ചോദ്യം: നാട്ടിൽ നിന്നും വന്ന ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ജിദ്ദയിലേക്കോ, ത്വാഇഫിലേക്കോ ഒക്കെ തങ്ങളുടെ ബന്ധുക്കളെ കാണാനോ മറ്റോ പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്യേണ്ടതുണ്ടോ?, പ്രത്യേകിച്ചും മക്കത്തേക്ക് തന്നെ വരാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ?
ഉത്തരം :
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
വിദാഇന്റെ ത്വവാഫ് ഹാജിമാർക്ക് നിർബന്ധമാണ് എന്ന് നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ജിദ്ദക്കാരോ ത്വാഇഫ് കാരോ, മക്കയിലേക്ക് തിരികെ മടങ്ങാൻ ഉദ്ദേശം ഇല്ലാത്തവരോ അവിടേക്ക് മടങ്ങുമ്പോൾ വിദാഇന്റെ നിർവഹിച്ച് മാത്രമേ അവർക്ക് അവിടേക്ക് പോകാവൂ..
ഇനി നമ്മുടെ നാട്ടിൽ നിന്നും പോകുന്നവരോ, മറ്റു നാടുകളിൽ നിന്നും വന്നവരോ ഒക്കെ മക്കയിലേക്ക് തന്നെ തിരികെ വരും എന്ന ഉദ്ദേശത്തോടെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ തുടങ്ങി മക്കയുടെ പുറത്തേക്ക് സന്ദർശനത്തിന് വേണ്ടി പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്ത് പോകണോ, അതോ തിരികെ വന്ന ശേഷം നാട്ടിലേക്ക് പോകുന്നതിന് മുൻപ് വിദാഇന്റെ ത്വവാഫ് ചെയ്‌താൽ മതിയോ...?
കൂടുതൽ സൂക്ഷ്മത ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ എവിടേക്കുമാകട്ടെ അവർ മക്കയിൽ നിന്നും പുറത്ത് പോകുമ്പോൾ തന്നെ വിദാഇന്റെ ത്വവാഫ് ചെയ്തുകൊണ്ട് പുറത്ത് പോകുക എന്നതാണ്.
നബി (സ) പറഞ്ഞു:
«لَا يَنْفِرَنَّ أَحَدٌ حَتَّى يَكُونَ آخِرُ عَهْدِهِ بِالبَيْتِ»
"തന്റെ അവസാന ബന്ധം കഅബാലയവുമായിരിക്കെയല്ലാതെ (വിദാഇന്റെ ത്വവാഫ് നിർവഹിച്ചിട്ടല്ലാതെ) ഒരാളും ഹജ്ജിൽ നിന്നും പിരിഞ്ഞു പോകരുത് " - [സ്വഹീഹ് മുസ്‌ലിം].
ഈ ഹദീസിൽ ഇന്ന സ്ഥലത്തേക്ക് പോകുമ്പോൾ എന്ന് പരാമർശമില്ല. ഹജ്ജ് നിർവഹിച്ച് മക്കത്ത് നിന്നും പിരിഞ്ഞു പോകുമ്പോൾ എന്നെ അർത്ഥമുള്ളൂ. അതുകൊണ്ടുതന്നെ മക്കയിൽ നിന്നും എവിടേക്ക് പുറത്ത് പോകുകയാണ് എങ്കിലും നിർബന്ധമായ വിദാഇന്റെ ത്വവാഫ് (അഥവാ ഹജ്ജിന്റെ ഭാഗമായുള്ള വിദാഇന്റെ ത്വവാഫ്) നിർവഹിച്ച ശേഷം മാത്രം മക്കത്ത് നിന്നും പുറത്ത് പോകുന്നതാണ് ഉചിതം.
അങ്ങനെ ഹജ്ജിന്റെ ഭാഗമായ വിദാഇന്റെ ത്വവാഫ് നിർവഹിച്ച് കഴിഞ്ഞവർക്ക് പിന്നീട് അവർ മക്കത്തേക്ക് തന്നെ മടങ്ങി വന്നാലും , അവിടെ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ വീണ്ടും സുന്നത്തായ വിദാഇന്റെ ത്വവാഫ് നിർവഹിക്കുകയുമാകാം. ആ നിലക്ക് എല്ലാ ആശയക്കുഴപ്പങ്ങളിൽ നിന്നും പുറം കടക്കാനും അതുവഴി സാധിക്കുന്നു.
ശൈഖ് ഇബ്നു ബാസ് (റ) ഈ വിഷയത്തെ സംബന്ധിച്ച് പറയുന്നു:
وأما من خرج إليها لحاجة وقصده الرجوع إلى مكة؛ لأنها محل إقامته أيام الحج، فهذا فيه نظر وشبهة، والأقرب أنه لا ينبغي له الخروج إلا بوداع عملًا بعموم الحديث المذكور، ويكفيه هذا الوداع عن وداع آخر إذا أراد الخروج إليها مرة أخرى؛ لكونه قد أتى بالوداع المأمور به، لكن إذا أراد الخروج إلى بلاده فالأحوط له أن يودع مرة أخرى للشك في إجزاء الوداع الأول.
"ഒരാൾ തന്റെ ഹജ്ജിന്റെ വാസസ്ഥലമായ മക്കയിലേക്ക് തന്നെ മടങ്ങിവരാം എന്ന ഉദ്ദേശത്തോടെ ജിദ്ദയിലേക്കോ മറ്റോ പോയാൽ, അയാളുടെ വിഷയം കുറച്ച് ആശയക്കുഴപ്പം ഉള്ള പരിശോധിക്കപ്പെടേണ്ട ഒരു വിഷയമാണ്. ഹദീസിലെ പൊതുവായ കല്പന മാനിച്ച് വിദാഇന്റെ ത്വവാഫ് നിർവഹിച്ച് മാത്രമേ എങ്ങോട്ടാണെങ്കിലും അയാൾ മക്കത്ത് നിന്നും പുറത്ത് പോകാവൂ എന്നതാണ് കൂടുതൽ ശരിയായി തോന്നുന്ന അഭിപ്രായം. അങ്ങനെ അയാൾ വിദാഇന്റെ ത്വവാഫ് നിർവഹിച്ച് പുറത്ത് പോയാൽ പിന്നെ നാട്ടിലേക്ക് മടങ്ങുമ്പോൾ വിദാഇന്റെ ത്വവാഫ് ചെയ്യണമെന്ന് നിർബന്ധമില്ല. കാരണം കൽപ്പിക്കപ്പെട്ട ത്വവാഫുൽ വിദാഅ അയാൾ നിർവഹിച്ചു കഴിഞ്ഞല്ലോ. എന്നാൽ അയാൾ നാട്ടിലേക്ക് മടങ്ങുമ്പോൾ വീണ്ടും വിദാഇന്റെ ത്വവാഫ് ചെയ്ത് പോകുന്നുവെങ്കിൽ അതാണ് ഏറ്റവും സൂക്ഷ്മത. കാരണം ആദ്യം ചെയ്തത് വിദാആയി പരിഗണിക്കുമോ എന്ന ഭിന്നത നിലനിൽക്കുന്നത്തിനാലാണത്" - [مجموع فتاوى ومقالات الشيخ ابن باز 17/ 396].
ഇനി ഇതിൽ വിദാഇന്റെ ത്വവാഫ് പിന്നീട് മക്കത്തേക്ക് മടങ്ങി വന്ന ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ നിർവഹിക്കാം, കാരണം അതാണല്ലോ യഥാർത്ഥ പിരിഞ്ഞു പോക്ക് എന്ന നിലക്ക് വിദാഇന്റെ ത്വവാഫ് ചെയ്യാതെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ പോയവർ ഉണ്ടെങ്കിൽ അവർ വിഷമിക്കേണ്ടതില്ല. ഒരു ഇജ്തിഹാദിയായ വിഷയം ആയതുകൊണ്ടുതന്നെ അങ്ങനെ പോകാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ ത്വവാഫ് ചെയ്ത് പോകലാണ് സൂക്ഷ്മത എന്നതാണ് നാം ഇതിലൂടെ മനസ്സിലാക്കേണ്ടത് എന്ന് മാത്രം.
ഇനി അങ്ങനെ ത്വവാഫ് ചെയ്യാതെ പുറത്ത് പോയി ശേഷം മക്കത്തേക്ക് തന്നെ മടങ്ങി വന്നവർക്ക് പ്രായശ്ചിത്തമായി അറവ് ബാധകമാകുമോ എന്നതിന് "ഇല്ല അറവ് ബാധകമാകുകയില്ല , എന്നാൽ ഒരാൾ സൂക്ഷ്മതക്കായി ബലി അറുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അയാൾക്ക് ആകാം" എന്നാണ് ശൈഖ് ഇബ്നു ബാസ് (റ) അതുമായി ബന്ധപ്പെട്ട് നൽകിയ മറുപടി.
ഏതായാലും ഹാജിമാരിൽ മക്കത്ത് നിന്നും പുറത്ത് പോകാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ വിദാഇന്റെ ത്വവാഫ് ചെയ്ത ശേഷം മാത്രം പുറത്ത് പോകുന്നതാണ് സൂക്ഷ്മത... അല്ലാഹു അനുഗ്രഹിക്കട്ടെ..
____________________
✍🏽 Abdu Rahman Abdul Latheef