Wednesday, July 8, 2015

ഇഅതികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത് ?. മഗ്'രിബിനോ, സുബഹിക്കോ ?.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും അദ്ദേഹം നല്‍കുന്ന മറുപടിയും:
 

ചോദ്യം: ഇഅതികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത്, അതെപ്പോഴാണ്‌ അവസാനിക്കുന്നത് ?.

ഉത്തരം: "താന്‍ എപ്പോഴാണോ ഇഅതികാഫ് ആരംഭിക്കുവാന്‍ ഉദ്ദേശിച്ചത് (മനസ്സില്‍ കരുതിയത്) ആ സമയത്ത് അയാള്‍ ഇഅതികാഫില്‍ പ്രവേശിച്ചുകൊള്ളട്ടെ. ഒരാള്‍ക്ക് അവസാനത്തെ പത്ത് ഇഅതികാഫ് ഇരിക്കാനാണ് നിയ്യത്തുള്ളതെങ്കില്‍ ഇരുപത്തി ഒന്നാം രാവ് മുതല്‍ക്ക് ഇഅതികാഫ് തുടങ്ങട്ടെ. ഇരുപത്തി ഒന്നാം രാവ് മുതല്‍ മാസം അവസാനിക്കുന്നത് വരെ". - [http://www.alfawzan.af.org.sa/node/14926].
--------------------------------------  


അഥവാ ഒരാള്‍ എപ്പോഴാണോ ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കുന്നത് അപ്പോള്‍ അയാള്‍ക്ക് ഇരിക്കാം. എപ്പോഴാണോ അവസാനിപ്പിക്കാന്‍ അയാള്‍ ഉദ്ദേശിച്ചത് അപ്പോള്‍ അവസാനിപ്പിക്കുകയുമാകാം. എന്നാല്‍ ഇന്ന സമയത്ത് തുടങ്ങി ഇന്ന സമയം വരെ ഞാന്‍ ഇരിക്കും എന്ന് തീരുമാനിച്ച ആള്‍ ഇഅതികാഫിന്‍റെ മര്യാദകള്‍ പാലിച്ചുകൊണ്ട്‌ അത്രയും സമയം അവിടെ ഇരിക്കണം.

അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാന്‍ നേര്‍ച്ച നേര്‍ന്ന വ്യക്തി എപ്പോള്‍ ഇഅതികാഫ് ആരംഭിക്കണം എന്നതാണ് ചര്‍ച്ചയുടെ പ്രസക്തി. കാരണം നേര്‍ച്ച നിറവേറ്റപ്പെടേണ്ടതുണ്ടല്ലോ. നേര്‍ച്ച ചെയ്തയാള്‍ക്ക് അത് നിര്‍ബന്ധമായി. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഏത് സമയത്തും ഇരിക്കാമല്ലോ.

അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാന്‍ നേര്‍ച്ച ചെയ്ത വ്യക്തി ഏത് സമയം മുതലാണ്‌ ഇഅതികാഫ് ആരംഭിക്കേണ്ടത് എന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായ ഭിന്നതയുണ്ട്. ഇരുപത്തി ഒന്നാം രാവ് ആരംഭിക്കുന്നതിന് മുന്നോടിയായി അഥവാ റമളാനിലെ  ഇരുപതാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പായി ഇഅതികാഫില്‍ പ്രവേശിക്കണം എന്നതാണ് ഒരഭിപ്രായം. ഇതാണ് ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെയും, നാല് മദ്ഹബിന്‍റെ ഇമാമീങ്ങളുടെയും അഭിപ്രായം. ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ ഹഫിദഹുല്ല സൂചിപ്പിച്ചതും ഇതാണ്. ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസ് ആണ് ഇതിനുള്ള തെളിവ്:


عن عائشة رضي الله عنها قالت : كان النبي عليه الصلاة والسلام يعتكف في العشر الأواخر من رمضان 
 ആഇശ (റ) യില്‍ നിന്നും നിവേദനം: അവര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: നബി (ﷺ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു.  [സ്വഹീഹുല്‍ ബുഖാരി].

അവസാനത്തെ പത്ത് ആരംഭിക്കുന്നതാകട്ടെ റമളാനിലെ ഇരുപതാം ദിവസം സൂര്യന്‍ അസ്ഥമിക്കുന്നതോടുകൂടിയാണ്. ആ നിലക്ക് അവസാനത്തെ പത്ത് ഉദ്ദേശിക്കുന്നയാള്‍ ആ മഗ്'രിബോടു കൂടി ഇഅതികാഫില്‍ പ്രവേശിക്കണം  എന്നാണ് ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ പൂരിഭാഗം പണ്ഡിതന്മാരും  പറഞ്ഞിട്ടുള്ളത്‌. 

എന്നാല്‍ ഇരുപത്തി ഒന്നാം നാള്‍ സുബഹിയോടെയാണ് ആരംഭിക്കേണ്ടത് എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഇമാം ഔസാഇ (റഹിമഹുല്ല), ഇമാം ലൈസ് (റഹിമഹുല്ല), ഇമാം സുഫ്‌യാന്‍ അസൗരി (റഹിമഹുല്ല) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. ആഇശ (റ) യില്‍ നിന്നു തന്നെ ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസ് ആണ് അതിന് തെളിവായി അവര്‍ ഉദ്ദരിക്കുന്നത്: 
كان رسول الله صلى الله عليه وسلم إذا أراد أن يعتكف صلى الفجر ثم دخل معتكفه 
റസൂല്‍() ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഫജ്ര്‍ നമസ്കാരം നിര്‍വഹിക്കുകയും തന്‍റെ ഇഅതികാഫ് ഇരിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുകയും ചെയ്യുമായിരുന്നു. - [ സ്വഹീഹ് മുസ്‌ലിം]. അതുകൊണ്ട് ഫജ്ര്‍ നമസ്കാരത്തോടെയാണ് അവസാന പത്തിലെ ഇഅതികാഫ് ആരംഭിക്കേണ്ടത് എന്നതാണ് ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പറഞ്ഞത്. എന്നാല്‍ മഗ്രിബ് നമസ്കാരം മുതല്‍ത്തന്നെ ആരംഭിക്കുക എന്ന് പറഞ്ഞ പണ്ഡിതന്മാര്‍ ഈ ഹദീസിനെ വിശദീകരിച്ചത് നബി () ഫജ്ര്‍ നമസ്കാരശേഷം സുബഹി നമസ്കാരാനന്തരം  തന്‍റെ ഇഅതികാഫ് ഇരിക്കുന്ന സ്ഥാനത്തേക്ക് ഒഴിഞ്ഞിരുന്ന്‍ കര്‍മ്മങ്ങളില്‍ മുഴുകുമായിരുന്നു. അതല്ലാതെ ഫജ്റിനാണ് ഇഅതികാഫ് ആരംഭിക്കേണ്ടത് എന്ന അര്‍ത്ഥത്തില്‍ അല്ല എന്നാണ്. ഇപ്രകാരമാണ് ഇമാം നവവി (റഹിമഹുല്ല) യും ഈ ഹദീസിന് വിശദീകരണം നല്‍കിയിട്ടുള്ളത്.

ഏതായാലും ഒരാള്‍ അവസാനത്തെ പത്തില്‍  ഇഅതികാഫ് ഇരിക്കാന്‍ തീരുമാനിച്ചപ്പോള്‍, മഗ്'രിബ് നമസ്കാരാനന്തരം പ്രവേശിക്കാനാണ് അയാള്‍ ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരവും, സുബഹി നമസ്കാരാനന്തരം പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരവും ചെയ്യാവുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. എപ്പോള്‍ പ്രവേശിക്കണമെന്ന് പ്രത്യേകം തീരുമാനിച്ചിട്ടില്ലാത്തവര്‍ മഗ്'രിബ് നമസ്കാരാനന്തരം  പ്രവേശിച്ചുകൊള്ളട്ടെ. കൂടുതല്‍ സമയമിരിക്കാനും അഭിപ്രായഭിന്നത ഒഴിവാക്കാനും സാധിക്കുമല്ലോ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.


ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല മറുപടി നല്‍കിയ  ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്.


ചോദ്യം: എപ്പോഴാണ്  അവസാനത്തെ പത്തില്‍ ഇഅതികാഫ്  ആരംഭിക്കുന്നത്  ?. ഇരുപത്തൊന്നാം രാവിലാണോ അതല്ല അന്ന് സുബഹിക്കാണോ ?.

ഉത്തരം : "അവന്‍റെ ഉദ്ദേശമനുസരിച്ചാണ്. അവന്‍ ഇരുപത്തൊന്നാം രാവിന് വൈകീട്ട് സൂര്യാസ്ഥമയത്തിന്  ശേഷം പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരം പ്രവേശിക്കുക. സുബഹിക്ക് പ്രവേശിക്കാനാണ് ഉദ്ദേശിച്ചത് എങ്കില്‍ അപ്രകാരം ചെയ്യുക." - [http://www.alfawzan.af.org.sa/node/14926].


അല്ലാഹു അനുഗ്രഹിക്കട്ടെ ....