Tuesday, May 11, 2021

ജ്വല്ലറിക്കാരും അതിൽ നിക്ഷേപിച്ചവരും എങ്ങനെയാണ് സകാത്ത് കൊടുക്കേണ്ടത് ?

ചോദ്യം: ജ്വല്ലറിക്കാരും അതിൽ നിക്ഷേപിച്ചവരും എങ്ങനെയാണ് സകാത്ത് കൊടുക്കേണ്ടത്? 

wwww.fiqhussunna.com

ഉത്തരം:

  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛ 

 ജ്വല്ലറിക്കാരൻ തന്റെ കടയിലെ മൊത്തം സ്വർണ്ണാഭരണങ്ങളുടെ വിപണനമൂല്യം, കടയുടെ കൈവശമുള്ള ധനം എന്നിവ കണക്കാക്കി 2.5% സകാത്ത് കൊടുക്കണം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ജ്വല്ലറിക്കാരുടെ കൈവശമുള്ള സ്വർണ്ണം വെറും സ്വർണ്ണത്തിന്റെ തൂക്കം അനുസരിച്ചല്ല അതിന്റെ സകാത്ത് നൽകുന്നത്.  മറിച്ച് അത് കച്ചവട വസ്തു ആയതുകൊണ്ടുതന്നെ അതിന്റെ വിപണന മൂല്യം ആണ് കണക്കാക്കേണ്ടത്. അഥവാ ആ ആഭരണങ്ങൾ വിൽക്കുന്ന ആവറേജ് വില എത്രയാണോ അതാണ്‌ കണക്കുകൂട്ടേണ്ടത്. കൂടെ അവരുടെ കൈവശമുള്ള പണവും കണക്കുകൂട്ടി ആകെ ലഭിക്കുന്ന തുകയുടെ 2.5% സകാത്തായി നൽകണം.

അവർ കണക്കാക്കി കൊടുക്കുന്നില്ലെങ്കിൽ നിക്ഷേപിച്ചവർ തങ്ങളുടെ ഷെയറിന്റെ അനുപാതമനുസരിച്ച് ബാധ്യതയായി വരുന്ന സകാത്ത് കണക്കാക്കി കൊടുക്കണം.

അല്ലാഹു അനുഗ്രഹിക്കട്ടെ...


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് P.N

Sunday, May 9, 2021

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

 ചോദ്യം: ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.


www.fiqhussunna.com


ഉത്തരം:


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛


ഫിത്വർ സകാത്ത്  ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് നബി (സ) ചര്യ.


عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب


അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: " പ്രവാചകൻ്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് " - [ബുഖാരി, മുസ്‌ലിം]. 

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ (റ) പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി (സ) യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ (സ) ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ (റ) യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു.  

ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 


ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ്  പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും. ഇതോടൊപ്പം സാന്ദർഭികമായി പറയാനുള്ളത് ലോക്ക് ഡൗൺ കാരണത്താലോ മറ്റോ ഭക്ഷണമായി പാവപ്പെട്ടവർക്ക് ഒരുനിലക്കും എത്തിച്ചു നൽകാൻ സാധിക്കാതെ വരുന്ന ഒരു സാഹചര്യമുണ്ടായാൽ അവിടെ പണമായി നൽകുകയോ, അതല്ലെങ്കിൽ പാവപ്പെട്ടവരെ വിളിച്ച് കാര്യം പറയുകയും ശേഷം സൗകര്യപ്പെടുമ്പോൾ അതവർക്ക് എത്തിച്ചുകൊടുക്കുകയോ ചെയ്യാം. കാരണം അതൊരു നിർബന്ധിത സാഹചര്യമാണല്ലോ.

അതുപോലെ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.  പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ  പണം എല്പിക്കുന്നതില്‍ തെറ്റില്ല. 

റസൂലിന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040  കിലോ ഗ്രാം  ആണ്  തൂക്കം  എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ  الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്താണ് നിര്‍വഹിക്കേണ്ടത് എന്ന് മാത്രം. 

അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ (സ) പറഞ്ഞു: " നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്" - അബൂ ദാവൂദ്. 

അല്ലാഹു അനുഗ്രഹിക്കട്ടെ ..
____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Thursday, May 6, 2021

ലോക്ക് ഡൗൺ കാരണം ഫിത്വർ സകാത്ത് നേരത്തെ വിതരണം ചെയ്യാമോ?


ചോദ്യം: ലോക്ക് ഡൗൺ കാരണം ഫിത്വർ സകാത്ത് നേരത്തെ വിതരണം ചെയ്യാമോ?

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അതെ ചെയ്യാം. പെരുന്നാൾ നമസ്കാരത്തിന് മുൻപായി വിതരണം ചെയ്യേണ്ടതുള്ളതുകൊണ്ട് ലോക്ക് ഡൗൺ കാരണം വിതരണം തടസ്സപ്പെടുമെന്ന് ഭയപ്പെട്ടാൽ നേരത്തെ തന്നെ ഫിത്വർ സകാത്ത് വിതരണം ചെയ്യാം. ഈ വിഷയത്തിൽ കൂടുതൽ മനസ്സിലാക്കാൻ ഈ ലേഖനം വായിക്കുക : [https://www.fiqhussunna.com/2020/05/blog-post_44.html ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഫിത്വർ സകാത്ത് എങ്ങനെ നൽകും ? ]. 

അല്ലാഹു അനുഗ്രഹിക്കട്ടെ .. 
__________________

 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Tuesday, May 4, 2021

പലിശക്കടം, ലോൺ ഉള്ള ആൾക്ക് സകാത്തിൽ നിന്നും കൊടുക്കാമോ ?.


ചോദ്യം: ഒരാൾക്ക് ബേങ്കിൽ നിന്നും പലിശക്ക് ലോണെടുത്ത് കടമുണ്ട്. അയാൾക്ക് ആ കടം വീട്ടാൻ സകാത്തിൽ നിന്നും കൊടുക്കാമോ ? 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

പലിശ എന്നത് വളരേയധികം ഗൗരവമുള്ള കാര്യമാണ്. അല്ലാഹുവിനോടും റസൂലിനോടും യുദ്ധം ചെയ്യുന്നതിന് സമാനമായ അതി ഗൗരവമുള്ള പാപമായി വിശുദ്ധ ഖുർആൻ അതിനെ കണക്കാക്കുന്നു.

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന  പലിശയില്‍ നിന്നും  പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279].


പലിശ ഏഴ് വൻപാപങ്ങളിൽ ഒന്നാണ്. മാത്രമല്ല പലിശയുമായി ബന്ധപ്പെടുന്നവരെ അല്ലാഹുവിൻ്റെ റസൂൽ ശപിക്കുകയും അവരെല്ലാം പാപത്തിൽ തുല്യരാണെന്ന് പഠിപ്പിച്ചിട്ടുമുണ്ട്: 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം].

അതുകൊണ്ടുതന്നെ ഒരു വിശ്വാസി ഒരിക്കലും പലിശയുമായി ബന്ധപ്പെടരുത്. ഇനി അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ തന്നെ ഇനിയൊരിക്കലും ചെയ്യുകയില്ലെന്ന് ദൃഢനിശ്ചയമെടുക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചുകൊണ്ട് ഖേദിച്ച് മടങ്ങുകയും ചെയ്യണം. പലിശയുടെ ഗൗരവം നേരത്തെ എഴുതിയ ഈ ലേഖനത്തിൽ വായിക്കാം [https://www.fiqhussunna.com/2013/04/blog-post_25.html]

ഇനി ചോദിച്ച വിഷയത്തിലേക്ക് വരാം. ഒരാൾക്ക് പലിശയിൽ അധിഷ്ഠിതമായ കടമുണ്ടെങ്കിൽ അത് വീട്ടാൻ സകാത്തിൽ നിന്നും കൊടുക്കാമോ എന്നുള്ളതാണ് ഇവിടെ ചോദിക്കപ്പെട്ടിട്ടുള്ളത്. അയാൾ ആ കാര്യത്തിൽ തൗബ ചെയ്ത് മടങ്ങുകയും ഖേദിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാലല്ലാതെ അയാൾക്ക് സകാത്തിൽ നിന്നോ, ആ കടം വീട്ടാനുള്ള മറ്റുള്ള നിലക്കുള്ള സഹായങ്ങളോ ഒന്നും തന്നെ നൽകാവതല്ല. കാരണം പലിശക്ക് കടമെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ പാപത്തിന് സഹായമാകാനുമുള്ളതല്ല സകാത്ത്. പലിശയുമായി ബന്ധപ്പെടാത്ത വളരെ പ്രയാസപ്പെടുന്ന അനേകം അവകാശികളെ നമുക്കും ചുറ്റും കാണാം. പലിശയുമായി ബന്ധപ്പെടുന്നവർ ദുരിതമനുഭവിക്കും എന്ന് റബ്ബ് പറഞ്ഞിരിക്കെ പിന്നെ അതിൽ നിന്നും ഖേദിച്ച് മടങ്ങിയിട്ടില്ലാത്ത ആളുകളെ ഒരർത്ഥത്തിലും സഹായിക്കാൻ പാടില്ല. 

എന്നാൽ ഒരാൾ ബുദ്ധിമോശം കൊണ്ട് അപ്രകാരം ചെയ്ത് പോകുകയും അതിൽ ഖേദിച്ച് മടങ്ങുകയും, അതിൽ ഖേദിച്ച് മടങ്ങിയ വ്യക്തിയാണ് എന്ന് നമുക്ക് പ്രത്യക്ഷത്തിൽ  ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട് എങ്കിൽ അയാളുടെ ബാധ്യതകൾ തീർക്കാൻ അയാൾക്ക് മറ്റു മാർഗങ്ങൾ ഇല്ലാത്ത പക്ഷം അയാളെ നമുക്ക് സകാത്തിൽ നിന്നും സഹായിക്കാം. 

ഈ വിഷയത്തെക്കുറിച്ച് ശൈഖ് ഇബ്നു ഉസൈമീൻ (റ) ഇപ്രകാരം മറുപടി നൽകിയത് കാണാം:

 " مسألة : من غرم في محرم ، هل نعطيه من الزكاة ؟، الجواب : إن تاب أعطيناه ، وإلا لم نعطه ، لأن هذا إعانة على المحرم ، ولذلك لو أعطيناه استدان مرة أخرى" 

"ഒരാൾ ഹറാമായ കാര്യത്തിൽ കടക്കാരനായാൽ, അയാൾക്ക് നാം  സകാത്തിൽ നിന്നും നൽകാമോ ?. ഇതിൻ്റെ മറുപടി : അയാൾ തൗബ ചെയ്‌താൽ മാത്രം നൽകാം എന്നതാണ്. തൗബ ചെയ്തില്ലയെങ്കിൽ നാം നൽകുകയില്ല. കാരണം അത് ഹറാമിനുള്ള സഹായമായിത്തീരും. നാം അയാൾക്ക് നൽകിയാൽ അയാൾ വീണ്ടും അത്തരം കടങ്ങളെടുക്കും"  - [الشرح الممتع : 6/ 235].

അതുകൊണ്ടുതന്നെ ഹറാമായ കാര്യങ്ങളുടെ പേരിൽ ഒരാൾ കടക്കാരനായാൽ ആ കടം വീട്ടാൻ നാം സകാത്തിൽ നിന്നും നൽകുകയില്ല. അയാൾ തൗബ ചെയ്തു എന്ന് വ്യക്തമായ ബോധ്യം ഉണ്ടെങ്കിലല്ലാതെ. അതുപോലെത്തന്നെ കടക്കാരൻ എന്ന നിലക്ക് ഒരാൾക്ക് സകാത്തിൽ നിന്നും നൽകുമ്പോൾ പാലിക്കേണ്ട പൊതുനിയമമാണ്, കടക്കാരനായ ആൾക്ക് സ്വന്തമായി കടം വീട്ടാൻ കഴിയാത്ത സാഹചര്യത്തിലേ അയാൾ സകാത്തിൽ നിന്നും അർഹനാകൂ. അഥവാ അയാളുടെ പ്രാഥമിക ആവശ്യങ്ങൾ കഴിച്ച് കടം വീട്ടാൻ ആവശ്യമായ പണമോ സ്വത്തോ കൈവശം ഉണ്ട് എങ്കിൽ അയാൾക്ക് സകാത്തിന് അർഹരാകുകയില്ല. 

ഈയടുത്ത് ഒരു സഹോദരൻ പറഞ്ഞ അനുഭവം, ഒരു സ്ത്രീ കടബാധ്യത സൂചിപ്പിച്ച് സകാത്തിനായി സമീപിച്ചു. ആ സ്ത്രീക്ക് താമസിക്കുന്ന വീടും സ്ഥലവും കൂടാതെ നല്ല വില ലഭിക്കുന്ന ഒരു പ്ലോട്ട് ഉണ്ട് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് സൂചിപ്പിച്ചപ്പോൾ എൻ്റെ സ്വത്ത് വിറ്റ് കടം വീട്ടാൻ നിങ്ങൾ പറഞ്ഞു തരണോ എന്നാണു ആ സ്ത്രീ പ്രതികരിച്ചത്. അവരുടെ വീടും സ്ഥലവും പ്രാഥമികമായ ആവശ്യമാണ് എന്ന് കണക്കാക്കാം. എന്നാൽ അതിൽ കൂടുതലുള്ള സ്ഥലം കടം വീട്ടാൻ അവർക്ക് വിൽക്കാമല്ലോ. ഇവിടെ അവർ സകാത്തിന് അർഹയല്ല. ഇങ്ങനെ സ്വന്തമായി തൻ്റെ കടങ്ങൾ തീർക്കാൻ സാധിക്കുമായിരുന്നിട്ടും അത് ചെയ്യാതെ സകാത്ത് ആവശ്യപ്പെടുന്നവരും സമൂഹത്തിലുണ്ട്. അവർ അർഹരല്ല. സ്വന്തമായി കടം വീട്ടാൻ പരിശ്രമിക്കുകയും അതിന് കഴിയാതിരിക്കുകയും ചെയ്യുന്ന വ്യക്തിക്കേ കടക്കാരൻ എന്ന അർത്ഥത്തിൽ സകാത്തിന് അർഹനാകുന്നുള്ളൂ. അയാൾക്ക് സകാത്തിനത്തിൽ നൽകപ്പെടുന്ന തുകയാകട്ടെ കടം വീട്ടാൻ വേണ്ടി തന്നെ വിനിയോഗിക്കപ്പെടുകയും വേണം. 

അല്ലാഹു അനുഗ്രഹിക്കട്ടെ ... 


അബ്‌ദുറഹ്‌മാൻ അബ്‌ദുല്ലത്തീഫ്‌ പി. എൻ