Monday, April 27, 2020

സകാത്തിൻ്റെ പണം അവിശ്വാസികൾക്ക് നൽകാമോ ?.ചോദ്യം: സക്കാത്തിൻ്റെ അവകാശികളായ ഫക്കീർ ,മിസ്കീൻ എന്നവർ മുസ് ലികൾ മാത്രമാണോ, എന്തെങ്കിലും തെളിവ് ഉണ്ടോ ?.

www.fiqhussunna.com

ഉത്തരം:  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഇസ്‌ലാമിൽ പൊതുവായി ദാനധർമ്മങ്ങൾ മുസ്‌ലിമിനോ അമുസ്‌ലിമിനോ ആർക്ക് നൽകുന്നതിലും തെറ്റില്ല. പച്ചക്കരളുള്ള ഏതൊരു ജീവിക്ക് സഹായം നൽകുന്നതും പരോപകാരം ചെയ്യുന്നതും ഇസ്‌ലാം വലിയൊരു നന്മയായി പഠിപ്പിക്കുന്നു. 

എന്നാൽ സകാത്ത് പ്രത്യേകമായ ഒരാരാധനാ കർമ്മമാണ്‌. മറ്റു ദാനധർമ്മങ്ങളിൽ നിന്നും വ്യത്യസ്ഥമായ നിയമങ്ങൾ അതിനുണ്ട്. അതിൻ്റെ അവകാശികൾ നിർണിതമാണ് എന്നതാണ് അതിൽ സുപ്രധാനം. സകാത്തിൽ നിന്നും അമുസ്‌ലിംകളെ അവകാശികളായി പരിഗണിക്കുന്ന ഒരു വിഭാഗം ആണ് ഉള്ളത് (المؤلفة قلوبهم) ഇസ്‌ലാമുമായി മനസ് ഇണക്കപ്പെട്ടവർ.. അഥവാ മുസ്‌ലിംകളോട് രമ്യതയിൽ കഴിയുന്ന ഇസ്‌ലാമിനോട് അടുത്ത് നിൽക്കുന്ന നല്ല മനുഷ്യർ പ്രാരാബ്‌ധക്കാരോ പ്രയാസപ്പെടുന്നവരോ ആണെങ്കിൽ മുസ്‌ലിം ഭരണകൂടത്തിനോ മുസ്‌ലിംകളുടെ പൊതു സകാത്ത് സംവിധാനങ്ങൾക്കോ അവർക്ക് സകാത്തിൽ നിന്നും സഹായമെത്തിക്കാം. ഇത് ഓരോ വ്യക്തികളും നിർണയിച്ച് തൻ്റെ സകാത്ത് നൽകുന്ന ഒരിനമല്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

നമ്മുടെ അയല്പക്കങ്ങളിലോ, ബന്ധുക്കളിലോ മറ്റോ സാമ്പത്തികമായി പ്രയാസപ്പെടുന്ന അമുസ്‌ലിംകൾ ഉണ്ടെങ്കിൽ അവർക്ക് സ്വദഖയുടെ ധനത്തിൽ നിന്നും നമുക്ക് സഹായിക്കാം. ഒരുവേള നമ്മെ ആശ്രയിച്ച് കഴിയുന്നവരും നാം സഹായം എത്തിച്ചില്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരുകയോ, ജീവൻ അപകടത്തിലാകുകയോ ഒക്കെ ചെയ്യുന്നവരാണ് അവരെങ്കിൽ അവരെ സഹായിക്കുകയും അവർക്ക് ഭക്ഷണം എത്തിക്കുകയും ചെയ്യൽ ഒരുപക്ഷെ നമ്മുടെ മേൽ മതപരമായ നിർബന്ധ ബാധ്യത കൂടിയാകും. "അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഉണ്ടുറങ്ങുന്നവൻ നമ്മിൽപെട്ടവനല്ല" എന്ന നബിവചനം ഇവിടെ പ്രത്യേകം ഉണർത്തുന്നു. വിശ്വാസിയാകട്ടെ അവിശ്വാസിയാകട്ടെ പ്രയാസപ്പെടുന്നവരെ നാം സഹായിച്ചാൽ അല്ലാഹുവിൽ നിന്നും വലിയ പ്രതിഫലം ഉണ്ട്. സഹായിക്കാൻ സാധിക്കുമായിരുന്നിട്ടും അവഗണിച്ചാൽ നാം മറുപടി പറയേണ്ടി വരുകയും ചെയ്യും. അത് പക്ഷിമൃഗാതികളോ മറ്റു ജീവജാലങ്ങളോ ആണെങ്കിലും ശരി.

എന്നാൽ സാധാരണ സ്വദഖ പോലെയല്ല സകാത്ത്. സകാത്തുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ടത് (مؤلفة القلوب) എന്ന ഗണത്തിലല്ലാതെ അമുസ്‌ലിംകൾക്ക് സകാത്തിൽ നിന്നും നല്കപ്പെടാവതല്ല. കാരണം സകാത്ത് വിശ്വാസികളായ ആളുകളിൽ നിന്നും നിർബന്ധമായി പിരിച്ചെടുക്കപ്പെടുകയും അവരിലെ ദരിദ്രരിലേക്ക് നൽകപ്പെടുകയും ചെയ്യുന്ന ഒരു ദാനധർമ്മമായാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്: 

"فأخْبِرْهم أَن الله قد فرَضَ عليهم صدقةً، تُؤخذُ من أَغنيائِهم فَتُرَدُّ على فقرائِهمْ"

മുആദ് (റ) വിനെ യമനിലേക്ക് നിയോഗിച്ച വേളയിൽ നബി (സ) അദ്ദേഹത്തോട് കല്പിച്ചു : "അവരുടെ ധനത്തിൽ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്നും, അവരിലെ ധനികരിൽ നിന്നും സ്വീകരിച്ച് അവരിലെ ധനികർക്ക് നൽകപ്പെടുന്ന ഒന്നാണ് അത് എന്നും താങ്കൾ അവർക്ക് പറഞ്ഞുകൊടുക്കുക" - [متفق عليه].

ഇവിടെ അവരിലെ ദരിദ്രർ എന്നത് "വിശ്വാസികളിലെ" എന്ന് പരിമിതപ്പെടുത്തുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. 

ഇമാം ഇബ്നു ഖുദാമ പറയുന്നു: 

قال ابن قدامة : " لا نَعْلَمُ بَيْنَ أَهْلِ الْعِلْمِ خِلافًا فِي أَنَّ زَكَاةَ الأَمْوَالِ لا تُعْطَى لِكَافِرٍ . قَالَ ابْنُ الْمُنْذِرِ : أَجْمَعَ كُلُّ مَنْ نَحْفَظُ عَنْهُ مِنْ أَهْلِ الْعِلْمِ أَنَّ الذِّمِّيَّ لا يُعْطَى مِنْ زَكَاةِ الأَمْوَالِ شَيْئًا . وَلأَنَّ النَّبِيَّ صلى الله عليه وسلم قَالَ لِمُعَاذٍ : أَعْلِمْهُمْ أَنَّ عَلَيْهِمْ صَدَقَةً تُؤخَذُ مِنْ أَغْنِيَائِهِمْ , وَتُرَدُّ فِي فُقَرَائِهِمْ . فَخَصَّهُمْ بِصَرْفِهَا إلَى فُقَرَائِهِمْ (يعني : فقراء المسلمين) 
"പണ്ഡിതന്മാർക്കിടയിൽ അവിശ്വാസികൾക്ക് സകാത്തിൻ്റെ ധനം നൽകാവതല്ല എന്ന വിഷയത്തിൽ അഭിപ്രായഭിന്നതയുള്ളതായി നമുക്കറിയില്ല. ഇമാം ഇബ്‌നുൽ മുൻദിർ പറയുന്നു: "നാം ഹൃദിസ്ഥമാക്കിയ മുഴുവൻ പണ്ഡിതന്മാരിൽ നിന്നും നാം മനസ്സിലാക്കിയിട്ടുള്ളത് അവിശ്വാസികൾക്ക് സകാത്തിൻ്റെ ധനത്തിൽ നിന്നും യാതൊന്നും നൽകാവതല്ല എന്നതാണ്. കാരണം നബി (സ) മുആദ് (റ) വിനോട് ഇപ്രകാരം പറഞ്ഞു: "അവരുടെ ധനത്തിൽ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്നും, അവരിലെ ധനികരിൽ നിന്നും സ്വീകരിച്ച് അവരിലെ ധനികർക്ക് നൽകപ്പെടുന്ന ഒന്നാണ് അത് എന്നും താങ്കൾ അവർക്ക് പറഞ്ഞുകൊടുക്കുക". ഇവിടെ അത് നല്കപ്പെടുന്നവരിൽ അവരിലെ ദരിദ്രർക്ക് എന്ന് നബി (സ) പരിമിതപ്പെടുത്തിയിരിക്കുന്നു. അഥവാ : മുസ്‌ലിമീങ്ങളിലെ ദരിദ്രർ എന്നാണ് അതുകൊണ്ട് ഉദ്ദേശം". - [المغني : 4/106]. ശേഷം ഇമാം ഇബ്നു ഖുദാമ പറയുന്നു:
 وَلا يُعْطَى الْكَافِرُ مِنْ الزَّكَاةِ , إلا لِكَوْنِهِ مُؤَلَّفًا 

 (مؤلفة القلوب) അഥവാ മനസ് ഇണക്കപ്പെട്ടവർ എന്ന ഗണത്തിലല്ലാതെ അവിശ്വാസികൾക്ക് സകാത്തിൻ്റെ പണത്തിൽ നിന്നും നൽകുകയില്ല. - [المغني:  4/ 108]. 

അല്ലാഹു അനുഗ്രഹിക്കട്ടെ ....
_____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ