Saturday, June 25, 2016

ഒറ്റയിട്ട രാവുകളില്‍ മാത്രം ഇഅ്തികാഫ് ഇരിക്കാമോ ?. ഇഅ്തികാഫ് ഇരിക്കാത്ത ദിവസങ്ങളില്‍ ഭാര്യയുമായി ബന്ധപ്പെടുന്നതുകൊണ്ട് തെറ്റുണ്ടോ ?.

ചോദ്യം: ഒറ്റയിട്ട രാവുകളില്‍ മാത്രം ഇഅ്തികാഫ് ഇരിക്കാമോ ?. ഇഅ്തികാഫ് ഇരിക്കാത്ത ദിവസങ്ങളില്‍ ഭാര്യയുമായി ബന്ധപ്പെടുന്നതുകൊണ്ട് തെറ്റുണ്ടോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاةو السلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

നബി (സ) ചെയ്തിരുന്നത് പോലെ അവസാനത്തെ പത്ത് മുഴുവനായും ഇഅ്തികാഫ് ഇരിക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരം.

عن عائشة رضي الله عنها قالت : كان النبي عليه الصلاة والسلام يعتكف في العشر الأواخر من رمضان
  
 ആഇശ (റ) യില്‍ നിന്നും നിവേദനം: അവര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: നബി (ﷺ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു.  [സ്വഹീഹുല്‍ ബുഖാരി].

 എന്നാല്‍ ഒരാള്‍ക്ക് പത്ത് ദിവസങ്ങള്‍ പൂര്‍ണമായും ഇഅ്തികാഫ് ഇരിക്കാന്‍ പറ്റിയില്ലെങ്കില്‍ കഴിയുന്നത്ര ഇരുന്നുകൊള്ളട്ടെ. ഒറ്റയിട്ട രാവുകള്‍, ഒരു ദിവസം, രണ്ട് ദിവസം എന്നിങ്ങനെയെല്ലാം ഇരിക്കാവുന്നതാണ്. ഇഅ്തികാഫിന് ഇത്ര സമയം ഇരിക്കണം എന്ന പരിധിയില്ല എന്ന് നാം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഉമറുബ്നുല്‍ ഖത്താബ് (റ) ജാഹിലിയാ കാലഘട്ടത്തില്‍ മസ്ജിദുല്‍ ഹറാമില്‍ ഒരു രാവ് മാത്രം ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ച നേരുകയും, അദ്ദേഹത്തിന്‍റെ ഇസ്‌ലാം സ്വീകരണത്തിന് ശേഷം റസൂല്‍ (സ) അത് വീട്ടാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്  എന്ന് സ്വഹീഹായ  റിപ്പോര്‍ട്ടുകളില്‍ കാണാം. 

ഇനി രണ്ടാമത്തെ സംശയം ഇഅ്തികാഫ് ഇരിക്കാത്തതായ ദിവസങ്ങളില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ എന്നതാണ്. അതിന് തെറ്റില്ല. ഒരാള്‍ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകള്‍ മാത്രമാണ് ഇഅ്തികാഫ് ഇരിക്കുന്നത് എങ്കില്‍ ആ രാവുകളില്‍ മാത്രമാണ് അയാള്‍ معتكف അഥവാ ഇഅ്തികാഫു കാരന്‍ ആകുന്നത്. അല്ലാത്ത രാവുകളില്‍ അയാള്‍ معتكف അല്ല. നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫിലായിരിക്കെ ഭാര്യമാരുമായി ബന്ധപ്പെടരുത് എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. അഥവാ അയാള്‍ ഇഅ്തികാഫ് ഇരിക്കുന്ന ദിനങ്ങള്‍ ഏതോ, ആ ദിനങ്ങളില്‍ ഭാര്യാഭര്‍തൃ ലൈഗിക ബന്ധം പാടില്ല എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. അല്ലാഹു പറയുന്നു:

وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللّهِ فَلاَ تَقْرَبُوهَا

"എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്‍റെ  അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌." - [അല്‍ബഖറ:187]. 
 
ഈ  ആയത്തില്‍ നിന്നുതന്നെ  ഇഅ്തികാഫുകാരന്‍ അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിന് കുഴപ്പമില്ല എന്ന് മനസ്സിലാക്കാം. ഉദാ: ഒരാള്‍ ഒറ്റയിട്ട രാവുകള്‍ ആണ് ഇഅ്തികാഫ് ഇരിക്കുന്നത് എങ്കില്‍ ഒറ്റയിട്ട രാവുകളില്‍ അയാള്‍ക്ക് ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല. ഒരാള്‍ അവസാനത്തെ പത്ത് മുഴുവനും ഇഅ്തികാഫ് ഇരിക്കുന്നുവെങ്കില്‍ ആ രാവുകള്‍ മുഴുവനും, ഒരാള്‍ ഒരു ദിവസമാണ് ഇരിക്കുന്നത് എങ്കില്‍ അയാള്‍ക്ക് ആ ദിവസവും, ഒരാള്‍ ഏതാനും മണിക്കൂറുകള്‍ ആണ് ഇരിക്കുന്നത് എങ്കില്‍ അയാള്‍ക്ക് ആ സമയവും  ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല എന്നര്‍ത്ഥം. 

ഇഅ്തികാഫുമായി ബന്ധപ്പെട്ട് സാധാരണ ഉണ്ടാകാറുള്ള സംശയങ്ങളില്‍ ഏറിയ പങ്കും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഇഅ്തികാഫ് ഇരിക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട ഒരു ലേഖനം നേരത്തെ എഴുതിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/07/blog-post_7.html

അല്ലാഹു അനുഗ്രഹിക്കട്ടെ ...