Saturday, May 18, 2019

ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത് :




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛


പലപ്പോഴും പലരും ചോദിക്കാറുള്ള ചോദ്യമാണ് .. ഭൂമിക്ക് സകാത്തുണ്ടോ ?. ഇനി ഉണ്ടാകുമെങ്കിൽ അതെപ്പോഴാണ്  ?. എങ്ങനെ കണക്കാക്കണം എന്നെല്ലാം ....

ഒരാൾ തന്റെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി
അഥവാ കൃഷിക്ക്വീട് വെക്കാൻ, കെട്ടിടം പണിയാൻഒരു സമ്പാദ്യം എന്ന നിലക്ക് സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻമക്കൾക്കോബന്ധുക്കൾക്കോ നൽകാൻവഖഫ് ചെയ്യാൻ  എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടെ കച്ചവടാവശ്യത്തിനല്ലാതെ വാങ്ങിക്കുന്ന ഭൂമിക്ക് സകാത്ത് ബാധകമാകുകയില്ല. എന്നാൽ വിൽപന ഉദ്ദേശിച്ചുകൊണ്ട്‌ (അത് പിന്നീടായാലും ശരി) വാങ്ങിക്കുന്ന ഭൂമിക്ക് കച്ചവട വസ്തുവായതിനാൽ തന്നെ സകാത്ത് ബാധകമാണ്. ഇനി ഒരാൾ സ്വന്തം ആവശ്യത്തിന് വേണ്ടി വാങ്ങിച്ച വസ്തു എപ്പോഴാണോ വിൽക്കുവാൻ തീരുമാനിക്കുന്നത് അപ്പോൾ മുതൽ അത് കച്ചവട വസ്തുവായി മാറുന്നു. കച്ചവട വസ്തുക്കൾക്ക് സകാത്ത് ബാധകമാണ്. തിരിച്ച് വില്‍ക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നത് വരെ. ഇവിടെ ഓരോരുത്തരും മനസ്സിലാക്കേണ്ടത് സകാത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാങ്കേതികമായ പദം മാറ്റങ്ങള്‍ കൊണ്ട് കഴിയില്ല. അല്ലാഹു കണ്ണിന്‍റെ കട്ടുനോട്ടവും, ഹൃദയങ്ങളില്‍ ഒളിച്ചുവെക്കുന്നതും അറിയുന്നവനാണ്. അതിനാൽ അവനവന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവനവനു തന്നെയാണ് അറിയുക.


കച്ചവടവസ്തുവിന്റെ ഹൗൽ നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത്:


1- വാങ്ങിക്കുമ്പോൾ തന്നെ വിൽപന ഉദ്ദേശിച്ചുകൊണ്ടാണ്‌ വാങ്ങിച്ചതെങ്കിൽ
,വാങ്ങിയ തിയ്യതിയല്ല മറിച്ച് വാങ്ങാനുപയോഗിച്ച പണത്തിന്റെ ഹൗൽ ആണ് പരിഗണിക്കേണ്ടത്. അഥവാ പണം കച്ചവട വസ്തുവായി മാറുന്നത് ഹൗലിനെ ബാധിക്കുന്നില്ല. ഉദാ: ഒരാളുടെ കൈവശം 10 ലക്ഷം രൂപയുണ്ട്. അതിന്റെ ഹൗൽ തികയുന്നത് മുഹറം 1 നാണ് എന്ന് കരുതുക. അയാള് ആ 10 ലക്ഷം രൂപക്ക് സ്വഫർ 3 ന് കച്ചവടാവശ്യത്തിനായി ഒരു സ്ഥലം വാങ്ങിച്ചുവെങ്കിൽ. അതിന്റെ സകാത്ത് കണക്കു കൂട്ടേണ്ടത് മുഹറം 1 നാണ്. എന്നാൽ കണക്കു കൂട്ടേണ്ട വിലയുടെ കാര്യത്തിൽ ഹൗൽ തികയുമ്പോഴുള്ള മാർകറ്റ് വിലയാണ് പരിഗണിക്കുക. അതായത് 10 ലക്ഷം രൂപക്ക് വാങ്ങിച്ച വസ്തുവിന് ഹൗൽ തികയുന്ന സന്ദർഭത്തിൽ 9 ലക്ഷം രൂപയാണ് എങ്കിൽ9 ലക്ഷം രൂപയുടെ 2.5% ആണ് സകാത്തായി നൽകേണ്ടത്12 ലക്ഷം രൂപയാണ് ആ സമയത്തെ വിലയെങ്കിൽ അതിന്റെ 2.5% ആണ് സകാത്തായി നൽകേണ്ടത്.

2-
  എന്നാൽ വിൽക്കണമെന്നുള്ള  ഉദ്ദേശ്യത്തോടെയല്ലാതെ 
സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻ ആഗ്രഹിച്ചുകൊണ്ട്‌ ഒരാൾ വാങ്ങിച്ച ഭൂമിക്ക് സകാത്ത് ബാധകമല്ല. അത്തരം ഒരു സ്ഥലം എപ്പോഴാണോ ഒരാൾ വിൽക്കാൻ തീരുമാനിക്കുന്നത് അപ്പോൾ മാത്രമേ കച്ചവട വസ്തുവായി മാറുകയും സകാത്ത് ബാധകമാകുകയും ചെയ്യുന്നുള്ളൂ. വിൽക്കാനുള്ള തീരുമാനം എപ്പോൾ എടുക്കുന്നുവോ അന്ന് മുതലാണ്‌ അതിന്റെ ഹൗൽ ആരംഭിക്കുന്നത്. 

----------------------------------

ലജ്നതുദ്ദാഇമയുടെ ഫത്'വ :


ചോദ്യം: തൻറെ കല്യാണമാകുമ്പോഴേക്കും പണം സൂക്ഷിക്കുകയും
പിന്നീട് വിൽക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ വാങ്ങിച്ച സ്ഥലത്തിന് സകാത്ത് നിർബന്ധമാണോ ?.. 

ഉത്തരം  കല്യാണം ഉറപ്പിച്ചാൽ വിൽക്കാം എന്ന ഉദ്ദേശ്യത്തോടെ നീ വാങ്ങിച്ച ഈ ഭൂമി കച്ചവട വസ്തുവാണ്. എപ്പോഴാണോ കല്യാണക്കാര്യങ്ങൾ ശരിയാകുന്നത് അപ്പോൾ വിൽക്കുമെന്ന് നീ തീരുമാനിച്ചതിനാലാണത്അതിനാൽ തന്നെ നീയത് വാങ്ങിക്കുകയും വിൽക്കാൻ തീരുമാനിക്കുകയും ചെയ്തത് പ്രകാരം അതിന്റെ ഹൗൽ എപ്പോൾ തികയുന്നുവോആ സമയത്തെ മാർക്കറ്റ് വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഓരോ തവണ ഹൗൽ തികയുമ്പോഴുംആ കച്ചവട വസ്തു വിൽക്കപ്പെട്ടിട്ടില്ലെങ്കിൽ ഹൗൽ തികയുന്ന സന്ദർഭത്തിലെ അതിന്റെ വില കണക്കാക്കി അതിന്റെ 2.5%സകാത്തായി നൽകണം. ഹൗൽ തികയുന്ന സന്ദർഭത്തിൽ അതിന്റെ വില വാങ്ങിച്ച വിലയേക്കാൾ കൂടുതലോകുറവോ ആയിരുന്നാലും ശരി ഹൗൽ തികയുന്ന സന്ദർഭത്തിലെ വിലയാണ് പരിഗണിക്കപ്പെടുക. ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള ഏതൊരു നാണയത്തിന്റെ അടിസ്ഥാനത്തിലാണോ  അതിന്റെ വില കണക്കാക്കിയത്ആ നാണയമോസ്വർണ്ണമോവെള്ളിയോ അതിന്റെ സകാത്തായി നൽകാം.... അപ്രകാരം ചെയ്യുന്നതാണ് അതിന്റെ വില നിർണ്ണയിക്കുന്നതിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തുവാനുംതന്റെ ബാധ്യത നിറവേറ്റുവാനും ഏറ്റവും ഉചിതം"

[ ഫതാവ ലിജ്നതുദ്ദാഇമ : അബ്ദുൽ അസീസ്‌ ഇബ്നു ബാസ് (റ) അബ്ദുൽ അസീസ്‌ ആലു ശൈഖ്(ഹ)സ്വാലിഹ് അൽ ഫൗസാൻ (ഹ) ബകർ അബൂ സൈദ്‌ (റ) ].    

(ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവർ ഈ ലിങ്കിൽ പോകുക)
 

-------------------------------------------------------------------------------------------------------

ഇബ്നു ഉസൈമീൻ(റഹി) യോട്  ചോദിക്കപ്പെട്ടു:

ചോദ്യം: ഞാൻ ഈജിപ്തിൽ ഒരു ഭൂമി വാങ്ങിച്ചു. അതിന് സകാത്തുണ്ടോ ?.ഉണ്ടെങ്കിൽ ഇപ്രകാരമാണ് അതിന്റെ നിസ്വാബ് ഞാൻ കണക്കാക്കേണ്ടത് ?

ഉത്തരം :  ഒരാൾ ഒരു ഭൂമി വാങ്ങിച്ചു. അത് ഈജിപ്തിലോസൗദിയിലോ,ഇറാഖിലോശാമിലോഇനി ഭൂമിയുടെ ഇത് ഭാഗത്തോ ആവട്ടെഅത് അയാള് കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലമറിച്ച് അതിൽ ഒരു വീട് വെക്കാനോഒരു വാടകക്കെട്ടിടം പണിയാനോഅതല്ലെങ്കിൽ തന്റെ പണം ഒരു സമ്പത്തായി സംരക്ഷിച്ചു വെക്കാനോ ആണ് വാങ്ങിച്ചതെങ്കിൽ അതിൽ സകാത്ത് ബാധകമല്ല. കാരണം ഭൂമി എന്ന ഗണത്തിന് അതൊരു കച്ചവടവസ്തുവായാലല്ലാതെ  സകാത്ത് ബാധകമാകുന്നില്ല. അഥവാ ഒരാൾ തന്റെ മൂലധനമായി കണക്കാക്കുന്ന,  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വസ്തുവാണെങ്കിലാണ് ഭൂമിക്ക് സകാത്ത് ബാധകമാകുന്നത്. ഇതിൽ ആദ്യം പറഞ്ഞതാണ് ഈ ഭൂമി വാങ്ങിച്ചതിലൂടെ നീ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് സകാത്ത് ബാധകമല്ല. എന്നാൽ റിയൽ എസ്റ്റേറ്റുകാർ  തങ്ങളുടെ ഭൂമി ചെയ്യാറുള്ളതുപോലെ വില്പനയാണ് നിന്റെ ഉദ്ദേശ്യമെങ്കിൽ (അത് പിന്നീടാണെങ്കിൽ പോലും) അതിൽ നിനക്ക് സകാത്ത് നിർബന്ധമാണ്‌.  ഓരോ ഹൗൽ പൂർത്തിയാകുമ്പോഴും അതിന്റെ ആ സമയത്തെ വിലയെത്രയാണ് എന്ന് കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. 

[ ഫതാവ നൂറുൻ അലദ്ദർബ് - ഇബ്നു ഉസൈമീൻ ].


------------------------------------------------------------------------------------------------------

കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്: 

ചോദ്യം: നല്ലവിലയുള്ള സമയത്ത് ഒരാള്‍ കുറച്ച് ഭൂമി വാങ്ങി. പക്ഷെ പിന്നീട് മാര്‍ക്കറ്റ് ഇടിഞ്ഞു. കുറഞ്ഞവിലക്കായാലും കൂടിയവിളക്കായാലും ആരും വാങ്ങാനില്ലാത്ത അവസ്ഥ. ഇപ്രകാരം കച്ചവടവസ്തുക്കള്‍ കെട്ടിക്കിടക്കുന്ന അവസരത്തിലും സകാത്ത് നല്‍കേണ്ടതുണ്ടോ ?. 

ഉത്തരം : ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കുന്ന മറുപടി: ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ കച്ചവടവസ്തുവിന് സകാത്ത് ബാധകമല്ല എന്നതാണ്. കാരണം തിരിച്ചടക്കാന്‍ സാധിക്കാത്തവന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ള കടത്തെപ്പോലെയാണിത്‌. (അവന്‍റെ പണം തിരിച്ചുകിട്ടുമോ എന്ന് തന്നെ ഉറപ്പില്ലാതിരിക്കുമ്പോള്‍ അവന്‍ അതിന്‍റെ സകാത്ത് കൂടി നല്‍കണം എന്ന് പറയുന്നത് ഉചിതമല്ലല്ലോ). അഥവാ അതയാള്‍ക്ക് വില്‍ക്കാന്‍ പറ്റിയാല്‍ ആ വിട്ട വര്‍ഷത്തെ സകാത്ത് മാത്രം അയാള്‍ നല്കിക്കൊള്ളട്ടെ. ഈ അഭിപ്രായം ശറഇന്‍റെ നിയമങ്ങളോട് യോജിക്കുന്നതും ആളുകള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതുമാണ്”.
അതോടൊപ്പം അദ്ദേഹം പറഞ്ഞു: "വാങ്ങിക്കാൻ ആളെക്കിട്ടാതെ വരികയും മുടങ്ങിക്കിടക്കുകയും ചെയ്യുന്ന സ്വത്തിന്റെ വിഷയത്തിൽ അത് വിൽക്കപ്പെടുന്നതെപ്പോഴാണോ ആ വർഷത്തെ മാത്രം സകാത്ത് നൽകിയാൽ മതി എന്ന് പറയാമെങ്കിലും അത് വിറ്റുകഴിഞ്ഞാൽ, കഴിഞ്ഞ വർഷങ്ങളുടെയെല്ലാം സകാത്ത് കണക്കു കൂട്ടി നൽകുന്നതാണ് സൂക്ഷ്മത. കാരണം കടവും ഇതും തമ്മിലുള്ള വ്യത്യാസം ഇത് അവന്റെ തന്നെ കൈവശമാണ്. എന്നാൽ കടം നിവൃത്തികേടുകൊണ്ട് തിരിച്ചടക്കാൻ സാധിക്കാത്ത ദരിദ്രന്റെ മേൽ ബാധ്യതയായാണ് നിലകൊള്ളുന്നത് ". 
[ مجموع فتاوى ورسائل ابن عثيمين رحمه الله Vo:18كتاب عروض التجارة ].
-------------------------------കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്

ഏതായാലും കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ വിഷയത്തിൽ ആധുനിക കാലഘട്ടത്തിൽ ജീവിച്ച പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഈ വിഷയം വിശദമായി ചർച്ച ചെയ്ത മാലികീ മദ്ഹബിലെ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായഭിന്നതയുടെ തുടർച്ച തന്നെയാണിത്.

"കെട്ടിക്കിടക്കുന്ന കച്ചവടവസ്തുക്കൾക്ക് അവ വിൽക്കപ്പെടുന്ന വർഷത്തെ സകാത്ത് മാത്രമേ ബാധകമാകുകയുള്ളൂ എന്നതാണ് മാലികീ മദ്ഹബിലെ പണ്ഡിതന്മാരായ 
ابن الماجشون (റഹി) سحنون (റഹി) തുടങ്ങിയവർ തിരഞ്ഞെടുത്തിട്ടുള്ള അഭിപ്രായം. മാലികീ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായത്തിൽ നിന്നും വ്യത്യസ്ഥമാണിത് " . - [المنتقى شرح الموطأ 2/155 ، التاجوالإكليل  3/189]
 مجلة البحوث الإسلامية യിൽ ശൈഖ് അബ്ദുല്ലാഹിബ്നു ഉമർ ബ്നു മുഹമ്മദ്‌ അസ്സുഹൈബാനി (ഹ) അവതരിപ്പിച്ച റിസർച്ചിൽ അദ്ദേഹം എത്തിച്ചേരുന്ന അഭിപ്രായംകെട്ടിക്കിടക്കുന്ന കച്ചവട വസ്തുവാണെങ്കിൽപോലും അത് സകാത്തിൽ നിന്നും ഒഴിവല്ല എന്നതാണ്. എല്ലാ വർഷവും അതിന് സകാത്ത് ബാധകമാണ് എന്നതാണ്.

ഇബ്നു ഉസൈമീൻ (റഹി) തിരഞ്ഞെടുത്ത അഭിപ്രായമാണ് കൂടുതൽ പ്രബലമായി തോന്നുന്നതെങ്കിലും
ഏറെ സൂക്ഷ്മത കാണിക്കേണ്ട വിഷയമാണിത്. അല്ലാഹു ഹൃദയങ്ങളിൽ ഒളിച്ചു വെക്കുന്നതിനെ കൃത്യമായി അറിയുന്നവനാകുന്നു. തൗഹീദിന്റെ മൂന്നു വശങ്ങളും അതായത് റുബൂബിയ്യത്തുംഉലൂഹിയ്യത്തുംഅസ്മാഉ വ സ്വിഫാത്തും കൃത്യമായി ഉൾക്കൊണ്ടവർക്കേ സകാത്തെന്നല്ല എതോരാരാധനയും സത്യസന്ധമായും കൃത്യതയോടെയും നിർവഹിക്കാൻ സാധിക്കൂ...

അനാവശ്യമായി ഭൂമി പിടിച്ചുവെക്കുകയും
, വിലക്കയറ്റം ഉണ്ടാക്കുകയും ചെയ്യുന്ന പ്രവണതക്ക് തടയിടാൻ സകാത്തിന് സാധിക്കുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. ഈ ലേഖനം കൂടി വായിക്കുന്നത് കൂടുതൽ ഉപകാരപ്രദമായിരിക്കും ... 


വളരുന്ന റിയൽ എസ്റ്റേറ്റ്‌ ബിസിനസും ...തകരുന്ന കേരളീയ സമ്പത് വ്യവസ്ഥയും ,, ഒരു ഇസ്ലാമിക കാഴ്ചപ്പാട് ...   

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ