ചോദ്യം: തുണി കടകളിൽ നിന്നും ഡ്രസ്സ് വാങ്ങുമ്പോൾ കൂപ്പൺ കിട്ടാറുണ്ടല്ലോ. അടുത്ത തവണ വാങ്ങുമ്പോൾ 500 രൂപ ഒക്കെ കുറവ് ലഭിക്കുന്ന രൂപത്തിൽ, ഇത് അനുവദനീയമാണോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
കടകളിൽ നിന്നും ലഭിക്കുന്ന നറുക്കെടുപ്പ് കൂപ്പണുകൾ നിങ്ങൾക്ക് അനുവദനീയമാകണമെങ്കിൽ രണ്ട് നിബന്ധനകൾ ബാധകമാണ്. ആ കൂപ്പണ് വേണ്ടി നിങ്ങളിൽ നിന്നും കടക്കാർ തുക ഈടാക്കാൻ പാടില്ല. അതുപോലെ നിങ്ങൾക്ക് കൂപ്പൺ നറുക്കെടുപ്പിൽ പങ്കെടുക്കാനോ കൂപ്പൺ ലഭിക്കാനോ വേണ്ടി മാത്രമായി നിങ്ങൾ സാധനം വാങ്ങുന്നതാകാനും പാടില്ല. നിങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നു. ആ സമയത്ത് നിങ്ങൾക്ക് കൂപ്പൺ ലഭിച്ചു, അതിന് കടക്കാർ പ്രത്യേകം പണം ഈടാക്കിയിട്ടുമില്ല എങ്കിൽ നിങ്ങൾക്ക് ആ കൂപ്പൺ വഴി ലഭിക്കുന്ന സമ്മാനങ്ങൾ സ്വീകരിക്കാം. നറുക്കെടുപ്പ് കൂപ്പൺ ലഭിക്കാൻ വേണ്ടി നമ്മിൽ നിന്നും അവർ പണം ഈടാക്കുകയോ, കൂപ്പൺ ലഭിക്കാനായി ആവശ്യമില്ലാതിരുന്നിട്ടും നാം സാധനം വാങ്ങുകയോ ചെയ്‌താൽ അവിടെ അത് ചൂതാട്ടത്തിൽ പെടുന്ന കാര്യമായിത്തീരും.
ഇനി കാശ് ബാക്ക് കൂപ്പണുകൾ. അഥവാ കടയിൽ നിന്നും ഇത്ര രൂപക്ക് സാധനം വാങ്ങിയാൽ ഇത്ര രൂപ കിഴിവ് ലഭിക്കും എന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നുവെങ്കിൽ അത് അനുവദനീയമാണ്. പക്ഷെ അതിലൂടെ ലഭിക്കുന്ന ഡിസ്‌കൗണ്ട് എന്നത് യാഥാർഥ്യമായിരിക്കണം. കേവലം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയും അവരെക്കൊണ്ട് കൂടുതൽ സാധനങ്ങൾ വാങ്ങിപ്പിക്കാൻ വേണ്ടിയും നടത്തുന്ന തട്ടിപ്പാകരുത്. അത് നിഷിദ്ധമാണ്.
ഇനി പേയ്മെന്റ് കാശ് ബാക്ക് ഓഫറുകൾ ആണെങ്കിൽ, അത് നൽകുന്നത് കച്ചവടക്കാരനോ കമ്പനിയോ സേവന ദാതാക്കളോ ആണെങ്കിൽ അത് ഡിസ്‌കൗണ്ട് കൂപ്പൺ പോലെത്തന്നെ അനുവദനീയമാണ്. എന്നാൽ അത് നൽകുന്നത് നാം പേയ്മെൻ്റിന് വേണ്ടി ഉപയോഗിക്കുന്ന ബാങ്കോ, ഇ- വാലറ്റുകളോ ആണെങ്കിൽ അവ പലിശ സ്ഥാപനങ്ങളാണെങ്കിൽ അവയുടെ കാശ് ബാക്ക് ഓഫറുകൾ നമുക്ക് അനുവദനീയമല്ല. അപ്രകാരം വല്ല തുകയും ഒരാൾക്ക് ലഭിച്ചാൽ തന്നെ അത് പാവപ്പെട്ടവർക്ക് നൽകുകയാണ് വേണ്ടത്. കൂടുതൽ മനസ്സിലാക്കാൻ ഈ ലേഖനം വായിക്കാം:
ഈ വാലറ്റ് കാശ് ബാക്ക് ഓഫേഴ്‌സ് അനുവദനീയമോ ? ലിങ്ക്: https://www.fiqhussunna.com/2019/06/blog-post_12.html
അല്ലാഹു അനുഗ്രഹിക്കട്ടെ..
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ