www.fiqhussunna.com
ഉത്തരം : ഉപയോഗിക്കുന്ന ഡയമണ്ടിന് സകാത്ത് ബാധകമല്ല. എന്നാല്‍ വില്പന ഉദ്ദേശിക്കുന്ന ഡയമണ്ട് ആണെങ്കില്‍ ആണെങ്കില്‍ അതിന്‍റെ മാര്‍ക്കറ്റ് വിലയുടെ (അഥവാ സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ അതിന്‍റെ വിലയുടെ) രണ്ടര ശതമാനം സകാത്തായി നല്‍കണം. തന്‍റെ കൈവശമുള്ള കറന്‍സിയുടെ മൂല്യം നഷ്ടപ്പെടും എന്ന് ഭയന്നുകൊണ്ട് അതിനു പകരമായി വാങ്ങിവെക്കുന്ന ഡയമണ്ടുകള്‍ക്ക് സകാത്ത് ബാധകമാണ്. കാരണം തനിക്ക് എപ്പൊഴാണോ പണത്തിന് ആവശ്യം വരുന്നത് അപ്പോള്‍ വില്‍ക്കാം എന്നാണല്ലോ അതുകൊണ്ടയാള്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ അത് വില്‍പന വസ്തുവാണ്. സകാത്ത് കണക്കു കൂട്ടുന്ന സമയത്തെ (ഹൗല്‍ തികയുന്ന സമയത്തെ) മാര്‍ക്കറ്റ് വിലയുടെ രണ്ടരശതമാനമാണ് വില്പന വസ്തുവിന്‍റെ സകാത്ത്. വാങ്ങിച്ച വിലയല്ല കണക്കു കൂട്ടേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
(കച്ചവട വസ്തുക്കളുടെ സകാത്ത്.)
ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യോടുള്ള ചോദ്യവും അദ്ദേഹം നല്‍കിയ മറുപടിയും:
ചോദ്യം: പൂര്‍ണമായും സ്വര്‍ണ്ണം കൊണ്ട് മാത്രം പണികഴിപ്പിക്കപ്പെടാത്ത, വിലപിടിപ്പുള്ള കല്ലുകളും വജ്രങ്ങളും പതിച്ച ആഭരണങ്ങളുടെ സകാത്ത് എപ്രകാരമാണ് ?. കല്ലുകളുടെ തൂക്കവും സ്വര്‍ണ്ണത്തോടൊപ്പം കൂട്ടുമോ ?. പലപ്പോഴും അവയെ സ്വര്‍ണ്ണത്തില്‍ നിന്നും വേര്‍തിരിച്ച് കൂട്ടുക എന്നത് പ്രയാസകരമാണ്.
ഉത്തരം: സ്വര്‍ണ്ണത്തിനാണ് സകാത്തുള്ളത്. കച്ചവടത്തിനുവേണ്ടി ഉള്ളവയല്ലെങ്കില്‍ വജ്രത്തിനും വിലപിടിപ്പുള്ള കല്ലുകള്‍ക്കും സകാത്ത് ബാധകമല്ല. മാലകളിലും മറ്റും ഈ രൂപത്തില്‍ സകാത്ത് ബാധകമാകുന്നവയും ബാധകമാകാത്തവയും ഉണ്ടെങ്കില്‍, അതുമായി ബന്ധപ്പെട്ട് അറിവുള്ള ആളുകളെ സമീപിച്ച് എത്രയാണ് അതിലടങ്ങിയ സ്വര്‍ണ്ണം എന്ന് (സൂക്ഷമതയോടെ ഏകദേശം) കണക്കാക്കണം. അത് നിസ്വാബ് എത്തുന്നുണ്ടെങ്കില്‍ (ഹൗല്‍ തികയുമ്പോള്‍) സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. ഇരുപത് മിസ്ഖാല്‍ ആണ് അതിന്‍റെ നിസ്വാബ്. സൗദി ജിനൈഹില്‍ പതിനൊന്ന് ജിനൈഹും ഒരു ജിനൈഹിന്‍റെ എഴില്‍ മൂന്നുമാണ് അതിന്‍റെ കണക്ക്. ഗ്രാമില്‍ 92 ഗ്രാം തൂക്കം വരും. (യഥാര്‍ത്ഥത്തില്‍ ശരിയായ തൂക്കം 85 ഗ്രാം ആണ്. ഗോതമ്പ് മണി വച്ചുകൊണ്ട് തൂക്കുമ്പോള്‍ ഗ്രാമില്‍ വരുന്ന തൂക്കമാണ് അഭിപ്രായ ഭിന്നതക്ക് കാരണം. എന്നാല്‍ അക്കാലത്തെ സ്വര്‍ണ്ണനാണയം തന്നെ ലഭിച്ചതുകൊണ്ട് തൂക്കം 85 ഗ്രാം ആണ് എന്നത് സുവ്യക്തമാണ് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക: സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് !. ). നിസ്വാബ് കൈവശം ഉണ്ടെങ്കില്‍ ഓരോ വര്‍ഷവും സകാത്ത് നല്‍കണം. രണ്ടര ശതമാനമാണ് അതില്‍ നിന്നും സകാത്തായി നല്‍കേണ്ടത്. അഥവാ ആയിരത്തിന് ഇരുപത്തഅഞ്ച് എന്ന തോതില്‍. ഉപയോഗിക്കുന്നതും മറ്റുള്ളവര്‍ക്ക് ഇടാന്‍ കൊടുക്കുന്നതും ഒക്കെയായ സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളില്‍ (നിസ്വാബ് എത്തുന്നുവെങ്കില്‍ ഓരോ വര്‍ഷവും) രണ്ടര ശതമാനം നല്‍കണം എന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ ഏറ്റവും ശരിയായ അഭിപ്രായം. എന്നാല്‍ വില്പന ഉദ്ദേശിക്കുന്ന ആഭരണമാണ് എങ്കില്‍ മറ്റു കച്ചവട വസ്തുക്കളെപ്പോലെത്തന്നെ കല്ലും സ്വര്‍ണ്ണവും അടക്കം മൊത്തം ആഭരണത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. ഇതാണ് പൂരിപക്ഷാഭിപ്രായം. ഇതില്‍ ഇജ്മാഅ് ഉണ്ട് എന്നും ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. - [ ഈ ഫത്വയുടെ അറബി ലഭിക്കാന്‍: http://www.binbaz.org.sa/node/1422 ].
അല്ലാഹു അനുഗ്രഹിക്കട്ടെ ..
_________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ
_________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ