Tuesday, April 28, 2020

വിദ്യാർത്ഥിയാണ് എനിക്ക് സകാത്തുണ്ടോ ?. സ്‌കോളർഷിപ്പ് കിട്ടുന്ന പണത്തിന് സകാത്ത് ബാധകമാകുമോ ?.



ചോദ്യം: ഞാൻ ഒരു വിദ്യാർത്ഥിയാണ്. എനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. ഒന്ന് എൻ്റെ ഉപ്പ ഫീസും മറ്റു ചിലവിനുമായി നൽകുന്ന പണം വരുന്ന അക്കൗണ്ട്. അതിൽ എൻ്റെ കൈവശം 10000 രൂപയുണ്ട്. രണ്ടാമത്തെ അക്കൗണ്ട് സ്കോളർഷിപ് കിട്ടുന്ന അക്കൗണ്ട് ആണ്. അതിൽ എൻ്റെ കൈവശം 40000 രൂപയും ഉണ്ട്. അപ്പോൾ ഞാൻ ആ 50000 രൂപക്ക് സകാത്ത് കൊടുക്കണോ ?. സ്കോളർഷിപ് കിട്ടുന്ന തുക സകാത്തിൽ നിന്നും ഒഴിവാകുമോ ?. എനിക്ക് മറ്റു വരുമാനങ്ങൾ ഇല്ലാത്തത് കൊണ്ട് സക്കാത്ത് ഒഴിവാകുമോ ?. ഇനി നൽകണമെങ്കിൽ രണ്ടര ശതമാനത്തിൽ കൂടുതൽ നൽകാമോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സകാത്തിനെക്കുറിച്ച് അറിയാനും അത് നൽകാനുമുള്ള താങ്കളുടെ താല്പര്യത്തിനു അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. വിശ്വാസിയായ ഒരാളുടെ മേൽ സകാത്ത് ബാധകമാകാൻ രണ്ടു കാര്യങ്ങൾ ബാധകമാണ്. ഒന്ന് അയാളുടെ കൈവശം സകാത്ത് ബാധകമാകാനുള്ള പരിധി അഥവാ നിസ്വാബ് ഉണ്ടായിരിക്കണം. അതായത് 595 ഗ്രാം വെള്ളിക്ക് തതുല്യമായ കറൻസിയോ കച്ചവട വസ്തുവോ  ഒരാളുടെ പക്കൽ ഉണ്ടെങ്കിൽ അയാളുടെ കയ്യിൽ നിസ്വാബ് എത്തി.

രണ്ടാമത്തെ നിബന്ധന ആ നിസ്വാബിന് ഒരു ഹിജ്‌റ വർഷക്കാലം ഹൗൽ തികയണം. അതായത് നിസ്വാബ് അഥവാ സകാത്ത് ബാധകമാകാനുള്ള ബേസിക് ബാലൻസിൽ നിന്നും താഴെപ്പോകാതെ ഒരു ഹിജ്‌റ വർഷക്കാലം പൂർത്തിയാകുന്നപക്ഷം ആ സമയത്തെ തൻ്റെ കൈവശമുള്ള ടോട്ടൽ കറൻസി കച്ചവടവസ്തുക്കൾ എന്നിവ കൂട്ടി അതിൻ്റെ രണ്ടര ശതമാനം സകാത്ത് നൽകാൻ അയാൾ ബാധ്യസ്ഥനാകും.

അതുകൊണ്ടു താങ്കളുടെ കൈവശം 24000 ൽ കുറയാത്ത ബേസിക് ബാലൻസ് ഒരു ഹിജ്‌റ വർഷക്കാലം ഉണ്ടാകുമെങ്കിൽ താങ്കളും ഓരോ വർഷം പൂർത്തിയാകുമ്പോഴും കയ്യിലുള്ള ടോട്ടൽ കറൻസിയുടെ രണ്ടര ശതമാനം സകാത്തായി കൊടുക്കണം. അത് സ്‌കോളർഷിപ്പ് ആയി ലഭിക്കുന്ന ധനമാണെങ്കിലും ശരി.

സകാത്ത് കണക്കുകൂട്ടൽ എങ്ങനെയെന്ന് പ്രായോഗികമായി പഠിക്കാൻ മുൻപ് ഫിഖ്‌ഹുസ്സുന്നയിൽ പ്രസിദ്ധീകരിച്ച ഈ ലേഖനം വായിക്കുക:  (സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം ?!. ശമ്പളം, കച്ചവടം, വാടക, നിക്ഷേപം തുടങ്ങി എല്ലാം എങ്ങനെ കണക്കുകൂട്ടാം ?! 

https://www.fiqhussunna.com/2019/05/blog-post_7.html ).

ഇനി രണ്ടര ശതമാനത്തിൽ കൂടുതൽ കൊടുക്കാമോ എന്നതാണ് താങ്കൾ ചോദിച്ചത്. കൂടുതൽ എത്ര വേണമെങ്കിലും താങ്കൾക്ക് കൊടുക്കാം. അതല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനമായി പരിഗണിക്കപ്പെടും. കുറയാൻ പാടില്ല എന്നേ ഉള്ളൂ. നന്നായി പഠിക്കാനും ഈ ഉമ്മത്തിനും സമൂഹത്തിനും ഉപകരിക്കുന്ന ഒരു നല്ല സത്യവിശ്വാസിയായി വളരാനും റബ്ബ് താങ്കൾക്ക് തൗഫീഖ് നൽകട്ടെ ..

അല്ലാഹു അനുഗ്രഹിക്കട്ടെ ...
___________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ