Tuesday, July 7, 2015

ഇഅ്തികാഫ് സംശയങ്ങളും മറുപടിയും - ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ ഹഫിദഹുല്ല നല്‍കിയ മറുപടിയും അതിന്‍റെ വിശദീകരണവും. (ഇഅ്തികാഫിനെ സംബന്ധിച്ച് ഒരാള്‍ക്ക് ഉണ്ടായേക്കാവുന്ന ഏകദേശം എല്ലാ സംശയങ്ങളും ചര്‍ച്ച ചെയ്യുന്നു).



ആമുഖം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

ഇഅ്തികാഫുമായി ആളുകളുടെ ഏറെക്കുറെ സംശയങ്ങളെല്ലാം ദൂരീകരിക്കാന്‍ സാധിക്കുന്ന ഒരു ലേഖനം എഴുതണം എന്ന് ആഗ്രഹിച്ചിരുന്നു. അല്ലാഹുവിന്‍റെ തൗഫീഖ് ഒന്നുകൊണ്ടു മാത്രമാണ് ഇതെഴുതാന്‍ സാധിച്ചത്. ഏറെക്കുറെ സംശയങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ ലേഖനം ഏവര്‍ക്കും ഉപകരിക്കാന്‍ അല്ലാഹു സുബ്ഹാനഹു വ തആല തൗഫീഖ് നല്‍കുമാറാകട്ടെ. കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും മനുഷ്യര്‍ അതീതരല്ലല്ലോ. വല്ല തെറ്റുകളും വന്നു പോയിട്ടുണ്ടെങ്കില്‍ അതവന്‍ വിട്ടുപൊറുത്ത് മാപ്പാക്കിത്തരുമാറാകട്ടെ.

www.fiqhussunna.com
ഇഅ്തികാഫുമായി ബന്ധപ്പെട്ട് ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല നല്‍കിയ ചോദ്യോത്തരങ്ങള്‍ വിവര്‍ത്തനം ചെയ്യുകയാണ് സുപ്രധാനമായും ഇതില്‍ ചെയ്തിട്ടുള്ളത്. അറബി അറിയാവുന്നവര്‍ക്ക് ഈ ലിങ്കില്‍ പോയാല്‍ : http://www.alfawzan.af.org.sa/node/14926 അദ്ദേഹത്തിന്‍റെ വെബ്സൈറ്റില്‍ ആ ഫത്'വകള്‍ ലഭിക്കും. അദ്ദേഹത്തിന്‍റെ സൈറ്റില്‍ നല്‍കിയ അതേ ഓര്‍ഡറില്‍ അല്ല ഇവിടെ ചോദ്യോത്തരങ്ങള്‍ നല്‍കിയിരിക്കുന്നത്. വിഷയാധിഷ്ഠിതമായി അല്പം ക്രമീകരിച്ചിട്ടുണ്ട്. അതുപോലെ വളരെ ഹ്രസ്വമായ ചോദ്യോത്തരങ്ങള്‍ ആയതിനാല്‍ വിശദീകരണം ആവശ്യമായി വരുന്നിടത്ത് ചെറിയ രൂപത്തിലുള്ള വിശദീകരണങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇറ്റാലിക്ക് രൂപത്തില്‍, അഥവാ ചരിഞ്ഞ രൂപത്തില്‍ നല്‍കിയ ഭാഗം മാത്രമാണ് ശൈഖിന്‍റെ വാക്കുകള്‍. മറ്റുള്ളവ വ്യക്തതക്ക് വേണ്ടി ഈയുള്ളവന്‍ ചേര്‍ത്തതാണ്. നീല നിറത്തില്‍ നല്‍കിയിട്ടുള്ള ഭാഗമാണ് ഈയുള്ളവന്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. അല്ലാഹു സുബ്ഹാനഹു വ തആല ഇതൊരു സല്‍ക്കര്‍മ്മമായി സ്വീകരിക്കുമാറാകട്ടെ. നമുക്കേവര്‍ക്കും അവന്‍ ഉപകാരപ്രദമായ അറിവ് വര്‍ദ്ധിപ്പിച്ച് തരുമാറാകട്ടെ .... ആമീന്‍  

ചോദ്യോത്തരങ്ങള്‍:

ചോദ്യം: എന്താണ് ഇഅ്തികാഫ് ?. അതിന്‍റെ മതവിധി എന്താണ് ?. വീട്ടില്‍ ഇഅ്തികാഫ് ഇരിക്കാമോ ?. 

ഉത്തരം: അ്തികാഫ് അതി പ്രാധാന്യമുള്ള ഒരാരാധനയാണ്. അല്ലാഹു സുബ്ഹാനഹു വ തആല തന്റെ കിതാബില്‍ വളരെ സ്പഷ്ടമായ രൂപത്തില്‍ത്തന്നെ അത് പ്രതിപാദിച്ചിട്ടുണ്ട്. അതില്‍പ്പെട്ടതാണ് ഇബ്റാഹീം അലൈഹിസ്സലാമിനോടും, ഇസ്മാഈല്‍ അലൈഹിസ്സലാമിനോടും അല്ലാഹു സുബ്ഹാനഹു വ തആല നടത്തിയ കല്പന:


وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ

"ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ്‌ (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്‍റെഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു." -[അല്‍ബഖറ :125]. 

അതുപോലെ അല്ലാഹു പറയുന്നു: 

وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللّهِ فَلاَ تَقْرَبُوهَا
"എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്‍റെ  അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌." - [അല്‍ബഖറ:187].
മാത്രമല്ല റസൂല്‍ () യില്‍ നിന്നും വളരെ സ്പഷ്ടമായ രൂപത്തില്‍  സ്ഥിരപ്പെട്ട് വന്ന സുന്നത്തുകളില്‍പ്പെട്ടതാണ് അതെന്ന്  നമുക്ക് കാണാന്‍ സാധിക്കും. റമളാനിലെ  രണ്ടാമത്തെ പത്തില്‍ റസൂല്‍ () ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ചുകൊണ്ട് ഇഅ്തികാഫ് ഇരുന്നിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അവസാന കാലങ്ങളില്‍ ലൈലത്തുല്‍ ഖദ്ര്‍ അവസാന രാവുകളിലാണ് പ്രതീക്ഷിക്കേണ്ടത് എന്ന് വ്യക്തമായപ്പോള്‍ അവസാനത്തെ പത്തില്‍ ഇഅ്തികാഫിരിക്കാന്‍ തുടങ്ങി. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യമാരും ഇഅ്തികാഫിരുന്നിരുന്നു. (അദ്ദേഹത്തിന്‍റെ കാലശേഷവും ഭാര്യമാര്‍ ആ ചര്യ തുടര്‍ന്നു എന്ന് സ്വഹീഹായ ഹദീസുകളില്‍ കാണാം.) അതിനാല്‍ത്തന്നെ ഇഅ്തികാഫ് അതിപ്രതിഫലാര്‍ഹാമായ ഒരാരാധനയാണ്. 
 
'അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ വേണ്ടിയും, വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വേണ്ടിയും, ദിക്റുകള്‍ ചൊല്ലാന്‍ വേണ്ടിയും പള്ളിയില്‍ ഒഴിഞ്ഞിരിക്കുക' എന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. ദുന്‍യവിയായ കാര്യങ്ങളില്‍ നിന്നും വിട്ടുനിന്ന് ഇബാദത്തിനായി ഒഴിഞ്ഞിരിക്കുകയും അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് സമയം ചിലവഴിക്കുകയും ചെയ്യലാണ് ഇഅതികാഫ്.

അതേത് കാലത്തും, സമയത്തും അനുവദനീയമാണ്. പക്ഷെ ജമാഅത്ത് നമസ്കാരങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന പള്ളിയിലല്ലാതെ ഇ
അ്തികാഫിരിക്കാവതല്ല. കാരണം (പള്ളിയില്‍ ഇഅ്തികാഫിരിക്കാനാണ് അല്ലാഹു കല്പിച്ചത്). അല്ലാഹു പറയുന്നു:

وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ
 "എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍" - [അല്‍ബഖറ: 187]. അതല്ലാതെ തന്‍റെ വീട്ടിലോ, ആളുകള്‍ ഒഴിഞ്ഞുപോയ പ്രദേശത്തെ നമസ്കാരം നടക്കാത്ത, ആള്‍പെരുമാറ്റമില്ലാത്ത പള്ളിയിലോ ഇഅ്തികാഫിരിക്കാന്‍ പാടില്ല. കാരണം അവനതുമുഖേന ജമാഅത്തുകള്‍ നഷ്ടപ്പെടും. അതിനാല്‍ത്തന്നെ കൃത്യമായി ജമാഅത്ത് നമസ്കാരങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന പള്ളിയിലേ ഇഅ്തികാഫിരിക്കാവൂ. അല്ലാഹു അനുഗ്രഹിക്കട്ടെ..

ചോദ്യം: ഇഅ്തികാഫിന്‍റെ ഏറ്റവും ചുരുങ്ങിയ പരിധി ഒരു രാത്രി ഇരിക്കുക എന്നതാണോ ? അതല്ല ഒരു ദിവസം മുഴുവന്‍ ഇരിക്കുക എന്നതാണോ ?.

ഉത്തരം: അതിന് പ്രത്യേകം പരിധിയില്ല. ഒരു മണിക്കൂറാണെങ്കിലും ഇരിക്കാം എന്നാണ് ഫുഖഹാക്കള്‍ പറഞ്ഞിട്ടുള്ളത്. കാരണം അതിന് ഒരു പ്രത്യേക സമയപരിധി ശറഅ് നിശ്ചയിച്ചിട്ടില്ല.

അതിന് പ്രത്യേക സമയപരിധിയില്ല എന്ന് ശൈഖിന്‍റെ മറുപടിയില്‍ നിന്നും വ്യക്തമാണ്. ഒരാള്‍ക്ക് താന്‍ ഇത്ര മണിക്കൂര്‍ ഇരിക്കുമെന്നോ, ഇത്ര രാവുകള്‍ ഇരിക്കുമെന്നോ, ഇത്ര ദിനങ്ങള്‍ ഇരിക്കുമെന്നോ നേര്‍ച്ചയാക്കുകയോ, നേര്‍ച്ച അല്ലാത്ത രൂപത്തില്‍ ഇ
അ്തികാഫ് അനുഷ്ടിക്കുകയോ ചെയ്യാം. നേര്‍ച്ച ചെയ്‌താല്‍ അതയാള്‍ക്ക് നിര്‍ബന്ധമാകും. ഇല്ലെങ്കില്‍ പുണ്യകരവും. ഏറ്റവും ചുരുങ്ങിയത് ഒരു രാവ് എന്നും, ഒരു ദിവസം എന്നും പറഞ്ഞ ഫുഖഹാക്കളും ഉണ്ട്. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ ഹദീസ് ആണ് അതിന് തെളിവ്: 


نذرت أن أعتكف ليلة في الجاهلية
"ജാഹിലിയ്യാ കാലത്ത് ഞാന്‍ ഒരു രാവ് ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ചയാക്കി." എന്ന് ഉമറുബ്നുല്‍ ഖത്താബ് (റ) പറഞ്ഞപ്പോള്‍: നീ നിന്‍റെ നേര്‍ച്ച പൂര്‍ത്തീകരിക്കുക എന്ന് നബി () കല്പിച്ചതായിക്കാണാം. ഒരു റിപ്പോര്‍ട്ടില്‍ "ഒരു ദിവസം ഇഅ്തികാഫ് ഇരിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി" എന്നും കാണാം. രണ്ടും സ്വീകാര്യയോഗ്യമായ പ്രബലമായ റിപ്പോര്‍ട്ടുകള്‍ ആണെന്ന് ശൈഖ് അല്‍ബാനി (റഹിമഹുല്ല) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ആണ് ചുരുങ്ങിയത് ഒരു രാവെങ്കിലും ഇഅ്തികാഫ് ഇരിക്കണം എന്ന് ചില ഫുഖഹാക്കള്‍ പറഞ്ഞത്. എന്നാല്‍ ബഹുപൂരിപക്ഷം പണ്ഡിതന്മാരും ഒരു രാവില്‍ കുറവും ഇഅ്തികാഫ് ഇരിക്കാം എന്ന അഭിപ്രായക്കാരാണ്. ഇമാം അബൂ ഹനീഫ (റഹിമഹുല്ല), ഇമാം ശാഫിഇ (റഹിമഹുല്ല), ഇമാം അഹ്മദ് (റഹിമഹുല്ല) തുടങ്ങിയവരെല്ലാം ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം നവവി (റഹിമഹുല്ല) യും ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യുമെല്ലാം ഈ അഭിപ്രായത്തോട് യോജിക്കുന്നു. കാരണം അതിന് ഒരു പ്രത്യേക സമയ പരിധി ശറഅ് നിശ്ചയിചിട്ടില്ല. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ ഹദീസില്‍ നിന്നും  അദ്ദേഹം അത്രയാണ് നേര്‍ച്ചയാക്കിയത് എന്നേ കിട്ടൂ. അത്ര മാത്രമേ പാടുള്ളൂ എന്ന് കിട്ടില്ല.

എന്നാല്‍ മാലികീ മദ്ഹബിലെ ചില പണ്ഡിതന്മാരും ഇമാം അബൂഹനീഫ (റഹിമഹുല്ല) യില്‍ നിന്നുള്ള മറ്റൊരു രിവായത്തും ഇ
അ്തികാഫ് ആകണമെങ്കില്‍ ഒരു ദിവസം വേണം എന്ന അഭിപ്രായക്കാരാണ്. യഥാര്‍ത്ഥത്തില്‍ ഒരാള്‍ ഉദ്ദേശിക്കുന്ന എത്ര സമയം ഇഅ്തികാഫിന്‍റെ നിയ്യത്തോടെ ഇരുന്നാലും ഇഅ്തികാഫിന്‍റെ പ്രതിഫലം കിട്ടും എന്ന അഭിപ്രായമാണ് കൂടുതല്‍ പ്രബലം എന്നതില്‍ സംശയമില്ല.

ഇനി ഒരു ദിവസവും അതില്‍ കൂടുതലും ഒരാള്‍ ഇരിക്കുകയാണ് എങ്കില്‍ കൂടുതല്‍ നല്ലത് അതു തന്നെയാണ്. കാരണം അഭിപ്രായ ഭിന്നതയില്‍ നിന്നും പുറംകടക്കാനും, കൂടുതല്‍ സമയം ഇരിക്കുക വഴി കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കാനും സാധിക്കുമല്ലോ. എന്നാല്‍ കുറഞ്ഞ സമയം ഇ
അ്തികാഫ് ഇരിക്കാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ അത് ഇഅ്തികാഫ് ആവില്ല എന്ന് പറയാന്‍ യാതൊരു തെളിവുമില്ല. ഇഅ്തികാഫിന്‍റെ നിയ്യത്തോടെ ഒരാള്‍ ഒരു മണിക്കൂര്‍ പള്ളിയില്‍ ഇരുന്നാല്‍ അതും ഇഅ്തികാഫ് തന്നെയാണ്.  
ചോദ്യം: ഇഅ്തികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത്, അതെപ്പോഴാണ്‌ അവസാനിക്കുന്നത് ?.

ഉത്തരം: താന്‍ എപ്പോഴാണോ ഇഅ്തികാഫ് ആരംഭിക്കുവാന്‍ ഉദ്ദേശിച്ചത് (മനസ്സില്‍ കരുതിയത്) ആ സമയത്ത് അയാള്‍ ഇഅ്തികാഫില്‍ പ്രവേശിച്ചുകൊള്ളട്ടെ. ഒരാള്‍ക്ക് അവസാനത്തെ പത്ത് ഇഅ്തികാഫ് ഇരിക്കാനാണ് നിയ്യത്തുള്ളതെങ്കില്‍ ഇരുപത്തി ഒന്നാം രാവ് മുതല്‍ക്ക് ഇഅ്തികാഫ് തുടങ്ങട്ടെ. ഇരുപത്തി ഒന്നാം രാവ് മുതല്‍ മാസം അവസാനിക്കുന്നത് വരെ.

അഥവാ ഒരാള്‍ എപ്പോഴാണോ ഇഅ്തികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കുന്നത് അപ്പോള്‍ അയാള്‍ക്ക് ഇരിക്കാം. എപ്പോഴാണോ അവസാനിപ്പിക്കാന്‍ അയാള്‍ ഉദ്ദേശിച്ചത് അപ്പോള്‍ അവസാനിപ്പിക്കുകയുമാകാം. എന്നാല്‍ ഇന്ന സമയത്ത് തുടങ്ങി ഇന്ന സമയം വരെ ഞാന്‍ ഇരിക്കും എന്ന് തീരുമാനിച്ച ആള്‍ ഇഅ്തികാഫിന്‍റെ മര്യാദകള്‍ പാലിച്ചുകൊണ്ട്‌ അത്രയും സമയം അവിടെ ഇരിക്കണം.

അവസാനത്തെ പത്തില്‍ ഇ
അ്തികാഫ് ഇരിക്കാന്‍ നേര്‍ച്ച നേര്‍ന്ന വ്യക്തി എപ്പോള്‍ ഇഅ്തികാഫ് ആരംഭിക്കണം എന്നതാണ് ചര്‍ച്ചയുടെ പ്രസക്തി. കാരണം നേര്‍ച്ച നിറവേറ്റപ്പെടേണ്ടതുണ്ടല്ലോ. നേര്‍ച്ച ചെയ്തയാള്‍ക്ക് അത് നിര്‍ബന്ധമായി. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഏത് സമയത്തും ഇരിക്കാമല്ലോ.

അവസാനത്തെ പത്തില്‍ ഇ
അ്തികാഫ് ഇരിക്കാന്‍ നേര്‍ച്ച ചെയ്ത വ്യക്തി ഏത് സമയം മുതലാണ്‌ ഇഅ്തികാഫ് ആരംഭിക്കേണ്ടത് എന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായ ഭിന്നതയുണ്ട്. ഇരുപത്തി ഒന്നാം രാവ് ആരംഭിക്കുന്നതിന് മുന്നോടിയായി അഥവാ റമളാനിലെ  ഇരുപതാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പായി ഇഅ്തികാഫില്‍ പ്രവേശിക്കണം എന്നതാണ് ഒരഭിപ്രായം. ഇതാണ് ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെയും, നാല് മദ്ഹബിന്‍റെ ഇമാമീങ്ങളുടെയും അഭിപ്രായം. ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ ഹഫിദഹുല്ല സൂചിപ്പിച്ചതും ഇതാണ്. ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസ് ആണ് ഇതിനുള്ള തെളിവ്:


عن عائشة رضي الله عنها قالت : كان النبي عليه الصلاة والسلام يعتكف في العشر الأواخر من رمضان
  
 ആഇശ (റ) യില്‍ നിന്നും നിവേദനം: അവര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: നബി (ﷺ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.  [സ്വഹീഹുല്‍ ബുഖാരി].

അവസാനത്തെ പത്ത് ആരംഭിക്കുന്നതാകട്ടെ റമളാനിലെ ഇരുപതാം ദിവസം സൂര്യന്‍ അസ്ഥമിക്കുന്നതോടുകൂടിയാണ്. ആ നിലക്ക് അവസാനത്തെ പത്ത് ഉദ്ദേശിക്കുന്നയാള്‍ ആ മഗ്'രിബോടു കൂടി ഇഅ്തികാഫില്‍ പ്രവേശിക്കണം  എന്നാണ് ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ പൂരിഭാഗം പണ്ഡിതന്മാരും  പറഞ്ഞിട്ടുള്ളത്‌. 

എന്നാല്‍ ഇരുപത്തി ഒന്നാം നാള്‍ സുബഹിയോടെയാണ് ആരംഭിക്കേണ്ടത് എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഇമാം ഔസാഇ (റഹിമഹുല്ല), ഇമാം ലൈസ് (റഹിമഹുല്ല), ഇമാം സുഫ്‌യാന്‍ അസൗരി (റഹിമഹുല്ല) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. ആഇശ (റ) യില്‍ നിന്നു തന്നെ ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസ് ആണ് അതിന് തെളിവായി അവര്‍ ഉദ്ദരിക്കുന്നത്:
 
كان رسول الله صلى الله عليه وسلم إذا أراد أن يعتكف صلى الفجر ثم دخل معتكفه
 
റസൂല്‍() ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഫജ്ര്‍ നമസ്കാരം നിര്‍വഹിക്കുകയും തന്‍റെ ഇഅ്തികാഫ് ഇരിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുകയും ചെയ്യുമായിരുന്നു. - [ സ്വഹീഹ് മുസ്‌ലിം]. അതുകൊണ്ട് ഫജ്ര്‍ നമസ്കാരത്തോടെയാണ് അവസാന പത്തിലെ ഇഅ്തികാഫ് ആരംഭിക്കേണ്ടത് എന്നതാണ് ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പറഞ്ഞത്. എന്നാല്‍ മഗ്രിബ് നമസ്കാരം മുതല്‍ത്തന്നെ ആരംഭിക്കുക എന്ന് പറഞ്ഞ പണ്ഡിതന്മാര്‍ ഈ ഹദീസിനെ വിശദീകരിച്ചത് നബി () ഫജ്ര്‍ നമസ്കാരശേഷം സുബഹി നമസ്കാരാനന്തരം  തന്‍റെ ഇഅ്തികാഫ് ഇരിക്കുന്ന സ്ഥാനത്തേക്ക് ഒഴിഞ്ഞിരുന്ന്‍ കര്‍മ്മങ്ങളില്‍ മുഴുകുമായിരുന്നു. അതല്ലാതെ ഫജ്റിനാണ് ഇഅ്തികാഫ് ആരംഭിക്കേണ്ടത് എന്ന അര്‍ത്ഥത്തില്‍ അല്ല എന്നാണ്. ഇപ്രകാരമാണ് ഇമാം നവവി (റഹിമഹുല്ല) യും ഈ ഹദീസിന് വിശദീകരണം നല്‍കിയിട്ടുള്ളത്.

ഏതായാലും ഒരാള്‍ അവസാനത്തെ പത്തില്‍  ഇ
അ്തികാഫ് ഇരിക്കാന്‍ തീരുമാനിച്ചപ്പോള്‍, മഗ്'രിബ് നമസ്കാരാനന്തരം പ്രവേശിക്കാനാണ് അയാള്‍ ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരവും, സുബഹി നമസ്കാരാനന്തരം പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരവും ചെയ്യാവുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. എപ്പോള്‍ പ്രവേശിക്കണമെന്ന് പ്രത്യേകം തീരുമാനിച്ചിട്ടില്ലാത്തവര്‍ മഗ്'രിബ് നമസ്കാരാനന്തരം  പ്രവേശിച്ചുകൊള്ളട്ടെ. കൂടുതല്‍ സമയമിരിക്കാനും അഭിപ്രായഭിന്നത ഒഴിവാക്കാനും സാധിക്കുമല്ലോ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

ചോദ്യം: എപ്പോഴാണ്  അവസാനത്തെ പത്തില്‍ ഇഅ്തികാഫ്  ആരംഭിക്കുന്നത്  ?. ഇരുപത്തൊന്നാം രാവിലാണോ അതല്ല അന്ന് സുബഹിക്കാണോ ?.

ഉത്തരം : അവന്‍റെ ഉദ്ദേശമനുസരിച്ചാണ്. അവന്‍ ഇരുപത്തൊന്നാം രാവിന് വൈകീട്ട് സൂര്യാസ്ഥമയത്തിന്  ശേഷം പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരം പ്രവേശിക്കുക. സുബഹിക്ക് പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരം ചെയ്യുക.


ചോദ്യം: ഇഅ്തികാഫിന്‍റെ നിയ്യത്ത് ചൊല്ലിപ്പറയണോ ?. അതല്ല മനസ്സില്‍ കരുതിയാല്‍ മതിയോ ?.

ഉത്തരം: മനസ്സില്‍ കരുതിയാല്‍ മതി. റസൂല്‍ () ഇപ്രകാരം പറഞ്ഞിരിക്കുന്നു: 
إنما الأعمال بالنيات و إنما لكل امرئ ما نوى
"തീര്‍ച്ചയായും ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ അവരുടെ ഉദ്ദേശമനുസരിച്ചാണ്.ഓരോരുത്തര്‍ക്കും അവര്‍ (ആ കര്‍മ്മം കൊണ്ട്) ഉദ്ദേശിച്ചതെന്തോ അത് ലഭിക്കുന്നു." - [ബുഖാരി, മുസ്‌ലിം] .

പള്ളിയില്‍ ഇ
അ്തികാഫ് ഇരിക്കാന്‍ തീരുമാനിക്കുകയും, തന്‍റെ ചില ആയവശ്യങ്ങള്‍ക്ക് താന്‍ പുറത്ത് പോകുമെന്ന് മനസ്സില്‍ കരുതുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് നിബന്ധനയോടെയുള്ള ഇഅ്തികാഫ്. അത് ഒരാള്‍ ഉച്ചരിചില്ലെങ്കിലും അപ്രകാരം ഒരു നിബന്ധനയോടെയുള്ള ഇഅ്തികാഫായി തന്റെ ഇഅതികാഫ് പരിഗണിക്കപ്പെടും. മനസ്സുകളില്‍ ഉള്ളത് കൃത്യമായി അറിയുന്നവനാണ് അല്ലാഹു. ഓരോരുത്തരുടേയും ഉദ്ദേശ ലക്ഷ്യങ്ങളെ അവന്‍ കൃത്യമായി അറിയുന്നു. അതവര്‍ ഉരുവിട്ടില്ലെങ്കില്‍ പോലും.

നിയ്യത്ത് ഉരുവിടുന്നതാണ് എന്ന തെറ്റിദ്ധാരണയാണ് ഈ ചോദ്യത്തിന് കാരണം.
ചില പള്ളികളിലൊക്കെ ഇഅതികാഫിന്‍റെ നിയ്യത്ത് എന്ന് പ്രത്യേകം എഴുതി വച്ചതും കാണാം. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ മനസിലുള്ള ഉദ്ദേശം, അഥവാ തീരുമാനം അതുതന്നെയാണ് നിയ്യത്ത്. അല്ലാഹുവിന് വേണ്ടി ഞാന്‍ ഇഅ്തികാഫ് ഇരിക്കുന്നു എന്ന് ചൊല്ലിപ്പറയുന്ന ഒരാളുടെ മനസ്സിലിരിപ്പ് താന്‍ വലിയ ആരാധനക്കാരനാണ് എന്ന് ആളുകള്‍ കാണട്ടെ എന്നാണ് എങ്കില്‍, അയാളുടെ നിയ്യത്ത് ശരിയല്ല എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. മനസ്സിലുള്ള അയാളുടെ ഉദ്ദേശമാണ് നിയ്യത്ത് എന്നതിന് ഇത് തന്നെ തെളിവാണ്. മാത്രമല്ല നിയ്യത്ത് ചൊല്ലിപ്പറയുക എന്നതിന് യാതൊരു തെളിവുമില്ല. 

ചോദ്യം: ഞാന്‍ പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാന്‍ ഉദ്ദേശിച്ചു. അഞ്ച് ദിവസം ഇരുന്ന ശേഷം പിന്നെ നിര്‍ത്തി വീട്ടില്‍ പോകാന്‍ ഉദ്ദേശിച്ചാല്‍ അതില്‍ തെറ്റുണ്ടോ ?. 

ഉത്തരം: അ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയതല്ലെങ്കില്‍ അതില്‍ തെറ്റില്ല. നിര്‍ബന്ധമല്ലാത്ത (നേര്‍ച്ചയല്ലാത്ത) ഇഅ്തികാഫ് പൂര്‍ത്തിയാക്കുകയോ പൂര്‍ത്തിയാക്കാതിരിക്കുകയോ ചെയ്യാം. പൂര്‍ത്തിയാക്കുന്നതാണ് ഉത്തമം. എന്നാല്‍ നേര്‍ച്ചയാക്കിയ ഇഅ്തികാഫ് ആണെങ്കില്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്‌. 

ഇനി നേര്‍ച്ച നേര്‍ന്ന ഇഅ്തികാഫ് വല്ല കാരണത്താലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍. അതല്ലെങ്കില്‍ ഇഅ്തികാഫിനെ ബാത്വിലാക്കുന്ന ഭാര്യാ ഭര്‍തൃ സംയോഗം കൊണ്ട് ബാത്വിലായാല്‍ അത് വീട്ടാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഒപ്പം പ്രായശ്ചിത്തവും.



ചോദ്യം: ഞാന്‍ റമളാനില്‍ മസ്ജിദുല്‍ ഹറാമില്‍ മൂന്നു ദിവസം ഇഅ്തികാഫ് ഇരിക്കുമെന്ന് നേര്‍ച്ച നേര്‍ന്നാല്‍, അതിന് സാധിച്ചില്ലെങ്കില്‍ റമളാനിന് ശേഷം അതെനിക്ക് ചെയ്ത് വീട്ടുവാന്‍ പറ്റുമോ ?. 

ഉത്തരം:  അതെ റമളാനിന് ശേഷം അതനുഷ്ടിച്ച് വീട്ടാം. ഒപ്പം സത്യം നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തം ചെയ്യണം. പ്രായശ്ചിത്തം ചെയ്യുന്നതോടൊപ്പം സമയം കടന്നുപോയ ആ ഇഅ്തികാഫ്  നിര്‍വഹിച്ച് വീട്ടുകയും വേണം. 

നേര്‍ച്ച നേര്‍ന്ന ഇഅ്തികാഫ് നിറവേറ്റാന്‍ സാധിക്കാതെ വന്നാലും, ഇഅ്തികാഫിനെ നിഷ്ഫലമാക്കുന്ന ഭാര്യയുമായുള്ള ലൈംഗിക ബന്ധം ഉണ്ടായാലും  അത് വീട്ടുന്നതോടൊപ്പം സത്യം നിറവേറ്റാന്‍ സാധിക്കാത്തതിന്റെ പ്രായശ്ചിത്തവും ചെയ്യണം. എന്നാല്‍ നിര്‍ബന്ധമല്ലാത്ത അഥവാ നേര്‍ച്ചയാക്കിയിട്ടില്ലാത്ത പുണ്യകരമായ ഇഅ്തികാഫ് വല്ല കാരണത്താലും ബാത്വിലായാല്‍ വേണമെങ്കില്‍ വീട്ടാം. വീട്ടല്‍ നിര്‍ബന്ധമല്ല. അതുപോലെ പ്രായശ്ചിത്തവും ബാധകമല്ല.

ശപഥം ചെയ്തത് നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തമാണ്, അല്ലാഹു പറയുന്നു:
لا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَنْ لَمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَاحْفَظُوا أَيْمَانَكُمْ كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ ) المائدة / 89 .
"ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോള്‍ അതിന്‍റെ ( അത്‌ ലംഘിക്കുന്നതിന്‍റെ ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക്‌ നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന്‌ പത്തു സാധുക്കള്‍ക്ക്‌ ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക്‌ വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും ( അതൊന്നും ) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ്‌ വേണ്ടത്‌. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച്‌ കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി". - [മാഇദ:89]. ഇതില്‍ പരാമര്‍ശിക്കപ്പെട്ട പത്ത് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുകയോ, അതല്ലെങ്കില്‍ വസ്ത്രം നല്‍കുകയോ, അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ഈ പറഞ്ഞ മൂന്നിനും സാധിച്ചില്ലെങ്കില്‍ മാത്രം മൂന്ന്‍ ദിവസം നോമ്പ് നോല്‍ക്കുകയോ ചെയ്‌താല്‍ മതി. ഇതാണ് ശപഥം നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തം. 


ചോദ്യം: ഞാന്‍ കഴിഞ്ഞ റമളാനില്‍ ഇഅ്തികാഫ് ഇരിക്കാന്‍ കരുതിയിരുന്നു. പക്ഷെ മാതാവിന്‍റെയും കുടുംബത്തിന്‍റെയും കാര്യങ്ങളില്‍ മുഴുകേണ്ടി വന്നതിനാല്‍ അതിന് സാധിച്ചില്ല. അതിനെനിക്ക് പ്രതിഫലം ലഭിക്കുമോ ?.

ഉത്തരം : അത് നിര്‍വഹിക്കാമെന്ന് നീ നേര്‍ച്ച നേര്‍ന്നിട്ടില്ല, അപ്രകാരം ഉദ്ദേശിച്ചിട്ടേ ഉള്ളൂവെങ്കില്‍ അത് നിന്നെ സംബന്ധിചിടത്തോളം നിര്‍ബന്ധമല്ല.  (നിര്‍ബന്ധമല്ലാത്ത) അപ്രകാരം നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ നിന്നും നമുക്ക് വിട്ടു നില്‍ക്കാം. മാതാപിതാക്കളെ ശുശ്രൂഷിക്കുക പോലുള്ള നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ പ്രത്യേകിച്ചും. മാതാപിതാക്കളെ ശുശ്രൂഷിക്കല്‍ ഇഅ്തികാഫിനെക്കാള്‍ പുണ്യകരമാണ്. മാതാപിതാക്കളോടുള്ള അനുസരണയും , അവര്‍ക്ക് പുണ്യം ചെയ്യലും ഇഅ്തികാഫിനേക്കാള്‍ ശ്രേഷ്ഠമാണ്. എന്നാല്‍ നീ നേര്‍ച്ചയാക്കിയ ഇഅ്തികാഫ് ആണെങ്കില്‍ അത് നീ കടം വീട്ടേണ്ടതുണ്ട്.


ചോദ്യം: ഇഅ്തികാഫില്‍ ഞാന്‍ നിബന്ധന വെക്കുമ്പോള്‍ (അതായത് ഞാന്‍ ഇഅ്തികാഫിരിക്കുന്ന സമയത്ത് എന്റെ ജോലി ആവശ്യാര്‍ത്ഥം പുറത്ത് പോകും എന്നിങ്ങനെ) പ്രത്യേകം ഉരുവിടേണ്ടതുണ്ടോ ?. അതല്ല മനസ്സില്‍ കരുതിയാല്‍ മതിയോ ?. 

ഉത്തരം: മനസ്സില്‍ കരുതിയാല്‍ മതി. ഇഅ്തികാഫിരിക്കുമെന്നും എന്നാല്‍ ഇന്നയിന്ന കാര്യങ്ങള്‍ക്ക് പള്ളിയില്‍ നിന്ന് പുറത്ത് പോകുമെന്നും മനസ്സില്‍ കരുതിയാല്‍ (ആ നിബന്ധന സാധുവാകാന്‍) ആ മനസിലുള്ള ഉദ്ദേശം മാത്രം മതി. ഇനി (നിബന്ധന) ഉരുവിട്ടാല്‍ അതില്‍ തെറ്റുമില്ല.

ചോദ്യം: നിബന്ധന ഇഅ്തികാഫ് ഇരിക്കുന്നതിന് മുന്‍പ് തന്നെ വെക്കേണ്ടതുണ്ടോ, അതല്ല ഇഅ്തികാഫിലിരിക്കെ വെക്കാന്‍ പറ്റുമോ ? .

ഉത്തരം: പറ്റില്ല. ആദ്യം തന്നെ വെക്കണം. റമളാനിലെ അവസാനത്തെ പത്തും മുഴുവനും ഇഅ്തികാഫ് ഇരിക്കണം എന്നാണെങ്കില്‍ അവസാനത്തെ പത്തിന് മുന്‍പ് ഉദ്ദേശിക്കണം. 

 നിയ്യത്ത് പോലെത്തന്നെയാണ് നിബന്ധനകളും. ഇഅ്തികാഫ് ഇരിക്കുന്നതിന് മുന്‍പുള്ള നിബന്ധനകള്‍ പാലിക്കണം. ഒരാള്‍ ജോലിക്കോ മറ്റോ ഒന്നും പുറത്ത് പോകാതെ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കും എന്ന് നേര്‍ച്ച നേര്‍ന്നാല്‍. അതയാള്‍ക്ക് നിര്‍ബന്ധമായി.

ചോദ്യം : ഇഅ്തികാഫ് നേര്‍ച്ചയാക്കുന്നതും, മറ്റാരാധനകള്‍ നേര്‍ച്ചയാക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസം ?. അഥവാ ഞാന്‍ മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ പോലും, ആ നേര്‍ച്ച വീട്ടാന്‍ മസ്ജിദുല്‍ ഹറാമില്‍ ഇഅ്തികാഫ് ഇരുന്നാല്‍ നേര്‍ച്ച വീടും. ഇതുമായി ഖിയാസ് ആക്കിക്കൊണ്ട്  ശഅബാനില്‍ ഒരു നോമ്പ് നേര്‍ച്ചയാക്കിയാല്‍ ദുല്‍ഹിജ്ജ മാസത്തില്‍ ആ നോമ്പ് വീട്ടാന്‍ പാടുണ്ടോ ?.

ഉത്തരം: ഇല്ല പാടില്ല. ശഅബാനില്‍ ഒരു നോമ്പെടുക്കാന്‍ നേര്‍ച്ച ചെയ്‌താല്‍ മറ്റൊരു മാസത്തില്‍ അത് നോറ്റാല്‍ പോര. കാരണം ആ ദിവസം ഇന്ന മാസത്തിലായിരിക്കണം എന്ന് നിങ്ങള്‍ പ്രത്യേകം നിര്‍ണ്ണയിച്ചിട്ടുണ്ട്. അതുകൊണ്ട് നേര്‍ച്ചയാക്കിയ ദിവസത്തില്‍ നിന്ന് മാറി മറ്റൊരു ദിവസത്തില്‍ നോമ്പ് എടുത്താല്‍ അത് വീടുകയില്ല. 

അഥവാ ഒരാള്‍ ശ്രേഷ്ടത കുറഞ്ഞ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതിനേക്കാള്‍ ശ്രേഷ്ടത കൂടിയ പള്ളിയില്‍ ആ ഇഅ്തികാഫ് നിര്‍വഹിക്കാം, ശ്രേഷ്ടത കൂടിയ പള്ളിയില്‍ ഇഅ്തികാഫ് നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ കുറഞ്ഞ പള്ളിയില്‍ ആ നേര്‍ച്ച വീട്ടാവതല്ല. അഥവാ മസ്ജിദുല്‍ അഖ്സയില്‍ ഒരാള്‍ ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ച ചെയ്‌താല്‍, അത് മസ്ജിദുല്‍ ഹറാമില്‍ വീട്ടാം. മസ്ജിദുല്‍ ഹറാമില്‍ ഇഅ്തികാഫ് നേര്‍ച്ച ചെയ്‌താല്‍ മസ്ജിദുല്‍ അഖ്സയില്‍ വീട്ടാന്‍ പറ്റില്ല. ഇതിനുള്ള തെളിവ് :

أن رجلاً جاء يوم فتح النبي صلّى الله عليه وسلّم مكة وقال: إني نذرت إن فتح الله عليك مكة، أن أصلي في بيت المقدس ـ يعني شكراً لله ـ، فقال صلّى الله عليه وسلّم: «صلِّ هاهنا، فسأله فقال: صلِّ هاهنا، فسأله الثالثة فقال: شأنك إذاً

"മക്കം ഫത്ഹിന്റെ ദിവസം ഒരാള്‍ റസൂല്‍ (ﷺ) യുടെ അരികില്‍ വന്നുകൊണ്ട്‌ ചോദിച്ചു: അങ്ങേക്ക് മക്കാ വിജയം നല്‍കിയാല്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം ബൈത്തുല്‍ മുഖദ്ദസില്‍ പോയി നമസ്കരിക്കാമെന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ട്‌. അപ്പോള്‍ നബി (ﷺ) പറഞ്ഞു: നീ ഇവിടെ വച്ച് (മസ്ജിദുല്‍ ഹറാമില്‍) നമസ്കരിച്ചുകൊള്ളുക. വീണ്ടും അയാള്‍ ആവര്‍ത്തിച്ചു. നബി (ﷺ) പറഞ്ഞു : നീ ഇവിടെ വച്ച് നമസ്കരിക്കുക. മൂന്നാം തവണ വീണ്ടും അയാള്‍ ആവര്‍ത്തിച്ചു. അപ്പോള്‍ നീ നിന്‍റെ ഇഷ്ടം പോലെ എന്ന്  റസൂല്‍ (ﷺ) മറുപടി നല്‍കി. - [മുസ്നദ് അഹ്മദ്:14961, ഈ ഹദീസ് സ്വീകാര്യ യോഗ്യമാണ് എന്ന് ശുഐബ് അല്‍ അര്‍നഊത്ത് (റഹിമഹുല്ല) രേഖപ്പെടുത്തിയിട്ടുണ്ട്.].

ഒരു പള്ളിയില്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചത്പ്രമാണം കൊണ്ട് കൂടുതല്‍ ശ്രേഷ്ടത നിര്‍ണ്ണയിക്കപ്പെട്ട മസ്ജിദുല്‍ ഹറാമിലോ, മസ്ജിദുന്നബവിയിലോ, മസ്ജിദുല്‍ അഖ്സയിലോ നിര്‍വഹിക്കാം. എന്നാല്‍ കൂടുതല്‍ ശ്രേഷ്ടത ഉള്ളത് നേര്‍ച്ചയാക്കിയാല്‍ കുറഞ്ഞതിലേക്ക് മാറാന്‍ പാടില്ല. എന്നാല്‍ നോമ്പ് പോലെയുള്ള മറ്റു ഇബാദത്തുകള്‍ ഇതിനോട് ഖിയാസ് ചെയ്യുകയില്ല. കാരണം ഇബാദത്തുകളില്‍ ഖിയാസില്ല.

ചോദ്യം: ഇഅ്തികാഫ് ഇരിക്കുന്ന ഒരു പള്ളിയില്‍നിന്നും ഇഅ്തികാഫിരിക്കുന്നയാള്‍ക്ക് എന്തെങ്കിലും ഒരു സദുദ്ദേശത്തോടെ മറ്റൊരു പള്ളിയിലേക്ക് മാറിയിരിക്കാന്‍ പാടുണ്ടോ ?.

ഉത്തരം: പാടുണ്ട്. (നേരത്തെ സൂചിപ്പിച്ച പ്രത്യേകം ശ്രേഷ്ടതയുള്ള മൂന്ന് പള്ളികളല്ലാത്ത ) മറ്റേത് സാധാരണ പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കാന്‍ ഒരാള്‍ നേര്‍ച്ചയാക്കിയാലും മറ്റേത് പള്ളിയിലേക്കും അയാള്‍ക്ക് മാറിയിരിക്കാം. കാരണം ശ്രേഷ്ഠതയില്‍ അവയെല്ലാം തുല്യമാണ്. ഏത് പള്ളിയില്‍ ഇരുന്നാലും ഇഅ്തികാഫ് ഇഅതികാഫ് തന്നെ.

ചോദ്യം: ഒരാളും തന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ആരാണോ അഞ്ചു ദിവസം പൂര്‍ണമായി ഇഅ്തികാഫ് ഇരിക്കുന്നത്, അവന് ഇന്നത് ലഭിക്കും എന്ന ഒരു നിബന്ധനയോടെ ഇഅ്തികാഫ് ഇരുന്നാല്‍ അതിന്‍റെ വിധി എന്താണ് ?.

ഉത്തരം: കൂട്ടം ചേര്‍ന്ന് ജമാഅത്തായി ഇഅ്തികാഫ് ഇരിക്കുക എന്നുള്ളത് ശരിയല്ല. അതുപോലെ കൂട്ടം ചേര്‍ന്ന് ഒരു ദിവസം നിശ്ചയിച്ച് നോമ്പ് പിടിക്കുക ഇതും ശരിയല്ല. റമളാനിലെ തഹജ്ജുദ് അല്ലാതെ പ്രത്യേകം ജമാഅത്ത് സംഘടിപ്പിച്ച് തഹജ്ജുദ് നമസ്കരിക്കുന്നതും ശരിയല്ല. ചില യുവാക്കള്‍ ചെയ്യുന്ന പോലെ ഈ പ്രവര്‍ത്തി ശരിയല്ല. ഓരോരുത്തരും ഒറ്റൊക്കൊറ്റക്ക് ഇഅ്തികാഫ് ഇരിക്കട്ടെ. (റമളാനിലല്ലെങ്കില്‍) ഓരോരുത്തരും ഒറ്റക്കൊറ്റക്ക് തഹജ്ജുദ് നിര്‍വഹിക്കട്ടെ. സ്വന്തമായി നോമ്പ് അനുഷ്ടിക്കട്ടെ. സ്വന്തമായി തുറക്കട്ടെ. എന്നാല്‍ അത്തരം കര്‍മ്മങ്ങള്‍ സംഘം ചേര്‍ന്ന് നിര്‍വഹിക്കുക എന്നുള്ളത് പുത്തന്‍കാര്യമാണ്. ഓരോ പുത്തന്‍കാര്യവും ബിദ്അത്താണ്. ഒരു മുസ്‌ലിം നന്മകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവര്‍ ഉണ്ടെങ്കില്‍ ഞാനും എന്ന നിലക്ക് കൂട്ടിക്കെട്ടരുത്. തന്നെക്കൊണ്ട് ആവുന്നതുപോലെ അവന്‍ പ്രവര്‍ത്തിക്കട്ടെ. എന്നാല്‍ ഒരു സംഘത്തെയോ കൂട്ടായ്മയെയോ ആസ്പദമാക്കി ആയിരിക്കരുത്.

ഒരോരുത്തരും അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട്‌ നിര്‍വഹിക്കുന്നതായിരിക്കണം ഇബാദത്തുകള്‍. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കേണ്ട ഇബാദത്തുകള്‍ നമ്മുടെ നാട്ടിലെ ദിക്ര്‍ സംഘങ്ങള്‍ പോലെ പ്രത്യേകം കൂട്ടം ചേര്‍ന്ന് നിര്‍വഹിക്കുന്നത് അപകടകാരമാണ്. ഒരു നന്മ നിര്‍വഹിക്കുമ്പോള്‍, മറ്റുള്ളവനേയും ആ നന്മ നിര്‍വഹിക്കുവാന്‍ ക്ഷണിക്കുക എന്നതില്‍ തെറ്റില്ല. പക്ഷെ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് അത് നിര്‍വഹിക്കട്ടെ. ദിക്ര്‍ സംഘങ്ങളെപ്പോലെ ഇ
അ്തികാഫ് സംഘങ്ങള്‍ രൂപീകരിക്കേണ്ടതില്ല. കര്‍മ്മങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തികൊടുക്കുക. ഓരോരുത്തരും നിര്‍വഹിക്കട്ടെ.  ഇബാദത്തിനില്ലാത്ത മാനങ്ങള്‍ സൃഷ്ടിക്കുന്നത് അതിഗൗരവപരമാണ്. ഇബാദത്തുകളെ പാപകരമാക്കി മാറ്റുന്നതോടൊപ്പം  അത് ഇബാദത്തുകളുടെ  ചൈതന്യം നഷ്ടപ്പെടുത്തുകയും ചെയ്യും. 

ചോദ്യം: മറ്റൊരു പള്ളിയിലെ ഇമാമിന്‍റെ പാരായണമാണ് എനിക്ക് കൂടുതല്‍ താല്പര്യം എങ്കില്‍, തറാവീഹ് മറ്റൊരു പള്ളിയില്‍ നിര്‍വഹിക്കുമെന്ന നിബന്ധനയോടെ ഞാന്‍ ഇഅ്തികാഫില്‍ പ്രവേശിക്കാന്‍ പാടുണ്ടോ ?. 

ഉത്തരം: അനുവദനീയമാണ്. പക്ഷെ അതിനേക്കാള്‍ നല്ലത് ഇഅ്തികാഫ് ഇരിക്കുന്ന പള്ളിയില്‍ നിന്നുതന്നെ തറാവീഹ് നമസ്കരിക്കലാണ്‌. കാരണം ആ പള്ളിയില്‍ നിന്ന് തന്നെ നമസ്കരിച്ചാല്‍ പള്ളിയില്‍ നിന്ന് പുറത്ത് പോകേണ്ടതായി വരുന്നില്ലല്ലോ. ഇഅ്തികാഫ് ഇരിക്കുന്ന പള്ളിയില്‍ത്തന്നെ കഴിഞ്ഞുകൂടാന്‍ അത് സഹായമാണ്.


ചോദ്യം: ഇഅ്തികാഫ് ഇരിക്കുന്ന ആള്‍ക്ക്, ഇഅ്തികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവില്‍ ഭാര്യയുമായി ബന്ധപ്പെടുമെന്ന നിബന്ധന വെക്കാമോ ?. 

ഉത്തരം: ഇല്ല. അപ്രകാരം ചെയ്‌താല്‍ ഇഅ്തികാഫ് അസാധുവാകുകയും, ബാത്വിലാവുകയും ചെയ്യും. നിബന്ധന വച്ചാലും ഇല്ലെങ്കിലും ഭാര്യയുമായുള്ള സംയോഗം ഇഅ്തികാഫിനെ ബാത്വിലാക്കും.

ഒരാള്‍ ഇഅ്തികാഫ് ഇരിക്കുന്ന വേളയില്‍ തന്‍റെ ഭാര്യയുമായി ബന്ധപ്പെടും എന്ന നിബന്ധന വച്ചാല്‍ ആ നിബന്ധന സ്വീകാര്യയോഗ്യമല്ല. കാരണം ഇഅ്തികാഫ് ഇരിക്കുന്ന വേളയില്‍ ബന്ധപ്പെടുക എന്നത് അല്ലാഹു നിഷിദ്ധമാക്കിയ കാര്യമാണ്:

وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللّهِ فَلاَ تَقْرَبُوهَا

"എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്‍റെ  അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌." - [അല്‍ബഖറ:187].

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) അദ്ദേഹത്തിന്‍റെ അശറഹുല്‍ മുംതിഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: "ഒരാള്‍ ഇഅ്തികാഫ് ഇരിക്കുന്ന വേളയില്‍, തന്‍റെ ഭാര്യയുമായി ബന്ധപ്പെടും എന്ന് നിബന്ധന വച്ചാല്‍ ആ നിബന്ധന സാധുവല്ല. കാരണം അത് അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കലാണ്. അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുന്ന തരത്തിലുള്ള സകല നിബന്ധനകളും ബാത്വിലാണ്."  ഇഅ്തികാഫിന്‍റെ സമയത്ത് ഒരാള്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍  നേര്‍ച്ചയാക്കിയ ഇഅ്തികാഫ് ആണെങ്കില്‍ ആണെങ്കില്‍ അത് വീട്ടാന്‍ അയാള്‍ ബാധ്യസ്ഥനാക്കും. അതോടൊപ്പം ശപഥം നിറവേറ്റിയില്ലെങ്കിലുള്ള പ്രായശ്ചിത്തവും ബാധകമാണ്.  നേര്‍ച്ചയാക്കാതെ പുണ്യം പ്രതീക്ഷിച്ച് ഇരുന്ന ഇഅ്തികാഫ് ആണെങ്കില്‍ വീട്ടല്‍ നിര്‍ബന്ധമല്ല. പ്രായശ്ചിത്തവും ഇല്ല.

എന്നാല്‍ ഇ
അ്തികാഫില്‍ പ്രവേശിക്കുന്ന സമയത്ത് ഒരാള്‍ക്ക് അനുവദനീയമായ രൂപത്തിലുള്ള നിബന്ധനകള്‍ വെക്കാം. ഉദാ: ഇഅ്തികാഫിരിക്കുന്ന സമയത്ത് പള്ളിയില്‍ നിന്നും എന്‍റെ ഇന്നയിന്ന ആവശ്യങ്ങള്‍ക്ക് ഞാന്‍ പുറത്ത് പോകും എന്ന നിബന്ധനയോടെയാണ് ഒരാള്‍ ഇഅ്തികാഫ് ഇരിക്കാന്‍ തീരുമാനിച്ചത് എങ്കില്‍ അത് അനുവദനീയമാണ്. 


ചോദ്യം: ഇഅ്തികാഫിരിക്കുന്ന ഒരാള്‍ ഉംറ ചെയ്യുമെന്ന നിബന്ധനയോടെയാണ് ഇഅ്തികാഫ് ഇരുന്നതെങ്കില്‍അത് പാടുണ്ടോ ?.

ഉത്തരം:അ്തികാഫ് ഇരിക്കുന്ന സമയത്ത് അപ്രകാരം ഒരു നിബന്ധന കരുതിയിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. അവര്‍ നിബന്ധനയായി വെക്കുന്നത് അവര്‍ക്ക് നിര്‍വഹിക്കാവുന്നതാണ്.
 
ചോദ്യം: ഇഅ്തികാഫ് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ അതല്ല, അറഫാ ദിനം പോലെയുള്ള ഏത് സമയത്തും ചെയ്യാമോ ?.

ഉത്തരം: ഏത് കാലത്തും ഇഅ്തികാഫ് അനുവദനീയമാണ്. റമളാനിലാണ് അത് കൂടുതല്‍ പുണ്യകരം എന്ന് മാത്രം. എന്നാല്‍ അറഫയെപ്പോലുള്ള പ്രത്യേകദിനങ്ങളില്‍ പ്രത്യേകത കല്‍പ്പിച്ചുകൊണ്ട് അതനുഷ്ടിക്കുന്നതിന് തെളിവില്ല. അറഫാ ദിനത്തില്‍ പ്രത്യേകം ഇഅ്തികാഫ് ഇരിക്കുക എന്നതിന് തെളിവില്ല. കാരണം സച്ചരിതരായ മുന്‍ഗാമികള്‍ അറഫാ ദിനത്തില്‍ പ്രത്യേകമായി ഇഅ്തികാഫ് ഇരുന്നിരുന്നില്ല. 

ചോദ്യം: ഇഅ്തികാഫിന് പ്രത്യേക സമയപരിധിയുണ്ടോ ?. 

ഉത്തരം: അതിനൊരു പ്രത്യേക സമയപരിധിയില്ല. കൂടിയ പരിധിയോ കുറഞ്ഞ പരിധിയോ ഒന്നുമില്ല. ഒരു രാത്രി മുഴുവനോ, ഒരു ദിവസം മുഴുവനോ, ഇനി കുറച്ച് മണിക്കൂറുകളോ ഇഅ്തികാഫിരിക്കാന്‍ ഒരാള്‍ നേര്‍ച്ച ചെയ്‌താല്‍ അതെല്ലാം പുണ്യകരം തന്നെ. ഏതായാലും ശറഅ് അതിനൊരു പ്രത്യേക സമയപരിധി നിര്‍ണ്ണ്ച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാധാരണ ഇഅ്തികാഫ് എന്ന് പറയാവുന്ന ഒരു സമയം ചിലവഴിച്ചാല്‍ തന്നെ ഇഅ്തികാഫ് ആകും.


ചോദ്യം : രാത്രി മുതല്‍ ഫജ്ര്‍ നമസ്കാരം വരെ ഒരാള്‍ക്ക് ഇഅ്തികാഫിന് നിയ്യത്ത് വെക്കാന്‍ പറ്റുമോ ?. മഗ്രിബിന് വീണ്ടും പള്ളിയിലെത്തി ഫജ്ര്‍ വരെ ഇഅ്തികാഫ് ഇരിക്കുന്നു എന്ന് വീണ്ടും തന്‍റെ നിയ്യത്ത് പുതുക്കുന്നു ഇതില്‍ തെറ്റുണ്ടോ ?.

ഉത്തരം: " രാത്രിയില്‍ മാത്രം ഇഅ്തികാഫ് ഇരിക്കാന്‍ ഒരാള്‍ക്ക് നേര്‍ച്ചയാക്കാം. പത്ത് രാത്രികളും എന്നോ, ഒരു രാത്രിയെന്നോ എപ്രകാരം വേണമെങ്കിലും ആവാം. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ ഹദീസ് ഇതിന് തെളിവാണ്. (അതില്‍ ഒരു രാത്രി അദ്ദേഹം നേര്‍ച്ചയാക്കി എന്ന് വന്നിട്ടുണ്ടല്ലോ). മഗ്രിബ് മുതലാണ്‌ രാത്രി ആരംഭിക്കുന്നത്. ഫജ്റോടു  കൂടി അവസാനിക്കുകയും ചെയ്യുന്നു.


ചോദ്യം: റമദാനിലെ ഒര് രാവ് പ്രത്യേകമായി, ഉദാ: ആദ്യത്തെ പത്തിലെ ഒരു രാവ് മാത്രം ഇഅ്തികാഫിരിക്കാന്‍ പാടുണ്ടോ ?.
ഉത്തരം: അതില്‍ തെറ്റില്ല. ഒരൊറ്റ രാവ് ഇഅ്തികാഫിരിക്കാന്‍ ഉമര്‍ (റ) നേര്‍ച്ച നേരുകയും അത് വീട്ടുവാന്‍ റസൂല്‍() അദ്ദേഹത്തോട് കല്‍പ്പിക്കുകയും ചെയ്തതായിക്കാണാം.

എന്നാല്‍ റമദാനിലെ ആദ്യത്തെ പത്തിലെ ഒരു രാത്രിക്ക് ആ രാത്രിയില്‍ ഇ
അ്തികാഫ് ഇരിക്കുന്നതിന് റമദാനിലെ മറ്റു രാവുകളില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക പുണ്യമുണ്ട് എന്ന് കരുതിയാണ് ഒരാള്‍ അനുഷ്ടിക്കുന്നത് എങ്കില്‍ അത് ബിദ്അത്തായി മാറും. കാരണം പ്രത്യേകമായ ശ്രേഷ്ഠതകള്‍ പ്രമാണബദ്ധമായി സ്ഥിരപ്പെടണം.


ചോദ്യം: മഗ്രിബ് മുതല്‍ ഇഷാ വരെ പള്ളിയില്‍ ഇരുന്നാല്‍ ഇ
അ്തികാഫ് ആകുമോ ?.

ഉത്തരം: ഇല്ല. എന്നാല്‍ ഇഅ്തികാഫിന്റെ നിയ്യത്തോടെ ഇരുന്നാല്‍ ഇഅ്തികാഫായി പരിഗണിക്കും. അത് കുറച്ചാണെങ്കില്‍ പോലും. അതിനുള്ള പ്രതിഫലം നിനക്ക് ലഭിക്കുകയും ചെയ്യും. 

ചോദ്യം: ഒരു മണിക്കൂര്‍ ഇഅ്തികാഫിരിക്കാന്‍ ഒരാള്‍ ഉദ്ദേശിച്ചാല്‍ അതിന്‍റെ വിധിയെന്താണ് ?. അതിന്‍റെ ഏറിയ പരിധിയും കുറഞ്ഞ പരിധിയും എത്രയാണ് ?. 

ഉത്തരം: അതിന് കൂടിയ സമയ പരിധിയോ, കുറഞ്ഞ സമയപരിധിയോ ഇല്ല. ഒരു മണിക്കൂറോ, ഒരു മാസമോ, രണ്ട് മാസമോ, പത്ത് ദിവസമോ ഒക്കെ ഇരിക്കാം. അതിന് ഒരു പ്രത്യേക പരിധിയില്ല. 


ചോദ്യം: ഞാന്‍ ഇഅ്തികാഫ് ഇരിക്കുന്ന സമയത്ത് ഒരാള്‍ എന്‍റെ പക്കല്‍ വന്നു ദുന്‍യവിയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌താല്‍, ഞാന്‍ സംസാരിക്കണോ അതോ തിരിഞ്ഞു കളയണോ ?.

ഉത്തരം: ഇനി ഇഅ്തികാഫ് ഇരിക്കുന്ന ആളല്ലെങ്കില്‍ പോലും പള്ളിയില്‍ വച്ച് ദുന്‍യവിയായ സംസാരങ്ങള്‍ സംസാരിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. പള്ളികള്‍ ദുന്‍യവിയായ സംസാരങ്ങളുടെ ഇടമാകരുത്. എന്നാല്‍ ആളുകള്‍ക്ക് ആവശ്യമുള്ള എന്തെങ്കിലും കാര്യത്തെക്കുറിച്ചോ, എന്തെങ്കിലും വസ്തുക്കളോ ആണ് ചോദിച്ചതെങ്കില്‍ അയാള്‍ക്ക് മറുപടി നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ദുന്‍യവിയായ കാര്യങ്ങള്‍ സംസാരിച്ച് പള്ളിയില്‍ സമയം കളയുന്നതില്‍ നിന്നും ഒരു വിശ്വാസി വിട്ടു നില്‍ക്കണം. ഇഅ്തികാഫ് ഇരിക്കുന്ന ആളാണ്‌ എങ്കില്‍ പ്രത്യേകിച്ചും.

ചോദ്യം: എനിക്ക് ഇ
അ്തികാഫിലിരിക്കെ ജനാബത്ത് ഉണ്ടായാല്‍, പള്ളിയില്‍ കുളിക്കാനുള്ള സൗകര്യമില്ല എങ്കില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?. വീട്ടില്‍ പോയി കുളിക്കാമോ ?.

ഉത്തരം:അ്തികാഫിരിക്കെ ജനാബത്ത് ഉണ്ടായാല്‍, അതായത് സ്വപ്നസ്ഖലനമുണ്ടായാല്‍ നിനക്ക് ശറഇയായ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടും, മനസംതൃപ്തിയോടെയും  കുളിക്കാന്‍ സാധിക്കുന്ന ഇടത്തില്‍ ചെന്ന് കുളിക്കാവുന്നതാണ്. പള്ളിയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണെങ്കില്‍ അങ്ങനെ. വീട്ടില്‍ ചെന്നാണെങ്കില്‍ അങ്ങനെ. അതില്‍ കുഴപ്പമില്ല.

ചോദ്യം:  അര ജുസ്അ് പാരായണം ചെയ്ത് (രാത്രി നമസ്കാരം നിര്‍വഹിക്കുന്ന) തന്‍റെ പ്രദേശത്തെ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതാണോ, അതല്ല വിശുദ്ധഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്ത് തീര്‍ക്കുന്ന മറ്റു പള്ളികളിലേക്ക് ഇഅ്തികാഫിനായി പോകലാണോ ഇഅ്തികാഫ് ഇരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം നല്ലത്  ?.

ഉത്തരം: രണ്ടുമാവാം. (ഇബാദത്തെടുക്കാന്‍) അവന് ഏറ്റവും നല്ലതായിത്തോന്നുന്ന പള്ളിയേതാണോ അതേതും തിരഞ്ഞെടുക്കാം. നാട്ടില്‍ തനിക്ക് ഏറ്റവും നല്ലതായിത്തോന്നുന്ന പള്ളി അയാള്‍ തിരഞ്ഞെടുത്തുകൊള്ളട്ടെ.

എന്നാല്‍ ചില പള്ളികള്‍ക്ക് മറ്റു പള്ളികളേക്കാള്‍ കൂടുതല്‍ പ്രത്യേകതയോ, ശ്രേഷ്ടതയോ കല്‍പിച്ചുകൊണ്ട്‌ പോകാന്‍ പാടില്ല. അപ്രകാരം പ്രത്യേകമായി പോകാന്‍ പാടുള്ളത് മസ്ജിദുല്‍ ഹറാമിലേക്കും, മസ്ജിദുന്നബവിയിലേക്കും മസ്ജിദുല്‍ അഖ്സയിലേക്കും മാത്രമാണ്. ഒരാള്‍ തനിക്ക് ഇബാദത്ത് എടുക്കാന്‍ സൗകര്യപ്രദമായിത്തോന്നുന്ന ഏത് പള്ളിയിലും ഇഅ്തികാഫ്   ഇരുന്നുകൊള്ളട്ടെ എന്നാണ് ശൈഖ് ഉദ്ദേശിച്ചത്. എന്നാല്‍ ഖബറാരാധകരുടെ പള്ളികള്‍ ഇതിനു തിരഞ്ഞെടുക്കാന്‍ പാടില്ല. കാരണം അവരുടെ പിന്നില്‍ നിന്നുകൊണ്ടുള്ള നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. ശിയാ വിശ്വാസക്കാരുടെ കാര്യവും അപ്രകാരം തന്നെ.  കാരണം അവരും ഖബറാരാധന നടത്തുന്നവരാണ്. ശൈഖ് ഇബ്നു ബാസിനോദ് ശിയാക്കളുടെ പിന്നില്‍ നമസ്കരിക്കാമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന് അദ്ദേഹം വ്യക്തമായി മറുപടി നല്‍കുന്നത് കാണാം. അതുപോലെ അവര്‍ക്ക് സകാത്ത് നല്‍കുന്നതും നിഷിദ്ധമാണ്. നമസ്കരിക്കാത്ത ആളുകള്‍ക്കും, അതുപോലെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്കും സകാത്തില്‍ നിന്ന് നല്‍കിയാല്‍ വീടില്ല എന്ന് [ഫതാവ നൂറുന്‍ അലദ്ദര്‍ബില്‍ വ്യക്തമായി കാണാം. ലിജ്നതുദ്ദാഇമയുടെ വെബ്സൈറ്റില്‍ ആ ഫത്'വ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 


ചോദ്യം: മക്കയില്‍ ഇഅ്തികാഫ് ഇരിക്കുന്നതാണോ അതല്ല, മദീനയില്‍ ഇഅ്തികാഫ് ഇരിക്കുന്നതാണോ സുന്നത്തിനോട് കൂടുതല്‍ യോജിച്ചത്?. മൂന്നു പള്ളികളില്‍ മാത്രമേ ഇഅ്തികാഫ് അനുവദനീയമാകുകയുള്ളൂ എന്ന് വല്ല തെളിവും വന്നിട്ടുണ്ടോ ?.

ഉത്തരം: മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ ശ്രേഷ്ടത മസ്ജിദുല്‍ ഹറാമില്‍ ഇരിക്കുന്നതിനാണ്. എന്നാല്‍ മസ്ജിദുല്‍ ഹറാമില്‍ കഠിനമായ തിരക്കുണ്ടാവുകയും മസ്ജിദുന്നബവി കൂടുതല്‍ വിശാലവും തിരക്കൊഴിഞ്ഞതുമാണെങ്കില്‍ മസ്ജിദുന്നബവിയില്‍ ഇരിക്കുന്നത് തന്നെയാണ് സൗകര്യപ്രദം എന്ന നിലക്ക് നല്ലത് സംശയമില്ല. മൂന്ന്‍ പള്ളികളില്‍ മാത്രമേ ഇരിക്കാവൂ എന്ന നിലക്ക് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടില്ല. മറിച്ച് ഏത് പള്ളിയിലും ഇഅ്തികാഫ് ഇരിക്കാം എന്നതിനാണ് തെളിവുള്ളത്.അല്ലാഹു പറയുന്നു:
وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ
"നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ " -[അല്‍ബഖറ:187].

"മൂന്ന്‍ പള്ളികളില്ലാതെ ഇ
അ്തികാഫിരിക്കരുത്" ഒരു ഹദീസ് വന്നതായി ഞാന്‍ ഓര്‍ക്കുന്നു. ആ ഹദീസ് ആ പള്ളികളിലേ ഇരിക്കാവൂ എന്ന അര്‍ത്ഥത്തിലല്ല അവയില്‍ ഇരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠകരം എന്നത് സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്. അഥവാ ശ്രേഷ്ഠത സൂചിപ്പിക്കാനുള്ള പ്രയോഗമാണ് പരിമിതപ്പെടുത്താനുള്ള പ്രയോഗമല്ല.  

ഇവിടെ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല സൂചിപ്പിച്ച "മൂന്ന്‍ പള്ളികളിലല്ലാതെ ഇഅ്തികാഫ് ഇല്ല." എന്ന ഹദീസ് ദുര്‍ബലമാണ് എന്ന് ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) ശറഹുല്‍ മുംതിഇല്‍ സൂചിപ്പിക്കുന്നത് കാണാം. ഇനി സ്വഹീഹ് ആണ് എങ്കില്‍പോലും മസ്ജിദുല്‍ ഹറാമിലും, മസ്ജിദുന്നബവിയിലും, മസ്ജിദുല്‍ അഖ്സയിലും ഉള്ള ഇഅ്തികാഫിന് മറ്റൊരു പള്ളിയിലുമുള്ള ഇഅ്തികാഫ് സമാനമാകുകയില്ല എന്നേ അത് അര്‍ത്ഥമാക്കുന്നുള്ളൂ. ഇതാണ് ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല) സൂചിപ്പിച്ചത്.



ചോദ്യം: മൂന്ന്‍ പള്ളികളില്‍ മാത്രമേ ഇഅ്തികാഫ് ഇരിക്കാവൂ എന്നതിനുള്ള തെളിവ് എന്താണ് ?. 

ഉത്തരം: മൂന്ന്‍ പള്ളികളിലേ ഇഅ്തികാഫ് ഇരിക്കാവൂ എന്ന് നാം പറഞ്ഞിട്ടില്ല. മറിച്ച് എല്ലാ പള്ളികളിലും ഇഅ്തികാഫ് ഇരിക്കാം എന്നാണു നാം പറഞ്ഞത്. കാരണം അല്ലാഹു പറയുന്നു:

وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ

"നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ " -[അല്‍ബഖറ:187].
മൂന്ന്‍ പള്ളികളില്‍ മാത്രമേ പറ്റൂ എന്ന് പറയുന്നവര്‍ ഉണ്ടെങ്കില്‍ അവരോട് അതിനുള്ള തെളിവ് നീ ആവശ്യപ്പെടുക. അപ്രകാരം പറയുന്നവരോടാണ് നീ തെളിവ് ആവശ്യപ്പെടേണ്ടത്. 


ചോദ്യം: പള്ളിയിലുള്ള ഒരു മുറിയില്‍ ഇഅ്തികാഫ് ഇരുന്നാല്‍ അത് ഇഅ്തികാഫായി പരിഗണിക്കപ്പെടുമോ ?. 

ഉത്തരം: അതിന്‍റെ വാതില്‍ പള്ളിയില്‍ നിന്ന് തന്നെ പ്രവേശിക്കാന്‍ പറ്റിയ രൂപത്തിലുള്ളതാണെങ്കില്‍ അത് പള്ളിയില്‍ പെട്ടത് തന്നെയാണ്. പള്ളിയില്‍ നിന്ന് പ്രവേശിക്കാന്‍ പറ്റിയ രൂപത്തില്‍ ആണ് അതിന്‍റെ പ്രവേശനം എങ്കില്‍ മാത്രം. എന്നാല്‍ അതിന്‍റെ പ്രവേശന കവാടം പള്ളിക്ക് പുറത്താണെങ്കില്‍ അത് പള്ളിയുടെ കോമ്പൌണ്ടില്‍ ആണെങ്കില്‍ പോലും അത് പള്ളിയില്‍പ്പെട്ടതായി പരിഗണിക്കില്ല.

 ചോദ്യം: ഞാന്‍ റിയാദിന് പുറത്ത് ജോലി ചെയ്യുന്ന ഒരു യുവാവാണ്. റമളാനിലെ അവസാനത്തെ പത്തിലല്ലാതെ എനിക്ക് ഒഴിവില്ല. ഞാന്‍ ഇഅ്തികാഫിനാണോ, അതല്ല ആ ഒഴിവു ദിവസങ്ങള്‍ മാതാപിതാക്കളോടൊപ്പം കഴിച്ചുകൂട്ടുന്നതിനാണോ മുന്‍ഗണന നല്‍കേണ്ടത് ?. അവരാകട്ടെ വളരെ മനപ്രയാസത്തോടെ മാത്രമാണ് എന്നെ ഇഅ്തികാഫിന് സമ്മതിച്ചത്. 

ഉത്തരം : മാതാപിതാക്കളോടൊപ്പം ഇരിക്കലും, അവര്‍ക്ക് ഖിദ്മത്തെടുക്കലും, അവരെ സന്തോഷിപ്പിക്കലുമാണ് നിനക്ക് ഇഅ്തികാഫിനേക്കാള്‍ നല്ലത്. അവരെ ബോധ്യപ്പെടുത്തി പൂര്‍ണമനസ്സോടെ അവര്‍ നിന്നെ അനുവദിക്കുകയാണെങ്കില്‍ കുഴപ്പമില്ല. 


ചോദ്യം: ഇഅ്തികാഫിരിക്കുമ്പോള്‍ ചെയ്യേണ്ട ഏറ്റവും പുണ്യകരമായ കര്‍മ്മമേതാണ് ?.

ഉത്തരം: വിശുദ്ധ ഖുര്‍ആന്‍ പാരായണം, സുന്നത്ത് നമസ്കാരങ്ങള്‍, ദിക്ര്‍ ചൊല്ലല്‍ തുടങ്ങി ഇബാദത്തുകളെല്ലാം തുല്യമാണ്. (ഇന്ന ഇബാദത്തിന് ഇഅ്തികാഫില്‍ പ്രത്യേകം ശ്രേഷ്ടതയുണ്ട് എന്ന് വന്നിട്ടില്ല എന്നര്‍ത്ഥം). ഇഅ്തികാഫ് ഇരിക്കുന്ന ആള്‍ വ്യത്യസ്ഥ ഇബാദത്തുകള്‍ എടുക്കുന്നതാണ് നല്ലത്. ഇടക്കൊക്കെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക. വിലക്കപ്പെട്ട സമയമല്ലെങ്കില്‍ ഇടക്കൊക്കെ നമസ്കാരത്തില്‍ മുഴുകുക. ഇടക്കൊക്കെ തസ്ബീഹും തഹ്ലീലും ചൊല്ലുക  ഇങ്ങനെ വ്യത്യസ്ഥമായി നിര്‍വഹിക്കുകയാണ്‌ എങ്കില്‍ അതാണ്‌ഏറ്റവുംനല്ലത്. 

ചോദ്യം : ഇഅ്തികാഫിനെ നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍ ഏവ ?
ഉത്തരം: ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍. ഭാര്യാഭര്‍തൃ-ലൈഗിക ബന്ധം ഇഅ്തികാഫിനെ നിഷ്ഫലമാക്കും. കാരണം അല്ലാഹു പറയുന്നു: 
وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللّهِ فَلاَ تَقْرَبُوهَا
"എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്‍റെ  അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌." - [അല്‍ബഖറ:187].

അ്തികാഫിനെ ദുര്‍ബലമാക്കുന്ന അതിനേക്കാള്‍ കഠിനമായ കാര്യമാണ് രിദ്ദത്ത് അഥവാ അവിശ്വാസിയായി മാറല്‍. അത് ഇഅ്തികാഫിനെ മാത്രമല്ല സകല കര്‍മ്മങ്ങളെയും നിഷ്ഫലമാക്കും.

ചോദ്യം: ഇഅ്തികാഫിലായിരിക്കെ സ്ത്രീകള്‍ക്ക് ഹൈള് ഉണ്ടായാല്‍ അവര്‍ പള്ളിയില്‍ നിന്നും പുറത്ത് പോകേണ്ടതുണ്ടോ ?.

ഉത്തരം: അതെ അവര്‍ പുറത്ത് പോകണം. ഹൈള് കാരിയായിരിക്കെ ഒരു സ്ത്രീ പള്ളിയില്‍ കഴിച്ചുകൂട്ടരുത്. അതുപോലെത്തന്നെ വലിയ അശുദ്ധിയുള്ള പുരുഷന്മാരും കുളിക്കുന്നത് വരെ പള്ളിയില്‍ ഇരിക്കരുത്. അല്ലാഹു പറയുന്നു: 
ولا جنبا إلا عابري سبيل حتي تغتسلو
"ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത്‌ വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന്‌ പോകുന്നവരായിക്കൊണ്ടല്ലാതെ." - [നിസാഅ്:43].

അഥവാ വലിയ അശുദ്ധിയുള്ളവര്‍ പള്ളിയില്‍ ഇരിക്കരുത് എന്നര്‍ത്ഥം.



ചോദ്യം: ഒരാളുടെ ഇഅ്തികാഫിന്റെ ശ്രേഷ്ടത നഷ്ടപ്പെടുത്തുന്ന കാര്യമെന്ത്? അപ്രകാരം സംഭവിച്ചാല്‍ ആ ഇഅ്തികാഫ് വീട്ടുക എന്നുള്ളത് നിര്‍ബന്ധമാണോ അതല്ല പുണ്യകരം മാത്രമാണോ ?.

ഉത്തരം: അത് നേര്‍ച്ചയാണ് എങ്കില്‍ നഷ്ടപ്പെട്ടാല്‍ അത് വീട്ടണം. എന്നാല്‍ നേര്‍ച്ചയല്ലെങ്കില്‍ വീട്ടല്‍ നിര്‍ബന്ധമല്ല. നിര്‍ബന്ധമല്ലെങ്കിലും ഒരു സല്‍കര്‍മം എന്ന നിലക്ക് വീട്ടിയാല്‍ അത് നല്ലത് തന്നെ.

അ്തികാഫിനെ ബാത്വിലാക്കുന്ന കാര്യം നേരത്തെ വിശദീകരിച്ചതാണ്. ഭാര്യയുമായുള്ള ലൈംഗിക ബന്ധം, അതല്ലെങ്കില്‍ അവിശ്വാസം, തുടങ്ങിയവ ഇഅ്തികാഫ് ബാത്വിലാക്കും. അതുപോലെ അകാരണമായി പള്ളിയില്‍ നിന്നും പുറത്ത് പോകുക എന്നുള്ളത് അതിന്‍റെ പ്രതിഫലത്തെ സാരമായി ബാധിക്കും. ഇഅ്തികാഫിരിക്കുന്നതിന് മുന്‍പ് മുന്‍കൂട്ടി തീരുമാനിച്ച നിബന്ധനപ്രകാരം പുറത്ത്പോകുകയാണെങ്കില്‍ അതില്‍ തെറ്റില്ല. 

ചോദ്യം: റമളാനില്‍ ഇഅ്തികാഫ് ഇരിക്കുന്ന ഒരാള്‍ക്ക് പലപ്പോഴും ഭക്ഷണപാനീയങ്ങള്‍ വാങ്ങിക്കേണ്ടതായി വരും. അപ്പോള്‍ പള്ളിയില്‍ വെച്ച് ഹോട്ടലുകള്‍ക്ക് കാള്‍ ചെയ്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യും. ഇത് പള്ളിയില്‍ വെച്ച് വിലക്കപ്പെട്ട കച്ചവടത്തില്‍ പെടുമോ ?.

ഉത്തരം: ഫോണ്‍ ചെയ്ത് എനിക്ക് പത്ത് റിയാലിന്. ഇരുപത് റിയാലിന് എന്നിങ്ങനെ വിലപേശിക്കൊണ്ട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയാണ് എങ്കില്‍ അത് (പള്ളിയുടെ ഉള്ളില്‍ വെച്ച് വിലക്കപ്പെട്ട) കച്ചവടമാണ്. എന്നാല്‍ തനിക്കാവശ്യമായ ഭക്ഷണം എത്തിക്കാന്‍ ആവശ്യപ്പെടുകയും, പിന്നെ അതിന്‍റെ പണം എത്രയാണെന്നു വച്ചാല്‍ അത് നല്‍കുകയും വിലപേശാതിരിക്കുകയും ചെയ്യുകയാണ് എങ്കില്‍ കുഴപ്പമില്ല. അത് ഒരാളുടെ ആവശ്യത്തില്‍ പെട്ടതാണ്.


പള്ളിയില്‍ വെച്ച് കച്ചവടം പാടില്ല. അതുകൊണ്ടാണ് ഈ ചോദ്യം ഉന്നയിക്കപ്പെടാന്‍ കാരണം. അതിനാല്‍ത്തന്നെ പള്ളിയില്‍ വച്ച് കച്ചവടസംബന്ധമായ കോളുകള്‍ ഒഴിവാക്കേണ്ടതുണ്ട് എന്നത് പൊതുവേ ഇവിടെ ശ്രദ്ധിക്കണം. ഇനി ഇഅതികാഫിന്‍റെ സമയത്തുതന്നെ അത്തരം കച്ചവടസംബന്ധമായ കോള്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ പള്ളിക്ക് പുറത്തുവെച്ച് ചെയ്യുക. എന്നാല്‍ ഒരാള്‍ വിലപേശുകയോ, ഇന്നതിന് എത്ര, അതാകുമ്പോള്‍ എത്ര എന്നിങ്ങനെ വിലകള്‍ അന്വേഷിക്കുകയോ ഒന്നും ചെയ്യാത്ത രൂപത്തില്‍ ഭക്ഷണം എത്തിക്കാന്‍ വേണ്ടി ഒരാളോട് ആവശ്യപ്പെടുകയും അതിന്‍റെ പണം നല്‍കുകയും ചെയ്‌താല്‍ അതില്‍ തെറ്റില്ല. 

 -------------------------------------------------------------------------

അല്ലാഹു അനുഗ്രഹിക്കട്ടെ.....