ചോദ്യം: ഒരാൾ മോശമായ വാക്കുകൾ പറയുകയോ ചീത്ത വിളിക്കുകയോ ചെയ്‌താൽ നോമ്പ് മുറിയുമോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وبعد؛
ഒരാളുടെ നോമ്പ് എന്നാൽ കേവലം ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കലല്ല. തൻ്റെ ഹൃദയത്തെയും, നാവിനെയും, പ്രവർത്തനങ്ങളെയും എല്ലാം തന്നെ ഒരു വിശ്വാസി തിന്മകളിൽ നിന്നും മ്ലേച്ഛമായ കാര്യങ്ങളിൽ നിന്നും നിയന്ത്രിക്കേണ്ടതുണ്ട്. അതിനാണ് യഥാർത്ഥത്തിൽ നോമ്പ് എന്ന് പറയുന്നത്. ഒരാൾ നോമ്പുകാരനായിരിക്കെ ചീത്തവാക്കുകൾ പറഞ്ഞാൽ അയാളുടെ നോമ്പ് മുറിയില്ല എങ്കിലും അയാളുടെ നോമ്പിൻ്റെ പ്രതിഫലം പാടേ നഷ്ടപ്പെടാൻ ഒരുപക്ഷെ അത് മതിയാകും. അതുകൊണ്ട് നോമ്പുകാർ നാവിനെ അങ്ങേയറ്റം സൂക്ഷിക്കണം. ഇല്ലെങ്കിൽ അയാൾക്ക് ആ നോമ്പിൽ നിന്നും ആകെ ബാക്കിയാകുന്നത് പട്ടിണി മാത്രമായിരിക്കും. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് ഇപ്രകാരം കാണാം:
من لم يدَعْ قولَ الزُّورِ والعملَ بِهِ ، فليسَ للَّهِ حاجةٌ بأن يدَعَ طعامَهُ وشرابَهُ
"ഒരാൾ കള്ള വർത്തമാനങ്ങളും, പ്രവർത്തിയും വെടിയുന്നില്ല എങ്കിൽ, അവൻ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിർബന്ധവുമില്ല". - [സ്വഹീഹുൽ ബുഖാരി: 1903, തിർമിദി: 707].
അതുപോലെ നോമ്പുകാരനായിരിക്കെ ഒരാൾ തൻ്റെ വാക്കുകൾ പ്രവർത്തികൾ എന്നിവ അതിയായി സൂക്ഷിക്കണം. ഒരാൾ തന്നോട് മോശമായി സംസാരിക്കുകയോ മറ്റോ ചെയ്‌താൽ പോലും അവനോട് തർക്കിക്കാൻ നിൽക്കാതെ ഞാൻ നോമ്പുകാരനാണ് എന്ന് മാത്രം മറുപടി നൽകാനാണ് നബി (സ) പഠിപ്പിച്ചത്. ഈ ഹദീസ് ഓരോ നോമ്പുകാരനും ഹൃദിസ്ഥമാക്കിയിരിക്കേണ്ട ഹദീസാണ്:
عن أبي هُريرةَ رَضِيَ اللهُ عنه أنَّ النَّبيَّ صلَّى اللهُ عليه وسلَّم قال: ((وإذا كان يومُ صَومِ أحَدِكم فلا يَرفُثْ، ولا يصخَبْ، فإن سابَّهَ أحدٌ، أو قاتَلَه؛ فلْيقُلْ: إنِّي امرؤٌ صائِمٌ))
അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "നിങ്ങളിലൊരാൾ നോമ്പുകാരനായിരിക്കെ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ, മ്ലേച്ഛമായ വാക്കുകൾ പറയുകയോ ചീത്തവിളിക്കുകയോ ചെയ്യരുത്. ആരെങ്കിലും തന്നെ ചീത്ത വിളിക്കുകയോ, തന്നെ ആക്രമിക്കാൻ വരുകയോ ചെയ്‌താൽ 'ഞാനൊരു നോമ്പുകാരനാണ്' എന്നവൻ മറുപടി പറഞ്ഞുകൊള്ളട്ടെ" - [متفق عليه].
ഇവിടെ فلا يرفث എന്ന വാക്കിനു, നോമ്പുകാരനായിരിക്കെ തൻ്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത് എന്നും, അതുപോലെ ആരോടും മ്ലേച്ഛമായ വാക്കുകൾ പറയരുത് എന്നും അർത്ഥമുണ്ട്. രണ്ടും നോമ്പുകാരന് പാടില്ലാത്തത് തന്നെ.
അതുകൊണ്ടുതന്നെ നോമ്പ് എന്നാൽ കേവല ഭക്ഷണ പാനീയങ്ങൾ വെടിയലല്ല. മറിച്ച് ഹൃദയത്തെയും, വാക്കുകളെയും, കർമ്മത്തെയും സംസ്‌കരിക്കാനുള്ള ഒരു ഇബാദത്ത് കൂടിയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ