Wednesday, June 8, 2016

സ്വന്തം പേരില്‍ വീടും സ്ഥലവും ഉള്ള ഒരാള്‍ കടക്കാരനാണ്. അയാള്‍ സകാത്തിന്‍റെ അവകാശിയാണോ ?.



ചോദ്യം: സ്വന്തം പേരില്‍ വീടും സ്ഥലവും ഉള്ള ഒരാള്‍ കടക്കാരനാണ്. അയാള്‍ സകാത്തിന്‍റെ അവകാശിയാണോ ?.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

വീടും ആ വീട് നില്‍ക്കുന്ന സ്ഥലവും ഒരാളുടെ അടിസ്ഥാന ആവശ്യത്തില്‍പ്പെട്ടതാണ്. അതുകൊണ്ട് വീടും സ്ഥലവും ഉള്ള ഒരാള്‍ സകാത്തിന് അര്‍ഹനാവാതിരിക്കണം എന്ന നിബന്ധനയില്ല. ഒരു പക്ഷെ കര്‍ഷകന് കൃഷിയിടം ഉണ്ടായിരിക്കാം. പക്ഷെ അതില്‍ നിന്നുള്ള വരുമാനം അയാളുടെയും കുടുംബത്തിന്‍റെയും ചിലവിന് തികഞ്ഞില്ലെന്ന് വരാം.

എന്നാല്‍ ഒരാളുടെ കൈവശം അയാളെപ്പോലുള്ള ഒരാള്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ളത് കഴിച്ച് സ്ഥലമോ സ്വത്ത് വകകളോ മിച്ചമുണ്ടെങ്കില്‍ അതുകൊണ്ട് അയാളുടെ കടം വീട്ടാനും ചിലവ് നടത്താനും അയാള്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് പൂര്‍ണമായും നിറവേറ്റാന്‍ സാധിക്കാത്ത പക്ഷം മാത്രമേ, സകാത്തില്‍ നിന്നും അയാള്‍ അര്‍ഹിക്കുകയുള്ളൂ.  സ്വയം കടങ്ങള്‍ വീട്ടാന്‍ പ്രാപ്തനായ ഒരാള്‍ കടക്കാരന്‍ എന്ന നിലയില്‍ സകാത്തിന്‍റെ അവകാശിയാവുകയില്ല. അതുകൊണ്ട് തന്‍റെ അടിസ്ഥാന ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന ഭൂമിയോ, മറ്റു സമ്പത്തോ അവന്‍റെ കൈവശം ഉണ്ട് എങ്കില്‍ അത് വിറ്റോ, വാടകക്ക് നല്‍കിയോ അവന്‍റെ ചിലവ് കഴിഞ്ഞുപോകാനും, കടം വീട്ടാനും അവന് സാധിക്കുമെങ്കില്‍ അവന്‍ സകാത്തിന് അര്‍ഹനല്ല.

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയോട് ചോദിക്കപ്പെട്ടു:

ചോദ്യം: എനിക്ക് ഒരു സുഹൃത്തുണ്ട്. അവന്‍ ഒരു വീട് വാങ്ങിച്ചു. മൂന്ന് ലക്ഷം റിയാല്‍ അതിന് വിലയായി. അതിന്‍റെ മുഴുവന്‍ തുക നല്‍കാന്‍ അവന് സാധിച്ചില്ല. ഏകദേശം 50000 റിയാല്‍ അയാള്‍ കടക്കാരനാണ്. അയാള്‍ക്ക് അയാളുടെ പഴയ വീടും അതുപോലെ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലവുമുണ്ട്. അയാള്‍ സകാത്തിന് അര്‍ഹനാണോ ?.

ഉത്തരം: "അയാളുടെ ആവശ്യത്തിനുതകുന്ന വീട് ഉണ്ടായിട്ടും, വില്പന ഉദ്ദേശിച്ചുകൊണ്ടോ, അല്ലെങ്കില്‍ കൂടുതല്‍ സമ്പത്ത് വേണം എന്ന നിലക്കോ ആണ് അയാള്‍ ആ വീട് വാങ്ങിയത് എങ്കില്‍ അവന്‍ സകാത്തില്‍ നിന്നും അര്‍ഹിക്കുന്നില്ല. മറിച്ച് അവന്‍ ആ പുതിയ വീട് വിറ്റ് അവന്‍റെ മേലുള്ള കടം വീട്ടട്ടെ. അതല്ലെങ്കില്‍ മറ്റ് വല്ല രൂപത്തിലും അത് വീട്ടാനുള്ള മാര്‍ഗം അവന്‍ കണ്ടെത്തട്ടെ. കാരണം അവന്‍ 'ഫഖീര്‍' എന്ന ഗണത്തില്‍ പെടുന്നയാളല്ല. അവന് താമസിക്കാനുള്ള വീട് ഉള്ളതുകൊണ്ട്, അവന്‍ ആ പുതിയ വീട് വില്‍ക്കട്ടെ. അവന്‍റെ കടം വീട്ടുകയും ബാക്കി തുക അവന്‍റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു കൊള്ളട്ടെ. അയാള്‍ക്ക് താമസിക്കാനുള്ള വീടും, ഈ പുതിയ വീടും, സ്ഥലവും എല്ലാം ഉണ്ടായിരിക്കെ അയാളെ 'ഫഖീര്‍' എന്ന് പറയില്ല. സകാത്തിന് അര്‍ഹനാകുന്ന വ്യക്തി ഫഖീറായിരിക്കണം. അവന്‍റെ കാര്യങ്ങള്‍ നിറവേറ്റാനും, ആ സകാത്തിന്‍റെ ധനത്തെ അവലംബിക്കാതിരിക്കാനും സാധിക്കുന്ന സമ്പത്ത് അവന്‍റെ പക്കല്‍ ഇല്ലാതിരിക്കണം. നേരെ മറിച്ച്, വല്ല തൊഴിലില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടോ, ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളം കൊണ്ടോ അതെല്ലെങ്കില്‍ തന്‍റെ കൈവശമുള്ള വില്‍ക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കൊണ്ടോ തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരാള്‍ക്ക് സാധിക്കുമെങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല." - [http://www.binbaz.org.sa/noor/5105].

അതുകൊണ്ടുതന്നെ തന്‍റെ കൈവശം തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന സ്വത്ത് ഉള്ള ആള്‍ക്ക് സകാത്തില്‍ നിന്നും നല്‍കേണ്ടതില്ല. എന്നാല്‍ ഒരാള്‍ക്ക് സാമാന്യം അയാളെപ്പോലുള്ള ഒരാള്‍ക്ക് കഴിയാന്‍ ഉതകുന്ന ഒരു വീട് ഉണ്ട്. അയാളുടെ വരുമാനം അയാള്‍ക്ക് തികയുന്നില്ല. പാവപ്പെട്ടവാനാണ് എങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം. സ്വന്തമായി വീടുള്ള എത്ര എത്ര പാവപ്പെട്ട ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട് ?!. വീടുണ്ട് എന്നതിനാല്‍ അവര്‍ സകാത്തിന് അര്‍ഹരാകാതാവുന്നില്ല. എന്നാല്‍ ഒരാള്‍ തനിക്ക് ആവശ്യമുള്ളതിനെക്കാള്‍ വലിയ പ്രൌഢമായ ഒരു വീട്ടില്‍ കഴിയുന്നു. അയാളെ സംബന്ധിച്ചിടത്തോളം ആ വീട് വിറ്റ് സാമാന്യം ബേധപ്പെട്ട ഒരു വീട്ടിലേക്ക് മാറിയാല്‍ അതുവഴി കിട്ടുന്ന സംഖ്യ കൊണ്ട് തന്‍റെ ആവശ്യങ്ങള്‍ നിറവേറപ്പെടുമെങ്കില്‍ സകാത്തിന് അയാള്‍ അര്‍ഹനല്ല. അതുപോലെത്തന്നെയാണ് സ്ഥലവും. ഒരു കര്‍ഷകന് സ്ഥലമുണ്ട് അയാള്‍ അതില്‍ കൃഷി ചെയ്യുന്നു. അതാണ്‌ അയാളുടെ അത്താണി. അയാള്‍ പാവപ്പെട്ടവനോ കടക്കാരനോ ആണ് എങ്കില്‍ സകാത്തില്‍ നിന്നും സഹായിക്കാം. സ്ഥലമുണ്ട് എന്നതുകൊണ്ട്‌ അയാള്‍ സകാത്തിന് അര്‍ഹനാകാതാവുന്നില്ല. എന്നാല്‍ വേറൊരാള്‍ക്ക് കൃഷിയിടമുണ്ട്. അയാള്‍ അത് കൃഷി ചെയ്യുന്നില്ല. അയാള്‍ അത് വില്‍ക്കുകയോ വാടകക്ക് നല്‍കുകയോ ചെയ്യുക വഴി അയാളുടെ ആവശ്യങ്ങള്‍ നിറവേറുമെങ്കില്‍ അയാള്‍ സകാത്തില്‍ നിന്നും അര്‍ഹിക്കുന്നില്ല. ഇനി അയാളുടെ കൈവശം മിച്ചമുള്ളത് ഉപയോഗിച്ചുകൊണ്ട് തന്‍റെ കടം വീട്ടാന്‍ അയാള്‍ പരിശ്രമിച്ചിട്ടും, കടം ബാക്കിയാവുകയാണെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ കടക്കാരന്‍ എന്ന നിലക്ക് അയാളെ സഹായിക്കാം എന്നല്ലാതെ സ്വന്തം അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ള ആളുകള്‍ സകാത്തില്‍ നിന്നും അര്‍ഹിക്കുന്നില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ....
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ