Monday, June 6, 2022

BJP വക്താക്കളുടെ പ്രവാചക നിന്ദ - വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങളെ പൊതുസമൂഹം ചെറുത്ത് തോല്പ്പിക്കണം




കാരുണ്യത്തിന്റെയും നന്മയുടെയും പ്രതീകമാണ് മുഹമ്മദ്‌ നബി (സ). മാലോകർക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ടവർ എന്ന് വിശുദ്ധ ഖുർആൻ തന്നെ വിശേഷിപ്പിച്ച പ്രവാചകൻ.

ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ തങ്ങളുടെ ആത്മാവിനെക്കാൾ സ്നേഹിക്കുന്ന വ്യക്തിത്വവും, സമാധാന കാംക്ഷികൾ മാതൃകാ പുരുഷനായിക്കാണുന്ന മഹനീയ സ്വഭാവത്തിനുടമയുമായ പരിശുദ്ധ പ്രവാചകനെ അവഹേളിച്ചതിലൂടെ ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തെ തന്നെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയിരിക്കുകയാണ് ബിജെപി വക്താക്കൾ ചെയ്തിരിക്കുന്നത്.

വർഗീയതയുടെ വിത്തുപാകി രാഷ്ട്രീയ ലാഭം കൊയ്യാൻ വേണ്ടിയുള്ള ഇത്തരം വഴിവിട്ട പ്രവർത്തനങ്ങളിലൂടെ അവർ ചവിട്ടി മെതിക്കുന്നത് മത നിരപേക്ഷ ഇന്ത്യയെയും നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ പൈതൃകത്തെയുമാണ്.

മാത്രമല്ല ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ശാസിക്കുന്നത് വരേക്കും സൗദി കുവൈറ്റ് ഖത്തർ വിദേശകാര്യ മന്ത്രാലയങ്ങൾ നടപടി സ്വീകരിച്ചെങ്കിൽ, വർഗീയ ചിന്താഗതിക്കാർ ഇന്ത്യൻ വിദേശ നയത്തിനും, പ്രവാസലോകത്ത് ജോലി ചെയ്യുന്ന അനവധി ഇന്ത്യക്കാർക്കും എത്രമാത്രം അപകടമാണ് വിളിച്ചു വരുത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്.

ലോകമൊന്നാകെ ആദരിക്കപ്പെടുന്ന പ്രവാചകനെ നിന്ദിച്ച് വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചവർക്കെതിരെ കേവല അച്ചടക്ക നടപടികൾക്കപ്പുറം മാതൃകാപരമായി ശിക്ഷിക്കണം. മതനിരപേക്ഷതയും രാജ്യത്തിന്റെ സമാധാനാന്തരീക്ഷവും കാത്തു സൂക്ഷിക്കുന്നതിൽ നമുക്കും വലിയ പങ്കുണ്ട്. രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് വിഘാതം വരുത്തുന്ന വർഗീയ പ്രചാരകർക്കെതിരെ പൊതുസമൂഹം ഒന്നടങ്കം അതിശക്തമായി പ്രതിഷേധിക്കണം.