Tuesday, July 5, 2022

എന്താണ് തക്ബീറുൽ മുത്'ലഖ്‌, എന്താണ് തക്ബീറുൽ മുഖയ്യദ് ?.



ചോദ്യം : എന്താണ് തക്ബീറുൽ മുത്'ലഖ്‌, എന്താണ് തക്ബീറുൽ മുഖയ്യദ് ?.

www.fiqhussunna.com 

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

التكبير المطلق തക്ബീറുൽ മുത്'ലഖ്‌ എന്നാൽ നിരുപാധികമുള്ള തക്ബീർ ദുൽഹിജ്ജ മാസപ്പിറവി കണ്ടത് മുതൽ ആരംഭിക്കും... അത് അയ്യാമുതശ്രീഖ് കഴിയുന്ന വരെ തുടരുന്നു. അതിന് പ്രത്യേക സമയമില്ല. ദുൽഹിജ്ജ ഒന്ന് മുതൽ അയ്യാമുതശ്രീഖ് അവസാനിക്കും വരെ തക്ബീർ വർധിപ്പിക്കൽ സുന്നത്താണ്. അതിന് പ്രത്യേക സമയമില്ല. 

ഇനി 
التكبير المقيد തക്ബീറുൽ മുഖയ്യദ് എന്നാൽ ഫർള് നമസ്കാരശേഷം മാത്രമായുള്ള തക്ബീർ ചൊല്ലലാണ്. അറഫയുടെ ദിവസം ഫജ്ർ നമസ്കാരാനന്തരം മുതൽ അതാരംഭിക്കുന്നു. അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അതായത് ദുൽഹിജ്ജ 13 ന് അസർ നമസ്കാര ശേഷത്തെ തക്ബീറോട് കൂടി അത് അവസാനിക്കുന്നു.

അനവധി സ്വഹാബാക്കളിൽ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്: 

عن عُمرَ بنِ الخَطَّابِ رَضِيَ اللهُ عنه: (أنَّه كان يُكبِّر دُبرَ صلاةِ الغداةِ من يومِ عَرفةَ إلى صلاةِ العصرِ مِن آخِرِ أيَّامِ التَّشريقِ)

ഉമർ  (റ) വിൽ നിന്നും നിവേദനം: അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു. - [رواه ابن المنذر في ((الأوسط)) (2200)، والبيهقي (3/314) (6496].

ഇതേ കാര്യം അലി (റ) വിൽ നിന്നും സ്ഥിരപ്പെട്ടിരിക്കുന്നു: 

عن عليٍّ رَضِيَ اللهُ عنه: (أنَّه كان يُكبِّرُ من صلاةِ الفجرِ يومَ عَرفةَ، إلى صَلاةِ العَصرِ مِن آخِرِ أيَّامِ التَّشريقِ)

അലി (റ) വിൽ നിന്നും നിവേദനം: "അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു". [رواه ابن أبي شيبة في ((المصنف)) (2/165). صحَّحه الألباني في ((إرواء الغليل)) (3/125).]

ഇബ്നു മസ്ഊദ് (റ) വും ഫർള് നമസ്കാരശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു :

عنِ الأَسودِ، قال: (كانَ عبدُ اللهِ بنُ مَسعودٍ، يُكبِّر من صلاةِ الفَجرِ يومَ عَرفةَ، إلى صلاةِ العصرِ من النَّحرِ؛ يقول: اللهُ أكبرُ اللهُ أكبرُ اللهُ أكبرُ، لا إلهَ إلَّا الله، واللهُ أكبرُ اللهُ أكبرُ، ولله الحمدُ)

അസ്'വദ് നിവേദനം: "അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ നഹ്റിന്റെ അസർ നമസ്കാരം വരെ തക്ബീർ ചൊല്ലാറുണ്ടായിരുന്നു. 'അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ് , വല്ലാഹു അക്ബർ, അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്' ഇങ്ങനെയായിരുന്നു അദ്ദേഹം ചൊല്ലിയിരുന്നത്" -[رواه ابنُ أبي شَيبةَ في ((المصنَّف)) (2/165)، والطبرانيُّ (9/355) (9534). جوَّد إسنادَه الزيلعيُّ في ((نصْب الرَّاية)) (2/223)، ووثَّق رجالَه الهيثميُّ في ((مجمع الزوائد)) (2/200).]

അതുപോലെ ഇബ്നു അബ്ബാസ് (റ) വിൽ നിന്നും അത് സ്ഥിരപ്പെട്ടിട്ടുണ്ട്: 

عن ابنِ عبَّاسٍ رَضِيَ اللهُ عنهما: (أنَّه كان يُكبِّرُ من غَداةِ عَرفةَ إلى صَلاةِ العَصرِ من آخِرِ أيَّامِ التَّشريقِ)

ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം : "അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു". - [رواه الحاكم (1/440) وصحَّحه، والبيهقي (3/314) (6498].

അതുകൊണ്ട് ദുൽഹിജ്ജ ഒന്നു മുതൽ നിരുപാധികം ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നതും, അറഫാ ദിനത്തിലെ ഫജ്ർ നമസ്കാരം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നതും സ്ഥിരപ്പെട്ട സുന്നത്താണ്. സ്വഹാബാക്കൾ മറ്റു സ്വഹാബാക്കളിൽ നിന്നും എതിരഭിപ്രായങ്ങൾ ഇല്ലാതെ കാണിച്ചു തന്ന ഒരു കാര്യം له حكم للرفع അഥവാ അത് നബി (സ) യിൽ നിന്നും ഉദ്ദരിക്കപ്പെട്ടതിനു സമാനമാണ്.

നമസ്കാരശേഷം ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ചൊല്ലുകയല്ല, ഓരോരുത്തരും ഉച്ചത്തിൽ ചൊല്ലുകയാണ് വേണ്ടത്. സ്വാഭാവികമായി അവരുടെ ശബ്ദം ഒരുമിച്ചാകുന്നതിനും കുഴപ്പമില്ല. 

അല്ലാഹു അനുഗ്രഹിക്കട്ടെ..

والله أعلم وصلى الله وسلم على نبينا محمد.
_______________________

✍🏽 Abdu Rahman Abdul Latheef