Saturday, July 27, 2019

ഉള്ഹിയ്യത്ത് അഥവാ ബലികർമ്മം - ലഘുലേഖ.

ആവർത്തിച്ച് വരുന്ന ഒരു ആരാധനാ കർമ്മമായതിനാൽ എപ്പോഴും നാം അറിയാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഉള്ഹിയ്യത്ത് നിയമങ്ങൾ. നേരത്തെ പലതവണ വിശദമായ ലേഖനങ്ങൾ നാം എഴുതിയിരുന്നുവെങ്കിലും എല്ലാം സംഗ്രഹിച്ച് ലഘുലേഖ രൂപത്തിൽ ഒരു ലേഖനം ആവശ്യമാണ് എന്ന് പല സഹോദരങ്ങളുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണിത്. മതപരമായ വിഷയമായതുകൊണ്ടും ആധികാരികത നഷ്ടപ്പെടരുത് എന്നതുകൊണ്ടും ലേഖകൻ്റെ പേരും വെബ്സൈറ്റിൻ്റെ പേരും നീക്കം ചെയ്യാതെ ഇൽമിയ്യായ അമാനത്ത് കാത്തു സൂക്ഷിച്ചുകൊണ്ട് ആർക്കും ഈ ലേഖനം  പ്രിൻറ്റ് ചെയ്ത് വിതരണം ചെയ്യാവുന്നതാണ്. വാരികകളിലോ മറ്റു പ്രസിദ്ധീകരണങ്ങളിലോ പ്രസിദ്ധീകരിക്കാൻ മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ...  





ഉള്ഹിയ്യത്ത് അഥവാ ബലികർമ്മം 

 അബ്‌ദുറഹ്‌മാൻ അബ്‌ദുല്ലത്തീഫ്‌ പി. എൻ
www.fiqhussunna.com


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛


ഉള്ഹിയ്യത്ത് കർമ്മത്തിൻ്റെ  പ്രാധാന്യം:

വളരെയധികം പ്രാധാന്യമുള്ള ഒരാരാധനാ കർമ്മമാണ്‌ ഉള്ഹിയത്ത്. വിശുദ്ധ ഖുർആനിൽ ഇത് പ്രത്യേകം പ്രതിപാദിക്കപ്പെട്ടത് കാണാം:



وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ

  "ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌." - [ഹജ്ജ് :34].  


മാത്രമല്ല ബലിയറുക്കാൻ നമ്മോട് അല്ലാഹു കല്പിക്കുകയും ചെയ്തു: 


فَصَلِّ لِرَبِّكَ وَانْحَرْ

"ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക". - [അൽ കൗസർ: 2]. 

മാത്രമല്ല അബൂ ഹുറൈറ (റ) വിൽ നിന്നും ഇപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്: "ബലിയറുക്കാൻ സാധിക്കുന്നവനായിട്ടും ബലിയറുക്കാത്തവൻ നമ്മുടെ മുസ്വലയിലേക്ക് വരേണ്ടതില്ല". - [മുസ്‌നദ് അഹ്മദ്: 6/466]. 

ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ബലിയറുക്കൽ അങ്ങേയറ്റം പ്രാധാന്യമുള്ള സുന്നത്താണ്. എന്നാൽ ഇമാം അബൂ ഹനീഫയെപ്പോലെയുള്ള ഇമാമീങ്ങൾ കഴിവുള്ളവന് ബലിയറുക്കൽ നിർബന്ധമാണ് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിവുള്ള ആളുകൾ അതിനെ നിസാരമായി അവഗണിക്കാതെ നിർബന്ധബുദ്ധിയാ   ചെയ്യുന്നതാണ് സൂക്ഷ്മത. അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾക്കുള്ള നന്ദിസൂചകമായ ഒരു ദാനധർമ്മം കൂടിയാണത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എനിക്കും എന്‍റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ അറുത്താല്‍ ഒരു വീട്ടില്‍ കഴിയുന്നവരാണ് എങ്കില്‍,  കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് മതിയാവുമെങ്കിലും, ഓരോരുത്തര്‍ക്കും സാമ്പത്തികമായി കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുകയാണ് വേണ്ടത്

ഉള്‌ഹിയ്യത്ത് മൃഗം: 

بهيمة الأنعام അഥവാ ഒട്ടകം, മാട്, ആട് എന്നിങ്ങനെ കന്നുകാലികളിൽ പെട്ട മൃഗത്തെയാണ് ബലി അറുക്കേണ്ടത്. ഒട്ടകം പിന്നെ മാടുകൾ പിന്നെ ആട് എന്നിങ്ങനെയാണ് ശ്രേഷ്ഠത. മാംസം വർധിച്ചവക്കും നല്ല ഇനത്തിനും കൂടുതൽ പ്രതിഫലം ലഭിക്കും. അതിലെല്ലാമുപരി ചെയ്യുന്നവരുടെ ആത്മാർത്ഥതയും പ്രതിഫലേച്ഛയും ഓരോരുത്തരുടെയും കഴിവുമൊക്കെ അനുസരിച്ചാണ് അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കുന്നത്. നിയ്യത്ത് നന്നായാൽ പ്രതിഫലവും വർധിക്കുമെന്നർത്ഥം. 

ബലിമൃഗത്തിൻ്റെ പ്രായപരിധി താഴെ പറയുന്നത് പ്രകാരമാണ്:

ഒട്ടകം : അഞ്ചു വയസ് തികയണം. ഇത് നാല് മദ്ഹബിൻ്റെ ഇമാമീങ്ങൾക്കും ഏകാഭിപ്രായമുള്ള കാര്യമാണ്.  

മാടുകൾ (പോത്ത്, കാള, മൂരി, പശു, എരുമ): ഹനഫീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ അഭിപ്രായപ്രകാരം രണ്ട് വയസ് തികഞ്ഞവ. മാലിക്കീ അഭിപ്രായപ്രകാരം മൂന്ന് വയസ് തികയണം. രണ്ട് വയസ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം. 

ആട് : കോലാട് അഥവാ നമ്മുടെ നാടൻ ആടുകൾ ആണെങ്കിൽ ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ഒരു വയസ് തികയണം. ശാഫിഈ അഭിപ്രായപ്രകാരം രണ്ട് വയസ് തികയണം. കോലാടിന് ഒരു വയസ് തികഞ്ഞാല്‍ മതി എന്നതാണ് ഭൂരിപക്ഷാഭിപ്രായം. 

ഇനി ചെമ്മരിയാട് ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ആറു മാസം തികയണം. ശാഫിഈ അഭിപ്രായപ്രകാരം ഒരു വര്‍ഷമെത്തിയിരിക്കണം. ആറു മാസം എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ചെമ്മരിയാടിന്‍റെ വിഷയത്തില്‍ മാത്രമുള്ള ഇളവാണ് ഇത്. ചെമ്മരിയാടില്‍ മാത്രമാണ് جذعة നബി (സ) അനുവദിച്ചിട്ടുള്ളത്. പല്ല് പൊഴിയുന്ന പ്രായം അഥവാ ആറു മാസം പ്രായമെത്തിയവയാണവ.  എന്നാല്‍ ചെമ്മരിയാടിലും ഒരു വയസ് തികയുകയാണ് എങ്കില്‍ അതാണ്‌ ശ്രേഷ്ഠം. ചില പണ്ഡിതന്മാര്‍ മുകളില്‍ ഉദ്ദരിച്ച ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഒരു വയസ് തികഞ്ഞതിനെ കിട്ടിയില്ലെങ്കിലല്ലാതെ ആറു മാസം ഉള്ളതിനെ അറുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.  

ചുരുക്കത്തില്‍ ആട് ആണ് എങ്കില്‍ ഒരു വയസ് തികഞ്ഞതും, മാടുകളാണ് എങ്കില്‍ രണ്ട് വയസ് തികഞ്ഞതും, ഒട്ടകം ആണ് എങ്കില്‍ 5 വയസ് തികഞ്ഞതും.

ബലി മൃഗത്തിന് ഉണ്ടാവാൻ പാടില്ലാത്ത ന്യൂനതകൾ: 


ഉളുഹിയത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങളില്‍ അവയുടെ മാംസം ചുരുങ്ങുകയോ, കേടുവരുത്തുകയോ ചെയ്യുന്നതായ ന്യൂനതകള്‍ ഉണ്ടായിരിക്കരുത്. ഹദീസില്‍ ഇപ്രകാരം കാണാം: 

عَن الْبَرَاءِ بْنِ عَازِبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ مَاذَا يُتَّقَى مِنْ الضَّحَايَا فَقَالَ أَرْبَعٌ  الْعَرْجَاءُ الْبَيِّنُ ظَلْعُهَا وَالْعَوْرَاءُ الْبَيِّنُ عَوَرُهَا وَالْمَرِيضَةُ الْبَيِّنُ مَرَضُهَا وَالْعَجْفَاءُ الَّتِي لَا تُنْقِي


ബറാഅ് ബ്ന്‍ ആസി'ബ് (റ) നിവേദനം: നബി (സ) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉദുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ ?. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജയും (നെയ്യും) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ." - [മുസ്നദ്: 18675]. 

ഹദീസിലെ 'പ്രകടമായ'എന്ന പ്രയോഗത്തില്‍ നിന്നും സാധാരണ കണക്കാക്കപ്പെടാത്ത നിസാരമായ ന്യൂനതകള്‍ ആണ് അവക്കുള്ളതെങ്കില്‍ കുഴപ്പമില്ല എന്ന് മനസ്സിലാക്കാം.

രോഗം പ്രകടമായവ, നടക്കാന്‍ പ്രയാസമുള്ളവ, ശരീരഭാഗങ്ങള്‍ മുറിഞ്ഞു പോയവ, കണ്ണ് പൊട്ടിയത്, കണ്ണ് തുറിച്ച് നില്‍ക്കുന്നത്, കാഴ്ച നഷ്ടപ്പെട്ടത്, അവശത ബാധിച്ചവ എന്ന് തുടങ്ങി മറ്റു മാടുകളോടൊപ്പം തീറ്റയിലും കുടിയിലും ഒപ്പമെത്താത്ത ന്യൂനതകളുള്ളവ ഉളുഹിയ്യത്തില്‍ അനുവദനീയമല്ല. അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

لا تجزئ التضحية بما فيه عيب ينقص اللحم كالمريضة، فإن كان مرضها يسيراً لم يمنع الإجزاء، وإن كان بينا يظهر بسببه الهزال وفساد اللحم لم يجزه

"രോഗബാധിതമായതിനെപ്പോലെ ഇറച്ചി കുറയാന്‍ കാരണമാകുന്ന ന്യൂനതയുള്ളവ ഉളുഹിയ്യത്തിന് അനുവദനീയമല്ല. ഇനി രോഗം നിസാരമാണ് എങ്കില്‍ അതില്‍ തടസ്സമില്ലതാനും. എന്നാല്‍ പ്രകടമായതും, അതുകാരണം അവശതക്കും ഇറച്ചി ദുഷിക്കാനും ഇടവരുത്തുന്നതുമായ രോഗമാണ് ഉള്ളത് എങ്കില്‍ അത് അനുവദനീയമല്ല." -  [المجموع :8/293].

എന്നാല്‍ മണി ഉടച്ചവക്ക് കുഴപ്പമില്ല. അത് ഇറച്ചിയുടെ രുചിയും മേന്മയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ബലി മൃഗം ഗുണത്തിലും മേന്മയിലും ഭംഗിയിലും എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം അത് ശ്രേഷ്ഠകരമാണ്. പക്ഷെ ലോകമാന്യത ഉദ്ദേശിച്ചുകൊണ്ടോ, ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനോ ആണ് ഒരാള്‍ നല്ല ഇനം നോക്കി വാങ്ങുന്നത് എങ്കില്‍ അയാള്‍ക്ക് ശിക്ഷയാണ് ലഭിക്കുക. അല്ലാഹുവിന്‍റെ പ്രീതി മാത്രമായിരിക്കണം ഏറ്റവും മുന്തിയ മൃഗത്തെ തിരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള പ്രചോദനം.  

ഉള്ഹിയ്യത്തും ഷെയറും: 

ആടിനെയാണ് അറുക്കുന്നതെങ്കിൽ ഒരാൾ സ്വന്തമായി അറുക്കണം. തനിക്കും തൻ്റെ കുടുംബത്തിനും എന്ന നിലക്ക് ഒരാൾക്ക് ഒരാടിനെ അറുക്കാം. എന്നാൽ ഉള്ഹിയ്യത്ത് ബാധ്യത നിറവേറാനായി ഒരാടിൽ ഒന്നിലധികം പേർ പണം നൽകി പങ്കാളികളായി അറുക്കാൻ പറ്റില്ല എന്നർത്ഥം.

ഒട്ടകമോ, മാടുകളോ ആണെങ്കിൽ ഏഴ് പേർക്ക് വരെ പങ്കാളികളായി അറുക്കാം. ഏഴ് പേരിൽ കൂടുതൽ ഷെയറുകൾ ഒരു ഉരുവിൽ പാടില്ല. അതുകൊണ്ടുതന്നെ ഒരാളുടെ പങ്കു ഉരുവിൻ്റെ വിലയുടെ ഏഴിലൊന്നിൽ  താഴെയാകാൻ പാടില്ല. എന്നാൽ ഷെയറുകൾ തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിന് കുഴപ്പമില്ല. ഇനി മഹല്ലുകളിലോ മറ്റോ ഷെയറുകൾ വാങ്ങി ബലി ചെയ്യുമ്പോൾ ഓരോരുത്തരുടെയും ഉരു ഏത് എന്നത് നിജപ്പെടുത്തിയിരിക്കണം. അതുപോലെ ഒരു ഉരുവിൽ ഏഴിലധികം ഷെയർ വരുന്ന സാഹചര്യം  ഉണ്ടാകാനും പാടില്ല. 


അഥവാ ഇന്ന് പല സ്ഥലങ്ങളിലും കാണുന്നത് പോലെ നിശ്ചിത സഖ്യ ഷെയര്‍ വാങ്ങുകയും ശേഷം മൊത്തം സംഖ്യ കൂട്ടി പല വിലകളിലുള്ള ഉരുക്കളെ വാങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല. ഉദാ: എല്ലാവരില്‍ നിന്നും 5000 വീതം വാങ്ങിയാല്‍ ഒരു ഉരുവിന് ഏഴു പേര്‍ എന്ന തോതില്‍ 35000 രൂപ ആണ് വരുക.  എന്നാല്‍ ചിലതിന് 30000, ചിലതിന് 40000 എന്ന രൂപത്തില്‍ ഉരു വാങ്ങിയാല്‍ ഒന്നില്‍ എട്ടു പേരും, മറ്റൊന്നില്‍ ആറു പേരും ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ പങ്കാളികളായത്. ഇത് ശറഇയ്യായി അനുവദിക്കപ്പെടുന്നില്ല.

മറിച്ച് ഓരോ ഉരുവിന്‍റെയും ഉടമസ്ഥര്‍ ആയ ഷെയറുകാര്‍ ആര് എന്ന് നിശ്ചയിക്കുകയും, അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കുറവാണ് എല്ലാ ചിലവും കഴിച്ച് ആ ഉരുവിന് വന്നത് എങ്കില്‍, മിച്ചം വന്ന സംഖ്യ തുല്യമായി അവര്‍ക്ക് വീതിച്ചു നല്‍കുകയും, ഇനി അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കൂടുതലായാല്‍ അത് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണം. അതല്ലെങ്കില്‍ നേരത്തെ തന്നെ ആളുകള്‍ ഷെയര്‍ നല്‍കിയ ബഡ്ജറ്റിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ ഉരു വാങ്ങാവൂ. മറിച്ച് ഓരോരുത്തരുടെ ഉരു ഏത് എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കാത്ത രൂപത്തിലുള്ള 14 പേര്‍ ചേര്‍ന്ന് രണ്ട് ഉരു അറുക്കുക, 21 പേര്‍ ചേര്‍ന്ന് മൂന്ന്‍ ഉരു അറുക്കുക   എന്നിങ്ങനെയുള്ള കൂട്ട അറവ് പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല. മറിച്ച് ഓരോ എഴ് പേരുടെയും ഉരു ഏത് എന്നത് നിര്‍ണ്ണിതമായിരിക്കണം. 

ദുൽഹിജ്ജ മാസം പ്രവേശിച്ചാൽ: 

ദുൽഹിജ്ജ മാസത്തിൻ്റെ പിറവി കണ്ടാൽ ഉള്‌ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവർ ബലി മൃഗത്തെ അറുക്കുന്നത് വരേക്കും അവരുടെ മുടിയോ നഖമോ വെട്ടാൻ പാടില്ല. 

عن أم سلمة رضي الله عنها أن النبي صلى الله عليه وسلم قال : ( إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ ) رواه مسلم ( 1977 ) 

ഉമ്മു സലമ (റ) നിവേദനം. നബി (സ) ഇപ്രകാരം പറഞ്ഞു: "നിങ്ങൾ ദുൽഹിജ്ജ മാസപ്പിറവി കണ്ടാൽ ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവരാണ് എങ്കിൽ, അവർ അവരുടെ മുടിയും നഖവും നീക്കം ചെയ്യാതിരിക്കട്ടെ". - [സ്വഹീഹ് മുസ്‌ലിം: 1977].  

വീട്ടിലുള്ളവർക്കും തനിക്കും വേണ്ടി ഗൃഹനാഥൻ ബലിയറുക്കുമ്പോൾ അദ്ദേഹം മാത്രം ഇത് പാലിച്ചാൽ മതി. വീട്ടിലുള്ള എല്ലാവരും മുടിയും നഖവും വെട്ടാതിരിക്കണമെന്നില്ല.

ഉള്‌ഹിയ്യത്ത് അറുക്കേണ്ട സമയം: 

ശറഇയ്യായി നിര്‍ണിതമായ സമയത്ത് തന്നെ അത് അറുക്കപ്പെടണം എങ്കിലേ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയുള്ളൂ.  പെരുന്നാള്‍ നമസ്കാര ശേഷം മുതല്‍ അയ്യാമുത്തശ്'രീക്കിന്‍റെ  ദിനങ്ങള്‍ അവസാനിക്കുന്നത് വരെയാണ് അതിന്‍റെ സമയ പരിധി. പെരുന്നാള്‍ ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്'രീക്ക് എന്ന് പറയുന്നത്.  ഹദീസില്‍ ഇപ്രകാരം കാണാം:

إِنَّ أَوَّلَ مَا نَبْدَأُ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ثُمَّ نَرْجِعَ فَنَنْحَرَ فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ

"നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ  ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്‍റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല." - [സ്വഹീഹുല്‍ ബുഖാരി: 965 , സ്വഹീഹ് മുസ്‌ലിം: 5185].

ഇറച്ചിയുടെ വിതരണം:

ബലിയറുത്ത മാംസം ഭക്ഷിക്കുകയും, അഗതികൾക്കും ദരിദ്രർക്കും ദാനം ചെയ്യുകയും, തൻ്റെ അടുപ്പക്കാർക്ക് ഹദിയ നൽകുകയും ചെയ്യുക എന്നതാണ് ഉചിതമായ വിതരണം.  താൻ മൂന്നിലൊന്ന് എടുത്ത ശേഷം ബാക്കിയുള്ളത് ദരിദ്രർക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ ദാനം ചെയ്യുകയാണ് ഉചിതം:    

لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ (28)

"അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക". - [അൽ ഹജ്ജ്: 28]. 

അറുത്ത മാംസത്തിൽ നിന്നും അറുത്തയാൾക്ക് എത്ര എടുക്കാം എന്നത് പണ്ഡിതന്മാർക്കിടയിൽ ചർച്ചയുള്ള കാര്യമാണ്. അതിന് നിശ്ചിതമായ അളവില്ല എന്നതാണ് ഇമാം മാലിക് (റ) യുടെ പക്ഷം - (الكافي 1/424).  ഇമാം ശാഫിഇ (റ) യുടെയും ഇമാം അഹ്മദിൻ്റെ (റ) യുമെല്ലാം അഭിപ്രായപ്രകാരം മൂന്നിലൊന്ന് മാത്രം തനിക്കും ബാക്കി പാവപ്പെട്ടവർക്കും, ഹദിയ നൽകാനുമെന്നോണം വിഭചിച്ചാൽ അതാണ് ഉചിതമായ വിഭജനം.- (السراج الوهاج 563 / مسند الشافعي: 473).

 എന്നാൽ പട്ടിണിയോ, കൂടുതൽ ആവശ്യക്കാരോ ഉള്ള സന്ദർഭങ്ങളിൽ പാവപ്പെട്ടവർക്ക് നൽകേണ്ട ഓഹരി കൂടുക എന്നല്ലാതെ മൂന്നിലൊന്നിൽ കുറയാൻ പാടില്ല എന്നുതന്നെ വേണം കരുതാൻ. കാരണം പട്ടിണിക്കാലത്ത് പ്രത്യേക പരിഗണന നൽകി മൂന്ന് ദിവസങ്ങളിൽകൂടുതൽ ഉള്ഹിയത്തിൻ്റെ ഇറച്ചി സൂക്ഷിച്ച് വെക്കരുത് എന്ന് നബി (സ) കല്പിച്ചിരുന്നു. പിന്നീട് നബി (സ) അവർക്ക് എത്രയും കാലം ഇറച്ചി സൂക്ഷിക്കാൻ അനുവാദം കൊടുത്തു. എന്നാൽ ആ സംഭവത്തിൽ നിന്നും ദരിദ്രരിലേക്ക് കൂടുതൽ ഇറച്ചി എത്തേണ്ട സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് ആണ് നാം വിഹിതം വെക്കേണ്ടത് എന്ന് മനസ്സിലാക്കാം. 

ഏറ്റവും ഉചിതം മുകളിൽ സൂചിപ്പിച്ച പോലെ മൂന്നിലൊന്ന് തനിക്കും ബാക്കി വരുന്നത് ദരിദ്രർക്കും, ചോദിച്ചു വരുന്നവർക്കും, സ്നേഹിതർക്കും ഒക്കെയായി നൽകുക എന്നതാണ്. ഇബ്‌നു അബ്ബാസ്‌ (റ), ഇബ്‌നു ഉമർ (റ) തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ് എന്ന് ഇമാം ഇബ്‌നു ഖുദാമ (റ) പ്രസ്താവിച്ചിട്ടുണ്ട്. - (المغني: 9/449). 

 ഇനി നൽകുമ്പോൾ ഇറച്ചിയായോ ഭക്ഷണം പാകം ചെയ്തോ നൽകാം . ഇവിടെ ദരിദ്രന് എങ്ങനെ നൽകുന്നതാണ് ഗുണം എന്ന് പരിഗണിക്കുന്നതാകും ഉചിതം. ചിലപ്പോൾ എല്ലാവരും ഭക്ഷണമായി നൽകിയാൽ ദരിദ്രർക്ക് അവർ ഉദ്ദേശിക്കുന്ന പോലെ ഇറച്ചി സൂക്ഷിച്ച് വെക്കാൻ സാധിച്ചില്ല എന്ന് വരാം. അതുപോലെ വീടോ മറ്റോ ഇല്ലാത്ത ദരിദ്രർക്ക് ഇറച്ചിയായി നൽകിയാൽ അവർക്കത് പാകം ചെയ്യാനും മറ്റും സാധിച്ചില്ലെന്നും വരാം. അതുകൊണ്ട് നാം നൽകുന്ന പാവപ്പെട്ടവരുടെ അവസ്ഥക്ക് അനുസരിച്ച് പാകം ചെയ്തോ , പാകം ചെയ്യാതെയോ നൽകാം.

അതുപോലെ ഉളുഹിയത്തിൻ്റെ ഇറച്ചി അത് ഭക്ഷിക്കുന്നവരായ അമുസ്‌ലിംകൾക്ക് നൽകുന്നതിൽ തെറ്റില്ല. അയല്പക്കക്കാർ, പരിചയക്കാർ, ബന്ധുക്കൾ എന്നിങ്ങനെ അവരെയും പരിഗണിക്കുന്നത് നന്മ തന്നെയാണ്.  മാനുഷികമായുള്ള ബന്ധം കാത്ത് സൂക്ഷിക്കലും വിശ്വാസികളോടൊപ്പം സമാധാനത്തോടെ കഴിയുന്നവരായ അവിശ്വാസികൾക്ക് നന്മ ചെയ്യലും പ്രതിഫലാർഹമായ കാര്യമാണ്. അല്ലാഹു പറയുന്നു :

لا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

 "മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." - [മുംതഹിന :8].   

ഉള്‌ഹിയ്യത്തുമായി ബന്ധപ്പെട്ട ഏറെ പേരും അറിയാൻ ആഗ്രഹിക്കുന്ന വളരെ സുപ്രധാനമായ ഏതാനും ചില കാര്യങ്ങൾ മാത്രമാണ് ഈ ലഘുലേഖയിൽ നാം ചർച്ച ചെയ്‍തത്. അവശേഷിക്കുന്ന നിങ്ങളുടെ ചോദ്യങ്ങൾ ഫിഖ്ഹുസ്സുന്നയിലേക്ക് എഴുതി ചോദിക്കുമല്ലോ. ഏറെ ശ്രേഷ്ഠകരമായ ഈ ആരാധനാകർമ്മം യഥാവിധം അനുഷ്‌ഠിക്കാനുള്ള തൗഫീഖ് അല്ലാഹു നമുക്കേവർക്കും നൽകുമാറാകട്ടെ. നമ്മുടെ എല്ലാ സൽപ്രവർത്തനങ്ങളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ. വീഴ്ചകൾ അവൻ പൊറുത്ത് തരട്ടെ .. ആമീൻ .. 

Wednesday, July 24, 2019

ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠത.



ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠത 

www.fiqhussunna.com

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

അല്ലാഹു എത്ര അനുഗ്രഹീതനാണ്. അവൻ സൃഷ്‌ടിച്ച ദിനങ്ങളിൽ ചില ദിനങ്ങൾക്ക് പ്രത്യേകം ശ്രേഷ്‌ഠത അവൻ നൽകിയിട്ടുണ്ട്. കർമ്മങ്ങൾക്ക് വലിയ പ്രതിഫലം കരസ്ഥമാക്കാനുതകുന്ന ഒരു സുവർണ്ണാവസരം കൂടിയാണ് ശ്രേഷ്‌ഠമാക്കപ്പെട്ട അത്തരം സമയങ്ങളും സന്ദർഭങ്ങളും.

ദിനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളാണ് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ. വിശുദ്ധ ഖുർആനിലെ വിവിധ വചനങ്ങൾ ആ ശ്രേഷ്ഠതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മാത്രമല്ല ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളെക്കൊണ്ട് സത്യം ചെയ്താണ് സൂറത്തുൽ ഫജ്ർ ആരംഭിക്കുന്നത് തന്നെ. അല്ലാഹു പറയുന്നു:

وَالْفَجْرِ (1) وَلَيَالٍ عَشْرٍ (2)

"പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം". - [സൂറത്തുൽ ഫജ്ർ: 1, 2].   

ഇവിടെ പത്ത് രാവുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളാണ് എന്ന് ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. - [തഫ്‌സീർ ഇബ്നു കസീർ: 3/468]. ആ ദിവസങ്ങളെ പ്രത്യേകം പ്രതിപാദിച്ച് സത്യം ചെയ്തുവെന്നത് അവയുടെ മഹത്വത്തെയും ശ്രേഷ്ഠതയെയും സൂചിപ്പിക്കുന്നുവെന്നത് പറയേണ്ടതില്ലല്ലോ.

അതുപോലെ  സൂറത്തുൽ ഹജ്ജിൽ ഇപ്രകാരം കാണാം:

لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ

"അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക". - [സൂറത്തുൽ ഹജ്ജ് : 28].

മേൽ വചനത്തിൽ പരാമർശിക്കപ്പെട്ട 'നിശ്ചിത ദിവസങ്ങൾ' ദുൽഹിജ്ജ പത്താണ് എന്ന് ഇബ്‌നു അബ്ബാസ്‌ (റ) വ്യക്തമാക്കിയിട്ടുണ്ട്. - [തഫ്‌സീർ ഇബ്നു കസീർ: 3/468]. ആ നിലക്ക് നിശ്ചിത ദിവസങ്ങളിൽ അല്ലാഹുവിനെ സ്മരിക്കുകയും അവനെ പ്രകീർത്തിക്കുകയും തക്ബീർ ധ്വനികൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിശ്വാസികൾ ദുൽഹിജ്ജ പത്ത് അധവാ ബലിപെരുന്നാൾ ദിനത്തോടെ അല്ലാഹുവിൻ്റെ നാമത്തിൽ ബാലീ മൃഗങ്ങളെ ബലിയറുക്കുകയും ചെയ്യുന്നു എന്നതാണ് ഈ ആയത്തിൻ്റെ പൊരുൾ എന്ന് നമുക്ക് മനസ്സിലാക്കാം.

 മാത്രമല്ല ബലിയറുക്കാൻ ആഗ്രഹിക്കുന്നവർ ദുൽഹിജ്ജ മാസം പിറന്നത് മുതൽ ബലിയറുക്കുന്നത് വരെ മുടിയും നഖവും വെട്ടുന്നത് ഉപേക്ഷിക്കണമെന്നു നബി (സ) കല്പിച്ചിട്ടുണ്ടല്ലോ. അഥവാ ബലിയറുക്കുക എന്നത് ദുൽഹിജ്ജ പത്തുമായി ബന്ധപ്പെട്ട് തന്നെ നിലനിൽക്കുന്ന ഒരു കർമ്മമാണ്‌ എന്ന് ഇതിൽ നിന്നും യഥേഷ്ടം മനസ്സിലാക്കാം. മാത്രമല്ല അല്ലാഹുവെക്കുറിച്ചുള്ള സ്മരണ വർദ്ധിപ്പിക്കേണ്ട സുദിനങ്ങൾ എന്ന സാരം ഹദീസുകളിലും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് (റ) തന്നെ ഉദ്ധരിക്കുന്ന ഹദീസിൽ മറ്റേതൊരു ദിവസങ്ങളിൽ നിർവഹിക്കപ്പെടുന്ന കർമ്മങ്ങളെക്കാളും ശ്രേഷ്ഠത ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തിൽ നിർവഹിക്കപ്പെടുന്ന സൽക്കർമ്മങ്ങൾക്കാണ് എന്ന് കാണാം:


عن ابن عباس رضي الله عنهما ، عن النبي صلى الله عليه وسلم قال : ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء".

ഇബ്നു അബ്ബാസ് (റ) വില നിന്നും നിവേദനം: നബി (സ) ഇപ്രകാരം പറഞ്ഞു:  "ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ളതായ യാതൊരു കർമ്മങ്ങളുമില്ല. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കുന്ന ജിഹാദ് പോലും ഈ ദിവസങ്ങളിലെ കർമ്മങ്ങൾക്ക് തുല്യമാകുകയില്ലേ ?. അപ്പോൾ നബി (സ) പറഞ്ഞു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കപ്പെടുന്ന ജിഹാദിന് പോലും ഈ ദിവസങ്ങളിൽ അനുഷ്ഠിക്കപ്പെടുന്ന സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതയില്ല. ഒരാൾ തന്റെ ജീവനും ധനവുമെല്ലാമായി അല്ലാഹുവിൻ്റെ മാർഗത്തിൽ പുറപ്പെടുകയും ശേഷം ഒന്നും തിരികെ കൊണ്ടുവരാതെ പൂർണമായി അല്ലാഹുവിൻ്റെ മാർഗത്തിൽ സമർപ്പിക്കപ്പെടുകയും ചെയ്താലൊഴികെ".  - [സ്വഹീഹുൽബുഖാരി : 2/457]. 
ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത മനസ്സിലാക്കാൻ യഥാർത്ഥത്തിൽ ഈയൊരു ഹദീസ് മാത്രം മതി. ഇബ്നു ഉമർ (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ട മറ്റൊരു ഹദീസിൽ ഈ ശ്രേഷ്‌ഠത ഒന്നുകൂടി സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്:  
عن ابن عمر رضي الله عنهما قال: قال رسول الله صلى الله عليه وسلم :  ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد  [رواه أحمد].


അബ്ദുല്ലാഹിബ്‌നു ഉമർ (റ) വിൽ നിന്നും നിവേദനം: റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "ഈ പത്ത് ദിവസങ്ങളെക്കാൾ അല്ലാഹു സുബ്ഹാനഹു വ തആലയുടെ പക്കൽ ശ്രേഷ്‌ഠകരമായതോ , ഈ ദിവസങ്ങളിൽ അനുഷ്ഠിക്കുന്ന കർമ്മങ്ങളേക്കാൾ അവന് ഇഷ്ടമുള്ളതോ ആയ മറ്റൊരു ദിവസങ്ങളുമില്ല.  അതുകൊണ്ട് നിങ്ങൾ ഈ ദിവസങ്ങളിൽ തഹ്ലീലും, തക്ബീറും, തഹ്‌മീദും വർദ്ധിപ്പിക്കുക". - [മുസ്‌നദ് അഹ്മദ്: 7/224].
അഥവാ എല്ലാവിധ സൽക്കർമ്മങ്ങളും അധികരിപ്പിക്കേണ്ട അതിവിശിഷ്ടമായ ദിവസങ്ങളാണ് നാം വരവേൽക്കാൻ പോകുന്ന ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ എന്നർത്ഥം. അത്യധികം പ്രാധാന്യത്തോടെ കാണുകയും കഴിവിൻ്റെ പരമാവധി ഈ ദിവസങ്ങളിൽ സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കാൻ നാമോരോരുത്തരും പരിശ്രമിക്കുകയും ചെയ്യണം.

എന്തുകൊണ്ടായിരിക്കും ഈ പത്ത് ദിവസങ്ങൾക്ക് ഇത്രയധികം ശ്രേഷ്‌ഠത കല്പിക്കപ്പെട്ടത് ?.  ആ കാരണത്തെക്കുറിച്ച് പല ഇമാമീങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. മഹാനായ ഇമാം ഇബ്നു ഹജർ അൽഅസ്ഖലാനി തൻ്റെ ഫത്ഹുൽ ബാരിയിൽ അതിനെക്കറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം: 
وَالَّذِي يَظْهَرُ أَنَّ السَّبَبَ فِي امْتِيَازِ عَشْرِ ذِي الْحِجَّةِ لِمَكَانِ اجْتِمَاعِ أُمَّهَاتِ الْعِبَادَةِ فِيهِ وَهِيَ الصَّلَاةُ وَالصِّيَامُ وَالصَّدَقَةُ وَالْحَجُّ وَلَا يَتَأَتَّى ذَلِكَ فِي غَيْرِهِ
"കാര്യങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്തെന്നാൽ, ദുൽഹിജ്ജ പത്തിന് മറ്റു ദിനങ്ങളെക്കാൾ പ്രത്യേകം ശ്രേഷ്‌ഠത ലഭിക്കാനുള്ള കാരണം അടിസ്ഥാന ആരാധനകളെല്ലാം സംഗമിക്കുന്ന സമയമാണ് അത് എന്നതുകൊണ്ടാണ്. അഥവാ നമസ്കാരം, നോമ്പ്, ദാനധർമ്മം, ഹജ്ജ് തുടങ്ങിയവ സമ്മേളിക്കുന്ന ഒരവസരം അവയിലല്ലാതെ ഉണ്ടാകുന്നില്ല". - [ഫത്ഹുൽ ബാരി: 2/460].
അതെ ദുൽഹിജ്ജ ഒന്ന് മുതൽ ഒൻപത് വരെ നോമ്പെടുക്കുകയോ, അറഫാ ദിനത്തിൽ നോമ്പെടുക്കുകയോ ചെയ്യുക വഴി നോമ്പും, നിർബന്ധമോ അല്ലാത്തതോ ആയ ദാനധർമ്മങ്ങളും, നമസ്കാരവും, ഈ വേളയിലല്ലാതെ മറ്റൊരു വേളയിലും കടന്നുവരാത്ത ഹജ്ജും എന്നിങ്ങനെ എല്ലാ അടിസ്ഥാനാരാധനകളും സംഗമിക്കുന്ന പ്രത്യേക സമയമായതിനാൽ അതിൻ്റെ പ്രാധാന്യവും ശ്രേഷ്‌ഠതയും വിലമതിക്കാനാവാത്തതാണ്.

മാത്രമല്ല അറഫാ ദിനത്തിൻ്റെ സാന്നിദ്ധ്യം ദുൽഹിജ്ജ പത്തിനെ കൂടുതൽ ശ്രേഷ്‌ഠമാക്കുന്നു. ഒരുവേള പരിശുദ്ധ റമളാനിലെ അവസാന പത്തിനേക്കാളും ശ്രേഷ്‌ഠത ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തിനാണ് എന്ന് പല പണ്ഡിതന്മാരും പ്രതിപാദിച്ചിട്ടുണ്ട്. ദിനങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠം ദുൽഹിജ്ജ പത്തിലെ ദിനങ്ങളാണ്. കാരണം അതിൽ ദിനങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠമായ അറഫയുണ്ട്. രാവുകളിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠം റമളാനിലെ അവസാന പത്തിലെ രാവുകളാണ്. കാരണം അവയിൽ ലൈലത്തുൽ ഖദ്റുണ്ട് എന്ന്  തെളിവുകളെ പരസ്‌പരം സംയോജിപ്പിച്ച് പറഞ്ഞ ഇമാമീങ്ങളുമുണ്ട്. ഏതായാലും ഇവയെല്ലാം ആ ദിവസങ്ങളുടെ പ്രാധാന്യമാണ് വിളിച്ചോതുന്നത്.

അതുപോലെ ദുൽഹിജ്ജ പത്താം ദിവസമാണല്ലോ يوم النحر അഥവാ ബാലികർമ്മത്തിൻ്റെ ദിവസം. ആ ദിവസത്തിൻ്റെ സാന്നിദ്ധ്യവും ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠതയും മഹത്വവും വർദ്ധിപ്പിക്കുന്നു. ബലിപെരുന്നാൾ ദിനത്തെക്കുറിച്ച് സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം:

عَنْ عَبْدِ اللَّهِ بْنِ قُرْطٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَوْمُ الْقَرِّ».

അബ്ദുല്ലാഹ് ബ്ൻ ഖുർത് (റ) നിവേദനം: നബി (സ) ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിൻ്റെ പക്കൽ ഏറ്റവും മഹത്വമേറിയ ദിവസം ബലിപെരുന്നാൾ ദിവസമാകുന്നു. അതിനു ശേഷം ഏറ്റവും മഹത്വമേറിയ ദിവസം 'യൗമുൽ ഖർറ്' (അഥവാ ബലിപെരുന്നാളിൻ്റെ പിറ്റേ ദിവസമാകുന്നു)". - [അബൂദാവൂദ്:1765].

ദുൽഹിജ്ജ മാസപ്പിറവിയോടെ തക്ബീർ ധ്വനികൾ ആരംഭിക്കുന്നു. വീടുകളിലും, വാഹനങ്ങളിലും, അങ്ങാടികളിലും എന്നിങ്ങനെ സാധിക്കുമ്പോഴെല്ലാം ഓരോരുത്തരും തക്ബീർ ധ്വനികൾ മുഴക്കുകയെന്നത് സുന്നത്താണ്. എന്നാൽ ഫർള് നമസ്കാരശേഷം പ്രത്യേകം തക്ബീർ ചൊല്ലുന്നത് അറഫാ ദിനം മുതലാണ് ആരംഭിക്കുന്നത്. ദുൽഹിജ്ജ മാസം പിറവിയെടുത്താൽ തന്നെ സ്വഹാബാക്കൾ തക്ബീർ ധ്വനികൾ അധികാരിപ്പിക്കാറുണ്ടായിരുന്നു എന്നത് ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്:

ഇമാം ബുഖാരി (റ) പറയുന്നു: 

 قَالَ الْبُخَارِيُّ: وَكَانَ ابْنُ عُمَرَ، وَأَبُو هُرَيْرَةَ يَخْرُجَانِ إِلَى السُّوقِ فِي أَيْامِ الْعَشْرِ، فَيُكَبِّرَانِ وَيُكَبِّرُ النَّاسُ بِتَكْبِيرِهِمَا
ഇബ്‌നു ഉമർ (റ) വും അബൂ ഹുറൈറ (റ) വും ദുൽഹിജ്ജ ആദ്യത്തെ പത്ത് ദിനങ്ങളിൽ അങ്ങാടിയിലേക്ക് പുറപ്പെടുമ്പോൾ തക്ബീർ ധ്വനികൾ മുഴക്കിക്കൊണ്ട് പുറപ്പെടാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട് ആളുകളും തക്ബീർ ചൊല്ലുമായിരുന്നു". - [സ്വഹീഹുൽ ബുഖാരി: 2/457].
അതുകൊണ്ട് ഈ ദിവസങ്ങളെ തഹ്‌ലീൽ കൊണ്ടും തക്ബീർ കൊണ്ടും തഹ്‌മീദ് കൊണ്ടും, ദാനധർമ്മങ്ങളാലും, കഴിയുന്നതും ദുൽഹിജ്ജ ഒൻപത് ദിവസവും നോമ്പനുഷ്ഠിച്ചും, ദാനധർമ്മങ്ങളിൽ മുഴുകിയും, നമസ്കാരം എപ്പോഴുമെന്ന പോലെ സമയാസമയം അനുഷ്ഠിച്ചും, സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിച്ചും, എല്ലാ നിലക്കുമുള്ള സൽക്കർമ്മങ്ങളിലും പങ്കാളികളായും, 'ഏറ്റവും നല്ല പ്രാർത്ഥന അറഫാ ദിനത്തിലെ പ്രാർത്ഥനയാണ്' എന്ന് അല്ലാഹുവിൻ്റെ റസൂൽ പഠിപ്പിച്ച അറഫാ ദിനത്തിൽ പ്രത്യേകം പ്രാർത്ഥനകൾ അധികരിപ്പിച്ചും, ബലി കർമ്മത്തിന് വേണ്ടി തയ്യാറെടുത്തും, അല്ലാഹുവിൻ്റെ പക്കലേക്ക് കൂടുതൽ അടുക്കാനും നന്മയുടെ ഏടുകൾ വർധ്ധിപ്പിക്കാനും ഈ സുദിനങ്ങളെ നാം ഉപയോഗപ്പെടുത്തുക.  
അല്ലാഹു അനുഗ്രഹിക്കട്ടെ ..   

By. അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്   P. N

Saturday, July 20, 2019

IVF അനുവദനീയമാണോ ?. മറ്റൊരാളിൽ നിന്ന് അണ്ഡമോ ബീജമോ സ്വീകരിക്കാമോ ?.



ചോദ്യം: ഞങ്ങള്‍ക്ക് കുട്ടികളില്ല വൈദ്യപരിശോധനയില്‍ എനിക്ക് അണ്ഡത്തിന്‍റെ ഉല്പാദനം ഇല്ലാത്തതാണ് കാരണം. മറ്റൊരാളുടെ അണ്ഡം സ്വീകരിച്ച് എന്‍റെ ഭര്‍ത്താവിന്‍റെ ബീജവുമായി യോജിപ്പിച്ച് സിക്താണ്ഡമായി എന്‍റെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുകയാണ് കുഞ്ഞുണ്ടാകാനുള്ള ഒരേ ഒരു വഴി. ഇത് ഇസ്‌ലാമികമായി അനുവദനീയമാണോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

മേല്‍ പറഞ്ഞ രീതിയില്‍ ഗര്‍ഭം ധരിക്കല്‍ അനുവദനീയമല്ല. പരസ്പരം  ഭാര്യാഭര്‍ത്താക്കന്മാരുടെ അണ്ഡവും ബീജവും ആണ് എങ്കില്‍ത്തന്നെ നിബന്ധനകളോടെ മാത്രമാണ് IVF പോലുള്ള ചികിത്സാ രീതി  അനുവദിക്കപ്പെടുന്നത്. പിന്നെ ഭാര്യയും ഭര്‍ത്താവുമല്ലാത്ത രണ്ടുപേരുടെ അണ്ഡവും ബീജവും പരസ്പരം യോജിപ്പിച്ച് ഗര്‍ഭം ധരിക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഈ വിഷയം നാം മനസ്സിലാക്കുമ്പോള്‍ ഒരു ചെറിയ ആമുഖം അനിവാര്യമാണ്. അതുകൊണ്ട് ഈ കുറിപ്പ് പൂര്‍ണമായും വായിക്കുക. 

മക്കള്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും പരീക്ഷണവുമാണ്. മക്കളെ നല്‍കിക്കൊണ്ടും മക്കളെ നല്‍കാതെയും അല്ലാഹു നമ്മെ പരീക്ഷിച്ചേക്കാം. ഒരുപക്ഷെ മക്കളുണ്ടാകുന്നതായിരിക്കാം നമുക്ക് നന്മ, മറ്റൊരുപക്ഷെ മക്കള്‍ ഇല്ലാതിരിക്കുന്നതായിരിക്കാം നമുക്ക് നന്മ. ഇതെല്ലാം കൃത്യമായി അറിയുന്നവന്‍ സര്‍വ്വജ്ഞാനിയായ റബ്ബ് മാത്രമാണ്. മക്കൾ നല്കപ്പെട്ടിട്ടും അവരാൽ പരീക്ഷിക്കപ്പെട്ട എത്രമാത്രം ആളുകൾ ഈ ലോകത്തുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ തീരുമാനം തൻ്റെ നന്മക്ക് വേണ്ടിയാണ് എന്ന് സമാശ്വസിക്കുക.

മക്കളുണ്ടാകാതിരിക്കുക എന്നത് ഒരു കുറ്റമല്ല. അതുകൊണ്ട് അതില്‍ നിരാശയോ കുറ്റബോധമോ ഉണ്ടാകേണ്ടതില്ല. മറിച്ച് അല്ലാഹുവിന്‍റെ തീരുമാനത്തില്‍ തൃപ്തിയടയുകയും ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുക. ഒരു സ്വഹീഹായ ഹദീസില്‍ ഇപ്രകാരം കാണാം: 

إنَّ عِظم الجزاء مع عظم البلاء ، وإنَّ الله عز وجل إذا أحب قوماً ابتلاهم ، فمن رضي فله الرضا ، ومن سخط فله السخط

"തീര്‍ച്ചയായും  പരീക്ഷണത്തിന്‍റെ കാഠിന്യത്തിനനുസരിച്ച് പ്രതിഫലവും വര്‍ധിക്കുന്നു. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കും. ആ പരീക്ഷണങ്ങളില്‍ ആര് തൃപ്തിയടയുന്നുവോ അവന് അല്ലാഹുവിന്‍റെ തൃപ്തിയുണ്ടായിരിക്കും. ആര് കോപിക്കുകയും (പഴിക്കുകയും) ചെയ്യുന്നുവോ അവന് അല്ലാഹുവിന്‍റെ കോപവുമുണ്ടാകും". - [തിര്‍മിദി: 2396, അല്‍ബാനി: ഹദീസ് ഹസന്‍]. 

മാത്രമല്ല നമ്മുടെ ജീവിതവും മരണവും തന്നെ പരീക്ഷണത്തിന് വേണ്ടിയാണ് എന്ന് സൂറത്തുല്‍ മുല്‍കിന്‍റെ പ്രാരംഭത്തില്‍ കാണാം. അതുകൊണ്ട് വിഷമിക്കേണ്ടതില്ല. എല്ലാം അല്ലാഹുവിന്‍റെ തീരുമാനങ്ങളാണ്: 

لِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ يَخْلُقُ مَا يَشَاءُ يَهَبُ لِمَنْ يَشَاءُ إِنَاثًا وَيَهَبُ لِمَنْ يَشَاءُ الذُّكُورَ (49) أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا وَيَجْعَلُ مَنْ يَشَاءُ عَقِيمًا إِنَّهُ عَلِيمٌ قَدِيرٌ

"അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക്‌ അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു". - [ശൂറാ: 49, 50]. 

തൃപ്തിയടഞ്ഞാലും ഇല്ലെങ്കിലും അല്ലാഹുവിന്‍റെ തീരുമാനങ്ങള്‍ക്ക് ഓരോരുത്തരും വിധേയരാകുന്നു. അതുകൊണ്ട് തൃപ്തിയോടെ അവൻ്റെ തീരുമാനത്തിലെ നന്മയിൽ പ്രതീക്ഷയർപ്പിക്കുകയല്ലേ നാം ചെയ്യേണ്ടത്.

 ഒരാള്‍ക്ക് വന്ധ്യത വൈദ്യശാസ്ത്രപരമായ കാരണങ്ങളാല്‍ ആണ് മക്കളുണ്ടാവാത്തതെങ്കിൽ അതിനെ ഹലാലായ മാര്‍ഗത്തില്‍ ചികിത്സിക്കാം. എന്നാല്‍ നിഷിദ്ധമായ മാര്‍ഗങ്ങളിലൂടെ ചികിത്സിക്കാന്‍ പാടില്ല. ഇന്ന് കണ്ടുവരുന്ന ചില രീതികളിൽപ്പെട്ട തന്‍റെ ഭര്‍ത്താവല്ലാത്ത മറ്റൊരു പുരുഷനില്‍ നിന്നും ബീജം സ്വീകരിച്ച് ഗര്‍ഭം ധരിക്കല്‍, ചോദ്യകർത്താവ് സൂചിപ്പിച്ചപോലെ തന്‍റെ ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയുടെ അണ്ഡമുപയോഗിച്ച് കുഞ്ഞിനെ ഗര്‍ഭം ധരിക്കല്‍, ഗര്‍ഭാശയം വാടകക്ക് എടുക്കല്‍ ഇവയെല്ലാം ഹറാമായ മാര്‍ഗങ്ങളാണ്. മാത്രമല്ല ഇസ്‌ലാമില്‍ വളരെ കണിശമായി തിട്ടപ്പെടുത്തപ്പെട്ട ഒന്നാണ് മാതൃത്വം പിതൃത്വം എന്നീ കാര്യങ്ങള്‍. കൃത്യതയില്ലാത്ത വിധം അവ ഇടകലരാന്‍ ഇത്തരം രീതികൾ കാരണമാകുന്നു. മാത്രമല്ല മാനസികമായിത്തന്നെ മറ്റൊരു പുരുഷന്‍റെ ബീജത്തില്‍ നിന്നാണ് തനിക്ക് കുഞ്ഞ് പിറക്കുന്നത്, അല്ലെങ്കില്‍ മറ്റൊരു സ്ത്രീയുടെ അണ്ഡമാണ് തന്‍റെ ഗര്‍ഭാശയത്തില്‍ വളരുന്നത് തുടങ്ങിയ ചിന്തകള്‍ ആ കുഞ്ഞിനോടുള്ള സമീപനത്തെയും ഭാര്യാഭര്‍തൃ ബന്ധത്തെയും സ്വാഭാവികമായും ബാധിക്കാനും വലിയ സാധ്യതയുണ്ട്. ഏതായാലും അത് ഹറാമാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല.

അതുകൊണ്ടുതന്നെ ചികിത്സയിലൂടെ പരിഹരിക്കാവുന്ന ഒന്നല്ലാത്തതുകൊണ്ടു നിങ്ങളുടെ വിഷയത്തിൽ നിങ്ങൾ ക്ഷമിക്കുക. പ്രത്യേകിച്ച് പറയത്തക്ക കാരണമൊന്നുമില്ലാതെത്തന്നെ കുഞ്ഞുങ്ങളില്ലാത്തവരില്ലേ. പ്രായമാകും വരേ മക്കളില്ലാതെ പരീക്ഷിക്കപ്പെട്ട പ്രവാചകന്മാരില്ലേ. അതുകൊണ്ടു അതിൽ നിങ്ങൾക്ക് നന്മയുണ്ടാകും. സാന്ദർഭികമായി പറയാനുള്ളത് നിങ്ങളുടെ ഭർത്താവ് മക്കളെ ഉണ്ടാകാൻ അതിയായി ആഗ്രഹിക്കുന്ന വ്യക്തിയും അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല എങ്കിൽ അദ്ദേഹത്തിനോട് മറ്റൊരു വിവാഹം കൂടി കഴിക്കാൻ ആവശ്യപ്പെടുക. അതല്ലെങ്കിൽ നിങ്ങൾ ഇരുവരും അനാഥയായ ഒരു കുഞ്ഞിനെ എടുത്ത് വളർത്തുക . ഇവിടെ സ്വന്തം കുഞ്ഞാകുന്നില്ല എങ്കിലും വളർത്തു കുഞ്ഞിന്റെ വിഷയത്തിലുള്ള നിയമങ്ങൾ നാം പാലിച്ചുകൊണ്ട്‌ അനാഥകളായ കുഞ്ഞുങ്ങളെ എടുത്ത് വളർത്തുന്നത് വലിയൊരു നന്മ കൂടിയാണ്. നിങ്ങൾ അനുഭവിക്കുന്ന മാനസിക വിഷമം തണുക്കാൻ അതൊരു കാരണമാകുകയും ചെയ്യും.

എന്നാൽ ഒരാൾക്ക് ചികിൽസിച്ച് മാറ്റാവുന്ന വൈദ്യശാസ്ത്രപരമായ ചില കാരണങ്ങളാലാണ് കുട്ടികളുണ്ടാവാത്തത് എങ്കിൽ ഹലാലായ രൂപത്തിൽ അവർക്ക് ചികിത്സ നേടാം. പലപ്പോഴും ചെറിയ ചെറിയ കാരണങ്ങളായിരിക്കാം അതിനു പിന്നിൽ. ഇന്ന് അതിനൂതനമായ ചികിത്സാ രീതികൾ ലഭ്യവുമാണ്.

ഇവിടെയാണ് IVF പോലുള്ള ചികിത്സാ രീതികൾ അനുവദനീയമാണോ എന്ന ചോദ്യം ഉയരുന്നത്.

 ദമ്പതികൾക്ക് സാധാരണ ലൈംഗിക ബന്ധത്തിലൂടെ ഗർഭം ധരിക്കാൻ സാധിക്കാതെ വരുമ്പോൾ അവരിരുവരുടെയും ബീജവും അണ്ഡവും കൃത്രിമമായി സംയോജിപ്പിച്ച് ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് IVF.  മറ്റു ചികിത്സാ രീതികൾ ഫലിക്കാത്തവർക്ക്   ഉപാധികളോടെ ഈ ചികിത്സാ രീതി ഉപയോഗപ്പെടുത്താം.  അതിൻ്റെ മതവിധിയെക്കുറിച്ചാണ് നാം തുടർന്ന് സംസാരിക്കുന്നത്. ഇന്ന് വളരെ വ്യാപകമായ എന്നാൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്.   

IVF ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയുടെ സംഗ്രഹം താഴെ കൊടുക്കുന്നു:

إذا لم تكن حاجة لهذا العمل : فإننا لا نرى جوازه ؛ لأنه يتقدمه عملية جراحية لإخراج البويضة - كما ذكرتم في السؤال - ، وهذه العملية تحتاج إلى كشف العورة بدون حاجة ، ثم إلى جراحة ، يخشى أن يكون منها نتائج ولو في المستقبل البعيد ، من تغيير القناة ، أو حدوث التهابات .

ثم إن ترك الأمور على طبيعتها التي خلقها عليها أرحم الراحمين ، وأحكم الحاكمين : أكمل ، تأدباً مع الله سبحانه ، وأولى وأنفع من طرق يستحدثها المخلوق ، ربما يبدو له حُسنها في أول وهلة ، ثم يتبين فشلها بعد ذلك .

 إذا كان لهذا العمل حاجة : فإننا لا نرى به بأساً بشروط ثلاثة :
الأول : أن يتم هذا التلقيح بمني الزوج ، ولا يجوز أن يكون هذا التلقيح بمني غير الزوج ؛ لقول الله تعالى : ( وَاللَّهُ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا وَجَعَلَ لَكُمْ مِنْ أَزْوَاجِكُمْ بَنِينَ وَحَفَدَةً وَرَزَقَكُمْ مِنَ الطَّيِّبَاتِ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّهِ هُمْ يَكْفُرُونَ ) النحل/72 ، فخص ذلك بالأزواج . 
الثاني : أن تتم عملية إخراج المني من الرجل بطريق مباح ، بأن يكون ذلك عن طريق استمتاع الزوج بزوجته، حتى يتم خروج المني ، ثم تلقح به البويضة .
الثالث : أن توضع البويضة بعد تلقيحها في رحم الزوجة ، فلا يجوز أن توضع في رحم امرأة سواها بأي حال من الأحوال ؛ لأنه يلزم منه إدخال ماء الرجل في رحم امرأة غير حلال له ، وقد قال الله تعالى : ( نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُوا لِأَنْفُسِكُمْ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ وَبَشِّرِ الْمُؤْمِنِينَ ) البقرة/223 ، فخص الحرث بامرأة الرجل ، وهذا يقتضي أن تكون المرأة غير الزوجة غير محل لحرثه " . انتهى بتصرف يسير .

വിവർത്തനം: 


"IVF പോലുള്ള ചികിത്സാ രീതി അവലംബിക്കല്‍  ഒരാവശ്യമായി വരുകയാണെങ്കിലല്ലാതെ നാം അത് അനുവദനീയമായിക്കാണുന്നില്ല.  കാരണം: അതിന് ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ അണ്ഡം പുറത്തെടുക്കാനുള്ള നടപടിക്രമങ്ങൾ ആവശ്യമാണ്‌. അതുപോലെ ഔറത്ത് കാണിക്കണം, മാത്രമല്ല അതിനുവേണ്ടിയുള്ള   നടപടിക്രമങ്ങൾ   ചെയ്യുന്നതില്‍ ഒരുപക്ഷെ ഇന്‍ഫ്ലേമേഷനോ, അവയവത്തിന് മാറ്റങ്ങളോ സംഭവിക്കുക വഴി വിദൂര ഭാവിയിലെങ്കിലും  ദോഷം ചെയ്തേക്കാനും ഇടയുണ്ട്.  പരമകാരുണ്യകനും യുക്തിമാനുമായ റബ്ബ് സൃഷ്ടിച്ച രൂപത്തില്‍ അവയെ വിട്ടേക്കുന്നത് തന്നെയാണ് ഉചിതം. അത് രബ്ബിനോടുള്ള അദബില്‍ പെട്ടതാണ്. മനുഷ്യനിര്‍മിത മാര്‍ഗങ്ങളെക്കാള്‍ ഉചിതവും അതാണ്‌. ആദ്യം നല്ലത് എന്ന് തോന്നുന്ന കാര്യങ്ങള്‍ പിന്നെ വേണ്ടായിരുന്നു എന്ന് അവന് തോന്നിയേക്കാം..   

(ഇവിടെ അദ്ദേഹം ഗര്‍ഭധാരണത്തിന് സ്വാഭാവികമായി കഴിയുന്നവരും, അതുപോലെ ദോഷകരമല്ലാത്ത മറ്റു ചികിത്സാരീതികള്‍ അവലംബിച്ചാല്‍ത്തന്നെ ഗര്‍ഭധാരണത്തിന് സാധ്യതയുള്ളവരും IVF പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അനുവദിക്കാവുന്നതല്ല എന്നതാണ് സൂചിപ്പിക്കുന്നത്). ശേഷം അദ്ദേഹം പറയുന്നു"


... എന്നാല്‍ അപ്രകാരം ചെയ്യല്‍ ആവശ്യമായി വരുകയാണ് എങ്കില്‍, മൂന്ന്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ അത് ചെയ്യുന്നതില്‍ കുഴപ്പമുണ്ടെന്ന് നാം കരുതുന്നില്ല: 

ഒന്ന്: ഭര്‍ത്താവിന്‍റെ ബീജം ഉപയോഗിച്ച് മാത്രമായിരിക്കണം സിക്താണ്ഡം രൂപപ്പെടുത്തുന്നത് (ഇത് ഭാര്യയുടെ അണ്ഡത്തിനും ബാധകമാണ്. മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച് സിക്താണ്ഡം രൂപപ്പെടുത്തുന്നത് അനുവദനീയമല്ല). അല്ലാഹു  ഇപ്രകാരം പറഞ്ഞിരിക്കുന്നു: 


"അല്ലാഹു നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക്‌ പുത്രന്‍മാരെയും പൌത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്‌?" - (നഹ്‌ൽ: 72 ).

അവനവന്റെ ഇണകളിൽ നിന്നും മാത്രമേ ഗർഭധാരണം പാടുള്ളൂ എന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു.

രണ്ട്: അനുവദനീയമായ മാർഗത്തിലൂടെ മാത്രമേ ശുക്ലം പുറത്തെടുക്കാവൂ. അഥവാ ഭാര്യാഭർതൃ സംസർഗ്ഗത്തിലൂടെ മാത്രമേ അത് പുറത്തെടുക്കാവൂ. അതിന് ശേഷം അണ്ഡവും ബീജവും ഒന്നിപ്പിക്കാം.

(എന്നാൽ ഇവിടെ ശൈഖ് പറഞ്ഞ അഭിപ്രായത്തോടും അതിൻ്റെ പ്രായോഗികതയോടും വിയോജിപ്പുണ്ട്. ഇത്തരം മെഡിക്കൽ ആവശ്യങ്ങൾക്കും അതുപോലെ ചെക്കപ്പിനുമൊക്കെയായി സ്വയം ഭോഗത്തിലൂടെ ശുക്ലം പുറത്തെടുക്കുന്നതിൽ തെറ്റില്ല). 

മൂന്ന്:     അണ്ഡവും ബീജവും തമ്മിൽ സംയോജിപ്പിച്ചു സിക്താണ്ഡമാക്കിയ ശേഷം അത് ഭാര്യയുടെ ഗർഭപാത്രത്തിൽ മാത്രമേ നിക്ഷേപിക്കാവൂ. ഒരുകാരണവശാലും ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയുടെ ഗർഭാശയത്തിൽ അത് നിക്ഷേപിക്കുന്നത് അനുവദനീയമാകുന്നില്ല. കാരണം അത് അന്യപുരുഷൻറെ ബീജം അന്യ സ്ത്രീയുടെ ഗർഭാശയത്തിൽ പ്രവേശിപ്പിക്കാൻ ഇടവരുത്തും. അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌". - (അൽബഖറ:223). ഇവിടെ ഒരാളുടെ ബീജം വളരേണ്ടത് തൻ്റെ ഭാര്യയിലാണ് എന്ന് സന്നിഗ്ധമായി പഠിപ്പിക്കുന്നു. അതായത് തൻ്റെ ഭാര്യയല്ലാത്ത ഒരു സ്ത്രീയിലും തൻ്റെ ബീജം കൃഷി ചെയ്യാൻ അയാൾക്ക് അനുവാദമില്ല എന്ന് ഈ വചനത്തിൽ അടങ്ങിയിരിക്കുന്നു.     

(വിവർത്തനം അവസാനിച്ചു).


ശൈഖ് പ്രതിപാദിച്ച നിബന്ധനകളോടൊപ്പം പരിഗണിക്കപെടേണ്ട എന്നാൽ അദ്ദേഹം പരാമർശിക്കാത്തതായ ചില കാര്യങ്ങൾ ഗൗരവത്തോടുകൂടിത്തന്നെ ഈ നിബന്ധനകളോടൊപ്പം പരിഗണിക്കേണ്ടതുണ്ട്: 

ഒന്ന്: സാധാരണ നിലക്ക് ഗർഭധാരണം സാധിക്കാത്ത വേളകളിലേ IVF പോലുള്ള മാർഗങ്ങൾ സ്വീകരിക്കാവൂ. അല്ലാത്ത മാർഗേണ ഗർഭധാരണം സാധ്യമാകുന്ന പക്ഷം ഈ രീതി അവലംബിക്കാവതല്ല. ദുരുപയോഗത്തിനുള്ള സാധ്യതകളെ മുൻനിർത്തിയാണ് ഇത്. 

രണ്ട്: തീർത്തും വിശ്വസനീയരായ ഡോക്ടർമാരെ മാത്രമേ ഈ ചികിത്സാ രീതിക്ക് വേണ്ടി സമീപിക്കാവൂ. 

മൂന്ന്: സിക്താണ്ഡം നിക്ഷേപിക്കുന്നതും , സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ കാണാനിടവരുന്ന രൂപത്തിലുള്ള ചികിത്സയുടെ ഭാഗങ്ങളും ലേഡി ഡോക്ടർ ആണ് നിർവഹിക്കേണ്ടത്. സ്ത്രീകൾ ഇല്ലാതെ വരുകയോ, അനിവാര്യമായും പുരുഷ ഡോക്ടർ ഇടപെടേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിലോ ഒഴികെ. എൻ്റെ പരിചയത്തിലുള്ള ഈ ട്രീറ്റ്മെന്റ് ചെയ്യുന്ന പുരുഷ ഡോക്ടർ ലേഡി ഡോക്ടറുടെ സഹായത്തോടെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യാറുള്ളത്.    

നാല്: സിക്താണ്ഡങ്ങൾ ഗർഭാശയത്തിൽ പിടിക്കാനും പിടിക്കാതിരിക്കാനും സാധ്യതയുള്ളതിനാൽ ഒരേ സമയം ഒന്നിലധികം സിക്താണ്ഡങ്ങൾ (zygotes) ഗർഭാശയത്തിൽ നിക്ഷേപിക്കുകയാണ് പതിവ്. നാല് വരെ സിക്താണ്ഡങ്ങൾ ഇങ്ങനെ നിക്ഷേപിക്കാറുണ്ട്. അതുകൊണ്ടാണ് IVF വഴി ഉണ്ടാകുന്ന കുട്ടികൾ അധികവും പലപ്പോഴും ഇരട്ടകളായ ജനിക്കുന്നത്. ഇങ്ങനെ കൂടുതൽ നിക്ഷേപ്പിക്കുന്ന സിക്താണ്ഡങ്ങളിൽ എല്ലാം ഗർഭാശയത്തിൽ പിടിക്കുകയാണ് എങ്കിൽ മറ്റുള്ളവയുടെ വളർച്ചയെ കൂടി പരിഗണിച്ച് കൂടുതൽ ആരോഗ്യപൂർണമായത് നിലനിർത്തി അല്ലാത്തത് നീക്കം ചെയ്യുന്നു. ഇതും അംഗീകരിക്കാൻ സാധിക്കുകയില്ല. സ്ത്രീയുടെ ആരോഗ്യവും മറ്റുമെല്ലാം പരിഗണിച്ച് അവർക്ക് ഗർഭം ധരിക്കാൻ അനുയോജ്യമായ വിധേന മാത്രമേ സിക്താണ്ഡങ്ങൾ നിക്ഷേപിക്കാവൂ.    

അഞ്ചു: ഭർത്താവ് ജീവിച്ചിരിക്കെ മാത്രമേ ഈ രീതിയിലൂടെ ഗർഭം ധരിക്കാവൂ. ബീജം നൂതന മാർഗങ്ങളിലൂടെ സൂക്ഷിച്ച് വെച്ച് ഭർത്താവിൻറെ മരണശേഷം ഈ രൂപത്തിൽ ഗർഭം ധരിക്കുന്നത് അനുവദനീയമല്ല. കാരണം ഭാര്യാ ഭർതൃ വൈവാഹിക ബന്ധത്തിലെ ലൈംഗിക ബന്ധം,  ഗർഭധാരണം തുടങ്ങിയുള്ള കാര്യങ്ങൾ മരണത്തോടുകൂടി അവസാനിക്കുന്നു. അതുകൊണ്ടാണ് തൻ്റെ ഭാര്യ ജീവിച്ചിരിക്കെ അവരുടെ സഹോദരിയെ വിവാഹം ചെയ്യുന്നത്  നിഷിദ്ധമെങ്കിലും അവരുടെ മരണശേഷം സഹോദരിയെ വിവാഹം ചെയ്യുന്നതിൽ തെറ്റില്ല. കാരണം ഒരാളുടെ  മരണത്തോടെ വൈവാഹിക ബന്ധം അവസാനിക്കുന്നു. അതുകൊണ്ടാണ് ഭർത്താവ് മരണപെട്ടാൽ സ്ത്രീക്ക് പുനർവിവാഹം അനുവദിക്കപ്പെടുന്നതും. എന്നാൽ മരണശേഷം ഭാര്യ ഭർത്താവിനെ കുളിപ്പിക്കുന്നതിനോ, ഭർത്താവ് ഭാര്യയെ കുളിപ്പിക്കുന്നതിനോ, ചുംബിക്കുന്നതിനോ തെറ്റില്ല. അതുകൊണ്ടാണ് വൈവാഹിക ബന്ധമെന്നോണം നിലനിൽക്കുന്നില്ല എന്നാൽ പൂർണമായി ബന്ധം മുറിയുന്നുമില്ല എന്ന് സൂചിപ്പിക്കസൂചിപ്പിക്കാൻ കാരണം. ഏതായാലും ഇന്ന് ലോകത്തിന്റെ ചില കോണുകളിൽ നിന്നും ഭർത്താവിന്റെ മരണശേഷം ഭർത്താവിൻ്റെ സൂക്ഷിച്ചുവെച്ച ബീജമുപയോഗിച്ച് സ്ത്രീ ഗർഭിണിയായ ചില ന്യൂസുകളൊക്കെ കണ്ടിട്ടുണ്ട്. ഇസ്‌ലാമികമായി അതൊരിക്കലും അനുവദനീയമല്ല. മരണത്തോടെ ഭാര്യാ ഭർത്താവായി ജീവിക്കുകയെന്നതും  ശാരീരിക ബന്ധങ്ങളും അവസാനിക്കുന്നു. എന്നാൽ മരണപ്പെട്ട വ്യക്തി തൻ്റെ ഭാര്യയോ ഭർത്താവോ ആണെന്ന നിലക്ക് അവരുടെ മരണാനന്തര കർമ്മങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യവും മാനസികമായ ബന്ധവും നിലനിൽക്കുകയും ചെയ്യുന്നു. 

അതുകൊണ്ടു IVF പോലുള്ള ചികിത്സാ രീതി അവലംബിക്കുന്നവർ ഇതുപോലുള്ള കാര്യങ്ങൾ തീർച്ചയായും മനസ്സിലാക്കിയിരിക്കണം. ഇനി ഒരാൾക്ക് മക്കളുണ്ടാകുന്നില്ല എങ്കിൽ അത് വലിയ അപരാധമായി കാണേണ്ടതില്ല. അതൊരു സ്വാഭാവികമായ കാര്യം മാത്രമാണ്. ഇനി കുട്ടികളോട് അങ്ങേയറ്റത്തെ ഇഷ്‌ടമുണ്ട് എന്നതിനാലാണ് നിങ്ങൾ ചോദ്യത്തിലുന്നയിച്ച മാർഗത്തെക്കുറിച്ച് ചോദിച്ചതെങ്കിൽ അനാഥകളായ കുട്ടികളെ ദത്തെടുത്ത് വളർത്താമല്ലോ. ആ കുഞ്ഞിന്റെ അസ്തിത്വം നഷ്ടപ്പെടുന്ന രൂപത്തിൽ സ്വന്തം പേരിലേക്ക് ചേർത്ത് വിളിക്കാൻ പാടില്ല എന്നതൊഴിച്ചാൽ എല്ലാവിധ സ്നേഹവും നൽകി ആ കുഞ്ഞിനെ നിങ്ങൾക്ക് വളർത്താം.  

ഏതായാലും ബീജം കടമെടുക്കുക, അണ്ഡം കടമെടുക്കുക, ഗർഭാശയം വാടകക്കെടുക്കുകയോ, മറ്റുള്ളവരുടേത് ഉപയോഗപ്പെടുത്തുകയോ ചെയ്യുക തുടങ്ങിയ അങ്ങേയറ്റം നിഷിദ്ധമായ രീതികൾ അവലംബിക്കാതിരിക്കുക. നമുക്ക് വരുന്ന അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വ്യത്യസ്ഥ രൂപങ്ങളിലായിരിക്കും. അതിൽ നാമറിയാത്ത നന്മകൾ നമുക്കായി അടങ്ങിയിരിക്കാം. അല്ലാഹു പറയുന്നത് നോക്കൂ: 

وَعَسَى أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ وَعَسَى أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ} [البقرة: 216]

"നിങ്ങളൊരുപക്ഷെ വെറുക്കുന്ന കാര്യം യഥാർത്ഥത്തിൽ നിങ്ങൾക്ക് ഗുണകരമായിരിക്കാം. നിങ്ങളൊരുപക്ഷെ ഇഷ്ടപ്പെടുന്ന കാര്യം നിങ്ങൾക്ക് ദോഷകരമായിരിക്കാം.  അല്ലാഹു എല്ലാം അറിയുന്നവനാണ്. പക്ഷെ നിങ്ങളതറിയുന്നില്ല". - (അൽബഖറ: 216 ).

  ക്ഷമ അവലംബിക്കുകയും വിജയികളാകുകയും ചെയ്യുക. നിഷിദ്ധമായ മാർഗങ്ങൾ അവലംബിച്ച് പരലോകം നഷ്ടപ്പെടുത്താതിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ ...
_______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ  


Thursday, July 18, 2019

അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക - ശൈഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് ഹഫിദഹുല്ല



الحمد لله و الصلاة والسلام على اشرف خلق الله، وعلى آله و صحبه ومن والاه، وبعد؛


                      പ്രിയപ്പെട്ട സഹോദരങ്ങളെ, അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയില്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഭിന്നതയെ സംബന്ധിച്ച് പ്രമുഖ പണ്ഡിതനും, മദീനയിലെ മുഹദ്ദിസുമായ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (حفظه الله) എഴുതിയ ഒരു കത്തിന്‍റെ വിവര്‍ത്തനമാണ് ഇവിടെ കൊടുക്കുന്നത്. "അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക" എന്ന അദ്ദേഹത്തിന്‍റെ ലഘു പുസ്തകം നമുക്ക് സുപരിചിതമാണ്. എന്നാല്‍ ആ പുസ്തകം പോലും വിമര്‍ശിക്കപ്പെടുകയും അതില്‍ നിറഞ്ഞു നില്‍ക്കുന്ന ഗുണകാംശ കാണാതെ പോകുകയും ചെയ്തതോടെ അദ്ദേഹം രണ്ടാമത് എഴുതിയ നാലഞ്ചു പേജുള്ള  ഒരു കത്താണിത്. ഖുര്‍ആനും, സുന്നത്തും, മന്‍ഹജുസ്സലഫും അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന ഓരോ സഹോദരനെയും, അതിലുപരി പണ്ഡിതന്മാരെയുമാണ്‌ അദ്ദേഹം ഇതില്‍ അഭിസംബോധനം ചെയ്യുന്നത്. തങ്ങള്‍ക്കിടയിലുള്ള ഇല്മിയായ ചര്‍ച്ചകളും അഭിപ്രായ ഭിന്നതകളും ജനങ്ങളെ ചേരികളും വിഭാഗങ്ങളും ആക്കിത്തിരിക്കുമ്പോള്‍, ഒരു പുനര്‍വിചിന്തനം നടത്താന്‍, പണ്ഡിതന്മാരെയും പ്രബോധകരെയും ഒരുപോലെ പ്രേരിപ്പിക്കുന്നതാണ് ഈ ലേഖനം. ഓരോരുത്തരും അത് വായിക്കുകയും സ്വയം ഒരു പുനര്‍വിചാരണക്ക് തയ്യാറാവുകയും ചെയ്യുക.

www.fiqhussunna.com

ശൈഖ് അബ്ദുല്‍ മുഹ്സിന്‍ حفظه الله പറഞ്ഞതുപോലെ : " വിമര്‍ശിക്കുന്നവരും വിമര്‍ശനവിധേയമായവരും ആരും തന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തമല്ല. പരമാവധി തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കണം എന്നത് ശരിതന്നെ. പക്ഷെ ആ പരിപൂര്‍ണതയിലേക്ക് എത്തിയിട്ടില്ലാത്ത എല്ലാ നന്മകളെയും അടച്ചാക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. അഥവാ ഒന്നുകില്‍ 100% പരിപൂര്‍ണത കൈവരിച്ചത് അല്ലെങ്കില്‍ പിഴച്ചത്, ഒന്നുകില്‍ പ്രകാശിതം അല്ലെങ്കില്‍ ഇരുളടഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല.  മറിച്ച് ഉള്ള പ്രകാശത്തെ സംരക്ഷിക്കുകയും, കുറവുകള്‍ നികത്തി ആ പ്രകാശത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. രണ്ടോ അതില്‍ കൂടുതലോ വിളക്കുകള്‍ ലഭിച്ചില്ലെങ്കിലും ഒരു വിളക്കെങ്കിലും ഉള്ളതല്ലേ കൂരിരുട്ടിനേക്കാള്‍ ഉത്തമം".


അല്ലാഹു നമ്മെയെല്ലാം അല്ലാഹുവോടും, അവന്‍റെ മതത്തോടും, പ്രവാചകനോടും, സത്യവിശ്വാസികളോടും ഗുണകാംശയുള്ളവരാക്കി മാറ്റുമാറാകട്ടെ.

ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (حفظه الله) എഴുതുന്നു:


الحمد لله، ولا حول ولا قوة إلا بالله، وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وصحبه ومن والاه، أما بعد؛


 മതപഠനരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സലഫുകളുടെ പാതയില്‍ മുന്നോട്ട്പോകുന്ന അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയിലാണ് പരസ്പരമുള്ള ഗുണകാംശയും ഒത്തൊരുമയും ഏറ്റവും കൂടുതല്‍ വേണ്ടത്. പ്രത്യേകിച്ചും സലഫുകളുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചുപോയ കക്ഷികളെ അപേക്ഷിച്ച് അവര്‍ വളരെ വളരെ കുറവാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുന്പ് ശൈഖ് ഇബ്നു ബാസിന്‍റെയും, ഇബ്നു ഉസൈമീന്റെയുമെല്ലാം അവസാന കാലഘട്ടത്തില്‍, സലഫീ മന്‍ഹജില്‍ നിന്നും  പിഴച്ചുപോയ കക്ഷികളെക്കുറിച്ച് താക്കീത് നല്‍കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അഹ്ലുസ്സുന്നയില്‍ നിന്നും വളരെ ചുരുക്കം ചിലര്‍ കഠിനപരിശ്രമം നടത്തുകയുണ്ടായി. അത് അങ്ങേയറ്റം പ്രശംസനീയവും നന്ദിയര്‍ഹിക്കുന്നതുമായ പ്രവര്‍ത്തനമായിരുന്നു. പക്ഷെ ഖേദകരമെന്ന് പറയട്ടെ ശൈഖ് ഇബ്നു ബാസിന്‍റെയും ഇബ്നു ഉസൈമീന്‍റെയും മരണശേഷം ഇക്കൂട്ടരില്‍ ചിലര്‍ രാജ്യത്തിന്‍റെ അകത്തും പുറത്തുമായി സലഫുകളുടെ മാര്‍ഗം പിന്‍പറ്റുന്നത്തിലേക്കും പിന്തുടരുന്നതിലേക്കും ക്ഷണിക്കുന്ന സ്വന്തം ആളുകളെത്തന്നെ വിമര്‍ശിക്കുന്നത്തിലേക്ക് തിരിഞ്ഞു. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് അവരുടെ നന്മകളെ കണ്ടറിയുകയും, അതിന് അവരെ പ്രേരിപ്പിക്കുകയും, അവരില്‍ വന്ന തെറ്റുകള്‍ - അത് തെറ്റുകള്‍ ആണെന്ന് വ്യക്തമായാല്‍ -   നല്ല രൂപത്തില്‍ തിരുത്തുകയുമാണ് ചെയ്യേണ്ടിയിരുന്നത്. അതോടൊപ്പം തങ്ങളുടെ ഒത്തുചേരലുകളിലെല്ലാം അവരെക്കുറിച്ച് മോശമായിപ്പറയുന്നതിലും, അവരില്‍ നിന്നും താക്കീത് നല്‍കുന്നതിലും വ്യാപൃതരാവുകയും ചെയുകയല്ല, മറിച്ച് ഇല്‍മ് നേടുന്നതില്‍ കൂടുതല്‍ വ്യാപൃതരാവുകയും, അത് പഠിപ്പിക്കുകയും, അതിലേക്ക് പ്രബോധനം ചെയ്യുകയുമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്.  ഇതാണ് ഇസ്വ്'ലാഹിന്‍റെ ശരിയായ രീതി. ഇതായിരുന്നു ഈ കാലഘട്ടത്തിലെ അഹ്ലുസ്സുന്നയുടെ ഇമാമായ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ലയുടെ രീതി.  ഇന്നത്തെ കാലത്ത് മതപരമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഹ്ലുസ്സുന്നയുടെ ആളുകള്‍ കുറഞ്ഞു വരികയാണ്. അവരുടെ കൊഴിഞ്ഞുപോക്കല്ല, അഭിവൃദ്ധിയാണ് നമുക്കാവശ്യം. അവരുടെ അകല്‍ച്ചയല്ല, ഒത്തൊരുമയാണ് നമുക്കാവശ്യം. നഹ്'വിന്‍റെ പണ്ഡിതന്മാര്‍ പറഞ്ഞത് പോലെ ( المصغر لا يصغر ) അഥവാ ലഘൂകരിക്കപ്പെട്ട പദം വീണ്ടും ലഘൂകരിക്കപ്പെടുകയില്ല ഇതാണ് അഹ്ലുസ്സുന്നയുടെ വിഷയത്തിലും പറയാനുള്ളത്.

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലാഹ് തന്‍റെ മജ്മൂഉ ഫതാവയില്‍ പറഞ്ഞു: മതത്തിലെ അതിമാത്തായ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്, മനസ്സുകള്‍ പരസ്പരം ഇണക്കുക, അഭിപ്രായഭിന്നതയോഴിവാക്കി ഒന്നിക്കുക, പരസ്പരബന്ധം നന്നാക്കുക എന്നുള്ളത്. അല്ലാഹു പറയുന്നു : "അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക." - [അന്‍ഫാല്‍:1]. അതുപോലെ അല്ലാഹു പറയുന്നു: " നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌." - [ആലു ഇംറാന്‍:103]. തുടങ്ങിയ പരസ്പരം ഇണങ്ങുവാനും ഒരുമിക്കുവാനും കല്‍പ്പിക്കുന്ന, ഭിന്നതയെയും വിഭാഗീയതയെയും വിലക്കുന്ന വചനങ്ങള്‍ ധാരാളമാണ്. ഈ ഒരു അടിസ്ഥാനതത്വം അഹ്ലുസ്സുന്നയുടെ അടിസ്ഥാന തത്വമാണ്. ഇതില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നവര്‍ വിഭാഗീയതയുടെ ആളുകളാണ് " - [മജ്മൂഉ ഫതാവ: 51/28].

ഹിജ്റ 1424ല്‍ പ്രസിദ്ധീകരിച്ച "രിഫ്ഖന്‍ അഹ്ലുസ്സുന്ന ബി അഹ്ലുസ്സുന്ന" " "അഹ്ലുസ്സുന്നയുടെ ആളുകള്‍ പരസ്പരം നല്ല രൂപത്തില്‍ വര്‍ത്തിക്കുക" എന്ന ലഘുഗ്രന്ഥത്തില്‍ ഞാന്‍ ഇത് വിശദമായി എഴുതിയിട്ടുണ്ട്. പിന്നീട് ഹിജ്റ 1426ല്‍ അത് പുനര്‍പ്രസിധീകരിക്കുകയും, ഹിജ്റ 1428ല്‍ എന്‍റെ ഗ്രന്ഥസമാഹാരത്തിനൊപ്പം (6/ 281 - 327) അത് ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒരുപാട് തെളിവുകളും, അതുപോലെ ഇരുത്തം വന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നും ഒരുപാട് ഉദ്ദരണികളും ഞാന്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആമുഖം ഒഴിച്ചു നിര്‍ത്തിയാല്‍ 'സംസാര ശേഷി എന്ന അനുഗ്രഹം' , 'നാവിനെ നന്മാക്കല്ലാതെ ഉപയോഗിക്കരുത്' , 'ഊഹവും ചാരപ്പണിയും' , 'മയത്വവും, സൌഹൃദവും' , ' പണ്ഡിതന്മാര്‍ക്ക് തെറ്റുപറ്റുമ്പോഴുള്ള അഹ്ലുസ്സുന്നയുടെ സമീപനം, അവരെ ബിദ്അത്തുകാരായി ചിത്രീകരിക്കാനോ, അവരുമായി ബന്ധം മുറിക്കാനോ പാടില്ല' , 'വിമര്‍ശനത്തിലും, ബന്ധവിച്ചേദനത്തിലും അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകളില്‍ നിന്നുണ്ടായ ഫിത്ന, അതില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം' , ' ആളുകളെ അടിസ്ഥാനമാക്കി ജനങ്ങളെ ചെരിതിരിക്കുന്ന ബിദ്അത്ത്'  , ' ഈ കാലഘട്ടത്തില്‍ അഹ്ലുസ്സുന്നയുടെ ചില ആളുകളില്‍ നിന്നുമുണ്ടായ ബിദ്അത്താരോപണങ്ങളെയും, വിമര്‍ശനങ്ങളെയും  കുറിച്ചുള്ള താക്കീത്' എന്നീ വിഷയങ്ങളാണ് ആ ലഘു കൃതിയില്‍ പ്രതിപാദിച്ചിട്ടുള്ളത്.

എന്നാല്‍ ഖേദകരമെന്ന് പറയട്ടെ അഹ്ലുസ്സുന്നയില്‍ പെട്ട ആളുകള്‍ക്ക് നേരെത്തന്നെ കുന്തം തിരിച്ചുവെക്കുക വഴി ചെളിയില്‍ വെള്ളമൊഴിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിന്‍റെ പ്രതിഫലനമെന്നോണം ആവര്‍ത്തിച്ചു കേള്‍ക്കുന്ന ചില ചോദ്യങ്ങളാണ്,

ഇന്ന ആള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞ ആ ആളെക്കുറിച്ചുള്ള നിന്‍റെ അഭിപ്രായം എന്താണ് ?,

ഇന്ന ആള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞ ആളെഴുതിയ പുസ്തകം വായിക്കാന്‍ പറ്റുമോ ? ,

അതുപോലെ വളരെക്കുറച്ച് മാത്രം അറിവുള്ള വിദ്യാര്‍ഥികള്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണ്: ഇന്ന ആള്‍ ബിദ്അത്തുകാരനാണ് എന്ന് പറഞ്ഞ ആളെക്കുറിച്ച് നിന്‍റെ അഭിപ്രായം എന്താണ് ?, എന്തായാലും ആ വിഷയത്തില്‍ നിനക്കൊരു അഭിപ്രായം ഉണ്ടായിരിക്കണം ഇല്ലെങ്കില്‍ നിന്നെയും ഞങ്ങള്‍ ഉപേക്ഷിക്കും.

കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഇതേ സമീപനം യോറോപ്പ്യന്‍ രാജ്യങ്ങളെപ്പോലുള്ള (മുസ്ലിമീങ്ങള്‍  നന്നേ കുറവായ) രാജ്യങ്ങളിലേക്ക് കടക്കുമ്പോഴാണ്. അഹ്ലുസ്സുന്നയുടെ ഉല്പന്നത്തിന് തീരെ ചിലവില്ലാത്ത അത്തരം നാടുകളില്‍ ഉപകാരപ്രദമായ അറിവ് കരസ്ഥമാക്കുകയും, പരസ്പരവിദ്വേശം പകര്‍ത്തുന്ന ഫിത്നകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതിനു പകരം ഈ 'ജര്‍ഹ്' ചെയ്യലിനെ അന്തമായി പിന്തുടരുക വഴി കുഴപ്പങ്ങള്‍ കൂടുതല്‍ മോശമാകുകയാണ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇങ്ങനെ പരസ്പരം വിദ്വേശം വച്ചുപുലര്‍ത്തുന്ന രീതി യഥാര്‍ത്ഥത്തില്‍ ഇഖ്'വാനുല്‍ മുസ്ലിമീന്‍റെ രീതിയോട് സാദൃശ്യമുള്ള രീതി ശാസ്ത്രമാണ്. അവരുടെ സ്ഥാപകനേതാവായ ഹസനുല്‍ ബന്ന പറഞ്ഞത് : "നിങ്ങളുടെ പ്രബോധനത്തിലേക്ക് ജനങ്ങളാണ് കടന്നു വരേണ്ടത്. അതല്ലാതെ നിങ്ങള്‍ അവരിലേക്ക് കടന്നു ചെല്ലുകയല്ല.    കാരണം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാണ്. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളാകട്ടെ കുറ്റങ്ങളില്‍ നിന്നും കുറവുകളില്‍ നിന്നും മുക്തമല്ല തന്നെ ...." - [ഹസനുല്‍ ബന്ന, مذكرات الدعوة والداعية , പേജ് : 232].

അതുപോലെ ഹസനുല്‍ ബന്ന പറഞ്ഞു: " മനസ്സുകളെ തമ്മില്‍ അകറ്റിയ, ചിന്തകളെ മന്ദീഭവിപ്പിച്ച ഇന്ന് കാണുന്ന വ്യത്യസ്ഥങ്ങളായ പിഴച്ച ദഅവാ പ്രവര്‍ത്തനങ്ങളോടുള്ള നമ്മുടെ സമീപനം എന്തെന്നാല്‍, അതില്‍ നമ്മുടെ പ്രബോധന മാര്‍ഗത്തോട് വല്ലതും യോജിക്കുന്നുവെങ്കില്‍ അതിനെ നമ്മള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. നമ്മോട് വിയോജിക്കുന്നവയെ നമ്മള്‍ നഖശികാന്തം എതിര്‍ക്കുന്നു." - [മജ്മൂഉ റസാഇലു ഹസനുല്‍ ബന്നാ, പേജ് 240].

ഇത്തരം ഫിത്നകളില്‍ വ്യാപൃതരാകുന്നതിന് പകരം ഉപകാരപ്രദമായ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലും അറിവ് തേടുന്നതിലും ആണ് ആ വിദ്യാര്‍ഥികള്‍ വ്യാപൃതരാവേണ്ടിയിരുന്നത്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ ജീവിച്ച അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരായ ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ ഫത്'വകളും, ലിജനതുദ്ദാഇമയുടെ ഫത്'വകളും, ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ ഗ്രന്ഥങ്ങളുമൊക്കെ  വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അപ്രകാരം ചെയ്യുക വഴി ആഹ്ലുസ്സുന്നയില്‍പെട്ട തങ്ങളുടെ സഹോദരങ്ങളുടെ ഇറച്ചി തിന്നുന്നതില്‍ നിന്നും, ഖീല ഖാലകളില്‍ നിന്നും മാറി നില്‍ക്കാനും ഉപകാരപ്രദമായ അറിവ് കരസ്ഥമാക്കാനും അവര്‍ക്ക് സാധിക്കും.

ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലാഹ്  'അല്‍ ജവാബുല്‍ കാഫി' എന്ന  ഗ്രന്ഥത്തില്‍ പറയുന്നു : " അല്ഭുതകരമെന്നുപറയട്ടെ അക്രമത്തില്‍ നിന്നും, ഹറാമായ ഭക്ഷണം ഭക്ഷിക്കുന്നതില്‍ നിന്നും, വ്യഭിചാരത്തില്‍ നിന്നും, മോഷണത്തില്‍ നിന്നും, കള്ളുകുടിയില്‍ നിന്നും, ഹറാമായ കാര്യങ്ങളിലേക്ക് നോക്കുന്നതില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കാനും സൂക്ഷ്മത പാലിക്കാനും മനുഷ്യന് നിഷ്പ്രയാസം സാധിച്ചെന്നു വരാം .... പക്ഷെ തന്‍റെ നാവിന്‍റെ ചലനത്തെ നിയന്ത്രിക്കാന്‍ അവന്‍ പെടാപാട് പെടുന്നു.... എത്രത്തോളമെന്നാല്‍ മതബോധം കൊണ്ടും, ഭക്തികൊണ്ടും, ആരാധനയുടെ ആധിക്യം കൊണ്ടുമെല്ലാം ശ്രദ്ധേയനായ ഒരാള്‍, അശ്രദ്ധമായി പറഞ്ഞുപോകുന്ന ഒരു വാക്ക് കാരണത്താല്‍ ഒരുപക്ഷെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അത്രയും അകലം നരകത്തില്‍ അവന്‍ ആപധിച്ചേക്കാം. തിന്മകളില്‍ നിന്നും മ്ലേച്ചമായ കാര്യങ്ങളില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കുകയും,  എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മനുഷ്യന്മാരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാന്‍ നാവിന് ഒരു മടിയുമില്ലാത്തവരുമായ എത്രയെത്ര മനുഷ്യന്മാരെ നിനക്ക് കാണാം". - [അല്‍ ജവാബുല്‍ കാഫി, പേജ് : 203].

ഇനി അഹ്ലുസ്സുന്നയില്‍ പെട്ട ഒരാളില്‍ നിന്നും അവ്യക്തമായ വാക്കുകളോ (പ്രവര്‍ത്തികളോ) ഉണ്ടാവുകയും, അതേസമയം അയാളില്‍ നിന്നും   സുവ്യക്തമായ വാക്കുകളോ (പ്രവര്‍ത്തികളോ) ഉണ്ടായാല്‍ അയാളെക്കുറിച്ച് നല്ലത് കരുതുകയും അവ്യക്തമായതിനെ മാറ്റിനിര്‍ത്തി സുവ്യക്തമായതിനെ പരിഗണിക്കേണ്ടതുമാണ്. ഉമര്‍ ബിന്‍ അല്‍ ഖത്താബ് (റ) പറഞ്ഞു : " നിന്‍റെ സഹോദരനായ ഒരു സത്യവിശ്വാസിയില്‍ നിന്നും പുറത്ത് വന്ന ഒരു വാചകത്തെ നന്മയോടെ നോക്കിക്കാണാനുള്ള വല്ല പഴുതും നീ കാണുന്ന പക്ഷം, നന്മയോടെയല്ലാതെ നീയതിനെ നോക്കിക്കാണരുത് ". ഇബ്നു കസീര്‍ റഹിമഹുല്ലാഹ് സൂറത്തുല്‍ ഹുജ്റാത്തിന്‍റെ തഫ്സീറിലാണ് അത് ഉദ്ദരിച്ചത്. അതുപോലെ ബക്റിക്ക് എഴുതിയ ഘണ്ഡനത്തില്‍   ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു : "ഒരാളുടെ സുവ്യക്തമായ വാക്കുകള്‍ അയാളുടെ അവ്യക്തമായ വാക്കുകളെ നീക്കം ചെയ്യുന്നു. അതിന്‍റെ പ്രകടമായ വശത്തിന് മറ്റു സൂചനകളെക്കാള്‍ പ്രാമുഖ്യം നല്‍കണം" [അര്‍റദ്ദ് അലല്‍ ബക്'രി, പേജ്: 334]. അതുപോലെ അദ്ദേഹം തന്‍റെ അസ്വാരിം അല്‍ മസ്ലൂല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: " ഫുഖഹാക്കളുടെ വാക്കുകള്‍ അവരുടെ വിശദീകരണമോ, അവര്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളോ പരിശോധിക്കാതെ എടുത്താല്‍ അത് പിഴച്ച വാദങ്ങളിലേക്കാണ് നയിക്കുക" - [അസ്വാരിം അല്‍മസ്'ലൂല്‍, പേജ്: 2/512]. അതുപോലെ തന്‍റെ 'ക്രിസ്തുവിന്റെ മതം മാറ്റിയവര്‍ക്കുള്ള യഥാര്‍ത്ഥ മറുപടി' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു : " ഒരാളുടെ വാക്കുകള്‍ പരിഗണിക്കുമ്പോള്‍ അയാള്‍ പറഞ്ഞിട്ടുള്ള മറ്റു കാര്യങ്ങള്‍ കൂടി പരിഗണിക്കണം. അയാള്‍ ഇവിടെ പ്രതിപാദിച്ചിട്ടുള്ളതും മറ്റിടങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളതും പരിഗണിക്കണം. അയാള്‍ ഒരു പദം പ്രയോഗിച്ചാല്‍ സാധാരണയായി എന്താണ് അയാള്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നതും ഉദ്ദേശിക്കുന്നതും എന്ന് മനസ്സിലാക്കണം" - [അല്‍ജവാബ് അസ്വഹീഹ് അല മന്‍ ബദ്ദല ദീനല്‍ മസീഹ്, പേജ്: 4/44].

  വിമര്‍ശിക്കുന്നവരും വിമര്‍ശനവിധേയമായവരും ആരും തന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തമല്ല. പരമാവധി തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കണം എന്നത് ശരിതന്നെ. പക്ഷെ ആ പരിപൂര്‍ണതയിലേക്ക് എത്തിയിട്ടില്ലാത്ത എല്ലാ നന്മകളെയും അടച്ചാക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. അഥവാ ഒന്നുകില്‍ 100% പരിപൂര്‍ണത കൈവരിച്ചത് അല്ലെങ്കില്‍ പിഴച്ചത്, ഒന്നുകില്‍ പ്രകാശിതം അല്ലെങ്കില്‍ ഇരുളടഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല.  മറിച്ച് ഉള്ള പ്രകാശത്തെ സംരക്ഷിക്കുകയും, കുറവുകള്‍ നികത്തി ആ പ്രകാശത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. രണ്ടോ അതില്‍ കൂടുതലോ വിളക്കുകള്‍ ലഭിച്ചില്ലെങ്കിലും ഒരു വിളക്കെങ്കിലും ഉള്ളതല്ലേ കൂരിരുട്ടിനേക്കാള്‍ ഉത്തമം. ശൈഖ് ഇബ്നു ബാസിന് അല്ലാഹു കരുണ ചൊരിയട്ടെ. തന്‍റെ ജീവിതം മുഴുവന്‍ പഠനത്തിനും, ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും, ദഅവത്തിനും വേണ്ടി ഒഴിച്ചവെച്ചതായിരുന്നു ആ ജീവിതം. പണ്ഡിതന്മാരെയും ത്വലബതുല്‍ ഇല്മിനെയും തങ്ങള്‍ പഠിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും, ദഅവാ രംഗങ്ങളില്‍ സജീവമാകാനും ഏറെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ഒരിക്കല്‍ ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഒരു പണ്ഡിതനെ അപ്രകാരം ഉപദേശിക്കുന്ന അവസരത്തില്‍ എന്തോ ചില ഒഴിവുകഴിവുകള്‍ അയാള്‍ പറയാന്‍ ശ്രമിച്ചു. ശൈഖിന് അയാളുടെ ന്യായീകരണത്തില്‍ തൃപ്തിയായില്ല. ശൈഖ് അയാളോട് പറഞ്ഞു:  (( العمش ولا العمى )) 'അന്തതയാണോ അതല്ല കാഴ്ചക്കുറവാണോ നല്ലത് ?!'. അതായത്: ഒരുകാര്യം പൂര്‍ണ്ണമായും കരസ്ഥമാക്കാന്‍ സാധിക്കില്ല എന്ന് കരുതി അതെല്ലാം തന്നെ ഉപേക്ഷിക്കണമെന്നത് ശരിയല്ല. ഒരാള്‍ക്ക് നല്ല ശക്തിയുള്ള കാഴ്ച ഇല്ലാതിരുന്നാല്‍ കുറഞ്ഞ കാഴ്ചയെങ്കിലും ഉണ്ടാകുന്നതല്ലേ അന്തതയെക്കാള്‍ ഭേദം. - ഇരുപതാം വയസിലെങ്ങാണ്ട് ശൈഖിന്‍റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ പൊതുജനങ്ങള്‍ക്കിടയിലും  വേണ്ടപ്പെട്ടവര്‍ക്കിടയിലും ഏറെ പ്രസിദ്ധിയാര്‍ജിച്ച പ്രകാശപൂരിതമായ ഉള്‍ക്കാഴ്ച നല്‍കി അല്ലാഹു അദ്ദേഹത്തെ ആദരിച്ചു. -.

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " കലര്‍പ്പില്ലാത്ത കറകളഞ്ഞ പ്രകാശം ഇല്ലാതെവരികയും, തെളിച്ചമില്ലാത്ത മന്ദീഭവിച്ച പ്രകാശം മാത്രം ബാക്കിയാകുകയും, ആ വെളിച്ചമെങ്കിലും ഇല്ലാതെ വന്നാല്‍ ആളുകള്‍ പൂര്‍ണമായ ഇരുട്ടിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ (വെട്ടം കുറവാണെങ്കിലും ആ വെളിച്ചത്തെ നീ  കെടുത്തിക്കളയരുത്). തീര്‍ത്തും തെളിഞ്ഞ വെളിച്ചം കിട്ടിയാലല്ലാതെ ഒരാളും ഇരുള്‍ ബാധിച്ച വെളിച്ചത്തെ ആക്ഷേപിക്കുകയും അതിനെ വിലക്കുകയും ചെയ്യരുത്. (നേരിയ വെളിച്ചമാണെങ്കിലും) ആ ഉള്ള വെളിച്ചത്തെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ എത്ര പേരാണ് പൂര്‍ണമായ ഇരുട്ടിലേക്ക് കൂപ്പുകുത്തിയതായി  നിനക്ക് കാണാന്‍ സാധിക്കുക". - [മജ്മൂഉ ഫതാവ : 10/364].  ഇത്തരം എടുത്ത് ചാട്ടത്തിന് ഒരുദാഹരണമാണ് ചില ആളുകളുടെ വാക്കുകള്‍. (അവര്‍ പറയാറുള്ളത്): "സത്യം ഒന്ന് മാത്രമായിരിക്കും, അത് ശാഖകളാവുകയില്ല. ഒന്നുകില്‍ അത് പൂര്‍ണമായും ഉള്‍ക്കൊള്ളുക. അല്ലെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുക". ഇതില്‍ സത്യം പൂര്‍ണമായി ഉള്‍ക്കൊള്ളുക എന്നത് ശരി തന്നെ. പക്ഷെ അല്ലെങ്കില്‍ അത് പൂര്‍ണമായി ഉപേക്ഷിക്കുക എന്ന് പറയുന്നത് ബാത്വിലാണ്. മറിച്ച് അല്പമെങ്കിലും നന്മ കയ്യിലുള്ളവനോട് അത് നിലനിര്‍ത്താന്‍ വേണ്ടി ഉപദേശിക്കുകയും പോരായ്മകള്‍ നികത്താന്‍ വേണ്ടി ആവശ്യപ്പെടുകയും ആണ് വേണ്ടത്.

(ഒരാളോട് നമ്മള്‍ ബന്ധം മുറിക്കുമ്പോള്‍) അതില്‍ പ്രശംസനീയമായ ബന്ധവിച്ചേദനം (هجر) എന്ന് പറയുന്നത് ഗുണകരമായ പര്യവസാനത്തിന് അഥവാ مصلحة ന് വഴിവെക്കുന്ന ബന്ധവിച്ചേദനമാണ്. ഒരിക്കലും തന്നെ അത് ദോശകരമായ പര്യവസാനത്തിന് (مفسدة) വഴിവെക്കുന്നതായിക്കൂട.  ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " പരസ്പരം അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമ്പോഴെല്ലാം തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധം മുറിക്കാന്‍ നില്‍ക്കുന്നവരാണ് എങ്കില്‍ പിന്നെ ഒരിക്കലും  തന്നെ മുസ്ലിമീങ്ങള്‍ തമ്മില്‍  സാഹോദര്യ ബന്ധമോ, (വിശ്വാസി എന്ന നിലക്കുള്ള) സുരക്ഷിതത്വമോ ഉണ്ടാവില്ല". - [ മജ്മൂഉ ഫതാവ 28/ 173].  അതുപോലെ അദ്ദേഹം പറഞ്ഞു : "  ശറഇയ്യായ ഒരു കാരണത്താല്‍ ഒരാളെ ഹജ്ര്‍ ചെയ്യുക എന്നുള്ളത് (ബന്ധം മുറിക്കുക എന്നുള്ളത്) ബന്ധം മുറിക്കുന്നവരുടെ ബലവും, ബലഹീനതയും അതുപോലെ എണ്ണവും, എണ്ണക്കുറവുമെല്ലാം അപേക്ഷിച്ച് വ്യത്യസ്ഥമായിരിക്കും. ബന്ധം മുറിക്കപ്പെട്ടവനെ ആ തിന്മയില്‍ നിന്നും അകറ്റുക എന്നതും, പൊതുജനങ്ങള്‍ അവനെപ്പോലെ അത്തരം തിന്മകളില്‍ ഭാഗവാക്കാകുന്നതിനെ തടയുക എന്നതുമാണ്‌  നമ്മള്‍ അവനുമായുള്ള ബന്ധം മുറിക്കുന്നതിന്‍റെ താല്പര്യം. അപ്രകാരം അവനെ ഹജ്ര്‍ ചെയ്യുന്നത് (ബന്ധം മുറിക്കുന്നത്) തിന്മ കുറക്കാനും, തിന്മയെ മന്ദീഭവിപ്പിക്കാനും ഉപകിരിക്കും വിധം ഗുണകരമെന്ന് ബോധ്യപ്പെട്ടാല്‍ അത് അനുവദനീയമാണ്. മറിച്ച് ബന്ധം മുറിക്കപ്പെട്ടവനെയോ മറ്റുള്ളവരെയോ തിന്മയില്‍ നിന്നും തടയിടാന്‍ സാധിക്കാതെ വരികയും, അതിലുപരി തിന്മ വര്‍ദ്ധിപ്പിക്കുന്നതാവുകയും, ബന്ധം മുറിക്കുന്നവന്‍ മുറിക്കപ്പെടുന്നവനെക്കാള്‍ ദുര്‍ബലനുമാണെങ്കില്‍ അപ്രകാരം ഗുണത്തെക്കാളേറെ ദോഷമാണതുണ്ടാക്കുക എന്നു വന്നാല്‍ ഹജ്ര്‍ ചെയ്യാന്‍ പാടില്ല". അതെല്ലാം വിശദീകരിച്ചുകൊണ്ട് തുടര്‍ന്നദ്ദേഹം പറയുന്നു: "അപ്രകാരമെങ്കില്‍ പിന്നെ, ശറഇയ്യായ ബന്ധവിച്ചേദനം അല്ലാഹുവും അവന്‍റെ റസൂലും ചെയ്യാന്‍ കല്‍പിച്ച അമലുകളില്‍ പെട്ടതാണ്. ഇബാദത്തുകളെല്ലാം തന്നെ അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടുള്ളതും അവന്‍റെ കല്പനകള്‍ അനുസരിച്ചുകൊണ്ടുള്ളതുമായിരിക്കണം.  അത് തീര്‍ത്തും നിഷ്കളങ്കമായി അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടുള്ളതാവണം. അതുകൊണ്ടുതന്നെ ആരെങ്കിലും തന്‍റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടിയോ, അല്ലാഹു കല്പിച്ചിട്ടില്ലാത്ത വിധത്തിലോ ഹജ്ര്‍ ചെയ്‌താല്‍ (ബന്ധവിച്ചേദനം നടത്തിയാല്‍) അവന്‍റെ ഹജ്ര്‍ ശറഇയ്യായ ഹജ്റിന് പുറത്താണ്. എന്നാല്‍ എത്രയെത്ര മനസ്സുകളാണ് അല്ലാഹുവിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയോടെ താല്പര്യപ്പെടുന്നതെല്ലാം ചെയ്തുകൂട്ടുന്നത് ". - [മജ്മൂഉ ഫതാവ 28/206].

പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായിക്കാണാം: ഒരു പണ്ഡിതന് തെറ്റു പറ്റിയാല്‍, ആ തെറ്റില്‍ അയാളെ പിന്തുടരാന്‍ പാടില്ല. എന്നാല്‍ അതിന്‍റെ പേരില്‍ അയാളെ പാടേ തള്ളിക്കളയാനും പാടില്ല. മറിച്ച് അയാളുടെ ആ തെറ്റ് മറ്റനേകം ശരികളാല്‍ പൊറുക്കപ്പെടുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല) തന്‍റെ മജ്മൂഉ ഫതാവയില്‍ ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി: “തങ്ങള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തെ ആസ്പദമാക്കി മുസ്‌ലിം സമൂഹത്തില്‍ നിന്നും വ്യത്യസ്ഥ കക്ഷിയാവുകയോ, അതിനെ ആധാരമാക്കി സൗഹൃദവും ശത്രുതയും വച്ചു പുലര്‍ത്തുകയോ ചെയ്യുന്നില്ലയെങ്കില്‍ അതവരില്‍ നിന്നും സംഭവിച്ചു പോയ ഒരു തെറ്റ് മാത്രമാണ്. അത്തരം കാര്യങ്ങളില്‍ പരിശുദ്ധനായ അല്ലാഹു വിശ്വാസികള്‍ക്ക് അവരുടെ തെറ്റുകള്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. അത്തരം തെറ്റുകളില്‍ മുസ്‌ലിം ഉമ്മത്തിലെ മുന്‍ഗാമികളായ എത്രയോ പണ്ഡിതന്മാരും ഇമാമീങ്ങളും പെട്ടുപോയിട്ടുമുണ്ട്. അവരുടെ ഇജ്തിഹാദ് പ്രകാരം അവര്‍ പറഞ്ഞ വാക്കുകള്‍ ചിലപ്പോഴൊക്കെ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ടു വന്നതിന് എതിരാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. (അതവര്‍ക്ക് സംഭവിച്ചുപോയ തെറ്റു മാത്രമാണ്). എന്നാല്‍ തന്‍റെ വാദങ്ങള്‍ അംഗീകരിക്കുന്നവരോട് സൗഹൃദം പുലര്‍ത്തുകയും, തന്‍റെ വാദങ്ങളെ എതിര്‍ക്കുന്നവരോട് ശത്രുത കാണിക്കുകയും, മുസ്ലിംകളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ ഒരിക്കലും അവരെപ്പോലെയല്ല”. - [മജ്മൂഉ ഫതാവ 3/349].

    ഇമാം ദഹബി (റ) തന്‍റെ سير أعلام النبلاء ല്‍ പറയുന്നു: “ഇമാമീങ്ങളിലാരെങ്കിലും ചില ഒറ്റപ്പെട്ട മസ്അലകളില്‍ പൊറുക്കപ്പെടാവുന്ന വീഴ്ചകള്‍ വരുത്തുമ്പോഴേക്ക് നാം അവരെ ബിദ്അത്തുകാരായി മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, കുറ്റവും കുറവുമില്ലാത്ത ഒരാളും പിന്നെ ഉണ്ടാവുകയില്ല. ഇബ്നു നസ്റോ, ഇബ്നു മിന്‍ദയോ ആയിരുന്നാല്‍ പോലും, ഇനി വേണ്ട അവരെക്കാള്‍ വലിയവര്‍ ആയിരുന്നാല്‍ പോലും അതില്‍ നിന്നും മുക്തമാകുമായിരുന്നില്ല. അല്ലാഹുവാണ് മനുഷ്യരെ സത്യത്തിലേക്ക് വഴി നടത്തുന്നത്. അവന്‍ കാരുണ്യവാന്മാരില്‍ ഏറ്റവും വലിയ കാരുണ്യവാനാണ്. അതിനാല്‍ തന്നെ നമ്മുടെ ദേഹേച്ചയെ പിന്‍പറ്റി (മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതില്‍ നിന്നും) മോശമായ സംസാരത്തില്‍ നിന്നും നാം അല്ലാഹുവില്‍ ശരണം തേടുന്നു”. – [سير أعلام النبلاء 14/39]. (ഇബ്നു നസ്ര്‍ എന്നത് പ്രശസ്ഥ ഇമാമായ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ നസ്ര്‍ അല്‍ മര്‍വസിയാണ്. ഇബ്നു മന്‍ദ എന്നത് ഇമാം മുഹമ്മദ്‌ ബിന്‍ യഹ്’യയാണ്. ഹിജ്റ 301ലാണ് അദ്ദേഹം മരണപ്പെട്ടത്. രണ്ടുപേരും അനേകം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയ മുഹദ്ദിസീങ്ങളാണ്).

  അതുപോലെ ഇമാം ദഹബി(റ) പറഞ്ഞു: “ശരിയായ വിശ്വാസവും സത്യം മാത്രം പിന്തുടരുവാനുള്ള ദൃഢനിശ്ചയവുമുള്ള ഒരാള്‍ക്ക് അയാളുടെ ഇജ്തിഹാടില്‍ തെറ്റുപറ്റുമ്പോഴേക്ക് ബിദ്അത്ത് മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, ഇമാമീങ്ങളില്‍ നിന്നും വളരെക്കുറച്ച് പേര്‍ മാത്രമായിരിക്കും ബാക്കിയാവുക. അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും അവരോടെല്ലാം കരുണ ചെയ്യുമാറാകട്ടെ ”. – [14/376 سير أعلام النبلاء].

    ഒരു വ്യക്തിയെ ജര്‍ഹ് ചെയ്യുന്നതിന് (മോശമായി വിലയിരുത്തുന്നതിന്) ചിലപ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങളും കാരണമായേക്കാം എന്ന് ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ല അദ്ദേഹത്തിന്‍റെ صيد الخاطر എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ വ്യത്യസ്ഥ പണ്ഡിതന്മാരെ കണ്ടുമുട്ടിയിട്ടുണ്ട്. അറിവിന്‍റെ കാര്യത്തില്‍ സ്വാഭാവികമായും അവര്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പക്ഷെ അവരോടൊപ്പമുള്ള സഹവാസത്തില്‍ എനിക്ക് ഏറ്റവുമധികം ഉപകാരപ്പെട്ടത് ഉള്ള അറിവ് ജീവിതത്തില്‍ പകര്‍ത്തുന്നവരാണ്. മറ്റുള്ളവര്‍ അവരെക്കാള്‍ അറിവുള്ളവര്‍ ആയിരുന്നിട്ടുകൂടി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അവരാണ്. എന്നാല്‍ ചില ഹദീസ് പണ്ഡിതന്മാരെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവര്‍ ഹദീസുകള്‍ നന്നായി മനപ്പാഠമാക്കുകയും അതിന്‍റെ പൊരുള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ പരദൂഷണം പറയുകയും അതെല്ലാം ജര്‍ഹു വ തഅദീലാണെന്നും പറഞ്ഞുകൊണ്ട് ന്യായീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അബ്ദുല്‍ വഹാബ് അല്‍ അന്മാത്വി എന്ന പണ്ഡിതനെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹം സലഫുകളെ പിന്തുടരുന്ന ആളായിരുന്നു. അദ്ദേഹത്തിന്‍റെ മജ്‌ലിസുകളില്‍ ഒരിക്കലും തന്നെ മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയുന്നത് കേള്‍ക്കാറുണ്ടായിരുന്നില്ല ”. – [صيد الخاطر ص143].

  അതുപോലെ അദ്ദേഹം തന്‍റെ تلبيس إبليس  എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ചില ഹദീസ് പണ്ഡിതന്മാരുടെ മേലുള്ള പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ പെട്ടതാണ് അവര്‍ പരസ്പരം തന്‍റെ പകപോക്കുന്നതിനു വേണ്ടി മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുകയും, ശേഷം അതിനെ ഈ ഉമ്മത്തിലെ പൂര്‍വികന്മാര്‍ ശറഇനെ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ച ജര്‍ഹു വ തഅദീലിലേക്ക് കൂട്ടിക്കെട്ടുകയും ചെയ്യുക എന്നുള്ളത്. എന്നാല്‍ അല്ലാഹു ഓരോരുത്തരുടെയും ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് കൃത്യമായി അറിയുന്നവനാകുന്നു ”. – [تلبيس إبليس 2/689]. ഹിജ്റ 597ല്‍ മരിച്ച ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ലയുടെ കാലഘട്ടത്തില്‍ ഇപ്രകാരം ആയിരുന്നുവെങ്കില്‍, ഈ ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെ കാര്യം പിന്നെ പറയേണ്ടതുണ്ടോ ?!.

  ഈ വളരെ അടുത്ത കാലത്ത് യമനില്‍ നിന്നുള്ള ശൈഖ് മുഹമ്മദ്‌ അബ്ദല്ലാഹ് അല്‍ ഇമാം അഹ്ലുസ്സുന്നക്കിടയിലുള്ള ഭിന്നതകളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് വിവരിക്കുന്ന (الإبانة عن كيفية التعامل مع الخلاف بين أهل السنةوالجماعة) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. യമനില്‍ നിന്നുള്ള അഞ്ചോളം പണ്ഡിതന്മാര്‍ ആ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുമുണ്ട്. ആധുനികരും പൗരാണികരുമായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമുള്ള ഒട്ടനവധി ഉദ്ദരണികള്‍ അതില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും ഇബ്നുല്‍ ഖയ്യിം(റ) യുടെയും ഉദ്ദരണികള്‍. അവയെല്ലാം പരസ്പരമുള്ള ബന്ധം നന്നാക്കാനായി അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കുള്ള ഉപദേശമാണ്. ആ ഗ്രന്ഥത്തിന്‍റെ ഒട്ടുമിക്ക അധ്യായങ്ങളും പരിശോധിക്കാനും, അത് പ്രയോജനപ്പെടുത്താനും എനിക്ക് സാധിച്ചു. ഈ ലഘുകൃതിയില്‍ ഞാന്‍ എടുത്ത് കൊടുത്ത ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും, ഇബ്നുല്‍ ഖയ്യിം(റ) യുടെയും വാക്കുകളിലേക്ക് ഞാന്‍ സഞ്ചരിച്ചത് ആ ഗ്രന്ഥത്തിലൂടെയാണ്. അതിനാല്‍ തന്നെ ആ ഗ്രന്ഥം വായിക്കുവാനും പ്രയോജനപ്പെടുത്തുവാനും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. ആ കൃതിയില്‍ വന്ന ഏറ്റവും സുന്ദരമായ ഒരു ഭാഗമാണ്: “ ഒരുപക്ഷെ സ്വീകാര്യയോഗ്യനായ ഒരാള്‍ അഹ്ലുസ്സുന്നയിലുള്ള മറ്റുചിലരെ സംബന്ധിച്ച് ആക്ഷേപിക്കുകയും അത് പരസ്പരമുള്ള അകല്‍ച്ചക്കും, പിച്ചിച്ചീന്തലിനും, തര്‍ക്കത്തിനും  വഴിയൊരുക്കുകയും ചെയ്യും. ഒരുവേള അഹ്ലുസ്സുന്ന പരസ്പരം യുദ്ധം ചെയ്യുന്നതിലേക്ക് വരെ അത് എത്തിയേക്കാം. അത്തരം വല്ല സംഭവ വികാസവും ഉണ്ടായാല്‍ ആ ജര്‍ഹ് (ആക്ഷേപം) ഒരു ഫിത്നക്ക് വകവച്ചു എന്ന് മനസ്സിലാക്കാം. അപ്രകാരം അതൊരു ഫിത്നക്ക് കാരണമായാല്‍, താന്‍ നടത്തിയ ആക്ഷേപത്തെ (ജര്‍ഹിനെ) സംബന്ധിച്ചും അതിന്‍റെ ഗുണ-ദോഷങ്ങളെ സംബന്ധിച്ചും ഒരു പുനര്‍വിചിന്തനം നടത്തേണ്ടതും, സാഹോദര്യബന്ധം നിലനിര്‍ത്തുവാനും, പ്രബോധനപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുവാനും, തെറ്റുകള്‍ നല്ല രൂപത്തില്‍ പരിഹരിക്കുവാനും ശ്രമിക്കേണ്ടതും അനിവാര്യമാണ്‌. ഉപദ്രവം പ്രകടമായ ജര്‍ഹില്‍ (ആക്ഷേപത്തില്‍) തുടരുക എന്നുള്ളത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല ”.

  യമനിലെ സഹോദരങ്ങള്‍ക്ക് അനുഭവപ്പെട്ടത് പോലുള്ള അനുഭവം മറ്റു മതവിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും അനുഭവപ്പെടുന്നുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ഈ ഭിന്നതയിലും വിഭാഗീയതയിലും അവര്‍ ഏറെ വേദനിക്കുന്നു. അതില്‍ ഭാഗവാക്കായ തങ്ങളുടെ സഹോദരങ്ങള്‍ക്ക് നസ്വീഹത്ത് നല്‍കുവാന്‍ അവരോരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ യമാനുകാര്‍ ആ ദൗത്യം ആദ്യം നിറവേറ്റി. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ. ഒരുപക്ഷെ “വിശ്വാസം യമനിലേതാണ്. വിവേകവും യമനിലേതാണ്” - (മുത്തഫഖുന്‍ അലൈഹി) എന്ന ഹദീസ് പൊരുള്‍ ഉള്‍ക്കൊള്ളുന്നതാവാം ആ നസ്വീഹത്ത്. യമനിലെ സഹോദരങ്ങള്‍ എഴുതിയ ആ ഉപദേശം അതെന്തിന് വേണ്ടിയാണോ എഴുതപ്പെട്ടത് ആ ലക്ഷ്യം നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ. എല്ലാം സൂക്ഷമമായി പിന്തുടരുകയും ആക്ഷേപിക്കുകയും ജര്‍ഹു ചെയ്യുകയും ചെയ്യുന്ന ഈ രീതി അഹ്ലുസ്സുന്നയില്‍പ്പെട്ട ആരും പിന്തുണക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അത് അഹ്ലുസ്സുന്നക്കിടയില്‍ ശത്രുതയും, പകയും ഉണ്ടാക്കുവാനും ഹൃദയങ്ങളെ കൂടുതല്‍ കടുത്തതാക്കുവാനുമല്ലാതെ സഹായിക്കുകയില്ല.

  തിന്മകളില്‍ നിന്നും വികല വിശ്വാസങ്ങളില്‍ നിന്നും മുക്തമാക്കപ്പെട്ടതിനു ശേഷവും സൗദിയെ ഫസാദാക്കുവാനും നശിപ്പിക്കുവാനും പാശ്ചാത്യശക്തികള്‍ ശ്രമിക്കുമ്പോള്‍, പ്രത്യേകിച്ചും ജിദ്ദയില്‍ ഖദീജാ ബീവിയുടെ പേരില്‍ വ്യാജമായി തുടങ്ങിയ സ്ത്രീകളെ വഴി തെറ്റിക്കാനുള്ള കൂട്ടായ്മകള്‍ രംഗത്ത് വരുമ്പോള്‍, - ആ കൂട്ടായ്മയെ സംബന്ധിച്ച് : ‘സ്ത്രീകളെ വഴിതെറ്റിക്കാന്‍ ഖദീജ ബിന്‍ത് ഖുവൈലിദ്(റ) യുടെ പേര് ദുരുപയോഗം ചെയ്യരുത്’, എന്ന ഒരു ലേഖനം ഞാന്‍ എഴുതിയിയുട്ടുണ്ട് – ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയെ ചെറുക്കേണ്ടതിന് പകരം അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകള്‍ അവരെത്തന്നെ പരസ്പരം ആക്ഷേപിക്കുകയും, അവരെത്തന്നെ സൂക്ഷിക്കണം എന്ന് പറയുകയും ചെയ്യുന്നത് ഏറെ അത്ഭുതകരമാണ്.

  എല്ലാ പ്രദേശങ്ങളിലുമുള്ള അഹ്ലുസ്സുന്നയുടെ ആളുകള്‍ക്ക് പ്രവാചകന്‍റെ ചര്യയെ മുറുകെപ്പിടിക്കാനും, സ്നേഹിക്കാനും, നന്മയിലും തഖ്’വയിലും പരസ്പരം സഹകരിക്കാനും, അവര്‍ക്കിടയിലുള്ള വിഭാഗീയതക്കും ഭിന്നതക്കും കാരണമാകുന്ന സകല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുവാനും കഴിയട്ടെയെന്നു ഞാന്‍ അല്ലാഹുവിനോട് തേടുന്നു. അതുപോലെത്തന്നെ മതത്തെ അറിയാനും പഠിക്കാനും സത്യത്തില്‍ ഉറച്ചു നില്‍ക്കാനും മുസ്ലിമീങ്ങള്‍ക്കെല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.


وصلى الله وسلم وبارك على نبينا محمد وعلى آله وصحبه..........



എഴുതിയത്: ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ്
DATE: HIJRA : 16/1/1432.
വിവർത്തനം: അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ