നമ്മുടെ നാട്ടിലൊക്കെ നിലവിലുള്ള സാധാരണ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് ഇസ്‌ലാമികമായി നിഷിദ്ധമാണ് അത് നേരത്തെ നമ്മള്‍ വിശദീകരിച്ചതാണ്.
ലേഖനം 1 : ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത് ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?.
ലേഖനം 2 : ചരക്ക്, വാഹനം, ഷോപ്പ് തുടങ്ങിയവക്ക് ഇന്‍ഷുറന്‍സ് അനുവദനീയമോ ? - ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).
ഇനി ഇസ്‌ലാമികമായ ഇന്‍ഷുറന്‍സ് സംവിധാനത്തെ സംബന്ധിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. അപകടാവസ്ഥയില്‍ അതിന്‍റെ പ്രഹരത്തെ ഒരാള്‍ മാത്രം അനുഭവിക്കുന്നതില്‍ നിന്നും മാറി, കൂട്ടമായി അതിനെ നേരിടുന്ന രൂപം ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. മനപ്പൂര്‍വമല്ലാതെ സംഭവിക്കുന്ന നരഹത്യയുടെ നഷ്ടപരിഹാരം വ്യക്തിയില്‍ നിന്നല്ല, അയാളുടെ 'അസ്വബയില്‍' നിന്നും അഥവാ അയാളുടെ അനന്തരാവകാശികളാവാന്‍ സാധ്യതയുള്ള പുരുഷന്മാരില്‍ ഓരോരുത്തരുടെയും വരുമാനമനുസരിച്ച് കോടതി ഈടാക്കുകയാണ് ചെയ്യുക എന്നത് അതിനൊരുദാഹരണമാണ്. കാരണം മനപ്പൂര്‍വമല്ലാത്ത തന്‍റെ വീഴ്ച കൊണ്ട് മറ്റൊരാളുടെ മരണം സംഭവിക്കുക എന്നുള്ളത് ആരില്‍ നിന്നും സംഭവിച്ചു പോയേക്കാവുന്ന ഒരു കാര്യമാണ്. അതിന്‍റെ നഷ്ടപരിഹാരം ഒരാള്‍ തന്നെ വഹിക്കുമ്പോള്‍ അത് താങ്ങാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അതിന്‍റെ നഷ്ടപരിഹാരം അയാളുടെ മേല്‍ മാത്രം ബാധകമാക്കാതെ അയാളുടെ കുടുംബത്തില്‍ വരുമാനമുള്ള പുരുഷന്മാരുടെ മേല്‍ ബാധ്യതയാക്കിയത്. ഇത് അപകടത്തെ കൂട്ടമായി നേരിടുന്നതിനുള്ള, അഥവാ റിസ്ക് ഷേറിംഗിനുള്ള ഒരു ഉദാരഹണമാണ്. സംഭവിക്കാനിടയുള്ള അപകടത്തിന്‍റെ ആഘാതത്തില്‍ നിന്നും ഒരാള്‍ക്ക് ആശ്വാസം നല്‍കുക എന്നതാണല്ലോ 'ഇന്‍ഷുറന്‍സ്' എന്ന പദത്തിന്‍റെ അര്‍ത്ഥം. അതുകൊണ്ടുതന്നെ മനപ്പൂര്‍വമല്ലാതെ സംഭവിക്കുന്ന വീഴ്ചകളാല്‍ ഉണ്ടാകുന്ന നഷ്ടപരിഹാരത്തുക കുടുംബത്തിന്‍റെ ബാധ്യതയാക്കിയത് ഒരു തരത്തില്‍ ഇസ്‌ലാമികമായ ഇന്‍ഷുറന്‍സ് സംവിധാനമാണ്.
ഇനി ഇന്ന് നിലവിലുള്ള ചൂതാട്ടത്തില്‍ അധിഷ്ടിതമായ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ക്ക് പകരമായും ഇസ്‌ലാമികമായ സംവിധാനങ്ങളുണ്ട്. അപകട സാധ്യതയെ എങ്ങനെ നിഷിദ്ധങ്ങള്‍ കടന്നുവരാത്ത രൂപത്തില്‍ എങ്ങനെ കൂട്ടമായി നേരിടുംഎന്നതാണ് 'ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്' സംവിധാനം എന്നതിലൂടെ നമ്മള്‍ അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ 'തകാഫുല്‍' അഥവാ 'സഹകരണ ഇന്‍ഷുറന്‍സ്' സംവിധാനം എന്നോ 'സഹകരണ സഹായ നിധി' എന്നോ അതിനെ വിളിക്കാം.
നബി (സ) യുടെ കാലത്ത് സ്വഹാബത്തിനിടയില്‍ നിലനിന്നിരുന്ന ഒരു മാതൃകയുണ്ട്:
عن أبي موسى رضي الله عنه قال : قال النبي صلى الله عليه
وسلم: " إِنَّ الأَشْعَرِيِّينَ إِذَا أَرْمَلُوا فِي الغَزْوِ، أَوْ قَلَّ
طَعَامُ عِيَالِهِمْ بِالْمَدِينَةِ، جَمَعُوا مَا كَانَ عِنْدَهُمْ فِي ثَوْبٍ
وَاحِدٍ، ثُمَّ اقْتَسَمُوهُ بَيْنَهُمْ فِي إِنَاءٍ وَاحِدٍ بِالسَّوِيَّةِ،
فَهُمْ مِنِّي وَأَنَا مِنْهُمْ ".
അബൂ മൂസ അല്‍അശ്അരി (റ) പറഞ്ഞു: നബി (സ) പറഞ്ഞു: "അശ്അരീ ഗോത്രക്കാര്‍, അവര്‍ക്ക് യുദ്ധത്തില്‍ പാപ്പരാകുകയോ, മദീനയില്‍ അവരുടെ സന്താനങ്ങള്‍ക്കുള്ള ഭക്ഷണത്തിന് ക്ഷാമം നേരിടുകയോ ചെയ്‌താല്‍, അവരുടെ ഓരോരുത്തരുടെയും കൈവശമുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും ഒരു വിരിപ്പില്‍ ഒരുമിച്ച് കൂട്ടും. ശേഷം (ആളോഹരി അനുസരിച്ച്) ഒരേ പാത്രത്തില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. അതുകൊണ്ടുതന്നെ അവരെന്നില്‍പ്പെട്ടവരും ഞാന്‍ അവരില്‍പ്പെട്ടവനുമാണ്" - [ബുഖാരി : 2486].ഗോത്രം ഭക്ഷ്യക്ഷാമം നേരിടുമ്പോള്‍ അതിനെ ഒറ്റക്കെട്ടായി തരണം ചെയ്യാന്‍ അബൂ മൂസ അല്‍അശ്അരി (റ) വിന്‍റെ കുടുംബം ചെയ്തിരുന്ന ഒരു പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കുകയും ജനകീയമാക്കുകയും അത് നടപ്പിലാക്കാന്‍ പ്രേരിപ്പിക്കുകയുമാണ് റസൂല്‍ (സ) ഈ ഹദീസില്‍ ചെയ്തത്. ആ പ്രവര്‍ത്തി കാരണത്താല്‍ത്തന്നെ 'ഞാന്‍ അവരിപ്പെട്ടവാനാണ്' നബീ കരീം (സ) പറഞ്ഞുവെങ്കില്‍ അതവര്‍ക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസയാണ് എന്നതില്‍ സംശയമില്ല.
ഇനി അവര്‍ നടപ്പിലാക്കിയ രീതി നമുക്കൊന്ന് പഠനവിധേയമാക്കാം. ഗോത്രം ഒന്നടങ്കം ഭക്ഷ്യക്ഷാമം നേരിടുമ്പോള്‍ അവരില്‍ ചില കുടുംബങ്ങള്‍ അങ്ങേയറ്റം ക്ഷാമത്തിലാകും, ചില കുടുംബങ്ങളുടെ പക്കലാകട്ടെ തങ്ങള്‍ക്ക് ആവശ്യമുള്ളതിലധികം ഭക്ഷണമുണ്ടാവുകയും ചെയ്യും. അതെല്ലാം ഒരുമിച്ച് കൂട്ടി ആളുകളെ എണ്ണത്തിനനുസരിച്ച് ഓരോ കുടുംബത്തിനും തുല്യമായി വീതിക്കുമ്പോള്‍ ഭക്ഷ്യക്ഷാമം ചില കുടുംബങ്ങളിലെങ്കിലും ഉണ്ടാക്കിയേക്കാവുന്ന കഠിനമായ ആഘാതത്തെ ഒരുമിച്ച് നേരിടാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇതുപോലെത്തന്നെയാണ് 'തകാഫുല്‍' അഥവാ 'ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്' സംവിധാനവും.
ഉദാ: ഒരു കുടുംബത്തിലെയോ, ഒരു നാട്ടിലെയോ ആളുകള്‍ ചേര്‍ന്ന്, രോഗങ്ങള്‍ കാരണം അവര്‍ക്ക് ഉണ്ടായേക്കാവുന്ന ആഘാതത്തെ തടുക്കാന്‍ ഒരു തകാഫുല്‍ സംവിധാനം രൂപീകരിക്കുന്നു. ഒരു വര്‍ഷം ഒരു നിശ്ചിത വിഹിതം ദാനമെന്നോണം അംഗങ്ങള്‍ അതില്‍ നിക്ഷേപിക്കുന്നു. അതില്‍നിന്നും രോഗബാധിതരാകുന്നവര്‍ക്ക് ചികിത്സാസഹായം നല്‍കുന്നു. ഓരോരുത്തരും നല്‍കുന്ന വിഹിതത്തിന്‍റെ ഒരു നിശ്ചിത ശതമാനം (6 to 10 %) അഥവാ അവര്‍ മുന്‍കൂട്ടി തീരുമാനിച്ച ഒരു വിഹിതം അതുമായി ബന്ധപ്പെട്ട ജോലിക്കാര്‍, ഓഫീസ് തുടങ്ങി അഡ്മിനിസ്ട്രേഷന്‍ ചിലവുകള്‍ക്ക് ഉപയോഗിക്കാം. ഫണ്ടിലെ പണം അവസാനിക്കുന്നത് വരെയാണ് ചികിത്സാസഹായം നല്‍കുക. അംഗങ്ങള്‍ കൂടുമ്പോള്‍ ഫണ്ട് സുലഭമായിരിക്കും. ചികിത്സാസഹായം നല്‍കിയതിന് ശേഷവും മിച്ചം വരുന്ന സംഖ്യ നിര്‍ധനരായ രോഗികളെ സഹായിക്കാനോ, മറ്റു സല്‍പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാം. അതല്ലെങ്കില്‍ ബാക്കിയുള്ള പണം ഓരോ അംഗങ്ങള്‍ക്കും വിഹിതം വെച്ചതിനുശേഷം പുതിയ വര്‍ഷത്തിലേക്ക് അതിന്‍റെ ബാക്കി തുക അവര്‍ അടച്ചാല്‍ മതി എന്ന രൂപത്തിലും അത് വിനിയോഗിക്കാം. സാധാരണ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സിലേതു പോലെ മിച്ചം വരുന്ന തുക മുഴുവനും ഇന്‍ഷുറന്‍സ് സംവിധാനം നടത്തുന്ന കമ്പനിയോ, വ്യക്തിയോ അടിച്ചെടുക്കുന്ന രീതി ഇവിടെയില്ല. അതുകൊണ്ടുതന്നെ ഇത് ചൂതാട്ടത്തില്‍ അതിഷ്ടിതമല്ല. മറിച്ച് പരസ്പര സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിലനില്‍ക്കുന്നത്.
ഇതിന്‍റെ ഒരുദാഹരണം ഒന്നുകൂടി ആവര്‍ത്തിക്കാം:
5000 കുടുംബങ്ങള്‍ ചേര്‍ന്ന് തകാഫുല്‍ സംവിധാനം നടപ്പാക്കുന്നു:
ഒരു കുടുംബത്തിന്‍റെ ഒരു വര്‍ഷത്തെക്കുള്ള വരിസംഖ്യ : 1000 രൂപ.
അപ്പോള്‍ ഒരു വര്‍ഷത്തെ ഫണ്ട് വരുമാനം : 5000000 അഥവാ അന്‍പത് ലക്ഷം.
അതില്‍ നിന്നും (10%) പത്ത് ശതമാനം, സംവിധാനത്തിനാവശ്യമായ ജോലിക്കാരുടെയും മറ്റു ചിലവുകളുടെയും ഇനത്തില്‍ നല്‍കിയാല്‍:
5000000- 500000 = 4500000 അഥവാ ബാക്കി നാല്പത്തഞ്ച് ലക്ഷം.
അതുപോലെ ഒരു (50%) അന്‍പത് ശതമാനം അഥവാ (2500000) ഇരുപത്തഞ്ചു ലക്ഷം അംഗങ്ങളില്‍ നിന്നും രോഗബാധിതരായവര്‍ക്ക് ചികിത്സക്കായി നല്‍കി എന്ന് കരുതുക: 4500000-2500000 = 2000000 അഥവാ ഈ കണക്കനുസരിച്ച് ഇരുപത് ലക്ഷം വാര്‍ഷിക ഇനത്തില്‍ ബാക്കിയുണ്ട്. അത് നേരത്തെയുള്ള ധാരണപ്രകാരം പാവപ്പെട്ട രോഗികളെ സഹായിക്കാനോ, പൊതു ആരോഗ്യ സമരംഭങ്ങള്‍ക്കോ ഉപയോഗിച്ചാല്‍ ഒരുപാട് പേര്‍ക്ക് സാന്ത്വനമേകാന്‍ സഹായകമാകുകയും ചെയ്യും. ഇതാണ് ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സംവിധാനത്തിന്‍റെ അഥവാ തകാഫുലിന്‍റെ രീതി. ശറഇയ്യായ നിഷിദ്ധങ്ങള്‍ കടന്നുവരാത്തതോടൊപ്പം, രോഗങ്ങള്‍ വ്യക്തികള്‍ക്ക് മേല്‍ ഏല്‍പിക്കാന്‍ സാധ്യതയുള്ള സാമ്പത്തിക ആഘാതങ്ങളെ ഒറ്റക്കെട്ടായി നേരിടാനും, മിച്ചം വരുന്ന സംഖ്യ മറ്റു നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കുമെന്നത് ഈ സംരംഭത്തിന്‍റെ പ്രത്യേകതയാണ്.
കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ നിന്നും ഒരുപാട് വ്യത്യാസങ്ങള്‍ 'ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്' സംവിധാനത്തിനുണ്ട്. ആ വിത്യാസങ്ങളില്‍ ചിലത് ഇവിടെ വ്യക്തമാക്കാം:
ഒന്ന് : ചൂതാട്ടം കടന്നുവരുന്നില്ല. കാരണം നല്‍കുന്ന പണം മിച്ചം വന്നാല്‍ ഒരു വ്യക്തിക്കോ കമ്പനിക്കോ പോകുന്നില്ല. മറിച്ച് അത് ആ സംവിധാനത്തില്‍ത്തന്നെ ബാക്കിയാകും. സാധാരണ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സില്‍, കമ്പനിയും ഉപഭോക്താവും തമ്മിലുള്ള ഒരു ഭാഗ്യ പരീക്ഷണം ആണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. ഞാന്‍ കമ്പനിക്ക് ആയിരം രൂപ നല്‍കുന്നു. അപകടം സംഭവിച്ചില്ലെങ്കില്‍ ആ പണം കമ്പനിക്ക്. അപകടം സംഭവിച്ചാല്‍ അടച്ച പണവും അതില്‍ കൂടുതലും എനിക്ക്. ഇത് ചൂതാട്ടമാണ്. എന്നാല്‍ ഇസ്‌ലാമിക സംവിധാനം പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള സംവിധാനമാണ്. അംഗങ്ങള്‍ എല്ലാവരും ദാനമായി നിശ്ചിത വിഹിതം നല്‍കുന്നു. ജോലിക്കാര്‍ക്കും, അഡ്മിനിസ്ട്രേഷന്‍ സംവിധാനങ്ങള്‍ക്കും സാധാരണ നിലക്ക് ചിലവാകുന്ന സംഖ്യ കഴിച്ച് ബാക്കിയുള്ള പണം സംവിധാനത്തില്‍ നിലനില്‍ക്കുന്നു. ഒരു ഭാഗ്യ പരീക്ഷണത്തിന്‍റെ സാഹചര്യം അതിലില്ല. മിച്ചം വരുന്ന സംഖ്യ അംഗങ്ങള്‍ക്ക് തുല്യമായി വിഹിതം വെച്ച് നല്‍കാനോ, മറ്റു സല്‍കര്‍മ്മങ്ങള്‍ക്കോ പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ മിച്ചം വരുന്ന സഖ്യ വ്യക്തികളും, കമ്പനികളും, ആ കമ്പനികള്‍ക്ക് മുകളിലുള്ള വലിയ ഇന്‍ഷുറന്‍സ് കമ്പനികളും പങ്കിട്ടെടുക്കുന്നു. അഥവാ ഒരു ഉപജാപക സംഘം അത് അനര്‍ഹമായി ഭുജിക്കുന്നു എന്നര്‍ത്ഥം.
രണ്ട്: ചൂതാട്ടത്തില്‍ അധിഷ്ടിതമായ സംവിധാനം ആയത്കൊണ്ട് തന്നെ 'കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ്' സംവിധാനത്തില്‍ നിക്ഷേപിക്കപ്പെട്ട പണം തീര്‍ന്നാല്‍ പോലും അംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതായത് ഇന്‍ഷുറന്‍സ് കമ്പനിയുടെ കയ്യിലുള്ള പണം തീര്‍ന്നാല്‍ പോലും പോളിസി എടുത്തവര്‍ക്ക് സഹായം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍, അതിലും വലിയ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇന്‍ഷൂര്‍ ചെയ്തിരിക്കണം എന്ന നിയമം നിലവിലുള്ളത്. എന്നാല്‍ സഹകരണ സംവിധാനം ആയതുകൊണ്ടുതന്നെ ലഭ്യമായ ഫണ്ട് തീരുന്നത് വരെ മാത്രമേ ഇസ്‌ലാമിക സംവിധാനത്തില്‍ നിന്നും അംഗങ്ങള്‍ക്ക് പണം ലഭിക്കുകയുള്ളൂ. അതായത് അപകടം സംഭവിച്ചാല്‍ നിങ്ങള്‍ നല്‍കിയതിനേക്കാള്‍ പണം നിങ്ങള്‍ക്ക് തിരിച്ച് നല്‍കും എന്ന ഒരുറപ്പ് ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സംവിധാനം നല്‍കുന്നില്ല. അപ്രകാരം ഉറപ്പ് നല്‍കുന്ന വ്യവസ്ഥ പലിശയാണ് എന്ന് മുകളില്‍ സൂചിപ്പിച്ച ലേഖനങ്ങളില്‍ പ്രതിപാദിക്കപ്പെട്ടതാണല്ലോ. അഥവാ ഇത് തീര്‍ത്തും ഒരു സഹായ സഹകരണ സംവിധാനമാണ്. ഒരിക്കലും ലാഭക്കൊതിയോ, അന്യായമായ നേട്ടങ്ങളോ ആഗ്രഹിച്ചുകൊണ്ടുള്ള ഒരു സംവിധാനമല്ല.
മൂന്ന്‍: ഗവര്‍ന്മെമെന്‍റ് തലത്തില്‍ ഇത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറും, കേന്ദ്ര സര്‍ക്കാറുമൊക്കെ തയ്യാറായാല്‍, വളരെ പ്രയോജനകരമായ രീതിയില്‍ ഇത് നടപ്പാക്കാന്‍ സാധിക്കും. അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് അപകട സാധ്യത കുറയുകയും പണം മിച്ചം വരുകയും ചെയ്യും എന്നാതാണല്ലോ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ വിജയിക്കുന്നതിലുള്ള തത്വം. തകാഫുല്‍ സംവിധാനങ്ങള്‍ നിലവില്‍ വന്നാല്‍ മിച്ചം വരുന്ന സംഖ്യ സര്‍ക്കാരിന് മറ്റു പൊതുക്ഷേമത്തിന് ഉപയോഗിക്കുകയുമാവാം.
ഉദാ: വാഹന ഇന്‍ഷുറന്‍സ് സംവിധാനം, 'തകാഫുല്‍' അഥവാ പരസ്പര സഹകരണ സംവിധാനത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയാല്‍, അതില്‍നിന്നും മിച്ചം വരുന്ന സംഖ്യ റോഡ് നന്നാക്കാനും, സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും ഉപയോഗിക്കാം. സ്വാഭാവികമായും തങ്ങള്‍ നല്‍കുന്ന പണം അപകടം സംഭാവിചാലുള്ള ആഘാതം കുറക്കുന്നതോടൊപ്പം, അതില്‍ നിന്നും മിച്ചം വരുന്ന സംഖ്യ ജനങ്ങളിലേക്ക് തന്നെ എത്തുന്നു എന്ന് മനസ്സിലാക്കിയാല്‍ ആളുകള്‍ എല്ലാം ഈ സംവിധാനത്തെ മാത്രമേ ആശ്രയിക്കൂ എന്ന് തീര്‍ച്ച. പക്ഷെ 'കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ്' സംവിധാനത്തിലൂടെ ജനങ്ങളുടെ പണം ഊറ്റിക്കുടിക്കുന്ന ഉപജാപക സംഘങ്ങള്‍ അതിന് നമ്മെ സമ്മതിക്കുമോ എന്ന് കണ്ടറിയണം. ആരോഗ്യ, കാര്‍ഷിക, വ്യവാസായ മേഖലകളില്‍ എല്ലാം ഇത്തരത്തില്‍ 'തകാഫുല്‍' സംവിധാനങ്ങള്‍ കൊണ്ടുവന്നാല്‍ അപകടങ്ങളുടെ ആഘാതത്തെ കുറക്കുന്നതോടൊപ്പം അതൊരു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കും എന്നുറപ്പ്.
നാല്: കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനം ലാഭക്കൊതിയെ ആസ്പദമാക്കി നിലനില്‍ക്കുന്നു. എന്നാല്‍ 'തകാഫുല്‍' സഹകരണ മനോഭാവത്തെയും നാടിന്‍റെ ഉന്നമനത്തെയും ആധാരമാക്കുന്നു.
അഞ്ച്: തന്‍റെ സഹജീവികള്‍ക്ക് ഉപകാരപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ നല്‍കിയ പണമായതിനാല്‍ത്തന്നെ അത് പ്രതിഫലാര്‍ഹാമാണ്. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ യഥാര്‍ത്ഥ ധര്‍മ്മമല്ല സാമ്പത്തിക ഇടപാടാണ് നടക്കുന്നത്. കാരണം നേരത്തെ സൂചിപ്പിച്ച പോലെ പോളിസി എടുത്ത ആള്‍ക്ക് അപകടം സംഭവിച്ചാല്‍ തീര്‍ച്ചയായും കമ്പനി പണം നല്‍കിയിരിക്കണം എന്ന നിബന്ധന അവിടെയുണ്ട്. അപകടം സംഭവിചില്ലെങ്കില്‍ ആ പണം പൂര്‍ണമായും കമ്പനിക്ക് ലഭിക്കുന്നു. എന്നാല്‍ 'തകാഫുല്‍' സംവിധാനത്തില്‍ അങ്ങനെയുള്ള ഒരു സാമ്പത്തിക ഇടപാട് അല്ല നടക്കുന്നത്. അതുകൊണ്ട് തന്നെ സംവിധാനത്തില്‍ പണം ഉള്ളിടത്തോളം അംഗങ്ങള്‍ക്ക് സഹായം ലഭിക്കുന്നു. പണം തീര്‍ന്നാല്‍ തന്‍റെ സഹജീവികളുടെ ആവശ്യത്തിന് അത് നിറവേറ്റപ്പെട്ടു എന്ന ബോധ്യമുള്ളതുകൊണ്ട് ആര്‍ക്കും പരാതിയില്ല. ഇനി പണം മിച്ചം വരുന്നുവെങ്കില്‍ അത് ആരും കൊള്ളയടിക്കുന്നുമില്ല. അത് കൂടുതല്‍ പ്രയോജനകരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് ആ സംവിധാനത്തിന്‍റെ വളര്‍ച്ച സമൂഹത്തിന്‍റെ കൂടി വളര്‍ച്ചയാണ്.
ആറ്: ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് കമ്പനി അംഗങ്ങളുടെ നിക്ഷേപം ഉടമപ്പെടുത്തുന്നില്ല. അവര്‍ക്ക് ലഭിക്കുന്നത് അവരുടെ തൊഴിലിനും, അഡ്മിനിസ്ട്രേഷന്‍ വര്‍ക്കുകള്‍ക്കുമുള്ള നിശ്ചിത വേതനം മാത്രം. ബാക്കി സഹകരണ സംവിധാനത്തിന്‍റെ സ്വത്താണ്. എന്നാല്‍ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ആളുകള്‍ പോളിസി എടുക്കുന്നതോടെ ആ പണം കമ്പനിയുടേതായി മാറുന്നു.
ഏഴ്: കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തിലെ പണം മറ്റു വല്ല വാണിജ്യ മാര്‍ഗങ്ങളിലും വിന്യസിച്ചാല്‍ അതിന് ലഭിക്കുന്ന പണം കമ്പനിക്കാണ്. എന്നാല്‍ ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അതും സഹകരണ സംവിധാനത്തിന്‍റെ വിഹിതമാണ്. കമ്പനിക്ക് അതില്‍ കൈകടത്താന്‍ അനുവാദമില്ല.
എട്ട്: കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനം ശറഇയ്യായി അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. എന്നാല്‍ തകാഫുല്‍ സംവിധാനം ശറഇയ്യായി അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ പരിരക്ഷ നല്‍കുകയുള്ളൂ. ഉദാ: കള്ള് കച്ചവടത്തിന് വ്യവസായ തലത്തിലുള്ള 'ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്' സംവിധാനത്തിനു കീഴില്‍ 'ഇന്‍ഷുറന്‍സ് പരിരക്ഷ' നല്‍കുകയില്ല. അതുപോലെത്തന്നെയാണ് മറ്റു ഹറാമായ കാര്യങ്ങളുടെ വിഷയത്തിലും.
ഇന്‍ ഷാ അല്ലാഹ് ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള പണ്ഡിതന്മാരുടെ ഫത്'വകളും, അതുപോലെ 'ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്' കമ്പനികള്‍ പാലിക്കേണ്ട നിയമ വ്യവസ്ഥകളും അടങ്ങിയ ഭാഗം മറ്റൊരവസരത്തില്‍ എഴുതാം . ഇതില്‍ സൂചിപ്പിച്ച രൂപത്തിലുള്ള 'തകാഫുല്‍' സംവിധാനം ചെറിയ രൂപത്തില്‍ നമുക്ക് നമ്മുടെ കുടുംബങ്ങളിലും, നാട്ടിലും ഒക്കെ നടപ്പാക്കാം ... സര്‍വശക്തനായ അല്ലാഹു തൗഫീഖ് നല്‍കട്ടെ ...