Wednesday, July 29, 2015

ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം. - ഇബ്നു ഉസൈമീന്‍ റഹിമഹുല്ല.


ചോദ്യം: ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിക്കുന്നതിന്‍റെ വിധി എന്താണ്. പ്രത്യേകിച്ചും മയ്യിത്തിന്‍റെ നാട്ടില്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ?.

ഉത്തരം: "ഗാഇബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം സുന്നത്തല്ല. ഏറ്റവും ശരിയായ അഭിപ്രായം മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്ക് വേണ്ടിയല്ലാതെ (ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം) നിര്‍വക്കാന്‍ പാടില്ല. ഉദാഹരണത്തിന് ഒരാള്‍ കടലില്‍ വച്ച് മരണപ്പെട്ടു. കടലില്‍ മുണ്ടിപ്പോയി. അദ്ദേഹത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. എങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കും. എന്നാല്‍ എവിടെയെങ്കിലും മയ്യിത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കില്ല. കാരണം നബി (സ) ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചിട്ടില്ല. തനിക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്കായല്ലാതെ. അദ്ദേഹമാണ് നജാശി (റ). (ഏത് സന്ദര്‍ഭത്തിലും) ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കരിക്കുന്നത് അനുവദനീയമായിരുന്നുവെങ്കില്‍ അത് ആദ്യം ഈ ഉമ്മത്തിന് അനുഷ്ടിച്ച് കാണിച്ചു തരുമായിരുന്നത് നബി (സ) യായിരുന്നു.  അതുപോലെത്തന്നെ സ്വഹാബത്തില്‍ നിന്നും (നജാശിയുടേതൊഴികെ) അവര്‍ ഏതെങ്കിലും ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിച്ചതായി വന്നിട്ടില്ല. ഉമറാക്കാളോ, ഖുലാഫാക്കളോ ഒക്കെ മരണപ്പെട്ടപ്പോഴും അവര്‍ക്ക് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കപ്പെട്ടില്ല. നമ്മള്‍ സൂചിപ്പിച്ച ഈ അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയുടെ അഭിപ്രായം. ശരിയായ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഈ വിഷയത്തില്‍ അദ്ദേഹം തൗഫീഖ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണപ്പെട്ട ഒരാള്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ ഭരണാധികാരി കല്പിച്ചാല്‍ അത് നിര്‍വഹിക്കല്‍ പുണ്യകരമായ കാര്യമാണ്. അഥവാ ഭരണാധികാരി ചെയ്യാന്‍ കല്പിച്ചാല്‍ അത് പുണ്യകരമായ കാര്യമായി മാറുന്നു. കാരണം നമ്മള്‍ അനുസരിക്കുവാന്‍ വേണ്ടി കല്പിക്കപ്പെട്ട ഭരണാധികാരിയോടുള്ള അനുസരണയില്‍ പെട്ടതാണത്.  അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക." -[നിസാഅ്:59]. ശൈഖ് അബ്ദുല്‍ അസീസ്‌ ഇബ്നു ബാസിന് വേണ്ടി നമസ്കരിക്കാനായി ഭരണാധികാരി കല്പിച്ചപ്പോള്‍ ചില ആളുകള്‍ അത് ചെയ്യാതെ വിട്ടുനിന്നതായി നമുക്കറിയാന്‍ സാധിച്ചു. അവര്‍ക്ക് തെറ്റുപറ്റി. അതവരുടെ വിവരക്കേട് കൊണ്ടാണ്. കാരണം ഭരണാധികാരിയുടെ കല്പനപ്രകാരം നമ്മള്‍ ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചത്  അല്ലാഹുവിനുള്ള അനുസരണയെന്നോണമാണ്.   "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക." -[നിസാഅ്:59].എന്ന് അല്ലാഹു പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍. ഇനി അത് ബിദ്അത്താണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഭരണാധികാരി ഒരു ബിദ്അത്ത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് അനുസരിക്കേണ്ടതുണ്ടോ എന്നാണ് അവര്‍ പറയുന്നതെങ്കില്‍, നമുക്ക് പറയാനുള്ളത്: അല്ല അത് ബിദ്അത്തല്ല എന്നാണ്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയമാണ്. ഫിഖ്ഹിയായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന കാര്യങ്ങനെ ബിദ്അത്ത് എന്ന് വിശേഷിപ്പിക്കാന്‍ പാടില്ല. അത്തരം കാര്യങ്ങളെ ബിദ്അത്ത് എന്ന് വിളിച്ചാല്‍ എല്ലാ ഫുഖഹാക്കളും മുബ്തദിഉകളായിത്തീരും. ഓരോരുത്തരും തന്‍റെ അഭിപ്രായത്തിനോട് യോജിക്കാത്തവരോട് നീ ബിദ്അത്തുകാരനാണ് എന്ന് പറയേണ്ടി വരും. അപ്രകാരം പണ്ഡിതന്മാരില്‍ ഒരാളും തന്നെ പറഞ്ഞതായി കാണാന്‍ സാധിക്കില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നു: അത് ബിദ്അത്താണ് എന്ന് വാദിച്ച സഹോദരങ്ങളുടെ ഇജ്തിഹാദ് അസ്ഥാനത്താണ്. ഏതായാലും ശരിയായ അഭിപ്രായം:  ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം സുന്നത്തല്ല. പക്ഷെ ഭരണാധികാരി അത് ചെയ്യാന്‍ വേണ്ടി കല്പിച്ചാല്‍ പുണ്യകരമാണ്. അത് അല്ലാഹുവിനോടുള്ള അനുസരണയില്‍ പെട്ടതാണ്. കാരണം അല്ലാഹു (ഭരണാധികാരികളെ അനുസരിക്കാന്‍) കല്പിച്ചിട്ടുണ്ട് " -

[ഈ ചോദ്യോത്തരം ശ്രവിക്കാന്‍ ബ്ലോഗില്‍ നല്‍കിയ വീഡിയോ വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ഈ ലിങ്കില്‍ പോകാവുന്നതാണ് : https://www.youtube.com/watch?v=iFUHwmKMVOk ]. 

ഗാഇബിനുള്ള മയ്യിത്ത് നമസ്കാരവുമായി ബന്ധപ്പെട്ട് കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലേഖനം വായിക്കുക : ഗാഇബിന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം. അഥവാ മയ്യിത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ മയ്യിത്തിന് വേണ്ടി നമസ്കരിക്കല്‍. - ഒരു കര്‍മ്മശാസ്ത്ര വിശകലനം.

അല്ലാഹു അനുഗ്രഹിക്കട്ടെ...