Thursday, April 23, 2020

മാസപ്പിറവി ഇന്ത്യക്കാർക്ക് ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ ഉപദേശം.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഒരു ചോദ്യോത്തര പ്രോഗ്രാമിൽ ശൈഖ് ഇബ്‌നുബാസ് (റ) യോട് മാസപ്പിറവിയെക്കുറിച്ച് സൗദിയിൽ നിന്നും ഇന്ത്യയിൽ പഠനത്തിനു പോയ ചില വിദ്യാർത്ഥികൾ ചോദിച്ച ചോദ്യവും  അദ്ദേഹം നൽകിയ മറുപടിയും മലയാളത്തിലേക്ക് ആശയവിവർത്തനം ചെയ്തതാണിത്. അവസാനത്തിൽ വിവർത്തകക്കുറിപ്പും ചേർത്തിട്ടുണ്ട്. മുഴുവനായും വായിക്കുക. മാസപ്പിറവിയുമായി ബന്ധപ്പെട്ട് നാം അനിവാര്യമായി മനസ്സിലാക്കേണ്ട സമീപനത്തെക്കുറിച്ച് അദ്ദേഹം ഈ മറുപടിയിൽ പ്രതിപാദിക്കുന്നുണ്ട്. 
www.fiqhussunna.com

ചോദ്യം: 

പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്നും വന്ന ഒരു ചോദ്യമാണ്. അവിടെയുള്ള ഒരു പറ്റം സഹോദരങ്ങളാണ് ഈ ചോദ്യം അയച്ചത്. അവർ പറയുന്നു: ഇസ്‌ലാമികേതര രാജ്യങ്ങളിലുള്ള ഞങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം റമളാൻ നിർണയത്തിൽ പ്രയാസമുണ്ടാകാറുണ്ട്. ഉദാഹരണത്തിന്  ഞങ്ങൾ ഇന്ത്യയിൽ സൗദിയിലോ മറ്റേതെങ്കിലും അറബ് രാഷ്ട്രങ്ങളിലോ റമളാൻ പ്രഖ്യാപിച്ചാൽ നോമ്പ് ആരംഭിക്കുന്നു. പക്ഷെ നാട്ടുകാരായ മുസ്‌ലിംകൾ അവർ വലിയ അംഗസംഖ്യവരും മറ്റുപ്രദേശങ്ങളിൽ നിന്നുള്ള മാസപ്പിറവിക്ക് വ്യത്യസ്ഥമായി അവരുടെ കാഴ്ചക്ക് അനുസരിച്ചാണ് മാസപ്പിറവി പ്രഖ്യാപിക്കാറുള്ളത്. അതുകൊണ്ടു താങ്കൾ ഈ വിഷയം ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നാലും. നൂറ് മില്യണ് മേൽ മുസ്ലിംകൾ ഇന്ത്യയിലുണ്ട്താനും ?. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം തരട്ടെ... 


ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ മറുപടി: 

على المسلمين في الهند وفي غير الهند، أن يجتهدوا في ضبط دخول الشهر وخروجه، وأن يكون لهم من يعتني بذلك، كالمجالس الإسلامية أو المحاكم إن كان هناك محكمة إسلامية تعنى بهذا الأمر، وتأمر من يلتمسوا الهلال حتى يطبقوا الأحاديث الصحيحة عن رسول الله عليه الصلاة والسلام، والرسول عليه السلام قال: صوموا لرؤيته، وأفطروا لرؤيته، فإن غم عليكم فأكملوا العدة ثلاثين.

ഇന്ത്യയിലാകട്ടെ മറ്റു ദേശങ്ങളിലാകട്ടെ, മാസത്തിൻ്റെ ആരംഭവും അവസാനവും കൃത്യമായി നിർണയിക്കുക എന്നതാണ് വിശ്വാസികൾ ചെയ്യേണ്ടത്. ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവർ അവർക്കുണ്ടായിരിക്കണം. ഇസ്‌ലാമിക സമിതികളോ, ഇസ്‌ലാമിക കോടതികൾ ഉള്ള ഇടങ്ങൾ ഉള്ളവയാണ് എങ്കിൽ അവയോ  അക്കാര്യം നിർവഹിക്കണം. ഈ വിഷയത്തിൽ നബി (സ) യിൽ നിന്നും വന്ന സ്വഹീഹായ ഹദീസുകൾ പുലർത്തപ്പെടാൻ മാസപ്പിറവി വീക്ഷിക്കാൻ അവർ ആളുകളോട് ആവശ്യപ്പെടണം. 

റസൂൽ (സ) പറഞ്ഞു: "നിങ്ങളത് കാണുന്ന പക്ഷം നോമ്പ് ആരംഭിക്കുക. നിങ്ങളത് കാണുന്നപക്ഷം നോമ്പ് അവസാനിപ്പിക്കുക. ഇനി (മാസപ്പിറവി  കാണാൻ സാധ്യമാകാതെ) മറയുന്നപക്ഷം നിങ്ങൾ മുപ്പത് പൂർത്തിയാക്കുക" 


فالمسئولون عن الصيام يعرفون دخول شعبان، فإذا رأوا الهلال ليلة الثلاثين من شعبان صاموا، وإلا كملوا ثلاثين وصاموا، ويعينوا من يعتني بهذا الأمر من الثقات العدول بالرؤية أو تكليف من يتراءى الهلال في أول شعبان وفي أول رمضان، وعلى كل فرد من المسلمين أن يكونوا مع إخوانهم، يصوموا مع إخوانهم ويفطروا مع إخوانهم، ولا ينقسمون ولا يتفرقون، المشروع للمسلمين في أي بلد أن يصوموا جميعًا وأن يفطروا جميعًا وأن يتعاونوا على الخير، يقول عليه الصلاة والسلام في الحديث الصحيح: الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون.

നോമ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ളവർ ശഅബാൻ മാസത്തിൻ്റെ പിറവി അറിയുകയും, ശഅബാൻ മുപ്പതാം രാവിന് മാസം കണ്ടാൽ പിറ്റേ ദിവസം നോമ്പെടുക്കുകയും, ഇല്ലെങ്കിൽ ശഅബാൻ മുപ്പത് പൂർത്തിയാക്കിയ ശേഷം  നോമ്പ് ആരംഭിക്കുകയും ചെയ്യണം. ഈ വിഷയത്തിൽ ശ്രദ്ധിക്കുന്ന വിശ്വസ്ഥരായ ആളുകളെ അതിനായി ചുമതലപ്പെടുത്തുകയോ, അല്ലെങ്കിൽ ശഅബാൻ മാസവും, റമളാൻ മാസവും മാസം കാണാനായി പ്രത്യേകം ചുമതല നൽകുകയോ ചെയ്യണം. ഓരോ മുസ്‌ലിമും തൻ്റെ സഹോദരങ്ങളായ മറ്റു മുസ്ലിംകളോടൊപ്പമാണ് ഈ വിഷയത്തിൽ നിൽക്കേണ്ടത്. തൻ്റെ സഹോദരങ്ങളോട് ഒന്നിച്ച് നോമ്പ് ആരംഭിക്കുകയും തൻ്റെ സഹോദരങ്ങളോട് ഒന്നിച്ച് നോമ്പ് അവസാനിപ്പിക്കുകയും ചെയ്യണം. ഓരോരുത്തരും പരസ്പരം ഭിന്നിച്ച് വേറെവേറെയായിത്തീരരുത് .  ഏതൊരു നാട്ടിലുള്ള മുസ്‌ലിമീങ്ങളും ഒരുമിച്ച് നോമ്പെടുക്കുകയും ഒരുമിച്ച് നോമ്പ് അവസാനിപ്പിക്കുകയും നന്മയിൽ പരസ്‌പരം സഹകരിക്കുകയുമാണ് ചെയ്യേണ്ടത്. 

സ്വഹീഹായ ഹദീസിൽ അല്ലാഹുവിൻ്റെ  റസൂൽ (സ) ഇപ്രകാരം പറയുന്നു: 
"നിങ്ങൾ നോമ്പ് ആരംഭിക്കുന്ന ദിവസമേതോ അന്നാണ് നോമ്പ് (തുടങ്ങുന്നത്). ഈദുൽ ഫിത്വർ ആകട്ടെ നിങ്ങൾ ഈദുൽഫിത്വറായി കണക്കാക്കുന്ന ദിവസമാണ്. ഈദുൽ അള്ഹയാകട്ടെ നിങ്ങൾ ഈദുൽ അള്ഹയായി കണക്കാക്കുന്ന ദിവസമാണ്" 

فالمشروع لك أيها السائل أن تصوم مع إخوانك في الهند، وهكذا في أمريكا، وهكذا في أوروبا، وهكذا في غيرها من البلاد التي يغلب فيها الكفار، ويكون المسلمون فيها أقلية، المسلمون يجتهدون ويتحرون الشهر ويصومون، وإذا رأوا أن يصوموا برؤية دولة معينة كالسعودية مثلًا؛ لأنهم وثقوا بها وصاموا لرؤيتها، فلا بأس.

അതുകൊണ്ട് ചോദ്യകർത്താവിനോട് പറയാനുള്ളത് ഇന്ത്യയിലെ തൻ്റെ സഹോദരങ്ങളെല്ലാം എന്നാണോ നോമ്പ് നോൽക്കുന്നത് അന്ന് നോമ്പ് നോൽക്കുക എന്നതാണ്. അതുപോലെത്തന്നെയാണ് അമേരിക്കയിലും, യൂറോപ്പിലും. ഇങ്ങനെത്തന്നെയാണ് മറ്റു മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലെല്ലാം ചെയ്യേണ്ടത്. മാസം കാണാൻ വിശ്വാസികൾ പരമാവധി പരിശ്രമിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു. ഇനി അവരെല്ലാവരും മറ്റേതെങ്കിലും ഒരു രാജ്യത്തെ പ്രഖ്യാപനം ഉദാ: സൗദി ആധാരമാക്കി നോമ്പ് നല്കുന്നുവെങ്കിൽ അതിലും കുഴപ്പമില്ല. 


ولو تيسر أن يصوم المسلمون جميعًا فهذا أفضل وأحسن؛ لأن المسلمين شيء واحد، والنبي عليه الصلاة والسلام قال: صوموا لرؤيته، وأفطروا لرؤيته، هذا خطاب للمسلمين، وقال: لا تصوموا حتى تروا الهلال أو تكملوا العدة، ولا تفطروا حتى تروا الهلال أو تكملوا العدة، فالمسلمون عليهم أن يعتنوا بهذا في أي مكان، وأن يصوموا إذا رأوا الهلال أو كملوا عدة شعبان، وأن يفطروا إذا رأوا الهلال أو كملوا رمضان ثلاثين، وأن يتعاونوا في هذا، وأن يكونوا جميعًا يدًا واحدة، لا يختلفون، هذا هو الواجب، وهذا هو المشروع. نعم.

അതുകൊണ്ട് മുസ്‌ലിംകൾ എല്ലാവരും ഒരുമിച്ച് ഒരേ സമയം നോമ്പ് ആരംഭിക്കാൻ സാധിക്കുകയാണ് എങ്കിൽ അതാണ് വേണ്ടത്. കാരണം മുസ്‌ലിംകൾ എല്ലാവരും ഒന്നാണ്. "നിങ്ങൾ അത് കാണുന്ന പക്ഷം നോമ്പ് ആരംഭിക്കുക. നിങ്ങൾ അത് കാണുന്ന പക്ഷം നോമ്പ് അവസാനിപ്പിക്കുക" എന്ന നബി (സ) യുടെ കല്‌പന മുഴുവൻ മുസ്‌ലിംകൾക്കുമുള്ളതാണ്. അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങൾ മാസം കാണുകയോ, മുപ്പത് തികയുകയോ ചെയ്യാതെ നിങ്ങൾ നിങ്ങൾ നോമ്പെടുക്കാൻ ആരംഭിക്കരുത്. അതുപോലെ മാസം കാണുകയോ, മുപ്പത് പൂർത്തിയാകുകയോ ചെയ്യാതെ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുകയുമരുത്". ഏത് നാട്ടിലായാലും വിശ്വാസികൾ ഈ കല്‌പന പാലിക്കണം. മാസം കാണുകയോ ശഅബാൻ മുപ്പത് പൂർത്തിയാകുകയോ ചെയ്യുന്ന പക്ഷമേ അവർ നോമ്പ് ആരംഭിക്കാവൂ. അതുപോലെ മാസം കാണുകയോ റമളാൻ മുപ്പതും തികയുകയോ ചെയ്താലേ നോമ്പ് അവസാനിപ്പിക്കാവൂ. ഈ വിഷയത്തിൽ വിശ്വാസികൾ പരസ്പരം സഹകരിക്കണം. എല്ലാവരും പരസ്പരം ഒറ്റക്കെട്ടായി നിൽക്കണം. ഭിന്നിക്കാന് പാടില്ല. ഇതാണ് നമ്മുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഇതാണ് നമുക്ക് ശറഇൽ പഠിപ്പിക്കപ്പെട്ടിട്ടുള്ളതും. 


ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്)
വിവർത്തനം: അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 
https://binbaz.org.sa/fatwas/18470


വിവർത്തകക്കുറിപ്പ്: 
ശൈഖ് ഇവിടെ വ്യക്തമാക്കിയതുപോലെ പരസ്‌പര ഭിന്നത ഒഴിവാക്കി ഒരുനാട്ടിലെ മുസ്‌ലിംകൾ എല്ലാവരും ഒരുമിച്ചാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കേണ്ടത്. കാഴ്‌ചയുടെ അടിസ്ഥാനത്തിലുള്ള നിർണയത്തിൽ  പിഴവ് വന്നാൽപ്പോലും വിശ്വാസികൾ ഒരുമിച്ച് നോമ്പായിക്കാണുന്ന ദിവസമാണ് നോമ്പിൻ്റെ ആരംഭദിവസമെന്നും, വിശ്വാസികൾ ഒരുമിച്ച് പെരുന്നാളായിക്കാണുന്ന ദിവസമേതോ അതാണ് പെരുന്നാൾ ദിവസമെന്നും ഹദീസിൽ സുവ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ യഥാർത്ഥത്തിൽ കേരളത്തിലെ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ റിപ്പോർട്ട് വന്നാൽ അത് പരിശോധിച്ച് ഉറപ്പ് വരുത്തി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം എല്ലാവരും അംഗീകരിക്കുന്ന മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മറ്റിക്കോ അതല്ലെങ്കിൽ എല്ലാവരും കൂടി ചുമതലപ്പെടുത്തുന്ന ഒരു ഹിലാൽ നിർണയ സമിതിക്കോ ആയിരിക്കാൻ സാധിക്കുമെങ്കിൽ അതാണ്‌ വേണ്ടത്   എന്നാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ നിയമിതമാകുന്ന ഒരു സമിതിയുടെ പ്രഖ്യാപനം ആത്യന്തികമായി മുഴുവൻ മുസ്‌ലിംകളും ഒരുപോലെ അംഗീകരിക്കുകയും ചെയ്യണം. ഒറ്റക്കൊറ്റക്ക് മാസം പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകരുത്. മാസം കാണുമ്പോഴും എല്ലാവരും ഒരുമിച്ച് കാണാൻ പോകുന്ന അവസ്ഥ വന്നാൽ അതും കാര്യങ്ങൾ ഏറെ വിശ്വസനീയവും സ്വീകാര്യവുമാക്കും. അതിനുവേണ്ടി കാണാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ എല്ലാവരിൽ നിന്നും നിർദിഷ്‌ഠ വ്യക്തികളെ ചുമതലപ്പെടുത്തുകയുമാകാം.

ഒരുവേള പല വിട്ടുവീഴ്‌ചകളും ആവശ്യമായി വന്നാലും ഒറ്റക്കൊറ്റക്കുള്ള പ്രഖ്യാപനം നിർത്തി എല്ലാവരും അടങ്ങുന്ന ഒരു പൊതുസമിതി മാസപ്പിറവി നിർണയിക്കുക എന്നതാണ് ശരിയായ നിലപാട്. അതുമാത്രമാണ് ശരിയായ നിലപാട്. ഇനിയും ഈ വിഷയത്തിൽ വിശ്വാസികൾ ഭിന്നിച്ച് കൂടാ... മുസ്‌ലിം നേതാക്കൾ ഈ വിഷയം നസ്വീഹത്തോടെ കാണുമെന്ന ശുഭപ്രതീക്ഷയോടെ ...

അല്ലാഹു അനുഗ്രഹിക്കട്ടെ .. .

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ