Thursday, June 23, 2016

ഞങ്ങളുടേത് ഒരു പലചരക്ക് കടയാണ്. കറൻസിയുടെ നിസാബാണോ പരിഗണിക്കേണ്ടത്. വർഷത്തിലൊരിക്കൽ റമസാൻ സീസണിന്‍റെ ഭാഗമായി കുറച്ചധികം സാധനം കടയിൽ ഇറക്കും. റമദാനിൽ സകാത്ത് കൊടുക്കുമ്പോൾ അപ്പോഴത്തെ സ്റ്റോക്ക് ആണോ പരിഗണിക്കുക. ഹിജ്റ വർഷമാണോ ഹൗൽ ആയി പരിഗണിക്കേണ്ടത്?.



ചോദ്യം : ഞങ്ങളുടേത് ഒരു പലചരക്ക് കടയാണ്. കറൻസിയുടെ നിസാബാണോ പരിഗണിക്കേണ്ടത്. വർഷത്തിലൊരിക്കൽ റമസാൻ സീസണിന്‍റെ ഭാഗമായി കുറച്ചധികം സാധനം കടയിൽ ഇറക്കും. റമദാനിൽ സകാത്ത് കൊടുക്കുമ്പോൾ അപ്പോഴത്തെ സ്റ്റോക്ക് ആണോ പരിഗണിക്കുക. ഹിജ്റ വർഷമാണോ ഹൗൽ ആയി പരിഗണിക്കേണ്ടത്?. 

www.fiqhussunna.com

ഉത്തരം:

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛ وبعد،

 കച്ചവട വസ്തുക്കള്‍ക്ക് നിസ്വാബ് ആയി കറന്‍സിയുടെ നിസ്വാബ് തന്നെയാണ് പരിഗണിക്കേണ്ടത്. 595 ഗ്രാം വെള്ളിയുടെ മൂല്യമാണ് കറന്‍സിയുടെ നിസ്വാബ് ആയി പരിഗണിക്കേണ്ടത്. അത് മുന്‍പ് നാം വിശദീകരിച്ചിട്ടുണ്ട്: ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2014/07/blog-post.html .ഹിജ്റ വര്‍ഷമാണ്‌ സകാത്ത് നിര്‍ബന്ധമാകുന്നതിനുള്ള സമയപരിധി അഥവാ ഹൗല്‍ ആയി പരിഗണിക്കേണ്ടത്. കച്ചവട സംരംഭങ്ങളാണ് എങ്കിലും അപ്രകാരം തന്നെയാണ്. ഹൗല്‍ തികയുന്നത് കണക്കാക്കാന്‍ ചന്ദ്രവര്‍ഷമാണ്‌ പരിഗണിക്കുക. അല്ലാഹു പറയുന്നു:

يَسۡ‍ألُونَكَ عَنِ ٱلۡأَهِلَّةِۖ قُلۡ هِيَ مَوَٰقِيتُ لِلنَّاسِ وَٱلۡحَجِّۗ
 
"നബിയേ, നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്താടനത്തിനും കാല നിര്‍ണയാത്തിനുള്ള ഉപാധിയാകുന്നു അവ." - [അല്‍ബഖറ: 189]. സമയബന്ധിതമായ ആരാധനകള്‍ക്ക് കാലപരിധിയായി പരിഗണിക്കേണ്ടത് ഹിജ്റ വര്‍ഷം ആണ് എന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാക്കാം.
 
താങ്കള്‍ എന്ന് മുതല്‍ നിസ്വാബ് ഉടമപ്പെടുത്തിയോ അന്ന് മുതല്‍ താങ്കളുടെ ഹൗല്‍ ആരംഭിക്കുന്നു. ആ ഹൗല്‍ തികയുമ്പോള്‍ ആണ് താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത്. റമദാന്‍ മാസത്തില്‍ ആണ് ഒരാളുടെ കൈവശം നിസ്വാബ് ഉണ്ടാകുന്നത് എങ്കില്‍ അയാളുടെ ഹൗല്‍ റമദാന്‍ മാസമായിരിക്കും എന്ന് മാത്രം. അതല്ലാതെ നിര്‍ബന്ധ ദാനധര്‍മ്മമായ സകാത്ത് റമദാനില്‍ അനുഷ്ടിക്കുന്നത് കൊണ്ട് പ്രത്യേകം പുണ്യമുണ്ട് എന്ന് പറയാന്‍ സാധിക്കില്ല. മാത്രമല്ല ഒരാളുടെ ധനത്തില്‍ റമദാന്‍ മാസത്തിനു മുന്‍പായിത്തന്നെ ഹൗല്‍ തികഞ്ഞാല്‍ റമദാനിലേക്ക് എന്ന് പറഞ്ഞ് നീട്ടിവെക്കാന്‍ പാടില്ല. എന്നാല്‍ ഹൗല്‍ തികയുന്നതിന് മുന്‍പായി റമദാന്‍ വന്നെത്തിയാല്‍ തനിക്ക് ഓര്‍മ്മിച്ചു വെക്കാന്‍ എളുപ്പമെന്ന നിലക്ക് ഒരാള്‍ റമദാനില്‍ നല്‍കുന്നുവെങ്കില്‍ അതില്‍ തെറ്റില്ലതാനും.അതുപോലെ കച്ചവടം തുടങ്ങിയ സമയം എന്നതല്ല മറിച്ച് നിസ്വാബ് കൈവശം വന്നത് മുതല്‍ത്തന്നെ ഹൗല്‍ ആരംഭിക്കുന്നു. ഇതെല്ലാം സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. 

താങ്കളെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസത്തില്‍ എന്ന രൂപത്തിലാണ് ഇതുവരെ കൊടുത്തുവന്നത്, നിസ്വാബ് ഉടമപ്പെടുത്തിയത് എപ്പോഴെന്ന് ഓര്‍മ്മയില്ല എങ്കില്‍ അതുതന്നെ തുടര്‍ന്നു കൊള്ളുക. കഴിഞ്ഞ വര്‍ഷം റമദാനിലാണ് നിങ്ങള്‍ സകാത്ത് നല്‍കിയത് എങ്കില്‍ സ്വാഭാവികമായും ഈ റമദാന്‍ വരുമ്പോള്‍ നിങ്ങളുടെ കൈവശമുള്ള ധനത്തിന് ഒരു വര്ഷം തികയുന്നു. കൂട്ട് കച്ചവടമാണ് എങ്കില്‍ കടയുടെ സകാത്ത് വേറെ കണക്ക് കൂട്ടുക, എങ്കിലേ പങ്കാളികളായ ഓരോരുത്തരുടെ മേലും എത്രയാണ് സകാത്ത് ബാധകമാകുന്നത് എന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. അത് കണക്കു കൂട്ടേണ്ടത് ഇപ്രകാരമാണ്:

കടയിലുള്ള ധനം, കടയുടെ പേരില്‍ അക്കൗണ്ടില്‍ ഉള്ള ധനം, അവിടെയുള്ള സ്റ്റോക്കിന്‍റെ മൂല്യം (അതിന്‍റെ ഇപ്പോഴത്തെ വില, അഥവാ നിങ്ങള്‍ വില്‍ക്കുന്ന വിലയാണ് പരിഗണിക്കേണ്ടത്), തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള ലഭിക്കാനുള്ള കടങ്ങള്‍ (അതാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം എന്നതിനാല്‍ അതാണ്‌ സൂക്ഷ്മത) ഇവ കൂട്ടിയതിന് ശേഷം, ടോട്ടല്‍ സംഖ്യയുടെ രണ്ടര ശതമാനം സകാത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്.

താങ്കളുടെ മേലുള്ള കടങ്ങള്‍ ആ കണക്കില്‍ നിന്നും കുറക്കേണ്ടതില്ല. എന്നാല്‍ താങ്കള്‍ കടങ്ങള്‍ ഇപ്പോള്‍ത്തന്നെ തിരിച്ചടക്കുന്നുവെങ്കില്‍ ആ കടങ്ങള്‍ വീട്ടിയ ശേഷം ബാക്കിയുള്ള ധനത്തിന് സകാത്ത് കൊടുത്താല്‍ മതി. എന്നാല്‍ ഇപ്പോള്‍ തിരിച്ചടക്കുന്നില്ല എങ്കില്‍ അത് നേരത്തെ കൂട്ടിക്കിട്ടിയ സംഖ്യയില്‍ നിന്നും കിഴിക്കേണ്ടതില്ല. അഭിപ്രായഭിന്നത ഉണ്ട് എങ്കിലും ഇതാണ് തത് വിഷയത്തിലെ പ്രബലമായ അഭിപ്രായം. മാത്രമല്ല കച്ചവടക്കാരുടെ കടങ്ങള്‍ അവരുടെ കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് എന്നതും, ഇത്ര ശതമാനം എപ്പോഴും കടമായിത്തന്നെ നിലനില്‍ക്കുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. അതുകൊണ്ട് അത് കിഴിക്കേണ്ടതില്ല. എന്നാല്‍ ഒരാള്‍ സകാത്ത് ബാധകമാകുന്നതിന് മുന്‍പ് തന്‍റെ കടങ്ങള്‍ തിരിച്ചടക്കുകയാണ് എങ്കില്‍ സ്വാഭാവികമായും അയാളുടെ കണക്കില്‍ ആ സംഖ്യ കടന്നുവരികയുമില്ല.

കണക്കുകൂട്ടേണ്ട രീതി ഒന്നുകൂടെ ഉദാഹരണസഹിതം വ്യക്തമാക്കാം: ഉദാ: കടയില്‍ 1ലക്ഷം രൂപ ഉണ്ട്. കടയിലെ മൊത്തം കച്ചവട  വസ്തുക്കള്‍ അവയുടെ വില്പന വിലയനുസരിച്ച് 30 ലക്ഷം രൂപ വരും. അക്കൗണ്ടില്‍ 5 ലക്ഷം രൂപയുണ്ട്. തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള കിട്ടാനുള്ള സംഖ്യ : 3 ലക്ഷം ... ടോട്ടല്‍ : 39 ലക്ഷം രൂപ അതിന്‍റെ രണ്ടര ശതമാനമാണ് സകാത്തായി നല്‍കേണ്ടത്. രണ്ടര ശതമാനം കാണാന്‍ 40 കൊണ്ട് ഹരിച്ചാല്‍ മതി. അഥവാ 3900000÷40= 97500 രൂപ സകാത്തായി നല്‍കണം. 

കടയുടെ ബില്‍ഡിംഗ്, വാഹനം, കംബ്യൂട്ടര്‍ അഥവാ കച്ചവട വസ്തുക്കള്‍ അല്ലാത്ത മറ്റു സാമഗ്രികള്‍ ഒന്നും തന്നെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അതുപോലെ ഓരോ വര്‍ഷവും ഹിജ്റ വര്‍ഷം തികയുന്ന സമയത്ത് ഇപ്രകാരം കണക്കു കൂട്ടി അവകാശികള്‍ക്ക് നല്‍കിയാല്‍, പിന്നെ അടുത്ത വര്‍ഷം ഇതുപോലെ കണക്കു കൂട്ടി നല്‍കിയാല്‍ മതി. ആ ഒരുവര്‍ഷത്തിനിടയില്‍ കടയില്‍ നിന്നും ജോലിക്കാര്‍ക്ക് നല്‍കിയത്, അതുപോലെ നിക്ഷേപകര്‍ അഥവാ കൂട്ടുകച്ചവടക്കാര്‍ എടുത്തത് തുടങ്ങിയ സംഖ്യകള്‍ ഒന്നും തന്നെ കണക്കുകൂട്ടുമ്പോള്‍ അതില്‍ സ്വാഭാവികമായും ഉള്‍പ്പെടില്ല. അത് സ്വാഭാവികമായും അവരുടെ വ്യക്തിപരമായ കണക്കിലാണ് പെടുക. കടയുടെ മൊത്തം സകാത്ത് കണക്കുകൂട്ടിയ ശേഷം ഓരോ പാര്‍ട്ട്ണറും എത്ര സകാത്ത് കൊടുക്കണം എന്ന് അവരെ അറിയിക്കുകയും അവര്‍ അത് സ്വയം നിര്‍വഹിക്കുകയും ചെയ്യുകയോ, അതല്ലെങ്കില്‍ അവരുടെ അറിവോടെയും സമ്മതത്തോടെയും കട നടത്തുന്നവര്‍ക്ക് നേരിട്ട് അവകാശികള്‍ക്ക് നല്‍കുകയോ ചെയ്യാവുന്നതാണ്. പക്ഷെ വ്യക്തികളുടെ മേലാണ് സകാത്ത് ബാധകമാകുന്നത് എന്നതിനാല്‍ അവരുടെ അറിവോടെയും അനുവാദത്തോടെയും ആയിരിക്കണം അത് നിര്‍വഹിക്കപ്പെടേണ്ടത്. കാരണം അതൊരു ഇബാദത്ത് ആണ്. എന്നാല്‍ കണക്കുകൂട്ടി നല്‍കേണ്ട ബാധ്യത നടത്തിപ്പുകാര്‍ക്ക് ഉണ്ട്.

ഇനി കടയുടെ സകാത്ത് കണക്കു കൂട്ടുകയും അതിന്‍റെ അവകാശികള്‍ക്ക് നല്‍കുകയും ചെയ്ത ശേഷം, പാര്‍ട്ട്ണര്‍മാര്‍ക്ക് ലാഭ വിഹിതം നല്‍കപ്പെടുന്നത് എങ്കില്‍ അയാള്‍ വീണ്ടും അതേ വര്‍ഷം അതിന് സകാത്ത് കൊടുക്കേണ്ടതില്ല. കാരണം ഒരു ധനത്തിന് വര്‍ഷത്തില്‍ ഒരിക്കലേ സകാത്ത് ബാധകമാകുന്നുള്ളൂ. പിന്നെ അടുത്ത വര്‍ഷം മുന്‍പ് സൂചിപ്പിച്ച പോലെ കണക്ക് കൂട്ടി നല്‍കുക.  ഇപ്രകാരം ഓരോ വര്‍ഷവും തുടരുക. 

ഇനി ഒരാളുടെ കട കൂട്ടുകച്ചവടമല്ല എങ്കില്‍ അയാളുടെ ധനത്തിന്‍റെ സകാത്തും കച്ചവട വസ്തുക്കളുടെ സകാത്തും മേല്‍ സൂചിപ്പിച്ച പോലെത്തന്നെ ഒരുമിച്ച് കണക്കുകൂട്ടി നല്‍കിയാല്‍ മതി. കടയുടെത് വേറെയും, തന്‍റേത് വേറെയും എന്ന നിലക്ക് കണക്കു കൂട്ടേണ്ടതില്ല. കൂടുതല്‍ മനസ്സിലാക്കാന്‍ അനുബന്ധ ലേഖനങ്ങള്‍ വായിക്കുക:

1- കച്ചവട വസ്തുക്കളുടെ സകാത്ത്: http://www.fiqhussunna.com/2014/07/blog-post_11.html 

2- ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍) കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്: http://www.fiqhussunna.com/2015/05/blog-post_30.html

അല്ലാഹു അനുഗ്രഹിക്കട്ടെ...
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ