Wednesday, May 20, 2020

വീടുകളിൽ വെച്ച് പെരുന്നാൾ നമസ്‌കരിക്കരുത് എന്ന് കിബാറുൽ ഉലമ പറഞ്ഞുവോ ?. ഒരു വിശകലനം.الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، أما بعد؛

ലോക്ക് ഡൌൺ തുടരുന്ന പശ്ചാത്തലത്തിൽ വീടുകളിൽ വെച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രൂപത്തിലുള്ള ആശയക്കുഴപ്പം ഒരുപാട് സഹോദരങ്ങൾക്ക് ഉണ്ടായതായികാണുന്നു. സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭയിലെ ഒരംഗമായി ശൈഖ് അബ്ദുല്ലാ ഖുനൈൻ حفظه الله പെരുന്നാൾ നമസ്‌കാരം വീട്ടിൽ വെച്ച്  നിർവഹിക്കാൻ പാടില്ല എന്നഭിപ്രായപ്പെട്ടത് മലയാളത്തിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതാണ് ഈ ഒരാശയക്കുഴപ്പത്തിന് കാരണമായത്. എന്നാൽ കിബാറുൽ ഉലമ അപ്രകാരം പറഞ്ഞുവോ ?. അദ്ദേഹത്തിൻ്റെ അഭിപ്രായമാണോ അതല്ല കിബാറുൽ ഉലമയിലെ തന്നെ അദ്ദേഹത്തേക്കാൾ മുതിർന്നവരായ ഉലമാക്കൾ ഈ വിഷയത്തിൽ പറഞ്ഞ അഭിപ്രായമാണോ  കൂടുതൽ പ്രാമാണബദ്ധവും അവലംബിക്കാവുന്നതും എന്നതാണ് ഈ ലേഖനത്തിൽ നാം ചർച്ച ചെയ്യുന്നത്. 

ഒരുപാട് സഹോദരങ്ങൾ തെറ്റിദ്ധരിച്ചത് സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ തന്നെ വീടുകളിൽ വെച്ച് പെരുന്നാൾ നമസ്‌കാരം പാടില്ല എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്. ഇത് വസ്തുതതയല്ല. മറിച്ച് സൗദിയിലെ ഉന്നത പണ്ഡിത സഭയുടെ മേധാവിയും സൗദിയിലെ ഗ്രാൻഡ് മുഫ്‌തിയുമായ ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് حفظه الله തന്നെ കൃത്യമായ പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഇന്നത്തെ സാഹചര്യത്തിൽ വീടുകളിൽ വെച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത. അതുപോലെത്തന്നെ ഉന്നത പണ്ഡിതസഭയിലെ മറ്റൊരംഗമായ ശൈഖ് അബ്ദുസ്സലാം അസുലൈമാൻ അദ്ദേഹവും ഇത് വളരെ കൃത്യവും സ്പഷ്ടവുമായി വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്ന് പള്ളികളിലോ മുസ്വല്ലകളിലോ പെരുന്നാൾ നമസ്‌കാരത്തിനായി നമുക്ക് ഒരുമിച്ച് കൂടാൻ സാധിക്കാത്തതായ സാഹചര്യത്തിൽ അനസ് (റ) തൻ്റെ വീട്ടിൽ നിന്നും ബസ്വറയിലെ പട്ടണത്തിൽ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാനായി പോകാൻ സാധിക്കാതെ വന്നപ്പോൾ തൻ്റെ മക്കളേയും വീട്ടുകാരെയും  കൂട്ടി വീട്ടിൽ വെച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചതായി വളരെ പ്രബലമായി സ്ഥിരപ്പെട്ടതിനാൽ ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് വീടുകളിൽ വെച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാം, ഖുത്ബ നിർവഹിക്കേണ്ടതില്ല എന്നാണ് ഇവരൊക്കെയും വ്യക്തമാക്കിയിട്ടുള്ളത്. 

മാത്രമല്ല സൗദി അറേബ്യയിലെ മറ്റനേകം പ്രഗത്ഭരായ പണ്ഡിതന്മാർ, ശൈഖ് അബ്ദുറഹ്മാൻ നാസ്വിർ അൽ ബറാക്ക് (ഹ) (https://sh-albarrak.com/article/18234) ,  ശൈഖ് സുലൈമാൻ അറുഹൈലി (ഹ)  (https://twitter.com/solyman24/status/1258401226296877056) എന്നിങ്ങനെ അനേകം പണ്ഡിതന്മാരും ഇതേ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ശൈഖ് സുലൈമാൻ റുഹൈലി പറഞ്ഞത് ഒരാൾക്ക് പെരുന്നാൾ നമസ്കാരം നഷ്ടപ്പെടുന്ന വേളയിൽപ്പോലും അത് വീട്ടിൽവെച്ച് നിർവഹിക്കാം എങ്കിൽ പിന്നെ ഒരു നാട്ടിൽ പ്രത്യേക സാഹചര്യത്തിൽ പെരുന്നാൾ നമസ്‌കാരം തന്നെ നടത്താൻ സാധിക്കാതെ വരുന്ന പക്ഷം തീർച്ചയായും അവർക്ക് അത് വീട്ടിൽ വെച്ച് നിർവഹിക്കാം എന്നത് അതിനേക്കാൾ മുൻഗണന അർഹിക്കുന്ന വിഷയമാണ് എന്നാണ്. 

മാത്രമല്ല കുവൈറ്റിലെ മതകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ഫത്‌വാ ബോർഡ് ഈ വിഷയത്തിൽ നൽകിയ ഫത്‍വയിലും ഇന്നത്തെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിൽ വെച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇനി മുൻഗാമികളിലാണെങ്കിൽ അനേകം ഇമാമീങ്ങൾ കൃത്യമായ കാരണമുണ്ടെങ്കിൽ വീടുകളിൽ വെച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ബുഖാരിയുടെ സ്വീഹീഹിൽ ഒരു ബാബ് തന്നെ അപ്രകാരം അദ്ദേഹം നൽകിയിട്ടും ഉണ്ട്. 

ഇനി ശൈഖ് അബ്ദുല്ലാ ഖുനൈൻ (ഹ) വീട്ടിൽ വെച്ച് പെരുന്നാൾ നമസ്‌കാരം പാടില്ല എന്ന് പറഞ്ഞിട്ടുള്ളത് മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടത്തിൽ നിന്നും ഒരുഭാഗം താഴെ കൊടുക്കുന്നു 

ഒന്നാമത്തെ വാദം:

((പള്ളികളിൽ വെച്ച് നമസ്കരിക്കുന്നതിനു പകരം പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കാൻ പാടില്ല. അടിസ്ഥാനപരമായി ഇബാദത്തുകൾ നിർണ്ണിതങ്ങളാണ്. അവ നിയമമാക്കപ്പെട്ട വിധത്തിൽ മാത്രമേ നിർവ്വഹിക്കപ്പെടാൻ പാടുള്ളൂ. മുകളിൽ പറഞ്ഞ കാരണം മൂലം പെരുന്നാൾ നമസ്കാരത്തിന് തടസ്സം നേരിടുന്ന പക്ഷം അത് വീട്ടിൽ വെച്ച് നിർവ്വഹിക്കപ്പെടാവതല്ല. കാരണം അത് നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല. അബ്‌ദുല്ലാഹിബിനു മസ്‌ഊദ് റദിയള്ളാഹു അൻഹുവിൽ നിന്നും അനസ് റദിയള്ളാഹു അൻഹുവിൽ നിന്നും വന്നിട്ടുള്ള പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ടവന്റെ വിഷയത്തിലുള്ള അസർ നബിയിലേക്ക് ചേർക്കപ്പെട്ടവയല്ല. ഇബാദത്തുകൾ അള്ളാഹുവിന്റെ നിർണ്ണിതങ്ങളായ കാര്യമാണ്. മാത്രവുമല്ല, പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ട ആൾക്ക് വീട്ടിൽ വെച്ച് അത് നിർവ്വഹിക്കുക എന്നതും അനുവദനീയമല്ല)). 
 
ഇവിടെ അദ്ദേഹം പറയുന്നതായിപ്പറയുന്നത് ഒരു കാരണവശാലും വീട്ടിൽ നിന്ന് പെരുന്നാൾ നമസ്കാരം നിർവഹിക്കുന്ന ഒരു സാഹചര്യം ഇല്ല. അത് നബി (സ) യിൽ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല. ഇബാദത്ത് തൗഖീഫിയായ കാര്യമായത് കൊണ്ടുതന്നെ അതിൽ സ്വഹാബത്ത് ചെയ്തു എന്നത് തെളിവാക്കാൻ സാധിക്കുകയില്ല എന്നാണ്. 

അഥവാ സ്വഹാബത്തിൽ നിന്നും അത് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട് എന്ന യാഥാർഥ്യം അംഗീകരിക്കുന്നു. പക്ഷെ അത് തെളിവാക്കാൻ സാധിക്കില്ല എന്നതാണ്‌ അദ്ദേഹം സ്വീകരിച്ച സമീപനം. എന്നാൽ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും ആദരവും മുൻനിർത്തിക്കൊണ്ടു തന്നെ പറയട്ടെ .. ഈ നിലപാട് ഒരിക്കലും ശരിയല്ല. 

കാരണം തൗഖീഫിയായ അഥവാ വഹ്‌യിൻ്റെ അടിസ്ഥാനത്തിലല്ലാതെ പറയാനോ നിർവഹിക്കാനോ സാധിക്കാത്ത ഒരു വിഷയത്തിൽ സ്വഹാബത്ത് ഒരു കാര്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ കാര്യത്തെ സ്വഹാബത്തിൽ നിന്നും മറ്റാരും എതിർക്കാത്ത പക്ഷം അതിന് നബി (സ) പറഞ്ഞതായ അതേ പരിഗണന അഥവാ مرفوع ആയി പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുക. കാരണം സ്വഹാബാക്കൾ എല്ലാവരും വിശ്വസ്ഥരാണ്. അവർ സ്വന്തം ഇഷ്ടപ്രകാരം ദീനിലില്ലാത്ത ഒരുകാര്യം കടത്തിക്കൂട്ടുകയില്ല. പ്രത്യേകിച്ചും അനസ് ബ്ൻ മാലിക് (റ) വിനെപ്പോലെ പ്രഗത്ഭനായ ഒരു സ്വഹാബി അപ്രകാരം ചെയ്യുകയില്ല. ഇവിടെയാണ് قول الصحابي അതുപോലെ فعل الصحابي അതായത് സ്വഹാബാക്കളുടെ വാക്കും പ്രവർത്തിയും തെളിവാണോ എന്ന ഉസൂലുൽ ഫിഖ്ഹിലെ ചർച്ചയാണ് ഇവിടെ പ്രസക്തമാവുന്നത്. 

ഒരു സ്വഹാബി ഇൽമുകൊണ്ടും ഫിഖ്ഹ് കൊണ്ടും അറിയപ്പെട്ട വ്യക്തിയാണ് എങ്കിൽ നബി (സ) പഠിപ്പിച്ചതിനോട് വിരുദ്ധമാകാതിരിക്കുകയും, സ്വഹാബാക്കളിൽ മറ്റാരും അവരുടെ അഭിപ്രായത്തോട് വിയോജിക്കാതെ വരുകയും ചെയ്‌താൽ അവരുടെ വാക്കുകൾ തെളിവാണ് എന്നതാണ് ഈ വിഷയത്തിൽ പ്രാമാണികമായി നിലപാട്.

ഇവിടെ ഒരാൾക്ക് വ്യക്തമായ കാരണം ഉണ്ടെങ്കിൽ അയാൾക്ക് വീടുകളിൽ വെച്ച് നമസ്കരിക്കാം എന്ന് ഒരു സ്വഹാബി കാണിച്ചുതന്നതായി സ്ഥിരപ്പെട്ടിരിക്കുന്നു.  നബി (സ) യിൽ നിന്നാകട്ടെ അപ്രകാരം ചെയ്യാൻ പാടില്ല എന്ന് പഠിപ്പിക്കുന്നതായി യാതൊന്നും വന്നിട്ടുമില്ല, അഥവാ അദ്ദേഹത്തിൻ്റെ പ്രവർത്തി നബി (സ) യുടെ ഒരു ഹദീസിനും എതിരാകുന്നില്ല. അദ്ദേഹം ഈ വിഷയത്തിൽ നബി (സ) യുടെ കല്പനക്ക് എതിര് പ്രവർത്തിച്ചു എന്ന് ഒരാൾക്കും പറയാനും സാധിക്കില്ല. നമ്മളെക്കാൾ നബി (സ) യുടെ കല്പനകളും മതനിയമങ്ങളും അറിയുന്ന വ്യക്തിയാണല്ലോ അദ്ദേഹം. അതുപോലെ സ്വഹാബാക്കളാരും അദ്ദേഹത്തെ ആ വിഷയത്തിൽ എതിർത്തിട്ടുമില്ല. ഒരാൾക്ക് പെരുന്നാൾ നമസ്‌കാരത്തിൽ ഒത്തുകൂടാൻ സാധിക്കാതെ വന്നാൽ അയാൾ എന്താണ് ചെയ്യേണ്ടത് എന്നതാണ് അദ്ദേഹം നമുക്ക് വ്യക്തമാക്കിത്തന്നത്. അതുകൊണ്ടുതന്നെ കൃത്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ വീടുകളിൽ വെച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാം എന്ന് അനസ് ബ്ൻ മാലിക് (റ) വിൻ്റെ പ്രവർത്തി മുൻനിർത്തിക്കൊണ്ട് തന്നെ മനസ്സിലാക്കാം. അതുകൊണ്ടുതെന്നേ ശൈഖ് അബ്ദുല്ലാഹ് ഖുനൈൻ (ഹ) യുടെ ഈ വിഷയത്തിലെ നിലപാട് അംഗീകരിക്കാൻ സാധിക്കുകയില്ല. അല്ലാഹു അദ്ദേഹത്തിൻ്റെ സദുദ്ദേശത്തിന് തക്കതായ പ്രതിഫലം നൽകട്ടെ. അദ്ദേഹത്തേക്കാൾ ഏറെ മുതിർന്ന ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് തന്നെ ഈ വിഷയത്തിൽ അദ്ദേഹത്തോട് വിയോജിക്കുന്നു എന്നത് സൂചിപ്പിച്ചുവല്ലോ. 

ഇനി മുൻകാല ഇമാമീങ്ങളിൽ പലരും ഈ വിഷയം പറഞ്ഞിട്ടുണ്ട്. വിദൂരപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വസിക്കുന്നവർ, അവർ അവിടെ ഒരുമിച്ച് കൂടി പെരുന്നാൾ നമസ്‌കാരം നിർവ്വഹിച്ചുകൊള്ളട്ടെ എന്ന് മഹാനായ ഇക്‌രിമഃ (റ) യിൽ നിന്നും ഇമാം ബുഖാരി (റ) തൻ്റെ സ്വഹീഹിൽ ഉദ്ധരിച്ചിട്ടുണ്ട്. 

രണ്ടാമത്തെ വാദം:

 അദാഉം   أدء അതുപോലെ ഖളാഉം  قضاء തമ്മിൽ വ്യത്യാസമുണ്ട്. അഥവാ പെരുന്നാൾ നമസ്‌കാരം നഷ്ടപ്പെട്ട ഒരു വ്യക്തി അത് വീട്ടുന്നതും, പെരുന്നാൾ നമസ്‌കാരം പൊതുവായി നടക്കാത്ത സാഹചര്യത്തിൽ വീട്ടിൽ വെച്ച് നിർവഹിക്കാം എന്നതും തമ്മിൽ വ്യത്യാസമുണ്ട് എന്നതാണ് മറ്റൊരു  വാദം. അതും ശരിയല്ല കാരണം قضاء അനുവദിക്കപ്പെടുന്നത് കൃത്യമായ കാരണങ്ങൾ ഉള്ളതുകൊണ്ടാണ്. ആ കാരണങ്ങൾ അദാഇന് തടസ്സമായി വരുമ്പോൾ അവിടെ അദാഅ് അപ്രകാരം നിർവഹിക്കണമെന്നത് കൂടുതൽ ബലപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല ബുഖാരി ഉദ്ദരിച്ച ഇക്‌രിമഃ (റ)യുടെ വാക്കുകൾ നമ്മൾ പരിശോധിച്ചാൽ വിദൂരപ്രദേശങ്ങളിലും അതുപോലെ അകലങ്ങളിൽ കൃഷിയിടങ്ങളിലുമുള്ള ആളുകൾ അവർ പെരുന്നാൾ നമസ്‌കാരം അവിടെ ഖളാ ആയി നിർവഹിക്കുക എന്നല്ല, أداء ആയിത്തന്നെ നിർവഹിക്കുക എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്  എന്ന് മനസിലാക്കാം. ഏതായാലും മുകളിൽപ്പറഞ്ഞ സ്വഹാബിമാർ ചെയ്‌തത്‌ തെളിവാക്കാൻ സാധിക്കില്ല എന്ന കാരണത്തെക്കാൾ കുറച്ച് കൂടി ബലമുള്ള ഒരഭിപ്രായമാണ് ഇത്.

 ഇവിടെ قضاء ആയി വീടുകളിൽ വെച്ച് നമസ്‌കരിക്കാം എന്നുവന്നാൽ പിന്നെ പെരുന്നാൾ നമസ്‌കാരത്തിനായി തീർത്തും ഒത്തുകൂടാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ അവിടെ അവർക്ക് വീടുകളിൽ വെച്ച് അത് നമസ്‌കരിക്കാം എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. അതിനുള്ള തെളിവ് അല്ലാഹു തആല പറയുന്നു: 

فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ

"നിങ്ങൾ കഴിവിൻ്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കുക" - [തഗാബുൻ: 16]. 

അതുപോലെ റസൂൽ കരീം (സ) പറഞ്ഞു: 

إِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ

"ഞാൻ നിങ്ങളോട് ഒരുകാര്യം കല്പിച്ചാൽ കഴിവിൻ്റെ പരമാവധി നിങ്ങളത് പൂർത്തീകരിക്കുക" - [സ്വഹീഹുൽ ബുഖാരി: 7288 സ്വഹീഹ് മുസ്‌ലിം: 1337].    

അഥവാ അല്ലാഹുവും റസൂലും ഒരു കാര്യം കല്പിച്ചാൽ കഴിവിൻ്റെ പരമാവധി അത് നിർവഹിക്കാൻ പരിശ്രമിക്കണം എന്നർത്ഥം. അതുകൊണ്ടുതന്നെ പെരുന്നാൾ നമസ്‌കാരം പൊതുവായി ഒത്തുകൂടി നിർവഹിക്കാൻ സാധിച്ചാൽ അപ്രകാരം ചെയ്യണം. അപ്രകാരം ചെയ്യാൻ സാധിക്കാതെ വന്നാൽ പിന്നെ വീടുകളിൽ വെച്ച് നിർവഹിക്കാമോ എന്നത് മുൻഗാമികളാരെങ്കിലും അത് നമുക്ക് കാണിച്ച് തന്നിട്ടുണ്ടോ എന്നതിനെ അപേക്ഷിച്ചിരിക്കും. ഇവിടെയാണ് അനസ് (റ) വീട്ടിൽ വെച്ച് നമസ്‌കരിച്ച് കാണിച്ചുതന്നു എന്നത് പ്രസക്തമാകുന്നത്. ന്യായമായ കാരണം ഉണ്ടെങ്കിൽ വീട്ടിൽ വെച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാം എന്ന് അദ്ദേഹത്തിൻ്റെ പ്രവർത്തിയിൽ നിന്നും  മനസ്സിലാക്കാം.  മാത്രമല്ല കർമ്മശാസ്ത്രത്തിലെ അടിസ്ഥാനപരമായ ഒരു തത്വമാണ്: 

ما لا يدرك كله لا يترك كله
ഒരുകാര്യം പൂർണമായി സാധ്യമാകാതെ വന്നാൽ അത് പൂർണമായി ഉപേക്ഷിക്കണം എന്നർത്ഥമാക്കുന്നില്ല. 

അതുകൊണ്ടാണ് ശൈഖ് സുലൈമാൻ റുഹൈലി (ഹ) പറഞ്ഞത് ആളുകൾക്ക് തീർത്തും ഒത്തുകൂടാൻ സാധിക്കാതെ വരുമ്പോൾ വീടുകളിൽ വെച്ച് നിർവഹിക്കുക എന്നത് ഒന്നുകൂടെ ബലപ്പെടുകയാണ് ചെയ്യുന്നത് എന്ന്. 

അപ്പോൾ ചില സഹോദരങ്ങൾ ചോദിക്കുന്നത് അങ്ങനെയെങ്കിൽ എന്തുകൊണ്ട് ജുമുഅ നമസ്കാരം നിങ്ങൾ വീടുകളിൽ നിർവഹിക്കുന്നില്ല എന്നാണ്. കാരണം ജുമുഅ നടക്കാത്ത സാഹചര്യങ്ങളിൽ ളുഹർ നമസ്കരിക്കുകയാണ് നബി (സ) യും സ്വഹാബത്തും കാണിച്ചുതന്നിട്ടുള്ളത്. വീടുകളിൽവെച്ച് ജുമുഅ നമസ്‌കരിച്ച് മുൻഗാമികളാരും നമുക്ക് മാതൃക കാണിച്ച് തന്നിട്ടില്ല. എന്നാൽ പെരുന്നാൾ നമസ്‌കാരം വീടുകളിൽ നിർവഹിച്ച് സ്വഹാബാക്കൾ മാതൃക കാണിച്ചുതന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ശറഇയായ കാരണങ്ങൾ ഉണ്ടെങ്കിൽ വീടുകളിൽ വെച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാം.   

ഏതായാലും ഇതൊരു പ്രത്യേക സാഹചര്യമാണ്. ഈ വിഷയത്തിൽ അഭിപ്രായഭിന്നതകളോ ചർച്ചകളോ ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. എന്നാൽ മുസ്‌ലിം ഉമ്മത്തിൻ്റെ പൊതുവിഷയമായതിനാലും അനാവശ്യ വിവാദങ്ങളും വിഭാഗീയതയും ഒഴിവാക്കുക. ഏതായാലും ഈ വിഷയത്തിൽ കൂടുതൽ പണ്ഡിതസഭകളും കിബാറുൽ ഉലമയും വരും ദിവസങ്ങളിൽ കൂടുതൽ വിശദീകരണം നൽകുമെന്ന് നമുക്ക് മനസ്സിലാക്കാം.കേവലം നമ്മുടെ നാട്ടിലെ ഒരു വിഷയമല്ല , മറിച്ച് മുഴുവൻ ലോക മുസ്‌ലിംകളെയും ബാധിക്കുന്ന ഒരു വിഷയമാകയാൽ ഒറ്റക്കൊറ്റക്ക് അഭിപ്രായപ്രകടനം നടത്തുന്നതിനേക്കാൾ പണ്ഡിതസഭകളും, അതുപോലെ ഗ്രാൻഡ് മുഫ്തിയും ഒക്കെ  പ്രമാണബദ്ധമായ നിലപാടിൽ നിൽക്കുക എന്നതാണ് ശരിയെന്നാണ് എൻ്റെ പക്ഷം. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.. 

ഈ വിഷയത്തിൽ ഈയുള്ളവൻ സംസാരിച്ച മൂന്ന് വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു. കൂടുതൽ മനസ്സിലാക്കാൻ അവ കാണുക: 

1- പെരുന്നാൾ നമസ്കാരത്തിൻ്റെരൂപം : https://www.youtube.com/watch?v=vmGXaZw7ZsA   

2- ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ പെരുന്നാൾ നമസ്കാരമാകാം: https://www.youtube.com/watch?v=bbZk_xb4Q9s

3- വീട്ടിൽ വെച്ചുള്ള പെരുന്നാൾ നമസ്‌കാരം ഉലമാക്കൾ എന്ത് പറയുന്നു : https://www.youtube.com/watch?v=HKU05NemnaQ

അല്ലാഹു അനുഗ്രഹിക്കട്ടെ ..... 


അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്  പി. എൻ