Sunday, May 1, 2022

ഒരു നാട്ടിൽ നിന്നും, നേരം വൈകി മാസം കണ്ട വേറെ നാട്ടിലേക്ക് പോയാൽ നോമ്പ് 31 നോൽക്കണോ ?


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒരാൾ നേരത്തെ മാസം കണ്ട ഒരു നാട്ടിൽ നിന്നും നേരം വൈകി മാസം കണ്ട നാട്ടിലേക്ക് പോയാൽ എന്ത് ചെയ്യും.

ഇജ്തിഹാദിയായ വിഷയം ആണ്. ഈ വിഷയം പരാമർശിച്ചുകൊണ്ട്പ്ര ത്യേക പ്രമാണം വന്നിട്ടില്ല. ഒരാൾ ചെന്ന് നിൽക്കുന്ന നാട്ടിൽ എന്നാണോ പെരുന്നാൾ അന്നാണ് അയാളുടെ പെരുന്നാൾ... അതുകൊണ്ട് ഒരു ദിവസമോ രണ്ട് ദിവസമോ അധികമായാലും അത് റമദാൻ തന്നെ ആണല്ലോ എന്നത് കണക്കിലെടുത്ത്, ആകെ നോമ്പ് 31 ആയാലും, ആ ദിവസം നോമ്പ് എടുക്കുക എന്ന് പറഞ്ഞവരും, ഒരു മാസം മുപ്പത് ദിവസമേ ഉണ്ടാകുകയുള്ളുവല്ലോ, അതുകൊണ്ട് 30 തികഞ്ഞാൽ പിന്നെ  നോൽക്കേണ്ടതില്ല എന്ന് പറഞ്ഞവരും ഉണ്ട്‌.

റമദാൻ മാസത്തിൽ തന്നെ ആയതുകൊണ്ട് ഇനി 31 ദിവസം ആയാലും ആ ദിവസം നോമ്പ് നോൽക്കുക എന്നതാണ് കൂടുതൽ ഉചിതം. ഇതാണ് ശൈഖ് ഇബ്നു ഉസൈമീൻ (റ) യുടെയൊക്കെ അഭിപ്രായം. ഒരാൾ സൂര്യൻ വൈകി അസ്തമിക്കുന്ന നാട്ടിലേക്ക് എത്തിയാൽ. അവിടെ എപ്പോഴാണ് അസ്തമിക്കുന്നത് അപ്പോഴല്ലേ നോമ്പ് തുറക്കൂ എന്നതിനെ ആസ്പദമാക്കിയാണ് അദ്ദേഹം അത് പറഞ്ഞത്.  

ഈ വിഷയം പഠന വിധേയമാക്കിയപ്പോൾ മനസ്സിലായത് ഇനി ഒരാൾ ആ ദിവസം നോമ്പ് എടുത്തില്ല എങ്കിൽ തെറ്റുമില്ല. അയാൾ കുറ്റക്കാരൻ ആകുന്നില്ല.  കാരണം അദ്ദേഹത്തിന്റെ നോമ്പ് 30 ഉം പൂർത്തിയാക്കിയല്ലോ.

എന്നാൽ നോമ്പ് എടുത്തില്ലെങ്കിലും ആ സമയത്തിന്റെ ഹുർമത്ത് കണക്കിലെടുത്ത് നോമ്പുകാരനെ പോലെ നിൽക്കണം. അദ്ദേഹത്തിന്റെ പെരുന്നാൾ ആകട്ടെ താൻ ചെന്നെത്തിയ നാട്ടിലെ നാട്ടുകാർ എന്നാണോ പെരുന്നാൾ ആഘോഷിക്കുന്നത് അന്നായിരിക്കും.

ഇനി തിരിച്ച് നേരത്തെ മാസം കണ്ട നാട്ടിലേക്ക് ഒരാൾ യാത്ര ചെയ്തു വന്നതാണ് എങ്കിൽ അയാൾക്ക് 29 നോമ്പേ ലഭിക്കൂ. അയാൾ നഷ്ടപ്പെട്ട ഒരു നോമ്പ് നിർബന്ധമായും നോറ്റ് വീട്ടുകയും വേണം. 

والله تعالى أعلم
وصلى الله وسلم على نبينا محمد
______________
✍🏽 Abdu Rahman Abdul Latheef