Saturday, August 31, 2019

മുഹർറം മാസത്തിൻ്റെ പവിത്രതയും നാം അറിയേണ്ട കാര്യങ്ങളും. (നോമ്പ്, നഹ്സ്..etc).الحمد لله والصلاة والسلام على رسول الله وعلى آله وأصحابه ومن والاه وبعد؛

അല്ലാഹു ഏറെ പവിത്രമാക്കിയ മാസങ്ങളില്‍ പെട്ടതാണ് ഹിജ്റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹര്‍റം മാസം. ആ മാസത്തിന്‍റെ ശ്രേഷ്ഠതയെ സൂചിപ്പിച്ചുകൊണ്ട് വന്ന വചനങ്ങളും അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com

അല്ലാഹു പറയുന്നു: 


إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ക്കേ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട ( യുദ്ധം  വിലക്കപ്പെട്ട) മാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല്‌ ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌." - [തൗബ: 36].

ഇവിടെ പന്ത്രണ്ടു മാസങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞ ശേഷം അതില്‍ നാലെണ്ണം പ്രത്യേകം പവിത്രമാണ് എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഏത് മാസത്തിലായാലും തെറ്റുകള്‍ ചെയ്യരുത് എന്നത് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെങ്കിലും ഈ നാല് മാസങ്ങളില്‍ നിങ്ങള്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പറഞ്ഞത് ഈ മാസങ്ങളില്‍ പാപഗൗരവം വര്‍ധിക്കുമെന്നത് നമ്മെ പഠിപ്പിക്കുന്നു.

عن ابن عباس في قوله تعالى : ( فلا تظلموا فيهن أنفسكم ) في كلهن ثم اختص من ذلك أربعة أشهر فجعلهن حراما وعظّم حرماتهن وجعل الذنب فيهن أعظم والعمل الصالح والأجر أعظم

"അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്" എന്ന അല്ലാഹുവിന്‍റെ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ് (റ) പറയുന്നു: "എല്ലാ മാസങ്ങളിലും അപ്രകാരം തന്നെ. എന്നാല്‍ ആ നാല് മാസങ്ങളെ പ്രത്യേകമായി എടുത്ത് പറയുകവഴി അവയെ പവിത്രമാക്കുകയും അവയുടെ പവിത്രതയെ അങ്ങേയറ്റം മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ അവയില്‍ അനുഷ്ടിക്കപ്പെടുന്ന പാപം കൂടുതല്‍ ഗൗരവപരമായതും, അവയില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളും അതിന് ലഭിക്കുന്ന പ്രതിഫലവും കൂടുതല്‍ ശ്രേഷ്ഠവുമാണ്."

അതുപോലെ ഖതാദ (റ) പറയുന്നു:

إن الله اصطفى صفايا من خلقه : اصطفى من الملائكة رسلا ومن الناس رسلا واصطفى من الكلام ذكره واصطفى من الأرض المساجد واصطفى من الشهور رمضان والأشهر الحرم واصطفى من الأيام يوم الجمعة واصطفى من الليالي ليلة القدر فعظموا ما عظّم الله . فإنما تُعَظّم الأمور بما عظمها الله به عند أهل الفهم وأهل العقل

"അല്ലാഹു അവന്‍റെ സൃഷ്ടികളില്‍ നിന്നും ചിലതിനെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. മലക്കുകളില്‍ നിന്നും ചിലരെ ദൂതന്മാരായും (റുസുല്‍), മനുഷ്യരില്‍നിന്നും ചിലരെ മുര്‍സലീങ്ങളായും, വചനങ്ങളില്‍ വെച്ച് അവന്‍റെ ഗ്രന്ഥത്തെയും, സ്ഥലങ്ങളില്‍ വെച്ച് പള്ളികളെയും, മാസങ്ങളില്‍ വെച്ച് റമളാനെയും പവിത്രമാക്കപ്പെട്ട നാല് മാസങ്ങളെയും, ദിവസങ്ങളില്‍ വെച്ച് ജുമുഅ ദിവസത്തെയും, രാവുകളില്‍ വെച്ച് ലൈലതുല്‍ ഖദറിനെയും അവന്‍ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് അല്ലാഹു മഹത്വപ്പെടുത്തിയവയെ നിങ്ങളും മഹത്വപ്പെടുത്തുക. ബുദ്ധിയും വിവേകവും ഉള്ളവരുടെ പക്കല്‍ അല്ലാഹു ഏതൊന്നിനെ മഹത്വവല്‍ക്കരിച്ചുവോ  അതിനെ ആസ്പദമാക്കിയാണ് ഏതൊന്നും മഹത്വവല്‍ക്കരിക്കപ്പെടുന്നത്" - [ഇബ്നു കസീര്‍, തൗബ:36].

മുഹര്‍റം മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുക: 

സമയബന്ധിതമല്ലാതെ നിരുപാധികം നിര്‍വഹിക്കപ്പെടുന്ന സുന്നത്ത് നോമ്പുകള്‍ ഏറ്റവും അനുയോജ്യവും ഏറ്റവും ശ്രേഷ്ഠകരവുമായ മാസമാണ് മുഹര്‍റം. റസൂല്‍ (സ) പറയുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ 

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "റമളാന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ശ്രേഷ്ഠകരമായ നോമ്പ് അല്ലാഹുവിന്‍റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്." - [സ്വഹീഹ് മുസ്‌ലിം: 1982].

ഈ ഹദീസില്‍ നിന്നും മുഹര്‍റം മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുന്നതിന് പ്രത്യേകം പുണ്യമുണ്ട് എന്ന് മനസ്സിലാക്കാം. മാത്രമല്ല നബി (സ) 'അല്ലാഹുവിന്‍റെ മാസം' എന്ന് മുഹര്‍റം മാസത്തെ പ്രത്യേകം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞതായിക്കാണാം. ഇതിന് അറബി ഭാഷയില്‍ (إضافة تشريف وتعظيم) 'മഹത്വവല്‍ക്കരിക്കാനും ആദരിക്കുവാനും വേണ്ടിയുള്ള ചേര്‍ത്തിപ്പറയല്‍' എന്നാണ് പറയുക. بيت الله അല്ലാഹുവിന്‍റെ ഭവനം, ناقة الله അല്ലാഹുവിന്‍റെ ഒട്ടകം എന്നിങ്ങനെയെല്ലാം പ്രയോഗിക്കപ്പെട്ടത് പോലെത്തന്നെ.  അതുകൊണ്ട് നാം മുഹര്‍റം മാസത്തെ നന്മകള്‍ ചെയ്തും തിന്മകളില്‍ നിന്നും വിട്ടുനിന്നും ആദരിക്കുക.

മുഹര്‍റം മാസത്തില്‍ സമയബന്ധിതമായ സുന്നത്ത് നോമ്പുമുണ്ട്. താസൂആഉം ആശൂറാഉം (ഒന്‍പതും പത്തും) :

നബി (സ) പറഞ്ഞു: 


صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "

"അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു." - [സ്വഹീഹ് മുസ്‌ലിം: 1162].

അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . " 


ഇബ്നു അബ്ബാസ് (റ)  പറഞ്ഞു: "അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ, അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം." - [സ്വഹീഹുല്‍ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാള്‍ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു.

ജൂതന്മാരില്‍ നിന്നും നസാറാക്കളില്‍ നിന്നും വ്യത്യസ്ഥരാകാന്‍  ആശൂറാഇനൊപ്പം താസൂആഅ് കൂടി നോല്‍ക്കുക. ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: 

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "ഇന്‍ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു. - [സ്വഹീഹ് മുസ്‌ലിം: 1916].  അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂതന്മാരില്‍ നിന്നും നസാറാക്കളില്‍  നിന്നും ആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസികള്‍ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്.

ആശൂറാഅ് നോമ്പിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/10/blog-post_16.html .

മുഹര്‍റം മാസത്തെ അനാദരിക്കുന്ന അനാചാരങ്ങള്‍:  

മുഹര്‍റം മാസത്തെ മോശപ്പെട്ട മാസമായും, നഹ്സിന്‍റെ മാസമായുമൊക്കെ കാണുന്നവര്‍ അല്ലാഹു ആദരിച്ച മാസത്തെ അനാദരിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകുന്ന നന്മകളെയും പ്രയാസങ്ങളെയും കാലത്തിലേക്ക് ചേര്‍ത്ത് പറയുകയും ശകുനം കണക്കാക്കുകയും ചെയ്തിരുന്നത് ജാഹിലിയാ കാലത്തെ വിശ്വാസമായിരുന്നു. ഇന്ന് ശിയാക്കളും, ഖബറാരാധകരായ സൂഫികളുമാണ് ഈ വിശ്വാസം വെച്ചു പുലര്‍ത്തുന്നത്. ഏറ്റവും പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ ഒന്നായി അല്ലാഹു മുഹര്‍റം മാസത്തെ പഠിപ്പിക്കുമ്പോള്‍ ഇവര്‍ അശുഭകരമായ മാസമായും നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമല്ലാത്ത മാസമായും മുഹര്‍റം മാസത്തെ കണക്കാക്കുന്നു. എത്ര നീചകരമായ പ്രവര്‍ത്തിയാണിത്‌. പുരോഹിതന്മാരുടെ വാക്കുകള്‍ കേട്ട് തെറ്റിദ്ധരിച്ചുപോയ അനേകം സാധാരണക്കാരെക്കാണാം അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ. 

കാലത്തെ പഴിക്കുകയെന്നത് ശറഇല്‍ വിലക്കപ്പെട്ടതാണ്‌ ഖുദ്സിയായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ أَبِي هُرَيْرَةَ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ اللَّهُ تَعَالَى يُؤْذِينِي ابْنُ آدَمَ يَسُبُّ الدَّهْرَ وَأَنَا الدَّهْرُ بِيَدِي الْأَمْرُ أُقَلِّبُ اللَّيْلَ وَالنَّهَارَ

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "അല്ലാഹു തആല പറഞ്ഞു: "കാലത്തെ പഴിക്കുന്നത്തിലൂടെ ആദം സന്തതി എന്നെ ഉപദ്രവിക്കുന്നു. ഞാനാകുന്നു കാലം. എന്‍റെ കയ്യിലാണ് നിയന്ത്രണം. ഞാന്‍ രാവും പകലും മാറ്റിമറിക്കുന്നു." - [സ്വഹീഹുല്‍ ബുഖാരി: 7491, സ്വഹീഹ് മുസ്‌ലിം: 6000].

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ബഗവി പറയുന്നു:

إن العرب كان من شأنها ذمّ الدّهر وسبّه عند النوازل؛ لأنهم كانوا ينسبون إليه ما يصيبهم من المصائب والمكاره، فيقولون: أصابتهم قوارع الدّهر، وأبادهم الدّهر، فإذا أضافوا إلى الدّهر ما نالهم من الشّدائد سبّوا فاعلها

"തങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാലത്തെ കുറ്റപ്പെടുത്തുക എന്നത് അറബികളുടെ രീതിയായിരുന്നു. കാരണം തങ്ങള്‍ക്ക് ബാധിക്കുന്ന ദുരനുഭവങ്ങളും പ്രയാസങ്ങളും  അവര്‍ കാലത്തിലേക്ക് ചേര്‍ത്തിയാണ് പറഞ്ഞിരുന്നത്. 'അവരെ  കാലത്തിന്‍റെ ഭയാനത പിടികൂടി, അവരെ കാലം തുടച്ചു നീക്കി' എന്നെല്ലാം അവര്‍ പറയുമായിരുന്നു. തങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളെ കാലത്തിലേക്ക് ചേര്‍ത്ത് പറയുകവഴി അവയെല്ലാം  നിയന്ത്രിക്കുന്നവനെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്."  - [ശറഹുസ്സുന്ന].

അതുകൊണ്ട് അവന്‍റെ സമയം മോശമായിരുന്നു. ഇപ്പോള്‍ സമയം മോശമാണ്. കറുത്ത പൂച്ച കുറുകെച്ചാടിയാള്‍ ദുശകുനമാണ്. ഇന്ന് ശകുനപ്പിഴയാണ് തുടങ്ങിയ വിശ്വാസങ്ങള്‍ ഒരിക്കലും ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല. തന്‍റെ പ്രതീക്ഷ നന്നാക്കുകയും, അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

അല്ലാഹു പറയുന്നു:
أَيْنَمَا تَكُونُوا يُدْرِكْكُمُ الْمَوْتُ وَلَوْ كُنْتُمْ فِي بُرُوجٍ مُشَيَّدَةٍ وَإِنْ تُصِبْهُمْ حَسَنَةٌ يَقُولُوا هَذِهِ مِنْ عِنْدِ اللَّهِ وَإِنْ تُصِبْهُمْ سَيِّئَةٌ يَقُولُوا هَذِهِ مِنْ عِنْدِكَ قُلْ كُلٌّ مِنْ عِنْدِ اللَّهِ فَمَالِ هَؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا (78) مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا وَكَفَى بِاللَّهِ شَهِيدًا (79)

"നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ,) അവര്‍ക്ക്‌ വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണ്‌ എന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണ്‌ എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്ക്‌ എന്ത്‌ പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. നന്‍മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌. ( നബിയേ, ) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ്‌ നിയോഗിച്ചിരിക്കുന്നത്‌.( അതിന്‌ ) സാക്ഷിയായി അല്ലാഹു മതി." - [നിസാഅ്: 78-79].  

നന്മയാകട്ടെ തിന്മയാകട്ടെ ഒരാള്‍ക്ക് സംഭവിക്കാനിരിക്കുന്നതെന്തും അല്ലാഹും രേഖപ്പെടുത്തി വച്ചിരിക്കുന്നു:

مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ

"ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു." - [ഹദീദ്:22]. 

മാത്രമല്ല ഒരാള്‍ക്ക് തന്‍റെ ഭൗതിക ജീവിതത്തില്‍ സംഭവിക്കുന്ന പ്രയാസങ്ങള്‍ ഒന്നുകില്‍ അയാള്‍ക്കുള്ള പരീക്ഷണമോ അതല്ലെങ്കില്‍ അയാളുടെ പ്രവര്‍ത്തനഫലമായി ലഭിച്ച ശിക്ഷയോ ആകാം ഇത് രണ്ടും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ക്ഷമിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ഇസ്തിഗ്ഫാറിനെ ചോദിക്കുകയുമാണ് ഒരു വിശ്വാസി അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടത്:

പരീക്ഷിക്കപ്പെടുമെന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ (155) الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (156)

"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും." - [അല്‍ബഖറ: 155 -156]. 

ശിക്ഷയെപ്പറ്റിയും അവന്‍ നമ്മെ താക്കീത് നല്‍കുന്നു:

وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ

"നിങ്ങള്‍ക്ക്‌ ഏതൊരു ആപത്ത്‌ ബാധിച്ചിട്ടുണ്ടെങ്കിലും അത്‌ നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു." - [ശൂറാ :30]. 

അതുകൊണ്ട് കാലത്തെ പഴിക്കുന്ന വികല വിശ്വാസങ്ങളില്‍ നിന്നും നാം വിട്ടുനില്‍ക്കുക. മാത്രമല്ല അല്ലാഹു പവിത്രമാക്കിയ മാസങ്ങളെ വികൃതമാക്കി ചിത്രീകരിക്കുകയും മറ്റു മാസങ്ങളെ സ്വന്തം നിലക്ക് പവിത്രത കല്പിച്ച് ഇല്ലാത്ത ശ്രേഷ്ഠത നല്‍കി മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതും ജാഹിലിയാ പ്രവണതകളില്‍പ്പെട്ടത് തന്നെ.

അല്ലാഹു പറയുന്നു:

إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ 

"വിലക്കപ്പെട്ടമാസം പുറകോട്ട്‌ മാറ്റുക എന്നത്‌ സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ്‌ തന്നെയാകുന്നു. സത്യനിഷേധികള്‍ അത്‌ മൂലം തെറ്റിലേക്ക്‌ നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത്‌ അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ ( മാസത്തിന്‍റെ ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്‌, അല്ലാഹു നിഷിദ്ധമാക്കിയത്‌ ഏതോ അത്‌ അനുവദനീയമാക്കുവാനും വേണ്ടിയാണ്‌ അവരങ്ങനെ ചെയ്യുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല." - [തൗബ:37].

ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു:

هذا مما ذم الله تعالى به المشركين من تصرفهم في شرع الله بآرائهم الفاسدة، وتغييرهم أحكام الله بأهوائهم الباردة، وتحليلهم ما حرم الله وتحريمهم ما أحل الله

"തങ്ങളുടെ പിഴച്ച ചിന്തകള്‍ കൊണ്ട് അല്ലാഹുവിന്‍റെ ശറഇല്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാക്കുകയും, അല്ലാഹുവിന്‍റെ നിയമങ്ങളെ തങ്ങളുടെ ഇച്ചകള്‍ക്കനുസരിച്ച് മാറ്റിത്തിരുത്തുകയും, അല്ലാഹു (യുദ്ധം നിഷിദ്ധമാക്കുക വഴി) പവിത്രമാക്കിയ മാസത്തെ യുദ്ധം അനുവദനീയമാക്കുകയും, അല്ലാഹു അനുവദിച്ച  മാസത്തെ നിഷിദ്ധമാക്കുകയും ചെയ്യുന്ന മുശ്'രിക്കീങ്ങളുടെ പ്രവണതയെയാണ് അല്ലാഹു ഇവിടെ ഇകഴ്ത്തിയിരിക്കുന്നത്." - [ഇബ്നു കസീര്‍: തൗബ: 37].

അവര്‍ തങ്ങള്‍ക്ക് യുദ്ധം നിഷിധമാക്കുക വഴി പവിത്രമാക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യാന്‍ വേണ്ടി അതിലെ വിലക്ക് സ്വയം നീക്കുകയും പകരം മറ്റൊരു മാസത്തെ പവിത്രമാക്കി കണക്കാക്കുകയും ചെയ്തിരുന്നു. ഇതിനോട് സാമ്യമുള്ള പ്രവര്‍ത്തികളാണ് ചില പുരോഹിതന്മാര്‍ ഇന്ന് പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ചെയ്യിപ്പിക്കുന്നത്. പാപങ്ങള്‍ കൂടുതല്‍ ഗൌരവപരവും, നന്മകള്‍ കൂടുതല്‍ പ്രതിഫലാര്‍ഹവുമായ, അല്ലാഹുവിന്‍റെ മാസമെന്ന വിശേഷണമുള്ള മുഹര്‍റം മാസത്തെ മോശമായ ഒന്നിനും കൊള്ളാത്ത നഹ്സിന്‍റെ മാസമായും, പ്രത്യേകമായ ശ്രേഷ്ഠതകള്‍ പഠിപ്പിക്കപ്പെട്ടിട്ടില്ലാത്ത ശറഇന്‍റെ നിയമങ്ങളില്‍ മറ്റേത് മാസങ്ങളേയും പോലെ സ്ഥാനമുള്ള റബീഉല്‍ അവ്വലിനെ ഏറ്റവും പരിശുദ്ധവും പവിത്രവുമായ മാസമായും കണക്കാക്കുന്ന ഇവരുടെ രീതി ഇസ്ലാമിന് അന്യമാണ് എന്ന് മാത്രമല്ല അതിന് ആയത്തില്‍ പരാമര്‍ശവിധേയമായ 'നസീഅ്' എന്ന അവിശ്വാസികളുടെ പ്രവര്‍ത്തിയോട് സാമ്യമേറെയാണ്താനും. ശരീരത്തില്‍ മുറിവേല്‍പിച്ചുകൊണ്ടും രക്തം ചിന്തിയും ഈ മാസത്തെ അനാദരിക്കുന്ന ശിയാ വിശ്വാസങ്ങളും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. അവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല കണിശമായ ഭാഷയില്‍ എതിര്‍ക്കപ്പെട്ടവയാണ്താനും. 

ഇത്തരം വികല വിശ്വാസങ്ങളില്‍ നിന്നും അവയുടെ പ്രചാരകരില്‍ നിന്നും  അല്ലാഹു നമ്മെയും, ഈ ഉമ്മത്തിനെയും കാത്തുരക്ഷിക്കട്ടെ..... അല്ലാഹു അനുഗ്രഹിക്കട്ടെ .........

_______ 

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്‌ പി. എൻ  

Thursday, August 22, 2019

ഹാജിമാർ ത്വാഇഫിലേക്കോ ജിദ്ദയിലേക്കോ സന്ദർശനത്തിന് പോകുമ്പോൾ വിദാഇൻ്റെ ത്വവാഫ് നിർവഹിക്കണോ ?.ചോദ്യം: ഞാൻ ഹജ്ജിനായി വന്നതാണ്. ഇവിടെ നിന്നും മറ്റു ഹാജിമാരോടൊപ്പം നാളെ ത്വാഇഫ് കാണാൻ എല്ലാവരും പോകുന്നുണ്ട്. ഞങ്ങൾ ത്വവാഫുൽ വിദാഉ ചെയ്യേണ്ടത് എപ്പോഴാണ് ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഹജ്ജിന്റെ വാജിബാത്തുകളിൽ പെട്ടതാണല്ലോ طواف الوداع അഥവാ വിടപറയൽ ത്വവാഫ്. ഹജ്ജിനായി എത്തിയ ഹാജിമാർ തൻ്റെ കർമ്മങ്ങൾ കഴിഞ്ഞു മക്കയിൽ നിന്നും മടങ്ങുമ്പോൾ വിടപറയൽ ത്വവാഫ് നിർബന്ധമാണ്. സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം: عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : ( أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ ، إِلا أَنَّهُ خُفِّفَ عَنْ الْحَائِضِ ) .

ഇബ്നു അബ്ബാസ് (റ) നിവേദനം: "തങ്ങൾ അവസാനം വിടപറയുന്നത് കഅബാലയത്തിൽ നിന്നുമായിരിക്കാൻ ജനങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു. ആർത്തവ കാരികൾക്ക് ഇതിൽ ഇളവുണ്ട്" - (സ്വഹീഹുൽ ബുഖാരി: 1755, സ്വഹീഹ് മുസ്‌ലിം: 1328). 

അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറഞ്ഞു: 

 لا ينفر أحدكم حتى يكون آخر عهده بالبيت  

"തൻ്റെ അവസാന ബന്ധം കഅബാലയത്തിങ്കലായിക്കൊണ്ടല്ലാതെ ഒരാളും തന്നെ പിരിഞ്ഞു പോകരുത്" - [സ്വഹീഹ് മുസ്‌ലിം: 3219].  

അതുകൊണ്ടുതന്നെ ഹജ്ജ് കർമ്മത്തിനായി എത്തിയ ഒരാൾ മക്കയിൽ നിന്നും പുറത്ത് പോകുമ്പോൾ വിദാഇൻ്റെ ത്വവാഫ് ചെയ്ത ശേഷം  പുറത്ത് പോകുക എന്നതാണ് ശരിയായ രീതി. അതുകൊണ്ട് ത്വാഇഫിലേക്കോ ജിദ്ദയിലേക്കോ തുടങ്ങി മക്കയുടെ പുറം പ്രദേശങ്ങളിലേക്ക് എവിടേക്ക് പോകുകയാണ് എങ്കിലും അവർ വിദാഇൻ്റെ ത്വവാഫ് ചെയ്തേ പോകാവൂ. 

ഇനി ഒരാൾ ചോദ്യകർത്താവ് സൂചിപ്പിച്ച പോലെ അവിടെ പോയി തിരിച്ച് വരാൻ ഉദ്ദേശിച്ചുകൊണ്ടാണ് പോകുന്നത് എങ്കിലും ഇപ്രകാരം തന്നെയാണ് ചെയ്യേണ്ടത്.  ഇനി ഒരാൾ വിദാഇൻ്റെ ത്വവാഫ് ചെയ്യാതെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ പോയാൽ എന്ത് ചെയ്യും ?.

ഈ വിഷയം ഇജ്‌തിഹാദിയായ ഒരു വിഷയമാണ്. ജിദ്ദയിലെയോ ത്വാഇഫിലെയോ നിവാസിയായ ഒരു വ്യക്തി വിദാഇൻ്റെ  ത്വവാഫ് ചെയ്യാതെ അങ്ങോട്ട് തിരികെ പോയാൽ അവർക്ക് പ്രായശ്ചിത്തമായി ബലിയറുക്കണം. എന്നാൽ നമ്മുടെ നാട്ടിൽ നിന്നോ  മറ്റു നാടുകളിൽ നിന്നോ എത്തിയവർ സന്ദർശനാർത്ഥം ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ വിദാഇൻറെ ത്വവാഫ് നിർവഹിക്കാതെ പോയാൽ, സംശയത്തിൻ്റെ ആനുകൂല്യം മുൻനിർത്തി അവർക്ക് അറവ് നിർബന്ധമാകുന്നില്ല. അവർ പിന്നെ മക്കയിൽ നിന്നും നാട്ടിലേക്ക് തിരിക്കുമ്പോൾ വിദാഇൻറെ ത്വവാഫ് നിർബന്ധമായും ചെയ്യുമല്ലോ. ഏതായാലും നമ്മുടെ നാട്ടിൽ നിന്ന് പോയ ഹാജിമാർ മക്കയുടെ പുറത്തേക്ക് സന്ദർശനാവശ്യാർത്ഥം പോകുമ്പോൾ വിദാഇൻ്റെ ത്വവാഫ് നിർവഹിച്ച് പോകുക. നാട്ടിലേക്ക് മടങ്ങുമ്പോൾ വീണ്ടും വിദാഇൻറെ  ത്വവാഫ് ചെയ്യുക. ഇതാണ് സൂക്ഷ്‌മത.       

ശൈഖ് ഇബ്നു ബാസ് (റ) യോട് ചോദിക്കപ്പെട്ട ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്: 


الخروج بعد الحج إلى جدة بدون وداع فيه تفصيل:
أما من كان من سكان جدة فليس لهم الخروج إلا بوداع بدون شك؛ لعموم الحديث الصحيح، وهو قول النبي ﷺ: لا ينفرن أحد منكم حتى يكون آخر عهده بالبيت[1] رواه مسلم، وقول ابن عباس رضي الله عنهما: "أمر الناس أن يكون آخر عهدهم بالبيت إلا أنه خفف عن المرأة الحائض"[2] متفق عليه.

وأما من خرج إليها لحاجة وقصده الرجوع إلى مكة؛ لأنها محل إقامته أيام الحج، فهذا فيه نظر وشبهة، والأقرب أنه لا ينبغي له الخروج إلا بوداع عملًا بعموم الحديث المذكور، ويكفيه هذا الوداع عن وداع آخر إذا أراد الخروج إليها مرة أخرى؛ لكونه قد أتى بالوداع المأمور به، لكن إذا أراد الخروج إلى بلاده فالأحوط له أن يودع مرة أخرى للشك في إجزاء الوداع الأول.

أما من ترك الوداع ففيه تفصيل:
فإن كان من النوع الأول، فالأقرب أن عليه دمًا؛ لكونه ترك نسكًا واجبًا، وقد قال ابن عباس رضي الله عنهما: "من ترك نسكًا أو نسيه فليهرق دمًا"[3] فهذا الأثر هو عمدة من أوجب الدم في سائر واجبات الحج، وهو أثر صحيح، وقد روي مرفوعًا إلى النبي ﷺ، ولكن الموقوف أصح، والأقرب أنه في حكم الرفع؛ لأن مثل هذا الحكم يبعد أن يقوله ابن عباس من جهة رأيه، والله سبحانه وتعالى أعلم.

وأما إن كان من النوع الثاني: وهو الذي خرج إلى جدة أو الطائف أو نحوهما لحاجة وليسا بلده وإنما خرج إليهما لحاجة عارضة ونيته الرجوع إلى مكة ثم الوداع إذا أراد الخروج إلى بلده، فهذا لا يظهر لي لزوم الدم له، فإن فدى على سبيل الاحتياط فلا بأس، والله أعلم[4].

"ഹജ്ജിന് ശേഷം വിദാഇൻ്റെ ത്വവാഫ് ചെയ്യാതെ ജിദ്ദയിലേക്ക് പോകുന്ന വിഷയത്തിൽ വിശദീകരണമാവശ്യമുണ്ട്. (ചോദ്യകർത്താവ് ഉന്നയിച്ച ത്വാഇഫിലേക്ക് പോകുന്നത് സംബന്ധിച്ച വിഷയവും ഇപ്രകാരം തന്നെ)

ജിദ്ദാ നിവാസികലാണെങ്കിൽ അവർ മക്കയിൽ നിന്നും ജിദ്ദയിലേക്ക് പോകുമ്പോൾ  വിദാഇൻ്റെ ത്വവാഫ് ചെയ്ത ശേഷമല്ലാതെ പോകാൻ പാടില്ല എന്നതിൽ സംശയമില്ല.  ഇമാം മുസ്‌ലിം ഉദ്ദരിച്ച ((തൻ്റെ അവസാന ബന്ധം കഅബാലയത്തിങ്കലായിക്കൊണ്ടല്ലാതെ ഒരാളും തന്നെ പിരിഞ്ഞു പോകരുത്)) എന്ന ഹദീസിന്റെയും, ഇബ്നു അബ്ബാസ് (റ) വിൽ ഉദ്ധരിക്കപ്പെട്ട : ((തങ്ങൾ അവസാനം വിടപറയുന്നത് കഅബാലയത്തിൽ നിന്നുമായിരിക്കാൻ ജനങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു. ആർത്തവ കാരികൾക്ക് ഇതിൽ ഇളവുണ്ട്)) എന്ന ഹദീസിന്റെ അടിസ്ഥാനത്തിലാണത്. 

എന്നാൽ വല്ല ആവശ്യങ്ങൾക്കുമായി മാത്രം ജിദ്ദയിലേക്ക് പോയി ശേഷം തൻ്റെ ഹജ്ജിന്റെ സ്ഥാനമായ മക്കയിലേക്ക് തന്നെ തിരികെ വരാൻ ഉദ്ദേശിച്ച് പോകുന്നയാൾ എന്ത് ചെയ്യണം എന്നത് ആശയക്കുഴപ്പമുള്ള കാര്യമാണ്. കൂടുതൽ ശരിയായ അഭിപ്രായമായിത്തോന്നുന്നത് നേരത്തെ ഉദ്ധരിക്കപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തിൽ അവരും വിദാഇൻ്റെ ത്വവാഫ് ചെയ്തേ മക്കയിൽ നിന്നും പുറത്ത് പോകാവൂ എന്നതാണ്.  മക്കയിലേക്ക് മടങ്ങിയ ശേഷം പിന്നീട് അവിടെ നിന്നും വീണ്ടും ജിദ്ദയിലേക്കോ മറ്റോ പോകാൻ ഉദ്ദേശിച്ചാൽ നേരത്തെ ചെയ്ത ഈ വിദാഇൻ്റെ ത്വവാഫ് തന്നെ അയാൾക്ക് മതിയാകുന്നതാണ്. കാരണം കല്പിക്കപ്പെട്ട നിർബന്ധ ത്വവാഫ് അയാൾ നിർവഹിച്ചുവല്ലോ.

എന്നാൽ മക്കയിൽ നിന്നും തൻ്റെ രാജ്യത്തേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന ഹാജി താൻ നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ ഒരു തവണ കൂടി വിദാഇൻ്റെ  ത്വവാഫ് ആവർത്തിക്കലാണ് സൂക്ഷ്‌മത. കാരണം നേരത്തെ ജിദ്ദയിലേക്ക് പോകുമ്പോൾ ചെയ്ത വിടപറയൽ ത്വവാഫ് (മക്കയിലേക്ക് തന്നെ തിരിച്ച് വരുമെന്ന രൂപേണയുള്ള വിടപറയലായിരുന്നത് കൊണ്ട്) ഹജ്ജിന്റെ വാജിബായി കണക്കാക്കപ്പെടുമോ എന്ന സംശയമൊഴിവാക്കാനാണത്.

ഇനി ജിദ്ദയിലേക്ക് പോകവേ വിദാഇൻ്റെ ത്വവാഫ് ഉപേക്ഷിച്ച ഒരാളുടെ വിഷയത്തിൽ ഇതുപോലെ വിശദീകരിക്കേണ്ടതുണ്ട്:

ജിദ്ദാ നിവാസിയായ ഒരാളാണ് വിദാഇന്റെ ത്വവാഫ് നിർവഹിക്കാതെ ജിദ്ദയിലേക്ക്  പോയതെങ്കിൽ അയാൾക്ക് ഹജ്ജിന്റെ വാജിബാത്തിന് ഭംഗം വരുത്തിയതിനുള്ള അറവ് നിർബന്ധമാകും എന്നതാണ് കൂടുതൽ ശരിയായ അഭിപ്രായം. ഇബ്നു അബ്ബാസ് (റ) ഇപ്രകാരം പറയുകയുണ്ടായി : "ആരെങ്കിലും ഹജ്ജിന്റെ നുസുക് ഉപേക്ഷിക്കുകയോ മറന്നുപോകുകയോ  ചെയ്‌താൽ അയാൾ ബലിയറുക്കട്ടെ". ഹജ്ജിന്റെ വാജിബാത്തുകൾക്ക് ഭംഗം സംഭവിച്ചാൽ ബലിയറുക്കണം എന്നതിനുള്ള അടിസ്ഥാന തെളിവാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ. അത് സ്വഹീഹായ അസറുമാണ്.  നബി (സ) യിൽ നിന്ന് നേരിട്ടും, ഇബ്നു അബ്ബാസ് (റ) വിന്റെ വാക്കുകളായും അതുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു അബ്ബാസ് (റ) വിൽ നിന്ന് മൗഖൂഫ്  ആയി വന്ന റിപ്പോർട്ട് ആണ് കൂടുതൽ പ്രബലം. എങ്കിലും നബി (സ) പറയുന്നതുപോലെത്തന്നെയാണത്. കാരണം ഇത്തരം ആരാധനയുടെ ബന്ധപ്പെട്ട ഒരു വിഷയത്തിൽ അദ്ദേഹം തൻ്റെ അഭിപ്രായം പറയാനിടയില്ല. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.  

ഇനി ഒരാൾ രണ്ടാമത് പറഞ്ഞ ജിദ്ദാ നിവാസിയല്ലാത്ത, തൻ്റെ താൽക്കാലിക ആവശ്യത്തിന് വേണ്ടി ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ മറ്റോ പോയ മക്കയിലേക്ക് തന്നെ മടങ്ങി വരാനുദ്ദേശിക്കുന്ന, മക്കയിലേക്ക് തിരികെ വന്നു അവിടെ താമസിച്ച് പിന്നെ നാട്ടിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന സമയത്ത് ത്വവാഫുൽ വിദാഉം ചെയ്ത് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിയാണ് എങ്കിൽ , അദ്ദേഹം വിദാഇന്റെ ത്വവാഫ് ചെയ്യാതെയാണ് ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ പോയതെങ്കിലും അദ്ദേഹത്തിന് പ്രായശ്ചിത്തമായി ബലിയറുക്കേണ്ടതില്ല എന്നതാണ് എനിക്ക് കൂടുതൽ ശരിയായിത്തോന്നുന്ന അഭിപ്രായം. ഇനി സൂക്ഷ്‌മത എന്ന അർത്ഥത്തിൽ അദ്ദേഹം അറുക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിൽ തെറ്റില്ലതാനും" - [ഇബ്‌നു ബാസ് (റ) യുടെ വെബ് സൈറ്റിൽ നിന്നും ഈ മറുപടി ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: https://binbaz.org.sa/fatwas/16637/ ].

ചുരുക്കത്തിൽ ഹാജിമാർ മക്കക്ക് പുറത്തേക്ക് ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ സന്ദർശനത്തിനോ മറ്റോ പോകുമ്പോൾ വിദാഇന്റെ ത്വവാഫ് ചെയ്‌ത്‌ പോകുക. പിന്നീട് നാട്ടിലേക്ക് പോകുമ്പോഴും വിദാഇന്റെ ത്വവാഫ് ആവർത്തിക്കുക. ഇവിടെ ഹജ്ജിന്റെ നിർബന്ധ കർമ്മങ്ങളിൽ ഒന്നായതുകൊണ്ട് സംശയത്തിന് നിൽക്കാതെ മക്കയിൽ നിന്ന് സന്ദർശനത്തിനോ മറ്റോ പുറത്ത് പോകുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴും  നിർവഹിക്കുക വഴി ആശയക്കുഴപ്പത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യാം. മാത്രമല്ല മക്കയിൽ നിന്ന് പുറത്ത് പോകുമ്പോഴെല്ലാം വിദാഇന്റെ ത്വവാഫ് ചെയ്യുകയെന്നത് സുന്നത്താണെന്നതിൽ തർക്കമില്ലല്ലോ. മക്കയിലേക്ക് യാത്ര ചെയ്ത ശേഷം അവിടെ നിന്നും പുറത്തേക്ക് പോകുന്നവർക്കൊക്കെ വിദാഇന്റെ ത്വവാഫ് ബാധ്യതയാണ് എന്ന അഭിപ്രായം  പോലും ഇമാം ശാഫിഇ (റ) ഇമാം അഹ്മദ്  (റ) ഉണ്ടായിരുന്നു എന്നത് ഓർക്കുക - [المجموع : 8/ 236 നോക്കുക].

അല്ലാഹു അനുഗ്രഹിക്കട്ടെ .. 

  
  


Friday, August 16, 2019

അക്കൗണ്ടിൽ വരുന്ന പലിശയുടെ പണം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നൽകാമോ ?.


ചോദ്യം: അക്കൗണ്ടിൽ വരുന്ന പലിശയുടെ പണം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നൽകാമോ ?. 

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

വലിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ വേണ്ടി നാമൊരുമിച്ച് പരിശ്രമിക്കുന്ന സാഹചര്യമാണല്ലോ കേരളത്തിലുള്ളത്. ഒരു മുസ്‌ലിമിന് പലിശയുമായി ബന്ധപ്പെടാനോ പലിശയുമായി ബന്ധപ്പെടാനോ പാടില്ലാത്തതിനാല്‍ അവന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശ ഉപയോഗിക്കാറില്ല. അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമോ എന്നതാണ് ചോദ്യം.

അക്കൗണ്ടില്‍ വരുന്ന പലിശയുടെ പണം ദാനധര്‍മ്മം എന്ന ഉദ്ദേശത്തോടെയല്ലാതെ തന്‍റെ കയ്യില്‍ നിന്നും ഹറാമായ ധനം നീക്കം ചെയ്യുക അര്‍ത്ഥത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാം. അത് സ്വദഖയായി പരിഗണിക്കുകയില്ല. തന്‍റെ കൈവശം ഹലാലല്ലാത്ത മാര്‍ഗേണ വരുന്ന ഏതൊരു ധനവും തനിക്ക് ഉപയോഗിക്കല്‍ നിഷിദ്ധമാണ്. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കോ ദുരിതാശ്വാസത്തിനോ ഒക്കെ നല്‍കിക്കൊണ്ടാണ് അത് നീക്കം ചെയ്യേണ്ടത്. തെളിവുകളോട് കൂടി വിശദമായി ആ വിഷയം നാം നേരത്തെ എഴുതിയിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകാം: http://www.fiqhussunna.com/2015/09/blog-post.html

മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അവശ്യമായ സാഹചര്യം എന്ന നിലക്കേ പലിശ ബേങ്കില്‍ അക്കൌണ്ട് തുറക്കാവൂ. ഇനി അക്കൗണ്ട് തുറന്നാൽത്തന്നെ തന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശപ്പണം തൻ്റെ കയ്യിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യണം. പ്രളയത്തിൽ പ്രയാസപ്പെടുന്നവരും നിരാലംബരുമായ ആളുകൾക്ക് അത് നൽകുക വഴി തൻ്റെ കയ്യിൽ നിന്ന് അത് ഒഴിവാക്കുന്നതോടൊപ്പം അവർക്കൊരു സഹായമാകുകയും ചെയ്യും..

അല്ലാഹു അനുഗ്രഹിക്കട്ടെ.

Thursday, August 15, 2019

തവണ വ്യവസ്ഥയിൽ കാർ വാങ്ങാമോ ?.ചോദ്യം:
കാർ കമ്പനിയിൽ നിന്ന് നേരിട്ട് തവണ വ്യവസ്ഥയിൽ കാർ  വാങ്ങാമോ? അങ്ങനെ വാങ്ങുമ്പോൾ കമ്പനി ഈടാക്കുന്ന അധിക തുക പലിശ ഇനത്തിൽ വരുമോ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

കച്ചവടം രണ്ട് വിധമാണ്. ഒന്ന് റൊക്കം പണം നൽകിയുള്ള റെഡി കാശ് കച്ചവടം. മറ്റൊന്ന് തവണ വ്യവസ്ഥയിൽ പണം നൽകുന്ന ഇൻസ്റ്റാൾമെന്റ് കച്ചവടം. തവണ വ്യവസ്ഥയിൽ വാങ്ങുന്ന വസ്തുവിന്റെ വില അതേ വസ്തു റെഡി കേശിന് വാങ്ങുമ്പോൾ വരുന്ന വിലയേക്കാൾ കൂടുതൽ വരുന്നതിൽ ഇസ്‌ലാമികമായി തെറ്റില്ല. പക്ഷെ വിൽക്കുന്നയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവായിരിക്കണം അതുപോലെ ആ കടബാധ്യത പിന്നീട് വർദ്ധിക്കാൻ ഉതകുന്നതാകരുത് എന്നീ നിബന്ധനകൾ ബാധകമാണ്. 

ഇവിടെയാണ് നമ്മുടെ നാട്ടിൽ പല കമ്പനികളും പലിശരഹിത തവണ വ്യവസ്ഥയിൽ ഉത്പന്നങ്ങൾ നൽകുന്നത് ഈ നിബന്ധനകൾ പാലിച്ചുകൊണ്ടാണോ എന്നത് നാം പരിശോധിക്കേണ്ടി വരുന്നത്.

നാം പലിശ രഹിത തവണ വ്യവസ്ഥയിൽ ഒരു ഷോറൂമിൽ നിന്നും കാർ വാങ്ങുമ്പോൾ അവിടെ ആ കമ്പനി നേരിട്ട് നമുക്ക് തവണ വ്യവസ്ഥയിൽ വാങ്ങുവാനുള്ള ഒപ്ഷൻ നൽകുകയാണോ അതല്ല, ഒരു ഫിനാൻസ് കമ്പനി മുഖേന അത് നമുക്ക് ലഭ്യമാക്കുകയാണോ എന്നത് ശ്രദ്ധേയമാണ്. ഫിനാൻസ് കമ്പനി മുഖേന ആ ഫെസിലിറ്റി നൽകുകയാണ് എങ്കിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് കാറിന്റെ ഉടമസ്ഥരായ കമ്പനിയിൽ നിന്നും നാം നേരിട്ട് തവണ വ്യവസ്ഥയിൽ വാങ്ങിക്കുക എന്ന പ്രക്രിയയല്ല മറിച്ച് ഫിനാൻസ് ചെയ്യുന്ന കമ്പനി കാർ കമ്പനിക്ക് കാറിന്റെ വില നൽകുന്നു. കാറിന്റെ വിലയിൽ ഇളവായി ലഭിക്കുന്ന തുകയും, അടവ് തെറ്റിയാൽ ലഭിച്ചേക്കാവുന്ന പലിശയും ഫിനാൻസ് കമ്പനിക്ക് പലിശയായി ലഭിക്കുന്നു. ഇപ്രകാരമാണെങ്കിൽ അത് ഇസ്‌ലാമികമല്ല.

എന്നാൽ കാർ കമ്പനി നേരിട്ട് നിങ്ങൾക്ക് അവരുടെ ഉടമസ്ഥതയിലുള്ള വാഹനം തവണ വ്യവസ്ഥയിൽ നൽകുന്നു, അത് നിങ്ങൾ ഇൻസ്റ്റാൾമെന്റ് ആയതിനാൽ കൂടുതൽ വില നൽകി അവരുടെ കയ്യിൽ നിന്നും വാങ്ങിക്കുന്നു ഇതിൽ തെറ്റില്ല.

ഇൻസ്റ്റാൾമെന്റ് ആകുമ്പോൾ വിലവർദ്ധിക്കുന്നത് പലിശ ഇനത്തിൽ വരുമോ എന്നതാണ് പലരുടെയും സംശയം..

വില്‌പന നടക്കുന്നതിന് മുൻപ് താൻ വിൽക്കുന്ന വസ്തുവിന്റെ വില നിർണയിക്കാനുള്ള അവകാശം ഉടമസ്ഥനുണ്ട്. നബി (സ) പറഞ്ഞു: 

البيعان بالخيار ما لم يتفرقا

"പരസ്‌പരം പിരിയുന്നതിന് മുൻപ് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വിൽക്കുന്നവനും വാങ്ങിക്കുന്നവനുമുണ്ട്". 

ഉദാ: ഞാൻ എൻ്റെ കൈവശമുള്ള മൊബൈൽ ഒരാൾക്ക് വിൽക്കുന്നു എന്ന് കരുതുക. കച്ചവടം മുറിയുന്നതിന് മുൻപ് ഇരുപതിനായിരത്തിന് അല്ലെങ്കിൽ ഇരുപത്തിരണ്ടായിരത്തിന് എന്നിങ്ങനെ എനിക്ക് തീരുമാനിക്കാം. ഒരു അവധിയും വാങ്ങിക്കുന്നയാൾക്ക് നൽകിയില്ലെങ്കിൽ പോലും എനിക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതുതന്നെ തവണകളായി അവധി നൽകുമ്പോഴും സംഭവിക്കുന്നുള്ളൂ. പക്ഷെ കച്ചവടം നടന്നു കഴിഞ്ഞാൽ പിന്നെ വില വർദ്ധിപ്പിക്കാനോ കൂടുതൽ പണം ഈടാക്കാനോ സാധിക്കുകയില്ല. അത് പലിശ ഇനത്തിൽപ്പെടും. നേരത്തെ പരസ്പരം കച്ചവടമാണ് ഇടയിലുള്ള ബന്ധമെങ്കിൽ, കച്ചവടം നടന്ന ശേഷം അത് കടബാധ്യതയാണ്. കടബാധ്യതക്ക് കൂടുതൽ പണം ഈടാക്കാൻ പാടില്ല.

മാത്രമല്ല എല്ലാവർക്കുമറിയാവുന്നപോലെ 'സലം' എന്ന കച്ചവടം നബി (സ) അനുവദിച്ച ഒരിനം കച്ചവടമാണ്. അതിൽ സംഭവിക്കുന്നത്  ഒരാൾ കർഷകനുമായി ഇന്നാലിന്ന കാർഷികോത്പന്നം ഇന്നാലിന്ന സമയത്ത് നൽകണമെന്ന കരാറിൽ എത്തുകയും പണം മുൻകൂട്ടി നൽകുകയും ചെയ്യുന്ന രീതിയാണത്. ഇവിടെ പണം മുൻകൂട്ടി നൽകുക വഴി കാർഷികോത്പന്നത്തിന്റെ ആവശ്യക്കാരന് അത് കൂടുതൽ വിലക്കുറവിൽ ലഭിക്കുന്നു. കർഷകനാകട്ടെ പണം നേരത്തെ ലഭിച്ചതുകൊണ്ട് കൃഷി ചെയ്യാനും സാധിക്കുന്നു. 'സലം' എന്നറിയപ്പെടുന്ന ഈ ഇടപാടിൽ പണം നേരത്തെ നൽകുന്നു ഉത്പന്നം പിന്നീടാണ് ലഭിക്കുന്നത്. ആയത് വില കുറയാൻ ഇടവരുത്തുന്നു. ഇതേ ഇടപാടിന്റെ നേർ വിപരീത രൂപമാണ് തവണ വ്യവസ്ഥയിൽ നടക്കുന്നത്. ഉത്പന്നം നേരത്തെ ലഭിക്കുന്നു. പണം പിന്നീടാണ് നൽകുന്നത്. ആയതിനാൽ കൂടുതൽ വിലക്ക് കച്ചവടം ചെയ്യുന്നു. ഇത് കേവല കച്ചവടമാണ് പലിശയല്ല.

അതുപോലെ കച്ചവടം നടന്ന് കടബാധ്യതയായാൽ പിന്നെ അടവ് തെറ്റിക്കുകയോ മറ്റോ ചെയ്യുന്നപക്ഷം കൂടുതൽ പണം ഈടാക്കുന്ന തവണ വ്യവസ്ഥകളും ഇസ്‌ലാമികമല്ല. നമ്മുടെ നാട്ടിലെ തവണ വ്യവസ്ഥകളിൽ ഇത് വ്യാപകമായി കാണാം. 

ആളുകൾ കൃത്യമായി തിരിച്ചടക്കാതിരിക്കുന്നതിനെ തരണം ചെയ്യാൻ ഇസ്‌ലാമികമായി ധാരാളം വഴികൾ ഉണ്ട്. ഗ്യാരണ്ടി വാങ്ങുക, കഫാല അഥവാ ഇടപാടിൽ ഗ്യാരണ്ടിയായി മറ്റൊരാളെ കൂടി നിർത്തുക, സാലറി സർട്ടിഫിക്കറ്റ് മറ്റു വരുമാന മാർഗങ്ങൾ എന്നിവ ഉറപ്പ് വരുത്തി പണമടക്കാൻ സാധിക്കുന്നയാളാണോ എന്ന് ഉറപ്പ് വരുത്തുക, ബേങ്കിൽ നിന്നും അതാത് മാസം ശമ്പളത്തോടൊപ്പം അടവ് നടപ്പാക്കുന്ന മാനദണ്ഡം സ്വീകരിക്കുക എന്നിങ്ങനെ അനവധി മാർഗങ്ങൾ അതിനായുണ്ട്.   മാത്രമല്ല തവണകൾ തെറ്റിക്കുന്നയാൾ പിന്നെ നിയമപരമായി മുഴുവൻ സംഖ്യയും ഒരുമിച്ചടക്കാൻ ബാധ്യസ്ഥനാകും തുടങ്ങിയുള്ള നിബന്ധനകളും വെക്കാറുണ്ട്. അഥവാ തവണകൾ ഒരാൾ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ അയാളുടെ മേൽ പലിശ ഈടാക്കുന്ന വ്യവസ്ഥിതി ഇസ്‌ലാമികമല്ല. എന്നാൽ തങ്ങളുടെ അവകാശം അയാളിൽ നിന്ന് ഈടാക്കാൻ അനവധി നിയമവിധേയമായ മാർഗങ്ങൾ ഉണ്ട്താനും.

ഏതായാലും ഒരു വസ്തുവിന്റെ തവണ വ്യവസ്ഥയിലുള്ള വില, ആ വസ്തു റെഡി കേശിന് വാങ്ങുമ്പോഴുള്ള വിലയേക്കാൾ കൂടുതലാണ് എന്നതുകൊണ്ട് യാതൊരു നിഷിദ്ധവും കടന്നുവരുന്നില്ല. എന്നാൽ തവണ വ്യവസ്ഥ ഫിനാൻസ് കമ്പനിയോ മറ്റോ ഇടനിലക്കാരായി പലിശ പറ്റി ചെയ്തുതരുന്ന രൂപമാകരുത്. വസ്തുവിന്റെ ഉടമസ്ഥൻ നേരിട്ട് തരുന്ന തവണ വ്യവസ്ഥ വഴി കൂടുതൽ വില നൽകി  വാങ്ങിക്കാം എന്നർത്ഥം. അതുപോലെ വാങ്ങിച്ചുകഴിഞ്ഞാൽ അടവുതെറ്റുന്ന വേളയിൽ പലിശ ഈടാക്കും എന്ന ഉപാധി ഇടപാടിൽ ഉണ്ടെങ്കിൽ അതും അനിസ്‌ലാമികമാണ്. കച്ചവടം മുറിഞ്ഞുകഴിഞ്ഞാൽ പിന്നെ കടബാധ്യത വർധിക്കാൻ പാടില്ല. ഇത്തരം നിഷിദ്ധങ്ങൾ കടന്നുവരുന്നുവെങ്കിൽ ആ തവണ വ്യവസ്ഥ നിഷിദ്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലുള്ള തവണ വ്യവസ്ഥകൾ പ്രത്യക്ഷത്തിൽ പലിശ രഹിതമെന്ന് പറയുമെങ്കിലും മേൽ സൂചിപ്പിച്ച വിധമുള്ള നിഷിദ്ധങ്ങൾ അവയിൽ കാണാറുണ്ട്.

തവണ വ്യവസ്ഥയിലാകുമ്പോൾ വസ്തുവിന് കൂടുതൽ വിലവരുന്നതിനെ സംബന്ധിച്ച്‌ ശൈഖ് ഇബ്നു ബാസ് (റ) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും മറുപടിയും താഴെ കൊടുക്കുന്നു: 

إن هذه المعاملة لا بأس بها لأن بيع النقد غير التأجيل، ولم يزل المسلمون يستعملون مثل هذه المعاملة وهو كالإجماع منهم على جوازها ، وقد شذ بعض أهل العلم فمنع الزيادة لأجل الأجل وظن ذلك من الربا وهو قول لا وجه له وليس من الربا في شيء لأن التاجر حين باع السلعة إلى أجل إنما وافق على التأجيل من أجل انتفاعه بالزيادة والمشتري إنما رضي بالزيادة من أجل المهلة وعجزه عن تسليم الثمن نقداً ، فكلاهما منتفع بهذه المعاملة ، وقد ثبت عن النبي صلى الله عليه وسلم ما يدل على جواز ذلك وذلك أنه صلى الله عليه وسلم أمر عبد الله بن عمرو بن العاص رضي الله عنهما أن يجهز جيشاً فكان يشتري البعير بالبعيرين إلى أجل 

"തവണ വ്യവസ്ഥയിലുള്ള ഇടപാടിൽ കുഴപ്പമില്ല. കാരണം റെഡി കാശ് ആയുള്ള കച്ചവടവും, ഇടനൽകിക്കൊണ്ടുള്ള (തവണ വ്യവസ്ഥയിലെ) കച്ചവടവും രണ്ടും രണ്ടാണ്. മുസ്‌ലിംകൾ കാലങ്ങളായി ഈ ഇടപാട് ചെയ്തുപോരുന്നുണ്ട്. അതിൽനിന്നും പൊതുവെ മുസ്‌ലിംകൾ അതിനെ ഐക്യകണ്ഡേന അനുവദനീയമായിക്കാണുന്നു  എന്ന് മനസ്സിലാക്കാം. ചില ഒറ്റപ്പെട്ട പണ്ഡിതന്മാർ സാവകാശം നൽകുന്നതിന് കൂടുതൽ വില ഈടാക്കുന്നുവെന്നതിനാൽ അത് പാടില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.  അത് പലിശയാണ് എന്ന തെറ്റിദ്ധാരണയാലാണത്. അതിൽ യാതൊരു വിധത്തിലുള്ള പലിശയുമില്ല. തൻ്റെ കൈവശമുള്ള വസ്തു ഒരു കച്ചവടക്കാരൻ സാവകാശം നൽകിക്കൊണ്ട് വിൽക്കുന്നത് തന്നെ കൂടുതൽ വില ലഭിക്കുന്നതിനാലാണ്. വാങ്ങുന്നയാൾ കൂടുതൽ വില നൽകി വാങ്ങാൻ തയ്യാറാക്കുന്നതും തനിക്ക് പണം നൽകാൻ അല്പം സാവകാശം ലഭിക്കുന്നതിനാലും റൊക്കം കാശ് നൽകാൻ കയ്യിലില്ലാത്തതിനാലുമാണ്. ഈ കച്ചവടത്തിൽ ഇരുവർക്കും പ്രയോജനവുമുണ്ട്. മാത്രമല്ല ഇത് അനുവദനീയമാണ് എന്നതിന് തെളിവായി നബി (സ)  യിൽ നിന്നും  ഇപ്രകാരം വന്നിട്ടുണ്ട്: അംറു ബ്നുൽ ആസ്വിനോട് ഒരു സൈന്യത്തെ ഒരുക്കാൻ പറഞ്ഞ വേളയിൽ ഇപ്പോൾ ഒരൊട്ടകത്തെ നൽകുന്നവർക്ക് പിന്നീട് രണ്ടൊട്ടകം (അല്ലെങ്കിൽ രണ്ടൊട്ടകത്തിന്റെ) വില നൽകാം എന്ന കണക്കെ അവർ സൈന്യത്തിനാവശ്യമായ ഒട്ടകം വാങ്ങിച്ചിരുന്നു". - [فتاوى إسلامية 2/331]. 

അഥവാ  സൈന്യത്തിന് ആവശ്യമായ ഒട്ടകം തികയാതെ വരുകയും ആവശ്യമായ ഒട്ടകം വാങ്ങിക്കാനുള്ള പണം അവരുടെ കൈവശം ഇല്ലാതെ വരുകയും ചെയ്തപ്പോൾ, ഇപ്പോൾ ഒരൊട്ടകം തങ്ങൾക്ക് വിൽക്കുന്നവർക്ക് സ്വദഖയുടെ ധനം വന്നാൽ രണ്ടൊട്ടകം അല്ലെങ്കിൽ രണ്ടൊട്ടകത്തിന്റെ വില നൽകാം എന്ന നിലക്ക് സൈന്യത്തിലേക്ക് ഒട്ടകത്തെ വാങ്ങിയിരുന്നു. ഇവിടെ പണം റൊക്കമായി നൽകാൻ ഇല്ലാതെ വന്നപ്പോൾ കൂടുതൽ വിലക്കാണ് ഒട്ടകത്തെ വാങ്ങിയത്. ഇതുതന്നെയാണ് തവണ വ്യവസ്ഥക്ക് കൂടുതൽ വില ഈടാക്കുമ്പോഴും സംഭവിക്കുന്നത്.

എന്നാൽ സ്വർണ്ണം വെള്ളി തുടങ്ങിയവയോ, അവ കൊണ്ട് നിർമ്മിക്കപ്പെട്ട ആഭരണങ്ങളോ കറൻസിയോ മറ്റോ ഇത്തരത്തിൽ തവണ വ്യവസ്ഥയിൽ വാങ്ങുക അനുവദനീയമല്ല. കാരണം സ്വർണ്ണം വെള്ളി തുടങ്ങിയവ റൊക്കം പണം നൽകിയല്ലാതെ വാങ്ങിക്കാൻ പാടില്ല എന്ന് നബി (സ) യിൽ നിന്നും പ്രത്യേകം ഹദീസ് വന്നിട്ടുണ്ട്. സ്വർണ്ണാഭരണമോ വെള്ളിയോ റൊക്കം പണം നൽകാതെ കടം പറഞ്ഞോ, തവണ വ്യവസ്ഥയിലോ വാങ്ങുന്നത് പലിശയുടെ ഇനത്തിൽ വരുന്ന ഒന്നാണ്. ربا النسيئة  അഥവാ കാലതാമസത്തിന്റെ പലിശ എന്നാണ് അതിന് പറയുക. അത് വേറെ വിഷയമായതിനാൽ കൂടുതൽ അതുസംബന്ധമായി ഇവിടെ പ്രതിപാദിക്കുന്നില്ല..
ഈ വിഷയത്തിൽ മുൻപ്  എഴുതിയ ലേഖനത്തിൻ്റെ ലിങ്ക് താഴെ കൊടുക്കുന്നു: 

'ഇന്‍സ്റ്റാള്‍മെന്‍റ്' ആയി വില്‍ക്കുമ്പോള്‍ 'റെഡി കാശ്' വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കാമോ ?!. (ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം ഇസ്ലാമികവും അനിസ്‌ലാമികവും ആകുന്നത് എപ്പോള്‍ എന്ന് ഫിഖ്ഹിയായി ചര്‍ച്ച ചെയ്യുന്ന ലേഖനം). http://www.fiqhussunna.com/2015/08/blog-post_8.html 


അല്ലാഹു അനുഗ്രഹിക്കട്ടെ ...

--------------------------------------------

അനുബന്ധ ലേഖനങ്ങൾ: 


1-  Extended Warranty വാങ്ങിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി.

 2- ഇസ്ലാമിക് ബേങ്കുകളില്‍ ലോണ്‍ ഉണ്ടോ ?. അതനുവദനീയമാണോ ?.

 3- പണയവ്യവസ്ഥയില്‍ അഥവാ കടത്തിന് ഈടായി വാങ്ങുന്ന വീടും കാറുമെല്ലാം ഉപയോഗിക്കാമോ ?. http://www.fiqhussunna.com/2015/11/blog-post_23.html

4- പലിശയുടെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?.

 5- ബേങ്കിൽ നിന്നും ലഭിക്കുന്ന പലിശ, ബേങ്ക് തന്നെ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും മറ്റും ഉപയോഗിക്കാമോ ?.     http://www.fiqhussunna.com/2019/08/blog-post.html
 

ബേങ്കിൽ നിന്നും ലഭിക്കുന്ന പലിശ, ബേങ്ക് തന്നെ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും മറ്റും ഉപയോഗിക്കാമോ ?.


ചോദ്യം: ബേങ്കിൽ നിന്നും ലഭിക്കുന്ന പലിശ, ബേങ്ക് തന്നെ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും മറ്റും ഉപയോഗിക്കാമോ ?.

www.fiqhussunna.com

ഉത്തരം: 


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

പലിശ രഹിത ബേങ്കുകൾ ഇല്ലാത്ത ഇടങ്ങളിൽ ആവശ്യമായി വരുകയാണ് എങ്കിൽ മാത്രമേ പലിശ ബേങ്കുകളിൽ അക്കൗണ്ട് തുടങ്ങാവൂ.  ആ അൽകൗണ്ടിൽ നിന്നും നമുക്ക് ലഭിക്കുന്ന പലിശയാകട്ടെ യാതൊരു നിലക്കും നമുക്ക് ഉപയോഗിക്കാൻ പാടില്ല. ബേങ്ക് ഈടാക്കുന്ന സർവ്വീസ് ചാർജുകൾക്ക് അത് നൽകുക എന്നാൽ നാം ആ പലിശയുടെ ധനം സ്വയം ഉപയോഗിക്കലാണ്. കാരണം നാം ഉപയോഗിക്കുന്ന സർവീസുകൾക്ക് അതിൻ്റെ ഫീസ് നൽകുക എന്നത് സ്വാഭാവിക പ്രക്രിയയാണ്. അത് നാം നമ്മുടെ ധനത്തിൽ നിന്നും നൽകണം. അത് പലിശയായി അക്കൗണ്ടിൽ വന്ന ധനത്തിൽ നിന്നും നൽകുമ്പോൾ നാം ആ പലിശ സ്വയം ഉപയോഗിക്കുന്നു. അതുകൊണ്ട് അത് നിഷിദ്ധമാണ്, യാതൊരു കാരണവശാലും അനുവദനീയമാകുന്നില്ല.

പലിശയുടെ പാപ ഗൗരവം നമുക്കറിയാമല്ലോ. 


عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية
അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: " അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് " (റവാഹു അഹ്മദ് : 21957).

അതുകൊണ്ട് നമ്മുടെ അൽകൗണ്ടിൽ വരുന്ന പലിശ യാതൊരു നിലക്കും സ്വയം പ്രയോജനപ്പെടുത്താൻ പാടില്ല. അത് تخلص ചെയ്യുക അഥവാ നിർധനരോ നിരാലംബരോ ആയ പാവപ്പെട്ടവർക്ക് നൽകി കയ്യിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഒരു സ്വദഖ എന്ന നിലക്കല്ല അർഹമല്ലാത്തതും കയ്യിൽ നിന്നും ഒഴിവാക്കപ്പെടേണ്ടതുമായ ഒന്നാണ് എന്ന അർത്ഥത്തിലാണ് അത് നാം കയ്യിൽ നിന്നും ഒഴിവാക്കുന്നത്. അതുകൊണ്ടുതന്നെ നാം നൽകുന്ന ധർമ്മമാണ് എന്ന് സ്വീകർത്താവിന് തോന്നാത്ത വിധത്തിൽ ആളറിയാതെ നൽകലാണ് ഉചിതം. മാത്രമല്ല നാം നൽകേണ്ട സ്വദഖകൾക്ക് പകരമായി ഇതിനെ കാണുകയും ചെയ്യരുത്.

അൽകൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം എന്ന് തെളിവ് സഹിതം നാം മുൻപ് വിശദീകരിച്ചിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കുന്നു: 

നിര്‍ബന്ധിത സാഹചര്യത്തിലോ,അറിവില്ലായ്മ കാരണത്താലോ കയ്യില്‍ വന്ന പലിശയെ ഏത്രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 

التخلص من المال الحرام അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ചചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത് ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക.  അതാകട്ടെ  പലപ്പോഴും ഇസ്ലാമിക ആദര്‍ശങ്ങൾക്കോ വിശ്വാസങ്ങൾക്കോ ഒക്കെ വിപരീതമായ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ട്രസ്റ്റുകൾക്കോ സംഘടനകൾക്കോ ഒക്കെയായിരിക്കാം നല്കപ്പെടുന്നതും . ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞു തന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന്പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക.അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകൾക്ക് തന്നെ തിരിച്ചു നൽകുകയോഅത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരുംപറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം :
നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ,ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോകടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക ". - [ ഫതാവ ഇബ്ന്‍ ബാസ് :3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായിബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചും  വിശദീകരിക്കുന്നുണ്ട്. ആ ഫത്'വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്നവ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  "നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്". അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന്നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.

രണ്ട്: "ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്" -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈവിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: "മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയും,  അതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്നഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യണമെന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല.അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക്ഉദാഹരണമായി പറഞ്ഞത് : "പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക" . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈഅഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷിസ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ,ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെകയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : " ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് " . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : "അല്ലയോ പ്രവാചകരേതാങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: " നിങ്ങള്‍ അത്തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക " - [ അഹ്മദ് - അല്‍ബാനി,ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയുംഎന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

         ألم   
  1. അലിഫ്‌-ലാം-മീം

غُلِبَتِ الرُّومُ
  1. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു
.
فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ
  1. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.
എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്'രികീങ്ങള്‍ ആആയത്തുകളെ കളവാക്കുകയുംറോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന്അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: " ഇത് അന്യായമായ മുതലാണ്‌അത് നീദാനം നല്കിയേക്കുക". മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട്പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു " -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ )നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.


ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന്അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  " ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്നപലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്'വയുടെ പൂർണരൂപം: കളവ്മോഷണംഅക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽഅതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചുംഎത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ളഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ,മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷംഉദാ: ഒരു മനുഷ്യൻ പലരുടെയും പണംഅപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽഅത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനംനല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായിഅറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.
എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) 'തന്റെ കയ്യിൽ നിന്നും ഒഴിവാക്കുകഎന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെകൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായിരേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ " .

المصدر :
مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع 
المصدر :
مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع
من موقع فضيلة الشيخ محمد بن صالح العثيمين رحمه الله

എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോതാൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായിപരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽതൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കുംഅതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും. 

ഹറാമായ പണം മുസ്ലിമീങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ, കുളിമുറി, കക്കൂസ്, റോഡ്‌ തുടങ്ങി  ആദരണീയമല്ലാത്ത പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുക എന്ന് പണ്ഡിതന്മാർ പറഞ്ഞ ഭാഗം മനസ്സിലാക്കുമ്പോൾ സുപ്രധാനമായ ഒരു നിബന്ധന കൂടി അതോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. അതായത് തനിക്ക് നേരിട്ട് ഉപകാരം ലഭിക്കുന്ന പൊതു ആവശ്യങ്ങൾക്ക് ആ പണം ഉപയോഗിക്കാൻ പാടില്ല. ഉദാ: തന്റെ വീട്ടിലേക്ക് പോകുന്ന പൊതുവഴി നന്നാക്കാൻ, അവിടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ തുടങ്ങിയ കാര്യങ്ങൾക്ക് അത് ഉപയോഗിക്കാൻ പാടില്ല. പൊതു ആവശ്യങ്ങൾക്ക് നൽകുന്ന സാഹചര്യത്തിൽത്തന്നെ തനിക്ക് ഉപകാരം ലഭിക്കുന്ന പൊതു ആവശ്യങ്ങൾ നോക്കി അതിനു നൽകൽ നിഷിദ്ധമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ ....
ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശകടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.
ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.


ഇനി നിങ്ങളുടെ കൈവശം ഹറാമായ നിങ്ങൾക്ക് സ്വയം ഉപയോഗിക്കൽ അനുവദനീയമല്ലാത്ത പലിശയുടെ ധനമോ മറ്റോ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഉദാത്തമായ മാതൃക കാഴ്ചവെക്കുന്ന ഷെൽറ്റർ ഇന്ത്യയുമായി ബന്ധപ്പെട്ട് അവർക്ക് നൽകുകയാണ് എങ്കിൽ അങ്ങേയറ്റം പ്രാരാബ്ധക്കാരും പ്രയാസപ്പെടുന്നവരുമായ ആളുകളിലേക്ക് ആ പണം എത്തിച്ച് അവർക്കൊരു സഹായമാകാനും നിങ്ങളുടെ കയ്യിൽ നിന്ന് അത് നീക്കം ചെയ്യാനും നിങ്ങൾക്ക് സാധിക്കും.

🏦BANK DETAILS
1⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB
2⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL


SHELTER INDIA CHARITABLE TRUST
REG: 249/15
Pulikkal,Malappuram
Pin 673637
📧 mail@shelterindia.org
📥 www.shelterindia.org


CONTACT NUMBERS: 

1⃣ Abdu Rahiman Manoli Secretary SheIter India 9744668855
2⃣ Dr.Shabeel Chairman SheIter India 9447197486 [Whatsapp]
3⃣ Admin Shelter India 9061099550
4⃣Shelter India Office 04832793450അല്ലാഹു അനുഗ്രഹിക്കട്ടെ ...