Wednesday, July 8, 2015

ഇഅതികാഫിന് നിശ്ചിത കാലമുണ്ടോ ?. അത് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ ?.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യങ്ങളും മറുപടികളും: 

ചോദ്യം: ഇഅതികാഫ് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ അതല്ല, അറഫാ ദിനം പോലെയുള്ള ഏത് സമയത്തും ചെയ്യാമോ ?.


ഉത്തരം: ഏത് കാലത്തും ഇഅതികാഫ് അനുവദനീയമാണ്. റമളാനിലാണ് അത് കൂടുതല്‍ പുണ്യകരം എന്ന് മാത്രം. എന്നാല്‍ അറഫയെപ്പോലുള്ള പ്രത്യേകദിനങ്ങളില്‍ പ്രത്യേകത കല്‍പ്പിച്ചുകൊണ്ട് അതനുഷ്ടിക്കുന്നതിന് തെളിവില്ല. അറഫാ ദിനത്തില്‍ പ്രത്യേകം ഇഅതികാഫ് ഇരിക്കുക എന്നതിന് തെളിവില്ല. കാരണം സച്ചരിതരായ മുന്‍ഗാമികള്‍ അറഫാ ദിനത്തില്‍ പ്രത്യേകമായി ഇഅതികാഫ് ഇരുന്നിരുന്നില്ല. 

ചോദ്യം: ഇഅതികാഫിന് പ്രത്യേക സമയപരിധിയുണ്ടോ ?. 

ഉത്തരം: അതിനൊരു പ്രത്യേക സമയപരിധിയില്ല. കൂടിയ പരിധിയോ കുറഞ്ഞ പരിധിയോ ഒന്നുമില്ല. ഒരു രാത്രി മുഴുവനോ, ഒരു ദിവസം മുഴുവനോ, ഇനി കുറച്ച് മണിക്കൂറുകളോ ഇഅതികാഫിരിക്കാന്‍ ഒരാള്‍ നേര്‍ച്ച ചെയ്‌താല്‍ അതെല്ലാം പുണ്യകരം തന്നെ. ഏതായാലും ശറഅ് അതിനൊരു പ്രത്യേക സമയപരിധി നിര്‍ണ്ണ്ച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാധാരണ ഇഅതികാഫ് എന്ന് പറയാവുന്ന ഒരു സമയം ചിലവഴിച്ചാല്‍ തന്നെ ഇഅതികാഫ് ആകും.

ചോദ്യം : രാത്രി മുതല്‍ ഫജ്ര്‍ നമസ്കാരം വരെ ഒരാള്‍ക്ക് ഇഅതികാഫിന് നിയ്യത്ത് വെക്കാന്‍ പറ്റുമോ ?. മഗ്രിബിന് വീണ്ടും പള്ളിയിലെത്തി ഫജ്ര്‍ വരെ ഇഅതികാഫ് ഇരിക്കുന്നു എന്ന് വീണ്ടും തന്‍റെ നിയ്യത്ത് പുതുക്കുന്നു ഇതില്‍ തെറ്റുണ്ടോ ?.

ഉത്തരം: " രാത്രിയില്‍ മാത്രം ഇഅതികാഫ് ഇരിക്കാന്‍ ഒരാള്‍ക്ക് നേര്‍ച്ചയാക്കാം. പത്ത് രാത്രികളും എന്നോ, ഒരു രാത്രിയെന്നോ എപ്രകാരം വേണമെങ്കിലും ആവാം. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ ഹദീസ് ഇതിന് തെളിവാണ്. (അതില്‍ ഒരു രാത്രി അദ്ദേഹം നേര്‍ച്ചയാക്കി എന്ന് വന്നിട്ടുണ്ടല്ലോ). മഗ്രിബ് മുതലാണ്‌ രാത്രി ആരംഭിക്കുന്നത്. ഫജ്റോടു  കൂടി അവസാനിക്കുകയും ചെയ്യുന്നു. - [http://www.alfawzan.af.org.sa/node/14926].

ചോദ്യം: റമദാനിലെ ഒര് രാവ് പ്രത്യേകമായി, ഉദാ: ആദ്യത്തെ പത്തിലെ ഒരു രാവ് മാത്രം ഇഅതികാഫിരിക്കാന്‍ പാടുണ്ടോ ?.
ഉത്തരം: അതില്‍ തെറ്റില്ല. ഒരൊറ്റ രാവ് ഇഅതികാഫിരിക്കാന്‍ ഉമര്‍ (റ) നേര്‍ച്ച നേരുകയും അത് വീട്ടുവാന്‍ റസൂല്‍() അദ്ദേഹത്തോട് കല്‍പ്പിക്കുകയും ചെയ്തതായിക്കാണാം. - [http://www.alfawzan.af.org.sa/node/14926].
----------------------
(എന്നാല്‍ റമദാനിലെ ആദ്യത്തെ പത്തിലെ ഒരു രാത്രിക്ക് ആ രാത്രിയില്‍ ഇഅതികാഫ് ഇരിക്കുന്നതിന് റമദാനിലെ മറ്റു രാവുകളില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക പുണ്യമുണ്ട് എന്ന് കരുതിയാണ് ഒരാള്‍ അനുഷ്ടിക്കുന്നത് എങ്കില്‍ അത് ബിദ്അത്തായി മാറും).

---------------------
 
ചോദ്യം: മഗ്രിബ് മുതല്‍ ഇഷാ വരെ പള്ളിയില്‍ ഇരുന്നാല്‍ ഇഅതികാഫ് ആകുമോ ?.


ഉത്തരം: ഇല്ല. എന്നാല്‍ ഇഅതികാഫിന്റെ നിയ്യത്തോടെ ഇരുന്നാല്‍ ഇഅതികാഫായി പരിഗണിക്കും. അത് കുറച്ചാണെങ്കില്‍ പോലും. അതിനുള്ള പ്രതിഫലം നിനക്ക് ലഭിക്കുകയും ചെയ്യും.  - [http://www.alfawzan.af.org.sa/node/14926].

ചോദ്യം: ഒരു മണിക്കൂര്‍ ഇഅതികാഫിരിക്കാന്‍ ഒരാള്‍ ഉദ്ദേശിച്ചാല്‍ അതിന്‍റെ വിധിയെന്താണ് ?. അതിന്‍റെ ഏറിയ പരിധിയും കുറഞ്ഞ പരിധിയും എത്രയാണ് ?. 

ഉത്തരം: അതിന് കൂടിയ സമയ പരിധിയോ, കുറഞ്ഞ സമയപരിധിയോ ഇല്ല. ഒരു മണിക്കൂറോ, ഒരു മാസമോ, രണ്ട് മാസമോ, പത്ത് ദിവസമോ ഒക്കെ ഇരിക്കാം. അതിന് ഒരു പ്രത്യേക പരിധിയില്ല. - [http://www.alfawzan.af.org.sa/node/14926].