Wednesday, July 8, 2015

ഇഅതികാഫ് - പത്ത് ദിവസം ഇരിക്കാന്‍ ഉദ്ദേശിച്ച് അഞ്ചു ദിവസം കൊണ്ട് നിര്‍ത്തിയാല്‍.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും മറുപടിയും:

ചോദ്യം: ഞാന്‍ പത്ത് ദിവസം ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിച്ചു. അഞ്ച് ദിവസം ഇരുന്ന ശേഷം പിന്നെ നിര്‍ത്തി വീട്ടില്‍ പോകാന്‍ ഉദ്ദേശിച്ചാല്‍ അതില്‍ തെറ്റുണ്ടോ ?. 


ഉത്തരം: ഇഅതികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയതല്ലെങ്കില്‍ അതില്‍ തെറ്റില്ല. നിര്‍ബന്ധമല്ലാത്ത (നേര്‍ച്ചയല്ലാത്ത) ഇഅതികാഫ് പൂര്‍ത്തിയാക്കുകയോ പൂര്‍ത്തിയാക്കാതിരിക്കുകയോ ചെയ്യാം. പൂര്‍ത്തിയാക്കുന്നതാണ് ഉത്തമം. എന്നാല്‍ നേര്‍ച്ചയാക്കിയ ഇഅതികാഫ് ആണെങ്കില്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്‌. - [http://www.alfawzan.af.org.sa/node/14926].
--------------------------
ഇനി നേര്‍ച്ച നേര്‍ന്ന ഇഅതികാഫ് വല്ല കാരണത്താലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍. അതല്ലെങ്കില്‍ ഇഅതികാഫിനെ ബാത്വിലാക്കുന്ന ഭാര്യാ ഭര്‍തൃ സംയോഗം കൊണ്ട് ബാത്വിലായാല്‍ അത് വീട്ടാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഒപ്പം പ്രായശ്ചിത്തവും. ശൈഖിനോട് ചോദിക്കപ്പെട്ട മറ്റൊരു ചോദ്യത്തില്‍ അത് വ്യക്തമാണ്. 

ചോദ്യം: ഞാന്‍ റമളാനില്‍ മസ്ജിദുല്‍ ഹറാമില്‍ മൂന്നു ദിവസം ഇഅതികാഫ് ഇരിക്കുമെന്ന് നേര്‍ച്ച നേര്‍ന്നാല്‍, അതിന് സാധിച്ചില്ലെങ്കില്‍ റമളാനിന് ശേഷം അതെനിക്ക് ചെയ്ത് വീട്ടുവാന്‍ പറ്റുമോ ?. 

ഉത്തരം:  അതെ റമളാനിന് ശേഷം അതനുഷ്ടിച്ച് വീട്ടാം. ഒപ്പം സത്യം നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തം ചെയ്യണം. പ്രായശ്ചിത്തം ചെയ്യുന്നതോടൊപ്പം സമയം കടന്നുപോയ ആ ഇഅതികാഫ്  നിര്‍വഹിച്ച് വീട്ടുകയും വേണം. - [http://www.alfawzan.af.org.sa/node/14926].
------------------------


നേര്‍ച്ച നേര്‍ന്ന ഇഅതികാഫ് നിറവേറ്റാന്‍ സാധിക്കാതെ വന്നാലും, ഇഅതികാഫിനെ നിഷ്ഫലമാക്കുന്ന ഭാര്യയുമായുള്ള ലൈംഗിക ബന്ധം കൊണ്ട് ബാത്വിലായാലും  അത് വീട്ടുന്നതോടൊപ്പം സത്യം നിറവേറ്റാന്‍ സാധിക്കാത്തതിന്‍റെ പ്രായശ്ചിത്തവും ചെയ്യണം. എന്നാല്‍ നിര്‍ബന്ധമല്ലാത്ത അഥവാ നേര്‍ച്ചയാക്കിയിട്ടില്ലാത്ത പുണ്യകരമായ ഇഅ്തികാഫ് വല്ല കാരണത്താലും ബാത്വിലായാല്‍ വേണമെങ്കില്‍ വീട്ടാം. വീട്ടല്‍ നിര്‍ബന്ധമല്ല. അതുപോലെ പ്രായശ്ചിത്തവും ബാധകമല്ല.

ശപഥം ചെയ്തത് നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തമാണ്, അല്ലാഹു പറയുന്നു:
لا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَنْ لَمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَاحْفَظُوا أَيْمَانَكُمْ كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ ) المائدة / 89 . 
"ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോള്‍ അതിന്‍റെ ( അത്‌ ലംഘിക്കുന്നതിന്‍റെ ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക്‌ നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന്‌ പത്തു സാധുക്കള്‍ക്ക്‌ ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക്‌ വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും ( അതൊന്നും ) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ്‌ വേണ്ടത്‌. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച്‌ കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി". - [മാഇദ:89]. ഇതില്‍ പരാമര്‍ശിക്കപ്പെട്ട പത്ത് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുകയോ, അതല്ലെങ്കില്‍ വസ്ത്രം നല്‍കുകയോ, അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ഈ പറഞ്ഞ മൂന്നിനും സാധിച്ചില്ലെങ്കില്‍ മാത്രം മൂന്ന്‍ ദിവസം നോമ്പ് നോല്‍ക്കുകയോ ചെയ്‌താല്‍ മതി. ഇതാണ് ശപഥം നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തം.

അല്ലാഹു അനുഗ്രഹിക്കട്ടെ ...