Friday, May 13, 2022

ഖലീഫ ബ്ൻ സായിദ് (റ) ക്ക് വേണ്ടിയുള്ള ഗാഇബിന്റെ ജനാസ നമസ്കാരം

🕌 കുവൈറ്റിൽ ഇന്ന് ഇശാക്ക് ശേഷം ശൈഖ് ഖലീഫ ബ്ൻ സായിദ് (റഹിമഹുല്ല) ക്ക് വേണ്ടി ജനാസ നമസ്കാരം
__________________

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സ്നേഹം നിറഞ്ഞ സഹോദരങ്ങളെ UAE ഭരണാധികാരി ശൈഖ് ഖലീഫ ബ്ൻ സായിദ് (رحمه الله) വഫാത്തായ വിവരം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ...

ഇന്ന് ഇശാ നമസ്കാരശേഷം (13/05/2022 വെള്ളി) കുവൈറ്റിലെ എല്ലാ പള്ളികളിലും അദ്ദേഹത്തിന് വേണ്ടി ഗാഇബിന്റെ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നമുക്കറിയുന്ന പോലെ ഗാഇബിനു വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഫുഖഹാക്കൾക്ക് ഇടയിൽ ചർച്ചയുള്ള വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉള്ള ഒരു വിഷയമാണ്.

حكم الحاكم يرفع الخلاف

അഥവാ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്ന ഒരു വിഷയത്തിൽ, ഭരണാധികാരി ഒരു അഭിപ്രായം സ്വീകരിച്ചാൽ പിന്നീട് അതിൽ ഭിന്നത ഉണ്ടാകാവതല്ല എന്നത് കർമ്മശാസ്ത്രത്തിലെ ഒരു പൊതു തത്വമാണ്.

നബി (സ) നജ്ജാശി രാജാവിനു വേണ്ടി നമസ്കരിച്ച സംഭവം ആണ് മയ്യിത്തിന്റെ അസാന്നിധ്യത്തിൽ നമസ്കരിക്കുന്നതിനുള്ള തെളിവ്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് അഭിപ്രായങ്ങൾ ആണ് ഫുഖഹാക്കൾക്ക് ഉള്ളത്.

1- ഏതൊരാൾക്ക് വേണ്ടിയും മയ്യിത്തിന്റെ അസാന്നിധ്യത്തിൽ നിസ്കരിക്കാം എന്ന അഭിപ്രായക്കാർ.

2- എല്ലാവർക്കും വേണ്ടി നിസ്കരിക്കാവതല്ല, എന്നാൽ നജ്ജാശി രാജാവിനെ പോലെ ഭരണാധികാരിയോ, ഉമ്മത്തിൽ വലിയ സ്ഥാനം വഹിച്ചവരോ ഒക്കെ മരണപ്പെടുമ്പോൾ ഗാഇബിന്റെ മയ്യിത്ത് നിസ്കാരം നിസ്കരിക്കാം എന്ന അഭിപ്രായക്കാർ.

3- നജ്ജാശി രാജാവിനെപ്പോലെ മരണപ്പെട്ട വ്യക്തിയുടെ നാട്ടിൽ ആരും അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരം നിർവഹിച്ചിട്ടില്ല എങ്കിൽ മാത്രം, അദ്ദേഹത്തിന് വേണ്ടി മയ്യിത്തിന്റെ അസാന്നിധ്യത്തിൽ മയ്യിത്ത് നിസ്കാരം നിർവഹിക്കാം. എന്നാൽ സ്വന്തം നാട്ടിൽ മയ്യിത്ത് നമസ്കാരം നടന്നാൽ പിന്നെ ഗാഇബിന്റെ നമസ്കാരം ഇല്ല എന്ന് അഭിപ്രായപ്പെട്ടവർ.


ഇങ്ങനെ വ്യത്യസ്ഥ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ ഉണ്ട്‌. എല്ലാവരുടെയും ആധാരം നജ്ജാശി (റ) രാജാവിന്റെ സംഭവം തന്നെ.

ഇതിൽ കൂടുതൽ പ്രബലം മൂന്നാമത്തെ അഭിപ്രായമാണ് എന്ന് മനസ്സിലാക്കാം എങ്കിലും, ((പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന ഒരു വിഷയത്തിൽ ഭരണാധികാരി ഒരു അഭിപ്രായം സ്വീകരിച്ചാൽ അത് അഭിപ്രായ ഭിന്നതയെ ഉയർത്തും)) എന്ന കർമ്മശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തിൽ, കുവൈറ്റിലെ ഭരണാധികാരി ഈ വിഷയത്തിലെ രണ്ടാമത്തെ അഭിപ്രായമായ മുസ്‌ലിം ഭരണാധികാരികൾ മരണപ്പെടുമ്പോൾ ഗാഇബായും മയ്യിത്ത് നിസ്കരിക്കുക എന്നതിനെ അടിസ്ഥാനമാക്കി അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ ഇന്ന് ആഹ്വാനം ചെയ്തതിനാൽ അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കുകയാണ് വേണ്ടത്. ഇനി നമുക്ക് വ്യത്യസ്ഥ അഭിപ്രായമാണ് ഉള്ളതെങ്കിൽ പോലും..

والله تعالى أعلم

അല്ലാഹു അനുഗ്രഹിക്കട്ടെ...

ഈ വിഷയം വിശദമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈയുള്ളവൻ നേരത്തെ എഴുതിയ ലേഖനം ഈ ലിങ്കിൽ വായിക്കാം:

ഗാഇബിന്റെ മയ്യിത്ത് നമസ്കാരം ഒരു ലഘുപഠനം https://www.fiqhussunna.com/2015/07/blog-post_64.html
_______________
✍🏽 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് P. N