Saturday, May 16, 2020

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.



ചോദ്യം: ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.


www.fiqhussunna.com


ഉത്തരം:


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛


ഫിത്വർ സകാത്ത്  ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് നബി (സ) ചര്യ.


عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب


അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: " പ്രവാചകൻ്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് " - [ബുഖാരി, മുസ്‌ലിം]. 

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ (റ) പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി (സ) യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ (സ) ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ (റ) യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു.  

ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 


ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ്  പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും. ഇതോടൊപ്പം സാന്ദർഭികമായി പറയാനുള്ളത് ലോക്ക് ഡൗൺ കാരണത്താലോ മറ്റോ ഭക്ഷണമായി പാവപ്പെട്ടവർക്ക് ഒരുനിലക്കും എത്തിച്ചു നൽകാൻ സാധിക്കാതെ വരുന്ന ഒരു സാഹചര്യമുണ്ടായാൽ അവിടെ പണമായി നൽകുകയോ, അതല്ലെങ്കിൽ പാവപ്പെട്ടവരെ വിളിച്ച് കാര്യം പറയുകയും ശേഷം സൗകര്യപ്പെടുമ്പോൾ അതവർക്ക് എത്തിച്ചുകൊടുക്കുകയോ ചെയ്യാം. കാരണം അതൊരു നിർബന്ധിത സാഹചര്യമാണല്ലോ.

അതുപോലെ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.  പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ  പണം എല്പിക്കുന്നതില്‍ തെറ്റില്ല. 

റസൂലിന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040  കിലോ ഗ്രാം  ആണ്  തൂക്കം  എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ  الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്താണ് നിര്‍വഹിക്കേണ്ടത് എന്ന് മാത്രം. 

അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ (സ) പറഞ്ഞു: " നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്" - അബൂ ദാവൂദ്. 

അല്ലാഹു അനുഗ്രഹിക്കട്ടെ ..
____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ