാകും ഇൻ ഷാ അല്ലാഹ്. 


അനുവദനീയമായ മാർഗ്ഗേണ എങ്ങനെ നമുക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാം ?. 

ഈ അവസരത്തിൽ വളരെ പ്രാധാന്യത്തോടുകൂടി നാം മനസ്സിലാക്കേണ്ട ഒരുവിഷയം കൂടി ഇവിടെ സൂചിപ്പിക്കുന്നു. ഒരു നല്ല സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അപകട സാധ്യതകളിൽ നിന്നും പരിരക്ഷ ഉറപ്പ് വരുത്തുക എന്നതും അപകട സാധ്യതകളെ പരസ്‌പരം പങ്കുവെച്ച് അതിൻ്റെ ആഘാതം കുറക്കുക എന്നതും വളരെ അനിവാര്യമാണ് എന്നതിൽ തർക്കമില്ല. അതിന് എന്ത് ബദൽ സംവിധാനമാണ് നമുക്ക് നിർദേശിക്കാൻ ഉള്ളത് എന്നത് അതുകൊണ്ടുതന്നെ വളരെ പ്രസ്‌കതമാണ്. 


തകാഫുൽ അഥവാ പരസ്‌പര സഹകരണത്തിൽ അധിഷ്ഠിതമായതോ, ഗവൺമെന്റുകൾ നേരിട്ട് നടത്തുന്ന പൊതു ഇൻഷൂറൻസ് പദ്ധതികളോ ആണെങ്കിൽ അതിന് കുഴപ്പമില്ല. കാരണം ആളുകൾ നൽകുന്ന പണം ആ പദ്ധതിയിൽത്തന്നെ നിലനിൽക്കുന്നു. ഒരു പരസ്‌പര സഹായമെന്നോണം അതിൽ നിക്ഷേപിക്കുന്ന പണം ആഘാതങ്ങൾ ഉണ്ടാകുന്ന വ്യക്തികൾക്ക് നൽകുകയും അതുപോലെ സംവിധാനത്തിൻ്റെ നടത്തിപ്പ് ചിലവുകൾക്ക് ആവശ്യമായ  തുക വകയിരുത്തുകയും ചെയ്ത ശേഷം ബാക്കി വരുന്ന സർപ്ലസ് തുക ആ സംവിധാനത്തിൽത്തന്നെ നിലനിൽക്കുന്നു.

അഥവാ ആദ്യം നാം പറഞ്ഞ പ്രൈവറ്റ് സ്ഥാപനങ്ങളുടെ ഇടപാട് പരിശോധിച്ചാൽ നേട്ടമുണ്ടാക്കുക , ലാഭമുണ്ടാക്കുക എന്നതാണ് അതിൻ്റെ അടിസ്ഥാനമെങ്കിൽ പൊതു മേഖലാ സംവിധാനത്തിൽ അത് സാമൂഹ്യസുരക്ഷ, പരസ്‌പര സഹകരണം എന്നീ നിലയിലേക്ക് മാറുന്നു. അതുകൊണ്ടുതന്നെ ആ സംവിധാനത്തിന് നൽകുന്ന പണം എല്ലാവരും നൽകുന്ന ഒരു പരസ്‌പര സഹായ നിധിയായി നിലകൊള്ളുന്നു. ഇതുതന്നെയാണ് തകാഫുൽ സംവിധാനവും.

ഒരു കുടുംബത്തിലെ , അല്ലെങ്കിൽ ഒരു നാട്ടിലെ കുറെ ജനങ്ങൾ ചേർന്ന് നിർണിതമായ അപകട സാധ്യതകളെ മുൻനിർത്തി ഒരുമിച്ച് മറികടക്കാൻ ഒരു സഹായ നിധി രൂപീകരിക്കുന്നു. മാസം തോറും അല്ലെങ്കിൽ വർഷം തോറും മുൻകൂട്ടി നിർണയിച്ച പോളിസി തുക പദ്ധതിയിലെ അംഗങ്ങൾ അടക്കുന്നു. അതിൽനിന്നും വ്യവസ്ഥപ്രകാരം അർഹരായ ആളുകൾക്ക് സഹായം ലഭ്യമാക്കുന്നു. ക്ലെയിമുകളും പദ്ധതി നടത്തിപ്പിനാവശ്യമായ ചിലവും കഴിച്ച് മിച്ചം വരുന്ന തുക പദ്ധതിയിൽത്തന്നെ ബാക്കിയാകുന്നു. അത് മുൻകൂട്ടി നിർണയിച്ചത് പ്രകാരം അംഗങ്ങൾക്ക് തിരികെ നൽകുകയോ, അടുത്ത വർഷത്തേക്ക് കരുതി വെക്കുകയോ, ചാരിറ്റിക്ക് ഉപയോഗപ്പെടുത്തുകയോ ഒക്കെ ആവാം. ഈ പറഞ്ഞ രീതി പരസ്‌പര സഹായത്തിൽ അധിഷ്ഠിതമായ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ്. ഇതേ അർത്ഥമാണ് പൊതുമേഖലാ സംവിധാനങ്ങൾ ഈ പദ്ധതി നിറവേറ്റുമ്പോഴും ഉണ്ടാകുന്നത്.

എന്നാൽ മുകളിൽ വിശദീകരിച്ചത് പോലെ രണ്ടു കക്ഷികൾ പരസ്‌പരം ഭാഗ്യപരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒന്നുകിൽ നിനക്ക് അല്ലെങ്കിൽ എനിക്ക് എന്ന വിധേന  ഭാഗ്യ പരീക്ഷണം നടത്തുന്ന കൺവെൻഷനൽ ഇൻഷൂറൻസ് രീതിയാണ് എങ്കിൽ, കർമ്മശാസ്ത്രപരമായി അത് ചൂതാട്ടത്തിൻ്റെ ഗണത്തിലാണ് പെടുക. അത് നിഷിദ്ധവുമാണ്. 

അപ്പോൾ ഇൻഷൂറൻസ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് അത് അനുവദനീയമാണോ നിഷിദ്ധമാണോ എന്നത് നിർണയിക്കുന്നത്. ചിലർ ലൈഫ് ഇൻഷൂറൻസ് ആണെങ്കിൽ നിഷിദ്ധവും മറ്റു ഇൻഷൂറൻസുകൾ ആണെങ്കിൽ നിഷിദ്ധവും എന്ന് പറയാറുണ്ട്. ഇത് അവരുടെ വിഷയത്തിലുള്ള അജ്ഞതയിൽ നിന്ന് ഉണ്ടാകുന്നതാണ്.

 ലൈഫ് ഇൻഷൂറൻസ് എന്ന് പറയുമ്പോൾ പലരും കരുതുന്നത്, മരണം സുനിശ്ചിതമല്ലേ, പിന്നെ എങ്ങനെയാണ് ലൈഫ് ഇൻഷൂർ ചെയ്യാൻ കഴിയുക എന്നതാണ്. സത്യത്തിൽ എന്താണ് ലൈഫ് ഇൻഷൂറൻസ് എന്ന് പറയുന്നത് കൊണ്ടുള്ള ഉദ്ദേശം എന്നത് മനസ്സിലാകാത്തത് കൊണ്ടാണ് ആ സംശയം ഉണ്ടാകുന്നത്. കർമ്മശാസ്ത്രത്തിൽ ഒരടിസ്ഥാന തത്വമുണ്ട്:

الحكم على الشيء فرع عن تصوره
"ഒരു കാര്യത്തിൻ്റെ കൃത്യമായ രൂപം എന്ത് എന്നത് വിലയിരുത്തിയാണ് അതിൻ്റെ വിധി പറയേണ്ടത്"


അതുപോലെ:

  العبرة بالمعاني لا بالألفاظ والمباني
"കേവല പദപ്രയോഗങ്ങൾ മാത്രം മുൻ നിർത്തിയല്ല കാര്യങ്ങൾ വിലയിരുത്തേണ്ടത്. അവയുടെ പൊരുൾ കൂടി പരിഗണിച്ചാണ്"  

ലൈഫ് ഇൻഷൂറൻസ് എന്നാൽ ഒരാളുടെ ജീവന് പരിരക്ഷ നൽകുക എന്നതല്ല. മറിച്ച് ഒരാളുടെ പെട്ടെന്നുള്ള വിയോഗം കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന സാമ്പത്തികമായ ആഘാതത്തിൽ അവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നത്  മാത്രമേ അതുകൊണ്ടു ഉദ്ദേശിക്കുന്നുള്ളൂ. അതുകൊണ്ട് ലൈഫ് ഇൻഷുറൻസ് ആണോ മറ്റു വല്ല പേരുകളാണോ എന്നതല്ല ഒരുകാര്യം അനുവദനീയമാണോ അല്ലയോ എന്ന് പറയാനുള്ള മാനദണ്ഡം. മറിച്ച്  ആ ഇൻഷുറൻസ് പരിരക്ഷക്ക് അവലംബമാക്കുന്ന രീതി അനുവദനീയമായ രീതിയാണോ അതോ ചൂതാട്ടത്തിൽ അധിഷ്ഠിതമായ നിഷിദ്ധ രീതിയാണോ എന്നതാണ് ഒന്ന് അനുവദനീയം മറ്റൊന്ന് നിഷിദ്ധം എന്ന് പറയാനുള്ള മാനദണ്ഡം.

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ..  അവൻ്റെ അനുഗ്രഹം നമ്മിൽ എന്നുമുണ്ടാകട്ടെ ...

وصل اللهم على نبينا محمد وعلى آله وصحبه وسلم..

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ



അനുബന്ധ ലേഖനം:

'തകാഫുല്‍' - അഥവാ 'ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്' സംവിധാനം.

http://www.fiqhussunna.com/2015/08/blog-post_50.html

സുജൂദിൽ കാൽ വെക്കേണ്ടതെങ്ങനെ ?.



ചോദ്യം: നിസ്ക്കാരത്തിൽ സുജൂദിൽ  കാലുകളുടെ സ്ഥാനം എങ്ങനെ ആയിരിക്കണം,പ്രത്യേകിച്ചു കാലുകൾ തമ്മിലുള്ള അകലം. ഉചിതമായ ഉത്തരം പ്രതീക്ഷിക്കുന്നു. 

www.fiqhussunna.com

ഉത്തരം: 


الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛ 

സുജൂദിൽ കാൽപാദങ്ങൾ വെക്കേണ്ട രൂപത്തെ സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്. പ്രബലമായ അഭിപ്രായം കാൽമുട്ടുകൾ അകറ്റിയും കാൽപാദങ്ങൾ പരസ്‌പരം ചേർത്തും വെക്കണം എന്നതാണ്. 

عن عائشة رضي الله عنها قالت : (فقدت رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ وكان معي على فراشي ، فوجدته ساجداً ، راصّاً عقبيه ، مستقبلاً بأطراف أصابعه القبلة ، فسمعته يقول : أعوذ برضاك من سخطك ، وبعفوك من عقوبتك ، وبك منك ، أثني عليك ، لا أبلغ كل ما فيك) .

ഉമ്മുൽ മുഅമിനീൻ ആഇശ (റ) പറയുന്നു: "എന്നോടൊപ്പം കിടക്കുകയായിരുന്ന നബി (സ) കാണാതിരുന്നപ്പോൾ ഞാനന്വേഷിച്ചു. അദ്ദേഹത്തിൻ്റെ മടമ്പുകൾ ചേർന്ന് നിൽക്കും വിധം കാൽപാദങ്ങൾ ചേർത്തും അവയിലെ വിരൽത്തുമ്പുകൾ ഖിബ്‌ലക്ക് നേരെ വരത്തക്കവും സുജൂദിൽ കിടക്കുന്നതായാണ് എനിക്കദ്ദേഹത്തെ കാണാൻ സാധിച്ചത്. അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു: " അല്ലാഹുവേ നിൻ്റെ തൃപ്തികൊണ്ട് നിൻ്റെ കോപത്തിൽ നിന്നും ഞാൻ ശരണം തേടുന്നു. നിൻ്റെ വിട്ടുവീഴ്‌ച കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ ശരണം തേടുന്നു. നിന്നിൽ നിന്നും ഞാൻ നിന്നിൽത്തന്നെ ശരണം തേടുന്നു. നിന്നെ ഞാൻ വാഴ്ത്തുന്നു. നിന്നെക്കുറിച്ച് എല്ലാം ഞാൻ സൂക്ഷ്മമായി അറിയുന്നില്ല". - (صحيح ابن خزيمة: 1/328 ، صحيح ابن حبان: 5 /260).

മേൽപറഞ്ഞ ഹദീസിൽ സുജൂദിൽ നബി (സ) കാൽപാദങ്ങൾ പരസ്‌പരം ചേർത്ത് വച്ചതായി ഉമ്മുൽ മുഅമിനീൻ ആഇശ (റ) വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹദീസ് മുൻനിർത്തിയാണ് കാൽപാദങ്ങൾ ചേർത്ത് വെക്കണം എന്നതാണ് പ്രബലമായ അഭിപ്രായം എന്ന് പറയാൻ കാരണം. 

ഒരു ചാൺ അകലത്തിൽ കാൽപാദങ്ങൾ അകറ്റിവെക്കണം എന്ന മറ്റൊരഭിപ്രായവും ഉണ്ട്. ഇമാം ശാഫിഈ (റ) ഈ അഭിപ്രായക്കാരനായിരുന്നു. ഇമാം അബൂ ദാവൂദ് ഉദ്ദരിച്ച ഒരു ഹദീസ് ആണ് ഈ അഭിപ്രായത്തിനു അവലംബം: 

عن أبي حميد رضي الله عنه قال في صفة صلاة النبي صلى الله عليه وسلم : (وإذا سجد فَرَّج بين فخذيه) .

അബൂ ഹുമൈദ് (റ) നിവേദനം: നബി (സ) യുടെ നമസ്കാര രൂപത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: "നബി (സ) സുജൂദ് ചെയ്‌താൽ അദ്ദേഹത്തിൻ്റെ തുടകൾ പരസ്പരം അകറ്റി വെക്കുമായിരുന്നു". - (سنن أبي داود: 735).

ഈ ഹദീസിൻ്റെ അടിസ്ഥാനത്തിലാണ് കാലുകൾ കാൽപാദങ്ങൾ ഉൾപ്പടെ അകറ്റി വെക്കണം എന്ന്  ഇമാം ശാഫിഇ (റ) സൂചിപ്പിച്ചത്. എന്നാൽ ഇതിന്റെ ഉദ്ദേശം തുടകൾ പരസ്‌പരം ചേർന്ന് നിൽക്കാത്തവിധം കാൽമുട്ടുകൾ അകറ്റി വെക്കലാണ് എന്ന് മനസ്സിലാക്കാം.

നമസ്കാരത്തിലെ നിര്ബന്ധകർമ്മങ്ങളിൽ ഉൾപ്പെടുന്ന ഒന്നല്ലാത്തതിനാൽ രണ്ടു രൂപത്തിൽ നമസ്കരിച്ചാലും ഒരാളുടെ നമസ്‌കാരം ശരിയാകും. മേൽപറഞ്ഞ അഭിപ്രായങ്ങളിൽ ആഇശ (റ) യുടെ ഹദീസ് കൂടി ചേർത്ത് പരിശോധിക്കുമ്പോൾ നബിചര്യയോട് കൂടുതൽ അടുത്ത് നിൽക്കുന്ന അഭിപ്രായം കാൽപാദങ്ങൾ പരസ്‌പരം ചേർത്ത് വെക്കുക എന്നതാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. അല്ലാഹു അനുഗ്രഹിക്കട്ടെ ...

ഇംഗ്ലീഷ് സബ്‌ടൈറ്റിൽസോടു കൂടി നമസ്കാരത്തിൻ്റെ രൂപം പൂർണമായി മനസ്സിലാക്കാൻ ഡോ. ഉസ്മാൻ അൽഖമീസിൻ്റെ ഈ വീഡിയോ വീക്ഷിക്കാവുന്നതാണ്: 
https://www.youtube.com/watch?v=sU4JIFbPhDI


وصل اللهم على نبينا محمد وعلى آله وصحبه وسلم

________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 



Monday, December 23, 2019

ക്രെഡിറ്റ് കാർഡ് - കർമ്മശാസ്ത്ര വിധി.


ചോദ്യം: ക്രെഡിറ്റ് കാർഡുകളുടെ ഇസ്‌ലാമിക വിധിയെന്ത് ?. അതുമുഖേന പർച്ചേസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന വിലക്കിഴിവ് അനുവദനീയമാണോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

താങ്കൾ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിന് മുൻപ് എന്താണ് ക്രെഡിറ്റ് കാർഡ് എന്നത് വ്യക്തമാക്കാം. ഉപഭോക്താവിന് പണമടക്കാനോ വസ്തുക്കൾ വാങ്ങാനോ ഈ കാർഡ് മുഖേന സേവന ദാതാക്കളായ ബേങ്കുകൾ പണം നൽകുകയും അതിന് നിർണിതമായ  പലിശയോ സേവന ഫീസുകളോ അവർ കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താവിൽ നിന്നും ഈടാക്കുകയും ചെയ്യുന്ന സംവിധാനമാണ് ക്രെഡിറ്റ് കാർഡ്. -[Reference: O'Sullivan, Arthur; Steven M. Sheffrin (2003). Economics: Principles in action (Textbook). Upper Saddle River, New Jersey 07458: Pearson Prentice Hall. p. 261].

അഥവാ ക്രെഡിറ്റ് കാർഡ് ആരുടെ പേരിലാണോ അവർക്ക് ഇടപാട് നടത്താൻ അനുമതി നൽകിയിട്ടുള്ള അത്രയും തുക ബേങ്ക് കടമായി നൽകുന്നു. അതിന് അവർ പലിശയും ഫീസും ഈടാക്കുന്നു. ഇങ്ങനെയുള്ള  ഒരു പലിശ വായ്പാ സംവിധാനമാണ് ക്രെഡിറ്റ് കാർഡുകൾ. ഒരാളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും ക്രെഡിറ്റ് കാർഡ് മുഖേന അനുവദിക്കപ്പെട്ട തുകക്കനുസരിച്ച് അയാൾക്ക് പർച്ചേസ് നടത്താം.

ഇന്ന് ലഭ്യമായ ഒട്ടുമിക്ക ബേങ്കുകളുടെയും ക്രെഡിറ്റ് കാർഡ് പരിശോധിച്ചാൽ അതിന് നിശ്ചിതമായ ഒരു വാർഷിക വരിസംഖ്യയും കൂടാതെ കടമെടുത്ത തുക തിരിച്ചടക്കാൻ 20 ദിവസം , മുപ്പത് ദിവസം എന്നിങ്ങനെ നൽകപ്പെട്ട സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ മുൻകൂട്ടി നിർണയിക്കപ്പെട്ട പലിശ നൽകാൻ കാർഡ് ഹോൾഡർ ബാധ്യസ്ഥനാകുകയും ചെയ്യും. ഉദാ SBI യുടെ ഒരു ക്രെഡിറ്റ് കാർഡിന് അവർ കൃത്യ സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ മുന്നോട്ട് വെക്കുന്ന ഉപാധി നോക്കുക:

Extended Credit
    • Interest free credit period: 20-50 days, applicable only on retail purchases and if previous month’s outstanding balance is paid in full
    • Finance charges: Up to 3.35% per month, (40.2% per annum), from the date of transaction
    • Minimum amount due: 5% of Total Outstanding (Min. Rs. 200 + all applicable taxes + EMI ( In case of EMI based product) + OVL amount (if any)
   
പലിശ രഹിത കടം അനുവദിക്കപ്പെടുന്നത് 20 മുതൽ 50 ദിവസം വരെ റീടൈൽ പർച്ചേസുകൾക്ക് മാത്രമാണ്. ഇപ്രകാരം തന്നെയാണ് കൺവെൻഷനൽ ബേങ്കുകളിൽ അധികവും ക്രെഡിറ്റ് കാർഡ് സംവിധാനം പ്രവർത്തിക്കുന്നത്. ഇവിടെ പ്രകടമായ ചില നിഷിദ്ധങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്: 

1 -  ഇടപാടിൽ സുവ്യക്തമായ രൂപത്തിൽത്തന്നെ തിരിച്ചടവ് വൈകുന്നപക്ഷം ബേങ്കുകൾ നൽകുന്ന കടത്തിന് ഇത്ര പലിശ നൽകണം എന്നത് വ്യക്തമാക്കുന്നുണ്ട്.

2- ക്രെഡിറ്റ് കാർഡ് മുഖേന അനുവദിക്കപ്പെടുന്ന വായ്‌പാ തുകക്ക് അനുസൃതമായി വാർഷിക ഫീസ്  വർദ്ധിക്കുന്നു. കൂടുതൽ വായ്പ അനുവദിക്കുന്ന കാർഡിന് കൂടുതൽ ഫീസ് നൽകണം. ഇത് സേവനത്തെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല ക്രെഡിറ്റ് ആയി ലഭിക്കുന്ന തുകക്ക് ആപേക്ഷികമായി ഈടാക്കുന്ന ഫീസ് വർധിക്കുന്നു. ഇത് പലിശയുമായി വലിയ സമാനത വച്ച് പുലർത്തുന്നു. അല്ലെങ്കിൽ ഫിക്സഡായ ഒരു interest amount ആണ് എന്ന് തന്നെ പറയാം. 

അതുകൊണ്ടുതന്നെ കൺവെൻഷനൽ ബേങ്കുകൾ നൽകുന്ന മേൽപ്പറഞ്ഞ പ്രകാരമുള്ള ക്രെഡിറ്റ് കാർഡുകൾ നിഷിദ്ധം തന്നെയാണ്. മാത്രമല്ല ഇന്ന് അനേകം രൂപങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്നുണ്ട്.

ഇനി ക്രെഡിറ്റ് കാർഡുകൾ നിർബന്ധമായി വരുകയാണ് എങ്കിൽ മാത്രം അത്തരം സാഹചര്യങ്ങളിൽ ഒരാൾക്ക് തൻ്റെ നിർബന്ധിത സാഹചര്യത്തിന് അനിവാര്യമായ ഏറ്റവും ലഘുവായ കാർഡ് മാത്രം ഇഷ്യൂ ചെയ്യാം. എന്നിരുന്നാൽത്തന്നെ സ്വന്തം അക്കൗണ്ടിൽ തിരിച്ചടക്കാനുള്ള പണമില്ലാതെ അതുപയോഗിക്കുവാൻ പാടില്ല. കാരണം വായ്പയായി ഉപയോഗിക്കുന്ന പണം തിരിച്ചടക്കാൻ വൈകുന്ന പക്ഷം മേൽ പരാമർശിക്കപ്പെട്ട (ഫിനാൻസ് ചാർജസ്) പലിശ കൂടി ബാധകമാകും. 

അന്താരാഷ്‌ട്ര ഫിഖ്ഹ് കൗൺസിൽ വായ്പയിലധിഷ്ടിതമായ ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച്‌ (23-28/ september /2000) ൽ റിയാദിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം (ക്രമ നമ്പർ: 108 (2/12)  : 


مجمع الفقه الإسلامي قرار برقم: 108 (2/12) بشأن بطاقة الائتمان غير المغطاة ، وحكم العمولة التي يأخذها البنك .
وهذا نص القرار :

" إن مجلس مجمع الفقه الإسلامي الدولي المنبثق عن منظمة المؤتمر الإسلامي في دورته الثانية عشرة بالرياض في المملكة العربية السعودية، من 25 جمادى الآخرة 1421هـ إلى غرة رجب 1421هـ (23-28 سبتمبر 2000) .


إشارة إلى قرار المجلس في دورته العاشرة رقم 102/4/10، موضوع (بطاقات الائتمان غير المغطاة) .

وبعد استماعه إلى المناقشات التي دارت حوله من الفقهاء والاقتصاديين ، ورجوعه إلى تعريف بطاقة الائتمان في قراره رقم 63/1/7 الذي يستفاد منه تعريف بطاقة الائتمان غير المغطاة بأنه : " مستند يعطيه مصدره (البنك المصدر) لشخص طبيعي أو اعتباري (حامل البطاقة) بناء على عقد بينهما يمكنه من شراء السلع ، أو الخدمات ، ممن يعتمد المستند (التاجر) دون دفع الثمن حالاً لتضمنه التزام المصدر بالدفع ، ويكون الدفع من حساب المصدر ، ثم يعود على حاملها في مواعيد دورية ، وبعضها يفرض فوائد ربوية على مجموع الرصيد غير المدفوع بعد فترة محددة من تاريخ المطالبة ، وبعضها لا يفرض فوائد .
قرر ما يلي :

أولاً: لا يجوز إصدار بطاقة الائتمان غير المغطاة ولا التعامل بها ، إذا كانت مشروطة بزيادة فائدة ربوية ، حتى ولو كان طالب البطاقة عازماً على السداد ضمن فترة السماح المجاني .


ثانياً: يجوز إصدار البطاقة غير المغطاة إذا لم تتضمن شروط زيادة ربوية على أصل الدين .
ويتفرع على ذلك :

أ ) جواز أخذ مصدرها من العميل رسوماً مقطوعة عند الإصدار أو التجديد بصفتها أجرا فعليا على قدر الخدمات المقدمة على ذلك .


ب ) جواز أخذ البنك المصدر من التاجر عمولة على مشتريات العميل منه ، شريطة أن يكون بيع التاجر بالبطاقة بمثل السعر الذي يبيع به بالنقد .


ثالثاً: السحب النقدي من قبل حامل البطاقة اقتراضٌ من مصدرها ، ولا حرج فيه شرعاً إذا لم يترتب عليه زيادة ربوية ، ولا يعد من قبيلها الرسوم المقطوعة التي لا ترتبط بمبلغ القرض أو مدته مقابل هذه الخدمة .

وكل زيادة على الخدمات الفعلية محرمة ( يعني إذا زادت الرسوم عن الخدمات ) لأنها من الربا المحرم شرعاً ، كما نص على ذلك المجمع في قراره رقم 13 (10/2) و 13 (1/3) .

رابعاً: لا يجوز شراء الذهب والفضة وكذا العملات النقدية بالبطاقة غير المغطاة. " انتهى نص قرار المجمع .

തങ്ങളുടെ പത്താമത്തെ ഒത്തുചേരലിൽ (ക്രമ നമ്പർ: 102/4/10) വായ്‍പയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെ  ആസ്പദമാക്കിയും ..

സാമ്പത്തിക വിദഗ്ധരും ഫുഖഹാക്കളും ഒരുമിച്ച് അതിനെക്കുറിച്ച് നടത്തിയ ചർച്ചകളും കേട്ടശേഷവും, ക്രെഡിറ്റ് കാർഡിന്റെ നിർവചനം സംബന്ധിച്ച് എത്തിച്ചേർന്ന തീരുമാനപ്രകാരം (ക്രമ നമ്പർ: 63/1/7) വായ്‌പയിലധിഷ്ഠിതമായ ക്രെഡിറ്റ് കാർഡിന്റെ നിർവചനമായ: 'കാർഡ് ഇഷ്യൂ ചെയ്യുന്ന കക്ഷി (സേവനദാതാവായ ബേങ്ക്) ഒരു വ്യക്തിയുടെയോ (കമ്പനി പോലുള്ള) ആനുപാതിക വ്യക്തികളുടെയോ പേരിൽ ഉണ്ടാക്കുന്ന ഒരു രേഖയാണ് ക്രെഡിറ്റ് കാർഡ്. ആ കാർഡ് ഇഷ്യൂ ചെയ്യുമ്പോൾ തങ്ങൾക്കിടയിലുള്ള ധാരണപ്രകാരം ഉപഭോക്താവിന് വസ്തുക്കളോ സേവനങ്ങളോ പർച്ചേസ് ചെയ്യാനും,  അതിൻ്റെ വില അപ്പോൾ താൻ സ്വന്തം പണത്തിൽ നിന്നും നൽകുന്നില്ല മറിച്ച് കാർഡ് ഇഷ്യൂ ചെയ്ത ബേങ്ക് അവരുടെ ധനത്തിൽ നിന്നും ആ ധനം നൽകും എന്ന ഉറപ്പ് കച്ചവടക്കാരന് നൽകുകയും ആ പണം ബേങ്ക് നൽകുകയും ചെയ്യുന്നു. തുടർന്ന് ആരുടെ പേരിലാണോ ആ കാർഡ് ഉള്ളത് അവരിൽ നിന്നും പ്രസ്തുത തുക നിശ്ചിതമായ സമയങ്ങളിൽ ഈടാക്കുന്നു. തിരിച്ചടക്കേണ്ട നിർണിതമായ സമയത്ത് തിരിച്ചടക്കാത്തതായ തുകക്ക് ചില ബേങ്കുകൾ പലിശ ഈടാക്കുകയോ ചിലർ ഈടാക്കാതിരിക്കുകയോ ചെയ്യുന്നു'.  എന്ന നിർവചനത്തെ ആസ്പദമാക്കിയും ഇപ്രകാരം തീരുമാനത്തിലെത്തി:

ഒന്ന്: തൻ്റെ അക്കൗണ്ടിലുള്ള പണം തന്നെ ക്രെഡിറ്റ് കാർഡിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ ഉപയോഗിക്കുന്നതല്ലാത്ത വായ്പയിൽ അധിഷ്‌ഠിതമായതും, തിരിച്ചടവ് വൈകിയാൽ പലിശ വരുന്നതുമായ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുവാനോ അതുപയോഗിക്കുവാനോ പാടില്ല. ഇനി വായ്പാ തിരിച്ചടവ് പലിശരഹിതമായി തിരിച്ചടക്കാവുന്ന നിശ്ചിത സമയപരിധിയിൽത്തന്നെ തിരിച്ചടക്കും എന്ന് തീരുമാനിച്ചാണ് ഒരാൾ ഈ കാർഡ് ഇഷ്യൂ ചെയ്യുന്നതെങ്കിലും അത് അനുവദനീയമാകുന്നില്ല.

രണ്ട്: തിരിച്ചടവ് വൈകിയാലോ മറ്റോ  പലിശ ഈടാക്കപ്പെടും എന്ന നിബന്ധനയില്ലാത്ത ക്രെഡിറ്റ് കാർഡുകൾ ആണെങ്കിൽ അവ ഇഷ്യൂ ചെയ്യുന്നതിൽ തെറ്റില്ല. അതിനോടനുബന്ധമായി മാനസ്സിലാക്കേണ്ട കാര്യങ്ങളാണ്:

a -  അത് ഇഷ്യൂ ചെയ്യുന്ന അതോറിറ്റിക്ക് അഥവാ ബേങ്കിന് അത് ഇഷ്യൂ ചെയ്യുന്ന വേളയിലും പുതുക്കുന്ന വേളയിലും ആ സർവീസ് പ്രൊവൈഡ് ചെയ്യാൻ ആവശ്യമായിവരുന്ന യഥാർത്ഥ ചിലവ് എത്രയാണോ അത് ഫീ ആയി ഈടാക്കാം.  (അഥവാ ആ സർവീസ് നൽകാൻ ആവശ്യമായിവരുന്ന ചിലവുകൾ കണക്കാക്കിയാണ് അത് നിർണയിക്കപെടുക. മാത്രമല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ ഫീ നൽകാൻ കസ്റ്റമർ നിർബന്ധിതനാകും).

b - തങ്ങളുടെ കാർഡ് ഉപയോഗിച്ച് കസ്റ്റമേഴ്‌സ് നടത്തുന്ന പർച്ചേസുകൾക്ക് കച്ചവടക്കാരിൽ നിന്നും  ബേങ്കിന് കമ്മീഷൻ ഈടാക്കാം. കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിനും കാശ് ഉപയോഗിച്ചുള്ള പർച്ചേസിനും ഒരേ വിലയായിരിക്കണം ഈ സാഹചര്യത്തിൽ കച്ചവടക്കാർ ഈടാക്കേണ്ടത് എന്ന നിബന്ധന ഇവിടെ ബാധകമാണ്. (അഥവാ കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിന് കൂടുതൽ വില ഈടാക്കാവതല്ല. ). 

മൂന്ന്: ക്രെഡിറ്റ് കാർഡ് ഉടമ അതുപയോഗിച്ച് നടത്തുന്ന ട്രാൻസാക്ഷൻ ആ കാർഡ് ഇഷ്യൂ ചെയ്ത ബേങ്കിൽ നിന്നും എടുക്കുന്ന കടമാണ്. അതിന് പലിശ ഈടാക്കപെടാത്ത പക്ഷം അതിൽ യാതൊരു തെറ്റുമില്ല. കടമെടുക്കുന്ന തുകയുമായോ അതിൻ്റെ സമയപരിധിയുമായോ ബന്ധമില്ലാത്ത വിധം ഈ സർവീസിന് ബേങ്ക് ഈടാക്കുന്ന നിർണിതമായ ഫീ മേല്പറഞ്ഞ പലിശ ഗണത്തിൽ പെടുന്നുമില്ല. എന്നാൽ സർവീസ് പ്രൊവൈഡ് ചെയ്യാൻ ആവശ്യമായി വരുന്ന  യഥാർത്ഥ ചിലവിനേക്കാൾ കൂടുതലായി ഈടാക്കപ്പെടുന്ന തുക നിഷിദ്ധമാണ്. കാരണം അത് ശറഇൽ നിഷിദ്ധമാക്കപ്പെട്ട പലിശയാകുന്നു. ഫിഖ്ഹ് കൗൺസിൽ അതിൻ്റെ ( ക്രമ നമ്പർ: 
 13 (10/2)  13 (1/3)  എന്നീ തീരുമാനങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. 

(മേൽ പറഞ്ഞതിൽ ഫിഖ്ഹ് കൗൺസിൽ രേഖപ്പെടുത്തിയത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൻ്റെ അടിസ്ഥാന നിയമമാണ്. അഥവാ ക്രെഡിറ്റ് കാർഡ് വഴി ബേങ്കിൽ നിന്നും ഒരു വ്യക്തിക്ക് നൽകുന്ന തുക വായ്പയായാണ് കണക്കാക്കുന്നത്. ക്രെഡിറ്റ് കാർഡ്, അതിൻ്റെ അനുബന്ധമായ മറ്റു അവിഭാജ്യ ഘടകങ്ങൾ എന്നിങ്ങനെ ഉപഭോക്താവിന് ഈ സർവീസ് ഒരുക്കാൻ ബേങ്കിന് വന്ന യഥാർത്ഥ ചിലവ് മാത്രം ബേങ്കിന് ഈടാക്കാം. നൽകിയ തുക കടമായതിനാൽത്തന്നെ അതിൽ കൂടുതലായി യാതൊന്നും തന്നെ ഉപഭോക്താവിൽ നിന്നും ഈടാക്കാൻ പാടില്ല. അപ്രകാരം ഈടാക്കിയാൽ അത് നൽകിയ കടത്തിന് അധികമായി ഈടാക്കുന്ന പലിശയുടെ ഗണത്തിൽപ്പെടും).



നാല്: കാർഡിൽ മുൻകൂട്ടി നിക്ഷേപിക്കപ്പെട്ട പണമുള്ള റീചാർജ് ചെയ്യുന്ന കാർഡുകൾ ഉപയോഗിച്ചല്ലാതെ സ്വർണ്ണം വെള്ളി എന്നിവ പർച്ചേസ് ചെയ്യാൻ പാടില്ല.

(നമ്മൾ തുക റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. സ്വർണ്ണം വെള്ളി എന്നിവയുടെ  പർച്ചേസിന് അത്തരം കാർഡുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നത് ഒരു നിർബന്ധ നിബന്ധനയാണ്. കാരണം സ്വർണ്ണവും വെള്ളിയും വിലക്കപ്പെടുമ്പോൾ ഇടപാട് നടക്കുന്ന തത്സമയം അവയും അവയുടെ വിലയും കൈപ്പറ്റിയിരിക്കണം എന്നത് നിബന്ധനയാണ്. സ്വർണ്ണവും വെള്ളിയും കടമായി വാങ്ങിക്കാൻ അനുവാദമില്ല. തത്സമയം കൈമാറ്റം നടന്നില്ലെങ്കിൽ (ربا النسيئة) അഥവാ കാലതാമസത്തിൻ്റെ നിഷിദ്ധം എന്ന വിലക്ക് ഇടപാടിൽ കടന്നുവരാൻ കാരണമാകും എന്നതിനാലാണത്.


ചുരുക്കിപ്പറഞ്ഞാൽ: 

ക്രെഡിറ്റ് കാർഡുകളെ മൂന്നായി തരം തിരിക്കാം:

ഒന്ന്: നമ്മുടെ അക്കൗണ്ടിലെ പണം കാർഡിലേക്ക് റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡുകൾ.  ഇവിടെ നാം ബേങ്കിൽ നിന്ന് കടമായി യാതൊന്നും കൈപറ്റുന്നില്ല. അതുകൊണ്ടു ഇവിടെ പലിശയുമായി ബന്ധപ്പെട്ട യാതൊന്നും ബാധകമാകുന്നില്ല. നിശ്ചിതമായ ഫീ ഈടാക്കിയോ അല്ലാതെയോ നിരുപാധികം ഈ കാർഡ് ഇഷ്യൂ ചെയ്യാം ഉപയോഗിക്കാം. 


രണ്ട്: ബേങ്കിൽ നിന്നും വായ്പയായി പണം ലഭിക്കുന്ന തരത്തിലുള്ള ക്രെഡിറ്റ് കാർഡ്. ഇത്തരം കാർഡുകൾ ഉപയോഗിക്കുമ്പോൾ കടബാധ്യതയാണ് ബേങ്കുമായി ഉപഭോക്താവിന് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ കാർഡുമായി ബന്ധപ്പെട്ട് ബേങ്കിന് വരുന്ന യഥാർത്ഥ ചിലവിൽ കൂടുതലായ ഫിയോ , തിരിച്ചടവിൻ്റെ സമയപരിധി ലംഘിക്കുന്ന പക്ഷം കൂടുതൽ പണം ഈടാക്കപ്പെടും എന്ന നിബന്ധനയോ ഒക്കെ ഉണ്ടാകുന്ന പക്ഷം പലിശ കടന്നുവരുന്നതിനാൽ ഈ കാർഡ് നിഷിദ്ധമായി മാറും. അത് ഇഷ്യൂ ചെയ്യുന്നതും ഉപയോഗിക്കുന്നതും നിഷിദ്ധമാണ്.

എന്നാൽ ഫീ ഈടാക്കിയോ അല്ലാതെയോ ഉള്ള ഇത്തരം കാർഡുകൾക്ക് പലിശ ബാധകമാകുന്ന ഡ്യൂ ഡേറ്റിനു മുൻപ് തിരിച്ചടച്ച് ഉപയോഗിക്കാമോ എന്നതാണ് കൂടുതൽ പേരും ചോദിക്കുന്നത്. സമയം തെറ്റിയാൽ പലിശ അടക്കണം എന്ന നിബന്ധന ഉള്ളതുകൊണ്ടുതന്നെ ആ ഡീൽ നിഷിദ്ധമായി മാറുന്നു. എന്നാൽ നമ്മുടെ നാട്ടിൽ മറ്റു കാർഡുകൾ ലഭ്യമല്ലാതിരിക്കുകയും ഇന്നത്തെ ക്രയവിക്രയങ്ങളിലും പ്രത്യേകിച്ചും യാത്ര ചെയ്യുന്നവർക്കും ക്രെഡിറ്റ് കാർഡ് വളരെ ആവശ്യകരവുമായി മാറിയ സാഹഹചര്യങ്ങളിൽ രണ്ട് സൊലൂഷനുകളാണ് ഉള്ളത്. ഒന്ന് ക്രെഡിറ്റ് കാർഡിൽ ഉപയോഗിക്കുന്ന ട്രാൻസാക്ഷൻ തത്സമയം തൻ്റെ അക്കൗണ്ടിൽ നിന്നും കട്ട് ചെയ്യാൻ ബേങ്കിനോട് ആവശ്യപ്പെടുക. ഈ സാഹചര്യത്തിൽ പലിശ വരില്ല. അതല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഉപയോഗിക്കാൻ ആവശ്യമായിവരുന്ന പണം തൻ്റെ അക്കൗണ്ടിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. അത് അതേ സമയം തന്നെ തിരിച്ചടക്കാനും ശ്രദ്ധിക്കുക. ആദ്യം പറഞ്ഞതാണ് കൂടുതൽ കാര്യക്ഷമം. ഇനി അനിവാര്യമല്ലാത്തവർ അത് പാടേ ഉപേക്ഷിക്കുകയും ചെയ്യുക. അന്താരാഷ്‌ട്ര ഫിഖ്ഹ് കൗൺസിൽ അത് പാടേ ഉപേക്ഷിക്കണം എന്ന നിർദേശമാണ് മുന്നോട്ട് വച്ചത് എന്നത് മുകളിൽ ശ്രദ്ധിച്ചുവല്ലോ. ക്രെഡിറ്റ് കാർഡ് എന്നത് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരനിവാര്യതയായി മാറിയതിനാലും അനേകം അവശ്യ ഇടപാടുകൾക്ക് അത് മാത്രമേ സ്വീകരിക്കൂ എന്ന സാഹചര്യമുള്ളതിനാലും, നമ്മുടെ നാട്ടിലെപ്പോലെ മറ്റു അനുവദനീയമായ സ്കീമുകൾ ലഭ്യമല്ലാത്തതിനാലും മാത്രമാണ് ഇനി ഉപയോഗിക്കേണ്ടി വന്നാൽ എങ്ങനെ നിഷിദ്ധം കടന്നുവരാതെ സൂക്ഷിക്കണം എന്നത് നാം ഇവിടെ പരാമർശിച്ചത്.
 

മൂന്ന്: ബേങ്കിൽ നിന്നും വായ്പയായി പണം ലഭിക്കുന്ന , എന്നാൽ പലിശ ഈടാക്കപ്പെടാത്ത ക്രെഡിറ്റ് കാർഡ്. ഈ കാർഡ് ഇഷ്യൂ ചെയ്യുകയും ഉപയോഗിക്കുകയുമാകാം. എന്നാൽ ഈ കാർഡ് ഉപയോഗിച്ച് സ്വർണ്ണം വെള്ളി എന്നിവ വാങ്ങിക്കുവാൻ പാടില്ല കാരണം തത്സമയ വിനിമയം നടക്കുന്നില്ല.
 
അവസാനമായി ചോദ്യകർത്താവ് ചോദിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് ലഭിക്കുന്ന വിലക്കുറവുകൾ അനുവദനീയമാണോ എന്നതാണ്. ഇവിടെ ചില നിർണിത ഉപഭോക്താക്കൾക്ക് കച്ചവടക്കാർ നൽകുന്ന ഈ വിലക്കുറവിൽ യാതൊരു തെറ്റുമില്ല. പക്ഷെ അവരുപയോഗിക്കുന്ന കാർഡ് അനുവദനീയമാണോ എന്നതാണ് വിഷയം. കാർഡ് അനുവദനീയമായ രൂപത്തിലുള്ള കാർഡ് ആണെങ്കിൽ ഈ വിലക്കുറവിൻ്റെ ആനുകൂല്യവും അനുവദനീയമാണ്. എന്നാൽ കാർഡ് തന്നെ അടിസ്ഥാനപരമായി നിഷിദ്ധമാണ് എങ്കിൽ പിന്നെ അതുവഴി ലഭിക്കുന്ന ആനുകൂല്യത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലല്ലോ.

പലിശ വൻപാപങ്ങളിൽ ഒന്നാണ്. അത് വ്യഭിചാരത്തെക്കാൾ കഠിനമാണ്. ഈ കാലത്ത് അതിൽ നിന്നും വിട്ടുനിന്നുകൊണ്ട് ജീവിക്കുക എന്നത് ഏറെ ശ്രമകരവും അങ്ങേയറ്റം കഠിന പരിശ്രമം ആവശ്യവുമായി കാര്യമാണ്. കാരണം അതങ്ങേയറ്റം വ്യാപിച്ചിരിക്കുന്നു. പലിശയുടെ വ്യാപനവും അമിതോപയോഗവും പലരും അതിനെ നിസ്സാരവൽക്കരിക്കാനും കാരണമായിത്തീർന്നിരിക്കുന്നു. എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ അനുവദനീയമായ മാർഗങ്ങൾ കണ്ടെത്തുകയും നിഷിദ്ധമായവയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ സൂക്ഷമതയോടെ ജീവിക്കുന്ന സൗഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ..

وصل اللهم على نبينا محمد وعلى آله وصحبه وسلم...

അബ്ദു റഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Sunday, November 3, 2019

നബിദിനവും - നബിയോടുള്ള സ്നേഹവും



الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

അല്ലാഹുവിൻറെ സൃഷ്ടികളിൽ വെച്ച് ഒരു മുസ്‌ലിം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും റസൂൽ കരീം (സ) യെയാണ്. നബി (സ) യുടെ കല്പനകളും ചര്യകളും ജീവിതത്തിൽ അനുധാവനം ചെയ്തുകൊണ്ടാണ് ഒരാൾ ആ സ്നേഹം പ്രകടിപ്പിക്കുന്നതും പ്രകടിപ്പിക്കേണ്ടതും. പലപ്പോഴും നബി (സ) യോടുള്ള ഇഷ്ടം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ അതിന് നബി (സ) യോ സ്വഹാബത്തോ ചെയ്തിട്ടില്ലാത്ത പുതിയ മാർഗങ്ങളും ആഘോഷങ്ങളും ചിലർ കണ്ടെത്താറുണ്ട്. അതിൽപ്പെട്ടതാണ് നബി (സ) യുടെ ജന്മദിനാഘോഷം.

ക്രൈസ്തവരും ബഹുദൈവാരാധകരുമൊക്കെ അവരുടെ ആരാധ്യന്മാരുടെ ജയന്തി അഥവാ ജന്മദിനം കൊണ്ടാടാറുണ്ട്. ഒരുപക്ഷെ അതെല്ലാം കണ്ടുകൊണ്ട്, നമുക്കും എന്തുകൊണ്ട് നമ്മളേറെ സ്നേഹിക്കുന്ന നബി (സ) യുടെ ജന്മദിനവും കൊണ്ടാടിക്കൂടാ എന്ന ചിന്തയാൽ അത് ചെയ്യുന്നവരുമുണ്ട്. 'ദീനിൻ്റെ  വിഷയത്തിൽ അപ്രകാരം ഇതര സമുദായങ്ങളെ പിന്തുടർന്ന്  ആചാരങ്ങൾ കടമെടുക്കാനോ, പുത്തൻകാര്യങ്ങൾ ഉണ്ടാക്കാനോ പാടില്ല, അത് നിഷിദ്ധമാണ്' എന്ന അടിസ്ഥാന തത്വം പോലും പലപ്പോഴും നന്മ ആഗ്രഹിച്ചുകൊണ്ട് ഇതെല്ലാം ചെയ്യുന്ന പല സഹോദരങ്ങൾക്കുമറിയില്ല എന്നതാണ് വസ്തുത. അതല്ലെങ്കിൽ അവർ പണ്ഡിതന്മാരെന്ന് അവർ ധരിക്കുന്ന പലരും ഇതൊക്കെയാണ് നബി (സ) യോടുള്ള യഥാർത്ഥ സ്നേഹമെന്ന് ആ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ നബി (സ) യോ, സ്വഹാബത്തോ, താബിഈങ്ങളോ, തബഉ താബിഈങ്ങളോ, ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങിയ ഇമാമീങ്ങളോ ആരും തന്നെ നബിദിനം ആഘോഷിച്ചിട്ടില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ്. മാത്രമല്ല നബി (സ) യുടെ കല്പനയില്ലാത്ത ഒരു കാര്യം മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കുന്നത് അങ്ങേയറ്റം കുറ്റകരവും, അല്ലാഹുവിന്റെ പക്കൽ വലിയ ശിക്ഷക്ക് അർഹമാക്കിയേക്കാവുന്ന കാര്യവുമാണ് എന്ന് ഹദീസുകളിൽ വ്യക്തമായി വന്നിട്ടുമുണ്ട്.

പലപ്പോഴും പല സാധാരണക്കാരും ചിന്തിക്കാറുള്ളത്, അതെങ്ങനെയാണ് നബി (സ) യെ സ്നേഹിക്കുന്നതിന് ശിക്ഷ ലഭിക്കുക ?. ഞങ്ങൾ നബിദിനം ആഘോഷിക്കുന്നത് സ്നേഹത്താലല്ലേ ? എന്നതാണ്.

വളരെ പ്രസക്തമായ ചോദ്യമാണത്. ഇവിടെയാണ് നാം നബി (സ) യഥാർത്ഥ സ്നേഹം എപ്രകാരമായിരിക്കണം എന്നത് മനസ്സിലാക്കേണ്ടത്.

ഇമാം ശാഫിഇ (റ) തൻ്റെ കവിതാ ശകലത്തിൽ ഇപ്രകാരം പറയുന്നത് കാണാം: 

إن المحب لمن يحب مطيع

"തീർച്ചയായും യഥാർത്ഥത്തിൽ സ്നേഹമുള്ളവൻ താൻ ആരെയാണോ സ്നേഹിക്കുന്നത് അവരോട് അനുസരണയുള്ളവനായിരിക്കും". 

നബി (സ) യെ സ്നേഹിക്കുന്ന പക്ഷം അദ്ദേഹം പഠിപ്പിച്ച ദീനിൽ ഏറ്റക്കുറച്ചിലുകളില്ലാതെ, പുത്തനാചാരങ്ങളോ അനുഷ്ഠാനങ്ങളോ ഉണ്ടാക്കാതെ സുന്നത്ത് മുറുകെപ്പിടിച്ച് ജീവിക്കുക എന്നതാണ് ആ സ്നേഹം.

"നിങ്ങളിൽ രണ്ട് കാര്യങ്ങൾ ഞാൻ വിട്ടേച്ചു പോകുന്നു. അവ മുറുകെപ്പിടിക്കുന്ന പക്ഷം നിങ്ങൾ വ്യതിചലിക്കുകയില്ല. ഒന്ന് അല്ലാഹുവിന്റെ കിതാബും എൻ്റെ സുന്നത്തും" എന്ന് പഠിപ്പിച്ച നമ്മുടെ കരളിന്റെ കഷ്ണമായ നബീ കരീം (സ) യെ സ്നേഹിക്കുന്നവർ അദ്ദേഹത്തെ ജീവിതത്തിൽ പിൻപറ്റണം. ജന്മദിനാഘോഷം അല്ലാഹുവിന്റെ റസൂലോ റസൂലിൽ നിന്ന് ദീൻ മനസ്സിലാക്കിയ സ്വഹാബത്തോ ആരും തന്നെ ചെയ്തിട്ടില്ല. മതത്തിൽ ആചാരാനുഷ്ഠാനങ്ങൾ കെട്ടിയുണ്ടാക്കൽ വലിയ പാപമാണ് അതുകൊണ്ടാണ് നബി (സ) പഠിപ്പിക്കാത്ത നബിദിനാഘോഷം നിർവഹിക്കുന്നത് പാപമായിത്തത്തീരുന്നത്. അത് മറ്റ് സമുദായങ്ങളെ അവരുടെ ആചാരാനുഷ്ഠാനങ്ങൾ കടമെടുത്ത് പിന്തുടരൽ കൂടിയാകുമ്പോൾ അതിൻ്റെ പാപ ഗൗരവം വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ നബി (സ) യെ സ്നേഹിക്കുക എന്നത് പുണ്യമുള്ള നിർബന്ധമായ കാര്യമാണ്. പക്ഷെ അതിനായി മതത്തിൽ ഇല്ലാത്ത ആചാരങ്ങൾ കടത്തിക്കൂട്ടുന്നത് കുറ്റകരമാണ്.

ഏതുപോലെയെന്നാൽ നമസ്കാരം പുണ്യമാണ് നിർബന്ധവുമാണ്. പക്ഷെ ഒരാൾ നമസ്കാരത്തോടുള്ള ഇഷ്ടം കൊണ്ട് നാല് റകഅത്തുള്ള ളുഹ്ർ നമസ്കാരം അഞ്ചു റകഅത്ത് നമസ്കരിച്ചാൽ , നല്ല ഉദ്ദേശമാണ് അതുകൊണ്ട് അല്ലാഹു  സ്വീകരിക്കും എന്ന് പറയാൻ സാധിക്കുമോ ?!. ഇല്ല. 



അതുകൊണ്ട് അല്ലാഹുവിനെ സ്നേഹിക്കുന്ന അവന്റെ റസൂലിനെ സ്നേഹിക്കുന്ന ഓരോ മുസ്‌ലിമിനോടും പറയാനുള്ളത് നബി ചര്യയാണ് രക്ഷയുടെ മാര്‍ഗം, അതുമാത്രമാണ് രക്ഷയുടെ മാര്‍ഗം എന്നതാണ്. അല്ലാഹുവോടും അവന്‍റെ റസൂലിനോടും ഇഷ്ടവും കൂറുമുള്ളവര്‍ അത് പിന്തുടരുകയാണ് ചെയ്യേണ്ടത്. അല്ലാഹു സുബ്ഹാനഹു വ തആല പറയുന്നത് നോക്കൂ:

 قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ

"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." - [ആലുഇംറാന്‍: 31].

ഇനി നബിദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇമാമീങ്ങൾ പറഞ്ഞ വളരെ പ്രസക്തമായ ചില ഉദ്ധരണികൾ നോക്കൂ: 


ഇമാം താജുദ്ദീന്‍ അല്‍ ഫാകിഹാനി (റ) (വഫാത്ത്: ഹിജ്റ 734) പറയുന്നു:

الإمام الفكهاني ـ رحمه الله ـ قال :"لا أعلم لهذا المولد أصلاً في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثار المتقدمين، بل هو بِدعة أحدثها البطالون، وشهوة نفسٍ اعتنى بها الأكّالون،"

 ഇമാം ഫാകിഹാനി (റ) പറയുന്നു: "അല്ലാഹുവിന്‍റെ കിതാബിലോ റസൂല്‍ (സ) യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് യാതൊരു അടിസ്ഥാനവും ഞാന്‍ കണ്ടിട്ടില്ല. നമുക്ക് മാതൃകയായവരും, മുന്‍ഗാമികളുടെ പാത പിന്തുടരുന്നവരുമായ ഈ ഉമ്മത്തിന്‍റെ ഇമാമീങ്ങൾ ആരെങ്കിലും അത് ആഘോഷിച്ചിരുന്നതായി സ്ഥിരപ്പെട്ട് വന്നിട്ടുമില്ല. തീര്‍ത്തും ബാത്വിലിന്‍റെ ആളുകളും, തന്നിഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമായ ചിലരുണ്ടാക്കിയ  ഒരു ബിദ്അത്താണത്. അത് ഏറ്റെടുത്തതാകട്ടെ തീറ്റക്കൊതിയന്മാരായ ചില ആളുകളും" - [ السنن والمبتدعات : പേജ് : 149 ]. 

ഇമാം ഇബ്നുല്‍ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) പറയുന്നു:


قال الإمام ابن الحاج رحمه الله : (فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة)

 ഇമാം ഇബ്നുല്‍ ഹാജ് (റ) പറയുന്നു: " മൗലിദ് എന്നത് : അവര്‍ പുതുതായുണ്ടാക്കിയ ബിദ്അത്തുകളില്‍ ഒന്നാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്‍റെ ഏറ്റവും വലിയ ശിആറാണെന്നും അവര്‍ കരുതുന്നുവെങ്കിലും അത് മൊത്തത്തില്‍ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്"  -  [ المدخل : 2/10].

ഇമാം ശാത്വിബി അല്‍ മാലിക്കി (റ) (വഫാത്ത് ഹിജ്റ 790) പറയുന്നു:

قال الإمام الشاطبي : فمعلوم أن إقامة المولد على الوصف المعهود بين الناس بدعة محدثة وكل بدعة ضلالة, فالإنفاق على إقامة البدعة لا يجوز والوصية به غير نافذة بل يجب على القاضي فسخه

 ഇമാം ശാത്വിബി (റ) പറയുന്നു: "ഇന്ന്‍ ആളുകള്‍ ആചരിക്കുന്നത് പോലെയുള്ള മൗലിദ് ആഘോഷം അത് പുത്തനാചാരമായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. അതുകൊണ്ടുതന്നെ ഒരു ബിദ്അത്ത് നടപ്പിലാക്കാന്‍ വേണ്ടി ധനം നല്‍കി സഹായിക്കാന്‍ പാടില്ല. ഇനി അപ്രകാരം ഒരാള്‍ തന്‍റെ മരണാനന്തരമുള്ള വസ്വിയത്തില്‍ എഴുതി വച്ചാല്‍ പോലും ആ വസ്വിയത്ത് നടപ്പാക്കപ്പെടുകയില്ല. മറിച്ച് അത്തരം വസ്വിയാത്തുകള്‍ ഖാളി അസാധുവാക്കണം".  - [ ഫതാവശാത്വിബി : 203, 204].

അല്‍ ഇമാം അല്‍ ഹാഫിള് അബൂ സുര്‍അ അല്‍ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836) പറയുന്നു:

(لا نعلم ذلك -أي عمل المولد- ولو بإطعام الطعام عن السلف)

 "അപ്രകാരം ചെയ്യല്‍ - അഥവാ മൗലിദ് ആഘോഷിക്കല്‍ - ഏറ്റവും ചുരുങ്ങിയ പക്ഷം ഭക്ഷണം വിതരണം ചെയ്തെങ്കിലും ആച്ചരിക്കല്‍ മുന്‍ഗാമികള്‍ ആരെങ്കിലും ചെയ്തതായി നമുക്കറിയില്ല" - [തശ്നീഫുല്‍ അദാ'ന്‍ : പേജ് : 136]. 


നബി (സ) സ്നേഹമില്ലാത്തതിനാലല്ല, നബി (സ) യോടുള്ള അങ്ങേയറ്റത്തെ സ്നേഹവും, നബി (സ) യുടെ സുന്നത്ത് പിന്തുടരലാണ് ദീൻ എന്ന് മനസ്സിലാക്കുന്നതുകൊണ്ടുമാണ് നബിദിനം ആഘോഷിക്കാത്തതും, നബിദിനാഘോഷത്തെ എതിർക്കുന്നതും.

നബിദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് മദീനയിലെ മസ്ജിദുന്നബവിയിലെ ദര്‍സിന്  നേതൃത്വം കൊടുക്കുന്ന മുദരിസും, പ്രഗല്‍ഭമായ മദീനാ ഇസ്‌ലാമിക് സര്‍വ്വകലാശാലയിലെ അദ്ധ്യാപകനുമായ ബഹുമാന്യ പണ്ഡിതന്‍ ശൈഖ് : സ്വാലിഹ് ബ്ന്‍ അബ്ദുല്‍ അസീസ്‌ ബ്ന്‍ ഉസ്മാന്‍ സിന്‍ദി ഹഫിദഹുല്ലാഹ് പറഞ്ഞ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട വാക്കുകൾ നോക്കൂ:


بسم الله الرحمن الرحيم 

പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. 


سأكون أول من يحتفل بالمولد النبوي لو ظفرت بحديث فيه حث منه صلى الله عليه وسلم على تخصيص يوم الثاني عشر من ربيع الأول بميزة عن غيره.

"റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മറ്റു ദിനങ്ങളെക്കാള്‍ പ്രത്യേകത നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നതായുള്ള നബി (സ) യുടെ ഒരു ഹദീസെങ്കിലും ലഭിച്ചാല്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو وجدت عنه صلى الله عليه وسلم حضا على الاحتفال به أو بإشارة، ولو تلميحا.

"നബി (സ) മൗലിദ് ആഘോഷിച്ചതായ വല്ല സംഭവമോ, ഇനി അതിനെപ്പറ്റി നബി തിരുമേനി ഒരല്പമെങ്കിലും സൂചനയായെങ്കിലും വിരല്‍ചൂണ്ടിയിരുന്നെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أنه بلغ البلاغ المبين، وأنه يمكن أن يكون ثمة خير لم يحضنا عليه.

"അല്ലാഹുവിന്‍റെ റസൂല്‍ (സ) ഈ ദീന്‍ ഏറ്റവും പരിപൂര്‍ണ്ണമായ രൂപത്തില്‍  സുവ്യക്തമായി നമുക്ക് എത്തിച്ച് തന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍, അദ്ദേഹം പഠിപ്പിച്ചിട്ടില്ലാത്ത ചില സല്‍ക്കര്‍മ്മങ്ങളും  ദീനില്‍ അവശേഷിക്കാനിടയുണ്ട് എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أبي بكر رضي الله عنه أنه أقام وليمة ليلة المولد

"മഹാനായ അബൂബക്കര്‍ സിദ്ദീഖ് (റ) മൗലിദ് ദിവസത്തിന്‍റെ രാവില്‍ വല്ല സദ്യയും ഒരുക്കിയതായി ഒരു അസറെങ്കിലും എനിക്ക് ലഭിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



أو أن عمر رضي الله عنه جعل هذا اليوم يوم عطلة ولعب. 
أو عن عثمان أنه حث في ذاك اليوم على الصدقة أو الصوم
أو عن علي أنه أقام حلقة لمدارسة السيرة.

"മഹാനായ ഉമര്‍ ബ്ന്‍ അല്‍ഖത്താബ് (റ) ആ ദിവസത്തെ ഒഴിവ് ദിനവും ആനന്ദത്തിന്‍റെ ദിവസവുമായി ആചരിച്ചിരുന്നുവെങ്കില്‍, മഹാനായ ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) ആ ദിവസത്തില്‍ പ്രത്യേകമായി (റബിഉല്‍ അവ്വല്‍ പന്ത്രണ്ടാണ് എന്നതിനാല്‍) നോമ്പും സ്വദഖയും അനുഷ്ഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെങ്കില്‍, അലി (റ) ആ ദിനത്തില്‍ പ്രത്യേകമായി നബി (സ) യുടെ ചരിത്രം പഠിപ്പിക്കാനുള്ള സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കില്‍ അതെല്ലാം ചെയ്യാന്‍ ഞാന്‍ മുന്‍കയ്യെടുക്കുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو علمت أن بلالا أو ابن عباس أو أي أحد من الصحابة -رضي الله عنهم- خصوا يوم المولد بأي شيء؛ ديني أو دنيوي.

"ബിലാല്‍ (റ) വോ, ഇബ്നു അബ്ബാസ് (റ) വോ, വേണ്ട സ്വഹാബത്തിലെ  ഏതെങ്കിലും ഒരാള്‍ മൗലിദ് ദിവസമെന്ന പേരില്‍ ആ ദിനത്തെ ഭൗതികമായതോ മതപരമായതോ ആയ എന്തെങ്കിലുമൊരു കാര്യം കൊണ്ട് പ്രത്യേകത കല്പിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



 سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أن الصحابة أشد مني تعظيما ومحبة له -عليه الصلاة والسلام- وأعلم مني بقدره العلي.

"എന്നെക്കാള്‍ നബി (സ) യെ സ്നേഹിക്കുന്നവരും മഹത്വപ്പെടുത്തുന്നവരുമായിരുന്നു അല്ലാഹുവിന്‍റെ റസൂലിന്‍റെ സ്വഹാബത്ത് എന്നും, എന്നെക്കാള്‍ അദ്ദേഹത്തിന്‍റെ ഉന്നതമായ സ്ഥാനത്തെക്കുറിച്ച് അറിവുള്ളവരായിരുന്നു അവരെന്നുമുള്ള തിരിച്ചറിവ് എനിക്കില്ലായിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أحد من التابعين -من آل البيت أو غيرهم- فيه الحض على قراءة المدائح النبوية يوم المولد.

" താബിഉകളില്‍പ്പെട്ട വല്ലവരും - അത് ആലു ബൈത്തില്‍ പെട്ടവരോ അല്ലാത്തവരോ ആകട്ടെ-  അന്നേ ദിവസം മദ്ഹുകള്‍ പാടി മൗലിദ് ആഘോഷിച്ച  വല്ല പ്രമാണവും എനിക്ക് ലഭിക്കുന്ന പക്ഷം അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو ظفرت بكلمة عن واحد من الأئمة الأربعة في الحث على الاحتفال بيوم المولد، أو خبرٍ عن واحد منهم أنه اجتمع ليلته مع مجتمعين؛ فأنشدوا وتمايلوا!

"വേണ്ട നാല് മദ്ഹബിന്‍റെ ഇമാമീങ്ങളില്‍ ഏതെങ്കിലും ഒരാളില്‍ നിന്നും നബിദിനം ആഘോഷിക്കാനുള്ള ഒരു പദമെങ്കിലും ലഭിച്ചാല്‍, വേണ്ട അന്നത്തെ ദിവസം രാത്രി ആളുകളോടൊപ്പം അവരിലേതെങ്കിലും ഒരാള്‍ ഒത്തു ചേര്‍ന്ന് മൗലിദ് പാടിയും ചാഞ്ഞും ചരിഞ്ഞും അതാഘോഷിച്ചു എന്നതിന് തെളിവ് കൊണ്ടുവന്നാല്‍  അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



 سأكون أول من يحتفل بالمولد النبوي لو كنت أعتقد أن هؤلاء الأئمة ومن سبقهم جفاة غلاظ لا يعرفون قدر نبيهم صلى الله عليه وسلم وحرمته ولا رفيع منزلته.

"ഇപ്രകാരം മുന്‍കഴിഞ്ഞുപോയ ആ ഇമാമീങ്ങളും അവരുടെ മുന്‍ഗാമികളുമെല്ലാം അല്ലാഹുവിന്‍റെ റസൂലിന്‍റെ മഹത്വം മനസ്സിലാക്കാത്തവരും, അദ്ദേഹത്തിന്‍റെ സ്ഥാനമോ ശ്രേഷ്ഠതയോ അറിയാത്തവരും, കഠിനഹൃദയരും സ്നേഹാദരവില്ലാത്തവരുമാണ് എന്നതാണ് എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن الأمة لم تكن تعرف كيف تعبر عن حبها لنبيها صلى الله عليه وسلم أكثر من ثلاثمائة عام -من نشأنها-؛ حيث لم يقم خلالها مولد واحد!
  

"ആദ്യ മൂന്ന് നൂറ്റാണ്ടുകളില്‍ ഒരു മൗലിദ് പോലും കഴിക്കാത്തതിനാല്‍ ഈ ഉമ്മത്തിന്‍റെ ഏറ്റവും ആധികാരികമായ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകാലത്ത് ജീവിച്ചവരൊക്കെ, തങ്ങളുടെ റസൂലിനെ എങ്ങനെ സ്നേഹിക്കണമെന്നറിയാതെ പോയവരാണ് എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


 أخيرا .. سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن السبيل الأهدى: ابتداع المتأخرين، لا اتباع الأسلاف الصالحين.

"അവസാനമായി... സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്തുടരുന്നതിനേക്കാള്‍ പിന്‍കാലത്ത് വന്നവരുടെ പുത്തനാചാരങ്ങള്‍ പിന്തുടരലാണ് ഏറ്റവും നല്ലത് എന്നതായിരുന്നു എന്‍റെ വിശ്വാസമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


والحمد لله رب العالمين، وصلى الله وسلم على عبده ورسوله وخليله نبينا محمد، وعلى آله وصحبه أجمعين.
-----------------
നബി (സ) യുടെ ചര്യയില്‍ മരണം വരെ ഉറച്ച് നില്‍ക്കാന്‍ നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ. മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കപ്പെടുന്ന പുത്തൻ ആചാരങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ... 

Saturday, August 31, 2019

മുഹർറം മാസത്തിൻ്റെ പവിത്രതയും നാം അറിയേണ്ട കാര്യങ്ങളും. (നോമ്പ്, നഹ്സ്..etc).



الحمد لله والصلاة والسلام على رسول الله وعلى آله وأصحابه ومن والاه وبعد؛

അല്ലാഹു ഏറെ പവിത്രമാക്കിയ മാസങ്ങളില്‍ പെട്ടതാണ് ഹിജ്റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹര്‍റം മാസം. ആ മാസത്തിന്‍റെ ശ്രേഷ്ഠതയെ സൂചിപ്പിച്ചുകൊണ്ട് വന്ന വചനങ്ങളും അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com

അല്ലാഹു പറയുന്നു: 


إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ക്കേ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട ( യുദ്ധം  വിലക്കപ്പെട്ട) മാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല്‌ ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌." - [തൗബ: 36].

ഇവിടെ പന്ത്രണ്ടു മാസങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞ ശേഷം അതില്‍ നാലെണ്ണം പ്രത്യേകം പവിത്രമാണ് എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഏത് മാസത്തിലായാലും തെറ്റുകള്‍ ചെയ്യരുത് എന്നത് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെങ്കിലും ഈ നാല് മാസങ്ങളില്‍ നിങ്ങള്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പറഞ്ഞത് ഈ മാസങ്ങളില്‍ പാപഗൗരവം വര്‍ധിക്കുമെന്നത് നമ്മെ പഠിപ്പിക്കുന്നു.

عن ابن عباس في قوله تعالى : ( فلا تظلموا فيهن أنفسكم ) في كلهن ثم اختص من ذلك أربعة أشهر فجعلهن حراما وعظّم حرماتهن وجعل الذنب فيهن أعظم والعمل الصالح والأجر أعظم

"അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്" എന്ന അല്ലാഹുവിന്‍റെ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ് (റ) പറയുന്നു: "എല്ലാ മാസങ്ങളിലും അപ്രകാരം തന്നെ. എന്നാല്‍ ആ നാല് മാസങ്ങളെ പ്രത്യേകമായി എടുത്ത് പറയുകവഴി അവയെ പവിത്രമാക്കുകയും അവയുടെ പവിത്രതയെ അങ്ങേയറ്റം മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ അവയില്‍ അനുഷ്ടിക്കപ്പെടുന്ന പാപം കൂടുതല്‍ ഗൗരവപരമായതും, അവയില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളും അതിന് ലഭിക്കുന്ന പ്രതിഫലവും കൂടുതല്‍ ശ്രേഷ്ഠവുമാണ്."

അതുപോലെ ഖതാദ (റ) പറയുന്നു:

إن الله اصطفى صفايا من خلقه : اصطفى من الملائكة رسلا ومن الناس رسلا واصطفى من الكلام ذكره واصطفى من الأرض المساجد واصطفى من الشهور رمضان والأشهر الحرم واصطفى من الأيام يوم الجمعة واصطفى من الليالي ليلة القدر فعظموا ما عظّم الله . فإنما تُعَظّم الأمور بما عظمها الله به عند أهل الفهم وأهل العقل

"അല്ലാഹു അവന്‍റെ സൃഷ്ടികളില്‍ നിന്നും ചിലതിനെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. മലക്കുകളില്‍ നിന്നും ചിലരെ ദൂതന്മാരായും (റുസുല്‍), മനുഷ്യരില്‍നിന്നും ചിലരെ മുര്‍സലീങ്ങളായും, വചനങ്ങളില്‍ വെച്ച് അവന്‍റെ ഗ്രന്ഥത്തെയും, സ്ഥലങ്ങളില്‍ വെച്ച് പള്ളികളെയും, മാസങ്ങളില്‍ വെച്ച് റമളാനെയും പവിത്രമാക്കപ്പെട്ട നാല് മാസങ്ങളെയും, ദിവസങ്ങളില്‍ വെച്ച് ജുമുഅ ദിവസത്തെയും, രാവുകളില്‍ വെച്ച് ലൈലതുല്‍ ഖദറിനെയും അവന്‍ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് അല്ലാഹു മഹത്വപ്പെടുത്തിയവയെ നിങ്ങളും മഹത്വപ്പെടുത്തുക. ബുദ്ധിയും വിവേകവും ഉള്ളവരുടെ പക്കല്‍ അല്ലാഹു ഏതൊന്നിനെ മഹത്വവല്‍ക്കരിച്ചുവോ  അതിനെ ആസ്പദമാക്കിയാണ് ഏതൊന്നും മഹത്വവല്‍ക്കരിക്കപ്പെടുന്നത്" - [ഇബ്നു കസീര്‍, തൗബ:36].

മുഹര്‍റം മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുക: 

സമയബന്ധിതമല്ലാതെ നിരുപാധികം നിര്‍വഹിക്കപ്പെടുന്ന സുന്നത്ത് നോമ്പുകള്‍ ഏറ്റവും അനുയോജ്യവും ഏറ്റവും ശ്രേഷ്ഠകരവുമായ മാസമാണ് മുഹര്‍റം. റസൂല്‍ (സ) പറയുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ 

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "റമളാന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ശ്രേഷ്ഠകരമായ നോമ്പ് അല്ലാഹുവിന്‍റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്." - [സ്വഹീഹ് മുസ്‌ലിം: 1982].

ഈ ഹദീസില്‍ നിന്നും മുഹര്‍റം മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുന്നതിന് പ്രത്യേകം പുണ്യമുണ്ട് എന്ന് മനസ്സിലാക്കാം. മാത്രമല്ല നബി (സ) 'അല്ലാഹുവിന്‍റെ മാസം' എന്ന് മുഹര്‍റം മാസത്തെ പ്രത്യേകം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞതായിക്കാണാം. ഇതിന് അറബി ഭാഷയില്‍ (إضافة تشريف وتعظيم) 'മഹത്വവല്‍ക്കരിക്കാനും ആദരിക്കുവാനും വേണ്ടിയുള്ള ചേര്‍ത്തിപ്പറയല്‍' എന്നാണ് പറയുക. بيت الله അല്ലാഹുവിന്‍റെ ഭവനം, ناقة الله അല്ലാഹുവിന്‍റെ ഒട്ടകം എന്നിങ്ങനെയെല്ലാം പ്രയോഗിക്കപ്പെട്ടത് പോലെത്തന്നെ.  അതുകൊണ്ട് നാം മുഹര്‍റം മാസത്തെ നന്മകള്‍ ചെയ്തും തിന്മകളില്‍ നിന്നും വിട്ടുനിന്നും ആദരിക്കുക.

മുഹര്‍റം മാസത്തില്‍ സമയബന്ധിതമായ സുന്നത്ത് നോമ്പുമുണ്ട്. താസൂആഉം ആശൂറാഉം (ഒന്‍പതും പത്തും) :

നബി (സ) പറഞ്ഞു: 


صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "

"അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു." - [സ്വഹീഹ് മുസ്‌ലിം: 1162].

അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 



عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . " 


ഇബ്നു അബ്ബാസ് (റ)  പറഞ്ഞു: "അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ, അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം." - [സ്വഹീഹുല്‍ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാള്‍ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു.

ജൂതന്മാരില്‍ നിന്നും നസാറാക്കളില്‍ നിന്നും വ്യത്യസ്ഥരാകാന്‍  ആശൂറാഇനൊപ്പം താസൂആഅ് കൂടി നോല്‍ക്കുക. ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: 

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.



ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "ഇന്‍ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു. - [സ്വഹീഹ് മുസ്‌ലിം: 1916].  അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂതന്മാരില്‍ നിന്നും നസാറാക്കളില്‍  നിന്നും ആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസികള്‍ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്.

ആശൂറാഅ് നോമ്പിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/10/blog-post_16.html .

മുഹര്‍റം മാസത്തെ അനാദരിക്കുന്ന അനാചാരങ്ങള്‍:  

മുഹര്‍റം മാസത്തെ മോശപ്പെട്ട മാസമായും, നഹ്സിന്‍റെ മാസമായുമൊക്കെ കാണുന്നവര്‍ അല്ലാഹു ആദരിച്ച മാസത്തെ അനാദരിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകുന്ന നന്മകളെയും പ്രയാസങ്ങളെയും കാലത്തിലേക്ക് ചേര്‍ത്ത് പറയുകയും ശകുനം കണക്കാക്കുകയും ചെയ്തിരുന്നത് ജാഹിലിയാ കാലത്തെ വിശ്വാസമായിരുന്നു. ഇന്ന് ശിയാക്കളും, ഖബറാരാധകരായ സൂഫികളുമാണ് ഈ വിശ്വാസം വെച്ചു പുലര്‍ത്തുന്നത്. ഏറ്റവും പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ ഒന്നായി അല്ലാഹു മുഹര്‍റം മാസത്തെ പഠിപ്പിക്കുമ്പോള്‍ ഇവര്‍ അശുഭകരമായ മാസമായും നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമല്ലാത്ത മാസമായും മുഹര്‍റം മാസത്തെ കണക്കാക്കുന്നു. എത്ര നീചകരമായ പ്രവര്‍ത്തിയാണിത്‌. പുരോഹിതന്മാരുടെ വാക്കുകള്‍ കേട്ട് തെറ്റിദ്ധരിച്ചുപോയ അനേകം സാധാരണക്കാരെക്കാണാം അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ. 

കാലത്തെ പഴിക്കുകയെന്നത് ശറഇല്‍ വിലക്കപ്പെട്ടതാണ്‌ ഖുദ്സിയായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ أَبِي هُرَيْرَةَ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ اللَّهُ تَعَالَى يُؤْذِينِي ابْنُ آدَمَ يَسُبُّ الدَّهْرَ وَأَنَا الدَّهْرُ بِيَدِي الْأَمْرُ أُقَلِّبُ اللَّيْلَ وَالنَّهَارَ

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "അല്ലാഹു തആല പറഞ്ഞു: "കാലത്തെ പഴിക്കുന്നത്തിലൂടെ ആദം സന്തതി എന്നെ ഉപദ്രവിക്കുന്നു. ഞാനാകുന്നു കാലം. എന്‍റെ കയ്യിലാണ് നിയന്ത്രണം. ഞാന്‍ രാവും പകലും മാറ്റിമറിക്കുന്നു." - [സ്വഹീഹുല്‍ ബുഖാരി: 7491, സ്വഹീഹ് മുസ്‌ലിം: 6000].

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ബഗവി പറയുന്നു:

إن العرب كان من شأنها ذمّ الدّهر وسبّه عند النوازل؛ لأنهم كانوا ينسبون إليه ما يصيبهم من المصائب والمكاره، فيقولون: أصابتهم قوارع الدّهر، وأبادهم الدّهر، فإذا أضافوا إلى الدّهر ما نالهم من الشّدائد سبّوا فاعلها

"തങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാലത്തെ കുറ്റപ്പെടുത്തുക എന്നത് അറബികളുടെ രീതിയായിരുന്നു. കാരണം തങ്ങള്‍ക്ക് ബാധിക്കുന്ന ദുരനുഭവങ്ങളും പ്രയാസങ്ങളും  അവര്‍ കാലത്തിലേക്ക് ചേര്‍ത്തിയാണ് പറഞ്ഞിരുന്നത്. 'അവരെ  കാലത്തിന്‍റെ ഭയാനത പിടികൂടി, അവരെ കാലം തുടച്ചു നീക്കി' എന്നെല്ലാം അവര്‍ പറയുമായിരുന്നു. തങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളെ കാലത്തിലേക്ക് ചേര്‍ത്ത് പറയുകവഴി അവയെല്ലാം  നിയന്ത്രിക്കുന്നവനെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്."  - [ശറഹുസ്സുന്ന].

അതുകൊണ്ട് അവന്‍റെ സമയം മോശമായിരുന്നു. ഇപ്പോള്‍ സമയം മോശമാണ്. കറുത്ത പൂച്ച കുറുകെച്ചാടിയാള്‍ ദുശകുനമാണ്. ഇന്ന് ശകുനപ്പിഴയാണ് തുടങ്ങിയ വിശ്വാസങ്ങള്‍ ഒരിക്കലും ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല. തന്‍റെ പ്രതീക്ഷ നന്നാക്കുകയും, അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

അല്ലാഹു പറയുന്നു:
أَيْنَمَا تَكُونُوا يُدْرِكْكُمُ الْمَوْتُ وَلَوْ كُنْتُمْ فِي بُرُوجٍ مُشَيَّدَةٍ وَإِنْ تُصِبْهُمْ حَسَنَةٌ يَقُولُوا هَذِهِ مِنْ عِنْدِ اللَّهِ وَإِنْ تُصِبْهُمْ سَيِّئَةٌ يَقُولُوا هَذِهِ مِنْ عِنْدِكَ قُلْ كُلٌّ مِنْ عِنْدِ اللَّهِ فَمَالِ هَؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا (78) مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا وَكَفَى بِاللَّهِ شَهِيدًا (79)

"നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ,) അവര്‍ക്ക്‌ വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണ്‌ എന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണ്‌ എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്ക്‌ എന്ത്‌ പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. നന്‍മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌. ( നബിയേ, ) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ്‌ നിയോഗിച്ചിരിക്കുന്നത്‌.( അതിന്‌ ) സാക്ഷിയായി അല്ലാഹു മതി." - [നിസാഅ്: 78-79].  

നന്മയാകട്ടെ തിന്മയാകട്ടെ ഒരാള്‍ക്ക് സംഭവിക്കാനിരിക്കുന്നതെന്തും അല്ലാഹും രേഖപ്പെടുത്തി വച്ചിരിക്കുന്നു:

مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ

"ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു." - [ഹദീദ്:22]. 

മാത്രമല്ല ഒരാള്‍ക്ക് തന്‍റെ ഭൗതിക ജീവിതത്തില്‍ സംഭവിക്കുന്ന പ്രയാസങ്ങള്‍ ഒന്നുകില്‍ അയാള്‍ക്കുള്ള പരീക്ഷണമോ അതല്ലെങ്കില്‍ അയാളുടെ പ്രവര്‍ത്തനഫലമായി ലഭിച്ച ശിക്ഷയോ ആകാം ഇത് രണ്ടും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ക്ഷമിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ഇസ്തിഗ്ഫാറിനെ ചോദിക്കുകയുമാണ് ഒരു വിശ്വാസി അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടത്:

പരീക്ഷിക്കപ്പെടുമെന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ (155) الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (156)

"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും." - [അല്‍ബഖറ: 155 -156]. 

ശിക്ഷയെപ്പറ്റിയും അവന്‍ നമ്മെ താക്കീത് നല്‍കുന്നു:

وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ

"നിങ്ങള്‍ക്ക്‌ ഏതൊരു ആപത്ത്‌ ബാധിച്ചിട്ടുണ്ടെങ്കിലും അത്‌ നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു." - [ശൂറാ :30]. 

അതുകൊണ്ട് കാലത്തെ പഴിക്കുന്ന വികല വിശ്വാസങ്ങളില്‍ നിന്നും നാം വിട്ടുനില്‍ക്കുക. മാത്രമല്ല അല്ലാഹു പവിത്രമാക്കിയ മാസങ്ങളെ വികൃതമാക്കി ചിത്രീകരിക്കുകയും മറ്റു മാസങ്ങളെ സ്വന്തം നിലക്ക് പവിത്രത കല്പിച്ച് ഇല്ലാത്ത ശ്രേഷ്ഠത നല്‍കി മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതും ജാഹിലിയാ പ്രവണതകളില്‍പ്പെട്ടത് തന്നെ.

അല്ലാഹു പറയുന്നു:

إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ 

"വിലക്കപ്പെട്ടമാസം പുറകോട്ട്‌ മാറ്റുക എന്നത്‌ സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ്‌ തന്നെയാകുന്നു. സത്യനിഷേധികള്‍ അത്‌ മൂലം തെറ്റിലേക്ക്‌ നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത്‌ അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ ( മാസത്തിന്‍റെ ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്‌, അല്ലാഹു നിഷിദ്ധമാക്കിയത്‌ ഏതോ അത്‌ അനുവദനീയമാക്കുവാനും വേണ്ടിയാണ്‌ അവരങ്ങനെ ചെയ്യുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല." - [തൗബ:37].

ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു:

هذا مما ذم الله تعالى به المشركين من تصرفهم في شرع الله بآرائهم الفاسدة، وتغييرهم أحكام الله بأهوائهم الباردة، وتحليلهم ما حرم الله وتحريمهم ما أحل الله

"തങ്ങളുടെ പിഴച്ച ചിന്തകള്‍ കൊണ്ട് അല്ലാഹുവിന്‍റെ ശറഇല്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാക്കുകയും, അല്ലാഹുവിന്‍റെ നിയമങ്ങളെ തങ്ങളുടെ ഇച്ചകള്‍ക്കനുസരിച്ച് മാറ്റിത്തിരുത്തുകയും, അല്ലാഹു (യുദ്ധം നിഷിദ്ധമാക്കുക വഴി) പവിത്രമാക്കിയ മാസത്തെ യുദ്ധം അനുവദനീയമാക്കുകയും, അല്ലാഹു അനുവദിച്ച  മാസത്തെ നിഷിദ്ധമാക്കുകയും ചെയ്യുന്ന മുശ്'രിക്കീങ്ങളുടെ പ്രവണതയെയാണ് അല്ലാഹു ഇവിടെ ഇകഴ്ത്തിയിരിക്കുന്നത്." - [ഇബ്നു കസീര്‍: തൗബ: 37].

അവര്‍ തങ്ങള്‍ക്ക് യുദ്ധം നിഷിധമാക്കുക വഴി പവിത്രമാക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യാന്‍ വേണ്ടി അതിലെ വിലക്ക് സ്വയം നീക്കുകയും പകരം മറ്റൊരു മാസത്തെ പവിത്രമാക്കി കണക്കാക്കുകയും ചെയ്തിരുന്നു. ഇതിനോട് സാമ്യമുള്ള പ്രവര്‍ത്തികളാണ് ചില പുരോഹിതന്മാര്‍ ഇന്ന് പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ചെയ്യിപ്പിക്കുന്നത്. പാപങ്ങള്‍ കൂടുതല്‍ ഗൌരവപരവും, നന്മകള്‍ കൂടുതല്‍ പ്രതിഫലാര്‍ഹവുമായ, അല്ലാഹുവിന്‍റെ മാസമെന്ന വിശേഷണമുള്ള മുഹര്‍റം മാസത്തെ മോശമായ ഒന്നിനും കൊള്ളാത്ത നഹ്സിന്‍റെ മാസമായും, പ്രത്യേകമായ ശ്രേഷ്ഠതകള്‍ പഠിപ്പിക്കപ്പെട്ടിട്ടില്ലാത്ത ശറഇന്‍റെ നിയമങ്ങളില്‍ മറ്റേത് മാസങ്ങളേയും പോലെ സ്ഥാനമുള്ള റബീഉല്‍ അവ്വലിനെ ഏറ്റവും പരിശുദ്ധവും പവിത്രവുമായ മാസമായും കണക്കാക്കുന്ന ഇവരുടെ രീതി ഇസ്ലാമിന് അന്യമാണ് എന്ന് മാത്രമല്ല അതിന് ആയത്തില്‍ പരാമര്‍ശവിധേയമായ 'നസീഅ്' എന്ന അവിശ്വാസികളുടെ പ്രവര്‍ത്തിയോട് സാമ്യമേറെയാണ്താനും. ശരീരത്തില്‍ മുറിവേല്‍പിച്ചുകൊണ്ടും രക്തം ചിന്തിയും ഈ മാസത്തെ അനാദരിക്കുന്ന ശിയാ വിശ്വാസങ്ങളും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. അവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല കണിശമായ ഭാഷയില്‍ എതിര്‍ക്കപ്പെട്ടവയാണ്താനും. 

ഇത്തരം വികല വിശ്വാസങ്ങളില്‍ നിന്നും അവയുടെ പ്രചാരകരില്‍ നിന്നും  അല്ലാഹു നമ്മെയും, ഈ ഉമ്മത്തിനെയും കാത്തുരക്ഷിക്കട്ടെ..... അല്ലാഹു അനുഗ്രഹിക്കട്ടെ .........

_______ 

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്‌ പി. എൻ