Wednesday, June 25, 2014

സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും നിസ്വാബ് - ഒരു വിശദ പഠനം



             الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين و على آله وصحبه أجمعين وبعد ؛

സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടുവന്നിട്ടുണ്ടോ അതല്ല, വെള്ളിയുടെ നിസ്വാബ് മാത്രമാണോ സ്ഥിരപ്പെട്ട് വന്നിട്ടുള്ളത്?. സ്വര്‍ണ്ണത്തിനും വെള്ളിക്കും വെള്ളിയുടെ നിസ്വാബ് ആണോ, അതോ സ്വര്‍ണ്ണത്തിന് അതിന്‍റേതായ നിസ്വാബും, വെള്ളിക്ക് അതിന്‍റേതായ നിസ്വാബുമാണോ ?. എന്നതാണ് ചര്‍ച്ച.
 

സര്‍വശക്തന്‍റെ സഹായത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട്‌ ആരംഭിക്കട്ടെ...

സ്വര്‍ണത്തിന്‍റെ നിസ്വാബ് പ്രതിപാദിക്കുന്ന ഹദീസ് പ്രവാചകന്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അബൂദാവൂദ്(റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം:

حدثنا سليمان بن داود المَهري، أخبرنا ابن وهب، أخبرني جرير بن حازم، عن أبي إسحاق، عن عاصم بن ضمرة، والحارث الأعور، عن علي رضي الله عنه، عن النَّبي صلى الله عليه وسلم، قال: ’’فإذا كانت لك مائتا درهم وحال عليها الحول ففيها خمسة دراهم، وليس عليك شيء ـ يعني في الذهب ـ حتى يكون لك عشرون ديناراً فإذا كان لك عشرون ديناراً وحال عليها الحول، ففيها نصف دينار، فما زاد فَبِحِسَاب ذلك ‘‘ قال: فلا أدري أَعَلِيٌ يقول فَبِحِسَاب ذلك، أو رفعه إلى النَّبي صلى الله عليه وسلم؟ وليس في مال زكاة حتى يحول عليه الحول، إلا أن جريراً قال: ابن وهب، يزيد في الحديث عن النَّبي صلى الله عليه وسلم:  ’’ ليس في مال زكاة حتى يحول عليه الحول ‘‘  - (أخرجه أبو داود رقم ( 1573 ) 2 / 100، وصححه الألباني في صحيح سنن أبي داود رقم ( 1573 ) 2 / 100 ).   


സുലൈമാന്‍ ബിന്‍ ദാവൂദ് അല്‍മഹ’രി പറഞ്ഞു, അദ്ദേഹത്തോട് ഇബ്നു വഹബ് പറഞ്ഞു. അദ്ദേഹത്തോട് ജരീര്‍ ബിന്‍ ഹാസിം പറഞ്ഞു. അദ്ദേഹ അബീ ഇസ്ഹാഖില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം ആസ്വിം ബിന്‍ ളംറയില്‍ നിന്നും, ഹാരിസ് അല്‍ അഅ്‘വറില്‍ നിന്നും. അവര്‍ രണ്ടുപേരും അലി (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: “നിന്‍റെ കൈവശം 200 ദിര്‍ഹം ഉണ്ടായിരിക്കുകയും അതിന് ഹൗല്‍ തികയുകയും ചെയ്‌താല്‍ അതില്‍ നിന്നും 5 ദിര്‍ഹം (സകാത്തായി) നല്‍കണം. ഇരുപത് ദിനാര്‍ തികയുന്നത് വരെ (സ്വര്‍ണ്ണത്തില്‍) നീ ഒന്നും തന്നെ നല്‍കേണ്ടതില്ല. നിന്‍റെ കൈവശം ഇരുപത് ദിനാര്‍ ഉണ്ടായിരിക്കുകയും അതിന് ഹൗല്‍ തികയുകയും ചെയ്‌താല്‍ അര ദിനാര്‍ (സകാത്തായി) നല്‍കണം. ഇനി അതിലും കൂടുതല്‍ കൈവശം വരുമ്പോള്‍ അതേ അനുപാതത്തില്‍ കണക്കുകൂട്ടുക”. - റാവി പറയുന്നു: “ഇനി അതിലും കൂടുതല്‍ കൈവശം വരുമ്പോള്‍ അതേ അനുപാതത്തില്‍ കണക്കുകൂട്ടുക” എന്ന വാക്ക് അലി(റ) പറഞ്ഞതാണോ, അതോ അദ്ദേഹം റസൂല്‍(സ) യിലേക്ക് ചേര്‍ത്ത് പറഞ്ഞതാണോ എന്നെനിക്കറിയില്ല. - “ഹൗല്‍ തികയാതെ ഒരു ധനത്തിലും സകാത്ത് ബാധകമാകുന്നില്ല”. ജരീര്‍ പറയുന്നു: ഇബ്നു വഹബ് ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ പ്രവാചകന്‍(സ) പറഞ്ഞതായി ഈ ഭാഗം കൂടി ചേര്‍ത്തിട്ടുണ്ട്: “ഹൗല്‍ തികയാതെ ഒരു ധനത്തിലും സകാത്ത് ബാധകമാകുന്നില്ല”. -(ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് സ്വഹീഹ് സുനനി അബീ ദാവൂദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1573- vol 2 / page 100 ).

ഈ ഹദീസുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ ഉണ്ട്. ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് പറയുന്നവരും, ദുര്‍ബലമാണ് എന്ന് പറയുന്നവരും പണ്ഡിതലോകത്തുണ്ട്. ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖ്വീത്വി (റ) അദ്ധേഹത്തിന്റെ തഫ്സീറായ
أضواء البيان ല്‍ ഈ ഹദീസിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ദുര്‍ബലമാണ് എന്ന് പറയുന്നവര്‍ ഉന്നയിക്കുന്ന വാദങ്ങളും അതിനുള്ള മറുപടിയും അദ്ദേഹം അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ സംഗ്രഹം മാത്രമാണ് ഇവിടെ നല്‍കുന്നത്.

ദുര്‍ബലമാണ് എന്ന് പറയുന്നവരുടെ വാദങ്ങള്‍:
1-    ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് حارث الأعور വഴിയോ عاصم بن ضمرة   വഴിയോ ആണ്. അവര്‍ രണ്ടുപേരും ദുര്‍ബലരാണ്.
2-    യഥാര്‍ത്ഥത്തില്‍ ഈ ഹദീസ് പ്രവാചകനിലേക്ക് എത്തുന്നില്ല. അഥവാ مرفوع ആയി സ്ഥിരപ്പെടുന്നില്ല. മറിച്ച് അലി (റ) വിലേക്ക് موقوف ആയാണ് സ്ഥിരപ്പെടുന്നത്. ഇമാം ദാറഖുത്വ’നി, ഇബ്ന്‍ ഹസം തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്.
3-    ഇബ്നുല്‍ മവാഖ് (റ) അഭിപ്രായപ്പെടുന്നത് ഈ ഹദീസില്‍ പരോക്ഷമായ ഒരു علة  ഉണ്ട്. അബീ ഇസ്ഹാഖില്‍ നിന്നും ഈ ഹദീസ് ഉദ്ദരിക്കുന്ന ജരീര്‍ ബിന്‍ ഹാസിം അദ്ദേഹത്തെ കണ്ടിട്ടില്ല.
4-    അതുപോലെ ഇമാം ശാഫിഇ (റ) പറഞ്ഞു: “റസൂല്‍ (സ) വെള്ളിയില്‍ സ്വദഖ നിര്‍ബന്ധമാക്കി. അദേഹത്തിനു ശേഷം മുസ്ലിംകള്‍ സ്വര്‍ണ്ണത്തിലും സ്വദഖ പിടിച്ചു. അതൊരുപക്ഷേ ഖിയാസ് മുഖേനയോ നമുക്ക് വന്നെത്തിയിട്ടില്ലാത്ത വല്ല ഹദീസ് മുഖേനയോ ആയിരിക്കാം”. സ്വര്‍ണവുമായി ബന്ധപ്പെട്ട് വന്ന ഒരൊറ്റ ഹദീസും ഇമാം ശാഫിഇ (റ) ക്ക് കിട്ടിയിട്ടില്ല എന്ന് അദ്ദേഹത്തിന്‍റെ വാക്കില്‍ നിന്നും സുവ്യക്തമാണ്. എങ്കിലും അദ്ദേഹത്തിന്‍റെ കാലത്തും സ്വര്‍ണ്ണത്തിന് സ്വര്‍ണ്ണത്തിന്‍റേതായ നിസ്വാബ് തന്നെയായിരുന്നു മുസ്ലിമീങ്ങള്‍ എല്ലാവരും പരിഗണിച്ചിരുന്നത് എന്നും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ഇബ്നു അബ്ദുല്‍ ബര്‍റ്, ഇബ്നു ഹസം തുടങ്ങിയവരും സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പ്രവാചകനില്‍ നിന്ന് ഒന്നും തന്നെ സ്ഥിരപ്പെട്ട് വന്നിട്ടില്ല എന്ന അഭിപ്രായക്കാരാണ്. പ്രവാചകന്‍ (സ) യിലേക്ക് رفع ചെയ്തുകൊണ്ട് വന്ന റിപ്പോര്‍ട്ട് حارث الأعور ന്‍റെതാണ് എന്നും, എന്നാല്‍ ആസ്വിമുബ്നു ളംറ ഉദ്ദരിക്കുന്ന റിപ്പോര്‍ട്ട് അലി (റ) വിലേക്ക് موقوف ആണെന്നുമാണ് അബൂ ദാവൂദ് ഉദ്ദരിച്ച റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇബ്നു ഹസം പറഞ്ഞത്.

മേല്‍ പറഞ്ഞ വാദങ്ങള്‍ക്ക് ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്വി നല്‍കുന്ന മറുപടി:
   

ഒന്നാമതായി:
ഈ ഹദീസ് സ്ഥിരപ്പെട്ട് വന്നതാണെന്നും (പ്രഗല്‍ഭരായ) പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 


    ഈ ഹദീസിന്റെ ഒരു ഭാഗം എടുത്ത് കൊടുത്തുകൊണ്ട് ഇമാം തിര്‍മിദി പറയുന്നു: ‘ഈ ഹദീസ്
أبو عوانة , أعمش തുടങ്ങിയവരും മറ്റുചിലരും അബീ ഇസ്ഹാഖില്‍ നിന്നും, അദ്ദേഹം ആസ്വിമുബ്നു ളംറയില്‍ നിന്നും, അദ്ദേഹം അലി (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇതാണ് ഒരു പരമ്പര). അതുപോലെ سفيان الثوري , سفيان بن عيينة തുടങ്ങി ഒന്നിലധികം പേര്‍ അബീ ഇസ്ഹാഖില്‍ നിന്നും, അദ്ദേഹം حارث الأعور ല്‍ നിന്നും അദ്ദേഹം അലി (റ) വില്‍ നിന്നും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇതാണ് രണ്ടാമത്തെ പരമ്പര). തുടര്‍ന്ന് ഇമാം തിര്‍മിദി പറയുന്നു: “ഞാന്‍ മുഹമ്മദിനോട് അഥവാ ബുഖാരിയോട് ഈ ഹദീസിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അവ രണ്ടും എന്‍റെ പക്കല്‍ സ്വഹീഹ് ആണ്’”. (അഥവാ ആ രണ്ട് സനദുകളും സ്വഹീഹ് ആണ് എന്ന് ഇമാം ബുഖാരി അഭിപ്രായപ്പെട്ടു).

ശൈഖ് ശന്‍ഖീത്വി തുടരുന്നു: ഇവിടെ ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് ഇമാം ബുഖാരി(റ) അഭിപ്രായപ്പെട്ടത് ഇമാം തിര്‍മിദി(റ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇനി ഇമാം നവവി(റ) തന്‍റെ ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നു: “ആസ്വിമുബ്നു ളംറ അലി(റ) വില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസ് അബൂ ദാവൂദും അല്ലാത്തവരും സ്വഹീഹോ ഹസനോ ആയ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്”. -
 (شرح المهذب).


അതുപോലെ ഇമാം ശൌക്കാനി(റ) തന്‍റെ നൈലുല്‍ ഔത്താറില്‍ പറയുന്നു: “അബീ ഇസ്ഹാഖ്, ആസ്വിമുബ്നു ളംറ വഴിയും ഹാരിസ് അല്‍ അഅ്’വര്‍ വഴിയും അലി (റ) വില്‍ നിന്ന് ഉദ്ദരിക്കുന്ന ഹദീസിനെ സംബന്ധിച്ച് ആ രണ്ട് പരമ്പരയും തന്‍റെ പക്കല്‍ സ്വഹീഹ് ആണ് എന്ന് ഇമാം ബുഖാരി ഉദ്ദരിച്ചത് നാം നേരത്തെ മനസ്സിലാക്കിയല്ലോ. ഹാഫിള് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി(റ) ആ ഹദീസ് ഹസന്‍ ആണ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്”. – (نيل الأوطار).

രണ്ടാമതായി: സുനനു ദാറഖുത്വ’നിയിലുള്ള മുഹമ്മദ്‌ ബ്നു അബ്ദുല്ലാഹിബ്നു ജഹശില്‍ നിന്നും, അംറുബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ അബൂദാവൂദ് അലി(റ) വില്‍ നിന്നും ഉദ്ദരിച്ച റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുന്നു.

മുഹമ്മദ്‌ ബ്നു അബ്ദുല്ലാഹിബ്നു ജഹശില്‍ നിന്നും നിവേദനം: “പ്രവാചകന്‍(സ) മുആദ്(റ) വിനെ യമനിലേക്ക് നിയോഗിച്ച അവസരത്തില്‍ അദ്ദേഹത്തോട് ഓരോ നാല്പത് ദിനാറിനും ഒരു ദിനാര്‍ എന്ന തോതില്‍ പിടിച്ചെടുക്കുവാന്‍ കല്പിച്ചു” – (
الدارقطني ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്).


അംറുബ്നു ശുഐബ് തന്‍റെ പിതാവില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു:

 ولا في أقل من عشرين مثقالا من الذهب شيء
“ഇരുപത് മിസ്ഖാലില്‍ താഴെയുള്ള സ്വര്‍ണ്ണത്തിന് ഒന്നും നല്‍കേണ്ടതില്ല”. – (سنن الدارقطني ، كتاب الزكاة  1675).

( ഈ രണ്ടു റിപ്പോര്‍ട്ടുകളും അലി(റ) വിന്‍റെ റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുന്നു. ഇതുകൂടാതെ ശൈഖ് ശന്‍ഖീത്വി ചര്‍ച്ചയില്‍ ഉദ്ദരിക്കാത്ത മറ്റു ഹദീസുകളും ഈ വിഷയത്തില്‍ കാണാം. ഉദാഹരണത്തിന് ശൈഖ് അല്‍ബാനി (റ) സ്വഹീഹ് ആക്കിയ ഇബ്നു മാജ ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍  സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് വ്യക്തമായി പറയുന്നുണ്ട്.

عنعائشة وابن عمر: " كان يأخذ من كل عشرين مثقالا نصف مثقال " – (رواه ابن ماجه و صححه الألباني، إرواء الغليل 813)

ഇബ്നു ഉമര്‍(റ) വില്‍ നിന്നും ആഇശ(റ) യില്‍ നിന്നും നിവേദനം: “പ്രവാചകന്‍(സ) (സ്വര്‍ണ്ണത്തില്) ഓരോ ഇരുപത് മിസ്‌ഖാലില്‍ നിന്നും അര മിസ്ഖാല്‍ (സകാത്തായി) ഈടാക്കാറുണ്ട്”. - (ഇബ്നുമാജ, അല്‍ബാനി: സ്വഹീഹ്, إرواء الغليل  813).

ഇബ്നു ഉമര്‍(റ) വില്‍ നിന്നും ആഇശ(റ) യില്‍ നിന്നും നിവേദനം: “പ്രവാചകന്‍(സ) ഇരുപത് ദീനാറില്‍ നിന്നും അര ദീനാറും, നാല്‍പത് ദിനാരില്‍ നിന്നും ഒരു ദിനാറും (സകാത്തായി) ഈടാക്കാറുണ്ട്” – (ഇബ്നു മാജ1791, ദാറഖുത്വ’നി 199. ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് രേഖപ്പെടുത്തി: സ്വഹീഹ് ഇബ്നു മാജ 1448). ഇമാം
البوصيري വ്യത്യസ്ഥ ലഫ്ലുകളില്‍ വന്ന ഈ രണ്ട് റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് തന്‍റെ ഗ്രന്ഥമായ الزوائد ല്‍ പറയുന്നു: “(ഈ ഹദീസിന്‍റെ പരമ്പരയിലുള്ള) ഇബ്രാഹീമിബ്നു ഇസ്മാഈല്‍ ളഈഫ് ആണ്. അപ്രകാരമാണ് التقريب ലും ഉള്ളത്. പക്ഷെ ഈ ഹദീസിന് അതിനെ ബലപ്പെടുത്തുന്ന ശവാഹിദുകള്‍ ഉണ്ട്”. – (الزوائد 1/113). നാലോളം ശവാഹിദുകള്‍ അദ്ദേഹം അതിനുദ്ദരിക്കുന്നുണ്ട്. അതില്‍ പ്രവാചകന്‍റെയും  ഉമര്‍(റ) വിന്‍റെയും കത്തില്‍ സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് സ്ഥിരപ്പെട്ടുവന്ന റിപ്പോര്‍ട്ടും അടങ്ങിയിട്ടുണ്ട്).

ശൈഖ് ശന്‍ഖീത്വി തുടരുന്നു:

മൂന്നാമതായി: ഹദീസ് നിഥാന ശാസ്ത്രമനുസരിച്ച് വിഷയം ചര്‍ച്ച ചെയ്യാം. യഹ്’യബ്നു മഈന്‍ حارث الأعور  നെ സംബന്ധിച്ച് അദ്ദേഹം ثقة ആണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കില്‍കൂടി അദ്ദേഹം ദുര്‍ബലനാണ് എന്ന് നമ്മള്‍ അംഗീകരിക്കുന്നു. അത് സൂറത്തുല്‍ മാഇദയുടെ തഫ്സീറില്‍ നാം രേഖപ്പെടുത്തിയിട്ടുമുണ്ട്‌. പക്ഷെ അപ്പോഴും عاصم بن ضمرة  വന്ന റിപ്പോര്‍ട്ട് ബാക്കിയാണ്. അദ്ദേഹത്തിന്‍റെ ഹദീസുകള്‍ തെളിവിനു കൊള്ളാവുന്ന ഹദീസുകളാണ്. യഹ്’യ ബ്നുല്‍ മദീനി(റ) അദ്ദേഹത്തെ സംബന്ധിച്ച് ثقة ആണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ ഇമാം നസാഇ(റ) അദ്ദേഹത്തെ സംബന്ധിച്ച് പറഞ്ഞത്: لا بأس به , അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല എന്നാണ്. ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി(റ) തന്‍റെ التقريب ല്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞത്: ആസ്വിമുബ്നു ളംറ അസ്സലൂലി അല്‍കൂഫി صدوق  ആണ് എന്നാണ്.

മാത്രമല്ല ഹാരിസ് അല്‍ അഅ്’വര്‍ ളഈഫ് ആണെങ്കില്‍ കൂടി അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് ആസ്വിമുബ്നു ളംറയുടെ റിപ്പോര്‍ട്ടിനു ബലം നല്‍കുന്നു. മുഹമ്മദ്‌ ബ്നു അബ്ദുല്ലാഹിബ്നു ജഹഷിന്‍റെയും, അംറുബ്നു ശുഐബിന്‍റെയും റിപ്പോര്‍ട്ടുകളും അതിനെ ബലപ്പെടുത്തുന്നുവല്ലോ. അതിനാല്‍ തന്നെ പരമ്പര ദുര്‍ബലമായതിനാല്‍ ആ ഹദീസ് ദുര്‍ബലമാണ് എന്ന വാദം അപ്രസക്തവും അസ്വീകാര്യവുമാണ്. ഇമാം ബുഖാരി ആ രണ്ടു റിപ്പോര്‍ട്ടുകളും സ്വഹീഹാണ് എന്നു പറഞ്ഞത് ഇമാം തിര്‍മിദി ഉദ്ദരിച്ചതും, ഇമാം നവവി ആസ്വിമുബ്നു ളംറയുടെ റിപ്പോര്‍ട്ട് ഒന്നുകില്‍ സ്വഹീഹോ അല്ലെങ്കില്‍ ഹസനോ ആണ് എന്ന് പറഞ്ഞതും, ഇമാം ഇബ്നു ഹജര്‍ അത് ഹസനാക്കിയിരിക്കുന്നു എന്ന് ശൌക്കാനി എടുത്ത് കൊടുത്തതുമെല്ലാം നാം കണ്ടുവല്ലോ.

ഇനി ഇബ്നുല്‍ മവാഖിന്റെ വാദമാണ് ഉള്ളത്. അതായത് ജരീര്‍ ബിന്‍ ഹാസിം അബീ ഇസ്ഹാഖിനെ കണ്ടിട്ടില്ല, അവര്‍ക്കിടയില്‍ ഹസനുബ്നു ഇമാറ എന്നയാളുണ്ട്. അദ്ദേഹമാകട്ടെ ളഈഫുമാണ്. അതിനാല്‍ തന്നെ ഹദീസ് ളഈഫ് ആണ് എന്നതാണ് വാദം. ഈ വാദം അസ്വീകാര്യമാണ് കാരണം അബീ ഇസ്ഹാഖില്‍ നിന്നും ഇതുദ്ദരിച്ചത് ജരീര്‍ ബിന്‍ ഹാസിം മാത്രമല്ല. മറ്റു അനേകം പേര്‍ അബീ ഇസ്ഹാഖില്‍ നിന്നും ഇതുദ്ദരിച്ചിട്ടുണ്ട്. ആ ആളുകളെ ഇമാം തിര്‍മിദി നേരത്തെ സൂചിപ്പിച്ചുവല്ലോ.
أبو عوانة  , أعمش , سفيان الثوري , سفيان بن عيينة  തുടങ്ങിയവരെല്ലാം അബീ ഇസ്ഹാഖില്‍ നിന്നും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇബ്നുല്‍ മവാഖ് ദുര്‍ബലമാണ് എന്നതിന് പറഞ്ഞ വാദത്തിന് ഒരു പ്രസക്തിയുമില്ല.

ആസ്വിമുബ്നു ളംറ സ്വീകാര്യനാണ് എന്ന് തെളിഞ്ഞതോടെ ഹദീസ് ദുര്‍ബലമാണ് എന്ന വാദം തള്ളപ്പെട്ടു. മറ്റു പരമ്പരകള്‍ വന്നതിനാല്‍ ഇബ്നുല്‍ മവാഖിന്‍റെ വാദവും അപ്രസക്തമായി. ഇനി ബാക്കിയുള്ളത് ഇബ്നു ഹസം മുന്നോട്ട് വെച്ച വാദമാണ്. അതായത്
مرفوع ആയി വന്ന റിപ്പോര്‍ട്ട് حارث الأعور ന്‍റെതാണ് എന്നും അയാളാകട്ടെ ളഈഫ് ആണ് എന്നും, ആസ്വിമുബ്നു ളംറ സ്വീകാര്യനാണെങ്കില്‍കൂടി അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് അലി(റ) വിലേക്ക് موقوف മാത്രമേ ആകുന്നുള്ളൂ എന്നുമാണ്. ഈ വാദത്തെ രണ്ടു രൂപത്തില്‍ ഘണ്ഡിക്കാം.


1-    സകാത്ത് നിര്‍ബന്ധമാകാന്‍ മാനദണ്ഡമായ നിസ്വാബ്, അതില്‍ നിന്നും എത്രയാണ് സകാത്തായി നല്‍കേണ്ടത് എന്ന കണക്ക് തുടങ്ങിയവയൊന്നും ഇജ്തിഹാദ് കൊണ്ടോ, സ്വന്തം യുക്തിയാലോ പറയുക സാധ്യമല്ലാത്ത തൌഖീഫിയായ കാര്യങ്ങളാണ്. موقوف ആയി സ്ഥിരപ്പെട്ട് വന്ന ഒരു റിപ്പോര്‍ട്ടിലാണ് അത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടത് എന്നുവന്നാല്‍ തന്നെ, സ്വഹാബത്ത് അത് പ്രവാചകനില്‍ നിന്ന് കേട്ടതാകാനെ വഴിയുള്ളൂ. അതിനാല്‍ തന്നെ ഹദീസ് നിഥാനശാസ്ത്രപ്രകാരം അതിന് مرفوع ന്‍റെ വിധിയാണ്.
2-    അബൂ ദാവൂദ് ആസ്വിം ബ്നു ളംറ വഴി ഈ ഹദീസ് ഉദ്ദരിച്ചത് موقوف ആയല്ല. مرفوع ആയിത്തന്നെയാണ്‌. ആ സനദ് തന്നെ ഹസനോ സ്വഹീഹോ ആണ് എന്നാണ് ഇമാം നവവി പറയുന്നത്. ഇമാം ബുഖാരിയും അത് സ്വഹീഹ് ആണ് എന്നാണ് അഭിപ്രായപ്പെട്ടത്. 

നാലാമതായി: വളരെ ന്യൂനപക്ഷം വരുന്ന പണ്ഡിതന്മാരെ ഒഴിച്ച് നിര്‍ത്തിയാല്‍ മുസ്‌ലിം ലോകത്തെ ബഹുപൂരിപക്ഷം പണ്ഡിതന്മാരും ഐക്യഖണ്ഡേന ഈ ഹദീസിലെ ആശയത്തെ സ്വീകരിക്കുന്നു എന്നതും ഈ ഹദീസിനെ ബലപ്പെടുത്തുന്നു.

അഞ്ചാമാതായി: സ്വര്‍ണ്ണത്തിലും വെള്ളിയിലും സകാത്ത് നിര്‍ബന്ധമാണ്‌ എന്നത് വിശുദ്ധഖുര്‍ആന്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ് എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ വ്യക്തവും സ്പഷ്ടവുമായ ഒരു കാര്യത്തിന് വ്യക്തതയെന്നോണമാണ് മേല്‍ പറഞ്ഞ ഹദീസിനെ പരിഗണിക്കുക. ഉസ്വൂലിയായ ഒരു നിയമമാണ് :
أن البيان يجوز بما هو دون المبين دلالة وسندا
(അതായത്: തര്‍ക്കമില്ലാത്തവിധം സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യത്തെ വ്യക്തമാക്കുന്നിടത്ത് സനദോ, പൊരുളോ (
دلالة) അത്രതന്നെ സ്ഥിരപ്പെട്ടിട്ടില്ലാത്തവയും പരിഗണിക്കാവുന്നതാണ്) – (أضواء البيان مجلد 2، ص 511-522).
കൂടുതല്‍ ഈ ചര്‍ച്ച അറിയാന്‍ താല്പര്യമുള്ളവര്‍ ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്വിയുടെ أضواء البيان വോ:2 പേജ് 511 മുതല്‍ 522 വരെ വായിക്കുക.
ഈ ചര്‍ച്ചയില്‍ നിന്നും വെള്ളിയുടെ നിസ്വാബും, സ്വര്‍ണ്ണത്തിന്‍റെ നിസ്വാബും വ്യക്തമായി ഹദീസില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട് എന്ന് നാം മനസ്സിലാക്കിയല്ലോ. ഇനി നമ്മള്‍ പരിശോധിക്കേണ്ടത് അവയുടെ നിസ്വാബായി പരിഗണിക്കേണ്ടത് മൂല്യത്തെയാണോ, അതോ തൂക്കത്തെയാണോ എന്നതാണ്.

 عن ابن عمر رضي الله عنه قال: قال رسول الله صلى الله عليه وسلم: " الوزن وزن أهل مكة، والمكيال مكيال أهل المدينة "

ഇബ്നു ഉമര്‍(റ) നിവേദനം, പ്രവാചകന്‍(സ) പറഞ്ഞു: “(പരിഗണിക്കപ്പെടേണ്ട) അളവ് മദീനക്കാരുടെ അളവും, (പരിഗണിക്കപ്പെടേണ്ട) തൂക്കം മക്കക്കാരുടെ തൂക്കവുമാണ്” – (അബൂ ദാവൂദ്, നസാഇ). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം നവവി പറയുന്നു: “(പരിഗണിക്കേണ്ട) തൂക്കം മക്കക്കാരുടെ തൂക്കമാണ്” എന്ന ഹദീസ് ഇമാം ബുഖാരിയുടെയും, ഇമാം മുസ്ലിമിന്‍റെയും നിബന്ധനകള്‍പ്രകാരം തന്നെ സ്വഹീഹാകുന്ന രൂപത്തിലുള്ള പരമ്പരയിലൂടെയാണ് അബൂദാവൂദും, നസാഇയും ഉദ്ദരിച്ചിട്ടുള്ളത്”. ഇതേ ഹദീസ് ഇബ്നു അബ്ബാസില്‍ നിന്നും ഉദ്ദരിക്കപ്പെട്ടതായും അബൂ ദാവൂദ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഖത്താബി(റ) പറയുന്നു: “മനുഷ്യന്മാര്‍ പരസ്പരം നടത്തുന്ന കച്ചവടത്തിന്‍റെ കാര്യത്തിലോ, അവരുടെ ദൈനംദിന ജീവിതത്തിലെ ഇടപാടുകളെ ബന്ധപ്പെടുത്തിയോ വന്നതല്ല ഈ ഹദീസ്. അല്ലാഹുവിന് നല്‍കേണ്ട നിര്‍ബന്ധബാധ്യതകളുടെ അളവും തൂക്കവും നിശ്ചയിക്കുന്നതിലുള്ള മാനദണ്ഡത്തെ സംബന്ധിച്ച് വന്നതാണ് ഈ ഹദീസ്. “തൂക്കം മക്കക്കാരുടെ തൂക്കമാണ്” എന്നത് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കാര്യത്തില്‍ മാത്രമാണ്. അഥവാ സ്വര്‍ണ്ണത്തിലും വെള്ളിയിലും സകാത്ത് ബാധകമാകുന്ന തൂക്കം മക്കക്കാരുടെ തൂക്കമാണ് എന്നാണതര്‍ത്ഥമാക്കുന്നത്”.

തൂക്കമാണ് പരിശോധിക്കേണ്ടത് എന്നത് വ്യക്തമായാല്‍ ആ കാലഘട്ടത്തിലെ അന്നത്തെ നാണയത്തിന്റെ തൂക്കം പരിശോധിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
ഇമാം ഇബ്നു ഹജര്‍ അല്‍ഹൈതമി(റ) പറയുന്നു: “സ്വര്‍ണ്ണനാണയത്തിന്‍റെ തൂക്കം ഇസ്ലാമിലോ, ജാഹിലിയ്യാ കാലഘട്ടത്തിലോ വ്യത്യാസപ്പെട്ടിട്ടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ എകാഭിപ്രായമുണ്ട്” – (تحفة المحتاج ج3 ص264).

അഥവാ ഒരു ദീനാറിന്‍റെ തൂക്കം ഇസ്ലാമിലും, ജാഹിലിയ്യത്തിലും ഒരു മിസ്‌ഖാല്‍ ആയിരുന്നു എന്ന് നമുക്ക് ആദ്യകാല ഗ്രന്ഥങ്ങളില്‍ വ്യക്തമായി കാണാം. ഒരു മിസ്ഖാല്‍ എന്നത് 4.25ഗ്രാം ആണ്. ഇസ്‌ലാമില്‍ ആദ്യമായി സ്വര്‍ണ്ണനാണയം അടിച്ചത് അബ്ദുല്‍ മലിക്(റ)ഊഏ കാലത്താണ്. പാരീസ്, മാഡ്രിഡ്, ബെര്‍ലിന്‍ ലണ്ടന്‍ എന്നിവിടങ്ങളിലെ മ്യൂസ്യങ്ങളില്‍ അബ്ദുല്‍ മലികിന്‍റെ കാലത്ത് അടിക്കപ്പെട്ട സ്വര്‍ണ്ണനാണയം ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അവയെക്കുറിച്ച് പഠനം നടത്തിയ പണ്ഡിതന്മാര്‍ അവയുടെ തൂക്കം 4.25ഗ്രാം ആണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. – (دائرة المعارف الإسلامية പ്രസിദ്ധീകരിച്ച الخراج في الدولة الإسلامية എന്ന കൃതിയുടെ 337, 338 പേജുകള്‍ പരിശോധിക്കുക).    

ആകയാല്‍ :  20 ദിനാര്‍ =  20 മിസ്ഖാല്‍
           1 മിസ്ഖാല്‍ = 4.25 ഗ്രാം.
           20 × 4.25 ഗ്രാം = 85 ഗ്രാം
സ്വര്‍ണത്തിന്‍റെ നിസ്വാബ് 85ഗ്രാം. അഥവാ പത്തര പവനും ഒരു ഗ്രാമും.

 
വെള്ളിയുടെ നിസ്വാബ്:

മക്കത്തുള്ള നാണയത്തിന്‍റെ തൂക്കമാണല്ലോ പരിഗണിക്കേണ്ടത്. എന്നാല്‍ മക്കത്ത് വ്യത്യസ്ഥ നാടുകളില്‍ നിന്നും വരുന്ന ഒന്നിലധികം വെള്ളി നാണയങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. പുറത്ത് നിന്ന് വരുന്ന നാണയങ്ങളാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഉമറുബ്നുല്‍ ഖത്ത്വാബ്(റ) വിന്റെ കാലത്താണ് ആദ്യമായി ഇസ്‌ലാമിക രാഷ്ട്രത്തിന്‍റെ നാണയം അടിക്കാനുള്ള പദ്ധതി നടപ്പിലാക്കിയത്. അതോടൊപ്പം വ്യത്യസ്ഥങ്ങളായിരുന്ന വെള്ളിനാണയത്തിന്‍റെ തൂക്കം ഏകീകരിക്കാനുള്ള ശ്രമവും നടപ്പിലാക്കി.

ഇമാം മാവര്‍ദി(റ) പറയുന്നു: “ബഗ്’ലി ദിര്‍ഹം 8 ദാനിഖ് തൂക്കവും, ത്വബ്’രി ദിര്‍ഹം 4 ദാനിഖും, മഗ്’രിബി മൂന്നു ദാനിഖും, യമനി ഒരു ദാനിഖുമായിരുന്നു. വെള്ളി നാണയങ്ങള്‍ വ്യത്യസ്ഥ തൂക്കമാണെന്നത് ഉമറുബ്നുല്‍ ഖത്ത്വാബ്(റ) വിന്‍റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍. അദ്ദേഹം പറഞ്ഞു: “ ആളുകള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഏറ്റവും തൂക്കം കൂടിയ നാണയത്തെയും, ഏറ്റവും തൂക്കം  കുറഞ്ഞ നാണയത്തെയും നിങ്ങള്‍ കണ്ടെത്തുക”. ബഗ്‌’ലി ദിര്‍ഹമും, ത്വബ്’രി ദിര്‍ഹമുമായിരുന്നു അവര്‍ കണ്ടെത്തിയവ. അപ്രകാരം അദ്ദേഹം അവ രണ്ടിന്‍റെയും തൂക്കം പരസ്പരം കൂട്ടുകയും (8+4=12) അതിന്‍റെ നേര്‍പകുതി കണക്കാക്കുകയും ചെയ്തു. അഥവാ 6 ദാനിഖ്. തുടര്‍ന്ന് 6 ദാനിഖ് തൂക്കത്തില്‍ ഇസ്‌ലാമിക നാണയം അടിക്കുകയും ചെയ്തു”. – (الأحكام السلطانية ص154).


ഉമറുബ്നുല്‍ ഖത്ത്വാബ്(റ) സ്വീകരിച്ച ഈ നിലപാടില്‍ നിന്നും ചില കാര്യങ്ങള്‍ വ്യകതമാണ്. ഒന്ന്, മക്കത്ത് നിലനിന്നിരുന്ന വെള്ളിനാണയങ്ങള്‍ വ്യത്യസ്ഥ തൂക്കമുള്ളവയായിരുന്നു. രണ്ട് അതുമൂലം അവര്‍ നേരിട്ടിരുന്ന പ്രയാസം ഇല്ലാതാക്കാനാണ് തൂക്കം ഏകീകരിച്ച് ഇസ്‌ലാമിക നാണയത്തിന് പ്രത്യേക തൂക്കം നിശ്ചയിച്ചുകൊണ്ട് പുറത്തിറക്കിയത്. വെള്ളിയായാലും സ്വര്‍ണ്ണമായാലും മൂല്യമല്ല, തൂക്കമാണ് പരിഗണിക്കേണ്ടത് എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.

പിന്‍കാലത്ത് ഉമര്‍(റ) തുടങ്ങിവച്ച നാണയ ഏകീകരണത്തിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് 10 ദിര്‍ഹം 7 മിസ്ഖാലിനു തുല്യം എന്ന അനുപാതത്തില്‍ അബ്ദുല്ലാഹിബ്നു സുബൈറും(റ), അദ്ധേഹത്തിന്‍റെ സഹോദരന്‍ മിസ്‌അബ് ബ്നു സുബൈറും(റ) വെള്ളിനാണയം അടിക്കുകയും, അതേ അനുപാതം അബ്ദുല്‍ മലിക്(റ) തുടരുകയും ചെയ്തു. എല്ലാ ഇസ്‌ലാമിക പ്രവിശ്യകളിലും ആ നാണയം നടപ്പിലാക്കുകയും ഇതര നാണയങ്ങള്‍ നിരോധിക്കുകയും ചെയ്തു.

ഇമാം رافعي (റ) പറയുന്നു: “ഒന്നാം നൂറ്റാണ്ടിലെ ആളുകള്‍ ഒരു ദിര്‍ഹമെന്നത് 6 ദാനിഖ് ആണെന്നും, ഓരോ പത്ത് ദിര്‍ഹമും 7 മിസ്ഖാല്‍ തൂക്കം വരുമെന്നുമുള്ള കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്” – (ഇമാം നവവി(റ) തന്‍റെ شرح المهذب ല്‍ ആണ് ഇതുദ്ദരിച്ചത്. വോ:6,പേജ് 15).
ഇബ്നു ഖല്‍ദൂന്‍(റ) യും തന്‍റെ മുഖദ്ദിമയില്‍ ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. – (المقدمة  ص 263).
ആയതിനാല്‍ : 10 ദിര്‍ഹം  =  7 മിസ്ഖാല്‍
            200 ദിര്‍ഹം = 140 മിസ്ഖാല്‍
             1 മിസ്ഖാല്‍ = 4.25ഗ്രാം
            140 ×   4.25  =  595ഗ്രാം
വെള്ളിയുടെ നിസ്വാബ് : 595ഗ്രാം.

വെള്ളിയായാലും സ്വര്‍ണ്ണമായാലും അതിന്‍റെ നിസ്വാബ് തൂക്കത്തില്‍ നിശ്ചയിക്കുക വഴി ഏത് കാലത്തും, ഏത് നാട്ടിലുല്ലവര്‍ക്കും വിത്യാസമില്ലാതെ ഒരേ മാനദണ്ഡപ്രകാരം സകാത്ത് കണക്കു കൂട്ടാന്‍ സാധിക്കുന്നു.


സ്വര്‍ണ്ണത്തിന് സ്വര്‍ണ്ണത്തിന്‍റെ നിസ്വാബും, വെള്ളിക്ക് വെള്ളിയുടെ നിസ്വാബുമാണ് എന്ന അഭിപ്രായക്കാരാണ് ഏറെക്കുറെ ഈ കാലഘട്ടത്തില്‍ ജീവിച്ച എല്ലാ സലഫീ പണ്ഡിതര്‍ക്കും ഉള്ളത്. അവരുടെ ഫത്’വകളുടെ ചെറിയ ഭാഗമാണ് ഇവിടെ എടുത്ത് കൊടുക്കുന്നത്:
 
ശൈഖ് ഇബ്നു ഉസൈമീന്‍ പറയുന്നു:


قوله: «إذا بلغ عشرين مثقالاً» هذا بيان مقدار نصاب الذهب لحديث علي بن أبي طالب ـ رضي الله عنه ـ أن النبي صلّى الله عليه وسلّم قال: «إذا كان لك عشرون ديناراً وحال عليها الحول، ففيها نصف دينار» [(73)] وقد وردت أحاديث أخرى عن النبي صلّى الله عليه وسلّم بهذا المعنى، وكذلك آثار موقوفة عن الصحابة ـ رضي الله عنهم ـ وهي بمجموعها تصل إلى درجة الحسن أو الصحيح لغيره، وأما قول ابن عبد البر ـ رحمه الله ـ: إنه لم يثبت فيه عن النبي صلّى الله عليه وسلّم شيء، فيجاب عنه بأن ذلك قد ثبت بما يكفي كونه حجة.
والدينار الإسلامي زنته: مثقال، والمثقال: أربعة غرامات وربع، وكل عشرة دراهم إسلامية سبعة مثاقيل، وعلى هذا تكون مائتا درهم تساوي مائة وأربعين مثقالاً. (الشرح الممتع مجلد 6)

ലജ്നതുദ്ദാഇമയുടെ ഫത്'വ:

نصاب الذهب عشرون مثقالاً، وبالدنانير الإسلامية عشرون دينارًا إسلاميًّا، ونصاب الفضة مائة وأربعون مثقالاً، وبالدرهم الإسلامي مائتا درهم أو ما يعادل ذلك من الأوراق النقدية؛ كالدولارات الأمريكية والريالات السعودية الورقية وغيرها من العُمل، والذي لا يملك النصاب طول حياته لا تجب عليه الزكاة، وإذا ملك نصابًا وأنفقه قبل تمام الحول فلا شيء عليه، والفقير إذا تجمع عنده من الزكوات ما يبلغ النصاب وحال عليه الحول فإنه تجب عليه الزكاة فيه.

 
وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم. 
  
بكر أبو زيد ، صالح بن فوزان الفوزان ، عبدالله بن غديان ، عبد العزيز آل شيخ ، عبد العزيز ابن باز



അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ