Thursday, November 27, 2014

ശുക്റിന്‍റെ സുജൂദ്, രൂപവും പ്രാര്‍ത്ഥനയും.



 الحمد لله و الصلاة والسلام على اشرف خلق الله، وعلى آله و صحبه ومن والاه، وبعد؛


ഒരു സത്യവിശ്വാസിക്ക്   ജീവിതത്തില്‍ പ്രയാസം നീങ്ങിയതിനാലോ, ഐശ്വര്യം കൈവന്നതിനാലോ ആവട്ടെ, സന്തോഷമുണ്ടാകുമ്പോഴെല്ലാം ശുക്റിന്റെ സുജൂദ് ചെയ്യല്‍ പുണ്യകരവും നബി ചര്യയില്‍ പെട്ടതുമാണ്. അതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ടു വന്ന ഹദീസുകളില്‍ ചിലത് ഇവിടെ ഉദ്ദരിക്കാം: 

عن أبي بكرة رضي الله عنه : ( أن النبي صلى الله عليه وسلم  كان إذا أتاه أمر يسره وبشر به خر ساجدا شكرا لله تعالى ) - رواه الخمسة إلا النسائي - وحسنه الألباني.

അബീ ബക്റ (റ) വില്‍ നിന്നും നിവേദനം: " പ്രവാചകന്‍ (ﷺ)  അദ്ദേഹത്തിന് സന്തോഷമുള്ള വല്ല വാര്‍ത്തയും സംഭവിക്കുകയോ അറിയിക്കപ്പെടുകയോ ചെയ്‌താല്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദില്‍ വീഴാറുണ്ടായിരുന്നു ". - [ഇമാം അഹ്മദ്, ഇമാം അബൂ ദാവൂദ്, ഇമാം ഇബ്നു മാജ, ഇമാം തിര്‍മിദി എന്നീ നാല് ഇമാമീങ്ങളും ഉദ്ദരിച്ച ഹദീസാണിത്. ശൈഖ് അല്‍ബാനി ഹസനായി രേഖപ്പെടുത്തിയിട്ടുമുണ്ട്]. 

عن عبد الرحمن بن عوف قال : خرج النبي صلى الله عليه وسلم فتوجه نحو صدقته فدخل واستقبل القبلة فخر ساجدا فأطال السجود ثم رفـــع رأسه وقال : ( إن جبريل أتاني فبشرني ، فقال : إن الله عز وجل يقول لك : من صلى عليك صليت عليه ، ومن سلم عليك سلمت عليه ، فسجدت لله شكرا ) رواه أحمد - وحسنه شعيب الأرنؤوط.

 അതുപോലെ അബ്ദു റഹ്മാന്‍ ബിന്‍ ഔഫ്‌ (റ) പറയുന്നു: ഒരിക്കല്‍ റസൂല്‍ (ﷺ) തന്‍റെ വീട്ടില്‍ നിന്നും പുറത്ത് വരികയും സ്വദഖ സൂക്ഷിക്കുന്ന ഭാഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നിട്ട് ഖിബ്'ലയെ മുന്‍നിര്‍ത്തി അദ്ദേഹം സുജൂദില്‍ വീണു. വളരെയധികം നേരം അദ്ദേഹം സുജൂദില്‍ തുടര്‍ന്നു. ശേഷം അദ്ദേഹം തന്‍റെ തലയുയര്‍ത്തി. എന്നിട്ടിപ്രകാരം പറഞ്ഞു: "ജിബ്‌രീല്‍ (അ) എന്‍റെ അരികില്‍ വരികയും എനിക്കൊരു സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു: " പരിശുദ്ധനും പരമോന്നതനുമായ അല്ലാഹു താങ്കളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ആരെങ്കിലും താങ്കളുടെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ ഞാനും അവന്‍റെ മേല്‍ സ്വലാത്ത് ചൊല്ലും. ആരെങ്കിലും താങ്കളുടെ മേല്‍ സലാം പറഞ്ഞാല്‍ ഞാനും അവന്‍റെ മേല്‍ സലാം പറയും". അത് കേട്ടപ്പോഴാണ് ഞാന്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദ് ചെയ്തത്". - [ഇമാം അഹ്മദ് ഉദ്ദരിച്ചത്. ശുഐബ് അല്‍ അര്‍നഊത്ത് ഹസനായി രേഖപ്പെടുത്തിയ ഹദീസ്]. 
  
[അല്ലാഹു അവന്‍റെ മേല്‍ സ്വലാത്ത് ചൊല്ലും എന്നതിന്‍റെ വിവക്ഷ അവനെ സംബന്ധിച്ച് അല്ലാഹുവിന്‍റെ സന്നിധിയില്‍ ഉള്ളവരോട് പുകഴ്ത്തിപ്പറയും എന്നതാണ്. ഇപ്രകാരമാണ് സലഫുസ്സ്വാലിഹീങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. അതുപോലെ അല്ലാഹുവിന്‍റെ കാരുണ്യത്തിനും അനുഗ്രഹത്തിനും സ്വലാത്ത് എന്ന പ്രയോഗം വിശുദ്ധഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ശൈഖ്    ഇബ്ന്‍ ബാസ് (റ) യുടെ ഈ വിശദീകരണം പരിശോധിക്കുക: http://www.binbaz.org.sa/mat/9051   ].

ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ല) പറയുന്നു: " (തനിക്ക് അല്ലാഹു പൊറുത്ത് തന്നതായി) സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ വന്നയാളുടെ ശബ്ദം കേട്ടപാട് കഅബ് ബിന്‍ മാലിക് (റ) സുജൂദ് ചെയ്തു എന്നുള്ളത് തന്നെ, ശുക്റിന്‍റെ സുജൂദ് എന്നത് സ്വഹാബത്ത് സാധാരണ ചെയ്യാറുണ്ടായിരുന്ന ഒരു കാര്യമാണ്  എന്ന് വളരെ വ്യക്തമാണ്. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോഴും പ്രയാസങ്ങള്‍ നീങ്ങുമ്പോഴും നിര്‍വഹിക്കുന്ന ശുക്റിന്‍റെ സുജൂദ് ആണത്. പ്രവാചകത്വം അവകാശപ്പെട്ട കള്ളനായ മുസൈലിമത്തിന്‍റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ മഹാനായ അബൂ ബകര്‍ സ്വിദ്ദീഖ് (റ) ശുക്റിന്‍റെ  സുജൂദ് ചെയ്തിട്ടുണ്ട്. (ഖവാരിജുകളുമായി യുദ്ധം ചെയ്ത വേളയില്‍ അവരുടെ അടയാളമായി അവരോടൊപ്പം ഉണ്ടാകുമെന്ന് റസൂലുല്ലാഹി (ﷺ) പ്രവചിച്ച കൈമുട്ടിന് മുകളിലുള്ള ഭാഗത്ത് മുല പോലെ ഇറച്ചി തൂങ്ങിയ ഹുര്‍ഖൂസ് ബിന്‍ സുഹൈര്‍ എന്ന)  മനുഷ്യനെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ അലി (റ) വും ശുക്റിന്‍റെ സുജൂദ് ചെയ്തിട്ടുണ്ട്. അതുപോലെ തന്‍റെ മേല്‍ ആര് സ്വലാത്ത് ചൊല്ലുന്നുവോ അവരുടെ മേല്‍ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലും എന്ന് ജിബ്‌രീല്‍ അലൈഹിസ്സലാം സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ റസൂലുല്ലയും (ﷺ) സുജൂദ് ചെയ്തിട്ടുണ്ട്......" [زاد المعاد 3 / 511].

ശുക്റിന്റെ സുജൂദിന്‍റെ രൂപം: 

സാധാരണ നമസ്കാരത്തിലോ അല്ലാതെയോ നിര്‍വഹിക്കപ്പെടുന്ന സുജൂദുകളെപ്പോലെത്തന്നെയാണ് ശുക്റിന്റെ സുജൂദിന്‍റെ രൂപവും. എന്നാല്‍ നമസ്കാരത്തിലെ സുജൂദുകള്‍ക്ക് ആവശ്യമായ അംഗശുദ്ധി പോലെയുള്ള നിബന്ധനകള്‍ ശുക്റിന്‍റെ സുജൂദിന് ബാധകമാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് സ്വീകാര്യയോഗ്യമാവാന്‍ അംഗശുദ്ധി ഒരു നിബന്ധനയല്ല എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം സന്തോഷത്തിന്റെ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(ﷺ) സ്വഹാബത്തും നേരിട്ട് സുജൂദ് നിര്‍വഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനു മുന്‍പ് അവര്‍ അംഗശുദ്ധി വരുത്തിയതായോ, വരുത്താന്‍ കല്പിച്ചതായോ പ്രതിപാദിക്കപ്പെട്ടിട്ടില്ല. അതുപോലെ തക്ബീര്‍ കെട്ടലും , സലാം വീട്ടലും ശുക്റിന്‍റെ സുജൂദില്‍ ഇല്ല. നേരിട്ട് സുജൂദിലേക്ക് പോകുകയാണ് ചെയ്യുന്നത്. അതില്‍ നിന്ന് നേരിട്ട് എഴുന്നേല്‍ക്കുകയും ചെയ്യുന്നു. അപ്രകാരമാണ് ഹദീസുകളില്‍ കാണാന്‍ സാധിക്കുന്നത്. ഒരൊറ്റ സുജൂദ് ആണ് ശുക്റിന്റെ സുജൂദ്. ഈ നിയമങ്ങളിലെല്ലാം തിലാവത്തിന്‍റെ സുജൂദും ശുക്റിന്റെ സുജൂദ് പോലെത്തന്നെയാണ്.   

ശുക്റിന്റെ സുജൂദില്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത്:

സാധാരണ മറ്റേത് സുജൂദുകളിലും പ്രാര്‍ഥിക്കുന്ന പ്രാര്‍ത്ഥന തന്നെയാണ് ഇതിലും പ്രാര്‍ഥിക്കേണ്ടത്. അതോടൊപ്പം അല്ലാഹുവെ ധാരാളമായി സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യാം. അതാണല്ലോ ശുക്റിന്‍റെ സുജൂദിന്‍റെ ഉദ്ദേശ്യവും. എന്നാല്‍ ശുക്റിന്റെ സുജൂദിനായി പ്രത്യേകം ഒരു പ്രാര്‍ത്ഥനയില്ല. 

 റസൂലുല്ലാഹി (ﷺ) നമസ്കാരത്തിലായാലും,  മറ്റു ഇതര സുജൂദുകളിലായാലും പൊതുവേ സുജൂദുകളില്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്ന പത്തോളം സ്ഥിരപ്പെട്ടുവന്ന പ്രാര്‍ഥനകള്‍ ആണ് താഴെ കൊടുക്കുന്നത്. അവയെല്ലാം സ്വഹീഹായ ഹദീസുകളില്‍ വന്നവയാണ്. ഇമാം ഇബ്നുല്‍ ഖയ്യിം (റ) അദ്ദേഹത്തിന്‍റെ (زاد المعاد) എന്നാ ഗ്രന്ഥത്തില്‍ ഒന്നാം വോള്യം പേജ് 215 ല്‍  അവയെല്ലാം ഒരുമിച്ച് എടുത്ത് കൊടുത്തിട്ടുമുണ്ട്:
 
1- سبحان ربي الأعلى. 

2-  سبحانك اللهم ربنا وبحمدك اللهم اغفر لي.

3-  سبوح قدوس رب الملائكة والروح.

4- سبحانك اللهم وبحمدك لا إله إلا أنت.

5- اللهم إني أعوذ برضاك من سخطك وبمعافاتك من عقوبتك وأعوذ بك منك لا أحصي ثناء عليك أنت كما أثنيت على نفسك.

7- اللهم لك سجدت وبك آمنت ولك أسلمت سجد وجهي للذي خلقه وصوره وشق سمعه وبصره تبارك الله أحسن الخالقين.

8-  اللهم اغفر لي ذنبي كله دقه وجله وأوله وآخره وعلانيته وسره.

9-  اللهم اغفز لي خطيئتي وجهلي وإسرافي في أمري وما أنت أعلم به مني اللهم اغفر لي جدي وهزلي وخطئي وعمدي وكل ذلك عندي اللهم اغفز لي ما قدمت وما أخرت وما أسررت وما أعلنت أنت إلهى لا إله إلا أنت.

10-  اللهم اجعل في قلبي نورا وفي سمعي نورا وفي بصري نورا وعن يميني نورا وعن شمالي نورا وأمامي نورا وخلفي نورا وفوقي نورا وتحتي نورا واجعل لي نورا.


----------------------------------------------------------------


മതപരമായ അറിവുകള്‍ കൂടുതല്‍ കരസ്ഥമാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ ...


ലേഖകൻ:  അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

Tuesday, November 18, 2014

അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക. PART 2 - ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ്

മുഹദ്ദിസുല്‍ മദീന ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് ഹഫിദഹുല്ല അഹ്ലുസ്സുന്നക്കിടയില്‍ പരസ്പരം നിലനില്‍ക്കുന്ന ഭിന്നതയെ ആസ്പദമാക്കി എഴുതിയ ഒരു ലേഖനം നേരത്തെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ ബാക്കി ഭാഗമാണിത്. 

www.fiqhussunna.com

നേരത്തെ പ്രസിദ്ധീകരിച്ച ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക:

രണ്ടു ലേഖനങ്ങളും അടങ്ങുന്ന പൂര്‍ണമായ ലേഖനത്തിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: 

PART 2: .....................................................................................................................

പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായിക്കാണാം: ഒരു പണ്ഡിതന് തെറ്റു പറ്റിയാല്‍, ആ തെറ്റില്‍ അയാളെ പിന്തുടരാന്‍ പാടില്ല. എന്നാല്‍ അതിന്‍റെ പേരില്‍ അയാളെ പാടേ തള്ളിക്കളയാനും പാടില്ല. മറിച്ച് അയാളുടെ ആ തെറ്റ് മറ്റനേകം ശരികളാല്‍ പൊറുക്കപ്പെടുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല) തന്‍റെ മജ്മൂഉ ഫതാവയില്‍ ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി: “തങ്ങള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തെ ആസ്പദമാക്കി മുസ്‌ലിം സമൂഹത്തില്‍ നിന്നും വ്യത്യസ്ഥ കക്ഷിയാവുകയോ, അതിനെ ആധാരമാക്കി സൗഹൃദവും ശത്രുതയും വച്ചു പുലര്‍ത്തുകയോ ചെയ്യുന്നില്ലയെങ്കില്‍ അതവരില്‍ നിന്നും സംഭവിച്ചു പോയ ഒരു തെറ്റ് മാത്രമാണ്. അത്തരം കാര്യങ്ങളില്‍ പരിശുദ്ധനായ അല്ലാഹു വിശ്വാസികള്‍ക്ക് അവരുടെ തെറ്റുകള്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. അത്തരം തെറ്റുകളില്‍ മുസ്‌ലിം ഉമ്മത്തിലെ മുന്‍ഗാമികളായ എത്രയോ പണ്ഡിതന്മാരും ഇമാമീങ്ങളും പെട്ടുപോയിട്ടുമുണ്ട്. അവരുടെ ഇജ്തിഹാദ് പ്രകാരം അവര്‍ പറഞ്ഞ വാക്കുകള്‍ ചിലപ്പോഴൊക്കെ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ടു വന്നതിന് എതിരാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. (അതവര്‍ക്ക് സംഭവിച്ചുപോയ തെറ്റു മാത്രമാണ്). എന്നാല്‍ തന്‍റെ വാദങ്ങള്‍ അംഗീകരിക്കുന്നവരോട് സൗഹൃദം പുലര്‍ത്തുകയും, തന്‍റെ വാദങ്ങളെ എതിര്‍ക്കുന്നവരോട് ശത്രുത കാണിക്കുകയും, മുസ്ലിംകളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ ഒരിക്കലും അവരെപ്പോലെയല്ല”. - [മജ്മൂഉ ഫതാവ 3/349].

    ഇമാം ദഹബി (റ) തന്‍റെ سير أعلام النبلاء ല്‍ പറയുന്നു: “ഇമാമീങ്ങളിലാരെങ്കിലും ചില ഒറ്റപ്പെട്ട മസ്അലകളില്‍ പൊറുക്കപ്പെടാവുന്ന വീഴ്ചകള്‍ വരുത്തുമ്പോഴേക്ക് നാം അവരെ ബിദ്അത്തുകാരായി മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, കുറ്റവും കുറവുമില്ലാത്ത ഒരാളും പിന്നെ ഉണ്ടാവുകയില്ല. ഇബ്നു നസ്റോ, ഇബ്നു മിന്‍ദയോ ആയിരുന്നാല്‍ പോലും, ഇനി വേണ്ട അവരെക്കാള്‍ വലിയവര്‍ ആയിരുന്നാല്‍ പോലും അതില്‍ നിന്നും മുക്തമാകുമായിരുന്നില്ല. അല്ലാഹുവാണ് മനുഷ്യരെ സത്യത്തിലേക്ക് വഴി നടത്തുന്നത്. അവന്‍ കാരുണ്യവാന്മാരില്‍ ഏറ്റവും വലിയ കാരുണ്യവാനാണ്. അതിനാല്‍ തന്നെ നമ്മുടെ ദേഹേച്ചയെ പിന്‍പറ്റി (മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതില്‍ നിന്നും) മോശമായ സംസാരത്തില്‍ നിന്നും നാം അല്ലാഹുവില്‍ ശരണം തേടുന്നു”. – [سير أعلام النبلاء 14/39]. (ഇബ്നു നസ്ര്‍ എന്നത് പ്രശസ്ഥ ഇമാമായ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ നസ്ര്‍ അല്‍ മര്‍വസിയാണ്. ഇബ്നു മന്‍ദ എന്നത് ഇമാം മുഹമ്മദ്‌ ബിന്‍ യഹ്’യയാണ്. ഹിജ്റ 301ലാണ് അദ്ദേഹം മരണപ്പെട്ടത്. രണ്ടുപേരും അനേകം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയ മുഹദ്ദിസീങ്ങളാണ്).  

  അതുപോലെ ഇമാം ദഹബി(റ) പറഞ്ഞു: “ശരിയായ വിശ്വാസവും സത്യം മാത്രം പിന്തുടരുവാനുള്ള ദൃഢനിശ്ചയവുമുള്ള ഒരാള്‍ക്ക് അയാളുടെ ഇജ്തിഹാടില്‍ തെറ്റുപറ്റുമ്പോഴേക്ക് ബിദ്അത്ത് മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, ഇമാമീങ്ങളില്‍ നിന്നും വളരെക്കുറച്ച് പേര്‍ മാത്രമായിരിക്കും ബാക്കിയാവുക. അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും അവരോടെല്ലാം കരുണ ചെയ്യുമാറാകട്ടെ ”. – [14/376 سير أعلام النبلاء].

    ഒരു വ്യക്തിയെ ജര്‍ഹ് ചെയ്യുന്നതിന് (മോശമായി വിലയിരുത്തുന്നതിന്) ചിലപ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങളും കാരണമായേക്കാം എന്ന് ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ല അദ്ദേഹത്തിന്‍റെ صيد الخاطر എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ വ്യത്യസ്ഥ പണ്ഡിതന്മാരെ കണ്ടുമുട്ടിയിട്ടുണ്ട്. അറിവിന്‍റെ കാര്യത്തില്‍ സ്വാഭാവികമായും അവര്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പക്ഷെ അവരോടൊപ്പമുള്ള സഹവാസത്തില്‍ എനിക്ക് ഏറ്റവുമധികം ഉപകാരപ്പെട്ടത് ഉള്ള അറിവ് ജീവിതത്തില്‍ പകര്‍ത്തുന്നവരാണ്. മറ്റുള്ളവര്‍ അവരെക്കാള്‍ അറിവുള്ളവര്‍ ആയിരുന്നിട്ടുകൂടി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അവരാണ്. എന്നാല്‍ ചില ഹദീസ് പണ്ഡിതന്മാരെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവര്‍ ഹദീസുകള്‍ നന്നായി മനപ്പാഠമാക്കുകയും അതിന്‍റെ പൊരുള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ പരദൂഷണം പറയുകയും അതെല്ലാം ജര്‍ഹു വ തഅദീലാണെന്നും പറഞ്ഞുകൊണ്ട് ന്യായീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അബ്ദുല്‍ വഹാബ് അല്‍ അന്മാത്വി എന്ന പണ്ഡിതനെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹം സലഫുകളെ പിന്തുടരുന്ന ആളായിരുന്നു. അദ്ദേഹത്തിന്‍റെ മജ്‌ലിസുകളില്‍ ഒരിക്കലും തന്നെ മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയുന്നത് കേള്‍ക്കാറുണ്ടായിരുന്നില്ല ”. – [صيد الخاطر ص143].

  അതുപോലെ അദ്ദേഹം തന്‍റെ تلبيس إبليس  എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ചില ഹദീസ് പണ്ഡിതന്മാരുടെ മേലുള്ള പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ പെട്ടതാണ് അവര്‍ പരസ്പരം തന്‍റെ പകപോക്കുന്നതിനു വേണ്ടി മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുകയും, ശേഷം അതിനെ ഈ ഉമ്മത്തിലെ പൂര്‍വികന്മാര്‍ ശറഇനെ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ച ജര്‍ഹു വ തഅദീലിലേക്ക് കൂട്ടിക്കെട്ടുകയും ചെയ്യുക എന്നുള്ളത്. എന്നാല്‍ അല്ലാഹു ഓരോരുത്തരുടെയും ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് കൃത്യമായി അറിയുന്നവനാകുന്നു ”. – [تلبيس إبليس 2/689]. ഹിജ്റ 597ല്‍ മരിച്ച ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ലയുടെ കാലഘട്ടത്തില്‍ ഇപ്രകാരം ആയിരുന്നുവെങ്കില്‍, ഈ ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെ കാര്യം പിന്നെ പറയേണ്ടതുണ്ടോ ?!.

  ഈ വളരെ അടുത്ത കാലത്ത് യമനില്‍ നിന്നുള്ള ശൈഖ് മുഹമ്മദ്‌ അബ്ദല്ലാഹ് അല്‍ ഇമാം അഹ്ലുസ്സുന്നക്കിടയിലുള്ള ഭിന്നതകളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് വിവരിക്കുന്ന (الإبانة عن كيفية التعامل مع الخلاف بين أهل السنةوالجماعة) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. യമനില്‍ നിന്നുള്ള അഞ്ചോളം പണ്ഡിതന്മാര്‍ ആ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുമുണ്ട്. ആധുനികരും പൗരാണികരുമായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമുള്ള ഒട്ടനവധി ഉദ്ദരണികള്‍ അതില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും ഇബ്നുല്‍ ഖയ്യിം(റ) യുടെയും ഉദ്ദരണികള്‍. അവയെല്ലാം പരസ്പരമുള്ള ബന്ധം നന്നാക്കാനായി അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കുള്ള ഉപദേശമാണ്. ആ ഗ്രന്ഥത്തിന്‍റെ ഒട്ടുമിക്ക അധ്യായങ്ങളും പരിശോധിക്കാനും, അത് പ്രയോജനപ്പെടുത്താനും എനിക്ക് സാധിച്ചു. ഈ ലഘുകൃതിയില്‍ ഞാന്‍ എടുത്ത് കൊടുത്ത ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും, ഇബ്നുല്‍ ഖയ്യിം(റ) യുടെയും വാക്കുകളിലേക്ക് ഞാന്‍ സഞ്ചരിച്ചത് ആ ഗ്രന്ഥത്തിലൂടെയാണ്. അതിനാല്‍ തന്നെ ആ ഗ്രന്ഥം വായിക്കുവാനും പ്രയോജനപ്പെടുത്തുവാനും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. ആ കൃതിയില്‍ വന്ന ഏറ്റവും സുന്ദരമായ ഒരു ഭാഗമാണ്: “ ഒരുപക്ഷെ സ്വീകാര്യയോഗ്യനായ ഒരാള്‍ അഹ്ലുസ്സുന്നയിലുള്ള മറ്റുചിലരെ സംബന്ധിച്ച് ആക്ഷേപിക്കുകയും അത് പരസ്പരമുള്ള അകല്‍ച്ചക്കും, പിച്ചിച്ചീന്തലിനും, തര്‍ക്കത്തിനും  വഴിയൊരുക്കുകയും ചെയ്യും. ഒരുവേള അഹ്ലുസ്സുന്ന പരസ്പരം യുദ്ധം ചെയ്യുന്നതിലേക്ക് വരെ അത് എത്തിയേക്കാം. അത്തരം വല്ല സംഭവ വികാസവും ഉണ്ടായാല്‍ ആ ജര്‍ഹ് (ആക്ഷേപം) ഒരു ഫിത്നക്ക് വകവച്ചു എന്ന് മനസ്സിലാക്കാം. അപ്രകാരം അതൊരു ഫിത്നക്ക് കാരണമായാല്‍, താന്‍ നടത്തിയ ആക്ഷേപത്തെ (ജര്‍ഹിനെ) സംബന്ധിച്ചും അതിന്‍റെ ഗുണ-ദോഷങ്ങളെ സംബന്ധിച്ചും ഒരു പുനര്‍വിചിന്തനം നടത്തേണ്ടതും, സാഹോദര്യബന്ധം നിലനിര്‍ത്തുവാനും, പ്രബോധനപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുവാനും, തെറ്റുകള്‍ നല്ല രൂപത്തില്‍ പരിഹരിക്കുവാനും ശ്രമിക്കേണ്ടതും അനിവാര്യമാണ്‌. ഉപദ്രവം പ്രകടമായ ജര്‍ഹില്‍ (ആക്ഷേപത്തില്‍) തുടരുക എന്നുള്ളത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല .

  യമനിലെ സഹോദരങ്ങള്‍ക്ക് അനുഭവപ്പെട്ടത് പോലുള്ള അനുഭവം മറ്റു മതവിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും അനുഭവപ്പെടുന്നുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ഈ ഭിന്നതയിലും വിഭാഗീയതയിലും അവര്‍ ഏറെ വേദനിക്കുന്നു. അതില്‍ ഭാഗവാക്കായ തങ്ങളുടെ സഹോദരങ്ങള്‍ക്ക് നസ്വീഹത്ത് നല്‍കുവാന്‍ അവരോരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ യമാനുകാര്‍ ആ ദൗത്യം ആദ്യം നിറവേറ്റി. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ. ഒരുപക്ഷെ “വിശ്വാസം യമനിലേതാണ്. വിവേകവും യമനിലേതാണ്” - (മുത്തഫഖുന്‍ അലൈഹി) എന്ന ഹദീസ് പൊരുള്‍ ഉള്‍ക്കൊള്ളുന്നതാവാം ആ നസ്വീഹത്ത്. യമനിലെ സഹോദരങ്ങള്‍ എഴുതിയ ആ ഉപദേശം അതെന്തിന് വേണ്ടിയാണോ എഴുതപ്പെട്ടത് ആ ലക്ഷ്യം നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ. എല്ലാം സൂക്ഷമമായി പിന്തുടരുകയും ആക്ഷേപിക്കുകയും ജര്‍ഹു ചെയ്യുകയും ചെയ്യുന്ന ഈ രീതി അഹ്ലുസ്സുന്നയില്‍പ്പെട്ട ആരും പിന്തുണക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അത് അഹ്ലുസ്സുന്നക്കിടയില്‍ ശത്രുതയും, പകയും ഉണ്ടാക്കുവാനും ഹൃദയങ്ങളെ കൂടുതല്‍ കടുത്തതാക്കുവാനുമല്ലാതെ സഹായിക്കുകയില്ല.

  തിന്മകളില്‍ നിന്നും വികല വിശ്വാസങ്ങളില്‍ നിന്നും മുക്തമാക്കപ്പെട്ടതിനു ശേഷവും സൗദിയെ ഫസാദാക്കുവാനും നശിപ്പിക്കുവാനും പാശ്ചാത്യശക്തികള്‍ ശ്രമിക്കുമ്പോള്‍, പ്രത്യേകിച്ചും ജിദ്ദയില്‍ ഖദീജാ ബീവിയുടെ പേരില്‍ വ്യാജമായി തുടങ്ങിയ സ്ത്രീകളെ വഴി തെറ്റിക്കാനുള്ള കൂട്ടായ്മകള്‍ രംഗത്ത് വരുമ്പോള്‍, - ആ കൂട്ടായ്മയെ സംബന്ധിച്ച് : ‘സ്ത്രീകളെ വഴിതെറ്റിക്കാന്‍ ഖദീജ ബിന്‍ത് ഖുവൈലിദ്(റ) യുടെ പേര് ദുരുപയോഗം ചെയ്യരുത്’, എന്ന ഒരു ലേഖനം ഞാന്‍ എഴുതിയിയുട്ടുണ്ട് – ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയെ ചെറുക്കേണ്ടതിന് പകരം അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകള്‍ അവരെത്തന്നെ പരസ്പരം ആക്ഷേപിക്കുകയും, അവരെത്തന്നെ സൂക്ഷിക്കണം എന്ന് പറയുകയും ചെയ്യുന്നത് ഏറെ അത്ഭുതകരമാണ്.

  എല്ലാ പ്രദേശങ്ങളിലുമുള്ള അഹ്ലുസ്സുന്നയുടെ ആളുകള്‍ക്ക് പ്രവാചകന്‍റെ ചര്യയെ മുറുകെപ്പിടിക്കാനും, സ്നേഹിക്കാനും, നന്മയിലും തഖ്’വയിലും പരസ്പരം സഹകരിക്കാനും, അവര്‍ക്കിടയിലുള്ള വിഭാഗീയതക്കും ഭിന്നതക്കും കാരണമാകുന്ന സകല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുവാനും കഴിയട്ടെയെന്നു ഞാന്‍ അല്ലാഹുവിനോട് തേടുന്നു. അതുപോലെത്തന്നെ മതത്തെ അറിയാനും പഠിക്കാനും സത്യത്തില്‍ ഉറച്ചു നില്‍ക്കാനും മുസ്ലിമീങ്ങള്‍ക്കെല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

وصلى الله وسلم وبارك على نبينا محمد وعلى آله وصحبه..........

എഴുതിയത്: ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ്
DATE: HIJRA : 16/1/1432.


അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക FULL ARTICLE - ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ്

الحمد لله و الصلاة والسلام على اشرف خلق الله، وعلى آله و صحبه ومن والاه، وبعد؛

                      പ്രിയപ്പെട്ട സഹോദരങ്ങളെ, അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയില്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഭിന്നതയെ സംബന്ധിച്ച് പ്രമുഖ പണ്ഡിതനും, മദീനയിലെ മുഹദ്ദിസുമായ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (حفظه الله) എഴുതിയ ഒരു കത്തിന്‍റെ വിവര്‍ത്തനമാണ് ഇവിടെ കൊടുക്കുന്നത്. "അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക" എന്ന അദ്ദേഹത്തിന്‍റെ ലഘു പുസ്തകം നമുക്ക് സുപരിചിതമാണ്. എന്നാല്‍ ആ പുസ്തകം പോലും വിമര്‍ശിക്കപ്പെടുകയും അതില്‍ നിറഞ്ഞു നില്‍ക്കുന്ന ഗുണകാംശ കാണാതെ പോകുകയും ചെയ്തതോടെ അദ്ദേഹം രണ്ടാമത് എഴുതിയ നാലഞ്ചു പേജുള്ള  ഒരു കത്താണിത്. ഖുര്‍ആനും, സുന്നത്തും, മന്‍ഹജുസ്സലഫും അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന ഓരോ സഹോദരനെയും, അതിലുപരി പണ്ഡിതന്മാരെയുമാണ്‌ അദ്ദേഹം ഇതില്‍ അഭിസംബോധനം ചെയ്യുന്നത്. തങ്ങള്‍ക്കിടയിലുള്ള ഇല്മിയായ ചര്‍ച്ചകളും അഭിപ്രായ ഭിന്നതകളും ജനങ്ങളെ ചേരികളും വിഭാഗങ്ങളും ആക്കിത്തിരിക്കുമ്പോള്‍, ഒരു പുനര്‍വിചിന്തനം നടത്താന്‍, പണ്ഡിതന്മാരെയും പ്രബോധകരെയും ഒരുപോലെ പ്രേരിപ്പിക്കുന്നതാണ് ഈ ലേഖനം. ഓരോരുത്തരും അത് വായിക്കുകയും സ്വയം ഒരു പുനര്‍വിചാരണക്ക് തയ്യാറാവുകയും ചെയ്യുക. 

ശൈഖ് അബ്ദുല്‍ മുഹ്സിന്‍ حفظه الله പറഞ്ഞതുപോലെ : " വിമര്‍ശിക്കുന്നവരും വിമര്‍ശനവിധേയമായവരും ആരും തന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തമല്ല. പരമാവധി തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കണം എന്നത് ശരിതന്നെ. പക്ഷെ ആ പരിപൂര്‍ണതയിലേക്ക് എത്തിയിട്ടില്ലാത്ത എല്ലാ നന്മകളെയും അടച്ചാക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. അഥവാ ഒന്നുകില്‍ 100% പരിപൂര്‍ണത കൈവരിച്ചത് അല്ലെങ്കില്‍ പിഴച്ചത്, ഒന്നുകില്‍ പ്രകാശിതം അല്ലെങ്കില്‍ ഇരുളടഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല.  മറിച്ച് ഉള്ള പ്രകാശത്തെ സംരക്ഷിക്കുകയും, കുറവുകള്‍ നികത്തി ആ പ്രകാശത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. രണ്ടോ അതില്‍ കൂടുതലോ വിളക്കുകള്‍ ലഭിച്ചില്ലെങ്കിലും ഒരു വിളക്കെങ്കിലും ഉള്ളതല്ലേ കൂരിരുട്ടിനേക്കാള്‍ ഉത്തമം".

അല്ലാഹു നമ്മെയെല്ലാം അല്ലാഹുവോടും, അവന്‍റെ മതത്തോടും, പ്രവാചകനോടും, സത്യവിശ്വാസികളോടും ഗുണകാംശയുള്ളവരാക്കി മാറ്റുമാറാകട്ടെ. 

ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (حفظه الله) എഴുതുന്നു:
الحمد لله، ولا حول ولا قوة إلا بالله، وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وصحبه ومن والاه، أما بعد؛
 മതപഠനരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സലഫുകളുടെ പാതയില്‍ മുന്നോട്ട്പോകുന്ന അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയിലാണ് പരസ്പരമുള്ള ഗുണകാംശയും ഒത്തൊരുമയും ഏറ്റവും കൂടുതല്‍ വേണ്ടത്. പ്രത്യേകിച്ചും സലഫുകളുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചുപോയ കക്ഷികളെ അപേക്ഷിച്ച് അവര്‍ വളരെ വളരെ കുറവാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുന്പ് ശൈഖ് ഇബ്നു ബാസിന്‍റെയും, ഇബ്നു ഉസൈമീന്റെയുമെല്ലാം അവസാന കാലഘട്ടത്തില്‍, സലഫീ മന്‍ഹജില്‍ നിന്നും  പിഴച്ചുപോയ കക്ഷികളെക്കുറിച്ച് താക്കീത് നല്‍കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അഹ്ലുസ്സുന്നയില്‍ നിന്നും വളരെ ചുരുക്കം ചിലര്‍ കഠിനപരിശ്രമം നടത്തുകയുണ്ടായി. അത് അങ്ങേയറ്റം പ്രശംസനീയവും നന്ദിയര്‍ഹിക്കുന്നതുമായ പ്രവര്‍ത്തനമായിരുന്നു. പക്ഷെ ഖേദകരമെന്ന് പറയട്ടെ ശൈഖ് ഇബ്നു ബാസിന്‍റെയും ഇബ്നു ഉസൈമീന്‍റെയും മരണശേഷം ഇക്കൂട്ടരില്‍ ചിലര്‍ രാജ്യത്തിന്‍റെ അകത്തും പുറത്തുമായി സലഫുകളുടെ മാര്‍ഗം പിന്‍പറ്റുന്നത്തിലേക്കും പിന്തുടരുന്നതിലേക്കും ക്ഷണിക്കുന്ന സ്വന്തം ആളുകളെത്തന്നെ വിമര്‍ശിക്കുന്നത്തിലേക്ക് തിരിഞ്ഞു. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് അവരുടെ നന്മകളെ കണ്ടറിയുകയും, അതിന് അവരെ പ്രേരിപ്പിക്കുകയും, അവരില്‍ വന്ന തെറ്റുകള്‍ - അത് തെറ്റുകള്‍ ആണെന്ന് വ്യക്തമായാല്‍ -   നല്ല രൂപത്തില്‍ തിരുത്തുകയുമാണ് ചെയ്യേണ്ടിയിരുന്നത്. അതോടൊപ്പം തങ്ങളുടെ ഒത്തുചേരലുകളിലെല്ലാം അവരെക്കുറിച്ച് മോശമായിപ്പറയുന്നതിലും, അവരില്‍ നിന്നും താക്കീത് നല്‍കുന്നതിലും വ്യാപൃതരാവുകയും ചെയുകയല്ല, മറിച്ച് ഇല്‍മ് നേടുന്നതില്‍ കൂടുതല്‍ വ്യാപൃതരാവുകയും, അത് പഠിപ്പിക്കുകയും, അതിലേക്ക് പ്രബോധനം ചെയ്യുകയുമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്.  ഇതാണ് ഇസ്വ്'ലാഹിന്‍റെ ശരിയായ രീതി. ഇതായിരുന്നു ഈ കാലഘട്ടത്തിലെ അഹ്ലുസ്സുന്നയുടെ ഇമാമായ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ലയുടെ രീതി.  ഇന്നത്തെ കാലത്ത് മതപരമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഹ്ലുസ്സുന്നയുടെ ആളുകള്‍ കുറഞ്ഞു വരികയാണ്. അവരുടെ കൊഴിഞ്ഞുപോക്കല്ല, അഭിവൃദ്ധിയാണ് നമുക്കാവശ്യം. അവരുടെ അകല്‍ച്ചയല്ല, ഒത്തൊരുമയാണ് നമുക്കാവശ്യം. നഹ്'വിന്‍റെ പണ്ഡിതന്മാര്‍ പറഞ്ഞത് പോലെ ( المصغر لا يصغر ) അഥവാ ലഘൂകരിക്കപ്പെട്ട പദം വീണ്ടും ലഘൂകരിക്കപ്പെടുകയില്ല ഇതാണ് അഹ്ലുസ്സുന്നയുടെ വിഷയത്തിലും പറയാനുള്ളത്.

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലാഹ് തന്‍റെ മജ്മൂഉ ഫതാവയില്‍ പറഞ്ഞു: മതത്തിലെ അതിമാത്തായ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്, മനസ്സുകള്‍ പരസ്പരം ഇണക്കുക, അഭിപ്രായഭിന്നതയോഴിവാക്കി ഒന്നിക്കുക, പരസ്പരബന്ധം നന്നാക്കുക എന്നുള്ളത്. അല്ലാഹു പറയുന്നു : "അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക." - [അന്‍ഫാല്‍:1]. അതുപോലെ അല്ലാഹു പറയുന്നു: " നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌." - [ആലു ഇംറാന്‍:103]. തുടങ്ങിയ പരസ്പരം ഇണങ്ങുവാനും ഒരുമിക്കുവാനും കല്‍പ്പിക്കുന്ന, ഭിന്നതയെയും വിഭാഗീയതയെയും വിലക്കുന്ന വചനങ്ങള്‍ ധാരാളമാണ്. ഈ ഒരു അടിസ്ഥാനതത്വം അഹ്ലുസ്സുന്നയുടെ അടിസ്ഥാന തത്വമാണ്. ഇതില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നവര്‍ വിഭാഗീയതയുടെ ആളുകളാണ് " - [മജ്മൂഉ ഫതാവ: 51/28]. 

ഹിജ്റ 1424ല്‍ പ്രസിദ്ധീകരിച്ച "രിഫ്ഖന്‍ അഹ്ലുസ്സുന്ന ബി അഹ്ലുസ്സുന്ന" " "അഹ്ലുസ്സുന്നയുടെ ആളുകള്‍ പരസ്പരം നല്ല രൂപത്തില്‍ വര്‍ത്തിക്കുക" എന്ന ലഘുഗ്രന്ഥത്തില്‍ ഞാന്‍ ഇത് വിശദമായി എഴുതിയിട്ടുണ്ട്. പിന്നീട് ഹിജ്റ 1426ല്‍ അത് പുനര്‍പ്രസിധീകരിക്കുകയും, ഹിജ്റ 1428ല്‍ എന്‍റെ ഗ്രന്ഥസമാഹാരത്തിനൊപ്പം (6/ 281 - 327) അത് ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒരുപാട് തെളിവുകളും, അതുപോലെ ഇരുത്തം വന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നും ഒരുപാട് ഉദ്ദരണികളും ഞാന്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആമുഖം ഒഴിച്ചു നിര്‍ത്തിയാല്‍ 'സംസാര ശേഷി എന്ന അനുഗ്രഹം' , 'നാവിനെ നന്മാക്കല്ലാതെ ഉപയോഗിക്കരുത്' , 'ഊഹവും ചാരപ്പണിയും' , 'മയത്വവും, സൌഹൃദവും' , ' പണ്ഡിതന്മാര്‍ക്ക് തെറ്റുപറ്റുമ്പോഴുള്ള അഹ്ലുസ്സുന്നയുടെ സമീപനം, അവരെ ബിദ്അത്തുകാരായി ചിത്രീകരിക്കാനോ, അവരുമായി ബന്ധം മുറിക്കാനോ പാടില്ല' , 'വിമര്‍ശനത്തിലും, ബന്ധവിച്ചേദനത്തിലും അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകളില്‍ നിന്നുണ്ടായ ഫിത്ന, അതില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം' , ' ആളുകളെ അടിസ്ഥാനമാക്കി ജനങ്ങളെ ചെരിതിരിക്കുന്ന ബിദ്അത്ത്'  , ' കാലഘട്ടത്തില്‍ അഹ്ലുസ്സുന്നയുടെ ചില ആളുകളില്‍ നിന്നുമുണ്ടായ ബിദ്അത്താരോപണങ്ങളെയും, വിമര്‍ശനങ്ങളെയും  കുറിച്ചുള്ള താക്കീത്' എന്നീ വിഷയങ്ങളാണ് ആ ലഘു കൃതിയില്‍ പ്രതിപാദിച്ചിട്ടുള്ളത്.

എന്നാല്‍ ഖേദകരമെന്ന് പറയട്ടെ അഹ്ലുസ്സുന്നയില്‍ പെട്ട ആളുകള്‍ക്ക് നേരെത്തന്നെ കുന്തം തിരിച്ചുവെക്കുക വഴി ചെളിയില്‍ വെള്ളമൊഴിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിന്‍റെ പ്രതിഫലനമെന്നോണം ആവര്‍ത്തിച്ചു കേള്‍ക്കുന്ന ചില ചോദ്യങ്ങളാണ്, ഇന്ന ആള്‍ മുബ്തദിഅ് ആണ് എന്ന്‍ പറഞ്ഞ ആ ആളെക്കുറിച്ചുള്ള നിന്‍റെ അഭിപ്രായം എന്താണ് ?, ഇന്ന ആള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞ ആളെഴുതിയ പുസ്തകം വായിക്കാന്‍ പറ്റുമോ ? , അതുപോലെ വളരെക്കുറച്ച് മാത്രം അറിവുള്ള വിദ്യാര്‍ഥികള്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണ്: ഇന്ന ആള്‍ ബിദ്അത്തുകാരനാണ് എന്ന് പറഞ്ഞ ആളെക്കുറിച്ച് നിന്‍റെ അഭിപ്രായം എന്താണ് ?, എന്തായാലും ആ വിഷയത്തില്‍ നിനക്കൊരു അഭിപ്രായം ഉണ്ടായിരിക്കണം ഇല്ലെങ്കില്‍ നിന്നെയും ഞങ്ങള്‍ ഉപേക്ഷിക്കും. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഇതേ സമീപനം യോറോപ്പ്യന്‍ രാജ്യങ്ങളെപ്പോലുള്ള (മുസ്ലിമീങ്ങള്‍  നന്നേ കുറവായ) രാജ്യങ്ങളിലേക്ക് കടക്കുമ്പോഴാണ്. അഹ്ലുസ്സുന്നയുടെ ഉല്പന്നത്തിന് തീരെ ചിലവില്ലാത്ത അത്തരം നാടുകളില്‍ ഉപകാരപ്രദമായ അറിവ് കരസ്ഥമാക്കുകയും, പരസ്പരവിദ്വേശം പകര്‍ത്തുന്ന ഫിത്നകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതിനു പകരം ഈ 'ജര്‍ഹ്' ചെയ്യലിനെ അന്തമായി പിന്തുടരുക വഴി കുഴപ്പങ്ങള്‍ കൂടുതല്‍ മോശമാകുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ പരസ്പരം വിദ്വേശം വച്ചുപുലര്‍ത്തുന്ന രീതി യഥാര്‍ത്ഥത്തില്‍ ഇഖ്'വാനുല്‍ മുസ്ലിമീന്‍റെ രീതിയോട് സാദൃശ്യമുള്ള രീതി ശാസ്ത്രമാണ്. അവരുടെ സ്ഥാപകനേതാവായ ഹസനുല്‍ ബന്ന പറഞ്ഞത് : "നിങ്ങളുടെ പ്രബോധനത്തിലേക്ക് ജനങ്ങളാണ് കടന്നു വരേണ്ടത്. അതല്ലാതെ നിങ്ങള്‍ അവരിലേക്ക് കടന്നു ചെല്ലുകയല്ല.    കാരണം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാണ്. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളാകട്ടെ കുറ്റങ്ങളില്‍ നിന്നും കുറവുകളില്‍ നിന്നും മുക്തമല്ല തന്നെ ...." - [ഹസനുല്‍ ബന്ന, مذكرات الدعوة والداعية , പേജ് : 232]. അതുപോലെ ഹസനുല്‍ ബന്ന പറഞ്ഞു: " മനസ്സുകളെ തമ്മില്‍ അകറ്റിയ, ചിന്തകളെ മന്ദീഭവിപ്പിച്ച ഇന്ന് കാണുന്ന വ്യത്യസ്ഥങ്ങളായ പിഴച്ച ദഅവാ പ്രവര്‍ത്തനങ്ങളോടുള്ള നമ്മുടെ സമീപനം എന്തെന്നാല്‍, അതില്‍ നമ്മുടെ പ്രബോധന മാര്‍ഗത്തോട് വല്ലതും യോജിക്കുന്നുവെങ്കില്‍ അതിനെ നമ്മള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. നമ്മോട് വിയോജിക്കുന്നവയെ നമ്മള്‍ നഖശികാന്തം എതിര്‍ക്കുന്നു." - [മജ്മൂഉ റസാഇലു ഹസനുല്‍ ബന്നാ, പേജ് 240]. ഇത്തരം ഫിത്നകളില്‍ വ്യാപൃതരാകുന്നതിന് പകരം ഉപകാരപ്രദമായ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലും അറിവ് തേടുന്നതിലും ആണ് ആ വിദ്യാര്‍ഥികള്‍ വ്യാപൃതരാവേണ്ടിയിരുന്നത്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ ജീവിച്ച അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരായ ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ ഫത്'വകളും, ലിജനതുദ്ദാഇമയുടെ ഫത്'വകളും, ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ ഗ്രന്ഥങ്ങളുമൊക്കെ  വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അപ്രകാരം ചെയ്യുക വഴി ആഹ്ലുസ്സുന്നയില്‍പെട്ട തങ്ങളുടെ സഹോദരങ്ങളുടെ ഇറച്ചി തിന്നുന്നതില്‍ നിന്നും, ഖീല ഖാലകളില്‍ നിന്നും മാറി നില്‍ക്കാനും ഉപകാരപ്രദമായ അറിവ് കരസ്ഥമാക്കാനും അവര്‍ക്ക് സാധിക്കും. ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലാഹ്  'അല്‍ ജവാബുല്‍ കാഫി' എന്ന  ഗ്രന്ഥത്തില്‍ പറയുന്നു : " അല്ഭുതകരമെന്നുപറയട്ടെ അക്രമത്തില്‍ നിന്നും, ഹറാമായ ഭക്ഷണം ഭക്ഷിക്കുന്നതില്‍ നിന്നും, വ്യഭിചാരത്തില്‍ നിന്നും, മോഷണത്തില്‍ നിന്നും, കള്ളുകുടിയില്‍ നിന്നും, ഹറാമായ കാര്യങ്ങളിലേക്ക് നോക്കുന്നതില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കാനും സൂക്ഷ്മത പാലിക്കാനും മനുഷ്യന് നിഷ്പ്രയാസം സാധിച്ചെന്നു വരാം .... പക്ഷെ തന്‍റെ നാവിന്‍റെ ചലനത്തെ നിയന്ത്രിക്കാന്‍ അവന്‍ പെടാപാട് പെടുന്നു.... എത്രത്തോളമെന്നാല്‍ മതബോധം കൊണ്ടും, ഭക്തികൊണ്ടും, ആരാധനയുടെ ആധിക്യം കൊണ്ടുമെല്ലാം ശ്രദ്ധേയനായ ഒരാള്‍, അശ്രദ്ധമായി പറഞ്ഞുപോകുന്ന ഒരു വാക്ക് കാരണത്താല്‍ ഒരുപക്ഷെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അത്രയും അകലം നരകത്തില്‍ അവന്‍ ആപധിച്ചേക്കാം. തിന്മകളില്‍ നിന്നും മ്ലേച്ചമായ കാര്യങ്ങളില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കുകയുംഎന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മനുഷ്യന്മാരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാന്‍ നാവിന് ഒരു മടിയുമില്ലാത്തവരുമായ എത്രയെത്ര മനുഷ്യന്മാരെ നിനക്ക് കാണാം". - [അല്‍ ജവാബുല്‍ കാഫി, പേജ് : 203].

ഇനി അഹ്ലുസ്സുന്നയില്‍ പെട്ട ഒരാളില്‍ നിന്നും അവ്യക്തമായ വാക്കുകളോ (പ്രവര്‍ത്തികളോ) ഉണ്ടാവുകയും, അതേസമയം അയാളില്‍ നിന്നും   സുവ്യക്തമായ വാക്കുകളോ (പ്രവര്‍ത്തികളോ) ഉണ്ടായാല്‍ അയാളെക്കുറിച്ച് നല്ലത് കരുതുകയും അവ്യക്തമായതിനെ മാറ്റിനിര്‍ത്തി സുവ്യക്തമായതിനെ പരിഗണിക്കേണ്ടതുമാണ്. ഉമര്‍ ബിന്‍ അല്‍ ഖത്താബ് (റ) പറഞ്ഞു : " നിന്‍റെ സഹോദരനായ ഒരു സത്യവിശ്വാസിയില്‍ നിന്നും പുറത്ത് വന്ന ഒരു വാചകത്തെ നന്മയോടെ നോക്കിക്കാണാനുള്ള വല്ല പഴുതും നീ കാണുന്ന പക്ഷം, നന്മയോടെയല്ലാതെ നീയതിനെ നോക്കിക്കാണരുത് ". ഇബ്നു കസീര്‍ റഹിമഹുല്ലാഹ് സൂറത്തുല്‍ ഹുജ്റാത്തിന്‍റെ തഫ്സീറിലാണ് അത് ഉദ്ദരിച്ചത്. അതുപോലെ ബക്റിക്ക് എഴുതിയ ഘണ്ഡനത്തില്‍   ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു : "ഒരാളുടെ സുവ്യക്തമായ വാക്കുകള്‍ അയാളുടെ അവ്യക്തമായ വാക്കുകളെ നീക്കം ചെയ്യുന്നു. അതിന്‍റെ പ്രകടമായ വശത്തിന് മറ്റു സൂചനകളെക്കാള്‍ പ്രാമുഖ്യം നല്‍കണം" [അര്‍റദ്ദ് അലല്‍ ബക്'രി, പേജ്: 334]. അതുപോലെ അദ്ദേഹം തന്‍റെ അസ്വാരിം അല്‍ മസ്ലൂല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: " ഫുഖഹാക്കളുടെ വാക്കുകള്‍ അവരുടെ വിശദീകരണമോ, അവര്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളോ പരിശോധിക്കാതെ എടുത്താല്‍ അത് പിഴച്ച വാദങ്ങളിലേക്കാണ് നയിക്കുക" - [അസ്വാരിം അല്‍മസ്'ലൂല്‍, പേജ്: 2/512]. അതുപോലെ തന്‍റെ 'ക്രിസ്തുവിന്റെ മതം മാറ്റിയവര്‍ക്കുള്ള യഥാര്‍ത്ഥ മറുപടി' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു : " ഒരാളുടെ വാക്കുകള്‍ പരിഗണിക്കുമ്പോള്‍ അയാള്‍ പറഞ്ഞിട്ടുള്ള മറ്റു കാര്യങ്ങള്‍ കൂടി പരിഗണിക്കണം. അയാള്‍ ഇവിടെ പ്രതിപാദിച്ചിട്ടുള്ളതും മറ്റിടങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളതും പരിഗണിക്കണം. അയാള്‍ ഒരു പദം പ്രയോഗിച്ചാല്‍ സാധാരണയായി എന്താണ് അയാള്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നതും ഉദ്ദേശിക്കുന്നതും എന്ന് മനസ്സിലാക്കണം" - [അല്‍ജവാബ് അസ്വഹീഹ് അല മന്‍ ബദ്ദല ദീനല്‍ മസീഹ്, പേജ്: 4/44].

  വിമര്‍ശിക്കുന്നവരും വിമര്‍ശനവിധേയമായവരും ആരും തന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തമല്ല. പരമാവധി തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കണം എന്നത് ശരിതന്നെ. പക്ഷെ ആ പരിപൂര്‍ണതയിലേക്ക് എത്തിയിട്ടില്ലാത്ത എല്ലാ നന്മകളെയും അടച്ചാക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. അഥവാ ഒന്നുകില്‍ 100% പരിപൂര്‍ണത കൈവരിച്ചത് അല്ലെങ്കില്‍ പിഴച്ചത്, ഒന്നുകില്‍ പ്രകാശിതം അല്ലെങ്കില്‍ ഇരുളടഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല.  മറിച്ച് ഉള്ള പ്രകാശത്തെ സംരക്ഷിക്കുകയും, കുറവുകള്‍ നികത്തി ആ പ്രകാശത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. രണ്ടോ അതില്‍ കൂടുതലോ വിളക്കുകള്‍ ലഭിച്ചില്ലെങ്കിലും ഒരു വിളക്കെങ്കിലും ഉള്ളതല്ലേ കൂരിരുട്ടിനേക്കാള്‍ ഉത്തമം. ശൈഖ് ഇബ്നു ബാസിന് അല്ലാഹു കരുണ ചൊരിയട്ടെ. തന്‍റെ ജീവിതം മുഴുവന്‍ പഠനത്തിനും, ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും, ദഅവത്തിനും വേണ്ടി ഒഴിച്ചവെച്ചതായിരുന്നു ആ ജീവിതം. പണ്ഡിതന്മാരെയും ത്വലബതുല്‍ ഇല്മിനെയും തങ്ങള്‍ പഠിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും, ദഅവാ രംഗങ്ങളില്‍ സജീവമാകാനും ഏറെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ഒരിക്കല്‍ ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഒരു പണ്ഡിതനെ അപ്രകാരം ഉപദേശിക്കുന്ന അവസരത്തില്‍ എന്തോ ചില ഒഴിവുകഴിവുകള്‍ അയാള്‍ പറയാന്‍ ശ്രമിച്ചു. ശൈഖിന് അയാളുടെ ന്യായീകരണത്തില്‍ തൃപ്തിയായില്ല. ശൈഖ് അയാളോട് പറഞ്ഞു:  (( العمش ولا العمى )) 'അന്തതയാണോ അതല്ല കാഴ്ചക്കുറവാണോ നല്ലത് ?!'. അതായത്: ഒരുകാര്യം പൂര്‍ണ്ണമായും കരസ്ഥമാക്കാന്‍ സാധിക്കില്ല എന്ന് കരുതി അതെല്ലാം തന്നെ ഉപേക്ഷിക്കണമെന്നത് ശരിയല്ല. ഒരാള്‍ക്ക് നല്ല ശക്തിയുള്ള കാഴ്ച ഇല്ലാതിരുന്നാല്‍ കുറഞ്ഞ കാഴ്ചയെങ്കിലും ഉണ്ടാകുന്നതല്ലേ അന്തതയെക്കാള്‍ ഭേദം. - ഇരുപതാം വയസിലെങ്ങാണ്ട് ശൈഖിന്‍റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ പൊതുജനങ്ങള്‍ക്കിടയിലും  വേണ്ടപ്പെട്ടവര്‍ക്കിടയിലും ഏറെ പ്രസിദ്ധിയാര്‍ജിച്ച പ്രകാശപൂരിതമായ ഉള്‍ക്കാഴ്ച നല്‍കി അല്ലാഹു അദ്ദേഹത്തെ ആദരിച്ചു. -.

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " കലര്‍പ്പില്ലാത്ത കറകളഞ്ഞ പ്രകാശം ഇല്ലാതെവരികയും, തെളിച്ചമില്ലാത്ത മന്ദീഭവിച്ച പ്രകാശം മാത്രം ബാക്കിയാകുകയും, ആ വെളിച്ചമെങ്കിലും ഇല്ലാതെ വന്നാല്‍ ആളുകള്‍ പൂര്‍ണമായ ഇരുട്ടിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ (വെട്ടം കുറവാണെങ്കിലും ആ വെളിച്ചത്തെ നീ  കെടുത്തിക്കളയരുത്). തീര്‍ത്തും തെളിഞ്ഞ വെളിച്ചം കിട്ടിയാലല്ലാതെ ഒരാളും ഇരുള്‍ ബാധിച്ച വെളിച്ചത്തെ ആക്ഷേപിക്കുകയും അതിനെ വിലക്കുകയും ചെയ്യരുത്. (നേരിയ വെളിച്ചമാണെങ്കിലും) ആ ഉള്ള വെളിച്ചത്തെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ എത്ര പേരാണ് പൂര്‍ണമായ ഇരുട്ടിലേക്ക് കൂപ്പുകുത്തിയതായി  നിനക്ക് കാണാന്‍ സാധിക്കുക". - [മജ്മൂഉ ഫതാവ : 10/364].  ഇത്തരം എടുത്ത് ചാട്ടത്തിന് ഒരുദാഹരണമാണ് ചില ആളുകളുടെ വാക്കുകള്‍. (അവര്‍ പറയാറുള്ളത്): "സത്യം ഒന്ന് മാത്രമായിരിക്കും, അത് ശാഖകളാവുകയില്ല. ഒന്നുകില്‍ അത് പൂര്‍ണമായും ഉള്‍ക്കൊള്ളുക. അല്ലെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുക". ഇതില്‍ സത്യം പൂര്‍ണമായി ഉള്‍ക്കൊള്ളുക എന്നത് ശരി തന്നെ. പക്ഷെ അല്ലെങ്കില്‍ അത് പൂര്‍ണമായി ഉപേക്ഷിക്കുക എന്ന് പറയുന്നത് ബാത്വിലാണ്. മറിച്ച് അല്പമെങ്കിലും നന്മ കയ്യിലുള്ളവനോട് അത് നിലനിര്‍ത്താന്‍ വേണ്ടി ഉപദേശിക്കുകയും പോരായ്മകള്‍ നികത്താന്‍ വേണ്ടി ആവശ്യപ്പെടുകയും ആണ് വേണ്ടത്. 

(ഒരാളോട് നമ്മള്‍ ബന്ധം മുറിക്കുമ്പോള്‍) അതില്‍ പ്രശംസനീയമായ ബന്ധവിച്ചേദനം (هجر) എന്ന് പറയുന്നത് ഗുണകരമായ പര്യവസാനത്തിന് അഥവാ مصلحة ന് വഴിവെക്കുന്ന ബന്ധവിച്ചേദനമാണ്. ഒരിക്കലും തന്നെ അത് ദോശകരമായ പര്യവസാനത്തിന് (مفسدة) വഴിവെക്കുന്നതായിക്കൂട.  ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " പരസ്പരം അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമ്പോഴെല്ലാം തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധം മുറിക്കാന്‍ നില്‍ക്കുന്നവരാണ് എങ്കില്‍ പിന്നെ ഒരിക്കലും  തന്നെ മുസ്ലിമീങ്ങള്‍ തമ്മില്‍  സാഹോദര്യ ബന്ധമോ, (വിശ്വാസി എന്ന നിലക്കുള്ള) സുരക്ഷിതത്വമോ ഉണ്ടാവില്ല". - [ മജ്മൂഉ ഫതാവ 28/ 173].  അതുപോലെ അദ്ദേഹം പറഞ്ഞു : "  ശറഇയ്യായ ഒരു കാരണത്താല്‍ ഒരാളെ ഹജ്ര്‍ ചെയ്യുക എന്നുള്ളത് (ബന്ധം മുറിക്കുക എന്നുള്ളത്) ബന്ധം മുറിക്കുന്നവരുടെ ബലവും, ബലഹീനതയും അതുപോലെ എണ്ണവും, എണ്ണക്കുറവുമെല്ലാം അപേക്ഷിച്ച് വ്യത്യസ്ഥമായിരിക്കും. ബന്ധം മുറിക്കപ്പെട്ടവനെ ആ തിന്മയില്‍ നിന്നും അകറ്റുക എന്നതും, പൊതുജനങ്ങള്‍ അവനെപ്പോലെ അത്തരം തിന്മകളില്‍ ഭാഗവാക്കാകുന്നതിനെ തടയുക എന്നതുമാണ്‌  നമ്മള്‍ അവനുമായുള്ള ബന്ധം മുറിക്കുന്നതിന്‍റെ താല്പര്യം. അപ്രകാരം അവനെ ഹജ്ര്‍ ചെയ്യുന്നത് (ബന്ധം മുറിക്കുന്നത്) തിന്മ കുറക്കാനും, തിന്മയെ മന്ദീഭവിപ്പിക്കാനും ഉപകിരിക്കും വിധം ഗുണകരമെന്ന് ബോധ്യപ്പെട്ടാല്‍ അത് അനുവദനീയമാണ്. മറിച്ച് ബന്ധം മുറിക്കപ്പെട്ടവനെയോ മറ്റുള്ളവരെയോ തിന്മയില്‍ നിന്നും തടയിടാന്‍ സാധിക്കാതെ വരികയും, അതിലുപരി തിന്മ വര്‍ദ്ധിപ്പിക്കുന്നതാവുകയും, ബന്ധം മുറിക്കുന്നവന്‍ മുറിക്കപ്പെടുന്നവനെക്കാള്‍ ദുര്‍ബലനുമാണെങ്കില്‍ അപ്രകാരം ഗുണത്തെക്കാളേറെ ദോഷമാണതുണ്ടാക്കുക എന്നു വന്നാല്‍ ഹജ്ര്‍ ചെയ്യാന്‍ പാടില്ല". അതെല്ലാം വിശദീകരിച്ചുകൊണ്ട് തുടര്‍ന്നദ്ദേഹം പറയുന്നു: "അപ്രകാരമെങ്കില്‍ പിന്നെ, ശറഇയ്യായ ബന്ധവിച്ചേദനം അല്ലാഹുവും അവന്‍റെ റസൂലും ചെയ്യാന്‍ കല്‍പിച്ച അമലുകളില്‍ പെട്ടതാണ്. ഇബാദത്തുകളെല്ലാം തന്നെ അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടുള്ളതും അവന്‍റെ കല്പനകള്‍ അനുസരിച്ചുകൊണ്ടുള്ളതുമായിരിക്കണം.  അത് തീര്‍ത്തും നിഷ്കളങ്കമായി അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടുള്ളതാവണം. അതുകൊണ്ടുതന്നെ ആരെങ്കിലും തന്‍റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടിയോ, അല്ലാഹു കല്പിച്ചിട്ടില്ലാത്ത വിധത്തിലോ ഹജ്ര്‍ ചെയ്‌താല്‍ (ബന്ധവിച്ചേദനം നടത്തിയാല്‍) അവന്‍റെ ഹജ്ര്‍ ശറഇയ്യായ ഹജ്റിന് പുറത്താണ്. എന്നാല്‍ എത്രയെത്ര മനസ്സുകളാണ് അല്ലാഹുവിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയോടെ താല്പര്യപ്പെടുന്നതെല്ലാം ചെയ്തുകൂട്ടുന്നത് ". - [മജ്മൂഉ ഫതാവ 28/206]. 

പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായിക്കാണാം: ഒരു പണ്ഡിതന് തെറ്റു പറ്റിയാല്‍, ആ തെറ്റില്‍ അയാളെ പിന്തുടരാന്‍ പാടില്ല. എന്നാല്‍ അതിന്‍റെ പേരില്‍ അയാളെ പാടേ തള്ളിക്കളയാനും പാടില്ല. മറിച്ച് അയാളുടെ ആ തെറ്റ് മറ്റനേകം ശരികളാല്‍ പൊറുക്കപ്പെടുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല) തന്‍റെ മജ്മൂഉ ഫതാവയില്‍ ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി: “തങ്ങള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തെ ആസ്പദമാക്കി മുസ്‌ലിം സമൂഹത്തില്‍ നിന്നും വ്യത്യസ്ഥ കക്ഷിയാവുകയോ, അതിനെ ആധാരമാക്കി സൗഹൃദവും ശത്രുതയും വച്ചു പുലര്‍ത്തുകയോ ചെയ്യുന്നില്ലയെങ്കില്‍ അതവരില്‍ നിന്നും സംഭവിച്ചു പോയ ഒരു തെറ്റ് മാത്രമാണ്. അത്തരം കാര്യങ്ങളില്‍ പരിശുദ്ധനായ അല്ലാഹു വിശ്വാസികള്‍ക്ക് അവരുടെ തെറ്റുകള്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. അത്തരം തെറ്റുകളില്‍ മുസ്‌ലിം ഉമ്മത്തിലെ മുന്‍ഗാമികളായ എത്രയോ പണ്ഡിതന്മാരും ഇമാമീങ്ങളും പെട്ടുപോയിട്ടുമുണ്ട്. അവരുടെ ഇജ്തിഹാദ് പ്രകാരം അവര്‍ പറഞ്ഞ വാക്കുകള്‍ ചിലപ്പോഴൊക്കെ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ടു വന്നതിന് എതിരാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. (അതവര്‍ക്ക് സംഭവിച്ചുപോയ തെറ്റു മാത്രമാണ്). എന്നാല്‍ തന്‍റെ വാദങ്ങള്‍ അംഗീകരിക്കുന്നവരോട് സൗഹൃദം പുലര്‍ത്തുകയും, തന്‍റെ വാദങ്ങളെ എതിര്‍ക്കുന്നവരോട് ശത്രുത കാണിക്കുകയും, മുസ്ലിംകളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ ഒരിക്കലും അവരെപ്പോലെയല്ല”. - [മജ്മൂഉ ഫതാവ 3/349].

ഇമാം ദഹബി (റ) തന്‍റെ سير أعلام النبلاء ല്‍ പറയുന്നു: “ഇമാമീങ്ങളിലാരെങ്കിലും ചില ഒറ്റപ്പെട്ട മസ്അലകളില്‍ പൊറുക്കപ്പെടാവുന്ന വീഴ്ചകള്‍ വരുത്തുമ്പോഴേക്ക് നാം അവരെ ബിദ്അത്തുകാരായി മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, കുറ്റവും കുറവുമില്ലാത്ത ഒരാളും പിന്നെ ഉണ്ടാവുകയില്ല. ഇബ്നു നസ്റോ, ഇബ്നു മിന്‍ദയോ ആയിരുന്നാല്‍ പോലും, ഇനി വേണ്ട അവരെക്കാള്‍ വലിയവര്‍ ആയിരുന്നാല്‍ പോലും അതില്‍ നിന്നും മുക്തമാകുമായിരുന്നില്ല. അല്ലാഹുവാണ് മനുഷ്യരെ സത്യത്തിലേക്ക് വഴി നടത്തുന്നത്. അവന്‍ കാരുണ്യവാന്മാരില്‍ ഏറ്റവും വലിയ കാരുണ്യവാനാണ്. അതിനാല്‍ തന്നെ നമ്മുടെ ദേഹേച്ചയെ പിന്‍പറ്റി (മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതില്‍ നിന്നും) മോശമായ സംസാരത്തില്‍ നിന്നും നാം അല്ലാഹുവില്‍ ശരണം തേടുന്നു”. – [سير أعلام النبلاء 14/39]. (ഇബ്നു നസ്ര്‍ എന്നത് പ്രശസ്ഥ ഇമാമായ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ നസ്ര്‍ അല്‍ മര്‍വസിയാണ്. ഇബ്നു മന്‍ദ എന്നത് ഇമാം മുഹമ്മദ്‌ ബിന്‍ യഹ്’യയാണ്. ഹിജ്റ 301ലാണ് അദ്ദേഹം മരണപ്പെട്ടത്. രണ്ടുപേരും അനേകം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയ മുഹദ്ദിസീങ്ങളാണ്).  
അതുപോലെ ഇമാം ദഹബി(റ) പറഞ്ഞു: “ശരിയായ വിശ്വാസവും സത്യം മാത്രം പിന്തുടരുവാനുള്ള ദൃഢനിശ്ചയവുമുള്ള ഒരാള്‍ക്ക് അയാളുടെ ഇജ്തിഹാടില്‍ തെറ്റുപറ്റുമ്പോഴേക്ക് ബിദ്അത്ത് മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, ഇമാമീങ്ങളില്‍ നിന്നും വളരെക്കുറച്ച് പേര്‍ മാത്രമായിരിക്കും ബാക്കിയാവുക. അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും അവരോടെല്ലാം കരുണ ചെയ്യുമാറാകട്ടെ ”. – [14/376 سير أعلام النبلاء].
അതുപോലെ ഒരു വ്യക്തിയെ ജര്‍ഹ് ചെയ്യുന്നതിന് (മോശമായി വിലയിരുത്തുന്നതിന്) ചിലപ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങളും കാരണമായേക്കാം എന്ന് ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ല അദ്ദേഹത്തിന്‍റെ صيد الخاطر എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ വ്യത്യസ്ഥ പണ്ഡിതന്മാരെ കണ്ടുമുട്ടിയിട്ടുണ്ട്. അറിവിന്‍റെ കാര്യത്തില്‍ സ്വാഭാവികമായും അവര്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പക്ഷെ അവരോടൊപ്പമുള്ള സഹവാസത്തില്‍ എനിക്ക് ഏറ്റവുമധികം ഉപകാരപ്പെട്ടത് ഉള്ള അറിവ് ജീവിതത്തില്‍ പകര്‍ത്തുന്നവരാണ്. മറ്റുള്ളവര്‍ അവരെക്കാള്‍ അറിവുള്ളവര്‍ ആയിരുന്നിട്ടുകൂടി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അവരാണ്. എന്നാല്‍ ചില ഹദീസ് പണ്ഡിതന്മാരെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവര്‍ ഹദീസുകള്‍ നന്നായി മനപ്പാഠമാക്കുകയും അതിന്‍റെ പൊരുള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ പരദൂഷണം പറയുകയും അതെല്ലാം ജര്‍ഹു വ തഅദീലാണെന്നും പറഞ്ഞുകൊണ്ട് ന്യായീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അബ്ദുല്‍ വഹാബ് അല്‍ അന്മാത്വി എന്ന പണ്ഡിതനെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹം സലഫുകളെ പിന്തുടരുന്ന ആളായിരുന്നു. അദ്ദേഹത്തിന്‍റെ മജ്‌ലിസുകളില്‍ ഒരിക്കലും തന്നെ മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയുന്നത് കേള്‍ക്കാറുണ്ടായിരുന്നില്ല ”. – [صيد الخاطر ص143].
അതുപോലെ അദ്ദേഹം തന്‍റെ تلبيس إبليس  എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ചില ഹദീസ് പണ്ഡിതന്മാരുടെ മേലുള്ള പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ പെട്ടതാണ് അവര്‍ പരസ്പരം തന്‍റെ പകപോക്കുന്നതിനു വേണ്ടി മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുകയും, ശേഷം അതിനെ ഈ ഉമ്മത്തിലെ പൂര്‍വികന്മാര്‍ ശറഇനെ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ച ജര്‍ഹു വ തഅദീലിലേക്ക് കൂട്ടിക്കെട്ടുകയും ചെയ്യുക എന്നുള്ളത്. എന്നാല്‍ അല്ലാഹു ഓരോരുത്തരുടെയും ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് കൃത്യമായി അറിയുന്നവനാകുന്നു ”. – [تلبيس إبليس 2/689]. ഹിജ്റ 597ല്‍ മരിച്ച ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ലയുടെ കാലഘട്ടത്തില്‍ ഇപ്രകാരം ആയിരുന്നുവെങ്കില്‍, ഈ ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെ കാര്യം പിന്നെ പറയേണ്ടതുണ്ടോ ?!.
ഈ വളരെ അടുത്ത കാലത്ത് യമനില്‍ നിന്നുള്ള ശൈഖ് മുഹമ്മദ്‌ അബ്ദല്ലാഹ് അല്‍ ഇമാം അഹ്ലുസ്സുന്നക്കിടയിലുള്ള ഭിന്നതകളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് വിവരിക്കുന്ന (الإبانة عن كيفية التعامل مع الخلاف بين أهل السنةوالجماعة) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. യമനില്‍ നിന്നുള്ള അഞ്ചോളം പണ്ഡിതന്മാര്‍ ആ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുമുണ്ട്. ആധുനികരും പൗരാണികരുമായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമുള്ള ഒട്ടനവധി ഉദ്ദരണികള്‍ അതില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും ഇബ്നുല്‍ ഖയ്യിം(റ) യുടെയും ഉദ്ദരണികള്‍. അവയെല്ലാം പരസ്പരമുള്ള ബന്ധം നന്നാക്കാനായി അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കുള്ള ഉപദേശമാണ്. ആ ഗ്രന്ഥത്തിന്‍റെ ഒട്ടുമിക്ക അധ്യായങ്ങളും പരിശോധിക്കാനും, അത് പ്രയോജനപ്പെടുത്താനും എനിക്ക് സാധിച്ചു. ഈ ലഘുകൃതിയില്‍ ഞാന്‍ എടുത്ത് കൊടുത്ത ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും, ഇബ്നുല്‍ ഖയ്യിം(റ) യുടെയും വാക്കുകളിലേക്ക് ഞാന്‍ സഞ്ചരിച്ചത് ആ ഗ്രന്ഥത്തിലൂടെയാണ്. അതിനാല്‍ തന്നെ ആ ഗ്രന്ഥം വായിക്കുവാനും പ്രയോജനപ്പെടുത്തുവാനും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. ആ കൃതിയില്‍ വന്ന ഏറ്റവും സുന്ദരമായ ഒരു ഭാഗമാണ്: “ ഒരുപക്ഷെ സ്വീകാര്യയോഗ്യനായ ഒരാള്‍ അഹ്ലുസ്സുന്നയിലുള്ള മറ്റുചിലരെ സംബന്ധിച്ച് ആക്ഷേപിക്കുകയും അത് പരസ്പരമുള്ള അകല്‍ച്ചക്കും, പിച്ചിച്ചീന്തലിനും, തര്‍ക്കത്തിനും  വഴിയൊരുക്കുകയും ചെയ്യും. ഒരുവേള അഹ്ലുസ്സുന്ന പരസ്പരം യുദ്ധം ചെയ്യുന്നതിലേക്ക് വരെ അത് എത്തിയേക്കാം. അത്തരം വല്ല സംഭവ വികാസവും ഉണ്ടായാല്‍ ആ ജര്‍ഹ് (ആക്ഷേപം) ഒരു ഫിത്നക്ക് വകവച്ചു എന്ന് മനസ്സിലാക്കാം. അപ്രകാരം അതൊരു ഫിത്നക്ക് കാരണമായാല്‍, താന്‍ നടത്തിയ ആക്ഷേപത്തെ (ജര്‍ഹിനെ) സംബന്ധിച്ചും അതിന്‍റെ ഗുണ-ദോഷങ്ങളെ സംബന്ധിച്ചും ഒരു പുനര്‍വിചിന്തനം നടത്തേണ്ടതും, സാഹോദര്യബന്ധം നിലനിര്‍ത്തുവാനും, പ്രബോധനപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുവാനും, തെറ്റുകള്‍ നല്ല രൂപത്തില്‍ പരിഹരിക്കുവാനും ശ്രമിക്കേണ്ടതും അനിവാര്യമാണ്‌. ഉപദ്രവം പ്രകടമായ ജര്‍ഹില്‍ (ആക്ഷേപത്തില്‍) തുടരുക എന്നുള്ളത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല .

യമനിലെ സഹോദരങ്ങള്‍ക്ക് അനുഭവപ്പെട്ടത് പോലുള്ള അനുഭവം മറ്റു മതവിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും അനുഭവപ്പെടുന്നുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ഈ ഭിന്നതയിലും വിഭാഗീയതയിലും അവര്‍ ഏറെ വേദനിക്കുന്നു. അതില്‍ ഭാഗവാക്കായ തങ്ങളുടെ സഹോദരങ്ങള്‍ക്ക് നസ്വീഹത്ത് നല്‍കുവാന്‍ അവരോരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ യമാനുകാര്‍ ആ ദൗത്യം ആദ്യം നിറവേറ്റി. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ. ഒരുപക്ഷെ “വിശ്വാസം യമനിലേതാണ്. വിവേകവും യമനിലേതാണ്” - (മുത്തഫഖുന്‍ അലൈഹി) എന്ന ഹദീസ് പൊരുള്‍ ഉള്‍ക്കൊള്ളുന്നതാവാം ആ നസ്വീഹത്ത്. യമനിലെ സഹോദരങ്ങള്‍ എഴുതിയ ആ ഉപദേശം അതെന്തിന് വേണ്ടിയാണോ എഴുതപ്പെട്ടത് ആ ലക്ഷ്യം നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ. എല്ലാം സൂക്ഷമമായി പിന്തുടരുകയും ആക്ഷേപിക്കുകയും ജര്‍ഹു ചെയ്യുകയും ചെയ്യുന്ന ഈ രീതി അഹ്ലുസ്സുന്നയില്‍പ്പെട്ട ആരും പിന്തുണക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അത് അഹ്ലുസ്സുന്നക്കിടയില്‍ ശത്രുതയും, പകയും ഉണ്ടാക്കുവാനും ഹൃദയങ്ങളെ കൂടുതല്‍ കടുത്തതാക്കുവാനുമല്ലാതെ സഹായിക്കുകയില്ല.
തിന്മകളില്‍ നിന്നും വികല വിശ്വാസങ്ങളില്‍ നിന്നും മുക്തമാക്കപ്പെട്ടതിനു ശേഷവും സൗദിയെ ഫസാദാക്കുവാനും നശിപ്പിക്കുവാനും പാശ്ചാത്യശക്തികള്‍ ശ്രമിക്കുമ്പോള്‍, പ്രത്യേകിച്ചും ജിദ്ദയില്‍ ഖദീജാ ബീവിയുടെ പേരില്‍ വ്യാജമായി തുടങ്ങിയ സ്ത്രീകളെ വഴി തെറ്റിക്കാനുള്ള കൂട്ടായ്മകള്‍ രംഗത്ത് വരുമ്പോള്‍, - ആ കൂട്ടായ്മയെ സംബന്ധിച്ച് : ‘സ്ത്രീകളെ വഴിതെറ്റിക്കാന്‍ ഖദീജ ബിന്‍ത് ഖുവൈലിദ്(റ) യുടെ പേര് ദുരുപയോഗം ചെയ്യരുത്’, എന്ന ഒരു ലേഖനം ഞാന്‍ എഴുതിയിയുട്ടുണ്ട് – ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയെ ചെറുക്കേണ്ടതിന് പകരം അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകള്‍ അവരെത്തന്നെ പരസ്പരം ആക്ഷേപിക്കുകയും, അവരെത്തന്നെ സൂക്ഷിക്കണം എന്ന് പറയുകയും ചെയ്യുന്നത് ഏറെ അത്ഭുതകരമാണ്.
എല്ലാ പ്രദേശങ്ങളിലുമുള്ള അഹ്ലുസ്സുന്നയുടെ ആളുകള്‍ക്ക് പ്രവാചകന്‍റെ ചര്യയെ മുറുകെപ്പിടിക്കാനും, സ്നേഹിക്കാനും, നന്മയിലും തഖ്’വയിലും പരസ്പരം സഹകരിക്കാനും, അവര്‍ക്കിടയിലുള്ള വിഭാഗീയതക്കും ഭിന്നതക്കും കാരണമാകുന്ന സകല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുവാനും കഴിയട്ടെയെന്നു ഞാന്‍ അല്ലാഹുവിനോട് തേടുന്നു. അതുപോലെത്തന്നെ മതത്തെ അറിയാനും പഠിക്കാനും സത്യത്തില്‍ ഉറച്ചു നില്‍ക്കാനും മുസ്ലിമീങ്ങള്‍ക്കെല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

وصلى الله وسلم وبارك على نبينا محمد وعلى آله وصحبه..........
 ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ്
DATE: HIJRA : 16/1/1432.

Monday, November 17, 2014

ഇസ്തിഖാറത്തിന്‍റെ രൂപം - ശൈഖ് ഇബ്ന്‍ ബാസ് (റഹിമഹുല്ല).

ചോദ്യം: ഇസ്തിഖാറത്തിന്‍റെ രൂപം എപ്രകാരമാണ് ?. അതില്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത് ?. ഇസ്തിഖാറത്തിന്‍റെ പ്രാര്‍ത്ഥന നമസ്കാരത്തിലാണോ, അതല്ല നമസ്കാര ശേഷമാണോ പ്രാര്‍ഥിക്കേണ്ടത് ?. 


ഉത്തരം: രണ്ടു റകഅത്ത് നമസ്കരിക്കുകയും അതിനു ശേഷം പ്രവാചകന്‍() പഠിപ്പിച്ച പ്രാര്‍ത്ഥന പ്രാര്‍ഥിച്ചുകൊണ്ട് ഇസ്തിഖാറ നടത്തുകയും ചെയ്യുക എന്നതാണ് ഇസ്തിഖാറ നമസ്കാരത്തിന്‍റെ രൂപം. സലാം വീട്ടിയത്തിനു ശേഷം തന്‍റെ ഇരു കൈകളും ഉയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിക്കണം: 

اللهم إني أستخيرك بعلمك، وأستقدرك بقدرتك، وأسألك من فضلك العظيم، فإنك تعلم ولا أعلم، وتقدر ولا أقدر، وأنت علام الغيوب، اللهم إن كنت تعلم أن هذا الأمر ويسميه) يعني الزواج بفلانة، السفر إلى البلاد الفلانية، تجارتي في هذا الشيء، يسميه (خير لي في ديني ومعاشي وعاقبة أمري، فيسره لي ثم بارك لي فيه، وإن كنت تعلم أن هذا الأمر ويسميه باسمه شر لي في ديني ومعاشي وعاقبة أمري فاصرفه عني واصرفني عنه، وقدِّر لي الخير حيث كان، ثم أرضني به.

 അല്ലാഹുവേ നിന്‍റെ അറിവിനെ മുന്‍നിര്‍ത്തി ഏറ്റവും ഉചിതമായ കാര്യത്തെ ഞാന്‍ ചോദിക്കുന്നു. നിന്‍റെ കഴിവിനെ മുന്‍നിര്‍ത്തി നിന്നോട് ഞാന്‍ കഴിവിനെ തേടുന്നു. നിന്‍റെ മഹത്തായ ഔദാര്യത്തില്‍ നിന്നും ഞാന്‍ യാചിക്കുകയും ചെയ്യുന്നു. കാരണം നീ എല്ലാത്തിനും കഴിവുള്ളവനാണ്‌. ഞാനാകട്ടെ ഒന്നിനും കഴിവില്ലാത്തവാനാണ്. നീ എല്ലാമറിയുന്നവനും അദൃശ്യ കാര്യങ്ങള്‍ പോലും സൂക്ഷ്മമായി അറിയുന്നവനുമാണ്‌. ഞാനാകട്ടെ അറിയാത്തവനും. ഈ കാര്യം (ഇവിടെ ഉദ്ദേശിക്കുന്ന കാര്യം എന്ത് എന്ന് വ്യക്തമാക്കണം. ഉദാ: ഇന്നവളുമായുള്ള വിവാഹം, ഇന്ന രാജ്യത്തേക്കുള്ള യാത്ര, ഇന്ന ഇനം കച്ചവടത്തിലേക്കുള്ള ഇറക്കം ...എന്നിങ്ങനെ ഉദ്ദേശിക്കുന്ന കാര്യം എടുത്ത് പറയുക). (ആ പറയപ്പെട്ട കാര്യം) എനിക്ക് എന്‍റെ മതത്തിലും, ജീവിതത്തിലും, എന്‍റെ പര്യവസാനത്തിലും ശുഭകരവും നന്മയുമാണ് എന്ന് (നാഥാ) നീ അറിയുന്നുവെങ്കില്‍ അതെനിക്ക് എളുപ്പമാക്കിത്തരുകയും, പിന്നീട് എനിക്കതില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ!. ഇനി ഈ കാര്യം (ഉദ്ദേശിക്കുന്ന കാര്യം ഇവിടെ എടുത്ത് പറയുക) എന്‍റെ മതത്തിലും, ജീവിതത്തിലും, എന്‍റെ പര്യവസാനത്തിലും ദോഷകരമാണ് എങ്കില്‍ അതിനെ എന്നില്‍ നിന്നും, എന്നെ അതില്‍ നിന്നും നീ അകറ്റേണമേ. നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും, എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ. 

ഇതാണ് ഇസ്തിഖാറത്തുമായി ബന്ധപ്പെട്ട പ്രവാചകന്‍() യുടെ ചര്യ.

ഈ ലേഖനത്തിന്‍റെ അറബി ആവശ്യമുള്ളവര്‍ ഈ ലിങ്കില്‍ പോകുക: 

അനുബന്ധ ലേഖനങ്ങള്‍: 

1-  മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുമ്പോള്‍ നാം അറിയാതെ മറന്നു പോയ ഒരു സുന്നത്ത്..... നാസിലത്തിന്റെ ഖുനൂത്ത് !.

2-  നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കേണ്ടതെങ്ങനെ ?!. - ലിജ്നതുദ്ദാഇമ.

3-  നമസ്കാരത്തിൽ അറബിയല്ലാത്ത ഭാഷകളിൽ പ്രാർഥിക്കാമോ ? - സ്വാലിഹ് അൽ ഫൗസാൻ (ഹഫിദഹുല്ല). 

4- നമസ്കാരശേഷമുള്ള കൂട്ട്പ്രാര്‍ത്ഥനയുടെ വിധിയെന്ത്‌ ? - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല). 

Tuesday, November 11, 2014

നരകത്തില്‍ മുഖം കുത്തി വീഴ്ത്തുന്നത് നാവല്ലാതെ മറ്റെന്താണ് ?!..


الحمد لله، والصلاة والسلام على اشرف خلق الله، وعلى آله وصحبه أجمعين، أما بعد؛

www.fiqhussunna.com

മനുഷ്യന്‍റെ സ്വര്‍ഗ്ഗ നരകങ്ങള്‍ നിര്‍ണ്ണയിക്കുമാറ് ഗൗരവപരമാണ് അവന്‍റെ നാവിന്‍റെ ഉപയോഗം. മുആദ് (റ) വില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹത്തിന് സ്വര്‍ഗത്തിലേക്ക് എത്താനുള്ള ഒരുപാട് നന്മകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്തിനു ശേഷം പ്രവാചകന്‍() പറയുകയുണ്ടായി: 

قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ

എന്നാല്‍ അവയെയെല്ലാം അധീനപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ, മുആദ്(റ) പറഞ്ഞു: അതേ പ്രവാചകരേ.. അപ്പോള്‍ പ്രവാചകന്‍() തന്‍റെ നാവ് എടുത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കണം. അപ്പോള്‍ മുആദ് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ?. അപ്പോള്‍ പ്രവാചകന്‍() പറഞ്ഞു: മുആദേ.. നിനക്കെന്തു പറ്റി, തങ്ങളുടെ നാവു കൊണ്ട് സമ്പാദിച്ചതല്ലാതെ മറ്റെന്താണ് ജനങ്ങളെ നരകത്തിലേക്ക് മുഖംകുത്തി വീഴ്ത്തുന്നത് ?!. - [തിര്‍മിദി]. 
അതെ, നാവ് ഒന്നുകില്‍ മനുഷ്യനെ സ്വര്‍ഗത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ നരകത്തിലേക്കും. നാവ് സമ്പാദിച്ചു കൂട്ടുന്നതിലുപരിയായി  സോഷ്യല്‍ മീഡിയകളും മറ്റും കൂടിയായപ്പോള്‍ തിന്മ ഇരട്ടിപ്പിക്കാനുള്ള ഉപാധികള്‍ കൂടി വര്‍ദ്ധിച്ചു.  അല്ലാഹുവില്‍ ശരണം....

നന്മ സംസാരിക്കുക എന്നത് ഒരു വിശ്വാസിയുടെ ലക്ഷണമാണ്.

"مَنْ كَانَ يُؤمِنُ بِاللهِ وَاليَومِ الآخِرِ فَليَقُل خَيرَاً أَو ليَصمُت

"ആരെങ്കിലും അല്ലാഹുവിലും  അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ " - [ബുഖാരി , മുസ്‌ലിം].

പരലോകബോധവും സൃഷ്ടാവിനെ കണ്ടുമുട്ടുമെന്ന തിരിച്ചറിവും ഒരാളുടെ നാവിനെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. മാത്രമല്ല അന്ത്യദിനത്തില്‍ നാവ് മനുഷ്യന് വരുത്തി വെക്കുന്ന വിനയെക്കുറിച്ചും ഈ ഹദീസ് താക്കീത് നല്‍കുന്നുണ്ട്.

അതിനാലാണ് ഒരു അറബി കവി പാടിയത് : 

احذر لسانك أيها الإنسان ...... لا يلدغنك إنه ثعبان 
فكم في المقابر من قتيل لسانه ..... كانت تخاف لقاءه الشجعان

മനുഷ്യാ നീ നിന്‍റെ നാവിനെ സൂക്ഷിക്കുക... 
അതൊരു പാമ്പാണ്, അത് നിന്നെ കൊത്താതെ നോക്കണം...
ആ നാവിനിരയായ എത്രയെത്ര ആളുകളാണ് ഇന്ന് ഖബറിലുള്ളത്... 
 ജീവിതകാലത്ത് , വലിയ വലിയ ശുജായിമാര്‍ പോലും ആ നാവിനെ ഭയപ്പെട്ടിരുന്നു...

ഇമാം നവവി (റഹിമഹുല്ല) പറയുന്നു: "പ്രായപൂര്‍ത്തിയെത്തിയ വിവേകമുള്ള ഓരോ വ്യക്തിയും ഉപകാരപ്രദമല്ലാത്ത സകല സംസാരങ്ങളില്‍ നിന്നും തന്‍റെ നാവിനെ സൂക്ഷിക്കേണ്ടതുണ്ട്. സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പ്രത്യേകിച്ച് വിത്യാസമൊന്നുമില്ലാത്ത ഒരു കാര്യമാണെങ്കില്‍ പോലും അത് സംസാരിക്കാതെ നാവിനെ പിടിച്ചു വെക്കലാണ് സുന്നത്ത്. കാരണം അത്തരത്തിലുള്ള സംസാരം പിന്നീട് വെറുക്കപ്പെട്ട സംസാരങ്ങളിലേക്കും നിഷിദ്ധമായ സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കും. സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്. സുരക്ഷിതമായിടത്ത് നിന്നാല്‍ അതിന് തുല്യമായി മറ്റൊന്നും തന്നെയില്ല." - [അല്‍ അദ്കാര്‍].

ഇനി ഏറ്റവും ശ്രേഷ്ഠനായ മുസ്ലിമായി പ്രവാചകന്‍() എണ്ണിയ കൂട്ടത്തില്‍, ഒരാള്‍ ആരാണെന്നറിയുമോ ?!.

عن أبي موسى الأشعري قال: قلتُ يا رسولُ اللّه، أيُّ المسلمين أفضلُ؟ قال: "مَنْ سَلِمَ المُسْلِمُونَ مِنْ لِسانِهِ وَيَدِهِ".

അബൂ മൂസല്‍ അശ്അരി പറയുന്നു: ഞാന്‍ പ്രവാചകനോട് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം ആരാണ് ?. പ്രവാചകന്‍() പറഞ്ഞു:  "ഏതൊരാളുടെ നാവില്‍ നിന്നും, കയ്യില്‍ നിന്നും മറ്റു മുസ്ലിമീങ്ങള്‍ രക്ഷപ്പെടുന്നുവോ അവനാകുന്നു ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം." - [ ബുഖാരി, മുസ്‌ലിം].

നാവിനെ നിയന്ത്രിക്കുന്നവന് സ്വര്‍ഗമുണ്ട് എന്നത് പ്രവാചകന്‍() നല്‍കിയ ഉറപ്പാണ്:

عن سهل بن سعد رضي اللّه عنه، عن رسول اللّه صلى اللّه عليه وسلم قال: "مَنْ يَضْمَنْ لي ما بينَ لَحْيَيْهِ وَما بينَ رِجْلَيْهِ، أضْمَنْ لَهُ الجَنَّةَ".

സഹ്ല്‍ ബിന്‍ സഅദ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍() പറഞ്ഞു: "തന്‍റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിനെയും, തുടയെല്ലുകള്‍ക്കിടയിലുള്ളതിനെയും (സൂക്ഷിക്കാമെന്ന്) ആരെനിക്ക്  ഉറപ്പ് നല്‍കുന്നുവോ, അവന് സ്വര്‍ഗമുണ്ടെന്നത് ഞാനും ഉറപ്പ് നല്‍കുന്നു." - [ബുഖാരി].

അശ്രദ്ധയോടെ പലപ്പോഴും നാം പറഞ്ഞുപോകാറുള്ള വാക്കുകളുടെ ഗൗരവം എന്തെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. തന്‍റെ വാക്കുകള്‍, കമന്‍റുകള്‍, അഭിപ്രായ പ്രകടനങ്ങള്‍, വൈകാരികമായ പ്രതികരണങ്ങള്‍, ഇവയെല്ലാം അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കാന്‍ ഉത്തകുന്നവയാണോ എന്ന് നാം പരിശോധിക്കാറുണ്ടോ ?! ..

إن العبد ليتكلم بالكلمة من سخط الله لا يلقي لها بالا ؛ يهوي بها في نار جهنم

അബൂ ഹുറൈറയില്‍ നിന്നും നിവേദനം: പ്രവാചകന്‍() പറയുന്നതായി ഞാന്‍ കേട്ടു: "അല്ലാഹുവിനെ കോപിപ്പിക്കുന്ന ഒരു വാക്ക്  അശ്രദ്ധനായി ഒരടിമ ഉരുവിട്ടത് കാരണത്താല്‍ അവന്‍ നരകത്തില്‍ കത്തിയെരിയുക തന്നെ  ചെയ്യും." -[ ബുഖാരി].  ഇമാം  മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍ "കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലമത്രയും അവന്‍ നരകത്തില്‍ ആപതിക്കും." എന്നും കാണാം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.

അബൂ ഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ ഒരു ഹദീസ് നമ്മുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കട്ടെ. എന്‍റെ രക്ഷിതാവിന്‍റെ പക്കല്‍ പ്രതിഫലമര്‍ഹിക്കുന്നതല്ലാത്ത സംസാരങ്ങളില്‍ ഞാന്‍ ഭാഗവാക്കുകയില്ല എന്നാ തീരുമാനമെടുക്കാന്‍ ഈ ഹദീസ് നമ്മെ ഓരോരുത്തരെയും പ്രേരിപ്പിക്കട്ടെ...  

ഒരാളുടെ സംസാരം മാത്രമല്ല അവന്‍റെ കണ്ണും കാതും ഹൃദയവുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. നല്ലത് കാണുക, നല്ലത് പറയുക, നല്ലത് കേള്‍ക്കുക, നല്ലത് ചിന്തിക്കുക. ഇഹത്തിലും പരത്തിലും ശാന്തിയും സമാധാനവും നമുക്ക് നഷ്ടമാകുകയില്ല.

إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُوْلَئِكَ كَانَ عَنْهُ مَسْئُولًا- [الإسراء:36[

"തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌." - [ഇസ്റാഅ് : 36].

ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: " നിനക്ക് അനുവദനീയമല്ലാത്തത് കാണുന്നതിനെയും, കേള്‍ക്കുന്നതിനെയും, വിശ്വസിക്കുന്നതിനെയും കൃത്യമായി വിലക്കുകയും അതില്‍ നിന്നും താക്കീത് നല്‍കുകയും ചെയ്യുന്ന വചനമാണിത്. കാരണം നീ കേള്‍ക്കുന്നതിനെ സംബന്ധിച്ചും, നീ കാണുന്നതിനെ സംബന്ധിച്ചുംനീ വിശ്വസിക്കുന്നതിനെ സംബന്ധിച്ചും തീര്‍ച്ചയായും നീ വിചാരണ ചെയ്യപ്പെടുന്നതാണ്."  - ( http://www.binbaz.org.sa/mat/9099 ).

മാത്രമല്ല തന്‍റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തില്‍ പ്രത്യേക സ്ഥാനം പ്രവാചകന്‍() വാഗ്ദാനം ചെയ്തിട്ടുണ്ട്:

عن أبي أمامة قال: قال رسول الله صلى الله عليه وسلم: أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحا، وببيت في أعلى الجنة لمن حسن خلقه.

അബൂ ഉമാമ(റ)യില്‍ നിന്നും നിവേദനം: പ്രവാചകന്‍() പറഞ്ഞു: തന്‍റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്‍റെ താഴ്വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്ക് പോലും കളവ് പറയാത്തവന് സ്വര്‍ഗ്ഗത്തിന്‍റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തന്‍റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗ്ഗത്തിന്‍റെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. - [ശൈഖ് അല്‍ബാനി ഹസന്‍ ആയി രേഖപ്പെടുത്തിയ ഹദീസ്].

അതിനാല്‍ തന്നെ അനാവശ്യമായ സംസാരങ്ങളും തര്‍ക്കങ്ങളും ഉപേക്ഷിക്കുക. സ്വര്‍ഗ്ഗത്തില്‍ ഒരു വീട് എന്നത് ആരാണ് ആഗ്രഹിക്കാത്തത്.നാവിനെ നിയന്ത്രിക്കാനായാല്‍ ലഭിക്കുന്ന പ്രതിഫലം എത്ര സുന്ദരം. അല്ലേ !.

മറിച്ച് നാവിനെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നാലോ?!. കത്തിജ്വലിക്കുന്ന നരകമായിരിക്കും കാത്തിരിക്കുന്നത്. നാവ് എന്ന്‍ പറയുമ്പോ നാം സംസാരിക്കുന്നത് എന്ന് മാത്രം കരുതേണ്ടതില്ല. സംസാരിക്കുന്നതിന് തുല്യമായ പ്രവര്‍ത്തനങ്ങളെല്ലാം അതില്‍ പെട്ടു. ഫേസ്ബുക്കിലും ട്വിറ്റെറിലുമെല്ലാമുള്ള എഴുത്ത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്തെല്ലാം നാം എഴുതിയും സംസാരിച്ചും കൂട്ടുന്നു. അതിനൊക്കെ നാം വിചാരണ ചെയ്യപ്പെടും എന്നത് വാസ്തവമല്ലേ ?! ... പക്ഷെ പലരും പറയാറുള്ളത് പോലെ എയ്ത അമ്പും, പുറത്ത് വന്ന വാക്കും ഒരുപോലെയാണ്. തിരിച്ചെടുക്കാന്‍ സാധിക്കില്ല. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. 

സഹോദരാ അന്ത്യദിനത്തില്‍ ഉപകരിക്കാത്തത് പറയരുത്. പ്രവര്‍ത്തിക്കരുത്. തെറ്റുകള്‍ വന്നു പോയേക്കാം, പക്ഷെ നന്മ തിന്മകള്‍ വിഹിതം വെക്കപ്പെടുന്നതിനു മുന്പ് തിരുത്തുക. ഖേദിച്ച് മടങ്ങുക.

അല്ലാത്ത പക്ഷം ഞാനും നീയും പാപ്പരായിരിക്കും. ദുനിയാവിലല്ല, എന്നെന്നേക്കുമുള്ള ജീവിതത്തില്‍.... ഈ ഹദീസ് ഒന്ന് മനസ്സിരുത്തി വായിക്കുക: 

عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم: "أتدرون من المفلس؟" قالوا: المفلس فينا من لا درهم له ولا متاع فقال:" إن المفلس من أمتي من يأتي يوم القيامة بصلاة وصيام وزكاة، ويأتي وقد شتم هذا وقذف هذا وأكل مال هذا وسفك دم هذا و ضرب هذا فيعطى هذا من حسناته، وهذا من حسناته فإن فنيت حسناته قبل أن يقضي ما عليه أُخذ من خطاياهم فطرحت عليه ثم طرح في النار

അബൂ ഹുറൈറ (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍() ചോദിച്ചു: പാപ്പരായവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയുമോ ?. സ്വഹാബത്ത് പറഞ്ഞു: കൈവശം ദിര്‍ഹമും സമ്പത്തുമൊന്നും ഇല്ലാത്തവാനാണ് പാപ്പരായവന്‍. അപ്പോള്‍ പ്രവാചകന്‍() പറഞ്ഞു: എന്നാല്‍ എന്‍റെ ഉമ്മത്തില്‍ പാപ്പരായവന്‍ ആരാണെന്നു വച്ചാല്‍ : അവന്‍ ഖിയാമത്ത് നാളില്‍ നമസ്കാരവും, നോമ്പും , സകാത്തുമൊക്കെ അനുഷ്ടിച്ചവനായിട്ടായിരിക്കും വരിക. അതോടൊപ്പം അവന്‍ ഇന്നയാളെ ചീത്ത വിളിച്ചിട്ടുണ്ടാവും, മറ്റൊരാളെ സംബന്ധിച്ച് അപവാദം പറഞ്ഞിട്ടുണ്ടാകും, ഇന്നയാളുടെ സമ്പത്ത് അന്യായമായി ഭക്ഷിചിട്ടുണ്ടാകും, ഇന്നയാളുടെ രക്തം ചിന്തിയിട്ടുണ്ടാകും, ഇന്നയാളെ ഉപദ്രവിചിട്ടുണ്ടാകും.. അങ്ങനെ (അവന്‍റെ അക്രമത്തിന് ഇരയായ) ഇന്നയാള്‍ക്ക്, ഇന്നയിന്ന ആള്‍ക്ക് അങ്ങനെ ഓരോരുത്തര്‍ക്കും അവന്‍റെ നന്മയില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെടും. അങ്ങനെ അവന്‍റെ നന്മകള്‍ അവസാനിച്ചാല്‍ അവരുടെ തിന്മകള്‍ എടുത്ത് അവന്‍റെ മേല്‍ ചുമത്തപ്പെടും. അങ്ങനെ അവന്‍ നരകത്തിലേക്ക് എറിയപ്പെടുകയും ചെയ്യും. - [സ്വഹീഹ് മുസ്‌ലിം].

അതെ, നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത് നാവല്ലാതെ മറ്റെന്താണ് ?!......... അല്ലാഹുവില്‍ ശരണം....

അല്ലാഹു നമ്മെ അവനെ ഭയപ്പെട്ട് ജീവിക്കുന്ന അടിമകളില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ...