Tuesday, April 28, 2020

ഭാര്യയുടെ സ്വർണ്ണത്തിൻ്റെ സകാത്ത് നാല് വർഷമായി കൊടുത്തിട്ടില്ല. എന്ത് ചെയ്യും ?.


ചോദ്യം: 2015 ശവ്വാൽ 8 നാണ് എന്റെ വിവാഹം കഴിഞ്ഞത്,ആ സമയത്ത് അവരുടെ ഉപ്പ കൊടുത്തതും,മഹറും ഉൾപ്പെടെ 27 പവൻ സ്വർണ്ണാഭരണങ്ങൾ ഭാര്യയുടെ കയ്യിൽ ഉണ്ടായിരുന്നു, സാമ്പത്തിക പ്രയാസം കാരണം അതാത് വർഷം സക്കാത്ത് കൊടുക്കാൻ സാധിച്ചില്ല, ഇപ്പോൾ വീട് പണിക്ക് വേണ്ടി 17 പവൻ വിറ്റു, വീട് പണി നടക്കാൻ ഉണ്ട്,

വിവാഹ ശേഷം സകാത്തിൻ്റെ വർഷം പൂർത്തിയാക്കുന്നത് മുതൽ  വിൽപ്പന നടത്തിയത് വരെയുള്ള  വർഷങ്ങളിലെ സക്കാത്ത് കൊടുക്കാൻ ഞാൻ ബാധ്യസ്ഥൻ അല്ലേ ?,ഏത് വിതമാണ് ഞാൻ സക്കാത്ത് കൊടുക്കേണ്ടത്...

www.fiqhussunna.com

ഉത്തരം: 


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

2015 ലെ ശവ്വാൽ മാസത്തിൽ ആണല്ലോ ആ സ്വർണ്ണം താങ്കളുടെ ഭാര്യയുടെ കൈവശം വന്നത്. അന്നു മുതൽ അതിൻ്റെ ഹൗൽ ആരംഭിച്ചു. ശേഷമുള്ള ഓരോ ശവ്വാൽ 8 വന്നപ്പോഴും അതിൻ്റെ രണ്ടര ശതമാനം സകാത്ത് ബാധകമായിത്തീർന്നു. സ്വർണ്ണം താങ്കളുടെ ഭാര്യയുടേതാകയാൽ അവർക്കാണ് അത് നൽകേണ്ട ബാധ്യത. അവരുടെ അറിവോടെ വേണമെങ്കിൽ ആ ബാധ്യത താങ്കൾക്ക് ഏറ്റെടുക്കാം എന്ന് മാത്രം. സ്വർണ്ണത്തിൻ്റെ സകാത്ത് പണമായിത്തന്നെ നൽകണം എന്നില്ല സ്വർണ്ണമായി നൽകിയാലും മതിയായിരുന്നു. ആ നിലക്ക് വൈകിപ്പിച്ചത് ശരിയല്ല. അല്ലാഹു പൊറുത്ത് തരട്ടെ .

27 പവൻ സ്വർണ്ണത്തിൻ്റെ സകാത്ത് ഗ്രാമിൽ 2.5% കണക്കാക്കിയാൽ  5.4 ഗ്രാം സ്വർണ്ണമോ തുല്യമായ വിലയോ  ആണ് നൽകേണ്ടത്. അതുകൊണ്ടുതന്നെ കഴിഞ്ഞുപോയ നാല് വർഷങ്ങളുടെ സകാത്ത് കണക്കാക്കി നൽകണം. ഈ വർഷം ശവ്വാൽ 8 വരുമ്പോൾ ശേഷിക്കുന്ന സ്വർണ്ണത്തിന് വീണ്ടും സകാത്ത് ബാധകമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.. 

ഇനി വീട് എടുക്കാൻ താങ്കൾ ആ സ്വർണ്ണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിൽ സകാത്ത് ബാധകമാകുകയില്ല . അല്ലാത്ത പക്ഷം വിറ്റ് പണമായി കൈവശം വച്ചാലും അതിൽ സകാത്ത് ബാധകമായികൊണ്ടിരിക്കും. അല്ലാഹുവിൻ്റെ മാർഗത്തിൽ നൽകുന്ന ധനം താങ്കളുടെ ധനത്തിൽ നിന്നും യാതൊരു കുറവും ഉണ്ടാക്കുകയില്ല, താങ്കൾ അറിയുന്നതോ അറിയാത്തതോ ആയ അനേകം മാർഗങ്ങളിലൂടെ താങ്കൾക്ക് അല്ലാഹു വർദ്ധനവ് നൽകും. അതല്ലാഹുവിൻ്റെ വാഗ്ദാനമാണ്.. അല്ലാഹു താങ്കൾക്ക് ഖൈറും ബർക്കത്തും ഇരുലോകത്തും വർദ്ധിപ്പിച്ചു തരട്ടെ. വീട് വെക്കാൻ എല്ലാവിധ തൗഫീഖും നൽകട്ടെ.

അല്ലാഹു അനുഗ്രഹിക്കട്ടെ.. 
__________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ