Tuesday, June 14, 2016

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?. വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കും തൂക്കത്തിന്‍റെ 2.5% തന്നെയാണോ സകാത്ത് നല്‍കേണ്ടത് ?.


 
ചോദ്യം: സ്വര്‍ണ്ണത്തിന്‍റെ സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?. വളരെ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കും അതിന്‍റെ തൂക്കത്തിന്‍റെ 2.5% തന്നെയാണോ സകാത്ത് ?. 

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് സ്വര്‍ണ്ണത്തില്‍ നിന്നോ, തതുല്യമായ കറന്‍സിയില്‍ നിന്നോ നല്‍കിയാല്‍ മതി. ഒരാളുടെ കൈവശം 85 ഗ്രാമോ അതില്‍ കൂടുതലോ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ മൊത്തം തൂക്കത്തിന്‍റെ 2.5% ശതമാനമാണ് സകാത്തായി നല്‍കേണ്ടത്. എന്നാല്‍ വില്പന ഉദ്ദേശിക്കുന്ന സ്വര്‍ണ്ണമാണ് എങ്കില്‍ അതിന്‍റെ മാര്‍ക്കറ്റ് വിലയുടെ 2.5% ആണ് സകാത്ത് നല്‍കേണ്ടത്. തൂക്കത്തിന്‍റെ 2.5% അല്ല. അഥവാ വില്പന ഉദ്ദേശിക്കുന്ന സ്വര്‍ണ്ണത്തിന് ആഭരണം, അമൂല്യമായ എന്തെങ്കിലും വസ്തു  എന്നിങ്ങനെ അതിന്‍റെ തൂക്കത്തെക്കാള്‍ വലിയ മൂല്യം അതിനുണ്ട് എങ്കില്‍, എത്ര വലിയ വിലയായാലും അതിന്‍റെ മാര്‍ക്കറ്റ്  വിലയുടെ 2.5% നല്‍കാന്‍ ഒരാള്‍ ബാധ്യസ്ഥനാണ്.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും മറുപടിയും ഇവിടെ കൊടുക്കുന്നു. ചോദ്യോത്തരത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം പഠിക്കേണ്ടതായുണ്ട്. അത് ആദ്യം വ്യക്തമാക്കിയ ശേഷം ചോദ്യോത്തരം നല്‍കുന്നതായിരിക്കും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ എളുപ്പം.

ഒന്ന്: തന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുവാന്‍ ഉദ്ദേശിച്ചാണ്, അഥവാ വില്പന ഉദ്ദേശിച്ചു കൊണ്ടല്ല ഒരാള്‍ സ്വര്‍ണ്ണം വാങ്ങിക്കുന്നത് എങ്കില്‍, സ്വര്‍ണ്ണം എത്ര രൂപക്ക് ഒരാള്‍ വാങ്ങി എന്നതോ, അതിന്‍റെ വില എത്രയാണ് എന്നതോ അനുസരിച്ചല്ല, മറിച്ച് സകാത്ത് ബാധകമാകുന്ന സമയത്ത് കൈവശമുള്ള സ്വര്‍ണ്ണത്തിന് തൂക്കത്തിന്‍റെ 2.5% എന്ന അടിസ്ഥാനത്തിലാണ്  സകാത്ത് നല്‍കേണ്ടത്. ഉദാ: ഒരു പക്ഷെ വലിയ വിലകൊടുത്ത് വാങ്ങിയ ആഭരണമാണ് എങ്കിലും അതിലുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കം കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം നല്‍കാനാണ് ഒരാള്‍ ബാധ്യസ്ഥനാകുന്നത്.

രണ്ട്:  ഒരാള്‍ വില്പന ഉദ്ദേശിക്കുന്നതായ ആഭരണമാണ് എങ്കില്‍, ആഭരണം എന്ന നിലക്കോ മറ്റോ അതിലുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തെക്കാള്‍ വലിയ വില അതിനുണ്ട് എങ്കില്‍, ആ മാര്‍ക്കറ്റ് വിലയുടെ 2.5 % ആണ് അയാള്‍ സകാത്തായി നല്‍കേണ്ടത്. 


മൂന്ന്: ഒരാള്‍ക്ക് സ്വര്‍ണ്ണത്തില്‍ ബാധകമാകുന്ന സകാത്ത് സ്വര്‍ണ്ണമായോ, അതിന് തതുല്യമായ കറന്‍സിയോ ആയി നല്‍കാവുന്നതാണ്.

ചോദ്യം: ഞാന്‍ 500 ദീനാറിന് കുറച്ച് സ്വര്‍ണ്ണം വാങ്ങിച്ചു. ആ സ്വര്‍ണ്ണത്തിന് ഒരു വര്‍ഷം തികഞ്ഞു. ഞാന്‍ ആ അഞ്ഞൂറ് ദീനാറിന് ആണോ സകാത്ത് കൊടുക്കേണ്ടത് അതല്ല സകാത്ത് ബാധകമാകുന്ന സമയത്തുള്ള ആ സ്വര്‍ണ്ണത്തിന്‍റെ വില കണക്കാക്കിയാണോ ഞാന്‍ സകാത്ത് കൊടുക്കേണ്ടത് ?. അതായത് ഒരു വര്‍ഷത്തിന് ശേഷമുള്ള വില. കാരണം താങ്കള്‍ക്ക് അറിയാവുന്നത് പോലെ സ്വര്‍ണ്ണത്തിന്‍റെ വില കൂടുകയും കുറയുകയും ചെയ്യുമല്ലോ ?. 

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല നല്‍കിയ മറുപടി: "(قنية ، تملك) അഥവാ ഒരാള്‍ തന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുക, ഉപയോഗവസ്തു എന്നീ  അര്‍ത്ഥത്തില്‍ (അതായത് വില്‍പനക്ക് വേണ്ടിയല്ലാതെ) ആണ് സ്വര്‍ണ്ണം ഉടമപ്പെടുത്തിയത് എങ്കില്‍ അയാള്‍ അതില്‍ നിന്നും 2.5 % സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. അതിന്‍റെ വിലയിലേക്ക് അയാള്‍ നോക്കേണ്ടതില്ല. കാരണം ആ സ്വര്‍ണ്ണത്തില്‍ നിന്നും സകാത്ത് നല്‍കുക എന്നതാണ് ബാധ്യത. ആ സകാത്ത് വേറെ വല്ല നാണയങ്ങളിലുമായാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ 2.5% (രണ്ടര ശതമാനം തൂക്കത്തിന്) താന്‍ സകാത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്ന കറന്‍സികളില്‍ അപ്പോള്‍ എന്ത് വിലവരും  എന്ന് അന്വേഷിക്കുകയും അത് നല്‍കുകയും ചെയ്യുക. ഇനി ആ സ്വര്‍ണ്ണത്തില്‍ നിന്ന് സ്വര്‍ണ്ണമായിത്തന്നെ നല്‍കുകയാണ് എങ്കില്‍ അതിന്‍റെ വില അന്വേഷിക്കാതെ നേരെ സ്വര്‍ണ്ണം നല്‍കിയാല്‍ മതി. കാരണം തന്‍റെ സ്വര്‍ണ്ണത്തിന്‍റെ സകാത്ത് അയാള്‍  സ്വര്‍ണ്ണത്തില്‍ നിന്നും തന്നെ നല്‍കി.

എന്നാല്‍ ഒരാള്‍ വില്പനക്ക് വേണ്ടിയാണ് സ്വര്‍ണ്ണം വാങ്ങിച്ചത് എങ്കില്‍, അതിന്‍റെ വില വര്‍ദ്ധിക്കുമ്പോള്‍ വില്‍ക്കാം എന്നതാണ് അവന്‍റെ താല്പര്യമെങ്കില്‍ തന്‍റെ കൈവശമുള്ള സ്വര്‍ണ്ണത്തിന്‍റെ (അല്ലെങ്കില്‍ ആഭരണത്തിന്‍റെ) സകാത്ത് ബാധകമാകുന്ന സമയത്തെ മാര്‍ക്കറ്റ് വില അറിയാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതെത്ര തന്നെ വിലപിടിപ്പുള്ളതാണെങ്കിലും അതിന്‍റെ വിലയുടെ 2.5% സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്." - [http://ar.islamway.net/fatwa/7135]. 

അഥവാ ജ്വല്ലറിക്കാര്‍, സ്വര്‍ണ്ണക്കച്ചവടക്കാര്‍, പഴയ വിലപിടിപ്പുള്ള ആഭരണങ്ങളും നാണയങ്ങളും വില്പന നടത്തുന്നവര്‍ തുടങ്ങിയ ആളുകള്‍ അവരുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കം നോക്കി അതിന്‍റെ 2.5% എന്ന നിലക്കല്ല, മറിച്ച് തങ്ങളുടെ കൈവശമുള്ള വില്പന വസ്തുക്കള്‍ മാര്‍ക്കറ്റ് റേറ്റ് അനുസരിച്ച് എത്ര വിലമതിക്കുന്നു എന്ന് കണക്കാക്കി, അതെത്ര വിലപിടിപ്പുള്ളതാണ് എങ്കിലും സകാത്ത് ബാധകമാകുന്ന സമയത്തെ അതിന്‍റെ വിലയുടെ 2.5% ആണ് സകാത്തായി നല്‍കേണ്ടത്.

എന്നാല്‍ ഒരാളുടെ കൈവശമുള്ള വില്പന ഉദ്ദേശിക്കാത്ത സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് അതിന്‍റെ തൂക്കത്തിന്‍റെ  2.5% നല്‍കിയാല്‍ മതി. അത് സ്വര്‍ണ്ണമായോ തതുല്യമായ കറന്‍സിയായോ നല്‍കാം. അല്ലാഹു അനുഗ്രഹിക്കട്ടെ ...
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ