Friday, October 3, 2014

പെരുന്നാളിന് പരസ്പരം ആശംസ പറയൽ.

بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن اتبع سنته إلى يوم الدين، أما بعد:

പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരാം.

" നബി (സ) യുടെ സ്വഹാബത്ത് പരസ്പരം 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' എന്ന് പറയാറുണ്ടായിരുന്നു. [ഈ റിപ്പോർട്ടിന്റെ സനദ് സ്വഹീഹ് ആണ് എന്ന് ഇമാം അഹ്മദ് രേഖപ്പെടുത്തിയിട്ടുണ്ട്]. ശൈഖ്‌ അൽബാനി റഹിമഹുല്ല തന്റെ തമാമുൽ മിന്നയിൽ പറയുന്നു: അത് ആരിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന് അദ്ദേഹം ഉദ്ദരിച്ചിട്ടില്ല. എന്നാൽ ഇമാം സുയൂത്വി അത് മുഹമ്മദ്‌ ബിന് സിയാദ് അൽ അൽഹാനിയുടെ ഹസനായ പരമ്പരയിലൂടെ സാഹിരിലേക്ക് ചേർത്തിപ്പറഞ്ഞിട്ടുണ്ട്].

അഥവാ പെരുന്നാൾ സുദിനത്തിൽ പരസ്പരം ആശംസിക്കാം. സലഫുകളിൽ നിന്നും സ്ഥിരപ്പെട്ട്‌ വന്നിട്ടുള്ളത് 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' എന്ന പ്രയോഗമാണ്. എന്നാൽ അത് പ്രത്യേകമായ ഒരു സുന്നത്തായി പരിഗണിക്കുവാൻ പാടില്ല.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " പെരുന്നാൾ നമസ്കാര ശേഷം പരസ്പരം കണ്ടുമുട്ടിയാൽ تقبل الله منا ومنكم , أحاله الله عليك പോലുള്ള ആശംസകൾ ചില സ്വഹാബിമാരിൽ നിന്നും അവർ ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മദും മറ്റു ചില പണ്ഡിതന്മാരും അതിൽ ഇളവ് നല്കിയിട്ടുണ്ട്. പക്ഷെ ഇമാം അഹ്മദ് പറഞ്ഞത്: ഞാനായിട്ട് ആശംസ പറഞ്ഞു തുടങ്ങില്ല. എന്നാൽ എന്നോട് ആരെങ്കിലും ആശംസ നേർന്നാൽ ഞാൻ തിരിച്ചും ആശംസ പറയും. കാരണം ഒരാള് ഇങ്ങോട്ട് സലാം പറഞ്ഞാൽ മറുപടി പറയൽ നിർബന്ധമാണല്ലോ. എന്നാൽ ആശംസ കൊണ്ട് തുടങ്ങുക എന്നുള്ളത് ഒരു കല്പിക്കപ്പെട്ട സുന്നത്ത് എന്ന് പറയാൻ പറ്റില്ല. അത് വിരോധിക്കപ്പെട്ടത് ആണ് എന്നും പറയാൻ സാധിക്കില്ല. അത് ചെയ്യുന്നവർക്കും മാതൃകയുണ്ട്. ഉപേക്ഷിക്കുന്നവർക്കും മാതൃകയുണ്ട്. " [ മജ്മൂഉ ഫതാവ . 24/253].

ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ്. ആശംസകൾ നേരുന്നതിനു പ്രത്യേകമായ ഒരു പ്രാധാന്യമോ, ഒരു പ്രത്യേക രൂപമോ ഇല്ല. എന്നാൽ 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' എന്നത് സ്വഹാബത്ത് പരസ്പരം ആശംസിച്ചതായി സ്ഥിരപ്പെട്ട്‌ വന്നിട്ടുണ്ട്. ആളുകളുടെ ആദത്തുമായി ബന്ധപ്പെട്ട കാര്യം ആയതിനാൽ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. അവർക്കിഷ്ടമുള്ള പദങ്ങൾ ഉപയോഗിക്കാം. പക്ഷെ ഹറാമായ പദങ്ങളോ അർഥങ്ങളോ അടങ്ങിയ ആശംസകൾ പാടില്ല. അത് ഒരു സന്തോഷം പങ്കുവെക്കലിന്റെ  ഭാഗമാണ്.

ശൈഖ്‌ ഇബ്നു ഉസൈമീൻ റഹിമഹുല്ല പറയുന്നു:  
പെരുന്നാൾ സുദിനത്തിൽ പരസ്പരം ആശംസകൾ നേരുക എന്നത് സ്വഹാബത്ത്തിൽ നിന്നും സ്ഥിരപ്പെട്ട്‌ വന്നിട്ടുണ്ട്. ഇനി അപ്രകാരം വിന്നിട്ടില്ല എന്ന് വച്ചാൽ തന്നെ അത് ആളുകൾക്കിടയിൽ സർവസാധാരണയായ ഒരു സംഗതിയാണ്. വ്രതവും ഖിയാമുമൊക്കെ പൂർത്തിയായി പെരുന്നാൾ പിറന്നപ്പോൾ ആളുകള് പരസ്പരം ആശംസിക്കുന്നു. - [മജ്മൂഉ ഫതാവ, വോ: 16, ഫിഖ്ഹ്, പേജ്: 208].

ശൈഖ്‌ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലയോട് ചോദിക്കപ്പെട്ടു: പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്പായി  ആശംസ നേരുന്നത് പാടില്ല അത് ബിദ്അത്താണ് എന്ന ഒരു മെസ്സേജ് ഇന്ന് ആളുകൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?

ഉത്തരം: ആ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. അതവർ പ്രചരിപ്പിക്കുന്നതാണ്. അതിനൊരു അടിസ്ഥാനവും ഉള്ളതായി എനിക്കറിയില്ല. പെരുന്നാൾക്ക് ആശംസ നേരുന്നത് അനുവദനീയമാണ്. പെരുന്നാളിന് ശേഷവും അത് അനുവദനീയമാണ്. എന്നാൽ പെരുന്നാളിന് മുന്പായി ആശംസ പറയുക എന്നത് സലഫുകളാരും ചെയ്തതായി എനിക്കറിയില്ല. ഒരു സംഗതി പിറക്കാതെ ആശംസകൾ നേരുമോ ?. കൃത്യമായ പ്രമാണമില്ലെങ്കിലും പെരുന്നാൾ ദിനത്തിലോ, അതിന്റെ പിറ്റേ ദിവസങ്ങളിലോ ആശംസകൾ നേരാം. 

ശൈഖ്‌ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലയുടെ മറുപടി കേള്ക്കാൻ ഈ വീഡിയോ കാണുക:

ശൈഖ്‌ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലയുടെ ഈ ഫത്'വയിലും, ആശംസകൾ നേരുന്നതിനെ ബിദ്അത്ത് എന്ന് പറയുന്നതിനെ അദ്ദേഹം എതിർക്കുന്നു. അതൊരു അനുവദനീയമായ കാര്യമാണ്. എന്നാൽ പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലുമാണ് ആശംസകൾ നേരേണ്ടത് എന്ന് സൂചിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

ഏതായാലും പണ്ഡിതന്മാരുടെ വ്യത്യസ്ത വിശദീകരണങ്ങൾ പരിശോധിച്ചാൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് :

1- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യം പരാമർശിക്കപ്പെട്ടിട്ടില്ല.

2- ആശംസകൾ നേരുന്നത് അനുവദനീയമാണ്. സലഫുകളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള പദം : 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' ,  എന്നാൽ ഇത് ഭാഷയിലും, ഏത് പദങ്ങളിലൂടെയും ആശംസകൾ നേരാം. അതിൽ തെറ്റില്ല. ഹറാമായ പദങ്ങളോ, അർത്ഥങ്ങളോ ആശംസക്ക് ഉപയോഗിക്കരുത്.

3- ആശംസ നേരുന്നത് ബിദ്അത്ത് ആണ് എന്ന വാദത്തിന് യാതൊരു അടിസ്ഥാനവും ഇല്ല.

4- ഹലാലായ രൂപത്തിൽ സന്തോഷം പങ്കിടുന്നതിൽ പെട്ടതാണ് അത്.

5- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യമോ, പ്രത്യേക പ്രാധാന്യമോ പ്രതിപാദിക്കപ്പെട്ടിട്ടില്ല.


അല്ലാഹു അനുഗ്രഹിക്കട്ടെ ....................

പെരുന്നാൾ , മര്യാദകളും നിയമങ്ങളും.


بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن اتبع سنته إلى يوم الدين، أما بعد:

(ശൈഖ്‌ ഇബ്നു ഉസൈമീൻ റഹിമഹുല്ല , ശൈഖ്‌ ഇബ്നു ബാസ് റഹിമഹുല്ല തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും ഫത്'വകളും അവലംബിച്ച് തയ്യാറാക്കിയത്)

www.fiqhussunna.com

മുസ്ലിമീങ്ങള്‍ക്ക് മൂന്ന് ആഘോഷങ്ങളാണ് ഉള്ളത്:

ഒന്ന്:  ചെറിയ പെരുന്നാള്‍. റമദാനിലെ വ്രതാനന്തരം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണത്. - (الشرح الممتع ، باب صلاة العيدين).

രണ്ട്: വലിയ പെരുന്നാള്‍. ഏറ്റവും ശ്രേഷ്ടകരമായ കര്‍മ്മങ്ങള്‍ ഈ പത്ത് ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളാണ് എന്ന് പ്രവാചകന്‍(സ) പഠിപ്പിച്ച ദുല്‍ഹിജ്ജ ആദ്യത്തെ പത്തിന്‍റെ അവസാനദിവസം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണ് ബലി പെരുന്നാള്‍. -
(الشرح الممتع ، باب صلاة العيدين).

മൂന്ന്: ഓരോ ആഴ്ചകളുടെ അവസാനത്തിലും വിശ്വാസികള്‍ക്ക് ലഭിക്കുന്ന ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും സുദിനമായ വെള്ളിയാഴ്ചയാണത്. മാത്രമല്ല മറ്റ് ഒട്ടനേകം സവിശേഷതകള്‍ ജുമുഅ ദിവസത്തിന് ഉണ്ട്. പിന്നീട് ഒരവസരത്തില്‍ വിശദീകരിക്കാം. - (الشرح الممتع ، باب صلاة العيدين).

ഈ മൂന്ന് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷങ്ങളും സത്യ വിശ്വാസിക്ക് ഇല്ല. ബദ്റിന്‍റെ ആണ്ട്, മുസ്ലിമീങ്ങള്‍ക്ക് വിജയം ലഭിച്ച മറ്റു യുദ്ധങ്ങളുടെ ആണ്ട്,  അതുപോലെ മനുഷ്യരിലെ ഒരാളുടെയും ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഇതൊന്നും തന്നെ ഒരു വിശ്വാസിക്ക് പാടില്ല. മനുഷ്യരില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ പ്രവാചകന്‍ (സ) യുടെപ്പോലും ജന്മദിനം ആഘോഷിക്കാന്‍ അദ്ദേഹം പഠിപ്പിച്ചില്ലെങ്കില്‍ പിന്നെ മറ്റുള്ളവരുടെ ജന്മദിനം എങ്ങനെയാണ് ആഘോഷിക്കുക. - (الشرح الممتع ، باب صلاة العيدين).

ഇനി പ്രവാചകനെ ഓര്‍ക്കാനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് ചിലരുടെ വാദമെങ്കില്‍, അദ്ദേഹത്തെക്കുറിച്ച് രാവും പകലും, അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചു നേരം നമസ്കരിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുന്ന സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കുന്നവരാണ് ഓരോ വിശ്വാസിയും എന്നാണ് അവരോട് പറയാനുള്ളത്. 


ഒരു വിശ്വാസിയുടെ കര്‍മ്മം സ്വീകരിക്കപ്പെടാന്‍ രണ്ട് നിബന്ധനകള്‍ ആവശ്യമാണ്‌.

ഒന്ന്: നിഷ്കളങ്കമായി അത് അല്ലാഹുവിന് വേണ്ടി അനുഷ്ടിക്കപ്പെടുന്നതായിരിക്കണം.

രണ്ട്: അത് പ്രവാചകന്‍റെ മാതൃക അനുസരിച്ച് ഉള്ളതായിരിക്കണം.

അല്ലാത്തതെല്ലാം ശിക്ഷയായി അനുഷ്ടിക്കുന്നവന് എതിരില്‍ തിരിഞ്ഞ് വരുന്നതാണ്. അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുക.പ്രവാചകന്‍റെ സുന്നത്തിനെ മുറുകെ പിടിക്കുക.

പ്രവാചകചര്യ പിന്‍പറ്റുന്നതില്‍ മാത്രമേ നന്മയുള്ളൂ. പ്രവാചകന്‍റെ ചര്യ പിന്‍പറ്റി പെരുന്നാള്‍ ആഘോഷിക്കാന്‍ ആവശ്യമായ ചില നിര്‍ദേശങ്ങളാണ് ഇനി പറയുന്നത്:

തക്ബീര്‍ ചൊല്ലല്‍:

തക്ബീര്‍ രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീര്‍.

സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍: ചെറിയ പെരുന്നാളിന് മാസം കണ്ടത് മുതല്‍ ഇമാം പെരുന്നാള്‍ നമസ്കാരത്തിന് വരുന്ന വരെയും, ദുല്‍ഹിജ്ജയില്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ദുല്‍ഹിജ്ജ 13 സൂര്യാസ്ഥമയം വരെയും നിര്‍വഹിക്കാം. - (الشرح الممتع ، باب صلاة العيدين).

എന്നാല്‍ എല്ലാ ഫര്‍ദ് നമസ്കാര ശേഷവും പ്രത്യേകമായി തക്ബീര്‍ ചൊല്ലല്‍ ചെറിയ പെരുന്നാളിന് ഇല്ല. ബലി പെരുന്നാളിനാകട്ടെ, അറഫയുടെ ദിവസം ഫജ്ര്‍ മുതല്‍ അയ്യാമു തശ്രീഖിന്‍റെ അവസാന ദിവസം അസര്‍ നമസ്കാരാനന്തരം വരെയാണ് ഇത് നിര്‍വഹിക്കേണ്ടത്. - (الشرح الممتع ، باب صلاة العيدين).

പുരുഷന്മാര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: " ഉമറുബ്നുല്‍ ഖത്താബും (റ), ഇബ്നു ഉമര്‍ (റ) തക്ബീര്‍ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീര്‍ കേട്ട് മറ്റുള്ളവരും തക്ബീര്‍ ചൊല്ലും." - [ബുഖാരി].

തക്ബീറിന്‍റെ രൂപം:

الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
അതല്ലെങ്കില്‍ الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

 ഒരാള്‍ ചൊല്ലിക്കൊടുത്ത് മറ്റുള്ളവര്‍ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് ഒരേ ഈണത്തിലും ശബ്ദത്തിലും എന്നോണം തക്ബീര്‍ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.

കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിക്കലും: ഇവയെല്ലാം സുന്നത്താണ്. എന്നാല്‍ അതില്‍ അമിതത്വം കാണിക്കരുത്. പുരുഷന്മാര്‍ നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കരുത്. താടി വടിക്കരുത്. പെരുന്നാള്‍ സന്ദര്‍ഭത്തിലാവട്ടെ അല്ലാതിരിക്കട്ടെ അതെല്ലാം ചെയ്യല്‍ ഹറാമാണ്. അതുപോലെ സ്ത്രീകള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന രൂപത്തില്‍ മുസ്വല്ലയിലേക്ക് പോകരുത്. സുഗന്ധം പൂശരുത്.  പുരുഷനാവട്ടെ സ്ത്രീയാവട്ടെ അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാവരുത് അല്ലാഹുവിനെ ആരാധിക്കുവാനുള്ള മുസ്വല്ലയിലേക്ക് വരേണ്ടത്. അതിനാല്‍ തന്നെ ഈ ദിവസത്തിന്‍റെ പവിത്രത മനസ്സിലാക്കി അല്ലാഹുവിനെ സൂക്ഷികുക.

ഉമറുബ്നുൽ ഖത്താബ് പ്രവാചകൻ (സ) യുടെ അടുത്തേക്ക് അങ്ങാടിയിൽ നിന്നും ഒരു പട്ട് കൊണ്ട് നെയ്ത വസ്ത്രവുമായി വരുകയും പ്രവാചകരേ അങ്ങ് പെരുന്നാൾ ദിവസത്തിൽ അലങ്കാരമെന്നോണം ഈ വസ്ത്രം അനിയണം എന്നും പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : " ഇത് ഇത് (സച്ചരിതരല്ലാത്ത) ദൌർഭാഗ്യവാന്മാരുടെ വസ്ത്രമാണ്."  - [ ബുഖാരി , മുസ്‌ലിം].  ഈ ഹദീസിൽ പെരുന്നാളിന് നല്ല വസ്ത്രം അണിയുക എന്ന കാര്യത്തെയല്ല പ്രവാചകൻ (സ) എതിർത്തത്. മറിച്ച് അത് പട്ട് വസ്ത്രമായതിനാൽ ആണ്. പട്ടുവസ്ത്രം പുരുഷന്മാർക്ക് നിഷിദ്ധമാണല്ലോ. നല്ല വസ്ത്രം ധരിക്കാമെന്നും, ഹദിയകൾ കൈമാറാമെന്നും എന്നാൽ നിഷിദ്ധമായ വസ്ത്രധാരണം ആയിരിക്കരുത് എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

മുസ്വല്ലയില്‍ നമസ്കരിക്കല്‍ (ഈദ്ഗാഹ്) :

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه ، قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَاْلأَضْحَى إِلَى الْمُصَلَّى
അബൂ സഈദ് അല്‍ ഖുദ്'രി (റ) വില്‍ നിന്നും നിവേദനം: " പ്രവാചകന്‍ (സ) ചെറിയ പെരുന്നാള്‍ ദിനത്തിലും, ബലി പെരുന്നാള്‍ ദിനത്തിലും മുസ്വല്ലയിലേക്ക് പോകും..... "   - [ اللؤلؤ والمرجان، 510 ].

നടന്ന് മുസ്വല്ലയിലേക്ക് പോകല്‍:
ശൈഖ് അല്‍ബാനി (റഹിമഹുല്ല) തന്‍റെ ഇര്‍വാഉല്‍ ഗലീല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:  ഇമാം ഫിര്‍യാബി, ഇമാം സഈദ് ബിന്‍ അല്‍മുസയ്യിബില്‍ നിന്നും നിവേദനം ചെയ്യുന്നു: ചെറിയ പെരുന്നാള്‍ സുദിനത്തിന്‍റെ സുന്നത്തുകള്‍ മൂന്നെണ്ണമാണ് " മുസ്വല്ലയിലേക്ക് നടക്കല്‍, മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്പ് വല്ലതും കഴിക്കല്‍, കുളിക്കല്‍" - [إرواء الغليل : 3/104 ]. ഇത് വലിയ പെരുന്നാള്‍ ആകുമ്പോള്‍ ഭക്ഷണം കഴിക്കാതെ മുസ്വല്ലയിലേക്ക് പോകലാണ് സുന്നത്ത്.

അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു:

كَانَ النَّبِيُّ صلى الله عليه وسلم َلا يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ، وََلا يَطْعَمُ يَوْمَ الْأَضْحَى حَتَّى يُصَلِّيَ.

"പ്രവാചകന്‍ (സ) ചെറിയ പെരുന്നാള്‍ ദിവസം വല്ലതും കഴിക്കാതെ (മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാള്‍ ദിവസം പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല."   - [صحيح / صحيح سنن الترمذي للألباني، 542].

രണ്ടു പെരുന്നാള്‍ ദിവസവും നോമ്പെടുക്കല്‍ ഹറാം:
അബീ സഈദ് അല്‍ ഖുദ്'രി (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു:
لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى.
"രണ്ടു ദിനങ്ങളില്‍ നോമ്പ് നിഷിദ്ധമാണ്. ചെറിയ പെരുന്നാള്‍ ദിവസവും, വലിയ പെരുന്നാള്‍ ദിവസവും" - [ ബുഖാരി].


പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ വിധി:
പണ്ടിത്ന്മാർക്ക് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്. അത് 'ഫർദ് ഐൻ' ആണ് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലയുടെ  അഭിപ്രായം. എന്നാൽ അത് 'ഫർദ് കിഫായ' ആണ് എന്നതാണ് ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ അഭിപ്രായം. ഏതായാലും അത് പ്രായപൂർത്തിയും വിവേകവുമുള്ള പുരുഷൻ അതൊഴിവാക്കുന്നത് ഏറെ ഗൗരവപരമായ കാര്യമാണ്.

എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിൽ പങ്കെടുക്കൽ ഏറെ പുണ്യകരമാണ്. മാത്രമല്ല പ്രവാചകൻ(സ) അശുദ്ധിയുള്ള സ്ത്രീകളോട് പോലും അതിൽ പങ്കെടുക്കുവാനും , നമസ്കാര സമയത്ത് മാത്രം മുസ്വല്ലയിൽ നിന്നും മാറി നില്ക്കുവാനും കൽപ്പിച്ചിട്ടുണ്ട്‌.


മുസ്വല്ലയിൽ എത്തിയാൽ അവിടെ വച്ച് തഹിയ്യത്ത് നമസ്കാരം ഇല്ല:
ഇബ്നു മസ്ഊദ് (റ) പെരുന്നാൾ ദിവസം മുസ്വല്ലയിലേക്ക് കടന്നു ചെന്നുകൊണ്ട് പറഞ്ഞു: " അല്ലയോ ജനങ്ങളേ ഇമാമിന് മുന്നേ നമസ്കരിക്കുക എന്നത് സുന്നത്തിൽ പെട്ടതല്ല : - [ നസാഇ - അൽബാനി : സ്വഹീഹ്].

വഴി മാറി തിരിച്ചു വരൽ:
മുസ്വല്ലയിലേക്ക് പോയ വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരൽ സുന്നത്ത് ആണ്. അബീ റാഫിഇൽ നിന്നും നിവേദനം: പ്രവാചകൻ (സ) രണ്ടു പെരുന്നാലുകളിലും (മുസ്വല്ലയിലേക്ക്) നടന്നാണ് പുറപ്പെടാറുണ്ടായിരുന്നത്. എന്നിട്ട് ബാങ്കും ഇഖാമത്തുമില്ലാതെ പെരുന്നാൾ നമസ്കാരം നിർവഹിക്കും. തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യും" - [ത്വബറാനി, - അൽബാനി , സ്വഹീഹ്].

പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ:
പെരുന്നാൾ നമസ്കാരത്തിന്റെ അതേ രൂപത്തിൽ രണ്ടു റക്അത്ത് നമസ്കരിക്കണം.
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ (പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവാൻ രണ്ട്‌ റക്അത്ത് നമസ്കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി കാണാം.

ശൈഖ് അൽബാനി റഹിമഹുല്ലാഹ് പറയുന്നു: " പ്രബലമായ അഭിപ്രായം പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ , അതിന്റെ അതേ രൂപത്തിൽ തന്നെ വീട്ടണം എന്നതാണ്. പെരുന്നാൾ നമസ്കാരം രണ്ട്‌ റക്അത്താണ്. അതാർക്കെങ്കിലും നഷ്ടപ്പെട്ടാൽ ഇമാം എപ്രകാരമാണോ നമസ്കരിക്കുന്നത് അതേ രൂപത്തിൽ വീട്ടിക്കൊള്ളട്ടെ " [ സിൽസിലതുൽ ഹുദാ വന്നൂർ , കാസറ്റ് 376].

ഉദുഹിയത്ത് അറുക്കല്‍:
  പെരുന്നാള്‍ നമസ്കാര ശേഷമാണ് ഉദുഹിയത്ത് അറുക്കേണ്ടത്. പ്രവാചകന്‍(സ) പറഞ്ഞു :
" പെരുന്നാള്‍ നമസ്കാരത്തിന് മുന്പായി ആരെങ്കിലും ബലി മൃഗത്തെ അറുത്തിട്ടുണ്ടെങ്കില്‍, അതിന്‍റെ സ്ഥാനത്ത് മറ്റൊന്നിനെ അറുക്കുക. കാരണം അവന്‍ ബലിയറുത്തിട്ടില്ല." - [ബുഖാരി, മുസ്‌ലിം].

നാല് ദിനങ്ങളാണ് അറവ് അനുവദനീയമായിട്ടുള്ളത്. പെരുന്നാള്‍ ദിനവും അയ്യാമുതശ്രീഖിന്‍റെ മൂന്ന് ദിനങ്ങളും. പ്രവാചകന്‍ (സ) പറഞ്ഞു:
"അയ്യാമു തശ്രീഖിന്‍റെ ദിനങ്ങളെല്ലാം ബലികര്‍മ്മത്തിന്‍റെ ദിനങ്ങളാണ്" - [അല്‍ബാനി - സ്വഹീഹ്].

ബലിയറുത്തതില്‍ നിന്നും ഭക്ഷിക്കല്‍:
അത്  പ്രാവാചകന്‍റെ മാതൃകയാണ്. പ്രവാചകന്‍ (സ) പറഞ്ഞു: " നിങ്ങള്‍ അതില്‍ നിന്നും ഭക്ഷിക്കുകയും, സംഭരിച്ച് വെക്കുകയും, ദാനം ചെയ്യുകയും ചെയ്യുക." - [മുസ്‌ലിം].

പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരാം:


" നബി (സ) യുടെ സ്വഹാബത്ത് പരസ്പരം 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' എന്ന് പറയാറുണ്ടായിരുന്നു.

ഏതായാലും ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ വ്യത്യസ്ത വിശദീകരണങ്ങൾ പരിശോധിച്ചാൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് :

1- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യം പരാമർശിക്കപ്പെട്ടിട്ടില്ല.

2- ആശംസകൾ നേരുന്നത് അനുവദനീയമാണ്. സലഫുകളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള പദം : 'തഖബ്ബലല്ലാഹു മിന്നാ വ മിന്കും' ,  എന്നാൽ ഇത് ഭാഷയിലും, ഏത് പദങ്ങളിലൂടെയും ആശംസകൾ നേരാം. അതിൽ തെറ്റില്ല. ഹറാമായ പദങ്ങളോ, അർത്ഥങ്ങളോ ആശംസക്ക് ഉപയോഗിക്കരുത്.

3- ആശംസ നേരുന്നത് ബിദ്അത്ത് ആണ് എന്ന വാദത്തിന് യാതൊരു അടിസ്ഥാനവും ഇല്ല.

4- ഹലാലായ രൂപത്തിൽ സന്തോഷം പങ്കിടുന്നതിൽ പെട്ടതാണ് അത്.

5- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യമോ, പ്രത്യേക പ്രാധാന്യമോ പ്രതിപാദിക്കപ്പെട്ടിട്ടില്ല.


അല്ലാഹു അനുഗ്രഹിക്കട്ടെ ....................

-----------------------------

അനുബന്ധ ലേഖനങ്ങൾ:
1- പെരുന്നാൾ സുദിനം, സൂക്ഷിക്കേണ്ട ചില നിഷിദ്ധങ്ങൾ...

2- പെരുന്നാളിന് പരസ്പരം ആശംസ പറയൽ.

പെരുന്നാൾ സുദിനം, സൂക്ഷിക്കേണ്ട ചില നിഷിദ്ധങ്ങൾ...


 
بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن اتبع سنته إلى يوم الدين، أما بعد:

 പെരുന്നാള്‍ സുദിനങ്ങളില്‍, അല്ലാഹുവിലേക്ക് ഏറെ അടുക്കുകയും അവനോട് കൂടുതല്‍ നന്ദി കാണിക്കുകയും, അനുവദിക്കപ്പെട്ട രൂപത്തില്‍ നന്മ നിറഞ്ഞ സന്തോഷവും ആനന്ദവും നിറഞ്ഞുനില്‍ക്കുകയുമാണ് ചെയ്യേണ്ടത് എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. എന്നാല്‍ പലപ്പോഴും അശ്രദ്ധ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ സംഭവിച്ചുപോകുന്ന ചില വീഴ്ചകളെക്കുറിച്ചാണ് നാം ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. നാം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന നിഷിദ്ധങ്ങളെല്ലാം പെരുന്നാൾക്ക് എന്ന് മാത്രമല്ല. എല്ലായിപ്പോഴും നിഷിദ്ധമാണ്. എന്നാൽ പെരുന്നാളിന് പലപ്പോഴും പലരും ഈ കാര്യങ്ങളിൽ അശ്രദ്ധരായിപ്പോകാറുണ്ട് എന്നതിനാൽ പ്രത്യേകം ഉണര്‍ത്തുന്നുവെന്ന് മാത്രം.

1- നമസ്കാരം പാഴാക്കൽ:

പലപ്പോഴും പലരും പെരുന്നാൾ സുദിനത്തിൽ ഫർദ് നമസ്കാരങ്ങളുടെ  വിഷയത്തിൽ അശ്രദ്ധ കാണിക്കാറുണ്ട്. ഇത് കഠിനമായ പാപമാണ്.
അല്ലാഹു പറയുന്നു :

فَخَلَفَ من بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ واتبعوا الشهوات فسوف يلقون غيا
" എന്നിട്ട്‌ അവര്‍ക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌. " - [മർയം : 59]

അഥവാ നമസ്കാരം പാഴാക്കുന്നവരെ കാത്തു കിടക്കുന്നത് അതിഭയാനകമായ ശിക്ഷയാണ്. അന്ത്യദിനത്തില്‍ ഒരാള്‍ ഏറ്റവും ആദ്യം ചോദ്യം ചെയ്യപ്പെടുന്ന കര്‍മ്മമാണ് നമസ്കാരം. ഇസ്‌ലാമിലെ പഞ്ചസ്തംബങ്ങളില്‍ ഒന്നായ അതിന്‍റെ പ്രാധാന്യം ഞാന്‍ പറയേണ്ടതില്ല. റമദാന്‍ വ്രതത്തിന്‍റെയോ, ദുല്‍ഹിജ്ജ പത്തിലെ അമലുകള്‍ക്ക് ശേഷമോ വരുന്ന സന്തോഷത്തിന്‍റെ സുദിനമായ പെരുന്നാളുകള്‍ നമസ്കാരം പാഴാക്കുന്നത്തിലൂടെ മുന്‍പ്രവര്‍ത്തികളെല്ലാം നിഷ്ഫലമാക്കുന്ന ദിനമായി  മാറാതിരിക്കട്ടെ. نسأل الله العافية والسلامة

2- അന്യ സ്ത്രീ പുരുഷന്മാർ ഇടകലരൽ:

ഇത് റസൂല്‍ (സ) വിരോധിച്ചതും ഏറെ പാപകരവുമാണ്. അതിനാല്‍ തന്നെ അല്ലാഹു പവിത്രമാക്കിയ പെരുന്നാൾ സുദിനങ്ങളെ അത്തരം പാപങ്ങൾ കൊണ്ട് മലീമാസമാക്കരുത്. പെരുന്നാളാണ് എന്നതുകൊണ്ട്‌ അന്യസ്ത്രീ പുരുഷന്മാര്‍ ഇടകലരുന്നത് അനുവദനീയമാകുന്നില്ല.

അല്ലാഹു പറയുന്നു :

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ
" (നബിയേ,) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." - [النور :30]


وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
"സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." - [النور :31].


3- നിഷിദ്ധമായ വിനോദങ്ങൾ പാടില്ല: സംഗീത സദസ്സുകളും, പരിഹാസ സദസ്സുകളും സംഘടിപ്പിക്കുന്നതും അതിൽ പങ്കെടുക്കുന്നതും കഠിനമായ ശിക്ഷ താക്കീത് ചെയ്യപ്പെട്ട കാര്യമാണ്. സംഗീതത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا
هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ
"യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌." - [لقمان : 6].

ഇബ്നു മസ്ഊദ് (റ) മൂന്നു പ്രാവശ്യം അല്ലാഹുവിൽ സത്യം ചെയ്തുകൊണ്ട് പറഞ്ഞു: വിനോദവാര്‍ത്തകള്‍ എന്ന് പറഞ്ഞത് സംഗീതത്തെ കുറിച്ചാണ് എന്ന്. അല്ലാഹു പറയുന്നത് നോക്കൂ: "വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌." അതിനാൽ സൂക്ഷിക്കുക.

4- താടി വടിക്കൽ :
താടി വടിക്കൽ റസൂല്‍ (സ)  കല്പനക്ക് വിരുദ്ധമാണ്. താടി വടിക്കുന്നത് നിഷിദ്ധമാണ് എന്ന് ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഇ, ഇമാം അഹ്മദ് (റഹിമഹുമുല്ലാഹ്) തുടങ്ങിയവരെല്ലാം ഒരുപോലെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇബ്നു ഉമർ (റ) വിൽ നിന്നും നിവേദനം: പ്രവാചകൻ (സ) പറഞ്ഞു : " നിങ്ങൾ മുശ്രിക്കീങ്ങളിൽ നിന്നും വ്യത്യസ്തരാവുക. നിങ്ങൾ നിങ്ങളുടെ താടി വളർത്തുകയും മീശ വെട്ടിച്ചുരുക്കുകയും ചെയ്യുക " .  - [ബുഖാരി]. എല്ലായിപ്പോഴും എന്നപോലെ പെരുന്നാളിനും ഇങ്ങനെയുള്ള നിഷിധങ്ങള്‍ വന്നുപോകുന്നത് സൂക്ഷിക്കുക. തെറ്റുകളില്‍ നിന്ന് വിരമിക്കാനും പ്രതിഫലാര്‍ഹാമായ കാര്യങ്ങള്‍ അനുഷ്ടിക്കാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ.

5- സ്ത്രീകൾ സൗന്ദര്യം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് പുറത്ത് പോക:
മറ്റുള്ളവരെ ആകര്‍ഷിക്കുംവിധം തങ്ങളുടെ സൗന്ദര്യം പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ പുറത്ത് പോകുക എന്നത് വളരെ വലിയ തെറ്റാണ്. തന്‍റെ സൗന്ദര്യം പ്രദര്‍ശനവസ്തുവാക്കാത്ത മാന്യമായ വസ്ത്രധാരണമാണ് സ്ത്രീകളോട് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. റസൂല്‍ (സ) പറഞ്ഞു : " ഞാനിതുവരെ കണ്ടിട്ടില്ലാത്ത നരകാവകാശികളായ രണ്ടു വിഭാഗം ആളുകളുണ്ട്.  (അഥവാ അവർ പ്രവാചകന്‍റെ കാലശേഷമായിരിക്കും അവര്‍ വരിക) . ഒരു കൂട്ടരുടെ കയ്യില്‍ പശുവിന്‍റെ വാലുപോലുള്ള  ചാട്ടവാറുണ്ടായിരിക്കും. അവരതുകൊണ്ട് ജനങ്ങളെ ഉപദ്രവിക്കും. മറ്റൊരു കൂട്ടർ വസ്ത്രം ധരിച്ച എന്നാൽ വസ്ത്രം ധരിച്ചിട്ടില്ലാത്ത സ്ത്രീകളാണ്. അവർ (കൊഞ്ചിക്കുഴഞ്ഞു) അല്ലാഹുവിന്‍റെ മാർഗത്തിൽ നിന്നും വ്യതിചലിക്കുകയും മറ്റുള്ളവരെ വ്യതിചലിപ്പിക്കുകയും ചെയ്യും. അവരുടെ തലകൾ ഒട്ടകത്തിന്‍റെ പൂഞ്ഞ പോലെ ഉയര്‍ന്നിരിക്കും. അവർ സ്വർഗത്തിൽ പ്രവേശിക്കില്ല. അതിന്‍റെ  പരിമളം പോലും അവർക്ക് ലഭിക്കുകയില്ല. അതിന്‍റെ പരിമളം അവരില്‍ നിന്നും എത്രയോ അകലെയായിരിക്കും." - [സ്വഹീഹ് മുസ്‌ലിം].

ചെറിയ പെരുന്നാളാണ് എങ്കില്‍ അങ്ങേയറ്റത്തെ വ്രത ശുദ്ധിക്കും, ആത്മാര്‍ത്ഥമായ ഇബാദത്തുകള്‍ക്കും ശേഷം വരുന്ന ഒന്നാണ്. ബലി പെരുന്നാളാകട്ടെ ഏറെ ശ്രേഷ്ടകരമായ ദുൽഹിജ്ജയിലെ പത്ത് ദിനങ്ങളിൽപ്പെട്ട ഒരു ദിവസവുമാണ്. അവയുടെ പവിത്രത നഷ്ടപ്പെടുത്താതിരിക്കുക.

അല്ലാഹു പറയുന്നു:

ذَلِكَ وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ [الحج : 30]

"അതെ, അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന്‌ ഗുണകരമായിരിക്കും." - [അല്‍ഹജജ്: 30].

 അതുപോലെ അല്ലാഹു പറഞ്ഞു:
 ذَلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ. [الحج:32]

"അതെ, വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്വയില്‍ നിന്നുണ്ടാകുന്നതത്രെ" - [അല്‍ഹജജ്: 32].

സൂക്ഷ്മത പാലിക്കുന്ന ആളുകളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തു മാറാകട്ടെ ..

----------------------------------------
അനുബന്ധ ലേഖനങ്ങൾ:


1- പെരുന്നാളിന് പരസ്പരം ആശംസ പറയൽ.  
 2- പെരുന്നാൾ , മര്യാദകളും നിയമങ്ങളും.

Wednesday, October 1, 2014

നമസ്കാരശേഷമുള്ള കൂട്ട്പ്രാര്‍ത്ഥനയുടെ വിധിയെന്ത്‌ ? - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല).ചോദ്യം :  നമസ്കാര ശേഷമുള്ള കൂട്ടുപ്രാര്‍ത്ഥനയുടെ വിധിയെന്ത്‌ ?. ഇനി പള്ളിയിലുള്ള ഇമാം കൂട്ട് പ്രാര്‍ത്ഥന ഉപേക്ഷിച്ചാല്‍ നമസ്കരിക്കാന്‍ വരുന്നവരുടെ അതൃപ്തി കാരണത്താല്‍ ഒരു പക്ഷെ അവര്‍ ഇമാമിനെത്തന്നെ പുറത്താക്കും. (ഈ സാഹചര്യത്തില്‍ എന്ത് ചെയ്യും) ?.

www.fiqhussunna.com

ഉത്തരം: ആദ്യമായി ഇമാം ജനങ്ങളെ നല്ല സമീപനത്തിലൂടെ, യുക്തിയോടെയും സദുപദേശത്തോടെയും (അത്തരം കാര്യങ്ങളെപ്പറ്റി) പഠിപ്പിക്കേണ്ടതുണ്ട്. ആ പഠിപ്പിച്ചുകൊടുക്കലും അവര്‍ സ്വീകരിക്കുന്നില്ല എങ്കില്‍ പിന്നെ ബിദ്അത്തുകാരും ബിദ്അത്ത് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നവരുമായ ആ ആളുകളോടൊപ്പം നിലകൊള്ളുന്നതില്‍ പിന്നെ യാതൊരു നന്മയുമില്ല ...വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

പെൺകുട്ടികളുടെ കാതും മൂക്കും കുത്തല്‍ അനുവദനീയമോ ?!.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

പെണ്‍കുട്ടികള്‍ക്ക് കാതും മൂക്കും കുത്തുന്നതിന്‍റെ വിധിയെക്കുറിച്ച് പല സഹോദരങ്ങളും  ചോദിക്കുകയുണ്ടായി.  പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസം ഉള്ള ഒരു വിഷയമാണിത്. പെൺകുട്ടികൾക്ക് അലങ്കാരമെന്നോണം ഉർഫ് അഥവാ നാട്ടുനടപ്പ് അനുസരിച്ച് അത് ആളുകൾ ചെയ്യാറുള്ള ഒന്നാണോ എന്നത് പരിഗണിച്ചുകൊണ്ടാണ് പണ്ഡിതന്മാർ അത് ചർച്ച ചെയ്തിട്ടുള്ളത്.


ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ല പറയുന്നു) : 
" പെണ്‍കുട്ടികള്‍ക്ക് കാത്കുത്തല്‍ അനുവദനീയമാണ് എന്നതിനുള്ള മതിയായ തെളിവാണ്, ആളുകള്‍ അപ്രകാരം ചെയ്യുന്നത് അറിഞ്ഞിട്ടും പ്രവാചകന്‍ (സ) അത് വിലക്കിയില്ല എന്നുള്ളത്. അത് വിരോധിക്കപ്പെട്ടതായിരുന്നുവെങ്കില്‍ വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ അതുസംബന്ധിച്ച് വിലക്ക് വരുമായിരുന്നു." - [തുഹ്ഫതുല്‍ മൌദൂദ്].ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) പറയുന്നു: " ഏറ്റവും ശരിയായ അഭിപ്രായം പെണ്‍കുട്ടികള്‍ക്ക് അവരുടെ കാതു കുത്തുന്നതിന് വിരോധമില്ല എന്നതാണ്. അനുവദനീയമായ (ഭര്‍ത്താവിന് വേണ്ടിയുള്ള) ആഭരണമണിയലില്‍ പെട്ട ഒന്നാണ് അതും.  സ്വഹാബി വനിതകള്‍ക്ക് കാതിലണിയുന്ന കമ്മല്‍ ഉണ്ടായിരുന്നു എന്ന് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. (ഇത് കുട്ടികളോടുള്ള ഒരു പീഡനമായി കണക്കാക്കാനാവില്ല), വളരെ ചെറിയൊരു വേദന മാത്രമേ അതിനുള്ളൂ. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ കാത് കുത്തിയാല്‍ പെട്ടെന്ന് തന്നെ അത് ഭേദമാകുകയും ചെയ്യും. എന്നാല്‍ മൂക്ക് കുത്തുന്നത് സംബന്ധിച്ച് പറയുകയാണെങ്കില്‍, അതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ ചര്‍ച്ചയൊന്നും തന്നെ എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. നമ്മുടെ കാഴ്ചപ്പാടില്‍ അത് മുഖത്തെ അലങ്കോലപ്പെടുത്തുന്നതും വികൃതമാക്കുന്നതുമായ കാര്യമാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഒരുപക്ഷെ അതപ്രകാരം തോന്നിയില്ല എന്നു വരാം. അതിനാല്‍ തന്നെ മൂക്ക് കുത്തുന്നത് അലങ്കാരമായും ഭംഗിയായും കാണുന്ന നാട്ടില്‍ ജീവിക്കുന്ന സ്ത്രീക്ക് മൂക്ക്ന്ന കുത്തുന്നതില്‍ തെറ്റില്ല." - [ മജ്മൂഉ ഫതാവ - ഇബ്നു ഉസൈമീന്‍].ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല പറയുന്നു:
" ആഭരണമണിയാന്‍ വേണ്ടി പെണ്‍കുട്ടികളുടെ കാതുകുത്തുന്നതില്‍ തെറ്റില്ല. ധാരാളം ആളുകള്‍ ചെയ്യുന്ന ഒരു കാര്യമാണിത്. പ്രവാചകന്‍റെ കാലത്ത് വരെ സ്ത്രീകള്‍ അവരുടെ കാതുകളില്‍ യാതൊരു വിരോധവും കൂടാതെ ആഭരണങ്ങള്‍ അണിയാറുണ്ടായിരുന്നു. ഇനി കാതുകുത്തുമ്പോള്‍ പെണ്‍കുട്ടിക്ക് വേദനിക്കും എന്നതാണ് വിഷയമെങ്കില്‍, അതവളുടെ നന്മക്ക് വേണ്ടിയാണ്. കാരണം അവള്‍ക്ക് (ഭര്‍ത്താവിന് വേണ്ടി) ആഭരണമണിയലും, അലങ്കരിക്കലും  ആവശ്യമാണ്‌. അതിനാല്‍ തന്നെ അതിനു വേണ്ടി കാതു കുത്തുന്നത് അനുവദനീയമാണ്. (ശറഇയ്യായി അനുവദനീയമായ ആവശ്യത്തിനു വേണ്ടി) ഓപറേഷന്‍ ചെയ്യുന്നതും, അതുപോലെ ചികിത്സക്ക് വേണ്ടി ചൂട് വെക്കുന്നതും എല്ലാം അനുവദനീയമായത് പോലെ ,  (ശറഇയ്യായി അനുവദനീയമായ)  ഒരു ആവശ്യമായാതിനാല്‍ തന്നെ കാതുകുത്തുന്നതിലും ഇളവുണ്ട്. അതവളുടെ ഒരാവശ്യമാണ് എന്നതിലുപരി വലിയ വേദനയോ, വലിയൊരു പ്രയാസമോ ഒന്നും തന്നെ അതില്‍ ഉണ്ടാകുന്നുമില്ല." -[ ഫതാവ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍].


അതുപോലെ സുനന് അബീ ദാവൂദ് വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് (ഹഫിദഹുല്ല) യോട് സ്ത്രീകള്‍ മൂക്ക് കുത്തുന്നതിനെ സംബന്ധിച്ച്  ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു : "സാധാരണ നിലക്ക് സ്ത്രീകള്‍ മൂക്ക് കുത്തുന്ന ഒരു നാട്ടിലാണ് എങ്കില്‍ അതില്‍ തെറ്റില്ല. കാതുകുത്തുന്നത് പോലെത്തന്നെയാണ് ഇതും. ഈ അടുത്ത കാലം വരെ ആളുകള്‍ മൂക്ക് കുത്താറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ പൊതുവേ  അതൊഴിവാക്കിയിട്ടുണ്ട്."


അതിനാല്‍ തന്നെ സാധാരണ കാതു കുത്തുകയും, മൂക്ക് കുത്തുകയും ചെയ്യുന്ന ഒരു നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് ശറഇയ്യായി അനുവദനീയമായ സൗന്ദര്യത്തിനും അലങ്കാരത്തിനും വേണ്ടി , കാതു കുത്തുന്നതിലും, മൂക്ക് കുത്തുന്നതിലും തെറ്റില്ല എന്നതാണ് ശരിയായ അഭിപ്രായം. അല്ലാഹുവാകുന്നു ഏറ്റവും കൂടുതല്‍ അറിയുന്നവന്‍.


എന്നാല്‍ അന്യപുരുഷന്മാരെ കാണിക്കാനും, തന്‍റെ സൗന്ദര്യത്തിലേക്ക് അന്യപുരുഷന്മാരെ ആകര്‍ഷിക്കാനുമാണ് ഒരു സ്ത്രീ അപ്രകാരം ചെയ്യുന്നത് എങ്കില്‍ അത് അല്ലാഹുവിന്‍റെ കഠിനമായ ശിക്ഷക്ക് വിധേയമാകുന്ന കാര്യമാണ്. ഏത് രൂപത്തിലുള്ള ആഭരണങ്ങളുടെയും , സൗന്ദര്യ വസ്തുക്കളുടെയും വിധി ഇത് തന്നെ. ഒരിക്കലും അവ അന്യ പുരുഷന്മാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.


അല്ലാഹു പറയുന്നു :وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ (31)
"സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." - [അ-നൂര്‍: 31]. 
അതിനാല്‍ തന്നെ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. നാളെ നാമോരോരുത്തരും അവന്‍റെ അരികിലേക്ക് മടങ്ങാനിരിക്കുന്നവരാണ്. അല്ലാഹു അവനെ സൂക്ഷിച്ച് ജീവിക്കുന്ന സജ്ജനങ്ങളില്‍ നമ്മെയും ഉള്‍പെടുത്തുമാറാകട്ടെ  ....