Wednesday, July 8, 2015

ഇഅതികാഫിന്‍റെ നിയ്യത്ത് ചൊല്ലിപ്പറയണോ ?. ഉപാധിയോടെയുള്ള ഇഅതികാഫ് അനുവദനീയമോ ?.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും മറുപടിയും:

ചോദ്യം: ഇഅതികാഫിന്‍റെ നിയ്യത്ത് ചൊല്ലിപ്പറയണോ ?. അതല്ല മനസ്സില്‍ കരുതിയാല്‍ മതിയോ ?.


ഉത്തരം: "മനസ്സില്‍ കരുതിയാല്‍ മതി. റസൂല്‍ () ഇപ്രകാരം പറഞ്ഞിരിക്കുന്നു: 
إنما الأعمال بالنيات و إنما لكل امرئ ما نوى
"തീര്‍ച്ചയായും ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ അവരുടെ ഉദ്ദേശമനുസരിച്ചാണ്.ഓരോരുത്തര്‍ക്കും അവര്‍ (ആ കര്‍മ്മം കൊണ്ട്) ഉദ്ദേശിച്ചതെന്തോ അത് ലഭിക്കുന്നു." - [ബുഖാരി, മുസ്‌ലിം] . പള്ളിയില്‍ ഇഅതികാഫ് ഇരിക്കാന്‍ തീരുമാനിക്കുകയും, തന്‍റെ ചില ആയവശ്യങ്ങള്‍ക്ക് താന്‍ പുറത്ത് പോകുമെന്ന് മനസ്സില്‍ കരുതുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് നിബന്ധനയോടെയുള്ള ഇഅതികാഫ്. അത് ഒരാള്‍ ഉച്ചരിചില്ലെങ്കിലും അപ്രകാരം ഒരു നിബന്ധനയോടെയുള്ള ഇഅതികാഫായി തന്റെ ഇഅതികാഫ് പരിഗണിക്കപ്പെടും. മനസ്സുകളില്‍ ഉള്ളത് കൃത്യമായി അറിയുന്നവനാണ് അല്ലാഹു. ഓരോരുത്തരുടേയും ഉദ്ദേശ ലക്ഷ്യങ്ങളെ അവന്‍ കൃത്യമായി അറിയുന്നു. അതവര്‍ ഉരുവിട്ടില്ലെങ്കില്‍ പോലും". - [http://www.alfawzan.af.org.sa/node/14926].

നിയ്യത്ത് ഉരുവിടുന്നതാണ് എന്ന തെറ്റിദ്ധാരണയാണ് ഈ ചോദ്യത്തിന് കാരണം. ചില പള്ളികളിലൊക്കെ ഇഅതികാഫിന്‍റെ നിയ്യത്ത് എന്ന് പ്രത്യേകം എഴുതി വച്ചതും കാണാം. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ മനസിലുള്ള ഉദ്ദേശം, അഥവാ തീരുമാനം അതുതന്നെയാണ് നിയ്യത്ത്. അല്ലാഹുവിന് വേണ്ടി ഞാന്‍ ഇഅതികാഫ് ഇരിക്കുന്നു എന്ന് ചൊല്ലിപ്പറയുന്ന ഒരാളുടെ മനസ്സിലിരിപ്പ് താന്‍ വലിയ ആരാധനക്കാരനാണ് എന്ന് ആളുകള്‍ കാണട്ടെ എന്നാണെങ്കില്‍, അയാളുടെ നിയ്യത്ത് ശരിയല്ല എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. മനസ്സിലുള്ള അയാളുടെ ഉദ്ദേശമാണ് നിയ്യത്ത് എന്നതിന് ഇത് തന്നെ തെളിവാണ്. മാത്രമല്ല നിയ്യത്ത് ചൊല്ലിപ്പറയുക എന്നതിന് യാതൊരു തെളിവുമില്ല. 

അതുപോലെത്തന്നെയാണ് ഇഅതികാഫിനോടൊപ്പമുള്ള നിബന്ധനകളും. ഒരാള്‍ക്ക് ഇഅതികാഫ് ഇരിക്കാന്‍ തീരുമാനിക്കുന്ന സമയത്ത് തന്‍റെ ഇന്നയിന്ന ആവശ്യങ്ങള്‍ക്ക് പള്ളിയില്‍ നിന്നും പുറത്ത് പോകുമെന്നുള്ള നിബന്ധനകള്‍ വെക്കാം. എന്നാല്‍ ഇഅതികാഫ് ഇരിക്കുന്ന കാലാവധിയില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് നിബന്ധ വെക്കാന്‍ പാടില്ല. കാരണം ലൈംഗിക ബന്ധം ഇഅതികാഫിനെ ബാത്വിലാക്കും. ഒരാള്‍ ഉപാധിയായി വെക്കുന്ന അനുവദനീയമായ നിബന്ധനകളും ചൊല്ലിപ്പറയേണ്ടതില്ല.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയുടെ ഫത്'വ: 

ചോദ്യം: ഇഅതികാഫില്‍ ഞാന്‍ നിബന്ധന വെക്കുമ്പോള്‍ (അതായത് ഞാന്‍ ഇഅതികാഫിരിക്കുന്ന സമയത്ത് എന്റെ ജോലി ആവശ്യാര്‍ത്ഥം പുറത്ത് പോകും എന്നിങ്ങനെ) പ്രത്യേകം ഉരുവിടേണ്ടതുണ്ടോ ?. അതല്ല മനസ്സില്‍ കരുതിയാല്‍ മതിയോ ?. 

 
ഉത്തരം: "മനസ്സില്‍ കരുതിയാല്‍ മതി. ഇഅതികാഫിരിക്കുമെന്നും എന്നാല്‍ ഇന്നയിന്ന കാര്യങ്ങള്‍ക്ക് പള്ളിയില്‍ നിന്ന് പുറത്ത് പോകുമെന്നും മനസ്സില്‍ കരുതിയാല്‍ (ആ നിബന്ധന സാധുവാകാന്‍) ആ മനസിലുള്ള ഉദ്ദേശം മാത്രം മതി. ഇനി (നിബന്ധന) ഉരുവിട്ടാല്‍ അതില്‍ തെറ്റുമില്ല. - [http://www.alfawzan.af.org.sa/node/14926].

അനുവദനീയമായ ഉപാധിയോടെ ഇഅതികാഫ് ഇരിക്കാം എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.



ചോദ്യം: നിബന്ധന ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പ് തന്നെ വെക്കേണ്ടതുണ്ടോ, അതല്ല ഇഅതികാഫിലിരിക്കെ വെക്കാന്‍ പറ്റുമോ ? .

ഉത്തരം: പറ്റില്ല. ആദ്യം തന്നെ വെക്കണം. റമളാനിലെ അവസാനത്തെ പത്തും മുഴുവനും ഇഅതികാഫ് ഇരിക്കണം എന്നാണെങ്കില്‍ അവസാനത്തെ പത്തിന് മുന്‍പ് ഉദ്ദേശിക്കണം.  - [http://www.alfawzan.af.org.sa/node/14926].

അതുപോലെത്തന്നെയാണ് നിബന്ധനകളും. ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പുള്ള നിബന്ധനകള്‍ പാലിക്കണം. ഒരാള്‍ ജോലിക്കോ മറ്റോ ഒന്നും പുറത്ത് പോകാതെ പള്ളിയില്‍ ഇഅതികാഫ് ഇരിക്കും എന്ന് നേര്‍ച്ച നേര്‍ന്നാല്‍. പിന്നെ അയാള്‍ക്ക് ജോലിക്ക് പോകാന്‍ പാടില്ല. അപ്രകാരം പോയാല്‍ നേര്‍ച്ച ചെയ്ത ഇഅതികാഫ് പിന്നീട് വീട്ടണം. എന്നാല്‍ നിര്‍ബന്ധമല്ലാത്ത ഇഅതികാഫിന് അപ്രകാരം ചെയ്യുന്നത് ഇഅതികാഫിനെ അസാധുവാക്കുമെങ്കിലും വീട്ടല്‍ നിര്‍ബന്ധമാകുകയില്ല.


അല്ലാഹു അനുഗ്രഹിക്കട്ടെ...