സാധാരണ പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രൊവൈഡ് ചെയ്യുന്ന കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സുകള്‍ അനിസ്ലാമികമാണ്. എന്നാല്‍ പ്രൈവറ്റ് കമ്പനികള്‍ മുഖേനയല്ലാതെ. ഗവണ്മെമെന്‍റുകള്‍ നേരിട്ട് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് എങ്കില്‍ അത് അനുവദനീയമായ തകാഫുല്‍ ഇന്‍ഷുറന്‍സ് സംവിധാനമായി കണക്കാക്കാവുന്നതാണ്. അഥവാ ഒന്ന് ലാഭം മുന്‍നിര്‍ത്തിയുള്ള ഇടപാടാണ് എങ്കില്‍, മറ്റൊന്ന് പരസ്പര സഹകരണത്തില്‍ അധിഷ്ഠിതമായ പൊതു ഫണ്ടാണ്.
കണ്‍വെന്‍ഷനല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രൊവൈഡ് ചെയ്യുന്ന ഇന്‍ഷുറന്‍സ് സംവിധാനം ഹറാം ആണ് എന്ന് പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്.
ഒന്ന്: അതില്‍ കര്‍മ്മശാസ്ത്ര വിധിപ്രകാരം അതില്‍ ചൂതാട്ടം അടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് സംവിധാനത്തിന്‍റെ പ്രവര്‍ത്തന രീതി മനസ്സിലാക്കിയാല്‍ അത് വ്യക്തമാകും. വരാനിരിക്കുന്ന ഒരപകട സാധ്യത മുന്നില്‍ കണ്ട് അതിന്‍റെ ആഘാതം കുറയ്ക്കുക എന്നതാണല്ലോ ഇന്‍ഷുറന്‍സ് കൊണ്ടുള്ള ലക്ഷ്യം. അതിനായി പോളിസി എടുക്കുമ്പോള്‍ ഒന്നുകില്‍ പോളിസി എടുക്കുന്നയാള്‍ക്ക് അല്ലെങ്കില്‍ കമ്പനിക്ക് നേട്ടം എന്ന രൂപത്തിലാണ് ആ ഇടപാട് നിലനില്‍ക്കുന്നത്.
ഉദാ: കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗം പോകുന്ന ഒരാള്‍ ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നു. താന്‍ സുരക്ഷിതമായി ഡല്‍ഹിയില്‍ എത്തിയാല്‍ ആ ആയിരം രൂപ പോളിസി നല്‍കിയ ഇന്‍ഷുറന്‍സ് കമ്പനിക്ക് ലഭിക്കും. ഇനി തനിക്ക് വല്ല അപകടവും സംഭവിച്ചാല്‍ കമ്പനി നഷ്ടപരിഹാരം നല്‍കണം. ഇവിടെ രണ്ടുപേര്‍ തമ്മില്‍ പണത്തിനായുള്ള ഒരു ഭാഗ്യ പരീക്ഷണം തന്നെയാണിത്. കമ്പനിയുടെ ലക്ഷ്യം അപകടമുണ്ടായില്ലെങ്കില്‍ ആ പണം അവര്‍ക്ക് ലഭിക്കുന്നു എന്നതും. ആ വ്യക്തിയുടെ ലക്ഷ്യം അഥവാ അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്നതും. ഈ രണ്ടു പേരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ ഇടപാട് കൊണ്ട് ലാഭമുണ്ടാകും. അതായത് ഒരാളുടെ പണം മറ്റൊരാള്‍ക്ക് ലഭിക്കും. ഇങ്ങനെ സംഭവിക്കാനും സംഭാവിക്കാതിരിക്കാനും സാധ്യതയുള്ള ഒരു വിഷയത്തില്‍ അടിസ്ഥാനപ്പെടുത്തി പണമിടപാട് നടത്തുന്നത് ചൂതാട്ടമാണ് എന്നത് വിശദീകരിക്കേണ്ട ആവശ്യമുണ്ട് എന്ന് കരുതുന്നില്ല.
ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ വരാനിരിക്കുന്ന ഒരപകട സാധ്യതയെ മുന്‍നിര്‍ത്തി രണ്ടുപേര്‍ ഒരിടപാട് നടത്തുന്നു. ഒന്നാം കക്ഷി രണ്ടാം കക്ഷിക്ക് 1000 രൂപ കൊടുത്തു. വരാനിരിക്കുന്ന ഒരപകടത്തെ മുന്നിര്‍ത്തിയാണ് കരാര്‍. അപകടം സംഭവിച്ചില്ലെങ്കില്‍ പണം രണ്ടാം കക്ഷിക്ക് എടുക്കാം. സംഭവിച്ചാല്‍ ഒന്നാം കക്ഷിക്ക് ആ തുകയേക്കാള്‍ വലിയ നഷ്ടപരിഹാരം നല്‍കണം. രണ്ടാം കക്ഷി ആ റിസ്ക് ഏറ്റെടുത്തത് അഥവാ അപകടം നടന്നില്ലെങ്കില്‍ ആ പണം ലഭിക്കുമെന്ന ഭാഗ്യപരീക്ഷണത്തിലാണ്. ഒന്നാം കക്ഷിയാകട്ടെ ഇനി അഥവാ അപകടം സംഭവിച്ചാല്‍ തനിക്ക് നഷ്ടപരിഹാരമായി കൂടുതല്‍ തുക കിട്ടുമല്ലോ എന്നതാണ് കണക്കാക്കിയത്. ബെറ്റ് വെക്കുന്നപോലെത്തന്നെ. ഇത്തരത്തില്‍ മിച്ചം വരുന്ന തുക അഥവാ സര്‍പ്ലസ് ലാഭിക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത് നടപ്പിലാക്കുന്നത്.
എന്നാല്‍ ഗവണ്മെന്‍റുകള്‍ നേരിട്ട് നടത്തുമ്പോഴും തകാഫുല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് സംവിധാനത്തിലും ആളുകള്‍ നല്‍കുന്ന പണം പൊതു ഫണ്ടായിത്തന്നെ നിലനില്‍ക്കുന്നതിനാല്‍ ഒരു പരസ്പര സഹായ ഫണ്ടായെ നമുക്കതിനെ കാണാന്‍ സാധിക്കൂ.
രണ്ട്: പല പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം കണ്‍വെന്‍ഷനല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ പലിശ അടങ്ങിയിട്ടുണ്ട്. കാരണം താന്‍ ഒരാള്‍ക്ക് നല്‍കുന്ന പണം തിരികെ നല്‍കണം എന്ന് ഒരാള്‍ ആവശ്യപ്പെടുകയാണ് എങ്കില്‍ അത് കര്‍മശാസ്ത്ര വീക്ഷണത്തില്‍ കടമാണ്. തിരികെത്തരണം എന്ന ഉപാതിയോടെ ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കിയ പണത്തിന് പുറമെ മറ്റെന്ത് നല്‍കണമെന്ന് അയാളോട് ഉപാതി വെക്കുകയാണെങ്കിലും അത് പലിശ ഇനത്തില്‍ പെടും. കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ: മുന്‍ധാരണപ്രകാരം നല്‍കിയതില്‍ കൂടുതല്‍ വല്ലതും തിരികെ ഈടാക്കുന്ന എല്ലാ കടവും പലിശയാണ്' എന്നതാണ്. അതിനാല്‍ത്തന്നെ അപകടമുണ്ടാകുന്ന പക്ഷം താന്‍ നല്‍കിയ പണവും അതില്‍കൂടുതലും തിരികെ നല്‍കണമെന്ന ഉപാതിപ്രകാരമുള്ള കരാര്‍ പലിശക്കരാറാകാനിടവരുന്നു. കാരണം ലാഭത്തില്‍ അധിഷ്ഠിതമായ ഒരു കരാറാണല്ലോ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ പരസ്പരം ഉണ്ടാകുന്നത്.
ഇതില്‍പുറമെ ഇനിയും കാരണങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിച്ചതായിക്കാണാം.
ഇന്ത്യയെ പോലെയുള്ള ഇസ്‌ലാമിക ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ നിലവിലില്ലാത്ത രാജ്യങ്ങളിലെ ആളുകള്‍ ഇനിയെന്ത് ചെയ്യും എന്നതാണ് അടുത്ത ചോദ്യം :
ആദ്യമായി നാം മനസ്സിലാക്കേണ്ടത് നേരത്തെ സൂചിപ്പിച്ച പോലെ ഗവണ്മെന്‍റ് നേരിട്ട് നടത്തുന്ന ഇന്‍ഷുറന്‍സ് ആണെങ്കില്‍ അവിടെ ആളുകളെല്ലാം ഒരു പൊതു ഫണ്ടിലേക്ക് പണം നിക്ഷേപിക്കുന്നു. അവരുടെ റിസ്ക് പരസ്പരം പങ്കുവെക്കുന്നു. മിച്ചം വരുന്ന തുക അഥവാ സര്‍പ്ലസ് ആ പൊതു സംവിധാനത്തില്‍ തന്നെ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇവിടെ അത് ലാഭം എന്നതില്‍ നിന്നും മാറി പരസ്പര സഹകരണം എന്നതിലേക്ക് മാറുന്നു. ഒരു നാട്ടിലെ ജനങ്ങള്‍ രൂപീകരിച്ച ഒരു പരസ്പര സഹായനിധി എന്നേ അതിനെ കണക്കാക്കാനാകൂ. അത് അനുവദനീയമാണ്. അത് സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ നേരത്തെ സൂചിപ്പിച്ച പോലെ അനുവദനീയമാകുകയുമില്ല.
അതുകൊണ്ട്സര്‍പ്ലസ് വരുന്ന തുക കമ്പനിക്ക് ലഭിക്കുന്ന രൂപത്തില്‍കണ്‍വെന്‍ഷനല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് പോളിസി എടുക്കല്‍ അനുവദനീയമല്ല.
ഇനി നമ്മുടെ നാടിനെപ്പോലെ പല രാജ്യങ്ങളിലും വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. മറ്റു ചിലയിടങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. അത്തരം സാഹചര്യങ്ങളില്‍ ഭരണകൂടം നേരിട്ട് നടത്തുന്ന പൊതു സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ ആ സംവിധാനങ്ങളിലാണ് നാം പോളിസി എടുക്കേണ്ടത്.
ഇനി പൊതു സംവിധാനങ്ങളോ ഇസ്‌ലാമിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന തകാഫുല്‍ സംവിധാനമോ ഇല്ലെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ ഒരു മുസ്‌ലിം എടുക്കേണ്ട നിലപാട് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്:
ഒന്ന്: നിയമം കൊണ്ടും അധികാരം കൊണ്ടും നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ ഇല്ലെങ്കില്‍ ഒരിക്കലും അനിസ്‌ലാമികമായ ഒരു പോളിസിയിലും അംഗമാകാന്‍ പാടില്ല. അംഗമായവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പോളിസി കേന്‍സല്‍ ചെയ്യണം. ഇതുവരെ അടച്ച പണം നഷ്ടപ്പെട്ടാല്‍ പോലും.
രണ്ട്: നിയമം കൊണ്ട് ഭരണകൂടം നിര്‍ബന്ധിക്കുന്ന ഒന്നാണ് എങ്കില്‍ (ഉദാ: നമ്മുടെ നാട്ടിലെ വാഹന ഇന്‍ഷുറന്‍സ്) അതില്‍ ഏറ്റവും ചുരുങ്ങിയ പോളിസി മാത്രം എടുക്കുക. അഥവാ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം. കാരണം കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഒരാള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അംഗമായാല്‍ത്തന്നെ അടച്ച പണത്തേക്കാള്‍ കൂടുതല്‍ യാതൊന്നും തിരിച്ച് ഈടാക്കാന്‍ ഇസ്‌ലാമികമായി അയാള്‍ക്ക് അനുവാദമില്ല. ഇനി ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കല്‍ ഒരു രാജ്യം നിര്‍ബന്ധമാക്കി എന്നിരിക്കട്ടെ ഇസ്‌ലാമിക സംവിധാനമല്ലെങ്കില്‍ അടച്ച പണത്തെക്കാള്‍ യാതൊന്നും ഈടാക്കാന്‍ അയാള്‍ക്ക് അനുവാദമില്ല. പോളിസിയില്‍ പങ്കാളിയാകാന്‍ തന്നെ അനുവദിക്കപ്പെട്ടത് നിര്‍ബന്ധിത സാഹചര്യം മാത്രം പരിഗണിച്ചുകൊണ്ടാണ്.
കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അംഗമായ ഒരാള്‍ക്ക് പോളിസിയുടെ ഭാഗമായി അടച്ച സംഖ്യയില്‍ കൂടുതല്‍ യാതൊന്നും തന്നെ ഇടാക്കല്‍ അനുവദനീയമല്ല എന്നാണു പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. അപ്രകാരം ചെയ്ത് പോയവര്‍ ഉണ്ടെങ്കില്‍ അവര്‍ തൗബ ചെയ്ത് മടങ്ങണം അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ.
തനിക്ക് മറ്റൊരാളില്‍ നിന്നും അര്‍ഹിക്കുന്ന നഷ്ടപരിഹാരം ഈടാക്കാമോ ?.
ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട്. മറ്റൊരാള്‍ മൂലം തനിക്ക് സംഭവിച്ച കേടുപാടുകള്‍ക്ക് അയാളില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാനുണ്ടെങ്കില്‍, അത് തനിക്ക് നല്‍കുന്നത് അയാളാണോ, അതല്ല അയാള്‍ പങ്കാളിയായ ഇന്‍ഷുറന്‍സ് കമ്പനിയാണോ എന്ന് ഞാന്‍ അന്വേഷിക്കേണ്ടതില്ല. കാരണം ഒരാള്‍ നഷ്ടപരിഹാരത്തുക അര്‍ഹിക്കുന്നവനാണ് എങ്കില്‍ അയാള്‍ക്കത് സ്വീകരിക്കാം. അയാള്‍ അനിസ്‌ലാമികമായ മാര്‍ഗേണയാണ് അത് എനിക്ക് നല്‍കുന്നത് എങ്കില്‍ അതില്‍ അയാളാണ് കുറ്റക്കാരന്‍. ഇനി പോളിസി നിര്‍ബന്ധമാക്കുകയും നഷ്ടപരിഹാരത്തുക കോടതി മുഖാന്തരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ട് ഈടാക്കുകയും ചെയ്യുന്ന നിയമം (തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി പോലെ) ആണ് ഉള്ളതെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ പോളിസി എടുത്തവനെയും കുറ്റക്കാരന്‍ എന്ന് പറയാന്‍ സാധിക്കില്ല.
സംഗ്രഹം: ഇസ്‌ലാമികമായ തകാഫുൽ സംവിധാനം പോലെ ലാഭം ലക്ഷ്യം വെക്കാത്ത എന്നാൽ പരസ്‌പര സഹകരണവും അപകടങ്ങൾ പരസ്‌പരം പങ്കുവെച്ചുകൊണ്ടു അതിൻ്റെ ആഘാതം കുറക്കുക എന്നതും ലക്ഷ്യം വെക്കുന്ന ഗവണ്മെൻറ് നേരിട്ട് നടത്തുന്ന പൊതു ഇൻഷുറൻസ് സംവിധാനങ്ങളിൽ പങ്കാളികളാകാം. നാം അതിലേക്ക് നൽകപ്പെടുന്ന പണം ഒരു പൊതു ഫണ്ടായി ആ സംവിധാനത്തിൽത്തന്നെ നിലനിൽക്കുകയും പങ്കാളികളിൽ നിന്നും അപകടം സംഭവിക്കുന്ന അർഹർക്ക് സഹായം നൽകുകയും ചെയ്യുന്ന പൊതു പദ്ധതികൾ തന്നെയാണ് ഇസ്‌ലാമികമായ തകാഫുൽ സംവിധാനങ്ങളും. അവിടെ ഗവൺമെന്റോ പങ്കാളികളാകുന്ന നമ്മളോ അതിൽ നിന്നും ലാഭം പ്രതീക്ഷിച്ചുകൊണ്ടല്ല, മറിച്ച് അപകടത്തിൻ്റെ ആഘാതം പരസ്പരം പങ്കുവെക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് അനുവദനീയവുമാണ്. എന്നാല്‍ പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലാഭത്തിനായി നടത്തുന്ന കണവന്‍ഷനല്‍ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍ പോളിസി എടുക്കല്‍ അനുവദനീയമല്ല. നിയമം കൊണ്ട് നിര്‍ബന്ധിതരാകുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിക്കപ്പെടുന്ന തോതനുസരിച്ച് മാത്രമേ അത്തരം പോളിസികള്‍ എടുക്കാവൂ.
ഇസ്‌ലാമികമായി അനുവദനീയമായ തരത്തിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിലവിലുണ്ട് അത് എപ്രകാരമാണ് എന്നത് ഈ ലിങ്കിൽ പോയാൽ വായിക്കാം: https://www.fiqhussunna.com/2015/08/blog-post_50.html
ഇനി ഒരു പൊതുഫണ്ട് എന്ന നിലക്ക് അതിൽത്തന്നെ പണം അവശേഷിക്കുന്ന രൂപത്തിൽ ഗവൺമെൻറ് നേരിട്ട് നടപ്പാക്കുന്ന പരസ്‌പര സഹകരണത്തിൽ അധിഷ്ഠിതമായ ഇൻഷുറൻസ് സംവിധാനങ്ങളാണ് എങ്കിൽ അവ അനുവദനീയമായിരിക്കുകയും ചെയ്യും. അത് അവ പരിശോധിച്ച ശേഷമേ നമുക്ക് പറയാൻ സാധിക്കൂ.
അല്ലാഹു അനുഗ്രഹിക്കട്ടെ ....
അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍