Tuesday, June 14, 2016

കൊമേര്‍ഷ്യല്‍ ബേങ്കുകള്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ സ്വീകരിക്കാമോ ?.

ചോദ്യം: കൊമേര്‍ഷ്യല്‍ ബേങ്കുകള്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ സ്വീകരിക്കാമോ ?. 

www.fiqhussunna.com

ഉത്തരം:
 الحمد لله والصلاة والسلام على رسول الله وعى آله وصحبه ومن والاه، وبعد؛

 പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുമായി നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ ബന്ധപ്പെടാന്‍ തന്നെ പാടില്ല.  അതുകൊണ്ടുതന്നെ ഇസ്‌ലാമിക ബേങ്കുകള്‍ നിലവിലുള്ള രാഷ്ട്രത്തിലാണ് താങ്കള്‍ ജീവിക്കുന്നത് എങ്കില്‍ പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുമായി ബന്ധപ്പെടരുത് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ.

ഇനി ഇസ്‌ലാമിക് ബേങ്കിംഗ് നിലവിലില്ലാത്ത രാഷ്ട്രത്തില്‍ കൊമേര്‍ഷ്യല്‍ ബേങ്കുകളുമായി ഒരാള്‍ക്ക് ബന്ധപ്പെടേണ്ടി വരുകയാണ് എങ്കില്‍ അത്തരം അവസരത്തില്‍ അവര്‍ നല്‍കുന്ന ഗിഫ്റ്റുകളെ രണ്ടായി തിരിക്കാം. ഏത് തരത്തിലുള്ള ഗിഫ്റ്റുകള്‍ ആണ് എങ്കിലും അത് നമുക്ക് ഉപയോഗപ്പെടുത്താന്‍ പാടില്ല. പക്ഷെ ചിലത് നമുക്ക് സ്വീകരിച്ച്, تخلص അഥവാ സ്വയം ഉപയോഗിക്കാന്‍ പാടില്ലാത്തത് ആയതിനാല്‍ കൈവെടിയുക എന്ന അര്‍ത്ഥത്തില്‍  പാവപ്പെട്ട ആളുകള്‍ക്കോ, നമുക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നത് എന്ന് നമുക്ക് അറിവില്ലാത്തതോ ആയ പൊതു ആവശ്യങ്ങള്‍ക്കോ അവ നല്‍കാം.

അവര്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ രണ്ട് വിധമുണ്ട്. ഒന്ന്  അവരുടെ പ്രൊമോഷന്‍ അഥവാ പരസ്യം അടങ്ങുന്ന ഗിഫ്റ്റുകള്‍, ഉദാ: ക്ലോക്ക്, ഓഫീസ് സെറ്റ്, കലണ്ടര്‍, കീച്ചെയ്ന്‍ ,പേന ....etc ഇത്തരം ഗിഫ്റ്റുകള്‍ ഒരിക്കലും തന്നെ കൈപ്പറ്റാനോ, കൈപ്പറ്റിയ ശേഷം മറ്റുള്ളവര്‍ക്ക് നല്‍കാനോ പാടില്ല. കാരണം അത് അവരുടെ പരസ്യം വഹിക്കുന്നതിനാല്‍ ആ തിന്മക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ കാരണമാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അത് മറ്റുള്ളവര്‍ക്ക് നല്‍കലും അനുവദനീയമല്ല. എന്നാല്‍ അതിലെ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്ന രൂപത്തില്‍ ഉള്ളവയാണ് എങ്കില്‍ അത് നീക്കം ചെയ്ത ശേഷം പാവപ്പെട്ടവര്‍ക്ക് നല്‍കാം.

രണ്ടാമത്: ഇന്ന് ചില ബേങ്കുകള്‍ നറുക്കെടുപ്പിലൂടെ ചില ഉപഭോക്താക്കളെ തിരഞ്ഞെടുത്ത് നല്‍കുന്ന, പണം, സ്വര്‍ണ്ണം തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആണ് എങ്കില്‍ അത് സ്വീകരിക്കുകയും അത് പാവപ്പെട്ട ആളുകള്‍ക്ക് ഉപകാരപ്രദമാകുംവിധം അവര്‍ക്ക് നല്‍കുകയോ, അതല്ലെങ്കില്‍ നമുക്ക് നേരിട്ട് പ്രയോജനപ്പെടും എന്നറിയാത്തതായ പൊതുപ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കുകയാണ് ചെയ്യേണ്ടത്. അതുപോലെ പാവപ്പെട്ട ആളുകള്‍ക്ക് വീട് വെക്കാന്‍, ശൗചാലയം പണിയാന്‍, ചികിത്സക്ക്  എന്നിങ്ങനെയൊക്കെ ആ പണം ഉപയോഗപ്പെടുത്താം. ഒരിക്കലും തന്നെ ബേങ്കിന് തിരികെ നല്‍കാന്‍ പാടില്ല. ചിലര്‍ അത് പലിശക്ക് കടമെടുത്ത ആളുകളുടെ പലിശ വീട്ടാന്‍ വേണ്ടി ഉപയോഗിക്കുക എന്ന് പറയാറുണ്ട്‌. അതിനോട് നിരുപാധികം യോജിക്കാന്‍ സാധിക്കില്ല. കാരണം പലിശക്കെടുക്കുന്നവന്‍ സ്വാഭാവികമായും കുടുങ്ങും എന്നതുറപ്പാണ്. ആ പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് ഒരു പ്രോത്സാഹനമായി ആ പണം പ്രയോജനപ്പെടുത്തേണ്ടതില്ല. എന്നാല്‍ അറിവില്ലാതെ പലിശയുമായി ബന്ധപ്പെട്ടു പോയ ആളുകള്‍ക്കോ, കേസ്, രോഗം മൂര്‍ച്ചിച്ച അവസ്ഥ തുടങ്ങി അത്യധികം നിര്‍ബന്ധിത സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെ അതുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിതരായിപ്പോയ ആളുകള്‍ക്കോ ഒക്കെ അവര്‍ അത് കാരണത്താല്‍ ബുദ്ധിമുട്ടുന്നവരും, തങ്ങള്‍ പലിശയുമായി ബന്ധപ്പെട്ടുപോയതില്‍ പശ്ചാത്താപമുള്ളവരും, ഇനി ബന്ധപ്പെടാന്‍ സാധ്യതയില്ലാത്തവരുമാണ് എങ്കില്‍ അവരുടെ കടവും പലിശയുമെല്ലാം വീട്ടാന്‍ അത് ഉപയോഗപ്പെടുത്താം എന്ന് മാത്രം. അതല്ലാതെ പലിശ അടക്കാന്‍ അതുപയോഗിക്കുക എന്ന രൂപത്തില്‍ പലിശയെ പ്രോത്സാഹിപ്പിക്കുന്ന വിപത്തായി അത് മാറരുത്. 



അതുപോലെ 'നമുക്ക് നേരിട്ട് പ്രയോജനപ്പെടുമോ എന്നറിയാത്തതായ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക്' എന്ന് പ്രത്യേകം എടുത്ത് പറയാന്‍ കാരണം, നമ്മുടെ വീട്ടിലേക്ക് പോകുന്ന റോഡ്‌, അതല്ലെങ്കില്‍ നമ്മള്‍ പ്രയോജനപ്പെടുത്തുന്ന ഒരു പൊതു സംവിധാനം മെച്ചപ്പെടുത്താന്‍ വേണ്ടി അത് നമ്മള്‍ ഉപയോഗപ്പെടുത്തരുത്. കാരണം അത് നമ്മള്‍ തന്നെ ആ പലിശപ്പണം ഉപയോഗിക്കലാണ്. എന്നാല്‍ നമ്മള്‍ അത് ഒരു പൊതു അതോറിറ്റിക്കോ, പൊതുപ്രവര്‍ത്തകര്‍ക്കോ കൈമാറുകയും അവര്‍ നമ്മുടെ അറിവോടെയല്ലാതെ ആ പണം നമുക്ക് പ്രയോജനമുള്ള ഏതെങ്കിലും പൊതുകാര്യങ്ങളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്‌താല്‍ അതില്‍ തെറ്റില്ല. എന്നാല്‍ നമുക്ക് നേരിട്ട് പ്രയോജനപ്പെടും എന്നറിയാവുന്നതായ  പോതുകാര്യങ്ങള്‍ക്ക് അത് നല്‍കാന്‍ പാടില്ല.

നമ്മുടെ ഉദ്ദേശപ്രകാരമാല്ലാതെ നമ്മുടെ കൈവശമെത്തുന്ന ഹറാമായ ധനം എങ്ങിനെയാണ് നീക്കം ചെയ്യേണ്ടത് എന്നത് തെളിവുകളോടെ വിശദമായി  മുന്‍പ് നാം വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക : http://www.fiqhussunna.com/2015/09/blog-post.html

മാത്രമല്ല നിങ്ങളുടെ കൈവശമുള്ള ഹറാമായ ധനം മതപരമായ മാനങ്ങള്‍ പാലിച്ചുകൊണ്ട്‌ കയ്യില്‍ നിന്നും നീക്കം ചെയ്യാനും, അര്‍ഹിക്കുന്ന ആളുകളെ മനസ്സിലാക്കി അവരെ കടക്കെണിയില്‍ നിന്നും മോചിപ്പിക്കാനുമൊക്കെ  ഉതകുന്ന സംവിധാനം അല്‍ഹംദുലില്ലാഹ് ഷെല്‍ട്ടര്‍ ഇന്ത്യയുടെ കീഴില്‍  'ആന്‍റി ഇന്‍ററസ്റ്റ്‌ മൂവ്മെന്റ്' എന്ന പേരില്‍ ഉണ്ട്. അതുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്toshelterindia@gmail.com എന്ന അഡ്രസില്‍ മെയില്‍ ചെയ്യുകയോ, 0091-9061099550 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഷെല്‍റ്റര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മതപരമായ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാനോ നിര്‍ദേശങ്ങള്‍ അറിയിക്കാനോ ഉണ്ടെങ്കില്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്... അല്ലാഹു അനുഗ്രഹിക്കട്ടെ...