الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والااه، وبعد؛
ഒരാൾക്ക് പകരം മറ്റൊരാൾ നോമ്പ് നോൽക്കുന്നതിനെ സംബന്ധിച്ചും ഫിദ്‌യ നൽകുന്നതിനെ സംബന്ധിച്ചും ചില സഹോദരങ്ങൾ ചോദിച്ച ചോദ്യങ്ങളും അതിനുള്ള മറുപടികളുമാണ് താഴെ.
ചോദ്യം: ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ക്ക് നോമ്പ് നോല്‍ക്കാവുന്നത് എപ്പോഴാണ് ?.
www.fiqhussunna.com
ഉത്തരം: ഒരാൾക്ക് നോമ്പ് നിർബന്ധമാകുകയും അത് നോറ്റു വീട്ടുവാൻ സമയം ലഭിച്ചിട്ടും നോറ്റ് വീട്ടാതിരിക്കുകയും, അപ്രകാരം മരണപ്പെടുകയും ചെയ്‌താൽ അവരുടെ വലിയ്യ് അവർക്ക് വേണ്ടി നോമ്പ് എടുക്കട്ടെ എന്നാണ് പ്രവാചകൻ (സ) പറഞ്ഞത്. ഉദാ: ഒരാള്‍ റമളാന്‍ മാസത്തില്‍ രോഗിയായിരുന്നു. ഒരാഴ്ച നോമ്പ് നോല്‍ക്കാന്‍ സാധിച്ചില്ല. ശേഷം അദ്ദേഹത്തിന്‍റെ രോഗം മാറി. പക്ഷെ പിന്നീട് നോല്‍ക്കാം എന്ന് കരുതി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അയാള്‍ മരണപ്പെട്ടു. അസുഖം മാറിയ ശേഷം നോമ്പ് നോറ്റു വീട്ടാനുള്ള സമയം ലഭിച്ചിരുന്നു. പക്ഷെ പിന്നീട് നോല്‍ക്കാം എന്ന് കരുതിയിരിക്കെ മരണപ്പെടുകയും ചെയ്തു. ഇയാളുടെ വേണ്ടപ്പെട്ട ബന്ധുമിത്രാതികള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ ആ നോമ്പ് നോല്‍ക്കാം. കാരണം അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു:
من مات وعليه صيام صام عنه وليه
"ആരെങ്കിലും ഒരാള്‍ മരണപ്പെടുകയും അയാളുടെ മേല്‍ നിര്‍ബന്ധമായ നോമ്പ് അവശേഷിക്കുകയും ചെയ്‌താല്‍ അയാളുടെ വലിയ്യ് അത് നോറ്റു കൊള്ളട്ടെ" - [متفق عليه].
ഇനി ഒരാള്‍ റമദാന്‍ മാസത്തില്‍ ഒരാള്‍ ബോധരഹിതനായി, അല്ലെങ്കില്‍ രോഗബാധിതനായി എന്ന് കരുതുക. അയാള്‍ ആ കിടപ്പില്‍ത്തന്നെ മരിക്കുകയും ചെയ്തു. നോറ്റു വീട്ടാനുള്ള സമയം അയാള്‍ക്ക് ലഭിച്ചിട്ടില്ല, അയാളാകട്ടെ നിത്യരോഗിയുമല്ല എങ്കില്‍ അയാളുടെ മേല്‍ നോമ്പ് അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ അയാള്‍ക്ക് വേണ്ടി നോമ്പ് നോല്‍ക്കുകയോ ഫിദ്'യ നല്‍കുകയോ ചെയ്യേണ്ടതില്ല. ഇനി ഒരാള്‍ നിത്യരോഗ ബാധിതനായിരുന്നുവെങ്കില്‍, അഥവാ വാര്‍ദ്ധക്യ സഹചമായോ, നിത്യ രോഗം കാരണത്താലോ നോമ്പ് നഷ്ടപ്പെട്ടയാള്‍ ആണ് എങ്കില്‍ ആ നോമ്പുകള്‍ക്ക് ഫിദ്'യ നല്‍കിയാല്‍ മതി.
അതു തന്നെ വലിയ്യിനെ സംബന്ധിച്ചിടത്തോളം നിർബന്ധമല്ല, മുസ്തഹബ്ബാണ് എന്നാണ് കൂടുതൽ പണ്ഡിതന്മാരുടെയും അഭിപ്രായം. ഇബ്നു ഉസൈമീൻ (റ) കൂടുതൽ പ്രബലമായി രേഖപ്പെടുത്തിയത് ആ അഭിപ്രായത്തെ ആണ്.
അതുപോലെ റമദാന്‍ മാസത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ഉദാ: റമദാന്‍ 10ന് ഒരാള്‍ മരണപ്പെട്ടാല്‍ ബാക്കിയുള്ള പത്ത് ദിവസം അയാളുടെ മേല്‍ ബാധകമല്ല. അത് വലിയ്യ് നോറ്റു വീട്ടുകയോ, ഫിദ്'യ കൊടുക്കുകയോ ചെയ്യേണ്ടതില്ല.
ചോദ്യം : ആര്‍ക്കാണ് നോമ്പിന് പകരം ഫിദ്'യ കൊടുത്താല്‍ മതിയാകുന്നത് എന്നതാണ് ?.
www.fiqhussunna.com
ഉത്തരം: ഒരാൾക്ക് വാർദ്ധക്യം കാരണത്താലോ, അതല്ലെങ്കിൽ ഒരിക്കലും ശമനം പ്രതീക്ഷിക്കാത്ത വാര്‍ദ്ധക്യം, മാറാരോഗം തുടങ്ങിയ ശാരീരിക പ്രയാസം കാരണത്താലോ നോമ്പ് നോല്‍ക്കാൻ സാധിക്കാതെ വന്നാൽ അയാളാണ് മുദ്ദ് കൊടുക്കേണ്ടത്. അല്ലാഹു പറയുന്നു:
وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ
"(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്". - [അല്‍ബഖറ: 184]. ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട കാലത്ത് ഏതൊരാള്‍ക്കും നോമ്പ് നോല്‍ക്കുകയോ പകരം ഭക്ഷണം നല്‍കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പിന്നീട് സാധിക്കുന്നവര്‍ എല്ലാം നോമ്പ് എടുക്കണം എന്ന നിയമം വരുകയും ആജീവനാന്തം നോമ്പ് നോല്‍ക്കാന്‍ കഴിയാത്തവരുടെ വിഷയത്തില്‍ മാത്രം ആ നിയമം അവശേഷിക്കുകയും ചെയ്തു.
മുദ്ദ് കൊടുത്താൽ പിന്നെ അവരുടെ നോമ്പ് അവരോ മറ്റുള്ളവരോ നോറ്റു വീട്ടേണ്ടതില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം ഫിദ്'യ നല്കുക എന്നത് മാത്രമാണ് നിർബന്ധമായിട്ടുള്ളത്. അവരുടെ കാരണം താൽകാലികമല്ല എന്നതുകൊണ്ട് തന്നെ അവർക്ക് നോമ്പ് നോറ്റു വീട്ടുക എന്നത് സാധ്യമല്ലല്ലോ. അവരെ സംബന്ധിടത്തോളം മുദ്ദ് മാത്രം നൽകിയാൽ മതി.
എന്നാല്‍ ശമനം പ്രതീക്ഷിക്കുന്ന അസുഖം ബാധിച്ച ആളുകള്‍ പിന്നീട് രോഗശമനത്തിന് ശേഷം അത് നോറ്റു വീട്ടുകയാണ് ചെയ്തത്. പകല്‍ സമയത്ത് മരുന്ന് ഉപേക്ഷിക്കാന്‍ സാധിക്കാത്ത ഒന്ന് രണ്ട് വര്‍ഷം മരുന്ന് തുടരെണ്ടാതായി വരുന്ന രോഗങ്ങള്‍ ആണെങ്കിലും ഇപ്രകാരം തന്നെയാണ്. ശമനം പ്രതീക്ഷിക്കാത്ത നിത്യരോഗികളും, വാര്‍ദ്ധക്യ കാരണത്താല്‍ റമളാന്‍ പൂര്‍ണമായോ ഭാഗികമായോ നോമ്പ് എടുക്കാന്‍ സാധിക്കാത്തവരും ഉണ്ടെങ്കില്‍ അവര്‍ക്കാണ് ഫിദ്'യ നല്‍കിയാല്‍ മതിയാവുന്നത്. രോഗശമനം പ്രതീക്ഷിക്കുന്നവര്‍ അവര്‍ക്കുള്ള തടസം എപ്പോള്‍ നീങ്ങുന്നുവോ അപ്പോള്‍ അത് നോറ്റു വീട്ടണം.
താല്‍ക്കാലികമായ അസുഖം കാരണത്താലോ, യാത്ര കാരണത്താലോ ഒക്കെ നോമ്പ് ഒഴിവാക്കുന്നവർ അടുത്ത റമദാൻ വന്നെത്തുന്നതിനു മുമ്പായി ആ നോമ്പ് നോറ്റു വീട്ടിയാൽ മതി. അവർ ഫിദ്'യ കൊടുക്കേണ്ടതില്ല. അവർ തന്നെയാണ് ആ നോമ്പ് നോറ്റു വീട്ടെണ്ടത്. അവര്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റതുകൊണ്ട് അവരുടെ നോമ്പ് വീടില്ല. ഒരാൾ മറ്റൊരാൾക്ക് പകരം നോമ്പ് നോറ്റു വീട്ടുക എന്നുള്ളത് മുകളിൽ സൂചിപ്പിച്ച പോലെ 'നോമ്പ് നിർബന്ധമായ ഒരു വ്യക്തി അത് നോറ്റു വീട്ടുന്നതിനു മുന്പ് മരണപ്പെട്ടാൽ' ആ സാഹചര്യത്തില്‍ മാത്രമാണ്.
എത്രയാണ് ഫിദ്'യയുടെ അളവ് ?.
ഇമാം ശാഫിഇയുടെ അഭിപ്രായപ്രകാരം ഒരു മുദ്ദ് അഥവാ ഏകദേശം അരക്കിലോ. നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരത്തില്‍ ഉള്ളത് ഇതാണ്. അതുകൊണ്ടാണ് സാധാരണ നാം മുദ്ദ് കൊടുക്കുക എന്ന് കേള്‍ക്കാറുള്ളത്. ഇമാം അഹ്മദിന്‍റെ അഭിപ്രായപ്രകാരം അര സ്വാഅ് അഥവാ രണ്ട് മുദ്ദ് ഏകദേശം ഒരു കിലോ ഭക്ഷണം ആണ് നല്‍കേണ്ടത്. ഒരു പാവപ്പെട്ട ആള്‍ക്ക് ഒരു നേരത്തെ ഭക്ഷണം എന്നതാണ് യഥാര്‍ത്ഥത്തില്‍ അതിന്‍റെ കണക്ക്. അത് പാലിക്കപ്പെടുന്ന രൂപത്തില്‍ എത്രയും നല്‍കാവുന്നതാണ്.
കഅബ് ബ്നു ഉജ്റ (റ) വിനോട്നബി (സ) കല്പിച്ചത് അര സ്വാഅ് നല്‍കാനാണ് എന്നതു സ്വഹീഹായ ഹദീസില്‍ വന്നതുകൊണ്ട് അതാണ് പ്രബലം എന്ന് മനസ്സിലാക്കാം.
ഭക്ഷണം പാകം ചെയ്ത് അവരെ വീട്ടിലേക്ക് ക്ഷണിച്ചോ അതല്ലെങ്കില്‍ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തോ ഒക്കെ നല്‍കാവുന്നതാണ്. റമളാനിന്‍റെ ആദ്യത്തിലോ, പകുതിയിലോ അവസാനത്തിലോ ഒക്കെ അത് നല്‍കാം.അനസ് ബ്ന്‍ മാലിക്ക് (റ) അദ്ദേഹത്തിന് പ്രായാധിക്യം കാരണത്താല്‍ നോമ്പ് നോല്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ റമളാന്‍ അവസാനത്തില്‍ മുപ്പത് ദിവസത്തിനുമുള്ള ഭക്ഷണം പാകം ചെയ്ത് പാവപ്പെട്ടവരെ ക്ഷണിച്ച് അവരെ ഭക്ഷിപ്പിച്ചിരുന്നു.
കഅബ് ബ്നു ഉജ്റ (റ) വിനോട്നബി (സ) കല്പിച്ചത് അര സ്വാഅ് നല്‍കാനാണ് എന്നതു സ്വഹീഹായ ഹദീസില്‍ വന്നതുകൊണ്ട് അതാണ് പ്രബലം എന്ന് മനസ്സിലാക്കാം.
ഭക്ഷണം പാകം ചെയ്ത് അവരെ വീട്ടിലേക്ക് ക്ഷണിച്ചോ അതല്ലെങ്കില്‍ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തോ ഒക്കെ നല്‍കാവുന്നതാണ്. റമളാനിന്‍റെ ആദ്യത്തിലോ, പകുതിയിലോ അവസാനത്തിലോ ഒക്കെ അത് നല്‍കാം.അനസ് ബ്ന്‍ മാലിക്ക് (റ) അദ്ദേഹത്തിന് പ്രായാധിക്യം കാരണത്താല്‍ നോമ്പ് നോല്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ റമളാന്‍ അവസാനത്തില്‍ മുപ്പത് ദിവസത്തിനുമുള്ള ഭക്ഷണം പാകം ചെയ്ത് പാവപ്പെട്ടവരെ ക്ഷണിച്ച് അവരെ ഭക്ഷിപ്പിച്ചിരുന്നു.
ഫിദ്'യ നല്‍കേണ്ടത് ആര്‍ക്ക് ?.
സകാത്തിന്‍റെ അവകാശികളില്‍ പെട്ട മിസ്കീന്‍ ഫഖീര്‍ എന്നീ ഗണത്തില്‍ പെടുന്ന ആളുകള്‍ക്ക് തന്നെയാണ് ഫിദ്'യ നല്‍കേണ്ടതും. അതുകൊണ്ടുതന്നെ അവര്‍ മുസ്'ലിമായിരിക്കണം. അവിശ്വാസികള്‍ക്ക് നല്‍കിയാല്‍ ഫിദ്'യയാവില്ല. ഇവിടെ അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ടത് അവിശ്വാസികളായാല്‍പോലും ഏതൊരാള്‍ക്ക് ഭക്ഷണം നല്‍കലും ഏറെ പുണ്യകരമാണ് എങ്കില്‍ക്കൂടി പ്രായശ്ചിത്തവുമായി ബന്ധപ്പെട്ട ഭക്ഷണദാനം വിശ്വാസികള്‍ക്കാണ് നല്‍കപ്പെടേണ്ടത്.
ഒന്നിലധികം ദിവസത്തെ ഭക്ഷണം ഒരാള്‍ക്ക് തന്നെ നല്‍കാമോ ?.
ആവശ്യക്കാരനാണ് എങ്കില്‍ ഒരാള്‍ക്ക് തന്നെ നല്‍കാം. മുപ്പത് ദിവസത്തിന് പകരമായുള്ള ഫിദ്'യയും വേണമെങ്കില്‍, അവര്‍ ആവശ്യക്കാര്‍ ആണ് എങ്കില്‍ ഒരു വീട്ടിലേക്ക് തന്നെ നല്‍കാം.
ഗര്‍ഭിണിയും മുലയൂട്ടുന്ന സ്ത്രീയുമായി ബന്ധപ്പെട്ട കാര്യം മറ്റൊരു ലേഖനത്തില്‍ വ്യക്തമാക്കാം ഇന്‍ ഷാ അല്ലാഹ്. അവര്‍ ഗര്‍ഭം കാരണത്താലോ മുലകുടി കാരണത്താലോ ഒഴിവാക്കുന്ന നോമ്പ് നോറ്റുവീട്ടുക തന്നെ വേണം എന്നതാണ് പ്രബലമായ അഭിപ്രായം. അത് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യം ആയതുകൊണ്ട് മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാം ഇന്‍ ഷാ അല്ലാഹ് .. അല്ലാഹു അനുഗ്രഹിക്കട്ടെ ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ