Wednesday, April 3, 2019

മിഅറാജ് നോമ്പ് വസ്തുതയെന്ത് ?. ഇമാമീങ്ങൾ എന്ത് പറയുന്നു ?.الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

ഈയിടെയായി ഒരുപാട് പേർ റജബ് 27 നെ കുറിച്ചും, മിഅറാജ് നോമ്പിനെക്കുറിച്ചുമെല്ലാം ചോദിക്കുകയുണ്ടായി. യഥാർത്ഥത്തിൽ റജബ് മാസവുമായി ബന്ധപ്പെട്ട് വിശദമായ ഒരു ലേഖനം വളരെ മുൻപ് തന്നെ നമ്മൾ എഴുതിയതാണ്. ആ ലേഖനം ഈ ലിങ്കിൽ വായിക്കാം.

(റജബ് മാസത്തിന്‍റെ ശ്രേഷ്ടത - ഉള്ളതും ഇല്ലാത്തതും ഒരു ലഘു പഠനം.
http://www.fiqhussunna.com/2016/05/blog-post_4.html).

ഈ ലേഖനത്തിൽ മിഅറാജ് നോമ്പിനെക്കുറിച്ചും റജബ് ഇരുപത്തിയേഴിനെക്കുറിച്ചും മാത്രമാണ് നാം ചർച്ച ചെയ്യുന്നത്.

www.fiqhussunna.com

കൂടുതൽ മുഖവുരയില്ലാതെ വിഷയത്തിലേക്ക് കടക്കാം. നബി (സ) ഉണ്ടായ വലിയ മുഅജിസത്തുകളിൽ ഒന്നാണ് ഇസ്റാഅ മിറാജ്. എന്നാൽ അത് സംഭവിച്ചത് റജബ് 27 നാണ് എന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടില്ല. ഇനി ആണെങ്കിൽത്തന്നെ  റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലോ, ആ ദിവസം പ്രത്യേകമായി മിഅറാജ് നോമ്പ് എന്ന പേരിൽ നോമ്പ് പിടിക്കലോ നബി (സ) പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപ്രകാരം ചെയ്യൽ മതത്തിൽ കെട്ടിയുണ്ടാക്കപ്പെട്ട ബിദ്അത്തുകളില്‍ പെട്ടതാണ്. റജബ് മാസവുമായി ബന്ധപ്പെട്ട് ആളുകൾ ചെയ്ത് വരുന്ന അനേകം അനാചാരങ്ങളിൽ ഒന്നാണ് അതും.

അനേകം ഇമാമീങ്ങൾ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ഇബ്നു ദഹിയ്യ അൽമാലികി (റ) പറയുന്നു:

وذكر بعض القُصاص أن الإسراء كان في رجب، وذلك عند أهل التعديل والتجريح عين الكذب.اهـ

"ചില കഥാകാരന്മാർ ഇസ്റാഉം മിഅറാജുമുണ്ടായത് റജബിലാണ് എന്ന്
 പറഞ്ഞിട്ടുണ്ട്. എന്നാൽ ഹദീസ് നിദാനശാസ്ത്രത്തിലെ ജറഹ് വ തഅദീലിൻ്റെ പണ്ഡിതന്മാരുടെ പക്കൽ ഇത് സുവ്യക്തമായ കളവായാണ് ഗണിക്കപ്പെടുന്നത്". [أداء ما وجب من وضع الوضاعين في رجب: പേജ്: 110].

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) തന്‍റെ تبيين العجب بما ورد في فضل رجب  അഥവാ 'റജബിന്‍റെ ഫള്'ലുമായി  ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

«لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ»

"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." - [ تبيين العجب بما ورد في فضل رجب - ص9].

മാലിക്കീ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതനായ ഇമാം ഹത്ത്വാബ് അല്‍ മാലിക്കി റഹിമഹുല്ല തന്‍റെ 'മവാഹിബുല്‍ ജലീല്‍ ശര്‍ഹു മുഖ്തസറുല്‍ ഖലീല്‍' എന്ന ഗ്രന്ഥത്തില്‍ വോ: 3 പേജ് 320 ല്‍ ഇമാം ഇബ്നു ഹജറിന്റെ വാക്കുകള്‍ എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല തൻ്റെ വിഖ്യാത ഗ്രന്ഥമായ ഫത്ഹുൽ ബാരിയിൽ ഇസ്റാഉം മിഅറാജുമുണ്ടായത് ഏത് മാസത്തിലാണ് എന്നത് പണ്ഡിതന്മാർക്കിടയിൽ വളരെയധികം അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യമാണ് എന്നും ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) വ്യക്തമാക്കുന്നത് കാണാം [ഫത്ഹുൽ ബാരി: 7/203].

വാട്സാപ്പിലൂടെ ഈയിടെയായി ധാരാളമായി പ്രചരിപ്പിക്കപ്പെട്ട ഒരു ഹദീസാണ്:

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِي ﷺِّ قَالَ: مَنْ صَامَ يَوْمَ السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ شَهْرًا

:അബൂഹുറയ്റ (റ) വിൽ നിന്നും നിവേദനം നബി (സ) പറഞ്ഞു: _ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ  അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തുക. (ഗുൻയ:1/182,ഇഹ്യാ ഉലൂമുദ്ധീൻ  1/324 )

ഈ ഹദീസ് موضوع ആയ അഥവാ കെട്ടിച്ചമയ്ക്കപ്പെട്ട ഹദീസ് ആണ് എന്ന് പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്. റജബിലെ ഏതെങ്കിലും പ്രത്യേക ദിവസങ്ങൾ നോമ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഒരു ഹദീസും സ്വീകാര്യമായി വന്നിട്ടില്ല എന്നു മാത്രമല്ല കെട്ടിച്ചമയ്ക്കപ്പെട്ട ഹദീസുകൾ ആണ് എന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. ഇഹ്യാ ഉലൂമുദ്ദീനിൽ ഇത്തരം കാര്യങ്ങൾ പരാമർശിക്കപ്പെട്ടതുകൊണ്ട് അത് ഉള്ള കാര്യമാണ് എന്ന് ആരും തെറ്റിദ്ധരിച്ചുപോകണ്ട എന്ന ഇമാം നവവിയുടെ ഓർമ്മപ്പെടുത്തൽ ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത് നാം ഉദ്ധരിക്കുന്നുമുണ്ട്.

ഇനി ശാഫിഈ മദ്ഹബിലെ മറ്റൊരു പണ്ഡിതനായ ഇമാം ഇബ്നുൽ അത്വാർ അശ്ശാഫിഈ (റ) പറയുന്നു:

"رجب ليس فيه شيء من ذلك -أي الفضائل-، سوى ما يشارك غيره من الشهور، وكونه من الحرم، وقد ذكر بعضهم أن المعراج والإسراء كان فيه، ولم يثبت ذلك" ا.هـ.

"റജബ് മാസത്തിന് അതൊരു യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമെന്ന നിലക്ക് മറ്റു യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളെപ്പോലെത്തന്നെയുള്ള ഫള്‌ൽ അല്ലാതെ പ്രത്യേകമായ യാതൊരു ശ്രേഷ്ഠതയുമില്ല. ഇസ്റാഉം മിഅറാജുമുണ്ടായത് റജബ് മാസത്തിലാണ് സംഭവിച്ചത് എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല". [حكم صوم رجب وشعبان : പേജ്: 35].


മാത്രമല്ല ഇമാം നവവി (റ) തൻ്റെ ശറഹ് മുസ്‌ലിമിൽ ഇസ്റാഉം മിഅറാജുമുണ്ടായത് റജബിലല്ല എന്ന അഭിപ്രായത്തിനാണ് മുൻഗണന നൽകിയത്. മാത്രമല്ല റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരശേഷം ആഗ്രഹ സഫലീകരണ നമസ്കാരം (صلاة الرغائب) എന്ന പേരിൽ ചിലരുണ്ടാക്കിയ നമസ്കാരത്തെ അദ്ദേഹം നിശിതമായി വിമർശിക്കുകയും അതെ അങ്ങേയറ്റം എതിർക്കപ്പെടേണ്ട ബിദ്അതാണ് എന്നും അത് കെട്ടിച്ചമച്ചവർക്ക് അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചതും ശ്രദ്ധേയമാണ്.

ഇമാം നവവി പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

ഇവിടെ ഇമാം നവവിയുടെ വാക്കുകളിൽ : (ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിൽ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്). എന്ന് അദ്ദേഹത്തിൻറെ പരാമർശം വളരെ ശ്രദ്ധേയമാണ്. റജബ് 27 ആം ദിവസം നോമ്പെടുത്താൽ 60 മാസം നോമ്പെടുത്ത് പ്രതിഫലം ഉണ്ട് എന്ന് പറയുന്ന ഹദീസും ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിൽ തന്നെയാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ആ ഗ്രന്ഥത്തിൽ അത് പരാമർശിക്കപ്പെട്ടു എന്നതുകൊണ്ട് അത് തെളിവ് പറ്റില്ല എന്നർത്ഥം. മറിച്ച് ആ ഹദീസ് കെട്ടിച്ചമയ്ക്കപ്പെട്ടതാണ് എന്ന് നാം വ്യക്തമാക്കിയല്ലോ.
അതുകൊണ്ട് റജബ് മാസവുമായി ബന്ധപ്പെട്ട് ബിദ്അത്തിൻ്റെ വക്താക്കൾ കെട്ടിയുണ്ടാക്കിയ അനാചാരങ്ങളെ സൂക്ഷിക്കുക. അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ച അനേകം സുന്നത്തുകൾ തന്നെ ഉണ്ടായിരിക്കെ ബിദ്അത്തുകളുടെ പിറകെ പോയി പരലോകം നഷ്ടപ്പെടുത്താതിരിക്കുക.
നബി (സ) യോ, സ്വഹാബത്തോ ആരും തന്നെ റജബ് 27 ആഘോഷിച്ചതായോ പ്രത്യേകം സുന്നത്ത് നോമ്പ് എടുത്തതായോ ഒരു സ്വഹീഹായ ഹദീസിലും സ്ഥിരപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അപ്രകാരം ചെയ്യൽ നിഷിദ്ധമാണ്.
മതത്തിൽ പുത്തൻ ആചാരങ്ങൾ ഉണ്ടാക്കൽ വളരെ ഗൗരവപരമാണ്.  നബി (സ) ഇപ്രകാരം പറഞ്ഞു:

من عمل عملا ليس عليه أمرنا فهو رد 


റസൂല്‍ (സ) പറഞ്ഞു: "കല്പനയില്ലാത്ത ഒരുകാര്യം (നമ്മുടെ ഈ മതത്തില്‍) വല്ലവനും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ്" - [ബുഖാരി, മുസ്‌ലിം].

അഥവാ അത് അവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. കാരണം അല്ലാഹുവിന്‍റെ റസൂല്‍ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിചിട്ടില്ലാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അനുഷ്ടിക്കുക വഴി നബി (സ) ദൗത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുംവിധം നബി (സ) അപകീര്‍ത്തിപ്പെടുത്തുകയാണ് അത് ചെയ്യുന്നവർ ചെയ്യുന്നത്.  മിഅ്റാജ് നോമ്പ് അനുഷ്ടിക്കുന്നവരും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. കാരണം അങ്ങനെയൊരു നോമ്പ് നബി (സ) പഠിപ്പിച്ചിട്ടില്ല. അല്ലാഹു നമ്മെ എല്ലാവിധ തിന്മകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ. റജബുമായി ബന്ധപ്പെട്ട് കൂടുതൽ മനസ്സിലാക്കാൻ മുകളിൽ സൂചിപ്പിച്ച ലേഖനം വായിക്കുക. റജബ് മാസവുമായി ബന്ധപ്പെട്ട് കെട്ടിച്ചമക്കപ്പെട്ട ഹദീസുകളെന്ന പേരിൽ പ്രചാരത്തിലുള്ള അനേകം മൗളൂആയ ഹദീസുകളെ സംബന്ധിച്ചും ആ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ ..

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ