Tuesday, June 14, 2016

രണ്ട് മക്കള്‍ ഉണ്ട്, മൂന്നാമത് ഗര്‍ഭിണിയാണ്, ഗര്‍ഭധാരണ സമയത്ത് ധാരാളം മെഡിസിന്‍ ഉപയോഗിക്കണം, ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ Heparin ഇന്‍ജക്ഷന്‍ തുടര്‍ച്ചയായി എടുക്കണം, നാല് തവണ ഗര്‍ഭം അലസിപ്പോയി, ഇങ്ങിനെ ഉള്ളവര്‍ക്ക് പ്രസവം നിര്‍ത്താമോ ?. എന്താണ് ഇസ്‌ലാമിക വിധി ?.ചോദ്യം: അസ്സലാമു അലൈകും, എനിക്ക് ഇപ്പോൾ രണ്ട് കുട്ടികൾ ഉണ്ട് . എന്‍റെ ഭാര്യക്ക് മൊത്തം നാലു abortion history യും ഇപ്പോൾ ഗർഭിണിയുമാണ്‌. ഒരുപാട് ട്രീട്മെന്റിനു ശേഷമാണ് കുട്ടികൾ ഉണ്ടായത്. എല്ലാ ഗർഭധാരണ സമയത്തും ഒരുപാട് medicine ഉപയോഗിക്കേണ്ടതുണ്ട്. പ്രത്യേകിച്ചു Low Molecular Weight Heparin എന്ന injunction. ഡെലിവറി അടുക്കുന്ന വരെ തുടര്‍ച്ചയായി ഇതു ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഏഴു ഗര്‍ഭകാലത്തും , ഇപ്പോഴും ഉപയോഗിക്കുന്നു. ഇങ്ങിനെ ഉള്ളവർക്ക് പ്രസവം നിര്‍ത്താമോ എന്താണ് ഇസ്ലാമിക വിധി ?.    

www.fiqhussunna.com

ഉത്തരം:  
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ളറൂറത്ത് അഥവാ നിര്‍ബന്ധിത സാഹചര്യങ്ങളിലല്ലാതെ പ്രസവം നിര്‍ത്താന്‍ പാടില്ല എന്നത് നേരത്തെ പല മറുപടികളിലും വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രസവധാരണം ഒരു സ്ത്രീയെ  ദോഷകരമായി ബാധിക്കുമെന്ന് വൈദ്യശാസ്ത്രപരമായി വിലയിരുത്തപ്പെടുന്ന ചില സാഹചര്യങ്ങളില്‍ അത് അനിവാര്യമായി വരാറുമുണ്ട്. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്രപരമായ സാഹചര്യങ്ങളും മതപരമായ തത്വങ്ങളും പരിഗണിച്ചുകൊണ്ടാണ് മെഡിക്കല്‍ ഡെസ്ക് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തീരുമാനം എടുക്കന്നതിന് മുന്‍പ് മതപരമായ വീക്ഷണം അറിയാന്‍ താല്പര്യം കാണിച്ചതിനും, മെഡിക്കല്‍ ഡെസ്കിന് ഈ ചോദ്യം അയച്ചുതന്നതിനും അല്ലാഹു താങ്കള്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ.. മറുപടി നല്‍കാന്‍ വൈകിയതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ ചോദ്യം ശ്രദ്ധിക്കാതെ പോയതിനാലും, മെഡിക്കല്‍ ഡെസ്കിലെ അംഗങ്ങളുടെ തിരക്ക് കാരണത്താലും, അതുപോലെ ചോദ്യങ്ങളുടെ ആധിക്യം കാരണത്താലും എല്ലാമാണ് താമസമുണ്ടായത്. 

താങ്കളുടെ വിഷയം വളരെ വിശദമായി മെഡിക്കല്‍ ഡെസ്കിലെ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. താങ്കളുടെ മെഡിക്കല്‍ ഹിസ്റ്ററിയോ റിപ്പോര്‍ട്ടുകളോ  ഒന്നും തന്നെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലാത്തതിനാല്‍ അത് മുന്‍നിര്‍ത്തിയുള്ള  ഒരു  പഠനത്തിന്ഞങ്ങള്‍ക്ക്  സാധിച്ചിട്ടില്ല. എങ്കിലും താങ്കള്‍ പറഞ്ഞതനുസരിച്ച് LMWH ഇന്‍ജക്ഷന്‍ തുടര്‍ച്ചയായി, പ്രസവം വരെ താങ്കളുടെ ഭാര്യ ഉപയോഗിക്കുന്നുണ്ട്. Recurrent miscarriage (RM) അഥവാ  തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോകുന്ന പ്രശ്നം ഉള്ളതുകൊണ്ടാണ് സാധാരണ അത് നല്‍കപ്പെടുന്നത്. ഇത് ഒരു ദിവസം രണ്ട് നേരംഎന്ന തോത് മുതല്‍, മൂന്ന്‍ ദിവസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ വരെ നല്‍കപ്പെടുന്ന സാഹചര്യങ്ങള്‍ ചില ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാറുണ്ട്. മാത്രമല്ല ഏകദേശം ഇരുനൂറ് രൂപക്ക് മുകളില്‍ വിലയുള്ള ഈ ഇന്‍ജക്ഷന്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യത കൂടിയാണ്. സാമ്പത്തിക ബാധ്യത എന്നതിലുപരി , ഏത് സമയത്തുംഗര്‍ഭം  അലസിപ്പോകാനുള്ള സാധ്യതകൂടി ഇത്തരം രോഗമുള്ള ഗര്‍ഭിണികളില്‍  നിലനില്‍ക്കുന്നത് കൊണ്ട് മാനസിക സംഘര്‍ഷവും, അതുപോലെ ഇടക്കിടക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യപ്പെടേണ്ടി വരുന്ന അവസ്ഥയുമെല്ലാം  ചിലര്‍ക്ക് ഉണ്ടാകാറുണ്ട്. മാത്രമല്ല താങ്കളുടെ വിഷയത്തില്‍ നാല് തവണ അലസിപ്പോയ സാഹചര്യമുണ്ട് എന്നതും ഞങ്ങള്‍ പ്രത്യേകം ഗൗനിച്ചിരിക്കുന്നു. ഇപ്പോഴുള്ള ഗര്‍ഭം ഒരു കുഴപ്പവുമില്ലാതെ പൂര്‍ത്തീകരിക്കാനും നിങ്ങള്‍ക്ക് കണ്‍കുളിര്‍മയേകുന്ന സന്താനത്തെ ലഭിക്കാനും ഞങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. ഗര്‍ഭകാലത്ത്  നിങ്ങള്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ക്ക് അല്ലാഹു തക്കതായ  പ്രതിഫലം നല്‍കുമാറാകട്ടെ...


ഇത്തരം കേസുകള്‍ പലപ്പോഴും വളരെയധികം വിഷമിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നും, എന്നാല്‍ ചില കേസുകള്‍ അത്ര പ്രയാസകരമല്ലെന്നും മെഡിക്കല്‍ ഡെസ്കിലെ ഗൈനക്കോളജിസ്റ്റുകള്‍ അവരുടെ അനുഭവങ്ങളെ വിലയിരുത്തി അഭിപ്രായപ്പെടുകയുണ്ടായി. താങ്കളുടെ വിഷയം ചര്‍ച്ച ചെയ്ത ശേഷം, ഞങ്ങള്‍ എത്തിച്ചേര്‍ന്ന നിലപാട്:  ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്തവിധമുള്ള Recurrent Miscarriage (RM) അഥവാ തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോകുന്ന സാഹചര്യം ആണ് താങ്കളുടെ ഭാര്യക്ക് ഉള്ളത് എങ്കില്‍ മേല്‍പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടും, ഈ പ്രയാസങ്ങള്‍ നേരിട്ടിട്ടും മൂന്ന്‍ കുട്ടികള്‍ ഉണ്ടാകുന്നത് വരെ പരമാവധി ശ്രമിക്കുകയും, നാല് അബോര്‍ഷന്‍ ഹിസ്റ്ററി ഉണ്ടാവുകയും ചെയ്ത ശേഷമാണ് താങ്കള്‍ ഇത് ചോദിക്കുന്നത് എന്നത് ബോധ്യപ്പെട്ടതിനാലും, താങ്കള്‍ക്ക് പ്രസവം നിര്‍ത്തല്‍ അനുവദനീയമാണ് എന്നതിലേക്കാണ് മെഡിക്കല്‍ ഡെസ്ക് എത്തിയിട്ടുള്ളത്. എന്നാല്‍ അത് പൂര്‍ണമായും നിര്‍ത്തുക എന്ന തീരുമാനമെടുക്കാതെ താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് എങ്കില്‍ അതായിരിക്കും കൂടുതല്‍ ഉചിതം. കാരണം ഒരുപക്ഷെ പിന്നീട് ഈ പ്രയാസങ്ങളെല്ലാം ഉണ്ടെങ്കില്‍ക്കൂടി  മക്കളുണ്ടാകാന്‍ നിങ്ങളാഗ്രഹിക്കുന്ന സാഹചര്യം വന്നേക്കാം. ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ ഖേദിക്കേണ്ടി വരില്ലല്ലോ... അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍... 
എന്നാല്‍ നിങ്ങളുടെ ഭാര്യക്ക് തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോകാന്‍ ഇടവരുത്തുന്ന കാരണം കണ്ടെത്തപ്പെടുകയും, അതാവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ചികിത്സ ലഭ്യവുമാണ് എങ്കില്‍ ആ സാഹചര്യത്തില്‍ താങ്കള്‍ക്ക് പ്രസവം പൂര്‍ണമായി നിര്‍ത്താന്‍ അനുവാദമില്ല.

ഇവിടെ വളരെ സുപ്രധാനമായും പരാമര്‍ശിക്കേണ്ട മറ്റൊരു കാര്യം. ഗര്‍ഭം അലസിപ്പോകുന്ന അസുഖമുള്ള എല്ലാ രോഗികളും, അതുപോലെ  Heparin (LMWH) ഇന്‍ജക്ഷന്‍ എടുക്കുന്ന എല്ലാ രോഗികളും ഈ മറുപടി വായിച്ച് ഉടനടി പ്രസവം നിര്‍ത്തുന്നതിന് തുനിയേണ്ടതില്ല. കാരണം എല്ലാ കേസുകളിലും എല്ലാ രോഗികള്‍ക്കും Heparin നല്‍കേണ്ട സാഹചര്യം ഉണ്ടാവാറില്ല. യഥാര്‍ത്ഥത്തില്‍ കുറഞ്ഞ സാഹചര്യങ്ങളിലെ അത് ഉപയോഗിക്കാറുള്ളൂ.  ആവശ്യമില്ലാത്ത  ചില കേസുകളിലും ചില  ഡോക്ടര്‍മാര്‍ അത് നിര്‍ദേശിച്ചു എന്ന് വരാം. അതുകൊണ്ട് അതൊരു മാനദണ്ഡമല്ല.  APLA, Cardiolipin Antibody, Lupus anticoagulant antibodies തുടങ്ങിയ ചില സാഹചര്യങ്ങളിലേ അത് കഴിക്കേണ്ട ആവശ്യമുള്ളൂ. അല്ലെങ്കില്‍ Recurrent miscarriage (RM) അഥവാ തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോകുന്ന പ്രശ്നം ഉള്ള സ്ത്രീകള്‍ക്ക് അവര്‍ ഗര്‍ഭം ധരിക്കുന്നതിന് ഒരു മാസം മുന്‍പ് Ecosprin പോലുള്ള മരുന്നുകള്‍ ആരംഭിക്കാറാണുള്ളത്. ഏകദേശം 32 ആഴ്ച വരെയൊക്കെ അത് കഴിച്ചാല്‍ മതി. ഇപ്പോള്‍ സാധാരണ Heparin (LMWH) തന്നെ 20 ഡോസ് എന്ന തോതില്‍ മൂന്ന്‍ ദിവസം  കൂടുമ്പോള്‍ ഒക്കെയാണ് നല്‍കാറുള്ളത്. അതുകൊണ്ട് അങ്ങനെയുള്ളവര്‍ക്കും (Permanent Sterilization) പ്രസവം പൂര്‍ണമായി നിര്‍ത്തേണ്ട ആവശ്യമുണ്ടായിക്കൊള്ളണം എന്നില്ല. അത്തരം ചില സന്ദര്‍ഭങ്ങളില്‍ ആവശ്യമാണ്‌ എങ്കില്‍ താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മാത്രമെ ആകാവൂ.  അതുകൊണ്ട് ഈ മറുപടി  പൊതുവായ അര്‍ത്ഥത്തില്‍ എല്ലാ കേസുകള്‍ക്കും ബാധകമാക്കരുത്.
 
അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.... അല്ലാഹു അനുഗ്രഹിക്കട്ടെ ...

 
മറുപടി നല്‍കിയത് : 

മതപരം: അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍

വൈദ്യശാസ്ത്ര തലം:
ഡോ. മുഹമ്മദ്‌ സലീം, ഡോ. മുജീബ് റഹ്മാന്‍, ഡോ. മുഹമ്മദ്‌ കുട്ടി, ഡോ. അസ്ഹര്‍, ഡോ. സുമിത്ത്, ഡോ. ഫാത്തിമ , ഡോ. റഹ്മത്തുന്നിസ .   [മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ് Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].