ചോദ്യം: ഞങ്ങൾ ഒരു വീട് വാങ്ങിച്ചു. 60 ലക്ഷം രൂപ കടമുണ്ട്. 30 ലക്ഷം വീട് ഞങ്ങൾക്ക് വിറ്റയാൾക്കും 30 ലക്ഷം മറ്റൊരാൾക്കും കൊടുക്കണം. ഞങ്ങളുടെ കയ്യിൽ ഇപ്പോൾ 14 ലക്ഷം രൂപയുണ്ട്. ആ കടത്തിലേക്ക് കൊടുക്കാൻ കരുതിയ പണമാണ്. ഞങ്ങൾ അതിനു സകാത്ത് കൊടുക്കണോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
താങ്കളുടെ കൈവശമുള്ള പണത്തിന് സകാത്ത് ബാധകമാകാനുള്ള സമയമെത്തിയാൽ അതിൻ്റെ സകാത്ത് കൊടുക്കാൻ താങ്കൾ ബാധ്യസ്ഥനാകും. കടം ഉണ്ടെങ്കിൽ സകാത്ത് കണക്കുകൂട്ടുന്നതിന് മുൻപായി ആ കടം കൊടുത്ത് വീട്ടുന്ന പക്ഷം ആ പണത്തിൻ്റെ സകാത്ത് നൽകാൻ നിങ്ങൾ ബാധ്യസ്ഥനാകില്ല.
ഉസ്മാൻ ബിൻ അഫ്ഫാൻ (റ) പറയുന്നു:
ഉസ്മാൻ ബിൻ അഫ്ഫാൻ (റ) പറയുന്നു:
«هَذَا شَهْرُ زَكَاتِكُمْ , فَمَنْ كَانَ عَلَيْهِ دَيْنٌ فَلْيُؤَدِّ دَيْنَهُ حَتَّى تُحَصَّلْ أَمْوَالُكُمْ فَتُؤَدُّوا مِنْهَا الزَّكَاةَ»
"ഇത് നിങ്ങളുടെ സകാത്ത് കണക്കാക്കുന്ന മാസമാണ്. ആർക്കെങ്കിലും കടം ഉണ്ടെങ്കിൽ അവൻ ആ കടം കൊടുത്ത് വീട്ടട്ടെ. ശേഷം എത്ര പണം കൈവശമുണ്ട് എന്നത് കണക്കാക്കി അതിൻ്റെ സകാത്ത് നൽകാൻ വേണ്ടി". - [الأموال لابن زنجويه: 3/966].
അഥവാ കടം വീട്ടുന്നുണ്ടെങ്കിൽ സകാത്ത് കണക്കാക്കുന്നതിന് മുൻപ് കൊടുക്കണം. എങ്കിലേ അത് സകാത്തിൽ നിന്നും ഒഴിവാകൂ. ഇനി കടം ഇപ്പോൾ കൊടുക്കുന്നില്ല പിന്നീട് നൽകാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ കൈവശമുള്ള ധനത്തിൻ്റെ സകാത്ത് കൊടുക്കണം. കടമാകട്ടെ ഇപ്പോൾ തിരികെ കൊടുക്കുന്നുമില്ല, സകാത്താകട്ടെ നൽകുന്നുമില്ല എന്ന അവസ്ഥ ഉണ്ടാകുകയില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ. താങ്കൾക്ക് അല്ലാഹു ഖൈറും ബർക്കത്തും ചൊരിയട്ടെ..
______________________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ