Thursday, May 18, 2017

നോമ്പിന്‍റെ വിധിയെന്ത്‌ ?. ആര്‍ക്കാണ് നോമ്പ് നിര്‍ബന്ധം ?. നിര്‍ബന്ധമല്ല എന്ന് പറയുന്നവരുടെ വിധിയെന്ത്‌ ?.



ചോദ്യം: റമദാനിലെ നോമ്പിന്‍റെ മതപരമായ വിധിയെന്താണ് ?. ആര്‍ക്കാണ് നോമ്പ് നിര്‍ബന്ധം ?. അത് നിര്‍ബന്ധമല്ല എന്ന് പറയുന്നയാളുടെ വിധിയെന്ത്‌ ?. 

www.fiqhussunna.com

ഉത്തരം: അല്ലാഹുവിന്‍റെ കിതാബിലും നബി (സ) യുടെ ചര്യയിലും സ്ഥിരപ്പെട്ടതും മുസ്‌ലിം ഉമ്മത്തിന് ഇജ്മാഅ് ഉള്ളതുമായ ഒരു നിര്‍ബന്ധകര്‍മ്മമാണ്‌ റമദാനിലെ നോമ്പ്. അല്ലാഹു പറയുന്നു: 

يَاأَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (183) أَيَّامًا مَعْدُودَاتٍ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ وَأَنْ تَصُومُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ (184) شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (185)

" സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌".(183)

"എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം. (184)    

" ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌). നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്‍റെപേരില്‍ അല്ലാഹുവിന്‍റെമഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌). (185) "  - [അല്‍ബഖറ : 183 - 185].

അതുപോലെ നബി (സ) പറഞ്ഞു: 
بني الإسلام على خمس: شهادة أن لا إله إلا الله وأن محمدًا رسول الله، وإقام الصلاة، وإيتاء الزكاة، وحج البيت وصوم رمضان ))
"ഇസ്‌ലാം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് പഞ്ചസ്തംഭങ്ങളിന്മേലാകുന്നു. അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തല്‍, നമസ്കാരം മുറപോലെ നിര്‍വഹിക്കല്‍, സകാത്ത് കൃത്യമായി നല്‍കല്‍, ഹജ്ജ് നിര്‍വഹിക്കല്‍, നോമ്പ് അനുഷ്ടിക്കല്‍ എന്നിവയാണവ." - (متفق عليه).
റമദാന്‍ മാസത്തില്‍ നോമ്പ് നിര്‍ബന്ധമാണ്‌ എന്നതില്‍ മുസ്‌ലിം ഉമ്മത്ത്‌ ഒന്നടങ്കം ഏകാഭിപ്രായക്കാരാണ്. ആരെങ്കിലും അത് നിര്‍ബന്ധമല്ല എന്ന് വാദിക്കുന്നുവെങ്കില്‍ അവന്‍ കാഫിറും മുര്‍ത്തദ്ദുമാണ്. (ശരീഅത്ത് നിയമമുള്ളിടത്ത് അവനോട് കോടതി) തൗബ ചെയ്യാന്‍ ആവശ്യപ്പെടും. അവന്‍ അതിന് തയ്യാറാകാത്തപക്ഷം അവന്‍റെ മേല്‍ മുര്‍ത്തദ്ദിന്‍റെ ഹദ്ദ് നടപ്പാക്കപ്പെടും. 
റമദാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ രണ്ടാം വര്‍ഷമാണ്‌. അതിന് ശേഷം നബി (സ) ജീവിച്ച ഒന്‍പത് റമദാനുകള്‍ അദ്ദേഹം നോമ്പെടുത്തു.  പ്രായപൂര്‍ത്തിയെത്തുകയും ബുദ്ധിയുള്ളവനുമായ എല്ലാ മുസ്‌ലിമിനും നോമ്പ് നിര്‍ബന്ധമാണ്‌.

അവിശ്വാസിയുടെ മേല്‍ നോമ്പ് നിര്‍ബന്ധമല്ല. ഇനി വിശ്വസിച്ചാലല്ലാതെ അവന്‍ നോമ്പ് അനുഷ്ടിച്ചാല്‍ അതൊട്ട് സ്വീകരിക്കപ്പെടുകയുമില്ല. പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ല. പതിനഞ്ചു വയസ് തികയുകയോ, അതല്ലെങ്കില്‍ സ്വകാര്യഭാഗങ്ങളില്‍ രോമമുണ്ടാകല്‍, സ്ഖലനം, സ്ത്രീയാണെങ്കില്‍ ആര്‍ത്തവം തുടങ്ങിയവ പ്രായപൂര്‍ത്തിയെത്തി എന്നതിന്‍റെ അടയാളമാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചാല്‍ അതോടെ ഒരു കുട്ടിക്ക് പ്രായപൂര്‍ത്തിയായി.  എന്നാല്‍ നിരുപദ്രവകരമായ രൂപത്തില്‍ കുട്ടികളോട് നോമ്പെടുക്കാന്‍ കല്‍പിക്കണം. അത് ശീലമാകാനും, അതിനോട് താല്പര്യം ഉണ്ടാകാനുമാണത്.

ഭ്രാന്ത്, അതല്ലെങ്കില്‍ സ്വബോധം നഷ്ടപ്പെടല്‍ എന്നിങ്ങനെ തന്റെ ബുദ്ധി നഷ്ടപ്പെട്ട ഒരാള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ല. അതുപോലെത്തന്നെ പ്രായാധിക്യം കാരണത്താല്‍ ബുദ്ധി നഷ്ടപ്പെട്ട, കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തവിധം, സ്വബോധമില്ലാതെ അതുമിതും പറയുന്നവരായ വൃദ്ധന്മാര്‍ക്കും നോമ്പോ, മുദ്ദ്‌ കൊടുക്കലോ ഇല്ല. (കാരണം സ്വബോധം നഷ്ടപ്പെട്ടവരുടെ മേല്‍ ഇബാദത്തുകള്‍ നിര്‍ബന്ധമല്ല).  

മറുപടി: ശൈഖ് ഇബ്നു ഉസൈമീന്‍ (റ)
(Source: سبعون سؤالا في أحكام الصيام , Page: 6).
__________________
വിവര്‍ത്തനം: അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ്