Monday, April 27, 2020

നോമ്പിന് പകരം ഫിദ്‌യയായി അരിയല്ലാത്ത മറ്റു ഭക്ഷ്യ ഇനങ്ങൾ നൽകാമോ ?.


ചോദ്യം: റമദാനിലെ നോമ്പ് നോൽക്കാൻ  സാധിക്കാത്ത ആളുടെ ഫിദ്‌യ ആയിട്ട് അരി, ഗോതമ്പ് ഇങ്ങനെയുള്ള ധാന്യങ്ങൾ തന്നെ കൊടുക്കേണ്ടതുണ്ടോ... അതോ കൊടുക്കാൻ ഉദ്ദേശിക്കുന്ന ആൾക്കാർക്ക് ആവശ്യമായുള്ള മറ്റു ഭക്ഷണ സാധനങ്ങൾ -ഉദാ :പഞ്ചസാര, തേങ്ങ, ഭക്ഷ്യ എണ്ണകൾ എന്നിവ കൊടുക്കാൻ പറ്റുമോ? അരി ഒക്കെ ധാരാളമായി റേഷൻ വഴി ലഭിക്കുന്നത് കൊണ്ടും മറ്റുള്ള സാധനങ്ങൾ വാങ്ങാനുള്ള വിഷമം അവർക്കുള്ളത് കൊണ്ടും ആണ് ഈ സംശയം ചോദിച്ചത് ?. 

www.fiqhussunna.com

ഉത്തരം:


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛  

ആ നാട്ടിലെ ആളുകൾ ഭക്ഷിക്കുന്നതായ ഭക്ഷ്യവിഭവങ്ങൾ എന്തും നൽകാം. അര സ്വാഅ് അഥവാ ഏകദേശം ഒന്ന് ഒന്നേകാൽ കിലോ എന്നതാണ് ഒരു നോമ്പിന് നൽകേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായം. പാകം ചെയ്ത് നൽകുകയാണ് എങ്കിൽ ഒരു നേരം ഒരാൾ ഭക്ഷിക്കുന്ന ഭക്ഷണം നൽകിയാൽ മതി. അത് അരി തന്നെ ആകണം എന്ന് നിബന്ധനയില്ല. നല്കുന്നവന്  സാധിക്കുന്നതും ആ നാട്ടിലെ ആളുകൾ ഭക്ഷിക്കുന്നതായ ഭക്ഷ്യവസ്തുവും ആകണം എന്ന് മാത്രമേയുള്ളൂ.

 വിശുദ്ധ ഖുർആനിൽ നോമ്പിന് ബദൽ ഭക്ഷണം പറഞ്ഞിടത്ത് (فدية طعام مسكين)  "ഒരു മിസ്കീനിന് ഭക്ഷണം ഫിദ്‌യയായി നൽകുക" - [അൽബഖറ: 184]. എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇനം പറഞ്ഞിട്ടില്ല.

മാത്രമല്ല അരി മാത്രമായാൽ ഒരാളുടെ ഒരു നേരത്തെ ഭക്ഷണമാകില്ലല്ലോ, അതിനാൽ പാവപ്പെട്ടയാൾക്ക് വെറും അരി മാത്രമായി നൽകാതെ അയാൾക്ക് ഉപകരിക്കുന്ന ഭക്ഷ്യ ഇനങ്ങളാക്കി നൽകുകയാണ് ഉചിതം എന്നുപോലും പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. 
അതുകൊണ്ടുതന്നെ പാവപ്പെട്ടവർക്ക് ഉപകരിക്കുന്ന അവർക്ക് ആവശ്യമുള്ള ഇനങ്ങൾ നിങ്ങൾ കണ്ടറിഞ്ഞു നൽകുന്നുവെങ്കിൽ അതൊരു നല്ല കാര്യമാണ്. അല്ലാഹു സ്വീകരിക്കട്ടെ ...

 وصلى الله على نبينا محمد وعلى آله وصحبه وسلم

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ