Saturday, June 2, 2018

ഭാര്യക്ക് ഭര്‍ത്താവിന്‍റെ സകാത്തില്‍ നിന്നും നല്‍കാമോ ?.




ചോദ്യം:  എന്‍റെ ഒരു സ്നേഹിതന്‍റെ രണ്ടാം ഭാര്യക്ക് അവളുടെ വീട് വെച്ചതുമായി ബന്ധപ്പെട്ട് ഒരു സംഖ്യ കടം ഉണ്ട്.  സ്നേഹിതന്‍റെ സക്കാത്ത് അവന്‍റെ ഭാര്യയുടെ കടം വീട്ടാനായി അവൾക്കു നൽകാൻ പാടുണ്ടോ ?.  ഭാര്യയുടെ സക്കാത്ത് ഭർത്താവിന് കൊടുക്കാം എന്ന് താങ്കൾ എഴുതിക്കണ്ടു. അങ്ങിനെ എങ്കിൽ ഭർത്താവിന്‍റെ സകാത്ത് വിഹിതം വാങ്ങാൻ ഭാര്യക്ക് അർഹതയില്ലേ, അവൾ കടക്കാരിയാണെങ്കിൽ പ്രത്യേകിച്ചും. താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഭാര്യയെന്നത് ഒരാള്‍ നിര്‍ബന്ധമായും ചിലവിന് കൊടുക്കേണ്ട തന്‍റെ നിര്‍ബന്ധ ബാധ്യതയില്‍പ്പെട്ടവളാണ്. എന്നാല്‍ ഭര്‍ത്താവിന് ചിലവിന് കൊടുക്കാന്‍ ഭാര്യ ബാധ്യസ്ഥയല്ല. അതുകൊണ്ട് അത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. അടിസ്ഥാനപരമായി ഒരാള്‍ താന്‍ നിര്‍ബന്ധമായും ചിലവിന് കൊടുത്തിരിക്കേണ്ട ബന്ധങ്ങള്‍ക്ക്, ആ ചിലവ് സകാത്ത് ഇനത്തില്‍ നല്‍കാവതല്ല. അതായത് താന്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒരു കാര്യത്തില്‍ നിന്നും ഒഴിയാന്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട സകാത്തിനെ വിനിയോഗിക്കാന്‍ പാടില്ല എന്നര്‍ത്ഥം.

എന്നാല്‍ അവരുടെ കടബാധ്യത തന്‍റെ ബാധ്യതയില്‍ പെടാത്ത കാര്യമായതുകൊണ്ട്, സ്വന്തമായി കടം വീട്ടാന്‍ കഴിവില്ലാത്തവരാണ് അവര്‍ എങ്കില്‍, താന്‍ ചിലവിന് കൊടുക്കുന്നവരാണ്‌ എങ്കില്‍പ്പോലും കടം വീട്ടാനായി അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം.

അതുകൊണ്ട് ഫഖീര്‍, മിസ്കീന്‍ എന്നീ കാരണങ്ങളാല്‍ ഭാര്യക്ക് സകാത്തില്‍ നിന്ന് നല്‍കാവതല്ല. കാരണം അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ധനമില്ലാതെ വരുന്നതിനാണ് ഫഖീര്‍ മിസ്കീന്‍. ആ അടിസ്ഥാന ആവശ്യങ്ങള്‍ ഒരു ഭര്‍ത്താവിന്‍റെ മേല്‍ സകാത്തല്ലാതെത്തന്നെ നിര്‍ബന്ധമാണ്‌.  എന്നാല്‍ സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാരി എന്ന ഇനത്തില്‍ ഭാര്യക്ക് തന്‍റെ സകാത്തില്‍ നിന്നും നല്‍കാം.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) നല്‍കിയ ഈ മറുപടിയില്‍ ഈ വിഷയത്തിലെ നല്‍കാവുന്ന സാഹചര്യവും നല്‍കാന്‍ പാടില്ലാത്ത സാഹചര്യവും വേര്‍തിരിക്കുന്ന മാനദണ്ഡം മനസ്സിലാക്കാന്‍ സാധിക്കും:

دفع الزكاة إلى أصله وفرعه أعني آباءه وأمهاته وإن علوا ، وأبناءه وبناته وإن نزلوا إن كان لإسقاط واجب عليه لم تجزئه ، كما لو دفعها ليسقط عنه النفقة الواجبة لهم عليه إذا استغنوا بالزكاة ، أما إن كان في غير إسقاط واجب عليه ، فإنها تجزئه ، كما لو قضى بها ديناً عن أبيه الحي ، أو كان له أولاد ابن وماله لا يحتمل الإنفاق عليهم وعلى زوجته وأولاده ، فإنه يعطي أولاد ابنه من زكاته حينئذ ؛ لأن نفقتهم لا تجب عليه في هذه الحال
 
"തന്‍റെ ഉസൂലിനും അതുപോലെ ഫുറൂഇനും സകാത്തില്‍ നിന്നും നല്‍കുന്നത്, അഥവാ മാതാപിതാക്കള്‍ അത് എത്ര മുകളിലോട്ടും, തന്‍റെ ആണ്‍ മക്കളും പെണ്‍മക്കളും അതെത്ര താഴോട്ടും അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കുന്നത്, താന്‍ അവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട വല്ല ബാധ്യതക്കും പകരമായാണ് എങ്കില്‍ അതുകൊണ്ട് അയാളുടെ സകാത്ത് വീടുകയില്ല. അതുപോലെ അവന്‍ അവര്‍ക്ക് ചിലവിന് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് സകാത്തില്‍ നിന്നും നല്‍കുന്നത് എങ്കില്‍ അതും അനുവദനീയമല്ല. എന്നാല്‍ തന്‍റെ മേല്‍ ഉള്ള ബാധ്യതയല്ലാത്ത ഒരു കാര്യത്തിനാണ് നല്‍കിയത് എങ്കില്‍, ഉദാ: ജീവിച്ചിരിക്കുന്ന തന്‍റെ പിതാവിന്‍റെ കടം പോലുള്ള കാര്യങ്ങള്‍ക്കാണ് എങ്കില്‍ സകാത്ത് വീടും. അതുപോലെ തന്‍റെ മകന് മക്കള്‍ ഉണ്ടായിരിക്കുകയും ഭാര്യക്കും, മക്കള്‍ക്കും കൂടി ചിലവിന് നല്‍കാന്‍ ഉള്ള വരുമാനം ആ മകന് ഇല്ലാതിരിക്കുകയും ചെയ്‌താല്‍, സകാത്തിന് അര്‍ഹരായ ആ മകന്‍റെ മക്കള്‍ക്ക് തന്‍റെ സകാത്തില്‍ നിന്നും നല്‍കുക എന്നതും അനുവദനീയമാണ്. കാരണം അവര്‍ക്ക് ചിലവിന് നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനല്ല." - [മജ്മൂഉ ഫതാവ : 18/415].


ഈ വിഷയ സംബന്ധമായി മുന്‍പ് എഴുതിയിട്ടുള്ള ലേഖനം ഈ ലിങ്കില്‍ വായിക്കാം: http://www.fiqhussunna.com/2016/06/blog-post_7.html

അല്ലാഹു അനുഗ്രഹിക്കട്ടെ ...
_____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ