Thursday, April 30, 2020

ഭാര്യയുടെ സകാത്ത് ഭർത്താവിന് നൽകാമോ ?.



ചോദ്യം: ഭാര്യയുടെ  സ്വർണ്ണത്തിൻ്റെ സകാത്ത് ഭർത്താവിന് നൽകാമോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഈ ചോദ്യത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്ന് ഒരു ഭാര്യക്ക് തൻ്റെ സകാത്ത്, സകാത്തിന് അർഹനായ ഭർത്താവിന് നൽകിയാൽ അത് വീടുമോ ?. മറ്റൊന്ന് ഭാര്യ നൽകേണ്ടതായ സകാത്ത് ഭർത്താവ് നിർവഹിച്ചാൽ അത് വീടുമോ ?. 


ആദ്യത്തെ ചോദ്യം ഭാര്യക്ക് തൻ്റെ സകാത്ത്, സകാത്തിന് അവകാശിയായ തൻ്റെ ഭർത്താവിന് നൽകാമോ എന്നതാണ്. ഭർത്താവ് അവകാശിയാണ് എങ്കിൽ തീർച്ചയായും നൽകാം എന്നതാണ് അതിനുള്ള മറുപടി. പക്ഷെ ഇവിടെ നാം ശ്രദ്ധിക്കേണ്ടത് നൽകുക എന്ന പ്രക്രിയ അവിടെ നടക്കണം.

 കാരണം പലപ്പോഴും ആളുകൾ ഈ ചോദ്യം ചോദിക്കാറുള്ളത് സാധാരണ ഭാര്യയുടെ സകാത്ത് ഭർത്താവാണ് നൽകി വരാറുള്ളത്. ഇപ്പോൾ ഭർത്താവ് അല്‌പം പ്രയാസത്തിലാണ്. അപ്പോൾ ആ സകാത്ത് ഭർത്താവിന് നൽകി എന്ന് കണക്കാക്കി ആ ബാധ്യത ഒഴിവാക്കുക എന്ന അർത്ഥത്തിലാണ്. ഭർത്താവിന് ആ പണം യഥാർത്ഥത്തിൽ നൽകുന്നില്ല. അത് പാടില്ല. ഭാര്യ തൻ്റെ സകാത്ത്, സാമ്പത്തികമായി പ്രയാസപ്പെടുന്ന തൻ്റെ ഭർത്താവിന് നൽകുന്നുവെങ്കിൽ (إخراج الزكاة) അഥവാ നൽകുക എന്ന പ്രക്രിയ അവിടെ യഥാർത്ഥത്തിൽ നടക്കണം എന്നർത്ഥം. 

ഇനി ഭാര്യയുടെ സകാത്ത് അവകാശിയാണ് എങ്കിൽ ഭർത്താവിന് നൽകാം എന്നതിനുള്ള തെളിവ്: 

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ لما أمر النساء بالصدقة ، جاءت زينب امرأة عبد الله ابن مسعود وقَالَتْ : يَا نَبِيَّ اللَّهِ ، إِنَّكَ أَمَرْتَ الْيَوْمَ بِالصَّدَقَةِ وَكَانَ عِنْدِي حُلِيٌّ لِي ، فَأَرَدْتُ أَنْ أَتَصَدَّقَ بِهِ ، فَزَعَمَ ابْنُ مَسْعُودٍ أَنَّهُ وَوَلَدَهُ أَحَقُّ مَنْ تَصَدَّقْتُ بِهِ عَلَيْهِمْ . فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (صَدَقَ ابْنُ مَسْعُودٍ ، زَوْجُكِ وَوَلَدُكِ أَحَقُّ مَنْ تَصَدَّقْتِ بِهِ عَلَيْهِمْ) .
അബൂ സഈദ്‌ അൽ ഖുദരി (റ) നിവേദനം: നബി (സ) സ്ത്രീകളോട് ദാനധർമ്മം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അബ്ദുല്ലാഹ് ബ്ൻ മസ്ഊദ് (റ) വിൻ്റെ ഭാര്യ സൈനബ് (റ) നബി (സ) യുടെ അരികിൽ വന്നുകൊണ്ടു പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ.. താങ്കൾ ഇന്ന് ദാനധർമ്മം കല്പിച്ചുവല്ലോ, എൻ്റെ കയ്യിൽ എൻ്റെ കുറച്ചാഭരണങ്ങളുണ്ട്. അത് ഞാൻ ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നു. അപ്പോൾ ഇബ്നു മസ്ഊദ് (റ) താനും തൻ്റെ മക്കളുമാണ് അതിനേറ്റവും അർഹർ എന്ന് വാദിച്ചു. അപ്പോൾ നബി (സ) പറഞ്ഞു: "ഇബ്‌നു മസ്ഊദ് പറഞ്ഞത് സത്യമാണ്. നിൻ്റെ ഭർത്താവും മക്കളുമാണ് നിൻ്റെ ദാനധർമ്മം ചെയ്യുന്നവരിൽ വച്ചേറ്റവും അർഹർ". - [സ്വഹീഹുൽ ബുഖാരി: 1462, സ്വഹീഹ് മുസ്‌ലിം: 1000]. 

ഇവിടെ തൻ്റെ സാമ്പത്തികമായ പ്രയാസം കാരണത്താൽ ഭാര്യയുടെ ദാനത്തിന് ഏറ്റവും അർഹൻ താൻ തന്നെയാണ് എന്ന ഇബ്‌നു മസ്ഊദ്  (റ) വിൻ്റെ വാദത്തെ നബി (സ) ശരിവെച്ചത് കാണാം. നിർബന്ധമായ ദാനധർമ്മങ്ങളോ ഐഛികമായ ദാനധർമ്മങ്ങളോ എന്നിങ്ങനെ അതിൽ വ്യത്യാസമില്ല. ഹദീസിൻ്റെ പൊരുൾ നോക്കുമ്പോൾ ഐഛികമായ ദാനധർമ്മമായിരിക്കാം ഇവിടെ പ്രതിപാദിക്കപ്പെട്ട വിഷയമെങ്കിലും അവ പരസ്പരം നബി (സ) വേർതിരിച്ചിട്ടില്ല. അതുകൊണ്ട് എല്ലാ തരം ദാനധർമ്മങ്ങൾക്കും ബാധകമാകും വിധം عام ആയിത്തന്നെ ഈ നിയമം നിലനിൽക്കുന്നു. മാത്രമല്ല ഭർത്താവിന് സകാത്ത് നൽകിയാൽ വീടില്ല എന്ന് മറ്റെവിടെയും പറഞ്ഞിട്ടുമില്ല. സകാത്താണ് നൽകുന്നത് എങ്കിൽ ഭർത്താവ് സകാത്തിന് അർഹനായിരിക്കണം എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്. 


ഇനി രണ്ടാമത്തെ വിഷയം ഭാര്യ നൽകേണ്ടതായ സകാത്ത് ഭർത്താവ് നൽകിയാൽ അത് വീടുമോ എന്നതാണ്.
സകാത്ത് ഓരോ വ്യക്തികൾക്കും ബാധകമാകുന്ന ഒന്നാണ്. ആരുടെ മേലാണോ അത് ബാധകമാകുന്നത് അവരാണ് അനുഷ്ഠിക്കാൻ ബാധ്യസ്തർ. എന്നാൽ ഭാര്യയുടെ അറിവോടെ ആ ബാധ്യത ഭർത്താവ് ഏറ്റെടുത്ത് നിർവഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഭർത്താവ് അപ്രകാരം ചെയ്യാൻ ബാധ്യസ്ഥനാണ് എന്ന് പറയാൻ കഴിയുകയില്ല. സകാത്ത് 'തൗകീൽ' അഥവാ മറ്റൊരാളെ ഏല്പിക്കൽ അനുവദനീയമായ ഒരു ഇബാദത്ത് ആയതുകൊണ്ടുതന്നെ ഭാര്യയുടെ ബാധ്യത വേണമെങ്കിൽ ഭർത്താവിന് ഏറ്റെടുത്ത് അത് നിർവഹിക്കാൻ അവരെ സഹായിക്കാം. ഏതായാലും സ്ത്രീകൾക്ക്  അധികവും ആഭരണങ്ങളുടെയും മറ്റുമൊക്കെ സകാത്താണ് കൂടുതൽ ബാധ്യതയായി ഉണ്ടാകാറ്, അതിൻ്റെ നിസ്വാബ് എത്തിയിട്ടുണ്ടോ, എത്രയാണ് അതിൻ്റെ സകാത്ത് കൊടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ കണക്കാക്കാൻ ഭർത്താക്കന്മാർ അവരെ സഹായിക്കണം. നേരത്തെ സൂചിപ്പിച്ചത് പോലെ അവരുടെ അറിവോടെ അവരുടെ ബാധ്യത നിറവേറ്റിക്കൊടുക്കുകയുമാകാം..

ഇതിനോട് അനുബന്ധമായി വരുന്ന മറ്റൊരു വിഷയമാണ് ഭർത്താവിന് തൻ്റെ സകാത്ത് ഭാര്യക്ക് നൽകാമോ എന്നത്. അത് ഇതിൽ നിന്നും വിഭിന്നമായ ഒരു വിഷയമാണ്. അത് നേരത്തെ നമ്മൾ എഴുതിയിട്ടുണ്ട്. അത് വായിക്കാൻ ഈ ലിങ്കിൽപോകാം : https://www.fiqhussunna.com/2018/06/blog-post_2.html

അല്ലാഹു അനുഗ്രഹിക്കട്ടെ ..
_______________________________


അബ്ദുറഹ്മാൻ അബ്ദുല്തത്തീഫ്  പി. എൻ 




___________________
Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/
Subscribe Fiqhussunna TV on YouTube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw