Monday, April 6, 2020

ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?.


ചോദ്യം: ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. 

www.fiqhussunna.com

ഉത്തരം:  നമുക്കറിയാമല്ലോ ശഅബാൻ മാസം നബി (സ) സുന്നത്ത് നോമ്പുകൾ ഏറെ പ്രോത്സാഹിപ്പിച്ച ഒരു  മാസമാണ്. അതോടൊപ്പം  ശഅബാൻ മാസം പാതിപിന്നിട്ടാൽ പിന്നെ നോമ്പ്  നോൽക്കരുത് എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസും നബി (സ) യിൽ നിന്നും വന്നിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: 

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749.അല്‍ബാനി: സ്വഹീഹ്]. 

ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. 

 അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ...