Thursday, April 30, 2020

വിൽക്കണോ, വിൽക്കണ്ടേ എന്ന് സംശയത്തിലുള്ള ഭൂമിക്ക് സകാത്ത് കൊടുക്കണോ ?.


ചോദ്യം: ഒരാൾ ഭൂമി വാങ്ങി. വിൽക്കണോ വിൽക്കണ്ടേ എന്ന് ഉറപ്പിച്ചിട്ടില്ല. ആ ഭൂമിക്ക് സകാത്ത് കൊടുക്കണോ ?.


www.fiqhussunna.com


ഉത്തരം: 



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

അടിസ്ഥാനപരമായി ഭൂമി സകാത്ത് ബാധകമാകുന്ന ഇനങ്ങളിൽ ഒന്നല്ല. അത് കച്ചവടവസ്തു ആകുമ്പോൾ മാത്രമാണ് അതിന് സകാത്ത് ബാധകമായി വരുന്നത്. അതുകൊണ്ടുതന്നെ വിൽക്കാൻ ഒരാൾ തീരുമാനം എടുത്തിട്ടില്ലാത്ത ഭൂമിക്ക് സകാത്ത് ഇല്ല. വില്‌പനക്ക് ഉള്ളതാണ് എന്ന് തീരുമാനിച്ചാൽ ഓരോ വർഷത്തെ സകാത്ത് കണക്കാക്കുമ്പോഴും അതിൻ്റെ ആ സമയത്തെ വില പരിഗണിച്ച് 2.5% സകാത്തായി നൽകണം. ഇനി വിൽക്കാൻ തീരുമാനിച്ചിട്ടും നിയമപ്രശനങ്ങൾ കൊണ്ടോ മറ്റോ വില്‌പന നടക്കാതെ കെട്ടിക്കിടക്കുകയാണ് എങ്കിൽ അതിനും സകാത്ത് നൽകേണ്ടതില്ല. വിൽക്കപ്പെടുന്ന വർഷം മാത്രം നൽകിയാൽ മതി.

മേൽ ചോദിച്ച ചോദ്യത്തിന് സമാനമായ ചോദ്യം ശൈഖ് ഇബ്നു ഉസൈമീൻ (റ) യോട് ചോദിക്കപ്പെട്ടു: 

ചോദ്യം: ഒരാളുടെ കൈവശം ഭൂമിയുണ്ട്. അദ്ദേഹത്തിനാകട്ടെ ഒരു കൃത്യമായ തീരുമാനം അതിൻ്റെ കാര്യത്തിലില്ല. അത് വിൽക്കണോ, അതല്ല ഉപയോഗിക്കണോ, വാടകക്ക് കൊടുക്കണോ, അവിടെ താമസിക്കണോ  ഇതിൽ എന്താണ് വേണ്ടത് എന്ന് അദ്ദേഹത്തിനറിയില്ല. ഹൗൽ തികയുമ്പോൾ ആ ഭൂമിക്ക് അദ്ദേഹം സകാത്ത് കൊടുക്കണോ ?. 

അദ്ദേഹം നൽകിയ മറുപടി: 


فأجاب : "هذه الأرض ليس فيها زكاة أصلاً ، ما دام ليس عنده عزم أكيد على أنها تجارة ، فليس فيها زكاة لأنه متردد ، ومع التردد لو واحداً في المائة ، فلا زكاة عليه " 

"അത് വില്പനക്ക് ഉള്ളതാണ് എന്ന് ഉറച്ച തീരുമാനം ഇല്ലാത്തിടത്തോളം ആ ഭൂമിക്ക് സകാത്ത് ബാധകമല്ല. എന്താണ് ചെയ്യേണ്ടത് കൃത്യമായ തീരുമാനം ഇല്ലാതെ അദ്ദേഹം സംശയത്തിലായത് കൊണ്ട് അതിന് സകാത്ത് ബാധകമാകുന്നില്ല. ഇനി നൂറിൽ ഒരംശം അദ്ദേഹം (അത് വിൽക്കണോ വേണ്ടയോ) എന്ന് അദ്ദേഹം സംശയത്തിലാണ് എന്നുവന്നാൽ പോലും അതിന് സകാത്ത് ബാധകമാകുകയില്ല".  - [مجموع فتاوى ابن عثيمين:18/232].

ഇവിടെ നാം മനസ്സിലാക്കേണ്ടത് ഓരോ ആളുകളുടെയും ഉദ്ദേശ ലക്ഷ്യങ്ങൾ സൂക്ഷ്‌മമായി അറിയുന്നവനാണ് അല്ലാഹു. അതുകൊണ്ടുതന്നെ ഒരാൾ വില്‌പന ഉദ്ദേശിക്കുന്ന വില്‌പന വസ്തുവാണ് എന്ന് അയാൾക്ക് അറിയാമെങ്കിൽ അതിൻ്റെ സകാത്ത് കൊടുക്കണം. അല്ല അക്കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല എങ്കിൽ സകാത്ത് ബാധകമാകുന്നുമില്ല. 

അതോടൊപ്പം നാം മനസ്സിലാക്കേണ്ടത് ഭൂമി വെറുതെ പാഴാക്കിയിടാൻ ഇസ്‌ലാം അനുവദിക്കുന്നില്ല, പ്രത്യേകിച്ചും കൃഷിഭൂമി. തനിക്കും സമൂഹത്തിനും ഉപകരിക്കുന്ന രൂപത്തിൽ അത് അവർ ഉല്പന്നക്ഷമമാക്കണം. അല്ലാത്തപക്ഷം നാളെ അല്ലാഹുവിൻ്റെ മുന്നിൽ മറുപടി പറയേണ്ടി വരും. 

അല്ലാഹു അനുഗ്രഹിക്കട്ടെ... 
__________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ


_______________

Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/

Subscribe Fiqhussunna TV on YouTube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw