ചോദ്യം: ഗൾഫിലെ ലോട്ടറികൾ ഹലാൽ ആണോ ?
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
പണം നൽകിക്കൊണ്ട് കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു ഭാഗ്യക്കുറിയിൽ പങ്കെടുക്കുക എന്നത് നിഷിദ്ധമായ ചൂതാട്ടത്തിൽ പെട്ടതാണ്. അത് ഗൾഫിൽ ആണെങ്കിൽ ഹലാലും നാട്ടിൽ ആണെങ്കിൽ ഹറാമും എന്നല്ല, അത് ലോകത്ത് എവിടെ ആയിരുന്നാലും ഹറാം തന്നെയാണ്.
ഒരുപക്ഷെ സഹോദരൻ ഈ ചോദ്യം ചോദിക്കാൻ കാരണം. ഗൾഫിൽ ഒക്കെ ഹലാലായ ലോട്ടറി ഉണ്ട് എന്ന് ചില ആളുകൾ പ്രചാരണം നടത്തിയിരുന്നു. അതുപോലെ അബൂദാബി ബിഗ് ടിക്കറ്റ് പോലെയുള്ളവ ഹലാലായ ലോട്ടറിയാണ് എന്നൊക്കെ ചില ആളുകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരം ലോട്ടറികൾ എല്ലാം തന്നെ നിഷിദ്ധമാണ് എന്നത് UAE ഫത്‌വാ ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കാരുണ്യ ലോട്ടറി, അല്ലെങ്കിൽ ചാരിറ്റി ലോട്ടറി എന്നൊക്കെയുള്ള പേരിൽ ഇവ നടത്തിയാലും അത് നിഷിദ്ധം തന്നെ എന്ന് UAE ഫത്‌വാ ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ഫത്‌വ ഈ ലിങ്കിൽ വായിക്കാം: https://www.awqaf.gov.ae/ar/Pages/FatwaDetail.aspx?did=130053
അതുകൊണ്ട് ഇത്തരം പ്രചാരങ്ങളിൽ വഞ്ചിതരാകാതിരിക്കുക. പണം നൽകുകയും അതിന് പകരമായി തനിക്ക് വലിയ സമ്മാനങ്ങൾ ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന ചൂതാട്ടങ്ങൾ ഇസ്‌ലാം കഠിനമായി വിലക്കുന്നു. ഒരുപാട് പേർക്ക് പണം നഷ്ടപ്പെടുമ്പോൾ ചിലർക്ക് ആ പണം ലഭിക്കുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറയുന്നു:
{يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ* إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلاةِ فَهَلْ أَنْتُمْ مُنْتَهُونَ} [المائدة: 90 - 91].
"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ ( അവയില്‍ നിന്ന് ) വിരമിക്കുവാനൊരുക്കമുണ്ടോ ?" - [മാഇദ: 90-91].
അതുകൊണ്ട് ഹലാലായ ഒരു ചൂതാട്ടമില്ല. ചൂതാട്ടങ്ങൾ എല്ലാം നിഷിദ്ധം തന്നെ. അതിനാൽത്തന്നെ ഹറാമായ ഈ പൈശാചികവൃത്തിയിൽ നിന്നും മുഴുവൻ വിശ്വാസികളും വിട്ടുനിൽക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.
__________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ