Tuesday, June 30, 2020

ഡെബിറ്റ് കാർഡ് റിവാർഡ് പോയിന്റ്സ് ഉപയോഗിക്കാമോ ?.



ചോദ്യം : നമ്മുടെ നാട്ടിലെ SBI പോലുള്ള ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ (ക്രെഡിറ്റ് കാര്‍ഡ് അല്ല) ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിങ്, റീച്ചാർജ്, POS‌ പർചേയ്സ് ചെയ്യുമ്പോള്‍ ബാങ്ക് നമ്മുക്ക് പോയിന്റ് നല്‍കുകയും ഭാവിയില്‍ ഈ പോയിന്റ് ഉപയോഗിച്ച് നമ്മുക്ക് മൊബൈല്‍ റീച്ചാർജ്, ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ എന്നിവ നടത്തുവാനും സാധിക്കും. ഇതിന്റെ ഇസ്ലാമിക വിധി എന്താണ് ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

പലിശയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കൺവെൻഷനൽ ബേങ്കുകൾ നൽകുന്ന റിവാർഡുകൾ നമുക്ക് അനുവദനീയമല്ല.

എന്നാൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഇത്തരം റിവാർഡുകൾ സ്വാഭാവികമായി ഒരു കസ്റ്റമർക്ക് ലഭിക്കാറുണ്ട്. അത് ഉപയോഗിക്കുകയും സമാനമായ തുക പാവപ്പെട്ടവർക്ക് ദാനം നൽകി തന്റെ ബാധ്യതയിൽ നിന്നും ഒഴിവാക്കുകയും ചെയ്യുക. അതാണ്‌ പ്രായോഗികമായി ഈ വിഷയത്തിൽ ചെയ്യേണ്ടത്.

കൈവശം വരുന്ന ഹറാമായ ധനം എന്ത് ചെയ്യണം എന്നത് മുൻപ് നാം വിശദീകരിച്ചിട്ടുണ്ട്. അത് വായിക്കാൻ ഈ ലിങ്കിൽ പോകാം : https://www.fiqhussunna.com/2017/04/blog-post_7.html?m=1

അല്ലാഹു അനുഗ്രഹിക്കട്ടെ...

✍അബ്ദു റഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

Monday, June 29, 2020

അഹ്‌കാമുൽ ജനാഇസ് Episode -2 I രോഗി പാലിക്കേണ്ട കാര്യങ്ങൾ (അദ്ധ്യായം ഒന്ന്- ഭാഗം 2).



[സ്നേഹം നിറഞ്ഞ പഠിതാക്കളെ.. ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനലിൽ ആരംഭിച്ച ശൈഖ് അൽബാനി (റ) യുടെ أحكام الجنائز وبدعها  (അഹകാമുൽ ജനാഇസ്) എന്ന ഗ്രന്ഥത്തിൻ്റെ ഓരോ എപ്പിസോഡിലും എടുക്കുന്ന പാഠഭാഗങ്ങളുടെ മലയാള വിവർത്തനം ആണ് താഴെ നൽകിയിരിക്കുന്നത്].  

അദ്ധ്യായം ഒന്ന് (ഭാഗം 2):

ما يجب على المريض

രോഗി പാലിക്കേണ്ട കാര്യങ്ങള്‍:

[ഈ പാഠഭാഗത്തിൻ്റെ വീഡിയോ ക്ലാസ് ലഭിക്കാൻ : https://youtu.be/-rzUMCxapJo].


നാല്: മറ്റുള്ളവരോട് ബാധ്യതയോ കടപ്പാടോ ഉണ്ടെങ്കില്‍, സാധിക്കുന്നപക്ഷം അതവന്‍ അതിന്‍റെ അവകാശികള്‍ക്ക് നല്‍കണം. സാധിക്കാത്ത പക്ഷം അത് നിറവേറ്റാന്‍ വസ്വിയ്യത്ത് ചെയ്യണം. കാരണം റസൂല്‍ (സ) അപ്രകാരം കല്പിച്ചിട്ടുണ്ട്.

فقد قال صلى الله عليه وسلم: " من كانت عنده مظلمة لاخيه من عرضه أو ماله، فليؤدها إليه، قبل أن يأتي يوم القيامة لا يقبل فيه دينار ولا درهم " إن كان له عمل صالح أخذ منه، وأعطي صاحبه، وإن لم يكن له عمل صالح، أخذ من سيئات صاحبه فحملت عليه ".

നബി (സ) പറഞ്ഞു: "ഏതെങ്കിലും ഒരാളുടെ പക്കൽ തൻ്റെ സഹോദരൻ്റെ അഭിമാനത്തിനോടോ ധനത്തോടോ താൻ ചെയ്തുപോയ വല്ല അതിക്രമവും, തിരികെ നൽകാനായുണ്ടെങ്കിൽ ദീനാറോ ദിർഹമോ സ്വീകരിക്കപ്പെടാത്ത അന്ത്യദിനം വന്നെത്തുന്നതിന് മുൻപായി അവൻ അത് തിരികെ നൽകിക്കൊള്ളട്ടെ. അന്ത്യദിനത്തിൽ അവന് വല്ല നന്മകളും ഉണ്ടെങ്കിൽ അത് തൻ്റെ സഹോദരന് നല്കിക്കൊണ്ടായിരിക്കും ആ കടം വീട്ടപ്പെടുക. ഇനി അവന് സൽക്കർമ്മങ്ങൾ ഇല്ലെങ്കിൽ തൻ്റെ സഹോദരൻ്റെ പാപങ്ങൾ എടുത്ത് അവൻ്റെ മേൽ ചുമത്തപ്പെടുകയും ചെയ്യും" - [أخرجه البخاري والبيهقي: 3/369]. 

وقال صلى الله عليه وسلم: " أتدرون ما المفلس؟ قالوا: المفلس فينا من لا دراهم له ولا متاع، فقال: إن المفلس من أمتي يأتي يوم القيامة بصلاة وصيام وز كاة، ويأتي قد شتم هذا، وقذف هذا، وأكل مال هذا، وسفك دم هذا، وضرب هذا، فيعطى هذا من حسناته، وهذا من حسناته، فإن فنيت حسناته قبل أن يقضى ما عليه أخذ من خطاياهم فطرحت عليه، ثم طرح في النار ".

അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) ചോദിച്ചു: "മുഫ്‌ലിസ് (പാപ്പരായവർ) എന്നാൽ ആരെന്ന് നിങ്ങൾക്ക് അറിയുമോ ?.  സ്വഹാബാക്കൾ പറഞ്ഞു: ഞങ്ങളുടെ കൂട്ടത്തിൽ സ്വർണ്ണ നാണയമോ വെള്ളിവനാണയമോ കൈവശമില്ലാത്ത ആളുകളെയാണ് ഞങ്ങൾ മുഫ്‌ലിസ് എന്ന് വിളിക്കാറുള്ളത്. അപ്പോൾ റസൂൽ (സ) പറഞ്ഞു: എന്നാൽ യഥാർത്ഥത്തിൽ പാപ്പരായവർ എന്നാൽ, എൻ്റെ ഉമ്മത്തിൽ നിന്നും അന്ത്യദിനത്തിൽ നമസ്‌കാരവും നോമ്പും സകാത്തും ഒക്കെയായി വരുന്ന ചില ആളുകളുണ്ട്. പക്ഷെ അവൻ ഇന്നയാളെ ചീത്ത വിളിച്ചിട്ടുണ്ടാകും, ഇന്നയാളെക്കുറിച്ച് അപവാദം പറഞ്ഞിട്ടുണ്ടാകും. ഇന്നയാളുടെ ധനം അന്യായമായി തിന്നിട്ടുണ്ടാകും. ഇന്നയാളുടെ രക്തം ചിന്തിയിട്ടുണ്ടാകും, ഇന്നയാളെ മർദ്ധിച്ചിട്ടുണ്ടാകും, അങ്ങനെ അവൻ ചെയ്തുകൂട്ടിയ നന്മകൾ ഇന്നയാൾക്കും ഇന്നയാൾക്കുമൊക്കെ വീതം വെക്കപ്പെടും. ഇനി അവൻ്റെ മേലുള്ള കുറ്റങ്ങൾ തീർന്നുപോകുന്നതിന് മുൻപ് അവൻ്റെ നന്മകൾ തീർന്നുപോയാൽ, അവരുടെ പാപങ്ങളിൽ നിന്നും എടുത്ത് അവൻ്റെ മേൽ ചുമത്തപ്പെടും. അങ്ങനെ അവൻ നരഗാഗ്നിയിൽ എറിയപ്പെടും". - [رواه مسلم: 8/18].


وقال صلى الله عليه وسلم أيضا: " من مات وعليه دين، فليس ثم دينار ولا درهم، ولكنها الحسنات والسيئات ".

അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: "ഒരാൾ കടക്കാരനായി മരണപ്പെട്ടാൽ, പിന്നെ ആ കടം ദീനാറോ ദിർഹമോ ആയിരിക്കില്ല. മറിച്ച് സൽക്കർമ്മങ്ങളും തിന്മകളും ആയിരിക്കും" - [أخرجه الحاكم :2 / 27].

(വിവർത്തകക്കുറിപ്പ്: അഥവാ ആ കടം പിന്നെ വീട്ടപ്പെടുന്നത് കർമ്മങ്ങൾ പരസ്‌പരം പങ്കുവെക്കപ്പെട്ടുകൊണ്ടായിരിക്കും. ആർക്കാണോ കടം നൽകാനുള്ളത് അയാൾക്ക് തൻ്റെ നന്മകൾ നൽകപ്പെടും എന്നർത്ഥം. മറ്റൊരാളുടെ ധനം കടം വാങ്ങിക്കുകയും അത് തിരികെ നൽകാൻ മനസ് വെക്കാതിരിക്കുകയും പരിശ്രമിക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾക്ക് വലിയ താക്കീതാണിത്).

ورواه الطبراني في الكبير بلفظ: " الدين دينان، فمن مات وهو ينوي قضاءه فأنا وليه، ومن مات وهو لا ينوي قضاءه، فذاك الذي يؤخذ من حسناته، ليس يومئذ دينار ولا درهم  

ഈ ഹദീസിൻ്റെ ഇമാം ത്വബ്റാനി ഉദ്ദരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം: നബി (സ) പറഞ്ഞു: " കടം രണ്ടുവിധമാണ്. തിരിച്ചുവീട്ടാൻ അതിയായി ആഗ്രഹിക്കുന്നവനായിരിക്കെയാണ് ഒരാൾ കടക്കാരനായി മരണപ്പെടുന്നതെങ്കിൽ അവൻ്റെ കടം ഞാൻ ഏറ്റെടുത്തിരിക്കുന്നു. എന്നാൽ തിരികെ വീട്ടാൻ ഉദ്ദേശിക്കാതെയാണ് ഒരാൾ മരണപ്പെടുന്നത് എങ്കിൽ അവൻ്റെ നന്മയിൽ നിന്നാണ് (ആ കടം) എടുക്കപ്പെടുന്നത്. അന്നേ ദിവസം ദീനാറോ ദിർഹമോ ആയിരിക്കില്ല". 


(വിവർത്തകക്കുറിപ്പ്: മറ്റൊരു ഹദീസിൽ ഒരാൾ കടം വാങ്ങിയത് തിരികെ നൽകണം എന്ന ഉദ്ദേശത്തോടെയാണ് എങ്കിൽ അല്ലാഹു ഒന്നുകിൽ ആ കടം വീട്ടാൻ ഒരു വഴിയുണ്ടാക്കും,  അല്ലെങ്കിൽ ആർക്കാണോ കടം നൽകാനുള്ളത് അയാളുടെ മനസ്സിൽ അത് വിട്ടുകൊടുക്കാനുള്ള തൃപ്തിയും പൊരുത്തവും വിട്ടുകൊടുക്കും എന്ന് കാണാം. കടം തിരികെ കൊടുക്കാൻ സത്യസന്ധമായി ആഗ്രഹിക്കുക എന്നതിൻ്റെ ഭാഗമാണ് അത് വൈകിപ്പിക്കാതിരിക്കുക, പരിശ്രമിക്കുക, അത് എഴുതി വെക്കുക തുടങ്ങിയ കാര്യങ്ങൾ). 


وقال جابر بن عبد الله رضي الله عنهما: " لما حضر أحد، دعاني أبي من الليل، فقال: ما أراني إلا مقتولا في أول من يقتل من أصحاب صلى الله عليه وسلم، وإني لا أترك بعدي أعز على منك غير نفس رسول الله صلى الله عليه وسلم، وإن على دينا فاقض، واستوص باخوتك خيرا، فأصبحنا، فكان أول قتيل.

അതുപോലെ ജാബിർ (റ) പറയുന്നു: ഉഹുദ് യുദ്ധം സമാഗതമായ രാത്രിയിൽ, ബാപ്പ എന്നെ അരികിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലിൻ്റെ സ്വഹാബാക്കളിൽ ആദ്യം വധിക്കപ്പെടുന്നവരിൽഞാനും വധിക്കപ്പെടും എന്നല്ലാതെ ഞാൻ കരുതുന്നില്ല. ഞാൻ വിട്ടേച്ച് പോകുന്നവരിൽ നിന്നെക്കാൾ എനിക്ക് പ്രിയപ്പെട്ടവരായി അല്ലാഹുവിൻ്റെ റസൂലല്ലാതെ മറ്റൊരാളുമില്ല. എനിക്ക് കുറച്ച് കടമുണ്ട്. അത് നീ വീട്ടണം. നിൻ്റെ സഹോദരങ്ങളോട് നീ നല്ല രൂപത്തിൽ കഴിയണം. അങ്ങനെ നേരം പുലർന്നപ്പോൾ അദ്ദേഹം ആദ്യം കൊല്ലപ്പെട്ടവരിൽ ഒരാളായിരുന്നു". - [أخرجه البخاري ]. 


(വിവർത്തകക്കുറിപ്പ്: ഇവിടെ തൻ്റെ കടങ്ങൾ മകനോട് അബ്ദുല്ല (റ) പ്രത്യേകം പറഞ്ഞേൽപ്പിച്ചതും മറ്റു നല്ല കാര്യങ്ങൾ വസ്വിയ്യത്ത് ചെയ്തതും കാണാം. ഈ ഹദീസിൻ്റെ പൂർണരൂപത്തിൽ ആ കടങ്ങൾ വീട്ടാൻ പ്രയാസപ്പെട്ടാൽ നീ എൻ്റെ യജമാനനോട് സഹായം ചോദിച്ചുകൊള്ളുക, ആരാണ് താങ്കളുടെ യജമാനൻ എന്ന് ജാബിർ (റ) പിതാവ് അബ്ദുല്ല (റ) വിനോട് ചോദിച്ചപ്പോൾ, അല്ലാഹുവാണ് എൻ്റെ യജമാനൻ നീ അവനോടു സഹായം ചോദിക്കുക, അവൻ നിന്നെ സഹായിക്കും എന്നും പറഞ്ഞത് കാണാം. ശേഷം കടം വീട്ടാനായി പ്രയാസപ്പെട്ടപ്പോഴൊക്കെ താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അല്ലാഹു എളുപ്പമാക്കിത്തരുകയും ചെയ്തു എന്ന് ഹദീസിൽ കാണാം). 

തുടരും... 

വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

(അദ്ധ്യായം ഒന്നിൻ്റെ - ഭാഗം ഒന്ന് - പാഠഭാഗം ലഭിക്കാൻ ഈ ലിങ്കിൽ പോകുക: https://www.fiqhussunna.com/2020/06/episode-1-i-1-3.html )

(ഭാഗം ഒന്ന് വീഡിയോ കാണാൻ: https://youtu.be/ilhaAyZYzaY)


Sunday, June 28, 2020

മൾട്ടി ലെവൽ മാർക്കറ്റിങ് - ചെയ്ൻ മാർക്കറ്റിങ് .. ഇസ്‌ലാമിക വിധിയെന്ത് ?.

മൾട്ടി ലെവൽ മാർക്കറ്റിങ് - ചെയ്ൻ മാർക്കറ്റിങ്. ഇസ്‌ലാമിക വിധിയെന്ത് ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിനെ സംബന്ധിച്ച് ഈയിടെയായി ഒരുപാട് പേര്‍ ചോദിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഈ വിഷയം പണ്ഡിതന്മാര്‍ വളരെ വിശാലമായിത്തന്നെ അതിന്‍റെ എല്ലാ സാധ്യതകളും മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആധികാരികമായ പണ്ഡിതസഭകളും പ്രഗല്‍ഭരായ പണ്ഡിതന്മാരും അത് നിഷിദ്ധമാണ് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. 

വളരെ സംക്ഷിപ്തമായിപ്പറഞ്ഞാല്‍: മാര്‍ക്കറ്റിംഗ് ശൃംഖലയില്‍ ഒരു ആക്റ്റീവ്  അംഗമാകാൻ ആദ്യം സ്വയം പ്രോഡക്റ്റ് വാങ്ങുകയോ , അതെല്ലെങ്കില്‍ നിശ്ചിത സംഖ്യ അടച്ച് അണി ചേരണമെന്നോ നിബന്ധനയുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സംരംഭങ്ങൾ മതപരമായി നിഷിദ്ധമാണ് എന്ന് ധാരാളം ഫുഖഹാക്കളും പണ്ഡിത സഭകളും വ്യക്തമാക്കിയിട്ടുണ്ട്. 

ഉദാ: നിങ്ങള്‍ അതിന്‍റെ നെറ്റ് വര്‍ക്കില്‍ ഒരംഗമാകണം അഥവാ ഒരു ആക്റ്റീവ് മെമ്പർ ആകണമെങ്കില്‍ ആദ്യം നിങ്ങള്‍ അതിന്‍റെ ഒരു പ്രോഡക്റ്റ് വാങ്ങണം, ചില കമ്പനികളില്‍ നിശ്ചിത സംഖ്യ അടച്ച് അംഗത്വം എടുക്കണം (മണി ചെയ്ന്‍). അതുപോലെ ആക്റ്റീവ് ഇൻകത്തിന് പുറമെ പാസീവ് ഇൻകം ലഭിക്കാൻ മറ്റുള്ളവരെക്കൊണ്ട് അപ്രകാരം നിങ്ങൾ അണിചേർക്കുകയും വേണം. അങ്ങനെ അണിചേർത്താൽ താഴെ കണ്ണികൾ ചെയ്യുന്ന എല്ലാ ബിസിനസിന്റെയും ഒരു ലാഭവിഹിതം, അയാൾക്ക് മുൻപേ ചേർന്ന കാരണത്താൽ മുകളിലെ കണ്ണിക്ക് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ രീതികളെല്ലാം തന്നെ നിഷിദ്ധമാണ്. 

ആളുകളിലേക്ക് ചിലവുകുറച്ച് ഉത്പാദകർ  നേരിട്ട് പ്രൊഡക്ടുകൾ എത്തിക്കുകയും കുറഞ്ഞ വിലക്ക് ആളുകൾക്ക് പ്രോഡക്ട് ലഭ്യമാക്കുകയും ചെയ്യുന്ന ഡയറക്ട് സെല്ലിങ് എന്നത് നല്ല കാര്യം തന്നെ. പക്ഷെ  ചേർന്നവർ ചേർന്നവർ തൻ്റെ താഴെ മറ്റുള്ളവരെ അണി ചേർത്ത് , അങ്ങനെ താഴെ അണികൾ വരുന്നതിനനുസരിച്ച് മുകളിലുള്ളവർക്ക് പാസീവ് ഇൻകം നൽകി , ആ ഇൻകം കാണിച്ച് കൂടുതൽ പേരെ അതിലേക്ക് റിക്രൂട്ട് ചെയ്ത് മുന്നോട്ട് പോകുന്ന MLM കമ്പനികൾ  ഡയറക്ട് സെല്ലിങ്ങിൻ്റെ മറ പിടിച്ച് മണി ചെയ്ൻ ഒളിച്ചുകടത്താൻ ശ്രമിക്കുകയോ, കണ്ണി ചേർത്ത് തങ്ങളുടെ ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കാൻ ആളുകളെ നിർബന്ധിതരാക്കുകയോ ആണ് ചെയ്യുന്നത്. അണിചേരാൻ തങ്ങളുടെ മാത്രം പ്രത്യേക പ്രോഡക്റ്റുകൾ നിശ്ചിത വിലക്ക് വാങ്ങിച്ചിരിക്കണം എന്ന് ഉപാധി വെച്ച് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചോ, മറ്റു ചിലപ്പോൾ അങ്ങനെ വാങ്ങേണ്ട ഉത്പന്നങ്ങൾക്ക് വലിയ വില ഈടാക്കിയോ ഒക്കെ ആളുകളുടെ പണം അപഹരിക്കുന്ന രീതിയാണിത്. 

ഡയറക്ട് സെല്ലിങ്, അല്ലെങ്കിൽ ഇ കൊമേഴ്‌സ് എന്നൊക്കെ പറഞ്ഞാൽ MLM ആണ് എന്ന് പലപ്പോഴും ഇവർ തെറ്റിദ്ധരിപ്പിക്കാറുമുണ്ട്. സത്യത്തിൽ നേർക്കുനേരെ ഉത്പന്നങ്ങളെ വിപണനം ചെയ്യാനോ, ഡയറക്ട് സെല്ലിങ്ങിലൂടെ ഉത്പന്നം ആളുകളിലേക്ക് എത്തിക്കാനോ MLM രീതിയുടെ യാതൊരു ആവശ്യകതയുമില്ല എന്നതാണ് വസ്തുത. കമ്പനിക്ക് തന്നെ നേരിട്ട് ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വന്തം ഔട്‍ലെറ്റുകൾ വഴി വിൽക്കുകയോ, ഓരോ പ്രദേശങ്ങളിലും നേരിട്ടുള്ള ഡിസ്‌ട്രിബുട്ടർമാരെ കണ്ടെത്തി  അവർ മുഖേന നേരിട്ട് ആളുകളിലേക്ക് വിപണനം ചെയ്യുകയോ ചെയ്യാം. അതിന് ചേർന്നവർ ചേർന്നവർ തങ്ങൾക്ക് താഴെ മറ്റുള്ളവരെ അണി ചേർക്കണം എന്നില്ല. അതൊരർത്ഥത്തിൽ പാസീവ് ഇൻകവും ആക്റ്റീവ് ഇൻകവും ഒക്കെ പറഞ്ഞു ആളുകളെ ആ ഉത്പന്നത്തിൽ തളച്ചിടാനുള്ള ഒരു കുടില തന്ത്രമാണ്. കൂടാതെ പല കമ്പനികളും കണ്ണി ചേർന്ന ഒരാൾ ആക്ടീവായി നിലനിൽക്കണമെങ്കിൽ ഓരോ മാസവും ഇത്ര ഉത്പന്നം വാങ്ങണം, അല്ലെങ്കിൽ ആളെ ചേർക്കണം എന്നൊക്കെയുള്ള ഉപാധികളും വെക്കുന്നു. ചേർന്നവർ ചേർന്നവർ പിന്നെ സ്വയം ഈ കമ്പനികളുടെ അടിമകളായി മാറുന്നു. കൂടുതൽ ആഴത്തിൽ പഠിച്ചാൽ ഇതൊരു വലിയ സാമൂഹിക സാമ്പത്തിക വിപത്ത് കൂടിയാണ്. 

www.fiqhussunna.com

പണ്ഡിതോചിതമായി ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഓണ്‍ലൈനില്‍ ലഭ്യമായ ഏറ്റവും സുപ്രധാനമായ ഒരു ചര്‍ച്ച റിയാദിലെ ഇമാം യൂണിവേഴ്സിറ്റിയിലെ 'തമയ്യുസ് റിസര്‍ച്ച് സെന്‍റര്‍' നടത്തിയ ചര്‍ച്ചയാണ്.  അതില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചവരെല്ലാം തെളിവുകള്‍ നിരത്തിക്കൊണ്ട്‌ ചേർന്നവർ ചേർന്നവർ താഴോട്ട് താഴോട്ട് കണ്ണികളെ ചേർക്കുന്ന MLM ബിസിനസ്സ് പാടില്ല എന്നാണ് പ്രസ്താവിച്ചത് എന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചയുടെ ലിങ്ക് : https://www.youtube.com/watch?v=iJ3dKtkr4Zk


 

സാധാരണ മണി ചെയ്ന്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതുപോലെത്തന്നെയാണ് പ്രോഡക്റ്റ് ഉള്ള ചേർന്നവർ ചേർന്നവർ താഴോട്ട് ആളുകളെ ചേർത്ത് അതുവഴി പാസീവ് ഇൻകം നൽകുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളും  പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.   കാരണം ഈ ശൃംഖലയുടെ നിലനില്‍പ്പിനോ ഈ രീതി പ്രവര്‍ത്തനക്ഷമമാകാനോ പ്രോഡക്റ്റ് എന്നത് ഒരു ആവശ്യമേ അല്ല. കമ്പനിയുടെ പ്രവർത്തനം നിയമപരമായി അനുവദിക്കപ്പെടാനുള്ള ഒരുപാധിയാണ് പ്രോഡക്റ്റ്. ഓരോ കമ്പനികളും ശൃംഖലക്ക് വേണ്ടി ഓരോരോ ഉല്‌പന്നങ്ങളുമായി വരുന്നു എന്ന് മാത്രം. ചിലത് ഉപകരിക്കുന്നതോ, ചിലത് ഉപകരിക്കാത്തതോ ഒക്കെ ആകാം. 

ഉദാ: ഒരാള്‍ 10000 രൂപ മുടക്കി കുറച്ച് കോസ്മെറ്റിക്ക് സാധനങ്ങള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ പൌഡര്‍ വാങ്ങി ശൃംഖലയില്‍ അംഗമാകുന്നു. മറ്റു രണ്ടുപേരെക്കൂടി അയാള്‍ ചേര്‍ത്താല്‍ (അഥവാ അവരെക്കൊണ്ടു 10000 രൂപക്ക് മേല്‍ വസ്തു വാങ്ങിപ്പിച്ചാല്‍) അയാളുടെ ശൃംഖല വളരാന്‍ ആരംഭിക്കും. രണ്ട് നാലാകണം, നാല് എട്ടാകണം, എട്ട് പതിനാറാകണം. ബൈനറിയിൽ തൻ്റെ വലതും ഇടതും ഒരുപോലെ വളർച്ചയുണ്ടായാൽ മാത്രമേ കമ്മീഷൻ ലഭിക്കൂ. അതുകൊണ്ട് തന്നെ കമ്മീഷൻ ലഭിക്കാൻ ചേര്‍ന്നവര്‍ ചേര്‍ന്നവര്‍ മറ്റുള്ളവരെ ചേര്‍ത്തണം. വളര്‍ച്ച നിന്നാല്‍ തനിക്ക് മുകളിലോട്ട് കയറാൻ സാധിക്കില്ല.  പിന്നെ ചേരുന്നവര്‍ ചേരുന്നവർ എല്ലാം തന്നെ  ഇതുപോലെ കമ്മീഷന്‍ മുന്നില്‍ക്കണ്ട് ആളുകളെക്കൊണ്ട് പ്രോഡക്റ്റ് വാങ്ങിപ്പിക്കും. മാത്രമല്ല അത് മുകളിലുള്ളവരുടെ കൂടി ആവശ്യമാണ്. ഇവിടെ നിങ്ങള്‍ പ്രോഡക്റ്റ് ഇല്ലാതെ ഒരാള്‍ 10000 മാത്രം നല്‍കി അതില്‍ അംഗമാകുന്നു എന്ന് കരുതുക. ഒരു കുഴപ്പവും കൂടാതെ ഈ ശൃംഖല നിലനില്‍ക്കും. മുകളിലുള്ളവര്‍ക്ക് താഴെയുള്ളവര്‍ ചേരുന്നതിന് അനുസരിച്ച് പണം നല്‍കാനും സാധിക്കും. അഥവാ പ്രോഡക്റ്റ് എന്നത് ഇവിടെ അത് നിയമ വിധേയമാക്കാനുള്ള ഉപാധി മാത്രമാണ്. അതുകൊണ്ടാണല്ലോ ജീവിതത്തില്‍ ഒരിക്കല്‍ പോലും ആവശ്യമില്ലാത്തതോ തങ്ങള്‍ ചിന്തിച്ചിട്ടില്ലാത്തതോ ആയ പ്രോഡക്റ്റുകള്‍ കമ്മീഷന്‍ എന്ന പ്രലോഭനം മുന്നില്‍ക്കണ്ട് ഭീമമായ സംഖ്യ നല്‍കി ആളുകള്‍ വാങ്ങിക്കൂട്ടുന്നത്. ഈയിടെ ഇങ്ങനെയുള്ള കമ്പനിയുടെ പ്രോട്ടീന്‍ പൌഡര്‍ വാങ്ങിയ ഒരു സഹോദരന്‍ പറഞ്ഞത് ഞാന്‍ അത് പശുവിന്‍റെ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാറാണ് എന്നതാണ്. അഥവാ ഞാന്‍ പറഞ്ഞുവന്നത് ശറഇയ്യായ കച്ചവടത്തില്‍ പ്രോഡക്റ്റ് - വില എന്നീ രണ്ട് കാര്യങ്ങള്‍ സുപ്രധാനമാണ്‌. അവയില്ലാതെ അത് നിലനില്‍ക്കുകയില്ല. എന്നാല്‍ MLM ല്‍ സത്യസന്ധമായിപ്പറഞ്ഞാല്‍ പ്രോഡക്റ്റ് വിലകൂടിയതാകട്ടെ, വിലയില്ലാത്തതാകട്ടെ അത് ഒരു വിഷയമേ അല്ല. കാരണം കമ്മീഷന്‍ എന്നതാണ് ശൃംഖലയില്‍ അംഗമാകാനുള്ള പ്രധാന കാരണം.

ഇനി നൽകുന്നത് ആളുകൾക്ക് ഉപകരിക്കുന്ന നിത്യോപയോക വസ്തുക്കൾ തന്നെയാണ് എന്ന് കരുതുക. സ്വാഭാവികമായും മുകളിലുള്ള കണ്ണികൾക്ക് മുഴുവൻ കമ്മീഷൻ നൽകണം എങ്കിൽ സ്വാഭാവിക വിലയിൽ നിന്നും കൂടുതൽ ആ ഉത്പന്നത്തിന് ഈടാക്കേണ്ടി വരും. അതുകൊണ്ടാണ് ഇത്തരം കമ്പനികൾ ഈ ആവശ്യത്തിനായി മാർക്കറ്റിൽ തങ്ങളുടെ മാത്രം പ്രത്യേകമായ പ്രൊഡക്ടുകൾ ഇറക്കുന്നു. അവക്ക് വലിയ മാർജിൻ ഈടാക്കുന്നു. ഇതുവഴി താഴെ കണ്ണികളിലെ ആളുകളിൽ നിന്നും അധികം ലഭിക്കുന്ന തുക മുകളിലെ കണ്ണികൾക്ക് വീതിച്ച് കൊടുക്കുന്നു. കമ്പനിക്കും വിഹിതം ലഭിക്കുന്നു. ഇങ്ങനെ ഈ കണ്ണികൾ വളരുമ്പോൾ തുടർന്ന് അണിചേരുന്നവരിൽ നിന്നും ലാഭം കിട്ടുമല്ലോ എന്ന പ്രതീക്ഷയാൽ ആളുകൾ കണ്ണികളായിക്കൊണ്ടേ ഇരിക്കുന്നൂ. ഒരു നിലയിൽ നിന്നും മറ്റൊരു നിലയിലേക്ക് ലാഭവിഹിതം ലഭിക്കാൻ എണ്ണം ഇരട്ടിയാകണം. ആയിരം പതിനായിരവും പതിനായിരം ഇരുപത്തിനായിരവും ആകണം. അവസാനം കണ്ണിചേരുന്നവർക്ക് നഷ്ടം സംഭവിക്കുമെന്നത് ഉറപ്പാണ്. ആ അവസാനക്കാർ ആയിരങ്ങളോ ലക്ഷങ്ങളോ ആയിരിക്കാം. അവരുടെ ലാഭം എന്ന ആഗ്രഹത്തെ മുൻനിർത്തി ഈടാക്കിയ അധിക തുക കമ്പനിയും മുകളിലുള്ള കണ്ണികളും പങ്കിട്ടെടുക്കുന്നു. ഇത് മനസ്സിലാക്കാൻ വലിയ സാമ്പത്തിക ശാസ്ത്രമൊന്നും അറിയേണ്ടതില്ല. തൻ്റെ കയ്യിലേക്ക് ഈ പണം എവിടെ നിന്നുമാണ് വരുന്നത് എന്ന് ഒന്ന് മനസ്സിരുത്തി ആലോചിച്ചാൽ മതി.

അല്ലാതെ സ്വാഭാവിക കച്ചവടം വഴി ആളുകളിലേക്ക് ഡയറക്റ്റ് സെല്ലിങിലൂടെ പ്രോഡക്റ്റ് എത്തിക്കുകയും മാർക്കറ്റിലെ വിലയോടും മറ്റു ഉത്പന്നങ്ങളോടും മത്സരിച്ച് ഉപഭോക്താക്കളെ കണ്ടെത്തി വിജയിക്കുകയും ചെയ്യുന്ന സാധാരണ കച്ചവടം നെറ്റ്‌വർക്ക് രൂപത്തിൽ ചെയ്താലും യാതൊരു കുഴപ്പവുമില്ല. അതിൽ താഴോട്ട് താഴോട്ട് ആളെ ചേർത്ത് നേട്ടമുണ്ടാക്കാൻ സാധിക്കുകയില്ല. നാം ഉത്പന്നം ഉപഭോക്താക്കൾക്ക് കച്ചവടം ചെയ്യുന്നതിനുള്ള ആക്റ്റീവ് ഇൻകം മാത്രമേ നമുക്ക് ലഭിക്കൂ. അവിടെ നമ്മുടെ ഉല്പന്നം ഗുണമേന്മയുള്ളതും മാന്യമായ വിലയുള്ളതുമാണെങ്കിലേ പിടിച്ചു നിൽക്കാനും സാധിക്കൂ. എന്നാൽ വലതും ഇടതും ആളുകളെ ചേർക്കുന്ന ബൈനറി / പിരമിഡ് സ്‌കീമിലൊക്കെയുള്ള കച്ചവടം അപ്രകാരമുള്ള സ്വാഭാവിക കച്ചവടമല്ല. അത് ആളുകളെ ചൂഷണം ചെയ്യൽ തന്നെയാണ്. സ്കീമിന് ഉപയോഗിക്കുന്ന പ്രോഡക്റ്റും സമാനമായ പ്രൊഡക്ടുകൾക്ക് മാർക്കറ്റിൽ വരുന്ന വിലയും നിങ്ങൾ ഒന്ന് താരതമ്യം ചെയ്‌താൽ മതി.

എന്നാല്‍ ഇസ്ലാമികമായ കച്ചവടത്തില്‍ ആളുകള്‍ വസ്തു വാങ്ങുന്നതും വില നല്‍കുന്നതുമെല്ലാം  അതിന്‍റെ ഗുണമേന്മ അനുസരിച്ചും ആവശ്യഗത അനുസരിച്ചുമാണ്. ഒരാള്‍ക്ക് ഒരു കമ്പനിയുടെ പ്രോഡക്റ്റ്സ് വില്‍ക്കുന്നതിന് കമ്പനിക്ക് അയാള്‍ക്ക് കമ്മീഷന്‍ നല്‍കാം. മാത്രമല്ല തീര്‍ത്തും വസ്തു ആവശ്യമുള്ളവര്‍ക്ക് അത് വില്പന നടത്തിയേ അയാള്‍ക്ക് കമ്മീഷന്‍ കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ.  അത്തരത്തിൽ ഡയറക്റ്റ് സെല്ലിംഗ് വഴി കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് സാധനം ലഭ്യമാക്കുന്ന, അതുപോലെ ആളുകളെ ചേർക്കുന്നതിന് നിശ്‌ചിത തുക എന്നതിന് പകരം തന്നിലൂടെ വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക് അനുസൃതമായി കമ്മീഷൻ ലഭിക്കുന്ന, അംഗങ്ങളാകാൻ നിശ്ചിത തുകയോ, പ്രോഡക്ട് വാങ്ങിക്കുക എന്നതോ, മറ്റുള്ളവരെ ചേർക്കുകയെന്നതോ നിബന്ധന വെക്കാത്ത ഇത്തരം ശൃഖലകൾ അനുവദനീയവും സമൂഹത്തിന് ഗുണകരവുമാണ്. 

എന്നാല്‍ ആ കമ്മീഷന് അര്‍ഹനാകണമെങ്കില്‍ അയാള്‍ ആദ്യം നിശ്ചിത വിലക്ക് ഒന്ന് വാങ്ങണം. ശേഷം നിശ്ചിത വിലക്ക് വാങ്ങിക്കുന്നവര്‍ക്കെല്ലാം അതുപോലെ അവര്‍ മറ്റൊരാളെക്കൊണ്ടും  വാങ്ങിപ്പിച്ചാല്‍ കമ്മീഷന്‍ ലഭിക്കും. ഇങ്ങനെ വാങ്ങിയവര്‍ വാങ്ങിയവര്‍ ലാഭം എന്ന ആഗ്രഹത്തെ മുൻനിത്തി   മറ്റൊരാളെക്കൂടി അതില്‍പെടുത്താന്‍ ശ്രമിക്കുന്നു. ഉല്പ്പന്നം എന്നത് ഇവിടെ കേവലം ഒരുപാധി മാത്രമാണ്. ഇനിയുള്ള ഭാവി MLM മാര്‍ക്കറ്റിംഗ് രീതിക്കാണ് എന്ന് പറഞ്ഞു തങ്ങളുടെ പിരമിഡ് സ്‌കീം ആളുകളെ വിശ്വസിപ്പിക്കുന്നു. ഇതുവഴി പിന്നീട് പിന്നീട് ചേരുന്നവരുടെ ധനം ആദ്യമാദ്യം ചേര്‍ന്നവര്‍ ഭക്ഷിക്കുന്നു. നിയമവിധേയമാക്കാന്‍ പ്രോഡക്റ്റ് ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ മണി ചെയിന്‍ മാര്‍ക്കറ്റിംഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അപ്രകാരം തന്നെയാണ് പിരമിഡ് / ബൈനറി  സ്കീമിലുള്ള MLM ഉം പ്രവര്‍ത്തിക്കുന്നത്. കാരണം ആ പ്രോഡക്റ്റ് ഉപേക്ഷിച്ചാലും ഈ രീതി പ്രവര്‍ത്തനക്ഷമമായിരിക്കും. അതുകൊണ്ട് ലാഭം എന്ന മനുഷ്യന്‍റെ സ്വാഭാവിക ആഗ്രഹത്തെ മുന്‍നിര്‍ത്തി തങ്ങളുടെ വസ്തുക്കള്‍ വിറ്റഴിക്കുന്ന ഒരു ചൂഷണ രീതിയായല്ലാതെ ഇതിനെ കാണാന്‍ സാധികില്ല. 

ആധുനിക സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധേയനായ ശൈഖ് സാമി സുവൈലിം ഈ വിഷയത്തില്‍ അവതരിപ്പിച്ച പഠനം ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു:

പിരമിഡ് മാര്‍ക്കറ്റിംഗ് സിസ്റ്റം (മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്) അതിന്‍റെ രീതിശാസ്ത്രം വളരെ ലളിതമാണ്. താന്‍ വാങ്ങിയതുപോലെ മറ്റുള്ളവരെയും (ആ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാന്‍ പ്രേരിപ്പിച്ചാല്‍) തനിക്ക് അതിന്‍റെ കമ്മീഷന്‍ ലഭിക്കും എന്നതിനെ മുന്‍നിര്‍ത്തി ഒരാള്‍ ഒരു കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങിക്കുന്നു. പിന്നെ അതില്‍ (അയാളുടെ പ്രേരണയാല്‍ പങ്കാളികളായവരും) അതുപോലെ മറ്റുള്ളവരെ അതില്‍ പങ്കാളികളാക്കാനും പ്രോഡക്റ്റ് വാങ്ങാനും പ്രേരിപ്പിക്കുകയും അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. അങ്ങനെ ആദ്യമാദ്യം ചേര്‍ന്നവര്‍ക്ക് (അതിന്‍റെ ഭാഗമായി) കൂടുതല്‍ കമ്മീഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.

താഴെ പറയുന്ന കാരണങ്ങളാല്‍ ഈ തരത്തിലുള്ള ഇടപാട് ഹറാം (നിഷിദ്ധം) ആണ്:

1- അത് ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ്.

2- ശറഇയ്യായി നിഷിദ്ധമായ غرر (ഊഹക്കച്ചവടം) അതില്‍ അധിഷ്ടിതമാണത്. 

ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ് എന്ന് പറയാന്‍ കാരണം:   ഈ രൂപത്തിലുള്ള ഒരു സംവിധാനം 'ഒരാള്‍ക്ക് ലാഭം കൊയ്യണമെങ്കില്‍ മറ്റൊരാള്‍ നഷ്ടം സഹിക്കണം' എന്ന മാനദണ്ഡപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല എന്നത് സുവ്യക്തമാണ്. അതിന്‍റെ വളര്‍ച്ച അവസാനിച്ചാലും ഇല്ലെങ്കിലും ഇപ്രകാരം തന്നെ. ഏത് സന്ദര്‍ഭത്തിലാകട്ടെ  അവസാനം അംഗങ്ങള്‍ ആകുന്നവര്‍ക്ക് നഷ്ടം സംഭവിക്കുക എന്നത് നിശ്ചയമാണ്. അതില്ലാതെ മുകളിലുള്ളവര്‍ക്ക് സ്വപ്നതുല്യമായ  ലാഭം കൊയ്യാനും സാധ്യമല്ല. (താഴോട്ട് താഴോട്ട് ശൃംഖല വ്യാപിക്കുക വഴി) ലാഭം കൊയ്യുന്നവര്‍ കുറച്ചും നഷ്ടം സംഭവിക്കുന്നവര്‍ കൂടുതലും ആയിരിക്കും. അഥവാ കൂടുതല്‍ പേരും നല്‍കിയ പണം കുറച്ച് പേര്‍ അനര്‍ഹമായി കരസ്ഥമാക്കി എന്ന് മാത്രം. വിശുദ്ധഖുര്‍ആന്‍ നിഷിദ്ധമായി പ്രസ്ഥാവിച്ച ജനങ്ങളുടെ ധനം അന്യായമായി ഭുജിക്കല്‍ ആണിത്. സാമ്പത്തിക വിദഗ്ദരുടെ ഭാഷയില്‍ (Zero-Sum Game) എന്നാണിതിന് പറയുക. അഥവാ ചിലര്‍ കൊയ്യുന്ന ലാഭം മറ്റു ചിലര്‍ക്കുണ്ടായ നഷ്ടം മാത്രമായിരിക്കും.

ഇനി ഊഹത്തില്‍ അധിഷ്ടിതം എന്ന് പറയാന്‍ കാരണം: ശറഇയ്യായി കച്ചവടത്തില്‍ നിഷിദ്ധമായ ഊഹം എന്ന് പറയുന്നത്. [هو بذل المال مقابل عوض يغلب على الظن عدم وجوده أو تحققه على النحو المرغوب] അഥവാ: കൂടുതലും ഉണ്ടാകാന്‍ ഇടയില്ല എന്ന് കരുതപ്പെടുന്നതോ, അല്ലെങ്കില്‍ ഉദ്ദേശിച്ച വിധം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതോ ആയ ഒരു കാര്യത്തിന് പണം മുടക്കുക എന്നതാണ്. അതുകൊണ്ടാണ് ഫുഖഹാക്കള്‍ (غرر) എന്നാല്‍ ഒന്നുകില്‍ വലിയ ലാഭം അല്ലെങ്കില്‍ നഷ്ടം എന്നിങ്ങനെ രണ്ട് കാര്യങ്ങളില്‍ രണ്ടിനും ഒരുപോലെ സാധ്യതയുള്ളത് എന്ന് വിശേഷിപ്പിച്ചത്. ഈ പറയുന്ന മാര്‍ക്കറ്റിംഗില്‍ അംഗങ്ങലാകുന്നവരെല്ലാം അധികവും തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലാത്ത 'വലിയ ലാഭം' എന്നതിനെ മുന്നില്‍ കണ്ടാണ്‌ പങ്കാളികളാകുന്നത്.  

ചുരുക്കത്തില്‍: ഈ പറയുന്ന പിരമിഡ് മാര്‍ക്കറ്റിംഗ് (അംഗങ്ങളായി താഴോട്ട് വളരുന്ന മാര്‍ക്കറ്റിംഗ് ശൃംഖല) ആളുകളെ (ലാഭം എന്ന പ്രലോഭനം മുന്‍നിര്‍ത്തി) ചൂഷണം ചെയ്യുന്നതിലും ധനം അന്യായമായി അപഹരിക്കുന്നതിലും അധിഷ്ടിതമാണ്. കാരണം ഈ ശൃംഖല അനിശ്ചിതമായി ഒരിക്കലും നിലനില്‍ക്കുകയില്ല. അത് എപ്പോള്‍ നില്‍ക്കുന്നുവോ ആ സന്ദര്‍ഭത്തില്‍ ഒരുപാട് പേരുടെ നഷ്ടത്തിന്‍റെ ഫലമായി കുറച്ച് പേര്‍ ലാഭമുണ്ടാക്കി എന്നേ വരൂ. മാത്രമല്ല ശൃംഖലയില്‍ അംഗമാകുന്ന മുകളിലത്തെ കണ്ണികള്‍ക്ക് താഴത്തെ കണ്ണികളിലുള്ള ആളുകളുടെ നഷ്ടഫലമായി വലിയ ലാഭം എപ്പോഴും ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഇനി ഈ സംരംഭം നിലച്ചില്ലെങ്കിലും അവസാനമവസാനം പങ്കാളികളാകുന്നവര്‍ എപ്പോഴും മുകളിലുള്ളവരെ അപേക്ഷിച്ച് നഷ്ടക്കാരായിരിക്കും. ഒരു പ്രോഡക്റ്റ് ഉണ്ട് എന്ന കാരണത്താല്‍ ഈ രീതി ഹലാല്‍ ആകുന്നില്ല. മറിച്ച് നിഷിദ്ധമായ ഒരു രീതി അനുവദനീയമാക്കാന്‍ സ്വീകരിച്ച ഒരു കുതന്ത്രമയെ അതിനെ കാണേണ്ടതുള്ളൂ.
 - [ശൈഖ് സാമി സുവൈലിം, മുകളിലെ വീഡിയോയില്‍ അദ്ദേഹത്തിന്‍റെ വിഷയാവതരണവും ഉണ്ട്]. 

മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴിലുള്ള 'മജ്മഉല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി' (ISLAMIC FIQH COUNCIL) ഈ വിഷയ സംബന്ധമായി പഠനം നടത്തിയ ശേഷം പുറത്ത് വിട്ട തീരുമാനത്തിലും ഇത് നിഷിദ്ധമാണ് എന്നതാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അതിന്‍റെ ദൈര്‍ഘ്യം കാരണത്താല്‍ മതപരമായ വിധി വിലയിരുത്തുന്ന പ്രസക്ത ഭാഗം മാത്രം ഇവിടെ നല്‍കാം:

റബീഉല്‍ ആഖിര്‍ 17 ഹിജ്റ 1424 ന്, അതായത് 17/6/2003 ന്  ചേര്‍ന്ന യോഗത്തില്‍ (നമ്പര്‍: 3/24) ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ എടുത്ത തീരുമാനം:

1- 'ബിസിനസ്' എന്ന പേരിലറിയപ്പെടുന്ന കമ്പനിയിലും അതുപോലെയുള്ള മറ്റു 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' (MLM) കമ്പനികളിലും ഭാഗവാക്കാകള്‍ നിഷിദ്ധവും അത് ചൂതാട്ടത്തില്‍ പെട്ടതുമാണ്. 


2- കമ്പനി അവകാശപ്പെടുന്നതുപോലെ 'ബിസിനസ്' എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കോ മറ്റു 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' (MLM) കമ്പനികള്‍ക്കോ (അവര്‍ നല്‍കുന്ന ലാഭം) ശറഇല്‍ അനുവദനീയമായ കമ്മീഷന്‍ (ബ്രോക്കറേജ്) എന്നതിനോട് യാതൊരു ബന്ധവുമില്ല. ഈ വിഷയത്തില്‍ അത്തരം കമ്പനികള്‍ അനുവദനീയമാണ് എന്ന് മറുപടി നല്‍കിയ പണ്ഡിതന്മാരെ, അത് കേവലം കമ്മീഷന്‍ (ബ്രോക്കറേജ്) മാത്രമാണ് എന്ന രൂപത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കമ്പനികള്‍ പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങളെ വസ്തുതാപരമായല്ലാതെ മനസ്സിലാക്കുന്ന സാഹചര്യം അവര്‍ക്ക് ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. 


അതുകൊണ്ടുതന്നെ ഉത്തരവാദിത്തപ്പെട്ട അധികാരികളോട് 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇത്തരം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ഫിഖ്ഹ് കൌണ്‍സിലുമായി കൂടിയാലോചിച്ചിട്ടല്ലാതെ ലൈസന്‍സ് നല്‍കരുതെന്നും ആവശ്യപ്പെടുന്നു.
 - [By : ISLAMIC FIQH COUNCIL http://ar.islamway.net/fatwa/31900].


സൗദി അറേബ്യയിലെ പണ്ഡിത സഭ നല്‍കിയ മറുപടിയിലും ഇവ നിഷിദ്ധമാണ് എന്ന് സുവ്യക്തമായി പ്രസ്ഥാവിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെക്കുറിച്ച് അധികം പഠനവിധേയമാക്കുകയോ  ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത കേവലം തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത ഒന്നോ രണ്ടോ ഒറ്റപ്പെട്ട ഫത്'വകളുമായി ഇതനുവദനീയമാണ് എന്ന് വാദിക്കാന്‍ ശ്രമിക്കുകയാണ് ഇതിന്‍റെ വക്താക്കള്‍. ആ ഫത്'വകളുടെ നിജസ്ഥിതി എന്ത് എന്നത് ഫിഖ്ഹ് കൗണ്‍സില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. സാമ്പത്തിക വിഷയങ്ങളിലും കര്‍മ്മശാസ്ത്ര വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പണ്ഡിതന്മാരും, അതിലുപരി പണ്ഡിതസഭകളും എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞാലും തങ്ങള്‍ക്ക് അനുകൂലമായി വല്ലതും ലഭിക്കുമോ എന്ന് മാത്രം പരിശോധിക്കുന്നവരോട് മറ്റൊന്നും പറയാനില്ല. എല്ലാത്തിലുമുപരി ഞാന്‍ സമ്പാദിക്കുന്ന സമ്പാദ്യം ഹലാലാകണം എന്നതായിരിക്കട്ടെ സാമ്പത്തിക മേഖലയില്‍ നയിക്കുന്ന ഘടകം. അല്ലാതെ ഞാന്‍ ചെയ്യുന്നതെല്ലാം അനുവദനീയമാണ് എന്ന് എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കണം എന്നതാണ് നമ്മുടെ ചിന്ത എങ്കില്‍ തീര്‍ച്ചയായും നാം അപകടത്തിലാണ്.  

താന്‍ പ്രവര്‍ത്തിക്കുന്നതിന് ലഭിക്കുന്ന കമ്മീഷന്‍ എന്ന അര്‍ത്ഥത്തില്‍ പിരമിഡ് സ്‌കീമിൽ പ്രവർത്തിക്കുന്ന MLM കമ്പനിയില്‍ പങ്കാളിയാകുക വഴി ലഭിക്കുന്ന ധനം അനുവദനീയമാണ് എന്ന് തോന്നാമെങ്കിലും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ വഞ്ചനയും, ചതിയും ചൂഷണവും എല്ലാം അടങ്ങിയതാണ് പിരമിഡ് സ്‌കീമിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്ന് ആര്‍ക്കും മനസ്സിലാക്കാം. മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ഇത്തരം കമ്പനികള്‍ക്കെതിരെ ധാരാളം കേസുകളും, അവ ചൂഷണം ചെയ്യുന്ന കമ്പനികളാണ് എന്ന് കോടതി പോലും പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അഥവാ ശറഇയ്യായ വിശകലനങ്ങള്‍ക്കപ്പുറം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അത് മനസ്സിലാക്കാവുന്നതേയുള്ളൂ.   ധാരാളം തട്ടിപ്പ് കേസുകൾ ഇത്തരം കമ്പനികൾക്കെതിരെ  കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ മണി ചെയ്ന്‍ സംവിധാനത്തിന്‍റെ മറ്റൊരു രൂപം എന്നേ ഇവയെ വിശേഷിപ്പിക്കാനാവൂ.

എന്നാൽ മുകളിൽ സൂചിപ്പിച്ചപോലെ ഡയറക്റ്റ് സെല്ലിങ് വഴി ബൈനറി സംവിധാനം ഉപയോഗിച്ച് തീർത്തും സ്വാഭാവികമായ കച്ചവടത്തിലൂടെ ആളുകളിലേക്ക് കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ എത്തിക്കുന്ന കമ്പനികളാണ് എങ്കിൽ അവക്ക് കുഴപ്പവുമില്ല. അങ്ങനെയുള്ള നല്ല കമ്പനികളിൽ ഒരു ആക്റ്റീവ് മെമ്പറാകാൻ നിങ്ങൾ നിശ്ചിത വിലക്ക് ഉത്പന്നം വാങ്ങണമെന്നോ, ഇത്രയാളെ അണി ചേർക്കണമെന്നോ നിബന്ധനയുണ്ടാവില്ല. സാധാരണ വിലക്കോ അതിൽ കുറവോ ആയായിരിക്കും അവരുടെ ഉത്പനങ്ങൾ ലഭ്യമാകുകയും ചെയ്യുക. മാത്രമല്ല താഴെ താഴെ മറ്റുള്ളവരെ അണി ചേർക്കുന്നതിലൂടെയുള്ള പാസീവ് ഇൻകം അല്ല, നിങ്ങൾ ഉത്പന്നങ്ങൾ വില്പന ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആക്റ്റീവ് ഇൻകം മാത്രമായിരിക്കും നിങ്ങൾക്ക് അവിടെ ലഭിക്കുക. 

ഈ വിഷയസംബന്ധമായ കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ആകാം.. അല്ലാഹു അനുഗ്രഹിക്കട്ടെ ... 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

പിരമിഡ് സ്‌കീമിൽ പ്രവർത്തിക്കുന്ന (MLM) മൾട്ടി ലെവൽ മാർക്കറ്റിങ് ഹലാലാണോ ?. I Is MLM halal ?

Saturday, June 27, 2020

പെൺകുട്ടികളുടെ കാതും മൂക്കും കുത്തൽ അനുവദനീയമോ ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛


പെണ്‍കുട്ടികള്‍ക്ക് കാതും മൂക്കും കുത്തുന്നതിന്‍റെ വിധിയെക്കുറിച്ച് പല സഹോദരങ്ങളും ചോദിക്കുകയുണ്ടായി. പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസം ഉള്ള ഒരു വിഷയമാണിത്. പെൺകുട്ടികൾക്ക് അലങ്കാരമെന്നോണം ഉർഫ് അഥവാ നാട്ടുനടപ്പ് അനുസരിച്ച് അത് ആളുകൾ ചെയ്യാറുള്ള ഒന്നാണോ എന്നത് പരിഗണിച്ചുകൊണ്ടാണ് പണ്ഡിതന്മാർ അത് ചർച്ച ചെയ്തിട്ടുള്ളത്.


ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ല പറയുന്നു) : 
" പെണ്‍കുട്ടികള്‍ക്ക് കാത്കുത്തല്‍ അനുവദനീയമാണ് എന്നതിനുള്ള മതിയായ തെളിവാണ്, ആളുകള്‍ അപ്രകാരം ചെയ്യുന്നത് അറിഞ്ഞിട്ടും പ്രവാചകന്‍ (സ) അത് വിലക്കിയില്ല എന്നുള്ളത്. അത് വിരോധിക്കപ്പെട്ടതായിരുന്നുവെങ്കില്‍ വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ അതുസംബന്ധിച്ച് വിലക്ക് വരുമായിരുന്നു." - [തുഹ്ഫതുല്‍ മൌദൂദ്].


ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) പറയുന്നു: " ഏറ്റവും ശരിയായ അഭിപ്രായം പെണ്‍കുട്ടികള്‍ക്ക് അവരുടെ കാതു കുത്തുന്നതിന് വിരോധമില്ല എന്നതാണ്. അനുവദനീയമായ (ഭര്‍ത്താവിന് വേണ്ടിയുള്ള) ആഭരണമണിയലില്‍ പെട്ട ഒന്നാണ് അതും.  സ്വഹാബി വനിതകള്‍ക്ക് കാതിലണിയുന്ന കമ്മല്‍ ഉണ്ടായിരുന്നു എന്ന് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. (ഇത് കുട്ടികളോടുള്ള ഒരു പീഡനമായി കണക്കാക്കാനാവില്ല), വളരെ ചെറിയൊരു വേദന മാത്രമേ അതിനുള്ളൂ. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ കാത് കുത്തിയാല്‍ പെട്ടെന്ന് തന്നെ അത് ഭേദമാകുകയും ചെയ്യും. എന്നാല്‍ മൂക്ക് കുത്തുന്നത് സംബന്ധിച്ച് പറയുകയാണെങ്കില്‍, അതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ ചര്‍ച്ചയൊന്നും തന്നെ എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. നമ്മുടെ കാഴ്ചപ്പാടില്‍ അത് മുഖത്തെ അലങ്കോലപ്പെടുത്തുന്നതും വികൃതമാക്കുന്നതുമായ കാര്യമാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഒരുപക്ഷെ അതപ്രകാരം തോന്നിയില്ല എന്നു വരാം. അതിനാല്‍ തന്നെ മൂക്ക് കുത്തുന്നത് അലങ്കാരമായും ഭംഗിയായും കാണുന്ന നാട്ടില്‍ ജീവിക്കുന്ന സ്ത്രീക്ക് മൂക്ക്ന്ന കുത്തുന്നതില്‍ തെറ്റില്ല." - [ മജ്മൂഉ ഫതാവ - ഇബ്നു ഉസൈമീന്‍].



ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല പറയുന്നു:
 " ആഭരണമണിയാന്‍ വേണ്ടി പെണ്‍കുട്ടികളുടെ കാതുകുത്തുന്നതില്‍ തെറ്റില്ല. ധാരാളം ആളുകള്‍ ചെയ്യുന്ന ഒരു കാര്യമാണിത്. പ്രവാചകന്‍റെ കാലത്ത് വരെ സ്ത്രീകള്‍ അവരുടെ കാതുകളില്‍ യാതൊരു വിരോധവും കൂടാതെ ആഭരണങ്ങള്‍ അണിയാറുണ്ടായിരുന്നു. ഇനി കാതുകുത്തുമ്പോള്‍ പെണ്‍കുട്ടിക്ക് വേദനിക്കും എന്നതാണ് വിഷയമെങ്കില്‍, അതവളുടെ നന്മക്ക് വേണ്ടിയാണ്. കാരണം അവള്‍ക്ക് (ഭര്‍ത്താവിന് വേണ്ടി) ആഭരണമണിയലും, അലങ്കരിക്കലും  ആവശ്യമാണ്‌. അതിനാല്‍ തന്നെ അതിനു വേണ്ടി കാതു കുത്തുന്നത് അനുവദനീയമാണ്. (ശറഇയ്യായി അനുവദനീയമായ ആവശ്യത്തിനു വേണ്ടി) ഓപറേഷന്‍ ചെയ്യുന്നതും, അതുപോലെ ചികിത്സക്ക് വേണ്ടി ചൂട് വെക്കുന്നതും എല്ലാം അനുവദനീയമായത് പോലെ ,  (ശറഇയ്യായി അനുവദനീയമായ)  ഒരു ആവശ്യമായാതിനാല്‍ തന്നെ കാതുകുത്തുന്നതിലും ഇളവുണ്ട്. അതവളുടെ ഒരാവശ്യമാണ് എന്നതിലുപരി വലിയ വേദനയോ, വലിയൊരു പ്രയാസമോ ഒന്നും തന്നെ അതില്‍ ഉണ്ടാകുന്നുമില്ല." -[ ഫതാവ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍].


അതുപോലെ സുനന് അബീ ദാവൂദ് വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് (ഹഫിദഹുല്ല) യോട് സ്ത്രീകള്‍ മൂക്ക് കുത്തുന്നതിനെ സംബന്ധിച്ച്  ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു : "സാധാരണ നിലക്ക് സ്ത്രീകള്‍ മൂക്ക് കുത്തുന്ന ഒരു നാട്ടിലാണ് എങ്കില്‍ അതില്‍ തെറ്റില്ല. കാതുകുത്തുന്നത് പോലെത്തന്നെയാണ് ഇതും. ഈ അടുത്ത കാലം വരെ ആളുകള്‍ മൂക്ക് കുത്താറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ പൊതുവേ  അതൊഴിവാക്കിയിട്ടുണ്ട്."


അതിനാല്‍ തന്നെ സാധാരണ കാതു കുത്തുകയും, മൂക്ക് കുത്തുകയും ചെയ്യുന്ന ഒരു നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് ശറഇയ്യായി അനുവദനീയമായ സൗന്ദര്യത്തിനും അലങ്കാരത്തിനും വേണ്ടി , കാതു കുത്തുന്നതിലും, മൂക്ക് കുത്തുന്നതിലും തെറ്റില്ല എന്നതാണ് ശരിയായ അഭിപ്രായം. അല്ലാഹുവാകുന്നു ഏറ്റവും കൂടുതല്‍ അറിയുന്നവന്‍.


എന്നാല്‍ അന്യപുരുഷന്മാരെ കാണിക്കാനും, തന്‍റെ സൗന്ദര്യത്തിലേക്ക് അന്യപുരുഷന്മാരെ ആകര്‍ഷിക്കാനുമാണ് ഒരു സ്ത്രീ അപ്രകാരം ചെയ്യുന്നത് എങ്കില്‍ അത് അല്ലാഹുവിന്‍റെ കഠിനമായ ശിക്ഷക്ക് വിധേയമാകുന്ന കാര്യമാണ്. ഏത് രൂപത്തിലുള്ള ആഭരണങ്ങളുടെയും , സൗന്ദര്യ വസ്തുക്കളുടെയും വിധി ഇത് തന്നെ. ഒരിക്കലും അവ അന്യ പുരുഷന്മാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.


അല്ലാഹു പറയുന്നു :


وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ (31)


"സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനുംഅവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേനിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." - [അ-നൂര്‍: 31]. 


അതിനാല്‍ തന്നെ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. നാളെ നാമോരോരുത്തരും അവന്‍റെ അരികിലേക്ക് മടങ്ങാനിരിക്കുന്നവരാണ്. അല്ലാഹു അവനെ സൂക്ഷിച്ച് ജീവിക്കുന്ന സജ്ജനങ്ങളില്‍ നമ്മെയും ഉള്‍പെടുത്തുമാറാകട്ടെ  .... 


അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Monday, June 22, 2020

അഹ്‌കാമുൽ ജനാഇസ് Episode -1 I രോഗി പാലിക്കേണ്ട കാര്യങ്ങൾ (1-3)


[സ്നേഹം നിറഞ്ഞ പഠിതാക്കളെ.. ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനലിൽ ആരംഭിച്ച ശൈഖ് അൽബാനി (റ) യുടെ أحكام الجنائز وبدعها  (അഹകാമുൽ ജനാഇസ്) എന്ന ഗ്രന്ഥത്തിൻ്റെ ഓരോ എപ്പിസോഡിലും എടുക്കുന്ന പാഠഭാഗങ്ങളുടെ മലയാള വിവർത്തനം ആണ് താഴെ നൽകിയിരിക്കുന്നത്].  

EPISODE - 1 :   https://youtu.be/ilhaAyZYzaY

അദ്ധ്യായം ഒന്ന്:

ما يجب على المريض

രോഗി പാലിക്കേണ്ട കാര്യങ്ങള്‍:


ഒന്ന്:   

على المريض أن يرضى بقضاء الله، ويصبر على قدره، ويحسن الظن بربه، ذلك خير له

അല്ലാഹുവിന്‍റെ വിധിയിലും തീരുമാനത്തിലും തൃപ്തിപ്പെടുകയുംഅവന്‍റെ വിധിയില്‍ ക്ഷമ അവലംബിക്കുകയുംതന്‍റെ റബ്ബിനെക്കുറിച്ച് നല്ലത് മാത്രം ചിന്തിക്കുകയുംഎല്ലാം തന്‍റെ നന്മക്കാണ് എന്ന് കരുതുകയും ചെയ്യല്‍ രോഗിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്‌. 

കാരണം റസൂല്‍ (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു:

عجبا لأمر المؤمن إن أمره له كله خير، وليس ذلك لأحد إلا للمؤمن، إن أصابته سراء شكر فكان خيرا له، وإن أصابته ضراء صبر فكان خيرا له.

“ഒരു സത്യവിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരമാണ്. അവന് ഭവിക്കുന്നതെല്ലാം അവന്‍റെ നന്മാക്കാണ്. ആ (സൗഭാഗ്യം) ഒരു വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കുമില്ല. (കാരണം) അവന് വല്ല നന്മയുമുണ്ടായാല്‍ അവന്‍ അല്ലാഹുവിന് നന്ദി കാണിക്കുന്നു. അപ്പോള്‍ അതവന് നന്മയായി മാറുന്നു. അവന് വല്ല ദോഷവുമുണ്ടായാല്‍ അവന്‍ ക്ഷമിക്കുന്നു. അപ്പോള്‍ അതും അവന് നന്മയായി മാറുന്നു.” – [صحيح الترغيب والترهيب : 3398].

അതുപോലെ മറ്റൊരു ഹദീസിൽ നബി (സ) പറഞ്ഞു:

لا يموتن أحدكم إلا وهو يحسن الظن بالله تعالى

 “പരമോന്നതനായ അല്ലാഹുവിനെപ്പറ്റി നല്ലത് മാത്രം കരുതുന്നവരായിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരണപ്പെടരുത്.” – [صحيح الترغيب والترهيب : 3385].

 

രണ്ട് :  

وينبغي عليه أن يكون بين الخوف والرجاء، يخاف عقاب الله على ذنوبه، ويرجو رحمة ربه ، لحديث أنس..

അതുപോലെ ഒരു രോഗി എപ്പോഴും ഭയത്തിനും പ്രതീക്ഷക്കും ഇടയിലായിരിക്കണം. അതായത് അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും അവന്‍റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും. ഇമാം തിര്‍മിദിയും മറ്റു മുഹദ്ദിസീങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്ത അനസ്(റ) ഉദ്ദരിക്കുന്ന പ്രസിദ്ധമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 

عن أنس أيضا رضي الله عنهأن النبي صلى الله عليه وسلم دخل على شاب وهو في الموت، فقالكيف تجدك؟، قالأرجو الله يا رسول الله، وإني أخاف ذنوبي، فقال رسول الله صلى الله عليه وسلملا يجتمعان في قلب عبد في مثل هذا الموطن إلا أعطاه الله ما يرجو وأمنه مما يخاف.


“മരണാസന്നനായ ഒരു യുവാവിന്‍റെ അടുക്കലേക്ക് റസൂല്‍ (സ) പ്രവേശിച്ചു. അദ്ദേഹം ചോദിച്ചു: എന്താണ് നിനക്കനുഭവപ്പെടുന്നത്
 ?. അവന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ അല്ലാഹുവാണ് സത്യം ഞാന്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. എന്‍റെ പാപങ്ങളെയോര്‍ത്ത് ഭയപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) ഇപ്രകാരം പറഞ്ഞു: (ഭയവും പ്രതീക്ഷയും) അവ രണ്ടും ഒരു ദാസൻ്റെ ഹൃദയത്തില്‍ ഇത്തരം ഒരു സന്ദര്‍ഭത്തില്‍ സംഗമിക്കുന്ന പക്ഷം അവന്‍ ഏതൊരു കാര്യമാണോ പ്രതീക്ഷിക്കുന്നത് അത് അല്ലാഹു അവന് നല്‍കാതിരിക്കില്ല. ഏതൊരു കാര്യത്തെയാണോ അവന്‍ ഭയപ്പെടുന്നത് അതില്‍ നിന്നവന് നിര്‍ഭയത്വം നല്‍കാതിരിക്കുകയുമില്ല.” – [صحيح الترغيب والترهيب : 3383].

 

മൂന്ന്: 

ومهما اشتد به المرض، فلا يجوز له أن يتمنى الموت، لحديث أم الفض رضي الله عنها

രോഗം എത്ര മൂര്‍ച്ചിച്ചാലും അവന്‍ മരണത്തെ ആഗ്രഹിക്കരുത്. കാരണം ഉമ്മുൽ ഫള്ൽ (റ) ഉദ്ദരിച്ച ഹദീസിൽ ഇപ്രകാരം കാണാം:  

: " أن رسول الله صلى الله عليه وسلم دخل عليهم، وعباس عم رسول الله يشتكي، فتمنى عباس الموت، فقال له رسول الله صلى الله عليه وسلم: يا عم! لا تتمن الموت، فإنك إن كنت محسنا، فأن تؤخر تزداد إحسانا إلى إحسانك خير لك، وإن كنت مسيئا فأن تؤخر فتستعتب من إساءتك خير لك، فلاتتمن الموت ".


"നബി (സ) പിതൃവ്യൻ അബ്ബാസ് (റ) ആ സമയത്ത് രോഗബാധിതനായിരിക്കെ, റസൂൽ (സ) അവരുടെ അരികിലേക്ക് പ്രവേശിച്ചു.  അപ്പോൾ "ഞാനൊന്ന് മരിച്ച് പോയെങ്കിൽ" എന്ന് അബ്ബാസ് (റ) പറയുകയുണ്ടായി. ആ സന്ദർഭത്തിൽ അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറഞ്ഞു: അല്ലയോ പിതൃവ്യാ.. താങ്കൾ മരണത്തെ ആഗ്രഹിക്കരുത്. കാരണം താങ്കൾ ഒരു സൽക്കർമ്മിയാണ് എങ്കിൽ, താങ്കൾക്ക് ഇനിയും സാവകാശം ലഭിക്കുന്നത് താങ്കളുടെ നന്മകളിലേക്ക് ഇനിയും നന്മകൾ അധികാരിപ്പിക്കാനുള്ള അവസരമുണ്ടാകും എന്നതിലാണ് താങ്കൾക്ക് നന്മയുള്ളത്. ഇനി താങ്കൾ ഒരു തെറ്റുകാരനാണ് എങ്കിൽ, സാവകാശം ലഭിക്കുന്നതിലൂടെ താങ്കളുടെ തെറ്റുകളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങാൻ സാധിക്കുമെന്നത്തിലും താങ്കൾക്ക് നന്മയാണുള്ളത്. അതുകൊണ്ട് താങ്കൾ മരണത്തെയാഗ്രഹിക്കരുത്"  - [أخرجه حاكم: 1/ 339]. 

അതുപോലെ നബി (സ) പറഞ്ഞു:

فإن كان ولا بد فاعلا، فليقلاللهم أحيني ما كانت الحياة خيرا لي، وتوفني إذا كانت الوفاة خيرا لي.

“(മരണത്തെയാഗ്രഹിക്കുകയെന്നത്)  അനിവാര്യമായി വന്നാല്‍ അവനിപ്രകാരം പറഞ്ഞുകൊള്ളട്ടെ : “അല്ലാഹുവേ ജീവിച്ചിരിക്കുന്നതിലാണ് എനിക്ക് നന്മയുള്ളത് എങ്കില്‍ നീയെന്നെ ജീവിപ്പിക്കേണമേ. മരണപ്പെടുന്നതിലാണ് എനിക്ക് നന്മയുള്ളതെങ്കില്‍ നീയെന്നെ മരിപ്പിക്കേണമേ.” – [رواه البيهقي: 3/ 377].

 __________________________________________

ബാക്കി ഭാഗം അടുത്ത എപ്പിസോഡിൽ പഠിക്കാം... തുടർപഠനത്തിനായി ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക: https://www.youtube.com/c/FiqhussunnaTV

അല്ലാഹു അനുഗ്രഹിക്കട്ടെ ...  

 


Saturday, June 13, 2020

യുട്യൂബ് ചാനൽ വരുമാനം ഹലാലാണോ ?.


യുട്യൂബ് ചാനൽ വഴി ലഭിക്കുന്ന വരുമാനം ഇസ്‌ലാമികമായി ഹലാലാകുമോ എന്നതാണ് ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത് 

Tuesday, June 9, 2020

സ്വദേശത്തല്ലാതെ മരണപ്പെടുന്നവർക്ക് പ്രത്യേകമുള്ള പ്രതിഫലം. വിദേശത്ത് മരണപ്പെട്ടവരെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിലുള്ള മതപരമായ നിലപാട്.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

സ്വദേശത്ത് നിന്നും അന്യദേശത്തേക്ക് തൻ്റെ ജോലിയാവശ്യാർത്ഥമോ മറ്റോ യാത്ര പോകുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്യുന്ന നമ്മുടെ സഹോദരങ്ങളുടെ മരണവാർത്ത പലപ്പോഴും കുടുംബങ്ങളെയും ബന്ധുമിത്രാതികളെയും ഒരുപാട് വേദനിപ്പിക്കാറുണ്ട്. തങ്ങളേറെ സ്നേഹിക്കുന്നവരുടെ മയ്യിത്തെങ്കിലും അവസാനമായി ഒരു നോക്ക് കാണാൻ, ഒരു മുത്തം കൊടുക്കാൻ നാമെല്ലാം ആഗ്രഹിക്കുമെന്നത് സ്വാഭാവികമാണ്. 

എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ ഒരർത്ഥത്തിലും നാം ദുഃഖിക്കേണ്ടതില്ല. മരണം എല്ലാവർക്കും ഒരുനാൾ സുനിശ്ചിതമാണല്ലോ. ആ മരണം നന്നാകുക എന്നതാണല്ലോ പ്രധാനം. നമ്മൾ ഏറെ സ്നേഹിക്കുന്നവർ ആരെങ്കിലും അപ്രകാരം മറുനാട്ടിൽ മരണപ്പെട്ടാൽ അവർക്ക് നബി (സ) ഒരു സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്.  ഈ ഹദീസ് ഒന്ന് നോക്കൂ: 

 عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ قَالَ: " تُوُفِّيَ رَجُلٌ بِالْمَدِينَةِ عَنْ وَلَدٍ ، فَصَلَّى عَلَيْهِ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ:   يَا لَيْتَهُ مَاتَ فِي غَيْرِ مَوْلِدِهِ  ، فَقَالَ رَجُلٌ مِنَ الْقَوْمِ: وَلِمَ يَا رَسُولَ اللهِ؟ قَالَ:   إِنَّ الرَّجُلَ إِذَا مَاتَ فِي غَيْرِ مَوْلِدِهِ قِيسَ لَهُ مِنْ مَوْلِدِهِ إِلَى مُنْقَطَعِ أَثَرِهِ فِي الْجَنَّةِ  ".

അബ്ദുല്ലാഹ് ബ്ൻ അംറു ബ്‌നുൽ ആസ് (റ) പറയുന്നു: മദീനത്ത് തൻ്റെ ഒരുമകനെ ബാക്കിയാക്കിക്കൊണ്ട് ഒരാൾ മരണപ്പെട്ടു. നബി (സ) അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കാരം നിർവഹിച്ചു. എന്നിട്ടദ്ദേഹം ഇപ്രകാരം പറഞ്ഞു: അയാൾ തൻ്റെ ജന്മനാട്ടിലല്ലാതെ മറ്റൊരു ദേശത്ത് മരണപ്പെട്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. അപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ ചോദിച്ചു: അതെന്തുകൊണ്ടാണ് അങ്ങപ്രകാരം പറഞ്ഞത് റസൂലേ ?. അപ്പോൾ നബി (സ) പറഞ്ഞു: "ഒരാൾ തൻ്റെ ജന്മദേശത്തല്ലാതെ മരണപ്പെട്ടാൽ, തൻ്റെ ജന്മദേശത്ത് നിന്നും അയാളുടെ കാൽപാദങ്ങൾ അവസാനിച്ച ദേശം വരേക്കുമുള്ള അത്രയും ദൂരം സ്വർഗത്തിൽ അയാൾക്ക് അളന്ന് നൽകപ്പെടും" - [സ്വഹീഹ് ഇബ്‌നു മാജ: 1309, അൽബാനി: ഹദീസ് ഹസൻ, അഹ്മദ് ശാക്കിർ: ഹദീസ് സ്വഹീഹ്]. 

റബ്ബ് എത്ര കാരുണ്യവാനാണ്. സ്വദേശത്ത് നിന്നും അകലെ അന്യനാട്ടിൽ മരണപ്പെടുന്നവർക്ക് എത്ര വലിയ പ്രതിഫലമാണ് റബ്ബ് സുബ്ഹാനഹു വ തആല ആ മരണത്താൽ  നിർണയിച്ചിട്ടുള്ളത്. അന്യനാട്ടിലെ വിയോഗത്താൽ കുടുംബത്തിനോ ബന്ധുമിത്രാതികൾക്കോ ഉണ്ടാകുന്ന പ്രയാസത്തിന് ഈ  ഹദീസിനെക്കാൾ ആശ്വാസം നൽകുന്ന മറ്റൊന്നുമില്ല എന്നുറപ്പാണ്. നമ്മുടെ വൈകാരികമായ തലങ്ങളെക്കാൾ മയ്യിത്തിന് നന്മയേത്, മയ്യിത്തിൻ്റെ പരലോക ജീവിതത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്ത് എന്നതാണല്ലോ ഏറെ മുഖ്യം. അതുകൊണ്ടുതന്നെ വിദേശത്ത് നാം ഏറെ സ്നേഹിക്കുന്നവർ ആരെങ്കിലും മരണപ്പെട്ടു എന്ന് കേൾക്കുമ്പോൾ അത് വിദേശത്തായിപ്പോയി എന്നതിൽ നാം പ്രയാസപ്പെടേണ്ടതില്ല. മറിച്ച് അവരുടെ പാപമോചനത്തിനും സ്വർഗത്തിൽ ഉന്നതമായ സ്ഥാനം ലഭിക്കാനും അന്യദേശത്തെ മരണം നബി (സ) പഠിപ്പിച്ച പോലെ അവർക്ക് പ്രതിഫലാർഹമായ ഒരു മരണമായി മാറാനും നാം പ്രാർത്ഥിക്കുക. മാത്രമല്ല തൻ്റെ ഉപജീവനാർത്ഥമുള്ള യാത്ര അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യാത്രയുമാണ്. 

മദീനയിൽ മരിക്കുകയെന്നത് ഏറെ ശ്രേഷ്ഠതയുള്ള കാര്യമാകയാൽ മേൽപ്പറഞ്ഞ ഹദീസിൽ മദീനയിൽ മരണപ്പെട്ട ഒരു വ്യക്തിയെക്കുറിച്ച് അദ്ദേഹം അന്യദേശത്ത് മരണപ്പെട്ടിരുന്നുവെങ്കിൽ എന്ന് നബി (സ) പറയുമോ ? എന്ന് ചിലർ ചോദിക്കാറുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ടത് , മദീനയിൽ മരണപ്പെടുക എന്നതോടൊപ്പം അയാൾ മദീനത്തേക്ക് അന്യദേശത്ത് നിന്ന് വന്ന ഒരാളായിരുന്നെങ്കിൽ ആ പ്രതിഫലം കൂടി ലഭിക്കുമായിരുന്നു എന്ന അർത്ഥത്തിലായിരിക്കാം ഒരുപക്ഷെ നബി (സ) അപ്രകാരം പറഞ്ഞത് എന്നതിനാൽത്തന്നെ ആ ഹദീസുകൾ പരസ്‌പരം യാതൊരു വൈരുദ്ധ്യവും ഇല്ല.

ഇനി നാം മനസ്സിലാക്കേണ്ട മറ്റൊരു സുപ്രധാന വിഷയമാണ്: ഒരാൾ വിദേശത്ത് മരണപ്പെട്ടാൽ മയ്യിത്ത് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാമോ ? എന്നത്. 

പണ്ഡിതന്മാർക്കിടയിൽ ചർച്ചയുള്ള ഒരു വിഷയമാണിത്. ഒരാൾ മരണപ്പെട്ടാൽ ജനാസ എത്രയും പെട്ടെന്നാക്കുക എന്നതാണ് നബി (സ) യുടെ അധ്യാപനം. ഒരാളെ മരണപ്പെട്ടിടത്തുനിന്നും സ്വദേശത്തേക്ക് കൊണ്ട് പോകുന്നത് മരണാനന്തര കർമ്മങ്ങൾ വൈകാനും മയ്യിത്തിനോട് അനാദരവ് കാണിക്കാനും ഇടവരുമെങ്കിൽ അപ്രകാരം ചെയ്യാൻ പാടില്ല എന്നത് തന്നെയാണ് പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. 

മഹതിയായ ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യുടെ സഹോദരൻ അബ്ദുറഹ്മാൻ (റ) അബിസീനിയൻ താഴ്വരയിൽവെച്ച് വഫാത്തായി. കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തിൻ്റെ മയ്യിത്ത് അവിടെ നിന്നും മദീനയിലേക്ക് എത്തിച്ചു. അപ്പോൾ ആഇശ (റ) ഇപ്രകാരം പറഞ്ഞു: 

ما أجد في نفسي أو يحزنني في نفسي إلا أني وددت أنه كان دفن في مكانه

"അദേഹത്തെ അവർ അദ്ദേഹം മരണപ്പെട്ടിടത്ത് തന്നെ മറവ് ചെയ്തിരുന്നുവെങ്കിൽ എന്നതൊഴികെ എനിക്ക് മറ്റൊരു മനഃപ്രയാസമോ എൻ്റെ മനസിൽ മറ്റെന്തെങ്കിലും ഒരു ദുഃഖമോ തോന്നുന്നില്ല". - [ബൈഹഖി: 3/386].

തൻ്റെ സഹോദരനെ തൻ്റെ അരികിലേക്ക് കൊണ്ടുവരുകയും നേരിൽ കാണാൻ അവസരം ഉണ്ടാകുകയുമൊക്കെ ചെയ്തിട്ടും "അവർ അദ്ദേഹത്തെ അവിടെത്തന്നെ മറവ് ചെയ്തിരുന്നുവെങ്കിൽ എന്ന് അവർ അതിയായി ആഗ്രഹിച്ചുപോയെങ്കിൽ" തീർച്ചയായും അതാണ് അല്ലാഹുവിനിഷ്ടമുള്ള ശരിയായ നിലപാട് എന്നും, തങ്ങളുടെ വികാരത്തെക്കാൾ മയ്യിത്തിൻ്റെ നന്മയാണ് സുപ്രധാനം എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടും മാത്രമാണ്. 

മയ്യിത്തിനെ വിദൂരപ്രദേശങ്ങളിൽ നിന്നും സ്വദേശത്തേക്ക് കൊണ്ടുപോകൽ വെറുക്കപ്പെട്ട കാര്യമാണ് എന്നും അതല്ല നിഷിദ്ധമാണ് എന്നുമൊക്കെ പ്രസ്ഥാവിച്ച പണ്ഡിതന്മാരുണ്ട്. മയ്യിത്തിൻ്റെ മരണാനന്തര കർമ്മങ്ങൾ വൈകുവാനും മയ്യിത്തിനോട് അനാദരവ് കാണിക്കുവാനും ഇടവരും എങ്കിൽ പ്രത്യേകിച്ചും. മയ്യിത്ത് അഴുകാതിരിക്കാൻ ആർട്ടീരിയൽ എംബാമിങ്ങോ, കാവിറ്റി എംബാമിങ്ങോ, ഹൈപോഡെർമിക് എംബാമിങ്ങോ ഒക്കെ ചെയ്യാറുണ്ട്. മേൽപ്പറഞ്ഞവയാണെങ്കിൽ മയ്യിത്തിൻ്റെ ശരീരത്തിലേക്ക് കെമിക്കലുകൾ കുത്തിവെച്ച് അഴുകാതെ സൂക്ഷിക്കുന്ന രീതികളാണവ. ഇതൊക്കെ ഒരർത്ഥത്തിൽ മയ്യിത്തിനോടുള്ള അനാദരവായേക്കാം എന്നും നാം ഭയപ്പെടുന്നു. മയ്യിത്ത് അഴുകാതിരിക്കാൻ ചെയ്യുന്ന എംബാം രീതികളിൽ ഏറെക്കുറെ മയ്യിത്തിൻ്റെ ശരീരത്തിൽ ഒന്നും തന്നെ ചെയ്യാത്തതായ രീതി സർഫേസ് എംബാമിംഗ് ആണ്. കുവൈറ്റിലൊക്കെ മതകാര്യവകുപ്പിൻ്റെ കൃത്യമായ നിർദേശം ഉള്ളതുകൊണ്ട് സർഫേസ് എംബാമിംഗ് മാത്രമാണ് പൊതുവേ ചെയ്യുന്നത്.  ഏതായാലും ഇത്തരത്തിൽ എംബാമിങ്ങും മറ്റും ചെയ്തും, മറ്റു ചിലപ്പോൾ ദിവസങ്ങളോളം എടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയുമൊക്കെയാണ് വിദേശത്ത് നിന്നും സ്വദേശത്തേക്ക് മയ്യിത്ത് കൊണ്ടുപോകാറുള്ളത്. മയ്യിത്തിൻ്റെ മരണാനന്തര കർമ്മങ്ങൾ വൈകാൻ ഇടവരുക എന്നത് മാത്രമല്ല, വലിയ സാമ്പത്തിക ബാധ്യത കൂടിയാണ് ഇതിനുണ്ടാകുന്നത്. അതിനായി ചിലവഴിക്കുന്ന ധനം മയ്യിത്തിന് വേണ്ടി ദാനം ചെയ്‌താൽ അതാകുമായിരുന്നു യഥാർത്ഥത്തിൽ മയ്യിത്തിന് ഉപകരിക്കുന്ന കാര്യം. 

മയ്യിത്തിനെ വിദേശത്ത് നിന്നും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബിയിലെ ഉന്നത പണ്ഡിത സഭ നൽകിയ മറുപടി ശ്രദ്ധേയമാണ്: 

كانت السنَّة العمليَّة في عهد النَّبي صلى الله عليه وسلم وفي عهد أصحابه أن يُدفن الموتى في مقابر البلد الذي ماتوا فيه ، وأن يُدفن الشهداء حيث ماتوا ، ولم يثبت في حديث ولا أثر صحيح أن أحداً من الصحابة نقل إلى غير مقابر البلد الذي مات فيه أو في ضاحيته أو مكان قريب منه ، ومن أجل هذا قال جمهور الفقهاء : لا يجوز أن ينقل الميت قبل دفنه إلى غير البلد الذي مات فيه إلا لغرض صحيح مثل أن يُخشى من دفنه حيث مات من الاعتداء على قبره ، أو انتهاك حرمته لخصومة أو استهتار وعدم مبالاة ، فيجب نقله إلى حيث يؤمن عليه .
ومثل أن ينقل إلى بلده تطييباً لخاطر أهله وليتمكنوا من زيارته : فيجوز .
وإلى جانب هذه الدواعي وأمثالها اشترطوا أن لا يخشى عليه التغير من التأخير ، وأن لا تنتهك حرمته ، فإن لم يكن هناك داعٍ ، أو لم توجد الشروط : لم يجز نقله .
فترى اللجنة أن يُدفن كل ميت في مقابر البلد الذي مات فيه ، وأن لا ينقلوا إلا لغرض صحيح عملاً بالسنَّة ، واتباعاً لما كان عليه سلف الأمة ، وسدّاً للذريعة ، وتحقيقاً لما حثَّ عليه الشرع من التعجيل بالدفن ، وصيانة للميت من إجراءات تتخذ في جثته لحفظها من التغير ، وتحاشياً من الإسراف بإنفاق أموال طائلة من غير ضرورة ولا حاجة شرعية تدعو إلى إنفاقها ، مع مراعاة حقوق الورثة ، وتغذية المصارف الشرعيَّة وأعمال البر التي ينبغي أن ينفق فيها هذا المال وأمثاله .
وعلى هذا حصل التوقيع ، وصلّى الله على نبينا محمد وآله وصحبه .
"നബി (സ) യുടെയും സ്വഹാബത്തിൻ്റെയും കാലത്ത് ഒരാൾ മരണപ്പെട്ട ദേശത്തെ തന്നെ ഖബറിടത്തിൽ മയ്യിത്ത് മറവ് ചെയ്യലായിരുന്നു പ്രയോഗത്തിലുണ്ടായിരുന്ന സുന്നത്ത്. ശുഹദാക്കളാകട്ടെ അവർ രക്തസാക്ഷികളായ ഇടത്തിലും മറവ് ചെയ്യപ്പെട്ടു. സ്വഹാബാക്കളാരെയും തന്നെ തങ്ങൾ മരിച്ച ദേശത്തെ മഖ്ബറകളിലേക്കല്ലാതെ മറ്റൊരു ദേശത്തേക്കോ അടുത്ത പ്രദേശത്തേക്കോ കൊണ്ടുപോകപ്പെട്ടതായി ഹദീസിലോ സ്വഹീഹായ അസറുകളിലോ സ്ഥിരപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ബഹുഭൂരിപക്ഷം വരുന്ന ഫുഖഹാക്കളും 'ന്യായമായ കാരണങ്ങളില്ലാതെ മയ്യിത്ത് മരണപ്പെട്ട ദേശത്ത് നിന്നും മറ്റൊരു ദേശത്തേക്ക് കൊണ്ടുപോകരുത് എന്ന് അഭിപ്രായപ്പെട്ടത്. അഥവാ.. മരണപ്പെട്ട നാട്ടിൽതന്നെ മറവ് ചെയ്യുന്നത് അവിടെയുള്ളവർ അദ്ദേഹത്തിൻ്റെ ഖബർ അക്രമിക്കാനോ, എന്തെങ്കിലും തർക്കം നിലനിൽക്കുന്നതിനാൽ മയ്യിത്തിനോട് അനാദരവ് കാണിക്കാനോ പരിഗണനയില്ലാതെ ഒഴിവാക്കിക്കളയാനോ ഒക്കെ ഇടവരും എന്ന് ഭയക്കുന്ന സാഹചര്യമുണ്ടെങ്കിലല്ലാതെ മറുനാട്ടിലേക്ക് കൊണ്ടുപോകരുത്, അത്തരം അനാദരവുകൾ ഭയപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ  ഭയപ്പെടാത്ത ഒരിടത്തേക്ക് മയ്യിത്തിനെ കൊണ്ടുപോകൽ നിർബന്ധവുമാണ്. 

അതുപോലെ മരണപ്പെട്ട വ്യക്തിയുടെ കുടുംബങ്ങൾക്ക് മനോവിഷമം ഇല്ലാതിരിക്കാനും, അവർക്ക് മയ്യിത്തിൻ്റെ ഖബറിടം സന്ദർശിക്കാൻ സാധിക്കാനും മയ്യിത്ത് സ്വദേശത്തേക്ക് കൊണ്ടുപോകുകയുമാകാം. എന്നാൽ ഇത്തരം കാരണങ്ങൾ ഉണ്ടെങ്കിലും മരണാനന്തര കർമ്മങ്ങൾ വൈകാനോ മയ്യിത്തിന് മാറ്റം സംഭവിക്കാനോ, മയ്യിത്തിനോട് ഏതെങ്കിലും അനാദരവുകൾ കാണിക്കാനോ ഇടവരില്ലെങ്കിൽ മാത്രമേ അത് അനുവദിക്കപ്പെടൂ എന്ന് പണ്ഡിതന്മാർ അതിന് പ്രത്യേകം നിബന്ധന വച്ചിട്ടുണ്ട്. പ്രത്യേകം കാരണങ്ങളില്ലാതിരിക്കുകയോ മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാൻ സാധിക്കാതെ വരുകയോ ചെയ്‌താൽ ഒരിക്കലും തന്നെ മരണപ്പെട്ട ദേശത്തുനിന്നും മറ്റൊരു ദേശത്തേക്ക് മയ്യിത്ത് കൊണ്ടുപോകാൻ പാടില്ലതാനും.

അതുകൊണ്ട് ഈ വിഷയത്തിലെ പണ്ഡിതസഭയുടെ അഭിപ്രായമെന്തെന്നാൽ: ഓരോ മയ്യിത്തും മരണപ്പെട്ട ദേശത്തെ ഖബറിടത്തിൽ മറവ് ചെയ്യപ്പെടട്ടെ. നബി (സ) യുടെ സുന്നത്ത് പാലിച്ചുകൊണ്ടും ഈ ഉമ്മത്തിലെ മുൻഗാമികളുടെ ചര്യ പിൻപറ്റിക്കൊണ്ടും ന്യായമായ കാരണങ്ങളില്ലാതെ മറ്റു ദേശങ്ങളിലേക്ക് മയ്യിത്ത് കൊണ്ടുപോകപ്പെടരുത്. നിഷിദ്ധങ്ങൾ കടന്നുവരാതിരിക്കാനും സൂക്ഷ്‌മതക്കും അതാണ് നല്ലത്. മാത്രമല്ല അതുവഴി 'മരണാനന്തര കർമ്മങ്ങൾ എത്രയും പെട്ടെന്ന് ചെയ്യുക
' എന്ന മതപരമായ നിയമം പ്രാവർത്തികമാക്കാനും നമുക്ക് സാധിക്കുന്നു. മയ്യിത്തിന് മാറ്റം സംഭവിക്കാതിരിക്കാൻ മയ്യിത്തിൻ്റെ ശരീരത്തിൽ നടത്തുന്ന അനേകം നടപടിക്രമങ്ങളിൽ നിന്നും മയ്യിത്തിനെ സംരക്ഷിക്കാനും, അനിവാര്യതയോ മതപരമായ ആവശ്യമോ ഇല്ലാത്ത ഒരു കാര്യത്തിൽ വലിയ സാമ്പത്തിക ചിലവുകൾ ഉണ്ടാക്കാതിരിക്കാനും അതുതന്നെയാണ് ഉചിതം. അനന്തരാവകാശികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും, അപ്രകാരം വിനിയോഗിക്കുന്നതിനു പകരം ആ പണം മയ്യിത്തിനായി പുണ്യകരമായ മാർഗത്തിലും അഗതികൾക്കുമൊക്കെയായി  ചിലവഴിക്കപ്പെടാനും അതുതന്നെയാണ് വേണ്ടതും"  - [فتاوى إسلامية : 2/ 31-32].

പലപ്പോഴും ജനാസ വൈകിപ്പിക്കാതെയും മയ്യിത്തിനോട് അനാദരവുകൾ കാണിക്കാതെയും നമുക്ക് നാട്ടിലേക്ക് മയ്യിത്ത് കൊണ്ടുപോകാൻ സാധിക്കുകയില്ല എന്നതിനാൽത്തന്നെ വിദേശത്ത് മരണപ്പെട്ടാൽ അവിടെത്തന്നെ മറവ് ചെയ്യുക എന്നതാണ് ശറഇനോട് ഏറ്റവും യോചിച്ച രീതി. മാത്രമല്ല മയ്യിത്തിന് അതിൽ വലിയ പ്രതിഫലം ഉണ്ടെന്നും, അതാണ് മയ്യിത്തിന് നന്മ എന്നും നാം മനസ്സിലാക്കിയല്ലോ. നമ്മുടെ വൈകാരികതയെക്കാൾ മയ്യിത്തിൻ്റെ നന്മക്കാണ് ഇത്തരം വിഷയങ്ങളിൽ നാം മുൻഗണന നൽകേണ്ടത്. 

ഒരുവേള ഇമാം നവവിയെപ്പോലുള്ള ഇമാമീങ്ങൾ ഒരു നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് എൻ്റെ മയ്യിത്ത് കൊണ്ടുപോകണമെന്ന് ഒരാൾ വസ്വിയ്യത്ത് ചെയ്താൽപ്പോലും ആ വസ്വിയ്യത്ത് പരിഗണിക്കേണ്ടതില്ല എന്നും, അപ്രകാരം ചെയ്യൽ നിഷിദ്ധമാണ് എന്നും വരെ പറഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 

ഇമാം നവവി പറയുന്നു:

وإذا أوصى بأن يُنقل إلى بلد آخر، لا تنفّذ وصيّته، فإن النقلّ حرامٌ على المذهب الصحيح المختار الذي قاله الأكثرون، وصرّح به المحققون، وقيل: مكروه. 

"മയ്യിത്ത് മറ്റൊരു ദേശത്തേക്ക് കൊണ്ടുപോകണമെന്ന് ഒരാൾ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ പോലും ആ വസ്വിയ്യത്ത് നാം നിറവേറ്റുകയില്ല. കാരണം ഭൂരിപക്ഷാഭിപ്രായപ്രകാരവും  മുഹഖിഖീങ്ങൾ വ്യക്തമാക്കിയത് പ്രകാരവും ഏറ്റവും ശരിയായതും തിരഞ്ഞെടുക്കപ്പെട്ടതുമായ അതിപ്രായപ്രകാരം മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നത് നിഷിദ്ധമാണ്. അത് വെറുക്കപ്പെട്ടതാണ് (നിഷിദ്ധമല്ല) എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.  - [الأذكار :  164]. 

ഏതായാലും ഒരു ദേശത്ത് നിന്നും മറ്റൊരു ദേശത്തേക്ക് മയ്യിത്ത് കൊണ്ടുപോകുന്നത് ജനാസ സാധാരണത്തേതിലും വൈകാനും, നേരത്തെ സൂചിപ്പിച്ച ചില എംബാമിംഗ് രീതികൾ കാരണത്താൽ മയ്യിത്തിനോട് അനാദരവ് കാണിക്കാനും ഇടവരുന്ന സാഹചര്യം ഉണ്ടെങ്കിൽ നാം മയ്യിത്ത് മരണപ്പെട്ട നാട്ടിൽത്തന്നെ മറവ് ചെയ്യുക. അവർക്ക് വേണ്ടി എവിടെ വച്ചും നമുക്ക് പ്രാർത്ഥിക്കാമല്ലോ. മാത്രമല്ല അന്യദേശത്ത് മരണപ്പെട്ടതിന് അവർക്ക് പ്രത്യേകം പ്രതിഫലവും ഉണ്ട് എന്നത് നമുക്ക് ഏറെ സമാധാനവും നൽകുന്നുവല്ലോ. അന്യദേശത്തെ വേർപ്പാട് നമുക്കുണ്ടാക്കുന്ന ആ പ്രയാസം പോലും എത്ര സുന്ദരമായാണ് റബ്ബിൻ്റെ കാരുണ്യം കൊണ്ട് സമാധാനമായിത്തീർന്നത് എന്ന് നോക്കൂ. മാത്രമല്ല നമ്മുടെ ഉമ്മ ആഇശാ (റ) സ്വന്തം സഹോദരൻ്റെ കാര്യത്തിൽ നമുക്ക് പറഞ്ഞുതന്നതും അതായിരുന്നു. ഒരുപാട് വൈകാരിക തലങ്ങൾ നിലനിൽക്കുമ്പോഴും റബ്ബിൻ്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടും മയ്യിത്തിൻ്റെ നന്മ പരിഗണിച്ചും ഉചിതമായ തീരുമാനം എടുക്കാൻ നമുക്ക് സാധിക്കട്ടെ... എവിടെ വെച്ചാണെങ്കിലും റബ്ബ് നമ്മുടെ മരണം അവൻ്റെ മാർഗത്തിലുള്ള നല്ല മരണമാക്കിത്തീർക്കട്ടെ...  

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ..  നമ്മിൽ നിന്നും വിടപറഞ്ഞുപോയ നമ്മുടെ വേണ്ടപ്പെട്ടവരെയും നമ്മെയും അല്ലാഹു അവൻ്റെ ഉന്നതമായ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ എന്ന പ്രാർത്ഥനയോടെ അവസാനിപ്പിക്കുന്നു.. 


അല്ലാഹു അനുഗ്രഹിക്കട്ടെ.. 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ