Sunday, July 26, 2015

ചരക്ക്, വാഹനം, ഷോപ്പ് തുടങ്ങിയവക്ക് ഇന്‍ഷുറന്‍സ് അനുവദനീയമോ ? - ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിധി നമ്മള്‍ നേരത്തെ വിശദീകരിച്ചതാണ്: (ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?. ). അതുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ലയോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ്‌ താഴെ കൊടുക്കുന്നത്:

ചോദ്യം: ശൈഖ് ഞങ്ങള്‍ക്ക് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പണം ഈടാക്കി സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ട്രെയിലറുകളുണ്ട്. അതില്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കളാകട്ടെ വളരെ വിലപ്പെട്ടവയാണ്. ചിലപ്പോള്‍ അല്ലാഹുവിന്‍റെ വിധിപ്രകാരം വല്ല അപകടവും സംഭവിച്ചാല്‍ ഭാഗികമായോ  പൂര്‍ണമായോ കൊണ്ടുപോകുന്ന വസ്തുക്കള്‍ക്കും വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കാറുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ വസ്തുക്കളുടെ ഉടമകള്‍ക്ക് കേടുപാടുകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കേണ്ടതോടൊപ്പം ഞങ്ങളുടെ വാഹനങ്ങളും ഞങ്ങള്‍ സ്വയം നന്നാക്കണം. അതുകൊണ്ടുതന്നെ ചരക്കിനും അതുപോലെ വാഹനത്തിനും ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന്‍റെ വിധി എന്ത് ?. എന്നതാണ് ഞങ്ങളുടെ ചോദ്യം. അതുപോലെ ചരക്കിന്‌ മാത്രമായോ , അതല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമായോ പോളിസി എടുക്കുന്നതിന്‍റെ വിധി എന്താണ് ?.

ഉത്തരം: "ഒന്നാമതായി സൂചിപ്പിക്കാനുള്ളത് ചരക്കുവണ്ടിക്ക് വല്ല അപകടവും സംഭവിച്ചാല്‍ ചരക്കുവണ്ടിയുടെ ഉടമയുടെ (ഡ്രൈവറുടെ) ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥ കൊണ്ടോ വീഴ്ച കൊണ്ടോ അല്ല അപകടം സംഭവിച്ചതെങ്കില്‍ അതിന് നഷ്ടപരിഹാരം നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനല്ല. അത്തരം ഒരു സാഹചര്യത്തില്‍ ചരക്ക് വഹിച്ചുകൊണ്ട് പോയ വണ്ടിയുടെ ഉടമസ്ഥനില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ ചരക്കിന്‍റെ ഉടമസ്ഥന് യാതൊരു അവകാശവുമില്ല. കാരണം സ്വതൃപ്തിയോടെ ചരക്കുടമയില്‍ നിന്നും ഒരു അമാനത്ത് എന്ന നിലക്കാണ് അയാള്‍ ആ ചരക്ക് ഏറ്റെടുത്തതിട്ടുള്ളത്‌. ഒരു അമാനത്തായി നിശ്ചിത സ്ഥലത്ത് എത്തിക്കണമെന്ന് വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടതായതുകൊണ്ട് തന്നെ ചരക്ക് കൊണ്ടുപോകുന്ന വാഹനത്തിന്‍റെ ഉടമ അമീന്‍ (വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടവന്‍)  ആണ്. (അഥവാ ഫിഖ്ഹില്‍ ഒരാളുടെ വസ്തു മറ്റൊരാളുടെ കൈവശമുള്ള സാഹചര്യത്തെ രണ്ടായി തരം തിരിക്കാം. ഒന്ന് 'യദ്‌ ളമാന്‍' അഥവാ തന്‍റെ വീഴ്ച കൊണ്ടോ അല്ലാതെയോ വസ്തു നശിച്ചാലും തിരികെ കൊടുക്കേണ്ട സാഹചര്യം. അതുപോലെ 'യദ്‌ അമാന' അതായത് തന്‍റെ വീഴ്ച കൊണ്ട് നശിച്ചാല്‍ മാത്രം നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം. ഇതില്‍ രണ്ടാമത്തെ ഇനത്തിലാണ് ചരക്ക് കൊണ്ടുപോകുന്നവര്‍ പെടുക. അവരുടെ അനാസ്ഥയോ വീഴ്ചയോ കാരണം നശിച്ചു എന്ന് തെളിഞ്ഞാല്‍ മാത്രമേ അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ. കാരണം അവരുടെ കൈകാര്യ കര്‍തൃത്വം 'യദ്‌ അമാന' എന്ന ഗണത്തിലാണ് പെടുക. ശൈഖിന്‍റെ ഫത്'വ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം).  'അമീന്‍' ആയ അഥവാ  (വിശ്വസിച്ച് ഏല്‍പിക്കപ്പെട്ട) ഏതൊരാളുടെ കയ്യില്‍ നിന്നും അവരുടെ അനാസ്ഥയോ വീഴ്ചയോ കാരണത്താലല്ലാതെ ആ വസ്തുവിന് വല്ല കേടും പറ്റിയാല്‍ അതിന്‍റെ നഷ്ടപരിഹാരം നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനല്ല. അത്തരം ഒരു സാഹചര്യത്തില്‍ വസ്തുവിന്‍റെ ഉടമസ്ഥന് അയാളില്‍ നിന്നും  നഷ്ടപരിഹാരം ഈടാക്കാനും പാടില്ല. ഇനി ചരക്ക് കൊണ്ടുപോകുന്ന വണ്ടിക്കാരന്‍റെ പക്കല്‍ നിന്നും യാതൊരു വിധ അനാസ്ഥയോ വീഴ്ചയോ ഇല്ല എന്ന് മനസ്സിലാക്കിയിട്ടും കോടതിയും കേസും മുഖാന്തിരം അയാളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുകയാണയാള്‍ ചെയ്യുന്നതെങ്കില്‍, ജഡ്ജി അയാള്‍ക്കനുകൂലമായി വിധിച്ചാല്‍പോലും ആ പണം അയാള്‍ക്ക് നിഷിദ്ധമാണ്. അല്ലാഹുവിന്‍റെ റസൂല്‍ (സ) പറയുന്നു:

إنما أقضي بنحو ما أسمع، فمن اقتطعت له شيئا من حق أخيه فإنما أقتطع له جمرة من النار، فليستقل أو ليستكثر

"(നിങ്ങളുടെ വാദങ്ങള്‍) കേള്‍ക്കുന്നതിനനുസരിച്ചാണ് ഞാന്‍ വിധി പറയുന്നത്. അതുകൊണ്ടുതന്നെ തന്‍റെ സഹോദരന്‍റെ അവകാശം ആര്‍ക്കെങ്കിലും ഞാന്‍ പതിച്ചു നല്‍കിയാല്‍, നരകത്തിലെ തീക്കനലാണ് ഞാനവന് പതിച്ച് നല്‍കുന്നത്. അതുകൊണ്ട് അത് സമ്പാദിച്ച് കൂട്ടണോ വേണ്ടയോ എന്നവന്‍ സ്വയം തീരുമാനിച്ചുകൊള്ളട്ടെ." - [ബുഖാരി - മുസ്‌ലിം].

അമിത വേഗം, സുരക്ഷിതമായ രൂപത്തില്‍ കവര്‍ ചെയ്യാത്തതിനാല്‍ തുടങ്ങി അയാളുടെ അനാസ്ഥ കാരണത്താലോ വീഴ്ച കാരണത്താലോ ആണ് വസ്തുക്കള്‍ നശിച്ചതെങ്കില്‍ അതിന്‍റെ നഷ്ടപരിഹാരം നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. 

രണ്ടാമതായി ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍, അത് വാഹനത്തിനായാലും, ചരക്കിനായാലും, അതല്ലെങ്കില്‍ അവ രണ്ടിനും കൂടി ആയാലും , തേര്‍ഡ് പാര്‍ട്ടി ആയാലും എല്ലാം ഹറാം തന്നെയാണ്. അവ ചൂതാട്ടത്തില്‍ പെട്ടതാണ്. പരിശുദ്ധനും പ്രതാപവാനുമായ അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം." - [മാഇദ : 90]. 

പ്രതിഷ്ഠകളോടും, പ്രശ്നം വെച്ചു നോക്കളിനോടും മദ്യത്തിനോടുമൊപ്പമാണ് അല്ലാഹു ചൂതാട്ടത്തെ എണ്ണിയത്. ഇന്‍ഷുറന്‍സ് ആകട്ടെ ചൂതാട്ടമാണ്. സാധാരണ നിലക്കുള്ള കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് അനുവദനീയമാണെന്ന് സൗദി അറേബ്യയിലെ ഫത്'വാ ബോര്‍ഡ് ഫത്'വ നല്‍കിയതായി ചിലര്‍ കുപ്രചരണം നടത്തിയിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല)യുടെ നേതൃത്വത്തിലുള്ള പണ്ഡിതസഭ അത് ഫത്'വാ ബോര്‍ഡിന് മേല്‍ ചിലര്‍ പ്രചരിപ്പിച്ച കളവാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് അറിയിപ്പ് തന്നെ ഇറക്കിയിട്ടുണ്ട്. 'അത്തഅമീന്‍ അത്തആവുനിയ്' (സഹകരണ ഇന്‍ഷുറന്‍സ് പദ്ധതി) അഥവാ ഒരു കുടുംബത്തിനോ (സമൂഹത്തിനോ ഇടയില്‍) ഒരു സഹായ നിധി രൂപീകരിക്കുകയും അതില്‍ നിന്ന് അപകടം സംഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്ന തരത്തിലുള്ള  സഹകരണ ഇന്‍ഷുറന്‍സ് സംവിധാനം മാത്രമാണ് ഫത്'വാ ബോര്‍ഡ് അനുവദിച്ചിട്ടുള്ളത്‌. (അതില്‍ ചൂതാട്ടം ഇല്ലാതിരിക്കുവാനുള്ള കാരണം അപകടം സംഭവിച്ചില്ലെങ്കില്‍ നിക്ഷേപിച്ച  പണം മറ്റൊരു വ്യക്തിക്കോ കമ്പനിക്കോ ലഭിക്കുമെന്ന രീതിയിലല്ല അത് പ്രവര്‍ത്തിക്കുന്നത്. അതുപോലെ സഹായനിധിയിലുള്ള പണം തീര്‍ന്നാല്‍ പിന്നീട് അപകടം സംഭവിക്കുന്ന ആള്‍ക്ക് അതില്‍ അയാള്‍ പണം നിക്ഷേപിചിട്ടുണ്ടെങ്കില്‍ പോലും തിരികെ പണം ലഭിച്ചിരിക്കുമെന്ന ഉറപ്പും അവിടെ നല്‍കുന്നില്ല. പരസ്പരം മനസ്സറിഞ്ഞ് അപകട സാധ്യതയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു സഹകരണ സംവിധാനം മാത്രമാണത്.  അതിനെ സംബന്ധിച്ച് കൂടുതല്‍ പിന്നീട് വ്യക്തമാക്കാം). ലജ്നതുദ്ദാഇമ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനം അനുവദിച്ചുവെന്ന വാദം അവരുടെ മേല്‍ കേട്ടിവച്ച കളവും ആരോപണവുമാണ്. അതുകൊണ്ട് മുസ്‌ലിം സഹോദരങ്ങളോട് എനിക്ക് നല്‍കാനുള്ള ഉപദേശം: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നവരാവുക. അല്ലാഹുവിന്‍റെ അതിര്‍വരമ്പുകള്‍ നിങ്ങള്‍ ബേധിക്കരുത്. ധനം അവര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്, അതല്ലാതെ അവരെ ധനത്തിനുവേണ്ടി സൃഷ്ടിച്ചതല്ല എന്ന് ഓരോരുത്തരും മനസ്സിലാക്കട്ടെ. പണം അത് നിന്‍റെ കയ്യില്‍ നൈമിഷികമായി സൂക്ഷിക്കാന്‍ ഏല്‍പിച്ച ഒരു വസ്തു മാത്രമാണ്. ഒരുപക്ഷെ ജീവിത കാലത്ത് തന്നെ അത് കയ്യില്‍ നിന്നും അകന്നുപോയെന്നു വരാം. അതല്ലെങ്കില്‍ മരണശേഷം മറ്റുള്ളവര്‍ക്കായി വിട്ടേച്ച് പോകും. (അതിനാല്‍ത്തന്നെ സമ്പത്തിനോടുള്ള അത്ത്യാര്‍ത്തി അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ ബേധിക്കാനുള്ള കാരണമായി മാറരുത്). (ഇസ്‌ലാമികമായ ഇന്‍ഷുറന്‍സ് സംവിധാനം ഒഴിച്ച്) മറ്റെല്ലാ ഇന്‍ഷുറന്‍സ് പോളിസികളും അതിന്‍റെ വ്യത്യസ്ഥ വകബേധങ്ങളും നിഷിദ്ധമാണ്.

    എന്നാല്‍ ചില രാജ്യങ്ങളില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന സാഹചര്യമുള്ളതായി അറിയാന്‍ സാധിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെങ്കില്‍ വാഹന ലൈസന്‍സോ (കയറ്റുമതി ഇറക്കുമതി പോലുള്ള) മറ്റു ഇടപാടുകളോ അവര്‍ക്ക് അനുവദിക്കുകയില്ല. അത്തരം ഒരു സാഹചര്യത്തില്‍ ഒരാളെന്ത് ചെയ്യും ?. അതുസംബന്ധമായി നമുക്ക് പറയാനുള്ളത്: അതൊരു ളറൂറത്ത് (നിര്‍ബന്ധിത) സാഹചര്യമാണ്. അതുകൊണ്ട് തന്നെ (അവര്‍ നിര്‍ബന്ധിച്ചുകൊണ്ട് ആവശ്യപ്പെടുന്ന) ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രം എടുക്കുക. പക്ഷെ വല്ല അപകടവും സംഭവിച്ചാല്‍ നീ അടച്ച തുകയെക്കാള്‍ ക്ലൈം ചെയ്യരുത്. കാരണം അവര്‍ക്കും നിനക്കുമിടയിലുള്ള ഇന്‍ഷുറന്‍സ് കരാര്‍ ശറഇയ്യായി അനുവദിക്കപ്പെട്ട ഒരു കരാറല്ല. (നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമാണ് അത് എടുക്കേണ്ടി വന്നതുതന്നെ). അതുകൊണ്ട് ആ കരാര്‍ മുഖാന്തിരം ലഭിക്കുന്ന ആനുകൂല്യങ്ങളും നേട്ടങ്ങളും കൈപറ്റുവാന്‍ അനുവാദമില്ല. നീ എത്രയാണോ അവര്‍ക്ക് നല്‍കിയത് അതിലുപരി ഒന്നും തന്നെ ഈടാക്കല്‍ അനുവദനീയമല്ല."
- [സില്‍സിലതുല്ലിഖാഅ് അശഹ്'രി: 59].

ശൈഖിന്‍റെ ഈ ഫത്'വയില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമായ രൂപത്തില്‍ മനസ്സിലാക്കാന്‍ ആദ്യത്തില്‍ സൂചിപ്പിച്ച: (ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?. ). എന്ന ലേഖനം ഒന്ന്‍ വായിക്കുന്നത് നന്നായിരിക്കും. 

അല്ലാഹു അനുഗ്രഹിക്കട്ടെ....