ചോദ്യം : റമളാന്‍ മാസത്തില്‍ ഗര്‍ഭിണികളായ സ്ത്രീകളെ ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലക്ക് Pelvic Examination ചെയ്യേണ്ടി വരാറുണ്ട്. അത് കാരണം അവരുടെ നോമ്പ് മുറിയുമോ ?. പല പേഷ്യന്‍റ്സും നോമ്പ് എടുത്തുകൊണ്ടാണ് വരാറുള്ളത്. ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛
പരിശോധനയുടെ ഭാഗമായി സ്ത്രീയുടെ ഗുഹ്യാവയവത്തിലേക്ക് കൈ, അതെല്ലെങ്കില്‍ Transvaginal Ultrasound സ്കാന്‍ ചെയ്യാന്‍ വേണ്ടി Transducer വജൈനയിലേക്ക് പ്രവേശിപ്പിക്കാറുണ്ട്. പലപ്പോഴും ഗര്‍ഭസമയത്ത് ഇത് അനിവാര്യമായി വന്നേക്കാം. ഇപ്രകാരം പരിശോധന നടത്തുന്നത് നോമ്പ് മുറിക്കുമോ എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.
ഹനഫീ മദ്ഹബിലെ കാഴ്ചപ്പാട് പ്രകാരം സ്ത്രീയുടെ ഗുഹ്യാവയവത്തിലേക്ക് ഒരു വസ്തു പൂര്‍ണമായും പ്രവേശിപ്പിക്കപ്പെടുകയോ, അതല്ലെങ്കില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാഗം നനഞ്ഞിരിക്കുന്നതോ ആണ് എങ്കില്‍ നോമ്പ് മുറിയും. മാലിക്കീ മദ്ഹബിലെ കാഴ്ചപ്പാട് പ്രകാരം ദ്രവവസ്തുവാണ് പ്രവേശിപ്പിക്കപ്പെട്ടത് ഘരവസ്തുവല്ല എങ്കില്‍ നോമ്പ് മുറിയും. ശാഫിഈ മദ്ഹബിലെയും ഹംബലീ മദ്ഹബിലെയും അഭിപ്രായപ്രകാരം എന്തുതന്നെ പ്രവേശിക്കപ്പെട്ടാലും നോമ്പ് മുറിയും. എന്നാല്‍ മാലിക്കീ മദ്‌ഹബിലെ ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരവും അതുപോലെ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യുടെ അഭിപ്രായപ്രകാരവും അത് നോമ്പ് മുറിയാനുള്ള കാരണമല്ല. ഇത് ഒരു ഇജ്തിഹാദിയായ മസ്അലയാണ്. പ്രത്യേകമായ ഒരു തെളിവ് ആ വിഷയസംബന്ധമായി വന്നിട്ടില്ല. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ഥ അഭിപ്രായം ഉണ്ടാകാന്‍ കാരണം.
സൗദി അറേബ്യയിലെ ഫത്'വാ ബോര്‍ഡ് ലജ്നതുദ്ദാഇമ തിരഞ്ഞെടുത്തിട്ടുള്ളത് Vaginal Examination കാരണത്താല്‍ നോമ്പ് മുറിയുകയില്ല എന്ന അഭിപ്രായമാണ്.
അവരോട് ചോദിക്കപ്പെട്ട ചോദ്യം: ഒരു സ്ത്രീ വൃത്തിയാക്കുന്നതിനോ മരുന്ന് വെക്കുന്നതിനോ ഗുഹ്യാവയവത്തില്‍ തന്‍റെ വിരലുകള്‍ പ്രവേശിപ്പിച്ചാലോ, അതെല്ലെങ്കില്‍ സ്ത്രീസംബന്ധമായ പരിശോധനക്ക് ഡോക്ടര്‍ അവരുടെ കയ്യോ, ഉപകരണമോ ഗുഹ്യാവയവത്തിലേക്ക് പ്രവേശിപ്പിച്ചാലോ കുളിക്കേണ്ടതുണ്ടോ ?. അത് റമളാനില്‍ പകല്‍ സമയത്ത് ആണ് എങ്കില്‍ നോമ്പ് മുറിയുമോ ?. അവര്‍ അത് നോറ്റു വീട്ടേണ്ടതുണ്ടോ ?.
മറുപടി: മേല്‍പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചാല്‍ ജനാബത്തിന്‍റെ കുളി ആവശ്യമില്ല. അതുപോലെ നോമ്പ് മുറിയുകയുമില്ല.
[മറുപടി നല്‍കിയവര്‍: അബ്ദുല്‍ അസീസ് ബ്ന്‍ ബാസ് (റ), അബ്ദുറസാഖ് അഫീഫി (റ), അബ്ദല്ലാഹ് ബ്ന്‍ ഗുദയ്യാന്‍ (റ) ]. [http://www.alifta.net/fatawa].
ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം സ്ത്രീക്കായാലും പുരുഷനായാലും അവരുടെ സ്വകാര്യ ഭാഗങ്ങള്‍ നജാസത്തുകളില്‍ നിന്നും വൃത്തിയാക്കുമ്പോള്‍ പ്രത്യക്ഷമായ ഭാഗങ്ങള്‍ വൃത്തിയാക്കിയാല്‍ മതി. ചിലര്‍ വസ്'വാസ് കാരണത്താല്‍ അതില്‍ അമിതത്വം കാണിക്കുന്നത് കാണാം. അതിന്‍റെ ആവശ്യമില്ല. അതുപോലെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈഗിക ബന്ധം ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തോട് താരതമ്യപ്പെടുത്തരുത്. റമളാനില്‍ നോമ്പു കാരായിരിക്കെ പുരുഷലിംഗം സ്ത്രീ ലിംഗത്തില്‍ പ്രവേശിച്ചാല്‍ സ്ഖലനം നടന്നില്ലെങ്കിലും അവരുടെ നോമ്പ് മുറിയും എന്ന് മാത്രമല്ല, അവര്‍ കുറ്റക്കാരാകുന്നതും, അവര്‍ക്ക് പ്രായശ്ചിത്തം നിര്‍ബന്ധമാകുന്നതുമായിരിക്കും. അഥവാ ഒരടിമയെ മോചിപ്പിക്കണം, അതിന് സാധിച്ചില്ലെങ്കില്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പ് നോല്‍ക്കണം, അതിന് ശാരീരികമായി സാധിക്കാത്തവര്‍ ആണെങ്കില്‍ 60 പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കണം ഇതാണ് അതിനുള്ള പ്രായശ്ചിത്തം.
ഇനി മുകളില്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് നോമ്പ് മുറിയുകയില്ല എന്ന അഭിപ്രായമാണ്. കാരണം മനുഷ്യന്‍റെ വായ, മൂക്ക് എന്നിവിടങ്ങളിലൂടെ വല്ലതും അന്നനാളത്തിലേക്കോ, ആമാശയാത്തിലേക്കോ പ്രവേശിച്ചാലും, ഭക്ഷണപാനീയങ്ങള്‍ക്ക് പകരമാകുന്ന പോഷകങ്ങള്‍ ശരീരത്തിന്‍റെ ഏത് ഭാഗത്തിലൂടെ ശരീരത്തിലേക്ക് നല്‍കപ്പെട്ടാലുമാണ് നോമ്പ് മുറിയുക എന്നതാണ് പ്രബലമായ അഭിപ്രായം. എങ്കിലും ഇത്തരം പരിശോധനകള്‍ നോമ്പ് തുറന്ന ശേഷം ആക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഉചിതം. പക്ഷെ പലപ്പോഴും ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം അത് പ്രായോഗികമായിക്കൊള്ളണം എന്നില്ല. ഏതായാലും നോമ്പുകാരായിരിക്കെ Vaginal Examination നടത്തപ്പെടുന്നവര്‍ക്ക് അതുകാരണത്താല്‍ ആ ദിവസത്തെ നോമ്പ് മുറിക്കേണ്ടതില്ല. അത് നോറ്റു വീട്ടണം എന്ന് നിര്‍ബന്ധവുമില്ല. എന്നാല്‍ അഭിപ്രായഭിന്നതയില്‍ നിന്നും പുറം കടക്കാന്‍ എന്നോണം സൂക്ഷ്മതക്ക് വേണ്ടി ആ ദിവസത്തെ നോമ്പ് ഒരാള്‍ നോറ്റു വീട്ടുന്നുവെങ്കില്‍ നല്ലതാണ്താനും. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..
ഒരു ഡോക്ടര്‍ എന്ന നിലക്ക് താങ്കള്‍ക്കുള്ള മതപരമായ ഉത്തരവാദിത്വം മനസ്സിലാക്കിയതിനും, തന്‍റെ പക്കലേക്ക് വരുന്ന രോഗികളുടെ കാര്യത്തില്‍ അവരുടെ മതപരമായ കാര്യങ്ങള്‍ കൂടി മനസ്സിലാക്കി അറിയിച്ചു കൊടുക്കാനുള്ള താങ്കളുടെ താല്‍പര്യത്തിനും അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ....
____________________________
അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി.എന്‍