Wednesday, July 13, 2022

സ്ഥിരമായി വുളു മുറിയുന്ന നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. എങ്ങനെ നിസ്കരിക്കും ?.

ചോദ്യം : സ്ഥിരമായി വുളു മുറിയുന്ന  നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. എങ്ങനെ നിസ്കരിക്കും ?.

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കാത്ത വിധം ഇത്തരം ബുദ്ധിമുട്ടുള്ള ആളുകളാണെങ്കിൽ ഓരോ ഫർള് നിസ്കാരങ്ങൾക്കും ഒരു തവണ വുളു എടുത്ത് നിസ്കരിക്കുക എന്നതേ അവർ ചെയ്യേണ്ടതുള്ളൂ. ആവർത്തിച്ച് വുളു എടുക്കേണ്ടതില്ല. കീഴ്‌വായു പോകുന്ന പ്രശ്നമോ, മൂത്രച്ചൂടിന്റെ പ്രശ്നമോ ഉള്ളതുകൊണ്ട് വുളു എടുത്ത ശേഷം അവ സംഭവിച്ചാലും വുളു ആവർത്തിക്കേണ്ടതില്ല. 

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഓരോ ഫർള് നമസ്കാരത്തിനും ആ നിസ്കാരത്തിന്റെ സമയമായ ശേഷം പുതിയ വുളു എടുക്കണം. ആ വുളു കൊണ്ട് ആ ഫർളും അതിന്റെ സുന്നത്തും നിസ്കരിക്കാം. അതുപോലെ നിസ്കാരം ജംഉ ആക്കുന്ന സന്ദർഭത്തിലും ഒരു വുളു മതി.

ഓരോ ഫർളിനും വുളു പുതുക്കണം എന്നതിനുള്ള തെളിവ് നബി (സ) ഇസ്തിഹാള അഥവാ രക്തം നിലക്കാത്ത അസുഖമുള്ള സ്ത്രീയോട് കല്പിച്ച കാര്യമാണ്. ഫാത്വിമ ബിൻത് അബീ ഹുബൈഷി (റ) യോട് നബി (സ) പറഞ്ഞു: 

تَوَضَّئِي لِكُلِّ صَلاةٍ حَتَّى يَجِيءَ ذَلِكَ الْوَقْتُ

" അതാത് നമസ്കാരസമയം വന്നെത്തിയാൽ ഓരോ നമസ്കാരത്തിനും വുളു ചെയ്യുക" -[سنن الترمذي 116].

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) ഇത് വിശദീകരിച്ചുകൊണ്ട് പറയുന്നു :

قال ابن حجر رحمه الله : حكم دم الاستحاضة حكم الحدث فتتوضأ لكل صلاة ، لكنها لا تصلي بذلك الوضوء أكثر من فريضة واحدة

"ഇസ്തിഹാളയുടെ രക്തത്തിന്റെ വിധി , വുളു മുറിയുന്ന അവസ്ഥക്ക് തതുല്യമാണ്. അതുകൊണ്ട് അവർ ഓരോ നമസ്കാരത്തിനും വുളു എടുക്കട്ടെ. എന്നാൽ അതുകൊണ്ട് ഒന്നിൽ കൂടുതൽ ഫർളുകൾ അവർ നിസ്കരിക്കാൻ പാടില്ല".

ഇവിടെ ഓരോ ഫർളിനും അതാത് ഫർളിന്റെ സമയത്ത് തന്നെ വുളു പുതുക്കിക്കൊണ്ടിരിക്കണം എന്നത് നിർബന്ധമാണോ, സുന്നത്താണോ എന്നത് ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. ഇമാം മാലിക് (റ) ഒഴികെ ബഹുഭൂരിപക്ഷവും അപ്രകാരം വുളു പുതുക്കൽ നിർബന്ധമാണ് എന്ന അഭിപ്രായക്കാരാണ്. 

വുളു എടുത്ത ശേഷം അധികം വൈകാതെ നമസ്കാര സമയം ആയാലും കുഴപ്പമില്ല, ആ നമസ്കാരസമയത്ത് തന്നെ എടുക്കണം എന്നില്ല എന്നതാണ് ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായം. [الموسوعة الفقهية  3/212 ].

ഏതായാലും അതാത് നമസ്കാര സമയമായ ശേഷം ആ ഫർളിനുള്ള വുളു  എടുക്കലാണ് സൂക്ഷ്മത എന്നതിൽ തർക്കമില്ല. എന്നാൽ വേറെ നിവൃത്തിയില്ലാതെ വരുന്ന സാഹചര്യങ്ങളിൽ ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായം അവർക്ക് ഒരാശ്വാസമായിരിക്കും.

അതുപോലെ ഒരേ വഖ്‌തിൽ രണ്ട് ഫർള് നിസ്കരിക്കുന്ന സാഹചര്യം വന്നാൽ ഓരോന്നിനും വുളു പുതുക്കണോ എന്നതിലും ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. ജംഉ ചെയ്യുന്ന സാഹചര്യത്തിൽ ഒരു വുളു തന്നെ മതി എന്നതാണ് പ്രാബലമായ അഭിപ്രായം. 

ഏതായാലും ഇത്തരം അസുഖം ഉള്ളവർ വുളു അനവധി തവണ ആവർത്തിച്ചിട്ടും നിസ്കാരം പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നോർത്ത് വിഷമിക്കേണ്ടതില്ല. ഒരു തവണ വുളു എടുത്ത് നമസ്കരിച്ചാൽ മതി. അല്ലാഹു അനുഗ്രഹിക്കട്ടെ... 

والله تعالى أعلم،  وصلى الله وسلم على نبينا محمد..

_______________________

✍🏽 Abdu Rahman Abdul Latheef